ഇഞ്ചീലും സുവിശേഷങ്ങളും
ഈസാ അ.മിനു കിട്ടിയ വേദഗ്രന്ഥത്തിനു ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന നാമം അല്‍ ഇഞ്ചീല്‍ എന്നാണ്. സുവാര്‍ത്ത, സുവിശേഷം എന്നൊക്കെയാണ് അതിന്‍റെ അര്‍ഥം. ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ നാലു സുവിശേഷങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ‘സുവിശേഷവും’ വെവ്വേറെയാണ് എന്നു ഗ്രഹിക്കുവാന്‍ അധിക ബുദ്ധി വേണ്ട. ബൈബിളില്‍ ഉള്ളത് ‘മത്തായിയുടെ സുവിശേഷം’, ‘മര്‍കോസിന്‍റെ സുവിശേഷം’, ‘ലൂക്കോസിന്‍റെ സുവിശേഷം’, ‘യോഹന്നാന്‍റെ സുവിശേഷം’ എന്നിവയാണ് ; അല്ലാതെ ‘ഈസാനബി അ.മിന്‍റെ സുവിശേഷം’ അല്ല. മാത്രമല്ല, ബൈബിളില്‍ ഇപ്പോഴുള്ള സുവിശേഷങ്ങള്‍ ഉപര്യുക്ത വ്യക്തികളിലേക്ക് ആരോപിക്കപ്പെടുന്നത് പോലും ചില പരിഭാഷ കസര്‍ത്തുകളുടെയും മറ്റും പിന്‍ബലത്തിലാണ് എന്നു മനസ്സിലാക്കാന്‍ അവയുടെ തല വാചകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഉദാഹരണത്തിനു ഇംഗ്ലീഷില്‍ ‘the gospel according to Mathew’ എന്ന വാചകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘മത്തായി എഴുതിയ സുവിശേഷം’ എന്നാണ്. According toഎന്ന പദത്തിനു ‘എഴുതിയ’ എന്നൊരു അര്‍ത്ഥമുണ്ടോ എന്നു മാന്യവായനക്കാര്‍ക്ക് ആലോചിക്കാവുന്നതെയുള്ളുവല്ലോ. ഈ ഗ്രന്ഥങ്ങള്‍ക്ക് സുവിശേഷം എന്നു വിളിക്കാന്‍ തുടങ്ങിയത് പോലും യേശു ക്രിസ്തുവിനു ശേഷം വളരെ പിന്നീടാണ്. റവ. എ.സി. ക്ലയ്ട്ടന്‍ തന്നെ എഴുതി ‘മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് ആദ്യ ക്രിസ്ത്യാനികള്‍ സുവിശേഷം എന്ന പേര് പറഞ്ഞു വന്നു. ക്രിസ്ത്വാബ്ദം നൂട്ടിയമ്പതാമാണ്ടാണ് ആദ്യമായി ഇവയ്ക്കു ഈ പേര് പറയപ്പെട്ടത്’ (ബൈബിള്‍ നിഘണ്ടു പേജ്. 633). ഈ സുവിശേഷങ്ങളില്‍ ഒന്ന് പോലും യേശു ക്രിസ്തുവിന്‍റെ സമകാലത്ത് രചിക്കപ്പെട്ടിരുന്നില്ല എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ആകട്ടെ, അല്‍ ഇഞ്ചീലിനെപ്പറ്റി അല്ലാഹുവില്‍ നിന്നു ദിവ്യബോധനം വഴി ഈസാനബി അ.മിനു കിട്ടിയതു എന്ന ഇസ്‌ലാമിക വിശ്വാസത്തോട് ഈ നാലു സുവിശേഷങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്നു നടേ പരാമര്‍ശിച്ച രണ്ടു മാന്യ പണ്ഡിതന്‍മാര്‍ തന്നെ വിലയിരുത്തട്ടെ.
