Showing posts with label കര്‍മം. Show all posts
Showing posts with label കര്‍മം. Show all posts

Friday, March 15, 2019

വ്യാജശൈഖുമാരെ സൂക്ഷിക്കുക


ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ മതഭ്രംശം സംഭവിച്ചവനും വി ശ്വാസത്തിനു ഭംഗം തട്ടിയവനുമാണ്. അത്തരക്കാരെ പിന്‍പറ്റുന്നത് സൂക്ഷിക്കണം. അവന്റെ ശ്വാസത്തിന്റെ വിഷം ഉഗ്രമാണ്. (ബഹ്ജത്തുസ്സനിയ്യ, ഹിദായത്തുല്‍ മുതലത്ത്വിഖ്, പേ. 133).

അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നു; ‘മതത്തിന്റെ ആജ്ഞകളും വിലക്കുകളും സ്വീകരിക്കാത്ത ആള്‍ അന്തരീക്ഷത്തില്‍ ചമ്രപ്പടി ഇട്ടിരുന്നാലും അവന്‍ ഉന്നത വ്യക്തിയാണെന്ന് നീ ധരിക്കരുത്.”

വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.

നാടകം കളിക്കാമോ?



നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല.

ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം പ്രബോധനത്തിന്റെ വഴിയിൽ ഒരിക്കൽ പോലും നാടകാവിഷ്കാരം നമ്മുടെ സമുദായത്തിന് സ്വീകാര്യമായിട്ടുണ്ടാവില്ല. മഹിതമായ മാതൃകകൾ കാണിച്ചു തന്ന ഒരൊറ്റ സൂരിയും ഇത് ശരിയാണെന്നു അംഗീകരിക്കണമെന്നില്ല, പൊരുത്തപ്പെടുകയില്ല. "അവർക്കൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ട് തിരിഞ്ഞിട്ടില്ല; ഇപ്പൊ ഇതൊക്കെ വേണം" എന്നാണു ചിന്തയെങ്കിൽ നിങ്ങളുടെ ഇസ്‌ലാം പ്രദർശിപ്പിക്കേണ്ട മാർക്കറ്റ് വേറെയാണ് എന്നു മാത്രം പറയുന്നു.

ഫിഖ്ഹിന്റെ ഇലാസ്തികതയിൽ ഊന്നി നിന്നു നാടകം പറ്റുമോ ഇല്ലേ എന്നാലോചിച്ചാൽ  തത്വത്തിൽ  വിയോജിക്കേണ്ടതില്ല. അതേ സമയം, കേരളീയ ദഅവാ പരിസരത്ത് ഈ തരത്തിലുള്ള അഭിനയ സ്കിറ്റുകളുടെ ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ മുൻഗാമികളുടെ ശീലങ്ങൾക്ക് അതെതിരാണ്.

മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കാർ തെരുവു നാടകം കളിച്ചപ്പോഴും 'കിതാബി'നെതിരെ മറ്റൊരു പ്രതി നാടകം വന്നപ്പോഴും നമ്മുടെ  "മുസ്ലിം പൊതുബോധം" അതുൾക്കൊണ്ടിട്ടില്ല. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ നാം കാണിച്ച അർഥഗർഭമായ മൗനം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മളത് വിവാദമാക്കാൻ പോയില്ല. ആക്കിയവരെ പേഴ്സണലായി വിളിച്ച് മസ്അലകൾ പറഞ്ഞു കൊടുത്ത് പോസ്റ്റുകൾ പിൻവലിപ്പിച്ചു. അതുമിതും വേറേ വേറെ.

അറബു രാജ്യങ്ങളിലെ പണ്ഡിതൻമാരുടെ വിശേഷിച്ച് യമനീ സാദാത്തുക്കളുടെ വീടുകളിൽ ചെന്നാൽ ജീവിച്ചിരിക്കുന്നവരും മുൻഗാമികളുമായവരുടെ പോർട്രയ്റ്റ് ഫോട്ടോകളും കാരിക്കേച്ചറുകളും ധാരാളമായി ഫ്രെയിം ചെയ്തു പ്രദർശിപ്പിച്ചതു  കാണാം, അതു സ്വാലിഹീങ്ങളുടേതാകുമ്പോൾ അനുവദനീയമാണ് എന്നു ശൈഖുനാ ഉമർ ഹഫീള് തങ്ങളുടെ ഫത്വയുമുണ്ട്. എന്നു കരുതി കേരളീയ പരിസരത്ത് നിങ്ങൾക്കതു ചെയ്യാമോ?  വലിയ മഹാൻമാരുടെ ഫോട്ടോ കട്ടൗട്ടുകൾ നമ്മുടെ മജ്ലിസുകളിലും ഹാളുകളിലും ഓഫീസുകളിലും ഫ്രെയിം ചെയ്തു തൂക്കുമോ? നമ്മുടെ "ഇസ്‌ലാം പൊതുബോധം" അതുൾക്കൊള്ളുമോ?

രണ്ടു ദിവസം മുമ്പ് FB യിൽ ഉമർ ഹഫീള് തങ്ങളെ ഒരു വീഡിയോ കണ്ടു - ഏതോ ഒരു നാട്ടിൽ ചെന്നപ്പോൾ പുല്ലാങ്കുഴൽ പാടി സ്വീകരിക്കുന്നത്. നമ്മുടെ പൊതുബോധം അതിനെതിരായി ചിന്തിക്കുന്നത് നമ്മുടെ മത ശീലങ്ങൾ അതിനെതിരായത് കൊണ്ടാണ്, അല്ലാതെ ഫിഖ്ഹിൽ പഴുതുണ്ടോ എന്നാലോചിച്ചല്ല.

ഇവിടെ പലപ്പോഴും ചർച്ചയാകാറുള്ള പലതിന്റെയും സ്ഥിതി ഇതു തന്നെ.

ആ പരിപാടി കാണാൻ സദസ്സിൽ കൂടിയവരിൽ കണ്ണിയത്തോറും സ്വദഖത്തുല്ലയോറും ഉള്ളാളത്തോറുമൊക്കെ ഉണ്ടായിരുന്നുവെന്നു വെറുതെ സങ്കൽപിക്കുക. ചുമരിൽ തൂക്കിയ കൃഷ്ണന്റെ ഫോട്ടോയും അഭിനേതാക്കൾ അണിഞ്ഞിരുന്ന ഹൈന്ദവ വേഷവും കണ്ടിരുന്നുവെന്നും വിചാരിക്കുക. അവരുടെ പ്രതികരണം എന്തായിരിക്കും?! ഇപ്പൊ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകൾക്കും അവർ പറയുന്നതാണ് ഇസ്‌ലാം. ആ മതിപ്പിൽ പലതും ഉണ്ട്. നമുക്ക് അതു വിടാതെയുള്ള വികാസമൊക്കെ മതിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഓരോ നാട്ടിലും ഇസ്‌ലാമിക സമൂഹത്തിൻ നില നിന്നു പോരുന്ന ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അതു മാനിക്കാതെ വയ്യ.

നിൽക്കുന്ന മേൽപ്പുര പരമാവധി നിക്കട്ടെ, അതു പൂർണമായി പൊളിച്ചിറക്കി മറ്റൊന്നു പണിതുണ്ടാക്കണമെങ്കിൽ അധ്വാനവും ചിലവും കൂടും. നൂറ്റാണ്ടുകളുടെ ഈടുവെപ്പുണ്ട് കേരളത്തിന്, മറക്കരുത്.

പ്രബോധന രംഗത്ത് നൂതനത്വം കൊണ്ടുവരുക തന്നെ വേണം. പക്ഷെ, ഇരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടായിരിക്കരുത് എന്നു മാത്രം.

പിന്നെ നാടകത്തിന്റെ കാര്യത്തിൽ ഒരു ആശങ്ക കൂടി, ഇതു തുടങ്ങി വെച്ചാൽ ലഗാനില്ലാതെ ഓടാൻ തുടങ്ങും. അന്നു ഹറാമിന് മൂക്കുകയറിടാൻ ആരും ഉണ്ടാവില്ല. പല അറബു രാജ്യങ്ങളും സാക്ഷി. അപ്പൊപിന്നെ, നമ്മെപ്പോലെ സെക്കുലർ ആയ, അമുസ്ലിം സംസ്കാരങ്ങൾക്ക് മേൽക്കൈ ഉള്ള നാട്ടിൽ പറയേണ്ടി വരില്ല.

അല്ലാഹു നമുക്കെല്ലാവർക്കും അവൻ പൊരുത്തപ്പെട്ട കാര്യങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ!

ഇബ്നു ഹജരിൽ ഹയ്തമി റ.

#ആരും_മോഹിക്കുന്ന_ജീവിതം!

കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം  നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി തോന്നിയേക്കാവുന്ന ഈ മഹാത്ഭുതമാണ് ശാഫിഈ ഫിഖ്ഹിലെ തുഹ്ഫതുല്‍ മുഹ്താജ് എന്ന കര്‍മശാസ്ത്ര വിജ്ഞാനകോശം. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി!

ശാഫിഈ കര്‍മശാസ്ത്ര ശ്രേണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി റ. വാണ് ഈ അത്ഭുത രചനയുടെ കര്‍ത്താവ്.

തന്റെ ഉസ്താദുമാരുടെ പൊരുത്തവും പ്രാര്‍ത്ഥനയുമാണ്‌ ഈ മഹാപണ്ഡിതന്‍റെ വിജയത്തിന്‍റെ നിധാനം. അല്‍അസ്ഹറിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാര്‍ ശൈഖ് സകരിയ്യല്‍ അന്‍സ്വാരി, അബുല്‍ ഹസനില്‍ ബകരി എന്നീ പണ്ഡിത പ്രതിഭകളായിരുന്നു. ശൈഖ് സകരിയ്യല്‍ അന്‍സ്വാരിയുടെ പ്രധാന പ്രാര്‍ഥനകളിലൊന്ന് ''അല്ലാഹുമ്മ ഫഖ്ഖിഹ്ഹു ഫി ദ്ദീനി'' എന്നായിരുന്നു. അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിക്കുകയും ഇബ്‌നു ഹജരില്‍ ഹൈതമി റ. വിനെ  വലിയ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ആദരവായ റസൂലുല്ലഹി സ്വ.  സ്വഹാബിയായ ഇബ്നു അബ്ബാസ് റ.വിനു വേണ്ടി ചെയ്ത അതേ ദുആ ആയിരുന്നല്ലോ ഇത്.

