Thursday, August 27, 2015

ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ?

ചോദ്യം: മുഹമ്മദ് നബി(സ്വ)യുടെ പ്രബോധനകാലത്തോ ഖലീഫമാരുടെ ഭരണത്തിലോ ആരുടെങ്കിലും ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ? ഇസ്ലാംമതം വിശ്വസിച്ചവ­ര്‍ ചേലാകര്‍മം ചെയ്യാന്‍ ഉള്ള ഹദീസ് ഉണ്ടോ?
ചോദ്യകര്‍ത്താവ്: ശിഹാബുദ്ധീന്‍ കെ. shihabk63@gmail.com

ഉത്തരം: ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിര്‍വഹിക്കല്‍ സുന്നത്താണ്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍, പേരിടല്‍, അഖീഖ അറവ്, മുടികളയല്‍ എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മകള്‍ പരമാവധി നേരത്തെ ആയിരിക്കാന്‍ വേണ്ടിയുമാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) പറയുന്നു(തുഹ്ഫ). ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200) എന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്. പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.

ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് അങ്ങേക്ക് നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). ഫിത്‌റ അഥവാ, പ്രകൃതിപരമായ സ്വഭാവഗുണങ്ങളില്‍ പെടേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് ഹദീസുകള്‍ പറയുന്നു.

ചേലാകര്‍മം പുരുഷന്മാരുടെതാനെങ്കില്‍ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).

No comments:

Post a Comment