മത്തായിയുടെ സുവിശേഷം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 362)
രണ്ടാം ശതാബ്ദം മുതല്‍ ഈ സുവിശേഷത്തിന് ‘മത്തായിയിന്‍ പ്രകാരം’ എന്നു മാത്രമായിരുന്നു തലവാചകം. ഇത്രയും കൊണ്ട് മത്തായി തന്നെയാണ് ഇത് എഴുതിയതെന്നു നിശ്ചയിപ്പാന്‍ പാടില്ല. എങ്കിലും, മത്തായി ക്രിസ്തുവിനെ കുറിച്ച് ചെയ്ത പ്രസംഗങ്ങളെ കേട്ടു ഒരുത്തന്‍ അവയെ ഈ രൂപത്തില്‍ എഴുതിയെന്നു വരാം; മത്തായി സംഗതികള്‍ വിവരിച്ചു പറയുകയും അതേ സമയം മറ്റൊരു ലേഖകന്‍ അവയെ എഴുതുകയും ചെയ്തിരിക്കാം; അല്ലെങ്കില്‍ മത്തായി തന്നെ അവയെ ഒന്നായി ചേര്‍ത്തു എഴുതിയിരിക്കാം – ഇതാണ് ഈ തല വാചകത്തിന്‍റെ അര്‍ത്ഥമെന്നുള്ളതു തീര്‍ച്ചയാണ്.
അദ്ദേഹം തുടരുന്നു: ആധുനിക വേദപണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം ഇപ്രകാരമാണ്: മത്തായി തന്‍റെ സുവിശേഷം എബ്രായ ഭാഷയില്‍ എഴുതി; സര്‍വസാധാരണമായി യേശു സംസാരിച്ചുവന്ന ആ അരാമ്യഭാഷയില്‍ അവന്‍റെ വിലയേറിയ പ്രസംഗങ്ങളും, അമൃതവചനങ്ങളും, ഉത്തമോപടെഷങ്ങളും എല്ലാം ഒരു മാല പോലെ അതില്‍ കോര്‍ത്തിരുന്നു; നമുക്ക് അന്ജേയനായ മറ്റൊരു ഗ്രന്ഥകാരന്‍ അവയോടു കൂടി ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസ് സുവിശേഷത്തില്‍ നിന്നും ഇതര ഗ്രന്ഥങ്ങളില്‍ നിന്നും യേശു രക്ഷിതാവിന്‍റെ ജീവ ചരിത്രത്തിലെ വൃത്താന്തങ്ങളെ കൂട്ടിച്ചേര്‍ത്തു നാം ഇപ്പോള്‍ പാരായണം ചെയ്യുന്ന മത്തായിയുടെ സുവിശേഷം യവന ഭാഷയില്‍ എഴുതി; മത്തായി ധാരാളമായി ശേഖരിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ മഹത്തേറിയ പ്രസംഗങ്ങളും അമൃതവചനങ്ങളും സുവിശേഷമായി ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നാതിനാല്‍ ഈ യവന ഭാഷാ പതിപ്പിന് മത്തായിയുടെ പേര് കൊടുത്തു. ..... ഈ സുവിശേഷം ക്രിസ്ത്വബ്ദം 66നു ശേഷം 70ാമാണ്ടിനു മുമ്പ് എഴുതിയിരിക്കുമെന്ന് തീരുമാനിക്കാം.