പ്രയാസങ്ങളില്‍ ആകുലപ്പെട്ടിരിക്കാതെ കര്‍മ കുശലത കൊണ്ടു നേടിയ വിജയമാണ് മഹാനവര്‍കളുടെത്. പിതാവിന്റെ മരണ ശേഷം പിതാമഹന്റെ സംരക്ഷണയില്‍ കഴിയുന്ന സമയത്ത് വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആനും, മിന്‍ഹാജിന്റെ പലഭാഗങ്ങളും മനഃപാഠമാക്കി. അല്‍ അസ്ഹറിലെ അദ്ദേഹത്തിന്റെ പഠനകാലഘട്ടം വളരെ ദുഷ്‌കരമായിരുന്നു. ഭരണകൂടത്തിലെ പ്രശ്‌നങ്ങള്‍ കാരണം പ്രശ്‌നകലുഷിതമായ കാലത്തായിരുന്നു അദ്ദേഹം അസ്ഹറില്‍ പഠനം നടത്തിയിരുന്നത്. ഒരുപാട് കാലം പട്ടിണികിടന്ന് ത്യാഗം സഹിച്ച് വളരെ ക്ലേശപ്പെട്ടാണ് അദ്ദേഹം ഇസ്‌ലാമിന്റെ ജീവനാഡിയായ അറിവ് കരഗതമാക്കിയത്.

അറിവ് പഠിക്കാന്‍ മാത്രമല്ല, അവ ഫലപ്രദമായി പുനരാവിഷ്കരിക്കുവാനും അദ്ദേഹം കാണിച്ച ഉത്സാഹം വളരെ വലുതാണ്‌. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. നിതാന്തമായി ദര്‍സ് നടത്തി. നമുക്ക് സുപരിചിതനായ  സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ഗ്രന്ഥ രചനകള്‍ക്കും ഫത്‌വകള്‍ക്കും സമയം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് ഫത്‌വകള്‍ എഴുതിയയച്ചു. അവ പിന്നീട് ഗ്രന്ഥങ്ങളായി ക്രോഡീകരിച്ചു. മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് അങ്ങനെയങ്ങനെ അമ്പതോളം രചനകള്‍!!

വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികളും തുഹ്ഫ പോലെയുള്ള രചനകളും എക്കാലത്തും പ്രസക്തമാണ്. കര്‍മശാസ്ത്ര രംഗത്തെ അതിസങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി  അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാര്‍ തന്നെ പലപ്പോഴും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ കിതാബുകളെയായിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു. മുജ്തഹിദുകളുടെ അഞ്ച് വിഭാഗത്തില്‍ ഇബ്‌നു ഹജര്‍ റ. സ്ഥാനം എവിടെയാണ് എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്.

ആത്മകഥാ സ്പര്‍ശമുള്ളതാണ് അദ്ദേഹത്തിന്‍റെ സബത് (ഗുരുനാഥന്‍മാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം). ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ ഈ ഗ്രന്ഥം ഒരു പ്രാവശ്യമെങ്കിലും നാമോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്. അത്രയ്ക്കും അമൂല്യമായ ആശയങ്ങളാൽ സമ്പുഷ്ടമാണത്. (ഇതിന്റെ PDF പകർപ്പിനായി https://archive.org/download/FP147747/147747.pdf
എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.)

നാഥന്‍ അവരുടെ ഹഖ് കൊണ്ട് നമുക്കും ദീനിന്‍റെ ഖാദിമുകളാകാന്‍ ഭാഗ്യം തരട്ടെ!

അറിവു പോരേ?


കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. "പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ അല്ലാഹുവിന്റെ പ്രീതിക്കായി പ്രയോജനപ്പെടുത്താത്ത ആലിം ആയിരിക്കും" എന്ന് നബി തിരുമേനി സ്വ. പറഞ്ഞിട്ടുണ്ട്.

സർവായുധ വിഭൂഷിതനായ ഒരാൾ പെരുങ്കാട്ടിലൂടെ നടക്കുന്നത് സങ്കല്പിക്കുക. ആയുധങ്ങളെമ്പാടുമുണ്ട്. അഭ്യാസിയുമാണ്. പെട്ടെന്നൊരു സിംഹം മുന്നിൽ ചാടി വീണു. തോക്കും കുന്തവും കത്തിയും കോടാലിയുമെല്ലാം കൈവശമുണ്ടായതു കൊണ്ടോ അവ ഉപയോഗിക്കുന്നതിനെ കുറിച്ചു ഒരു തിസീസ് എഴുതാൻ പോന്ന വിജ്ഞാനം ഉണ്ടായിട്ടോ എന്തു കാര്യം?! തക്ക സമയത്ത് യുക്തമായ വിധത്തിൽ അവ പ്രയോഗിക്കുന്നില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും.

രോഗത്തെ കുറിച്ചറിയാം, ചികിത്സയറിയാം, യഥാതദാ മരുന്നറിയാം..., എന്തു തന്നെയായിട്ടെന്ത്, രോഗിയാകുമ്പോൾ മരുന്നു കഴിച്ചിട്ടില്ലെങ്കിൽ വൈദ്യനും അപകടം സംഭവിക്കും.

അറിവുണ്ടായിട്ടും അമലില്ലാത്തതു കാണുമ്പോൾ / പഠിച്ചതിനു വിരുദ്ധമായി പറയുന്നതു കേൾക്കുമ്പോൾ ഈ യാത്രക്കാരനെയും വൈദ്യനെയും ഓർക്കുക. ഇക്കാലമത്രയും അറിവു സമ്പാദിക്കാൻ അവൻ എന്തുമാത്രം കഷ്ടപ്പെട്ടിരുന്നെന്നോ; ഇതല്ലെങ്കിൽ പിന്നെന്താണ് മുഴുഭ്രാന്ത്?! എന്നുവെച്ച്, അറിവു സമ്പാദിക്കാതെ എന്തു അമൽ ചെയ്യാനാകും? പറത്താൻ പഠിക്കാത്തവന്റെ കയ്യിൽ നിങ്ങൾ വിമാനം ഏൽപിക്കുമോ?

പ്രയോജനപ്പെടാത്ത വിജ്ഞാനത്തിൽ നിന്നു നബി തിരുമേനി സ്വ. കാവൽ ചോദിച്ചിട്ടുണ്ട് (من علم لا ينفع). തഥൈവ, അറിവേറ്റിതരണേ നാഥാ (رب زدني علما) എന്നു നിരന്തരം ദുആ ചെയ്യാൻ ഖുർആനുശ്ശരീഫ് പഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹുവേ, നാഫിആയ ഇൽമു ധാരാളമായി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ...!

ഖബ്റാരാധനയോ?


ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :
لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد
 "അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ തങ്ങളുടെ പ്രവാചകൻമാരുടെ ഖബ്റുകളെ സുജൂദ് ചെയ്യുവാനുള്ള ഇടങ്ങളാക്കി തീർത്തുവല്ലോ" (ബുഖാരി 425, മുസ്‌ലിം 529).

ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും ഇസ്‌ലാമിലില്ല. മുസ്‌ലിംകൾ അല്ലാഹുവിനെയല്ലാതെ ആരാധ്യനായി കാണുന്നില്ല, വിശ്വസിക്കുന്നുമില്ല. അല്ലാഹുവിനെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്ന പോലെ അവനല്ലാത്തവരെ - ചേതനമാകട്ടെ, അചേതനമാകട്ടെ - ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഖബ്റിടങ്ങൾ പൂജനീയമാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. നബി തിരുമേനി സ്വ. തന്നെ പറഞ്ഞുവല്ലോ:
 إن الشيطان قد يئس أن يعبده المصلون ولكن في التحريش بينهم
 "നിസ്കാരക്കാർ (മുസ്‌ലിംകൾ) തന്നെ ആരാധിക്കുമെന്ന ആശ ശയ്ത്വാനു എന്നേ മുറിഞ്ഞു പോയിരിക്കുന്നു; ആകെയുള്ള പ്രതീക്ഷ അന്യോന്യമുള്ള പ്രകോപനപരമായ പെരുമാറ്റം മാത്രമാണ്" (മുസ്‌ലിം 2812, തിർമിദി1937).

യഥാർഥ വിശ്വാസികൾ കൂട്ടമായി അല്ലാഹുവല്ലാത്തരെ ആരാധിക്കുക എന്ന തെറ്റ് സംഭവിക്കുകയില്ല. ആ സുരക്ഷിതത്വം നബി തിരുമേനി സ്വ. ഈ ഉമ്മത്തിന് ഉറപ്പു തന്നിട്ടുള്ള വാഗ്ദാനമാണ്. വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, അവിടുന്ന് സ്വേച്ഛ പ്രകാരം എന്തെങ്കിലും പറയുന്നവനല്ലെന്ന്.

അപ്പോൾപ്പിന്നെ, ഖബ്റിനോടു ചേർന്നു നിന്നോ മറ്റോ ഉന്നത വ്യക്തിത്വത്തിന്നുടമയായ ഖബ്റാളിയുടെ ബറകാതുകളെ /ഖബ്റിനെയല്ല തവസ്സുലാക്കി ഒരാൾ അല്ലാഹുവോടു പ്രാർഥന നടത്തുന്നത് ഹറാമോ ശിർക്കോ ആണെന്ന് പറയാൻ വയ്യ. ഖബ്റിനെ വന്ദിക്കുക എന്ന യാതൊരു ഉദ്ദേശ്യവും ഇല്ലാതെ അങ്ങോട്ടു തിരിഞ്ഞു നിസ്കരിക്കുന്നതു കണ്ടാൽ പോലും ഹറാമോ ശിർക്കോ ആരോപിക്കുന്നതു ഒഴിവാക്കപ്പെടണം. അല്ലാഹു പറഞ്ഞുവല്ലോ:
قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا
എന്നാൽ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ പറഞ്ഞു: നമുക്ക് അവരുടെ മീതെ ഒരു പള്ളി പണിയാം! (അൽ കഹ്ഫ് 21).

ഇവിടെ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ എന്നു പറയപ്പെട്ടത് സത്യവിശ്വാസികളെ സംബന്ധിച്ചാണെന്നും അവരുടെ വിശ്രമസ്ഥാനങ്ങളോടു ചേർന്നു അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള പള്ളികൾ നിർമിക്കപ്പെടുന്നതിന് വിഘാതമില്ലെന്നും ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾ മുസ്‌ലിം ഉമ്മത്ത് ഏകോപിതമായി അംഗീകരിച്ച വസ്തുതയാണ്. പ്രസ്തുത വികസന പ്രവർത്തനങ്ങൾക്കിടയിൽ ആദ്യകാലത്ത് പള്ളിയുടെ ഭാഗമല്ലാതിരുന്ന ഹുജ്റതു ശ്ശരീഫ പള്ളിയുടെ ഉൾഭാഗത്ത് വരുന്ന വിധത്തിലായി. അതിനകത്താണല്ലോ ആദരവായ തിരുമേനിയുടെയും അവിടുത്തെ ഏറ്റവും ഉറ്റവരായ ആദ്യത്തെ രണ്ടു ഖലീഫമാരുടെയും ഖബ്റുകൾ സ്ഥിതി ചെയ്യുന്നത്. പള്ളി അവരെ വലയം ചെയ്തതു പോലെയായിരിക്കുന്നു. ആയിരക്കണക്കിനു വിശ്വാസികൾ അവരുടെ നിസ്കാരങ്ങളിൽ പരിശുദ്ധ ഹുജ്റക്കു അഭിമുഖമായി നിൽക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പണ്ഡിതൻമാരും ഫുഖഹാക്കളും ഇതിനു സാക്ഷിയായിരിക്കുന്നു / അറിഞ്ഞിരിക്കുന്നു. ഇതു ഹറാമാണ് എന്ന് ഇന്നേ വരെ ആരും ഫത്'വ ഇറക്കിയിട്ടില്ല. കേവലം അഭിമുഖമായി നിൽക്കുന്നതിലല്ല കുഴപ്പം എന്നർഥം.