· ഡോ. ഡി ബാബുപോള്‍ പേജ്. 472 – 474
പുതിയ നിയമത്തിലെ ആദ്യകൃതി മത്തായി രചിച്ചതാണ് എന്നാകുന്നു പരമ്പരാഗതമായി പറഞ്ഞുവരുന്നത്. മത്തായി പറഞ്ഞു കൊടുത്തത് മറ്റൊരാള്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയതാവാം എന്നതിനപ്പുറം പോകാന്‍ ആധുനിക പണ്ഡിതന്മാര്‍ ക്ലേശിക്കുന്നു. സിറിയയിലെ (മത്താ. 4:24 കാണുക ) അന്ത്യോഖ്യയില്‍ വെച്ച് രണ്ടാം തലമുറയില്‍ പെട്ട ഒരു ക്രൈസ്തവന്‍ (13:52 കാണുക) ക്രി.പി. 90ല്‍ രചിച്ചു എന്നു കിങ്ങ്സ്ബറി (യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി) കരുതുന്നു. (പേജ്.472)
ഏതു ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടത്? ലോഗിയാ എന്നു അറിയപ്പെടുന്ന ഉപദേശ സംഹിത അരമായ ഭാഷയില്‍ രചിക്കപ്പെട്ടതാവാം. ലോഗിയാ മത്തായി ശ്ലീഹാ രചിച്ചതാണെന്ന് പറഞ്ഞു കൂടാ. എന്നാല്‍ ശ്ലീഹായുടെ പ്രസംഗങ്ങളുടെ ചുരുക്കം ആയിക്കൂടെന്നില്ല താനും. ക്രി.പി. 130 കാലത്ത് ഗ്രീക്ക് ഭാഷയില്‍ മത്തായിയുടെ സുവിശേഷം പ്രശസ്തമായി ക്കഴിഞ്ഞിരുന്നു. ഗ്രേക്കിലെവ് മത്തായി അരമായയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ മൂലം അരമായ എന്നു പറയുക വയ്യ. ഗ്രീക്ക് മൂലം ഒരു ഭാഷാന്തരമായി തോന്നുന്നില്ല പണ്ഡിതദൃഷ്ടിയില്‍. മൂലത്തിലെ ചില പദപ്രയോഗങ്ങള്‍ (6:16, 21:41, 24:30) ഗ്രീക്ക് ഭാഷയില്‍ മാത്രം പ്രസക്തമാവുന്നതും അരമായ ഭാഷയിലേക്ക് അത്ര കൃത്യമായി മാറ്റാന്‍ കഴിയാത്തതും ആകുന്നു എന്നു മക്കെന്‍സി. പഴയ നിയമം ഉദ്ധരിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത് സെപറ്റ്വജിണ്ട് ആണ് 21 ഇടങ്ങളില്‍; ശേഷം 20 എബ്രായയോ സെപറ്റ്വജിണ്ട് തന്നെയോ എന്നു തിട്ടമില്ല താനും. അതുകൊണ്ടൊക്കെ മത്തായിയുടെ സുവിശേഷം ഇന്ന് നാം അറിയുന്ന വിധത്തില്‍ രചിക്കപ്പെട്ടത് ഗ്രീക്ക് ഭാഷയില്‍ ആണ് എന്നും ഗ്രീക്ക് മൂലത്തിന്‍റെ കര്‍ത്താവ് മത്തായി ശ്ലീഹ അല്ല എന്നും വിദ്വാന്മാര്‍ വിധിക്കുന്നു.
എന്നു എഴുതി? 55 നു മുമ്പ്; അല്ല 70 നു ശേഷം ആണ്; 90 ഇങ്ങനെ പല അഭിപ്രായങ്ങള്‍ (പേജ്.473).
യഹൂദ ക്രിസ്ത്യാനികള്‍ക്കായി അവരിലൊരാള്‍ സിറിയയിലെ അന്ത്യോഖ്യയില്‍വച്ച് 70 നു ശേഷം എഴുതിയതാണ് മത്തായിയുടെ ദുവിശേഷം എന്നു ഭൂരിപക്ഷാഭിപ്രായം കാണുന്നു (പേജ് 474).
മാര്‍ക്കോസിന്‍റെ സുവിശേഷം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 374)
എഴുതിയ ആള്‍:-
1 പാപ്പിയാസ് കൊടുത്ത സാക്ഷി.
ക്രിസ്ത്വബ്ധം 60 – 135 വരെ ജീവിച്ച പാപ്പിയസ് ഇപ്രകാരം എഴുതിയിരിക്കുന്നു. മര്‍ക്കൊസ് പത്രോസിന്‍റെ ദ്വിഭാഷിയും ശിഷ്യനും ആയിരുന്നു. പത്രോസിന്‍റെ പ്രസംഗങ്ങളെ താന്‍ ഓര്‍മയില്‍ വച്ച് കൊണ്ട് ശരിയ്യായി എഴുതിയ സുവിശേഷമാണിത്. മര്‍ക്കൊസ് നമ്മുടെ കര്‍ത്താവ് അരുളി ചെയ്ത ഉപദേശങ്ങളെ നേരിട്ടു കേട്ടിട്ടില്ല. ക്രിസ്തുവിനോട് കൂടെ താന്‍ യാത്ര ചെയ്തിട്ടുമില്ല. അയാള്‍ പത്രോസിനോട് കൂടെ സഞ്ചരിച്ചു. പത്രോസ് ക്രിസ്തുവിന്‍റെ ഉപദേശത്തെ ചരിത്രക്രമമനുസരിച്ചു പ്രസംഗിക്കണമെന്ന് കരുതിയിരുന്നില്ല. പിന്നെയോ താന്‍ കണ്ട സഭകള്‍ ഭക്തിയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് ആ കാലത്തുള്ള പരിത്സ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പ്രസംഗിച്ചു പോന്നു. അതിനാല്‍, മര്‍ക്കൊസ് ക്രിസ്തുവിന്‍റെ പ്രഭാഷനങ്ങളെയും പ്രവൃത്തികളെയും അവ നടന്ന ക്രമമനുസരിച്ച് എഴുതിയിട്ടില്ല. ...
2 ഇതു എഴുതിയത് യോഹന്നാന്‍ - മര്‍ക്കൊസ്.
മര്‍ക്കൊസ് എന്നതു സാധാരണ പേരാകുന്നു. പാപ്പിയസ് പറഞ്ഞ പത്രോസിന്‍റെ ശിഷ്യനായ മര്‍ക്കൊസ് ആര്‍? ആദിമസഭാപാരമ്പര്യം മര്‍ക്കൊസ് 14:51 ല്‍ പറഞ്ഞിരിക്കുന്ന യുവാവും അപ്പോസ്തല ചരിത്രത്തില്‍ പറഞ്ഞിരിക്കുന്ന യോഹന്നാന്‍ മര്‍ക്കോസും ഈ ആള്‍ താന്നെയാണെന്ന് അത്ര കൃത്യമായിപ്പറയാന്‍ സാധിക്കയില്ലെങ്കിലും...
· ഡോ. ഡി ബാബുപോള്‍ പേജ്. 481 – 82
മര്‍ക്കോസ് ആണ് രണ്ടാമത്തെ സുവിശേഷം രചിച്ചത്. പത്രോസിന്‍റെ റോമന്‍ പ്രസംഗങ്ങളുടെ സംഗ്രഹം ആണ് ഈ സുവിശേഷം എന്നു കരുതപ്പെടുന്നു. പത്രോസ് പറഞ്ഞു കൊടുത്തു എഴുതിച്ചതാണെന്നും പത്രോസിന്‍റെ കാലം കഴിഞ്ഞു മര്‍ക്കോസ് ഓര്‍മയില്‍ നിന്നു ചികഞ്ഞെടുത്തു കുറിച്ചാതാനെന്നും രണ്ടഭിപ്രായങ്ങള്‍ കാണുന്നു. ...
റോമില്‍ വെച്ച് എഴുതി എന്നാണ് പാരമ്പര്യം. എഴുതിയത് അലക്സാന്ത്രിയയില്‍ വച്ച് ആയിരുന്നു എന്നു ചിലര്‍ കരുതുന്നു; ആദ്യം അങ്ങനെ പറഞ്ഞത് സ്വര്‍ണനാവുകാരനായിരുന്ന ഇയ്യാവാനിയോസ് (ക്രിസോസ്തം). മാര്‍ക്കോസിന്‍റെ സുവിശേഷം എഴുതിയത് മര്‍ക്കൊസ് ആണ് എന്നു ബൈബിളില്‍ ഇല്ല. ക്രി.പി. 130 അടുപ്പിച്ചു ഹിരാപ്പോലീസില്‍ മെത്രാനായിരുന്ന പാപ്പിയാസ് പറഞ്ഞത് യവുസേബിയാസ് ഇങ്ങനെ രേഖപ്പെടുത്തിയതാണ് ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന ആദ്യരേഖ (പേജ്. 481).