ഔലിയാക്കളുടെയും മറ്റും ഖബ്റുകൾ ഉള്ള പള്ളികളുണ്ട്; അതിനെ ആരാധിക്കുന്നു എന്ന ഉദ്ദേശ്യമില്ലാത്തിടത്തോളം അതിനു അഭിമുഖമായി നിസ്കരിക്കുന്നതിൽ ഒരപാകതയുമില്ല എന്നു ശൈഖുനൽ ഹബീബ് സൈൻ തങ്ങൾ പറഞ്ഞിട്ടുണ്ട്. ഹജറുൽ അസ്'വദ്, സംസം കിണർ, മഖാമു ഇബ്റാഹീം എന്നിവക്കിടയിലായി 90 നബിമാരുടെ ഖബ്റുകൾ ഉണ്ടെന്നു ചില പണ്ഡിതൻമാർ നിവേദനം ചെയ്തിട്ടുണ്ടല്ലൊ. സയ്യിദുനാ ഇസ്മാഈൽ അ.മിന്റെയും സയ്യിദതുനാ ഹാജറ ബീവി റ.യുടെയും ഖബ്റുകൾ ഹിജ്ർ ഇസ്മാഈലിലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. ഖബ്റുകൾ ഉള്ളയിടത്ത് നിരുപാധികം നിസ്കാരവും പ്രാർഥനയും തടയപ്പെടുമായിരുന്നെങ്കിൽ ആദ്യം തടയപ്പെടേണ്ടത് മസ്ജിദുൽ ഹറാമിൽ തന്നെയായിരുന്നു!

മസ്ജിദുൽ അഖ്സായുടെ പരിസരം അനുഗ്രഹപൂരിതമായിരിക്കുന്നു എന്നു ഖുർആൻ പറഞ്ഞതിനു കാരണം അനേകം അമ്പിയാക്കൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നതുകൊണ്ടാണ് എന്നു ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നു പള്ളികളിലും നിസ്കാരം പാടില്ലെന്നു പഠിപ്പിക്കുന്നതിനു പകരം ഇവിടങ്ങളിലേക്ക് "ശദ്ദുർരിഹാൽ" പ്രത്യേകം പുണ്യമാണെന്നാണ് ഹദീസുകളിൽ നബി തിരുമേനി സ്വ. പഠിപ്പിക്കുന്നത്! മാത്രമല്ല, അവിടെ വന്നു നിസ്കരിക്കുന്നതിന് ആയിരവും പതിനായിരവും ലക്ഷവും ഇരട്ടി പ്രതിഫലമുണ്ടെന്നാണ് അധ്യാപനം!! അമ്പിയാക്കളുടെ തിരുശരീരങ്ങൾ മണ്ണു തിന്നുകയില്ലെന്നാണല്ലോ അവിടന്ന് പഠിപ്പിച്ചത്. അവിടന്ന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവിടെ മാന്തി അവരുടെ തിരുശരീരങ്ങൾ പുറത്തെടുത്തു മാറ്റി സംസ്കരിക്കാമായിരുന്നുവല്ലാേ; കോടിക്കണക്കിനു വിശ്വാസികൾ അവിടെ നിസ്കരിക്കുന്നത് ഒഴിവാക്കാമായിരുന്നല്ലോ, എന്തുകൊണ്ട് ചെയ്തില്ല?!

മറ്റൊരു ഹദീസ് നോക്കൂ,
ما بين قبري ومنبري روضة من رياض الجنة
"എന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ പൂന്തോപ്പുകളിലെ ഒരു തോപ്പാണ്" എന്നാണ് ഹദീസ് (അഹ്'മദ് 11185, നസാഈ 4289). സ്വഹീഹുൽ ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചപ്പോൾ ഖബ്ർ എന്നു പറയുന്നതിനു പകരം വീട് (ബയ്ത് ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് വലിയ വായയിൽ പറയുന്നവരുണ്ട്. എന്നാൽ, ഇമാം ബുഖാരി റ. ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് باب فضل ما بين القبر والمنبر ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പുണ്യം എന്ന അധ്യായത്തിലാണ് എന്ന കാര്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുന്നു.

പറഞ്ഞുവന്നതിന്റെ സംക്ഷിപ്തം, ഖബ്റിടങ്ങൾ പൂജനീയമല്ല. ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും നിശ്ശങ്കം ഹറാമാണ്. അതേസമയം, ഖബ്റാളിയെ തവസ്സുലാക്കി അല്ലാഹുവോടു ദുആ ചെയ്യുന്നത് മുസ്‌ലിം ലോകത്ത് നിരാക്ഷേപം തുടർന്നു വന്ന സംഗതിയാണ് എന്നത്രെ.
ما رآه المسلمون حسنا فهو عند الله حسن
മുസ്‌ലിം സമുദായം നൻമയായി കണ്ടുപോരുന്ന സംഗതികൾ അല്ലാഹുവിന്റെ അടുക്കലും നൻമയായിരിക്കും എന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് റ.വിൽ നിന്ന് നിവേദനമുണ്ട്.

മരിച്ചവർ കേൾക്കുമോ?


ഖബ്ർ സന്ദർശനത്തെ സംബന്ധിച്ചുള്ള തേൻമൊഴിയുടെ പോസ്റ്റ് വായിച്ച ഒരു സുഹൃത്തിന്റെ സംശയം: സന്ദർശന വേളയിൽ നാം പറയുന്നതും ചെയ്യുന്നതും അവരറിയുന്നുണ്ടോ?

തീർച്ചയായും അറിയും. അതുകൊണ്ടാണല്ലോ സന്ദർശന വേളയിൽ ഖബ്റാളിയെ സംബോധന ചെയ്തു കൊണ്ടു തന്നെ സലാം പറയുവാൻ തിരുമേനി സ്വ. പഠിപ്പിച്ചത്. കൂടെക്കൂടെ ജന്നതുൽ ബഖീഇൽ സന്ദർശനത്തിനെത്തിയിരുന്ന അവിടുന്ന് സലാം പറയാറുണ്ടായിരുന്നത് ഇങ്ങനെയാണ്:
السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإنَّا إِنْ شَاءَ الله بِكُمْ لَاحِقُونَ أَنْتُمْ لَنَا فَرَطٌ وَنَحْنُ لَكُمْ تَبَعٌ
കേവലം സലാം പറഞ്ഞു നിർത്താതെ തങ്ങൾ ഇങ്ങനെ കൂടി പറയുന്നു. "തീർച്ചയായും ഞങ്ങളും നിങ്ങളിലേക്ക് വന്നു ചേരാനിരിക്കുന്നവരാണ്. നിങ്ങൾ ഞങ്ങളുടെ മുന്നേ ഗമിച്ചവർ, ഞങ്ങൾ പിന്നിൽ അനുഗമിക്കുന്നവരും" (നസാഈ 2040, അഹ്'മദ്‌ 3/359, ഇബ്നു ഹിബ്ബാൻ 7/445). ഖബ്റാളിക്കു കേൾക്കാനും ഗ്രഹിക്കാനും സാധിക്കുമായിരുന്നില്ലെങ്കിൽ നബി തിരുമേനി സ്വ. ഇങ്ങനെ പറയുമായിരുന്നോ?!

ഇബ്നു അബിദ്ദുൻയാ റ. തന്റെ കിതാബുൽ ഖുബൂറിൽ രേഖപ്പെടുത്തുന്നു: നബിപത്നി ആഇശാ റ. പറയുന്നു. നബി തിരുമേനി സ്വ. പറഞ്ഞു:
مَا مِنْ رَجُلٍ يَزُورُ قَبْرَ أَخِيهِ فَيَجْلِسُ عِنْدَهُ إلا اِسْتَأْنَسَ بِهِ وَرُدَّتْ عَلَيْهِ رُوحُهُ حَتَّى يَقُومَ مِنْ عِنْدَهِ

"ആരെങ്കിലും തന്റെ സഹോദരന്റെ ഖബ്ർ സന്ദർശിക്കുകയും അവിടെ ഇരിക്കുകയും ചെയ്താൽ ഖബ്റാളിക്ക് ആശ്വാസം നൽകപ്പെടുകയും അയാൾ അവിടെ നിന്ന് എഴുന്നറ്റു പോകുന്നതു വരെ ആത്മാവിനെ മടക്കി നൽകപ്പെടുകയും ചെയ്യപ്പെടുന്നതാണ്".

ഇക്കാര്യം ബിദഇകൾക്ക് സ്വീകാര്യനായ ഇബ്നുൽ ഖയ്യിമിന്റെ കിതാബുർറൂഹിലും (പേ.5) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടർന്നെഴുതി: ഇക്കാര്യത്തിൽ മുൻഗാമികൾ ഏകകണ്ഠരാണ്. ജീവിച്ചിരിക്കുന്നവർ തങ്ങളെ സന്ദർശിക്കാൻ വന്നാൽ മയ്യിത്ത് അവരെ തിരിച്ചറിയുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യുമെന്നു മുൻഗാമികളായ ധാരാളം പേരിൽ നിന്ന് അവിതർക്കിതമായ നിവേദനങ്ങളുണ്ട്.

മറ്റൊരു ഹദീസ്. നബി സ്വ. പറയുന്നു:
مَا مِنْ رَجُلٍ يَمُرُّ بٍقبْرِ أَخِيهِ كَانَ يَعْرِفُهُ فِي الدُّنْيَا فَسَلَّمَ عَلَيْهِ إِلَّا رُدَّتْ عَلَيْهِ رُوحُهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ
ജീവിത കാലത്ത് പരിചയമുണ്ടായിരുന്ന ആളുടെ ഖബ്റിന്നരികിലൂടെ പോകുമ്പോൾ സലാം ചൊല്ലിയാൽ അയാൾക്ക് ആത്മാവിനെ മടക്കി നൽകപ്പെടുകയും അങ്ങനെ സലാം മടക്കുകയും ചെയ്യുന്നതാണ് (ഇബ്നു ഹിബ്ബാൻ - കിതാബുൽ മജ്റൂഹീൻ 2/58, ഖഥീബുൽ ബഗ്ദാദീ - താരീഖ് 6/137).

ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിൽ വെള്ളിയാഴ്ചയുടെ പ്രത്യേകതകൾ പറയുമ്പോൾ രേഖപ്പെടുത്തി: മരണപ്പെട്ടവരുടെ ആത്മാക്കൾ വെള്ളിയാഴ്ചകളിൽ ഖബ്റിലേക്കു ഇറങ്ങി വരും. അവിടെ സന്ദർശനത്തിനു വരുന്നവരെയും അതു വഴി പോകുന്നവരെയും തിരിച്ചറിയും. അവരോടു സലാം പറയുന്നതു കേൾക്കുകയും അവരെ കാണുകയും ചെയ്യും. ഇവയെല്ലാം മറ്റു ദിവസങ്ങളിൽ ഉള്ളതിനേക്കാൾ തികവാർന്ന രൂപത്തിലായിരിക്കും വെള്ളിയാഴ്ചകളിൽ!

ഇബ്നുൽ ഖയ്യിം തന്നെ രേഖപ്പെടുത്തുന്ന ഒരു സംഭവം: ഇമാം സുഫ് യാനു സ്സൗരി റ പറയുന്നു: ളഹ്ഹാക് റ. ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ശനിയാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് ആരെങ്കിലും ഖബ്ർ സന്ദർശിച്ചാൽ അയാളെ കൃത്യമായി മനസ്സിലാക്കാൻ മയ്യിത്തിനു സാധിക്കും.
ആരോ ചോദിച്ചു: അതെങ്ങനെ?
പ്രതികരണം: അത്രയ്ക്കാണ് വെള്ളിയാഴ്ചയുടെ സ്ഥാനം!!(സാദുൽ മആദ് 1/401).

"ഖബ്റിലുള്ളവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല" എന്നു ഖുർആൻ - ഫാത്വിർ:22 - പറഞ്ഞിട്ടില്ലേ?

തീർച്ചയായും പറഞ്ഞിട്ടുണ്ട്. അതിന്റെ വ്യാഖ്യാനം ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് ഉദ്ധരിക്കാം. ബിദഇകൾക്കു സുപരിചിതനായ ഇബ്നു തീമിയ്യയുടെ ശിഷ്യനാണല്ലോ അദ്ദേഹം. ഈ ആയതിനെ വ്യാഖ്യാനിക്കുന്നതു കാണൂ:

"ഹൃദയം ചത്തുപോയ കാഫിറിനെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നു ആയത്തിന്റെ തുടർന്നുള്ള ഭാഗം തീർച്ചയായും അറിയിക്കുന്നു; കേട്ടതിന്റെ പ്രയോജനം പ്രകടമായി കാണുമാറ് അവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല. ഖബ്റാളി അങ്ങനെയാണല്ലോ, സദുപദേശങ്ങൾ കേട്ടതുകൊണ്ടു അതു പ്രയോജനപ്പെടുത്താൻ ഇനി അയാൾക്കു സാധിക്കില്ല. അതല്ലാതെ ഖബ്റാളി ഒന്നും തീരെ കേൾക്കില്ല എന്നു ഈ ആയതിന് വിവക്ഷയില്ല.

അതെങ്ങനെ പറയാനാണ്?! മയ്യിത് സംസ്കരണത്തിനു വന്നവർ മടങ്ങിപ്പോകുമ്പോൾ അവരുടെ ചെരുപ്പടി ശബ്ദം പോലും അവർ കേൾക്കുമെന്നല്ലേ തിരുമേനി സ്വ. പഠിപ്പിച്ചത്. ബദ്റിൽ കൊല്ലപ്പെട്ടവർ അവരോടുള്ള സംസാരവും സംബോധനയും കേൾക്കുന്നുണ്ടെന്നു അവിടുന്ന് അറിയിച്ചു തന്നുവല്ലോ. തഥൈവ, മരണപ്പെട്ടവർക്കു സലാം പറയണമെന്നു മതപാഠം തന്നു - അവർ കേൾക്കുന്നുവെന്ന പ്രകാരം സംബോധന ശൈലിയിൽ പറയാനാണ് പഠിപ്പിച്ചത്. ഒരു മുസ്‌ലിമായ സഹോദരൻ സലാം പറഞ്ഞാൽ നിർബന്ധമായും സലാം മടക്കണമെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്. "തീർച്ചയായും (ഹൃദയം) മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധ്യമല്ല, ബധിരനെ വിളി കേൾപ്പിക്കാനും ആവില്ല - അവർ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ" (അന്നംല്:80) എന്ന ആയതിനു സമാനമാണിതും".(കിതാബുർ റൂഹ് : 45)

മയ്യിത്തിനു വേണ്ടി ഖത്തപ്പുര കെട്ടാമോ?



ഖത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ഖബ്റിനു സമീപം ഉണ്ടാക്കുന്ന പുര)

وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة

ഇമാം ബുഖാരി റ. പറയുന്നു: "അലി റ.വിന്റെ പൌത്രന്‍ ഹസന്‍ റ. മരിച്ചപ്പോള്‍ അവരുടെ ഭാര്യ അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഒരു വർഷം ഖുബ്ബ (ഖത്തപ്പുര) ഉണ്ടാക്കി".

ഈ ഹദീസ് വിശകലനം ചെയ്യവെ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി റ. പറയുന്നത് കാണാം

 الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152

"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിനു  ദുആ, ദിക്ര്‍, ഖുര്‍ആന്‍ പാരായണം, മുതലായവ നിർവഹിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഖത്തപുര നിര്‍മ്മിച്ചത് എന്ന കാര്യം വ്യക്തമാണ് (മിർഖാത്).

ഖബ്ർ ചുംബിക്കുന്നതു ഹറാമാണോ?






ഖബ്ർ തൊട്ടു ചുംബിക്കൽ കറാഹത്താണ് എന്നാണ് ഭൂരിപക്ഷമതം. ബറകത് കാംക്ഷിച്ചു കൊണ്ടാണെങ്കിൽ അനുവദനീയമാണെന്ന് പറഞ്ഞവരും ഉണ്ട്. ഹറാമാണ് എന്ന് പറഞ്ഞവർ ആരും ഇല്ലെന്നതാണ് നേര്.

തിരുവഫാതിനു ശേഷം മദീന വിട്ട സയ്യിദുനാ ബിലാൽ റ. പിന്നീട് മദീന സന്ദർശിക്കാൻ വന്ന ചരിത്രം പ്രസിദ്ധമാണ്. ഓർമകളിൽ വിജ്രംഭിതനായി ആ സ്വഹാബിവര്യൻ തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ മുഖമമർത്തി. തന്റെ ഇരു കവിൾത്തടങ്ങളും വെച്ചുരച്ചു
പൊട്ടിപ്പൊട്ടിക്കരഞ്ഞു. മുത്തബിഉസ്സുന്ന എന്ന പേരിൽ വിഖ്യാതനായിരുന്ന സ്വഹാബിയായ ഇബ്നു ഉമർ റ. തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ വെക്കാറുണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും സംഹൂദിയുടെ വഫാഉൽ വഫാ ഉദ്ധരിച്ചിട്ടുണ്ട് (4/1405, 1409).

മുത്ത്വലിബു ബ്നു അബ്ദില്ലാഹി ബ്നി ഹൻത്വബ് റ.വിൽ നിന്നു ഹസനായ നിവേദക പരമ്പരയിലൂടെ ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം:

മർവാൻ രാജാവ് റൗളാശരീഫ് സിയാറതിനു വന്നു. ഖബ്റിൽ ഒട്ടിച്ചേർന്നു ഒരാൾ കിടക്കുന്നു. അദ്ദേഹം അയാളുടെ പിടലിക്കു പിടിച്ചു പൊക്കി: നിങ്ങളെന്താണീ ചെയ്യുന്നതെന്നറിയാമോ???
"അറിയാം, ഞാൻ കല്ലും കട്ടയും കണ്ടല്ല വന്നത്, റസൂലുല്ലാഹി സ്വ.യുടെ സവിധത്തിലേക്കാണ്!!!"

സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി റ. ആയിരുന്നു ആ സന്ദർശകൻ
(അഹ്'മദ് 5/422, ഹാകിം 4/560).

ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ തങ്ങളോട് നബി സ്വ.യുടെ ഖബ്റുശ്ശരീഫും മിമ്പറും ചുംബിക്കുന്നതിനെ കുറിച്ച് ചോദ്യമുന്നയിക്കപ്പെട്ടു. അതിൽ തകരാറില്ല എന്നായിരുന്നു പ്രതികരണം. ഇക്കാര്യം സംഹൂദി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്  (വഫാഉൽ വഫാ 4/1404).

ചുരുക്കത്തിൽ, ഖബ്ർ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ ഹറാമാണ് എന്നു പോലും ഉലമാക്കൾ ആരും വാദിച്ചിട്ടില്ല. കറാഹത്തുണ്ടോ ഇല്ലേ എന്നു മാത്രമാണ് തർക്കം. അതെല്ലാം ശിർക്കും കുഫ്റുമാണ് എന്നു പ്രചരിക്കുന്നവർ പൂർവകാല മാതൃകകളെ വിസ്മരിക്കരുത്.

ഖബ്ർ സിയാറത് അനുവദനീയമോ?



ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നു. പിന്നീട് ആ വിലക്ക് ഒഴിവാക്കി സന്ദർശിച്ചോളൂ എന്ന നിർദ്ദേശം വരുകയുണ്ടായി. ഇമാം മുസ്‌ലിം റ. നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഖബ്ർ സന്ദർശനം ഞാൻ നിങ്ങൾക്കു വിലക്കിയിരുന്നല്ലോ, ഇനി ചെയ്തു കൊൾക (മുസ്ലിം 977). മറ്റൊരു നിവേദനത്തിൽ ഇതിന്റെ കൂടെ അൽപം വിശകലനം അധികമുണ്ട്: അതു ഹൃദയം നിർമലമാക്കും, കണ്ണ് സജലമാക്കും, പരലോകം ഓർമിപ്പിക്കും!(അഹ്'മദ് 3/237, അബൂയഅ'ല 6/371, ഹാകിം 2/532, ബൈഹഖിയുടെ സുനനുൽ കബീർ - 4/77, ശുഅബുൽ ഈമാൻ 7/15).

ഖബ്ർ സിയാറത് നബി സ്വ.യുടെ പതിവിൽ പെട്ടതാണ്. അവിടന്ന് സ്വഹാബതിനെ കൂട്ടി സിയാറത്തിനു പോകാറുണ്ടായിരുന്നു. സിയാറതിന്റെ രൂപം അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇമാം ബുഖാരിയും (1194) മുസ്‌ലിമും (926) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ തന്റെ പുത്രന്റെ ഖബ്റിന്നരികിൽ നിന്നു കരയുകയായിരുന്ന ഒരു സ്വഹാബീവനിതയോട് : നീ അല്ലാഹുവിനു തഖ്‌വ പാലിക്കുക; ക്ഷമയവലംബിക്കുക എന്നു നബി സ്വ. ഉപദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയൊരു സംഭവത്തിൽ ഖബ്ർ സിയാറതു വേളയിൽ സലാം പറയേണ്ട രൂപം നബി സ്വ. ആഇശ ബീവിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്: "നീ ഇങ്ങനെ പറയുക:

السلام عليكم يا اهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وانا إن شاء الله بكم لاحقون
( മുസ്‌ലിം 974).