രചനാകാലം 60 – 70 എന്നു പൊതു ധാരണ. മാര്‍. 13 പറയുന്ന സംഗതികള്‍ ക്രി.പി. 70നു മുമ്പ് എഴുതപ്പെട്ടതായിരിക്കണം; അതിനു ശേഷം ആയിരുന്നുവെങ്കില്‍ കുറെക്കൂടെ വ്യത്യസ്തമാകുമായിരുന്നു വിവരണം എന്നു മിക്കവാറും കരുതുന്നതാണ് ഇതിന്‍റെ മുഖ്യ കാരണം. മാര്‍. 13, മത്താ. 24, ലൂ. 21 കാണുക. പത്രോസിന്‍റെ മരണത്തിനു മുമ്പ് എഴുതിയെന്നു അലക്സാന്ത്രിയയിലെ മാര്‍ ക്ളിമ്മീസും മരണശേഷം ഐറെനിയോസും അഭിപ്രായപ്പെട്ടിരിക്കുന്നു. ....
റോമില്‍ വച്ച് എഴുതപ്പെട്ടുവെന്നാണ് ഭൂരിപക്ഷ മതം (അലക്സാന്ത്രിയയില്‍ എന്നു ക്രിസോസ്തം). രചയിതാവ്, ഏതായാലും, പലസ്തീന്‍റെ ഭൂമിശാസ്ത്രം അറിയാത്ത ആള്‍ തന്നെ, 7:31. .... മരണം പോലെ തന്നെ പുനരുത്ഥാനവും സംശയാതീതമാണ് എന്ന ബോധ്യം കൊണ്ടാണ് 16:8 മര്‍ക്കോസ് രചന അവസാനിപ്പിച്ചത് എന്നു വരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 16:9 – 20 പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് എന്നു കരുതി വരുന്നു. പഴയ കയ്യെഴുത്തു പ്രതികളില്‍ (ചെസ്റ്റര്‍ ബീറ്റി ഉള്‍പ്പടെ) ഒന്നും കാണുന്നില്ല എന്നതും ഗ്രീക്ക് ശൈലി വ്യത്യസ്തമാണ് എന്നതും ആണ് ന്യായങ്ങള്‍ (പേജ്. 482).
ലൂക്കോസിന്‍റെ സുവിശേഷം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 531 – 33)
ഗ്രന്ഥകര്‍ത്താവ്:
വിശു. പൌലോസിന്‍റെ സഖിയും ‘പ്രിയ വൈദ്യനും’ ആയ ലൂക്കോസ് ഈ രണ്ടു പുസ്തകങ്ങളും എഴുതിയെന്നാണു ആദ്യ ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിന്നും പറയുന്നറ്റ്. എഴുതിയ ആളിന്‍റെ പിയര്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല. എന്നാല്‍ അയാള്‍ പൌലോസിനോട് കൂടെ യാത്ര ചെയ്തിരുന്നുവെന്ന് അപ്പൊ. പ്ര. 16:10, 20:5, 27:1 എന്നീ വാക്യങ്ങളില്‍ കാണുന്നു. ആ യാത്രയില്‍ പൌലോസിനോട് കൂടെ യാത്ര ചെയ്ത മറ്റു സ്നേഹിതന്മാരെ പ്പറ്റി വിചാരിച്ചാല്‍ ലൂക്കൊസിനു മാത്രമേ ഈ പുസ്തകം എഴുതുവാന്‍ സാധിക്കുകയുള്ളൂ എന്നു കാണാന്‍ കഴിയും. അപ്പോസ്തല പ്രവൃത്തികളും vi. ലൂക്കോസ് സുവിശേഷവും എഴുതിയത് ഒരാലായിരിക്കുന്നതിനാല്‍ പൌലോസിന്‍റെ സഖിയായ ലൂക്കൊസാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താവെന്നു തീര്‍ച്ചപ്പെടുത്താം (പേജ്.531 – 32).