സുഫ്‌യാനു ബ്നു ഉയയ്നയിൽ നിന്ന് മുസ്വന്നഫു അബ്ദിർറസാഖ് (6713) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഫാത്വിമ റ. എല്ലാ വെള്ളിയാഴ്ചകളിലും ഹംസതുൽ ഖർറാർ റ.വിനെ സന്ദർശിക്കാൻ പോകാറുണ്ട് എന്നു വായിക്കാം.

മുസ്‌ലിംകൾ അധിവസിക്കുന്ന ഇടത്തെല്ലാം ഇത:പര്യന്തം ഖബ്ർ സിയാറത് നിലനിന്നു പോന്നിട്ടുണ്ട്. മരണസ്മരണയും പാരത്രിക ചിന്തയും ഉണർത്തുന്നതാകയാൽ അതു മതത്തിൽ പ്രശംസയർഹിക്കുന്ന സുന്നത്തായ ഒരു അമലത്രെ! സ്ത്രീകൾ കരഞ്ഞു നിലവിളിക്കുകയും ശബ്ദമുയർത്തി വ്യസന പ്രകടനം നടത്തുകയും ചെയ്യുന്ന ലോല പ്രകൃതരായതിനാൽ അവർക്കു കറാഹതാണ് എന്നാണ് അഭിമതം. എന്നാൽ, മതപരമായ ചിട്ടകൾ പാലിച്ചു കൊണ്ട് അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരെ സിയാറതു ചെയ്യുന്നത് സുന്നത്താണ് എന്നു അഭിപ്രായപ്പെടുന്നവരാണ് പലരും.

لعن الله زوارات القبور
ഖബ്ർ സിയാറത് ചെയ്യുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് (തിർമിദി 1056, ഇബ്നു മാജ 1576, അഹ്'മദ് 2/337) പലർക്കും സംശയമുണ്ടാക്കാറുണ്ട്. ഹദീസിൽ പരാമർശിക്കപ്പെട്ട സവ്വാറാത്/സിയാറത് ചെയ്യുന്ന സ്ത്രീകൾ എന്ന പദം ഇസ്‌ലാം പൂർവകാലത്ത് നില നിന്നിരുന്ന ഒരു ദുരാചാരത്തെ സൂചിപ്പിക്കുന്നു. ആരെങ്കിലും മരണപ്പെട്ടാൽ ആ മയ്യിതിനു വേണ്ടി നിലവിളിച്ചട്ടഹസിക്കുക, തല തല്ലിക്കരയുക പോലെയുള്ള അനാചാരങ്ങൾ അവിടെ നിലനിന്നിരുന്നു. അതിനെയാണ് ഹദീസ് വിമർശിച്ചത്.

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നുവല്ലൊ. ഈ ഹദീസ് ആ കാലത്തുള്ളതായിരുന്നു എന്നു പറയുന്നവരാണ് പണ്ഡിതൻമാരിൽ ധാരാളം പേർ.

✍🏻 Sajeer Bukhari

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാമോ?



മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാം, അവർക്കതിന്റെ പ്രതിഫലം ലഭിക്കും. ദോഷങ്ങൾ പൊറുക്കപ്പെടുക, പദവികളിൽ ഉയർച്ച കിട്ടുക, ഖബ്റിൽ പ്രകാശവും ആനന്ദവും ലഭിക്കുക തുടങ്ങി വ്യത്യസ്തമായ നേട്ടങ്ങൾ അതുമൂലം അവർക്കു ലഭിക്കുന്നതാണ്.

നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ പാരായണം ചെയ്യൂ എന്ന ഹദീസ് അബൂദാവൂദ്(3121), ഇബ്നുമാജ (1448) തുടങ്ങിയ പലരും മഅ'ഖൽ ബിൻ യസാർ റ.വിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു ഹദീസ്:

യാസീൻ ഖുർആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും പരലോകത്തേയും ലക്ഷ്യമിട്ട് ഓതിയ ആൾക്ക് അല്ലാഹു തീർച്ചയായും പൊറുത്തു കൊടുക്കുന്നതാണ്. അതിനാൽ, നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക (അഹ്'മദ് 5/26, സുനനുൽ കുബ്റ - നസാഈ 10914).

ഈ ഹദീസ് മരണാസന്നർക്കും, മരണപ്പെട്ടവർക്കും ബാധകമാണ് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്; രണ്ടാൾക്കും പ്രയോജനം ലഭ്യമാകും. പരമ്പരാഗതമായി മുസ്‌ലിംകൾ ചെയ്തു പോരാറുള്ളതു പോലെ, അല്ലാഹുവേ, ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്ന വ്യക്തിക്ക് നീ നൽകേണമേ... എന്നു ഹദ്'യ ചെയ്താൽ മാത്രമാണോ അല്ലേ എന്നു മാത്രമാണ് അഭിപ്രായഭേദങ്ങൾ പ്രകടമായിട്ടുള്ളത്. മരണപ്പെട്ടവർക്കു വേണ്ടിയുള്ള ഈ ദുആ വിശുദ്ധ ഖുർആനിന്റെ അധ്യാപനമാണ്:

وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
അവരുടെ പിൻഗാമികൾ ഇങ്ങനെ പ്രാർഥിക്കുന്നതാണ്: നാഥാ, ഞങ്ങൾക്കും ഈമാനിക വിശ്വാസം കൊണ്ടു ഞങ്ങളുടെ മുന്നേ പോയവർക്കും നീ പൊറുത്തു തന്നാലും, വിശ്വാസികളോട് ഞങ്ങളുടെ ഹൃദയത്തിൽ ഒരു തരത്തിലുള്ള ഈർഷ്യതയും നീ തരരുതേ, നാഥാ, തീർച്ചയായും നീ അത്യുദാരനും അതിരറ്റ കാരുണ്യവാനുമാണല്ലോ (അൽ ഹശ്ർ 10).

ഹദ്'യ ചെയ്താൽ മാത്രമേ അവർക്കു പ്രതിഫലം എത്തുകയുള്ളൂ എന്നാണ് ശാഫിഈ കർമശാസ്ത്ര സരണിയിൽ പ്രബലം. പിൽക്കാലികരായ ശാഫിഈ ഫുഖഹാക്കളിൽ പലരും മറ്റു മൂന്നു മദ്ഹബുകളിലുള്ളതു പോലെ പ്രത്യേകമായ പ്രാർഥനയില്ലാതെ തന്നെ അവർക്കു പ്രതിഫലം എത്തുമെന്ന വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം അൽ ഹബീബ് അബ്ദുല്ലാഹി ബ്നു അലവിയ്യിനിൽ ഹദ്ദാദ് റ. പറഞ്ഞു: മരണപ്പെട്ടവർക്കു വേണ്ടി ഹദ്'യ ചെയ്യപ്പെടുന്ന അമലുകളിൽ ഏറ്റവും അനുഗ്രഹീതവും അധികം പ്രയോജനകരവുമായിട്ടുള്ളത് ഖുർആൻ പാരായണവും അതിന്റെ പ്രതിഫലം അവർക്കു ഹദ്'യ ചെയ്യുന്നതുമാണ്. സകല കാലത്തും സകല നാട്ടിലുമുള്ള മുസ്‌ലിംകൾ അങ്ങനെ അമൽ ചെയ്യുന്നതിന്റെ മേൽ ഏകോപിച്ചു നിൽക്കുന്നവരാണ്‌. മുൻഗാമികളും പിൽക്കാലികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും ഇക്കാര്യം പ്രത്യേകമായി പ്രസ്താവിച്ചിട്ടുണ്ട്...... (സബീലുൽ ഇദ്ദികാർ).

ഇബ്നു ഉമർ റ. പറഞ്ഞു: ഒരാൾ മരിച്ചു കഴിഞ്ഞാൽ തടഞ്ഞുവെക്കരുത്, വേഗത്തിൽ ഖബറടക്കം ചെയ്യണം. അനന്തരം സൂറതുൽ ബഖറയുടെ ആദ്യ ഭാഗം തലയുടെ ഭാഗത്തും അവസാനഭാഗം കാലിന്റെ ഭാഗത്തും ഓതണം (മുഅ'ജമുൽ കബീർ 12/444, ശുഅബുൽ ഈമാൻ 7/16).

ഖബ്റിനടുത്തു വെച്ച് ദർസു നടത്തുന്നത് പുണ്യമാണെന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട് (കിതാബുർ റൂഹ് - 10). മുൻഗാമികളിൽ പെട്ട വലിയൊരു വിഭാഗം മഹാൻമാർ തങ്ങളുടെ ഖബ്റുകൾക്കരികിൽ വെച്ച് ഖുർആൻ പാരായണം നടത്താൻ വസ്വിയ്യത് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "സ്വഹാബിയായ ഇബ്നു ഉമർ റ. അവരിലൊരാളായിരുന്നു; തന്റെ ഖബ്റിന്റെ അരികിൽ വെച്ച് സൂറതുൽ ബഖറ പാരായണം ചെയ്യാൻ അദ്ദേഹം വസ്വിയ്യത് ചെയ്തിരുന്നു. സ്വഹാബികളായ അൻസ്വാരികൾ മരണപ്പെട്ടാൽ അവരുടെ ഖബ്റിന്നരികിൽ അവർ മാറി മാറി ഖുർആൻ പാരായണം തുടർന്നു പോന്നിരുന്നു."

ചുരുക്കത്തിൽ, സ്വഹാബികളുടെ കാലം തൊട്ട് നിരാക്ഷേപം അനവരതം തുടർന്നു പോരുന്നതാണ് മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതി ഹദ് യ ചെയ്ത് ദുആ ചെയ്യുന്നത്. അല്ലാഹുവേ, ഞങ്ങൾക്കും അത്തരം തലമുറയെ നീ ബാക്കി വെക്കണേ..., ആമീൻ!

Friday, August 31, 2018

ഖുർആനിൽ സൂറതുൽ ഇസ്തിജാബ എന്ന സൂറതുണ്ടോ?


വിശുദ്ധ ഖുർആനിലെ ഇരുപത്തൊന്നാം അധ്യായം അൽ അമ്പിയാഅ' സൂറതുൽ ഇസ്തിജാബ എന്നാണ് അറിയപ്പെടുന്നത്. فَاسْتَجَبْنَا لَه (അദ്ദേഹത്തിനു നാം പ്രാർഥനക്കുത്തരം നൽകി) എന്നു നാലു തവണ ആവർത്തിച്ചു വരുന്നതു കൊണ്ടാണ് ഈ അപരനാമമുണ്ടായത്. 76, 84, 88, 90 ആയതുകളാണിത്.  നൂഹ്, അയ്യൂബ്, യൂനുസ്, സകരിയ്യാ (അലാ നബിയ്യിനാ വ അലൈഹി മുസ്സലാം) എന്നിവരുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയതാണു ഈ ആയതുകളുടെ  ഉള്ളടക്കമെങ്കിലും അവയുടെ സഫിക്സ് വിശ്വാസികൾക്കെല്ലാം പ്രതീക്ഷ തരുന്നതാണ്.

അയ്യൂബ് അ.മിനു ഉത്തരം നൽകിയതിനെ സംബന്ധിച്ചുള്ള ആഖ്യാനത്തിന്റെ ഒടുവിൽ رَحْمَةً مِنْ عِنْدِنَا وَذِكْرَىٰ لِلْعَابِدِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ ആബിദുകൾക്കും ഇതേ ഇസ്തിജാബ: ലഭിക്കുമെന്ന് മുഫസ്സിറുകൾ പറയുന്നു. തഥൈവ, യൂനുസ് അ.മിന്റെ സംഭവകഥനത്തിനു ശേഷം وَكَذَٰلِكَ نُنْجِي الْمُؤْمِنِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ മുഅ'മിനീങ്ങൾക്കും ഇസ്തിജാബയിൽ പ്രതീക്ഷയർപ്പിക്കാം.

#ഇസ്തിജാബയുടെ_താക്കോലുകൾ

1. ക്ഷമ
നൂഹ് അ.മിന്റെ വിജയതന്ത്രം അവിടുത്തെ ക്ഷമ തന്നെ. ദീർഘമായ 950 വർഷമാണ് തന്റെ വാക്കുകൾ തെല്ലും കേട്ടില്ലെന്നു നടിച്ച ജനതയോട് അദ്ദേഹം പ്രബോധനം നിർവഹിച്ചത്. അതിനാൽ, ക്ഷമ ആവരണമായി സ്വീകരിക്കുക. "വിശ്വസിച്ചവരായുള്ളോരേ, നിങ്ങൾ ക്ഷമയും നിസ്കാരവും മുൻനിർത്തി  സഹായമർത്ഥിക്കുക; തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവർക്കൊപ്പമാണ് "- അൽ ബഖറ 153.

2. അദബ്.
അല്ലാഹുവിനോടുള്ള അദബുകൾ യഥോചിതം പാലിച്ചതായിരുന്നു അയ്യൂബ് അ.മിന്റെ വിജയം. രോഗങ്ങളാൽ പ്രയാസപ്പെട്ടപ്പോഴും അല്ലാഹുവേ നീയെന്തിനെന്നെ കഷ്ടപ്പെടുത്തുന്നു എന്ന മട്ടിലുള്ള ഒരു വാക്കു പോലും അദ്ദേഹം ഉരിയാടിയില്ല. "ദുരിതം എന്നെ ബാധിച്ചിരിക്കുന്നു. കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയല്ലോ" എന്നാണവിടുന്ന് പറഞ്ഞത്.

ഇതു അമ്പിയാഇന്റെ പൊതു ശീലമായിരുന്നു. ഇബ്റാഹീം അ. പറയുന്നതു നോക്കൂ: "അല്ലാഹുവാണെന്നെ പടച്ചത്; അവനെന്നെ സൻമാർഗത്തിലേക്കു നയിക്കുന്നു. അവനാണെനിക്കു അന്നവും പാനവും നൽകുന്നത്. ഞാൻ രോഗിയായാൽ എന്നെ സുഖപ്പെടുത്തുന്നതും അവൻ!". സൃഷ്ടിച്ചത് അല്ലാഹു, അന്നവും പാനവും നൽകുന്നത് അല്ലാഹു. എന്നാൽ അല്ലാഹുവാണ് രോഗിയാക്കിയത് എന്നു പറയുന്നില്ല; പകരം ശിഫയാക്കുന്നവൻ അല്ലാഹു!! ഇതാണ് അദബ്. ദീനിനോടും ദീനീചിഹ്നങ്ങളോടുമുള്ള അദബാണ് പ്രവാചകൻമാരുടെ വിജയത്തിന്റെ താക്കോൽ. അവർ നൻമകളും അനുഗ്രഹങ്ങളുമഖിലവും അല്ലാഹുവിലേക്കു ചേർത്തു പറയുകയും മറിച്ചുള്ളതെല്ലാം തങ്ങളുടേതായി പരിചയപ്പെടുത്തുകയും ചെയ്തു.

3. കുറ്റബോധം.
തീർച്ചയായും ഞാൻ അതിക്രമം കാണിച്ചവരിൽ പെട്ടു പോയല്ലോ എന്നാണ് യൂനുസ് അ. നിരന്തരം പറഞ്ഞത്. ഒപ്പം അല്ലാഹുവിന്റെ ഏകത്വത്തെ പ്രഘോഷിക്കുകയും ചെയ്തു. അവന്റേതല്ലാത്ത മറ്റൊരും അഭയസ്ഥാനവും തനിക്കു തണലേകില്ല എന്ന തിരിച്ചറിവാണതിന്റെ കാമ്പ്. വീഴ്ച എന്തുമാവട്ടെ, വിശ്വാസി ആവർത്തിച്ചു പറയേണ്ട മഹദ്വചനങ്ങളാണിത്.

4. സത്കർമങ്ങളിൽ ഉത്സാഹിക്കുക

സകരിയ്യാ അ.മിന്റെ പ്രാർഥന സ്വീകരിച്ചതു പറയുമ്പോൾ അവിടുത്തെ കുടുംബം ദീനീ കാര്യങ്ങളിൽ ചിട്ടയുള്ളവരാണെന്നു ഖുർആൻ പറയുന്നുണ്ട്: "ഇവരൊക്കെയും സൽകർമങ്ങളില്‍ അതിയായി ഉത്സാഹിക്കുന്നവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ വിധേയപൂർവം കുനിഞ്ഞവരുമായിരുന്നു". ഇതാണു സകരിയ്യാ അ.മിന്റെ വിജയതന്ത്രം.

വിഷമസന്ധികളിൽ ഇജാബതിനു അമ്പിയാഅ' ഓതി ദുആ ചെയ്യുക. ആമുഖമായി സൂറതിൽ പരാമർശിക്കപ്പെട്ട  നബിമാർ ഓരോരുത്തർക്കും വെവ്വേറെ ഫാതിഹ ഓതുന്നതും ഇസ്തിജാബയുടെ ആയതുകൾ അബ്ജദു മൂല്യത്തിനു തുല്യമായി ആവർത്തിക്കുന്നതും ആയതുകളുടെ അർഥമനുസരിച്ച് പ്രതികരണമായി അനുയോജ്യമായ ദിക്റുകൾ ചൊല്ലുന്നതും കാര്യങ്ങൾ സുഖമമാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ!

തുൻകഹുൽ മർഅതു - സ്ത്രീലമ്പടതയോ?

ബ്ബോ..!
ഒരു അച്ചായന്റെ പ്രസംഗം കേട്ടു. ടിയാന്റെ വിവരശൂന്യതയോർത്ത് കുറേയേറെ ചിരിച്ചു പോയി. അജ്ഞത അലങ്കാരമായി സ്വീകരിക്കുന്നതു കൊള്ളാം. പക്ഷെ, അതു വെച്ചു ഇസ്‌ലാമിനു മാർക്കിടരുത്.

എല്ലാ മുസ്‌ലിംകൾക്കും പല തവണ കേട്ടു പരിചയമുള്ള ഒരു ഹദീസ് വലിയ വായിൽ അവതരിപ്പിച്ചാണ് ടിയാൻ കയ്യടി വാങ്ങിയത്: "തുൻകഹുൽ മർഅതു ലി അർബഇൻ........" കണ്ടില്ലേ, എന്തിനു വേണ്ടിയാണ് മുസ്‌ലിംകൾ വിവാഹം ചെയ്യുന്നതെന്നു ഈ ഹദീസിലുണ്ട്. അവളുടെ സ്വത്ത് മോഹിച്ച്,അവളുടെ സൗന്ദര്യത്തിൽ മതിമറന്ന്, അവളുടെ തറവാട്ടു മഹിമയിൽ ഊറ്റം കൊണ്ട്.എല്ലാം കഴിഞ്ഞിട്ടാണ് വിശ്വാസത്തിന്റെ സ്ഥാനം.ലൗ ജിഹാദിനു വരുന്നവരെ നല്ലോണം സൂക്ഷിച്ചോളണം...!!


  1. പ്രഥമമായി മനസ്സിലാക്കുക, ഈ ഹദീസിൽ മുസ്‌ലിംകൾക്കിടയിലെ വിവാഹ സമ്പ്രദായത്തെ പറ്റി പ്രത്യേകമായി ഒരു വാക്കു പോലും പരാമർശിച്ചിട്ടില്ല.അറബി പരിജ്ഞാനമില്ലാതെ ഏതോ പരിഭാഷക്കാരനെ അവലംബിച്ചതു കൊണ്ടു പിണഞ്ഞ അമളിയാണിത്.


തുൻകഹു എന്ന പദം Passive Voice അഥവാ കർമ്മണി പ്രയോഗം ആണ്. അതായത് കർത്താവില്ലാത്ത വാചകമാണിത്. പിന്നെയെങ്ങനെ ഉപര്യുക്ത കർമം മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സമ്പ്രദായമാണെന്നു കട്ടായം കിട്ടി?! ആ നാട്ടിൽ മുസ്‌ലിംകൾ മാത്രമല്ലല്ലൊ ഉണ്ടായിരുന്നത്.

അറേബ്യൻ നാടുകളിൽ ദീർഘകാലമായി നിലനിന്നു പോന്നിരുന്ന നാട്ടുനടപ്പിനെ കുറിച്ചാണ് ആ ഹദീസിന്റെ ആദ്യഭാഗം സംസാരിക്കുന്നത്. അതിനാലാണ് പ്രസന്റ് കണ്ടിന്യൂസ് ടെൻസിലുള്ള കർമ്മണി പ്രയോഗം - തുൻകഹു എന്നു - ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം,  വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു ആജ്ഞാസ്വരത്തിൽ തന്നെ നബിതിരുമേനി സ്വ. പ്രസ്താവിച്ചിട്ടുണ്ട്: "നിങ്ങൾ മതനിഷ്ടയുള്ളവളെ സ്വീകരിക്കുക''. ഇവിടെ കൃത്യമായ ഒരു സമൂഹത്തെ അഡ്രസ് ചെയ്താണ് സംസാരിച്ചിട്ടുള്ളത്.

ഓർത്തിരിക്കുക, സമ്പത്ത്, സൗന്ദര്യം, ആഭിജാത്യം എന്നിവ തിരസ്കരിക്കണമെന്ന് നബിതിരുമേനി സ്വ. പറഞ്ഞിട്ടില്ല. മുൻഗണന മതനിഷ്ടക്ക്. ബാക്കിയെല്ലാം ഒത്തുവന്നാൽ പഞ്ചാരക്കുന്നിൽ തേൻമഴ!

നാരിയതു സ്വലാത്തിന്റെപുണ്യം



ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.

നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:

من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.

"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."

അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.

من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.

ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."

അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.

Friday, August 24, 2018

ചർച്ചും അമ്പലവും വിശ്വസികൾ വെടിപ്പാക്കാമോ?