ഈ സുവിശേഷം എഴുതപ്പെട്ട കാലം:
ചില വേദശാസ്ത്രികള്‍ 19:43, 20:20ല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ പരിശോധിച്ചതിന്‍റെ ഫലമായി ക്രി. പി. എഴുപതാം വര്‍ഷത്തില്‍ റോമക്കാര്‍ യെരുഷലെമിനെ ആക്രമിച്ചതിന് ശേഷമാണ് ഇത് എഴുതിയതെന്നു വിചാരിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ, നാം മുമ്പ് പറഞ്ഞ സംഗതികളെ കുറിച്ച് ചിന്തിച്ചാല്‍ ലൂക്കോസ് തന്‍റെ സുവിശേഷം ആദ്യമായി ക്രി.പി. 57നും 59നും ഇടയ്ക്ക് എഴുതിയെന്നും 62നും 65നും ഇടയ്ക്ക് റോമയിലായിരിക്കുമ്പോള്‍ അതിനെ പൂര്‍ത്തിയാക്കിയെന്നും നിശ്ചയമായിപ്പറയാം.
· ഡോ. ഡി ബാബുപോള്‍ പേജ്. 587 - 88
ലൂക്കാ, ലൂക്കോസ് . ഒരു സുവിശേഷകന്‍. പുതിയ നിയമത്തില്‍ മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കൃതിയുടെ രചയിതാവ് എന്നാണ് ഇപ്പോള്‍ കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും രണ്ടാം നൂറ്റാണ്ടില്‍ ഐറേനിയോസ് ആണ് പിന്നീട് മ്യൂറട്ടോറിയന്‍ പട്ടിക അംഗീകരിച്ച ഈ അഭിപ്രായം ആദ്യം ഉന്നയിച്ചത് (പേജ്. 587).
എന്നു എഴുതി? ക്രി.പി. 63നു മുമ്പ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. പൌലോസ് കാരാഗൃഹത്തിലായിരിക്കെ അ. പ്ര. അവസാനിപ്പിക്കുന്നതാണ് ഇതിന്‍റെ ന്യായം. എന്നാല്‍ അങ്ങനെയെങ്കില്‍ 63നും മുമ്പ് ആവണ്ടേ എന്നു മറു ചോദ്യം. .... പൌലോസിന്‍റെ ലേഖനങ്ങള്‍ സമാഹരിച്ചത് 90 അടുപ്പിച്ചാണ്. അങ്ങനെയെങ്കില്‍ രചനാകാലം 70നു ശേഷം, 80 – 85 നു മുമ്പ് എന്ന നിഗമനം അമ്ഗേകരിക്കാമെന്നു തോന്നുന്നു.