പ്രളയത്തിൽ ഈമാൻ ഒലിച്ചുപോകരുത്
രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക

ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ  ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!

പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന  വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!

വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.

നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.

ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.

നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!

പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.

സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.


ഇതു സംബന്ധമായി FB യിൽ നടന്ന ചർച്ചകൾക്ക് ഇവിടെ തൊടുക https://goo.gl/rrzUY4

മക്കത്ത് പെരുന്നാളും മുക്കത്ത് നോമ്പും


ബലിമാംസം അമുസ്‌ലിംകൾക്ക് കൊടുക്കാമോ?


മൃഗബലി ഇസ്'ലാമിൽ: സംശയങ്ങൾക്കു മറുപടി


Friday, December 30, 2016

ജിസ്‌യ മതനികുതിയോ?



തിരുനബിയുടെ രാഷ്ട്രത്തില്‍ അമുസ്‌ലിംകളെ ഹര്‍ബിയ്യ്, ദിമ്മിയ്യ് എന്നിങ്ങനെ വേര്‍തിരിക്കുകയും ജിസ്‌യഃ എന്ന പേരില്‍ മത നികുതി ചുമത്തുകയും ചെയ്യുന്നു എന്ന് ആരോപണമുണ്ട്. എന്താണ് വാസ്തവം?

ഹര്‍ബിയ്യ് അല്ലെങ്കില്‍ ദിമ്മിയ്യ് എന്ന് രണ്ടായി വിഭജിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ആദ്യം ദിമ്മിയ്യ് എന്താണ് എന്ന് പറയാം. ഇസ്‌ലാമിക രാഷ്ട്രം മതനികുതി ചുമത്തിയെന്ന് ആരോപിക്കുന്നത് ഇവര്‍ക്കാണ്. എന്താണ് ആ പദത്തിന്റെ അര്‍ഥം?

മുസ്‌ലിം സമുദായത്തിന്റെ കൂടെ ജീവിക്കുന്നതിന്ന് തിരുനബി പ്രത്യേകം സംരക്ഷണം വാഗ്ദാനം ചെയ്ത വേദക്കാരാണ് ദിമ്മിയ്യ്. ദിമ്മത് എന്ന അറബി പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. അഹ്ദ്(കരാര്‍), അമാന്‍(നിര്‍ഭയത്വം), കഫാലത്(സംരക്ഷണം) എന്നൊക്കെയാണ് ഈ വാക്കിന്റെ വിവക്ഷ. വേദക്കാർക്ക് ഇസ്‌ലാമിക ഭരണകൂടം പ്രത്യേകമായി ഉറപ്പു വരുത്തിയിട്ടുള്ള സുരക്ഷയാണ് ഇതിന്റെ താത്പര്യമെന്ന് തിരുനബി ഓരോ ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാം: ‘നിങ്ങളെ അഭയമായി കാണുന്ന ദിമ്മികള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെയും നബിയുടേതുമായ സംരക്ഷണം നല്‍കണം. നിങ്ങളുടെ അനുയായികളെ പോലെ അവരെയും കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഗൗരവാര്‍ഹമാണ് അവരോട് അനീതി കാട്ടുന്നത്(മുസ്‌ലിം 2/1357). ദിമ്മികളെ അടിച്ചമര്‍ത്തുകയോ അവരുടെ കഴിവിന്നതീതമായ ഭാരം അടിച്ചേല്പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതാണ് എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.
അബൂബക്ര്‍ (റ) പ്രഥമ ഖലീഫയായി അവരോധിതനായപ്പോള്‍ നജ്‌റാനിലെ ഗവര്‍ണര്‍ക്ക് അവിടെ താമസിച്ചിരുന്ന ക്രൈസ്തവ ന്യനപക്ഷത്തെ സംബന്ധിച്ച് അയച്ച കത്തും ശ്രദ്ധേയമാണ്: അമുസ്‌ലിംകള്‍ക്ക് നബിതിരുമേനിയുടെ സംരക്ഷണം നല്‍കണം, അവരുടെ സ്ഥാരവ ജംഗമ സ്വത്തുക്കളും ആരാധാനാലയങ്ങളും പുരോഹിതരുമെല്ലാം സുരക്ഷിതരാകണം. അവര്‍ക്ക് പ്രയാസമോ നാശ നഷ്ടങ്ങളോ ഉണ്ടാകരുത് (കിതാബുല്‍ ഖറാജ് 79). തഥൈവ, ഖലീഫാ ഉമര്‍(റ) മരണശയ്യയിലും തന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്ക് നല്‍കിയ വസ്വിയ്യത്തില്‍ ദിമ്മികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നും ആവശ്യമെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ പ്രകാരം അലി(റ)യുടെയും കത്തുകളുണ്ട്. ചുരുക്കത്തില്‍ അവര്‍ മറ്റു പൗരന്മാരെ പോലെ തന്നെയാണ്. ഇമാം ഔസാഈ പറയുന്നു: അവര്‍ അടിമകളല്ല. സുരക്ഷിതരായ സ്വതന്ത്ര പൗരന്മാര്‍ തന്നെയാണ് (കിതാബുല്‍ അംവാല്‍ 150).

വ്യാപകമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമായ ഒരു നടപടിയാണ് ദിമ്മികള്‍ ജിസ്‌യ നല്കണം എന്ന് നിര്‍ദേശിക്കപ്പെട്ടത്. തിരുനബി മുസ്‌ലിം, അമുസ്‌ലിം പ്രജകള്‍ക്കിടയില്‍ വിവേചനം കാണിക്കുകയാണെന്ന ചിലര്‍ വിചാരിച്ചു. വാസ്തവത്തില്‍ ഇതു രാഷ്ട്രത്തിന്റെ നികുതി സമ്പ്രദായത്തില്‍ സാമ്പത്തിക തുലനം ഉറപ്പ് വരുത്തുവാനുള്ള ചട്ടങ്ങളുടെ ഭാഗമത്രെ.

മുസ്‌ലിം പ്രജകള്‍ വര്‍ഷാവര്‍ഷം സമ്പാദ്യത്തിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണമെന്ന് നിയമമുണ്ട്. അതു പിരിച്ചെടുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ‘ആമില്‍’ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എന്നാല്‍, ദിമ്മികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തിട്ടുള്ളതിനാല്‍ അവരില്‍നിന്ന് സകാത് പിരിക്കുക എന്നത് അപ്രായോഗികമാണ്. അത് അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ സിവില്‍ ചട്ടങ്ങള്‍ അവര്‍ക്ക് കൂടി അടിച്ചേല്പ്പിക്കുന്നതുമായി തീരും. ഈ സാഹചര്യത്തില്‍ പ്രജകളില്‍ നിന്ന് പിരിച്ചെടുക്കുന്ന ധനത്തിന്റെ വിഷയത്തില്‍ സന്തുലിതമായ നിലപാട് ഉണ്ടാകണമെങ്കില്‍ ഇതര മാര്‍ഗങ്ങള്‍ ആരായുകയാണ് പോംവഴി. അതിനാലത്രെ തിരുനബി സകാതില്‍ നിന്ന് അവരെ ഒഴിവാക്കി പകരം ജിസ്‌യഃ നടപ്പില്‍ വരുത്തിയത്.

സകാതിനെ അപേക്ഷിച്ചു പല ഇളവുകളും ജിസ്‌യയുടെ ഉപാധികളില്‍ ഉണ്ട് എന്നതും കാണാതിരുന്നുകൂടാ. സകാതിന്റെ കാര്യത്തില്‍ പ്രായഭേദമോ ലിംഗഭേദമോ ഇല്ല. നിശ്ചിത ധനരേഖയിലെത്തിയ എല്ലാവര്‍ക്കും അതു ബാധകമാണ്. എന്നാല്‍, ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്ധത, ബുദ്ധിഭ്രമം, മാറാരോഗങ്ങള്‍, വാര്‍ധക്യം തുടങ്ങിയവയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും ഇളവുണ്ട്. ചില കര്‍മ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ മതപുരോഹിതരും ജിസ്‌യഃയില്‍ നിന്ന് ഒഴിവാണ്.

രാഷ്ട്രത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദിമ്മികളെ ഒഴിവാക്കിയിട്ടുണ്ട്. ജിസ്‌യ നിയമമാക്കിയതില്‍ ഇക്കാര്യത്തിനും പരിഗണനയുണ്ട്. രാഷ്ട്രത്തിനു നേരെ ആക്രമണമുണ്ടായാല്‍ഓരോ മുസ്‌ലിമും നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങണം. എന്നാല്‍, ദിമ്മികള്‍ക്ക് ഈ ബാധ്യത ഇല്ല. അഥവാ, അവര്‍ പ്രതിരോധത്തിനു സ്വയം സന്നദ്ധമാകുന്ന പക്ഷം അവരെ ജിസ്‌യഃയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ജിസ്‌യക്ക് പകരം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതു തന്നെ കാരണം. അതിനു സാധിക്കാതെ വന്ന സാഹചര്യങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചു കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റോമന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ സേനാനായകനായിരുന്ന അബൂ ഉബൈദ(റ) മുഴുവന്‍ സിറിയന്‍ നഗരങ്ങളില്‍ നിന്നും പിരിച്ചെടുത്ത ജിസ്‌യ പണം തിരിച്ചേല്പ്പിക്കാന്‍ നിര്‍ദേശിച്ചു.കുരിശുയുദ്ധ കാലത്ത് ഇടയ്ക്ക് സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായപ്പോള്‍ സ്വുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും ജിസ്‌യ തിരിച്ചു കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ  മതന്യനപക്ഷങ്ങളായിരുന്ന വേദക്കാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സന്തുലനത്തില്‍ അവരുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് ജിസ്‌യ. ഈ സംരക്ഷണം വാഗ്ദാനം ചെയ്യപ്പെടാത്ത, കൂട്ടായ പൗരത്വ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നില നിന്നിരുന്ന ഘട്ടത്തില്‍ ജിസ്‌യഃ ഉണ്ടായിരുന്നില്ലെന്നതും ഓര്‍മിക്കേണ്ടതാണ്. മദീനയിലെത്തിയ ആദ്യകാലത്ത് ജൂതന്‍മാരമായി ഉണ്ടാക്കിയ കരാറിലും നജ്‌റാനിലെ ക്രൈസ്തവരുമായി ഉണ്ടാക്കിയ കരാറിലും ജിസ്‌യ ഉണ്ടായിരുന്നില്ല. കാരണം രാഷ്ട്രത്തിന്റെ പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ അവര്‍ക്ക് തുല്യമായ ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്.