യോഹന്നാന്‍റെ സുവിശേഷം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 497,510)
ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നവ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളാണോ അല്ലയോ എന്നും സംഹിത സുവിശേഷങ്ങള്‍ക്കും വെളിപാട് പുസ്തകത്തിനും ഇതിനും തമ്മിലുള്ള ബന്ധമെന്താനെന്നും ഇതില്‍ പറയപ്പെടുന്ന യേശു സാക്ഷാല്‍ അപ്രകാരമുള്ളവനാണോ എന്നുമുള്ള പല മാതിരി തര്‍ക്കങ്ങള്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ വൈദിക പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെ സംബന്ധിച്ച് ചില സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. എങ്കിലും ഈ ഗ്രന്ഥം വളരെ വിലയേറിയതാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
ഈ ഗ്രന്ഥത്തിലെ ചരിത്ര സത്യം:
ഈ സുവിശേഷത്തിന്‍റെ ശ്രേഷ്ഠലക്ഷണങ്ങളും ഉന്നതാദര്‍ശങ്ങളും നാം ചിന്തിച്ചു. എന്നാല്‍ ഇനിയും നാം അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഈ ചരിത്രം മുഴുവന്‍ സത്യമാണോ എന്നുള്ള പ്രശ്നമാണ്. ഇത് ഒരു ഇതിഹാസമാണെന്നു ചിലര്‍ പറയും. ഗ്രന്ഥകര്‍ത്താവ് തന്‍റെ ഉദ്ധേശ്യാനുസരണം യേശുവിനെക്കുറിച്ചുള്ള സംഗതികളില്‍ ഭേദഗതികള്‍ വരുത്തി പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും യഥേഷ്ടം സ്വയമേവ എഴുതിയതാണെന്നു മറ്റു ചിലര്‍ പറയുന്നു.
തുടര്‍ന്ന് യോഹന്നാന്‍ സുവിശേഷം ‘വിശ്വസനീയമായ ചരിത്രഗ്രന്ഥമാല്ലെന്നു’ കാണിക്കാന്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ന്യായങ്ങള്‍ റവ. എ.സി. ക്ലയ്ട്ടന്‍ വിശദമായി ഉദ്ധരിക്കുന്നു. അവയുടെ സംക്ഷിപ്തം ഇങ്ങനെ: 1) “സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു”. 2) “ഈ ഗ്രന്ഥത്തില്‍ ദൃശ്യമാകുന്ന യേശുവിനെക്കുറിച്ചുള്ള ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും ആദ്യ സഭയിലും ശിഷ്യന്മാരുടെ ഇടയിലും ദൃശ്യമായിരുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം”. 3) “മുഖ്യമായ ആക്ഷേപം അന്ത്യ സംഭാഷണത്തെക്കുറിച്ചാകുന്നു. അതിലെ സംഗതികളും ആദര്‍ശങ്ങളും അക്കാലത്തെ ശിഷ്യന്മാര്‍ക്ക് ലവലേശം യോജിച്ചതല്ലെന്ന് ചിലര്‍ ശഠിക്കുന്നു”.
· ഡോ. ഡി ബാബുപോള്‍ പേജ്. 572
ഈ സുവിശേഷം രചിച്ചത് യോഹന്നാന്‍ശ്ലീഹ തന്നെ എന്ന കാര്യം സഭാ പാരമ്പര്യം നിസ്തര്‍ക്കം ഉറപ്പിക്കുന്നു. യോഹന്നനിന്‍റെ ശിഷ്യന്‍ പോളിക്കാര്‍പ്പോസിന്‍റെ ശിഷ്യന്‍ ആയിരുന്ന ഐറേനിയോസ് ആണ് ഇതു രേഖപ്പെടുത്തുന്ന സഭാപിതാക്കന്മാരില്‍ പ്രഥമന്‍; ക്രി/പി. 177ല്‍ (പേജ്.571).
എഴുതിയത് യോഹന്നാനല്ല എന്നു പറയുന്നവര്‍ രചനയുടെ യവനഭാവം ഒരു ഗലീലിയന്‍ മുക്കുവന് എങ്ങനെ പിടികിട്ടും, റബ്ബിമാരുടെ വാദപ്രതിവാദരീതി പഠിക്കാന്‍ ഈ മുക്കുവന് എവിടെ കിട്ടി സൗകര്യം, യൂദനെങ്കില്‍ യൂദരെ ഇത്ര ഭര്ത്സിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. എഫേസോസിലെ സഭ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങല്‍ക്കും യോഹന്നാന്‍ നല്‍കിയ മറുപടികളുടെ സമാഹാരമാണ് ഈ സുവിശേഷം എന്നു ബാര്‍ക്ലേ സൂചിപ്പിക്കുന്നു (പേജ്. 572).
please here this lecture.............
ReplyDelete