ഇനി, ഹര്‍ബിയ്യ്. തിരുനബി ഇവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരില്‍ സൈനിക നടപടികള്‍ക്ക് സമ്മതവും നല്‍കിയിരിക്കുന്നു എന്നാണ് ആക്ഷേപം. യുദ്ധം, കലാപം, കലഹം എന്നെല്ലാം അര്‍ഥമുള്ള ഹര്‍ബ് എന്ന പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. ദിമ്മികളല്ലാത്തവരെയാണ് ഹർബിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സിവില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വിഘടിച്ചു നില്‍ക്കുകയും ആക്രമണ വാസന കാണിക്കുകയും ചെയ്യുന്ന അരാജകവാദികളാണ് ഈ വിഭാഗം. ജിസ്‌യ നല്‍കി സാമ്പത്തിക സന്തുലന നടപടികളില്‍ സഹകരിക്കാനും ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു. സ്വഭാവികമായും ഭരണമിഷണറിക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇസ്‌ലാമികമോ അല്ലാത്തതോ ആയ ഏതു രാജ്യവ്യവസ്ഥയിലും ടാക്‌സ് കൊടുക്കാന്‍ കൂട്ടാക്കാത്ത അരാജകത്വ വാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കപ്പടുന്നതിന്ന് തുല്യമാണിതും. ഒന്നാം ഖലീഫ അധികാരമേറ്റ ഉടനെ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരെയും സൈനിക നടപടികള്‍ ഉണ്ടായത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സകാതായി കൊടുക്കുന്ന മൃഗത്തോടൊപ്പം നല്‍കിയിരുന്ന പിടിക്കയര്‍ നിഷേധിച്ചാല്‍ പോലും ഞാന്‍ അവനോട് യുദ്ധം ചെയ്യുമെന്നാണ് ഖലീഫ അന്ന് പറഞ്ഞത്.

Monday, September 12, 2016

ഉളുഹിയത് അറുക്കാതെ കൊടുത്തൂടെ?



ചോദ്യം: അറുത്ത് ഇറച്ചി കൊടുക്കുന്നതിന്
പകരം ആടുമാടുകളെ ജീവനോടെ നൽകിയിരുന്നെങ്കിൽ എത്ര ദരിദ്രകുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായേനേ...
ചോദ്യകർത്താവ്: Shabna Aziz

പ്രതികരണം:
ഉളുഹിയ്യത്തിന്റെ യുക്തിയെ പ്രതി വിചാരപ്പെടുന്നതൊക്കെ നല്ലത്. പക്ഷെ, വസ്തുതകൾ മറച്ചു പിടിച്ചിട്ടാവരുത് എന്നു മാത്രം.

ഉളുഹിയ്യത് ഒരു ആരാധനയാണ്.
ആടുമാടുകളുടെ സകാത് മറ്റൊന്ന്. ഒന്നിൽ ആടുമാടുകളെ അറുത്ത് ഇറച്ചി കൊടുക്കുന്നു. മറ്റേതിൽ ദരിദ്രകുടുംബങ്ങൾക്ക് ആടുമാടുകളെ ജീവനോടെ നൽകുന്നു. രണ്ടും ഒരു പോലെയാവണമെന്നു ചിന്തിക്കുന്നത് ദുശ്ശാഠ്യമാണ്. പതിവുള്ള അഞ്ചു വഖ്ത് നിസ്കാരവും മയ്യിത് നിസ്കാരവും നിസ്കാരം തന്നെ; രണ്ടും ഒരു പോലെയാവണമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.

ആരാധനകളുടെ വിധവും തരവും ആരാധിക്കുന്നവർക്ക് നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകപ്പെട്ടവ ഉണ്ട്. ഉദാഹരണത്തിന് ദാനധർമം പുണ്യമാണ്. നല്ലതെന്തും ഇഷ്ടം പോലെ ധർമം ചെയ്യാം. എന്നാൽ സകാതും ധർമമാണ്. പക്ഷെ, അതിന്റെ രൂപം സകാത് നൽകുവാൻ കല്പിച്ചവൻ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇതു പോലെയാണ് ഉളുഹിയ്യതും. അതിനു മതം നിശ്ചയിച്ചതല്ലാത്ത മറ്റൊരു രൂപം സ്വീകരിക്കുന്നത് വിശ്വാസമല്ല, യുക്തിവാദമാണ്.

ദാരിദ്ര്യ നിർമാർജനത്തിന് ഇസ്‌ലാം ഫലപ്രദമായ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം പ്രായോഗികമായി ചരിത്രം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഉളുഹിയ്യതിലൂടെ ആഘോഷ ദിവസത്തിൽ ധനികന്റെ വീട്ടിലെ അന്നം ദരിദ്രന്റെ കുടിലുകളിലും ഉറപ്പുവരുത്താൻ ഇസ്‌ലാമിനു സാധിച്ചിരിക്കുന്നു. ബലിയറുക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ ഉരുവിനെ വാങ്ങി അന്നവും വെള്ളവും നൽകി സ്നേഹത്തോടെ താലോലിക്കുന്നത് പുണ്യകർമമായി മതം നിർദേശിച്ചിരിക്കുന്നു. ഇബ്റാഹീം അ. സ്വന്തം പുത്രനെ ബലിയറുക്കാൻ സന്നദ്ധനായതു പോലെ നമുക്കേറ്റവും പ്രിയങ്കരമായതിനെയാണ് ബലിയറുക്കേണ്ടത്. ദൈവത്തിനു വേണ്ടി വിലപ്പെട്ടതെന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണ് ബലികർമം. വിശ്വാസത്തിന്റെ അധ്യത്മിക മൂല്യമുയർത്തുന്ന ഇത്തരം പാഠങ്ങൾ നാം കാണാതിരിക്കരുത്.

രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരുന്നു. നാല്‍പ്പത്തഞ്ചു കോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണീ വാർത്ത. നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞുവെന്നാണ് വാർത്തകൾ. വെറുതെ കിടന്നു നശിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ ഫ്രീയായി വിതരണം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീം കോടതിയില്‍ ഇല്ല എന്നാണ് മുമ്പ് ശരത് പവാറിന്റെ ഭക്ഷ്യ മന്ത്രാലയം മറുപടി നൽകിയത്. ഇത്തരം അനുഭവ സത്യങ്ങൾ കൂടി മുന്നിൽ വെച്ചിട്ടു വേണം ഇസ് ലാമിന്റെ പ്രായോഗികത നാം വായിക്കേണ്ടത്.

Sunday, September 11, 2016

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതായിസമാണോ?


'ഈദു_മുബാറക് ' എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?
ചോദ്യം: Ashraf Muhammed

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.

وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).

 "ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ലെങ്കിലും പറയൽ അനുവദനീയമാണെന്നാണ് എല്ലാ മദ്ഹബുകളുടെയും വീക്ഷണം. ശാഫിഈ മദ്ഹബിന്റെ വീക്ഷണം ചേർക്കാം.

ഇമാം റംലി(റ) ഉദ്ധരിച്ചിട്ടുള്ള ഒരു അഭിപ്രായത്തിൽ ഇമാം ഖമൂലി(റ) പറയുന്നു: "സാധാരണക്കാർ ചെയ്യാറുള്ളതു പോലെ മാസങ്ങൾ, ആണ്ടുകൾ, പെരുന്നാളുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആശംസയർപ്പിക്കുന്നത് സംബന്ധമായി നമ്മുടെ അസ്ഹാബിന്* എന്തെങ്കിലും വിശേഷാഭിപ്രായം ഉളളാതായി ഞാൻ കണ്ടിട്ടില്ല.  എന്നാൽ, ഇതു സംബന്ധമായി ഹാഫിള് മഖ്ദസി (റ) മറുപടി പറഞ്ഞത് ഹാഫിളുൽ മുൻദിരി ഉദ്ധരിച്ചിട്ടുണ്ട്: "പണ്ഡിതൻമാർ ഇതു സംബന്ധമായി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഞാൻ മനസ്സിലാക്കുന്നത് ഈ ആശംസ അനുവദനീയമാണെന്നാണ്; അതു സുന്നത്തോ ബിദ്അതോ അല്ല ".
قد نقل الرملي عن القمولي قوله: لم أر لأصحابنا كلاما في التهنئة بالعيد والأعوام والأشهر كما يفعله الناس ، لكن نقل الحافظ المنذري عن الحافظ المقدسي أنه أجاب عن ذلك بأن الناس لم يزالوا مختلفين فيه ، والذى أراه أنه مباح لا سنة فيه ولا بدعة.

തുടർന്ന് "ആശംസയർപ്പിക്കുന്നത് മതനിയമ വിധേയം തന്നെ" എന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി ഇമാം റംലി ഉദ്ധരിക്കുന്നുണ്ട്. ഇമാം ബൈഹഖി(റ) തന്റെ ഹദീസു സമാഹാരത്തിൽ "പെരുന്നാൾ ദിനത്തിൽ സ്വഹാബികളിൽ ചിലർ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചതിനെപ്പറ്റി" ഒരു അധ്യായം
 باب ما روي في قول الناس بعضهم لبعض في يوم العيد : تقبل الله منا ومنك
 എന്നു തന്നെ ചേർത്തിട്ടുണ്ട് എന്നതാണ് ഇബ്നു ഹജർ(റ) തെളിവാക്കി കാണിച്ചിട്ടുള്ളത്. തുടർന്ന് അനേകം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അവ ദുർബലമായ നിവേദക പരമ്പരയിലൂടെ വന്നിട്ടുള്ളവയാണെങ്കിലും മൊത്തത്തിൽ ഇതുപോലെയുള്ള വിഷയങ്ങൾക്ക് അവലംബിക്കാവുന്നതാണ് എന്ന് ഇമാം റംലി (റ). നിരീക്ഷിക്കുന്നു. തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെ: എന്തെങ്കിലും അനുഗ്രഹം ലഭിച്ചാലോ ദുരന്തങ്ങൾ നീങ്ങിയാലോ നന്ദിയുടെ സൂജൂദ് ചെയ്യുന്നതിനും ആശ്വാസവചനങ്ങൾ കൊണ്ട് അഭിവാദനം ചെയ്യുന്നതിനും തബൂകിൽ പങ്കെടുക്കാതിരുന്ന കാരണം പശ്ചാത്തപിക്കാനിടയായ കഅബു ബ്നു മാലിക് (റ)വിന്റെ ചരിത്രം തെളിവായി സ്വീകരിക്കാവുന്നതാണ്.

തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന സന്തോഷ വൃത്താന്തം അറിഞ്ഞപ്പോൾ നബി സ്വ. അദ്ദേഹത്തെ കാണാനായി ചെന്നു! ത്വൽഹതു ബ്നു ഉബൈദില്ല(റ) അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇബ്നു ഹജർ (റ) പറഞ്ഞതായി ഖൽയൂബി രേഖപ്പെടുത്തി. "മാസങ്ങൾ, ആണ്ടുകൾ, ഈദുകൾ മുതലയാവക്ക് ആശംസയർപ്പിക്കുന്നത് സുന്നത്താണ്." ബയ്ജൂരി (റ) പറയുന്നു: "ഇതു തന്നെയാണ് പ്രബല വീക്ഷണം".

അധിക വായനക്ക്:
نهاية المحتاج 2/391
مغني المحتاج 1/360
أسنى المطالب 1/283
قليوبي وعميرة 1/310
حاشية البيجوري 1/233

*ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻമാർ.