പഞ്ചഗ്രന്ഥിയും മൂസ അ.മിന്‍റെ തൌറാത്തും
ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ ചേര്‍ന്നതാണ് തോറ / തൌറാത്ത് എന്നു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞുവല്ലോ, ഇവയെ മൊത്തത്തില്‍ ന്യായപ്രമാണം, പഞ്ചഗ്രന്ഥികള്‍ അല്ലെങ്കില്‍ പഞ്ചപുസ്തകങ്ങള്‍ എന്നു വിളിക്കുന്നു. മൂസ അ.മിനു അല്ലാഹു നല്‍കിയ തൌറാത്തുമായി ഇതിനു യാതൊരു ബന്ധവുമില്ല. നോക്കാം,
ന്യായപ്രമാണം
· റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 243-244
എബ്രായര്‍ മിസ്രയീമിലേക്കു പോകുന്നതിനു മുമ്പ് ഗോത്രപിതാവിന്‍റെ ഇഷ്ടം ഏതോ അത് തന്നെ അവന്‍റെ മക്കളുടെ പ്രമാണമായിരുന്നു. എബ്രായര്‍ മിസ്രയീമില്‍ വളരെക്കാലം അടിമകളായിരുന്നതുകൊണ്ടും അവരില്‍ പ്രമാണികള്‍ ഇല്ലായിരുന്നതുകൊണ്ടും, അവര്‍ മിസ്രയീമില്‍ നിന്നു മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സംഗതിവശാല്‍ ഭിന്നതയോ വഴക്കോ ഉണ്ടായാല്‍ അവര്‍ മോശെയുടെ അടുക്കല്‍ വന്നു അതിനെ തീര്‍ത്ത് കൊടുക്കണമെന്ന് അപേക്ഷിക്കും. അന്ന് മുതല്‍ മോശെ ഈ വക കാര്യങ്ങളെ വിധിക്കുന്നതിനു ചില ബുദ്ധിമാന്മാരെ നിയമിച്ചു. പിന്നീട് ഇവര്‍ക്ക് തീര്‍ക്കാന്‍ പ്രയാസമായി വരുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ വിശുദ്ധ സ്ഥലത്തില്‍ യഹോവയുടെ ഇഷ്ടം എന്താണെന്ന് ആലോചിച്ഛറിഞ്ഞു വിധി പ്രസ്താവിച്ചു വന്നു. ഇപ്രാകാരം ന്യായം വിധിക്കുന്ന വിഷയത്തില്‍ യഹോവയുടെ ഇഷ്ടം അറിഞ്ഞവര്‍ പറഞ്ഞ തീരുമാനത്തിന് വിശുദ്ധ സ്ഥലത്തില്‍ മോഷേ ഗ്രഹിച്ച തീരുമാനങ്ങള്‍ക്കും കൂടി ന്യായപ്രാമാനം എന്നര്‍ത്ഥമുള്ള “തോരാ” എന്നു പേര് പറഞ്ഞു വന്നു.
അദ്ദേഹം തുടരുന്നു: പില്‍ക്കാലത്ത് ഈ കര്‍ണപരമ്പമായ പ്രമാണങ്ങളെല്ലാം എഴുത്തിലായപ്പോള്‍ ഈ പ്രമാണങ്ങള്‍ അടങ്ങിയിട്ടുള്ള പഴയ നിയ്ഹമാത്തിലെ ആദ്യ ഭാഗമായ അഞ്ചു പുസ്തകങ്ങള്‍ കൂടി തോരാ അഥവാ ന്യായ പ്രമാണം എന്നു പേര് പറഞ്ഞു തുടങ്ങി.
· ഡോ. ഡി ബാബുപോള്‍ പേജ്. 513,399, 308
പഞ്ചഗ്രന്ഥങ്ങള്‍ മോശെയുടെ കൃതികളായി അറിയപ്പെടുന്നു. അത് പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ പോലും പല ഭാഗങ്ങളും മോശേയില്‍ നിന്നു ഉത്ഭവിച്ചതാണ് എന്നതില്‍ തര്‍ക്കം വേണ്ട.
വാമൊഴിയായി പ്രചാരത്തിലിരുന്ന സംഗതികള്‍ പിന്നീട് വരമൊഴിയില്‍ രേഖപ്പെടുത്തിയതാണ് പഴയ നിയമം . ഇവയില്‍ പലതും, വിശേഷിച്ചു പഞ്ച ഗ്രന്ഥങ്ങള്‍ ഒന്നിലധികം സ്രോതസ്സുകളുടെ സമുച്ചയം ആണ്. അതുകൊണ്ടുതന്നെ, ആവര്‍ത്തനങ്ങളും വൈരുധ്യങ്ങളും ഒക്കെ പലയിടത്തും കാണാം.
ലിയോണ്‍ റോത്ത് പറയുന്നുണ്ട്, തോറ അനുസ്യൂതവികസ്വരം ആണ് എന്ന്. അബ്രഹാം മുതല്‍ ഇന്ന് വരെ കാലാകാലങ്ങളില്‍ ദൈവം വെളിപ്പെടുത്തുന്നതാണ് തോറ ഉള്‍കൊള്ളുന്നത്. ഇതിനെ പൊതുവായി മോശെയുടെ ന്യായപ്രമാണം എന്നു പറയുന്നത് CONSCIOUS FICTION ആണ് എന്നു റോത്ത് പറയുന്നു.
ഇനി പഞ്ചഗ്രന്ഥങ്ങളിലെ ഓരോന്നും വെവ്വേറെ പരിഗണിക്കാം.
1. ഉല്പത്തി പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 71)
ഉല്പത്തി പുസ്തകത്തില്‍ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവിനെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. മോശയുടെ പുസ്തകമെന്നു ഇതിനു തലവാചകം എഴുതാറുണ്ടെങ്കിലും ഇതില്‍ മോശെ എഴുതിയ ഭാഗങ്ങള്‍ ചിലതുണ്ടെന്നല്ലാതെ മുഴുവനും മോശേയാണ് എഴുതിയത് എന്ന് പറയുന്നതിന് പല തടസ്സങ്ങളുമുണ്ട്.
മോശെ ഈ പുസ്തകമെഴുതിയെന്നാണ് യെഹൂദശാസ്ത്രിമാരുടെ പാരമ്പര്യം. ആ തലവാചകം ഈ പുസ്തകം എഴുതപെട്ട കാലത്തിലല്ല, പില്‍ക്കാലത്തില്‍ എഴുതിയതായത്കൊണ്ട് ഇക്കാര്യത്തില്‍ അതൊരു ആധാരമാകുന്നതല്ല. മൂലഭാഷയില്‍ സമര്‍ത്ഥന്മാരായ പണ്ഡിതന്മാര്‍ ഈ പുസ്തകത്തില്‍ രണ്ട് ഗ്രന്ഥകര്‍ത്താക്കന്മാര്‍ എഴുതിയ രണ്ട് പുസ്തകത്തെ മൂന്നാമതൊരു ഗ്രന്ഥകര്‍ത്താവ് ഒന്നായി ചേര്‍ത്തു എന്ന് തീരുമാനിച്ചിരിക്കുന്നു. ഈ മൂന്ന് പേരില്‍ ഒരാള്‍ ദൈവത്തിനു ‘യഹോവ’ എന്നും മറ്റെയാള്‍ ‘ദൈവം’ എന്നും, മൂന്നാമത്തവന്‍ മതാനുഷ്ടാനം ഇന്നതെന്നും പറഞ്ഞിരിക്കുന്നു. ഇത് കൂടാതെ, ആ പണ്ഡിതന്മാര്‍ ഈ പുസ്തകത്തിലെ ഭാഷരീതിയെ ശ്രദ്ധിച്ചു ഇതിലെ ആദ്യഗ്രന്ഥകര്‍ത്താക്കന്മാര്‍ രണ്ടുപേരും ശലമോന്‍ രാജാവിന്‍റെ കാലത്തോ അല്ലെങ്കില്‍ ക്രി.മു.800ല്‍ യെശയ്യാവിന്‍റെ കാലത്തോ എഴുതി എന്നും മൂന്നാംഗ്രന്ഥകര്‍ത്താവ് അതിനു കുറെ കാലത്തിനു ശേഷം എഴുതി എന്നും പറയുന്നു.
· ഡോ. ഡി ബാബുപോള്‍ പേജ്. 127
ഉല്‍പ്പത്തി ഉള്‍പ്പടെയുള്ള പഞ്ചഗ്രന്ഥി നിയതമായ ഒരു രൂപം പ്രാപിച്ചതു ക്രി.മു. 10 മുതല്‍ 6 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ എവിടെയോ ആണ്. മോശെയുടെ കാലം കഴിഞ്ഞു ഏതാണ്ട് മൂന്നു ശതാബ്ധങ്ങള്‍ കഴിഞായിരിക്കണം ഈ ഗ്രന്ഥങ്ങളിലെ ആദ്യ വരികള്‍ കുറിക്കപ്പെട്ടത്. അതുകൊണ്ട് മോശെ എഴുതിയ ഏതോ കയ്യെഴുത്തുപ്രതിയിലാണ് തുടക്കം എന്നു വിചാരിക്കുന്നത് യുക്തിസഹമല്ല. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും സരണികളിലൂടെ പഞ്ചഗ്രന്ഥം നിരൂപണം ചെയ്ത പന്ധിതന്മാരുടെ യുക്തി ഭദ്രമായ നിഗമനത്തിന് പുറം തിരിഞ്ഞു നില്‍ക്കാന്‍ വിഷമം.
... യഹൂദ ജനതയ്ക്ക് ആദ്യമായി ഒരു സംഘടനയും ഒരു ചട്ടക്കൂടും ഉണ്ടാക്കിയത് മോശെയാണ്. ആ ചട്ടക്കൂട് കാലാനുസൃതമായി പരിണാമ വിധേയമായെങ്കിലും എഴുതിവെച്ച കാലത്ത് അതുവരെ ഉള്ളതെല്ലാം അദ്ദേഹത്തില്‍ ആരോപിതമായി. അങ്ങനെയാണ് ഗ്രന്ഥകര്‍ത്താവ് മോശെയാണ് എന്ന ധാരണ ഉറച്ചത്. എന്നാല്‍ പലര്‍ കൂട്ടിച്ചേര്‍ത്തതാണ് എന്നു നമുക്ക് കാണാം. പരസ്പര വിരുദ്ധങ്ങളായ സംഗതികള്‍ കടന്നു വരുന്നത് അങ്ങനെയാണ്.
2. പുറപ്പാട് പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 287,288)
പുറപ്പാടു പുസ്തകത്തില്‍ പ്രാചീന കാലത്തെ പ്രമാണങ്ങളും പ്രവാചകകാലത്തെ പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്കൊണ്ടും ഇതിനെ ഒടുവിലായി എഴുതിയിരിക്കുന്ന ഗ്രന്ഥകാരന് ആരാണെന്നു നമുക്ക് അറിഞ്ഞുകൂടാത്തതുകൊണ്ടും ഇത് എഴുതപ്പെട്ട കാലം നമുക്ക് വ്യക്തമായി അറിവാന്‍ പാടില്ല.
ഇതില്‍ മോശെ ജനങ്ങള്‍ക്ക് നല്‍കിയ പ്രമാണങ്ങള്‍ ഉള്ളത്കൊണ്ട് ഈ ഗ്രന്ഥത്തെ മോശെയുടെ പുസ്തകം എന്ന് പറഞ്ഞു വന്നു. ഈ പ്രമാണങ്ങള്‍ നിര്‍മിച്ചതും മോശേയാണെന്ന് പറയാമെങ്കിലും അവനാണ് ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന് പറവാന്‍ പാടില്ല. മുമ്പ് പറഞ്ഞത് പോലെ ഇതില്‍ പല ന്യായപ്രമാണങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് ഈ പുസ്തകത്തെ ഒരുത്തനല്ല, പലര്‍ രചിച്ചതാണെന്ന് പറയാം.
· ഡോ. ഡി ബാബുപോള്‍ പേജ്. 415
പുറപ്പാടിന്‍റെ രചനാകാലം വ്യക്തമല്ല. ഇപ്പോഴത്തെ രൂപത്തില്‍ പൂര്‍ണമായത് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. സംഭവം നടന്ന കാലം മുതല്‍ തലമുറകള്‍ വാമൊഴിയായി കൈമാറിയ കഥ വരമൊഴിയായത് അതിനും മുമ്പ് തന്നെ. ഉല്‍പ്പത്തി പുസ്തകം എന്ന പോലെ പുറപ്പാട് പുസ്തകവും യാഹ്വിസ്റ്റ്, എലോഹിസ്റ്റ്, പ്രീസ്റ്റ്ലി ഇങ്ങനെ പല സ്രോതസ്സുകളുടെ സമന്വയം ആണ്. ആവര്‍ത്തനത്തിന്‍റെ കര്‍ത്താവും ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ടാവാം അവസാനരൂപത്തിന്‍റെ ഘടനയില്‍. ..... മോശെ തന്നെ കുറിച്ചുവെച്ചതോ മോശെയുടെ സമകാലീനരില്‍ നിന്നു കേട്ടറിഞ്ഞതോ ആയ ഒരു പ്രാഗൂപത്തെ ആശ്രയിച്ചു പില്‍ക്കാലത്ത് ഗ്രന്ഥരൂപത്തില്‍ നിര്‍മിക്കപ്പെട്ട ഇതിഹാസമാനങ്ങളുള്ള ചരിത്രഗന്ധിയായ കൃതി എന്നു പറഞ്ഞു അവസാനിപ്പിക്കുക.
3. ലേവ്യ പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 537)
ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നു നമുക്ക് അറിവാന്‍ നിവൃത്തിയില്ല.
· ഡോ. ഡി ബാബുപോള്‍ പേജ്. 592
ക്രി.മു. 515 – ല്‍ പുനര്‍നിര്‍മിക്കപ്പെട്ട ദേവാലയത്തിലെ അനുഷ്ടാനങ്ങളുടെ അടിസ്ഥാനമായി 500 നു ശേഷം, അതിനു മുമ്പേ നിലവിലിരുന്ന ആചാരങ്ങളുള്‍പ്പെടുത്തിക്കൊണ്ട് ക്രോഡീകരിക്കപ്പെട്ടതാണ് ലേവ്യപുസ്തകം എന്നു ജോഷ്വാ പോര്‍ട്ടര്‍ എന്ന ഇംഗ്ലീഷ് പണ്ഡിതന്‍ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ വിവാദങ്ങള്‍ ഇളക്കിവിടാത്ത പ്രസ്താവനയാണെന്ന് തോന്നുന്നു. എബ്രായ ഭാഷയില്‍ ‘അവന്‍ വിളിച്ചു’ എന്നായിരുന്നു പേര്. സെപ്ടുആജിന്റില്‍ ലെയുത്തിക്കോന്‍ ആയി. അത് വുല്‍ഗാത്ത വഴി ഇംഗ്ലീഷില്‍ ലെവിടിക്കസും. ആരെഴുതി? മുഖ്യ സ്രോതസ്സ് മോശെ തന്നെ. എന്നാല്‍ ഇപ്പോഴത്തെ രൂപം മോശേയ്ക്ക് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട കാലത്താണ് കൈവരിച്ചത്
4. സംഖ്യാപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 614)
മോശെ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇത് നാലാമത്തെതാണെന്ന് തലവാചകത്തില്‍ കാണുന്നു. എന്നാല്‍ വൈദികപണ്ഡിതന്‍മാരില്‍ പലരും ഉല്‍പ്പത്തി പുസ്തകം മോശേയാല്‍ എഴുതപ്പെട്ടതല്ലെന്നു പറയുന്നത് പോലെ തന്നെ ഈ പുസ്തകവും അവന്‍ എഴുതിയതല്ലെന്നു പറയുന്നു. ഉത്പ്പത്തിപ്പുസ്തകത്തിനു ആധാരമായി മൂന്ന് പുസ്തകങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ ഇതും ആരംഭത്തില്‍ മൂന്ന് പുസ്തകങ്ങള്‍ ആയിരുന്നുവെന്നും, ദൈവത്തിനു ‘യഹോവ’ എന്ന് പേരു പറയുന്നവനും ‘ദൈവം’ എന്ന് പറയുന്നവനും, ആചാരങ്ങളെ പ്രതിപാദിക്കുന്നവനും എന്നിങ്ങനെ ഇതിനു മൂന്ന് ഗ്രന്ഥകാരന്മാര്‍ മൂന്ന്പേരുണ്ടെന്നും അഭിപ്രായപ്പെടുന്നു. അവര്‍ മോശെയില്‍ നിന്ന് വാമൊഴിയായും കയ്യെഴുത്തുപ്രതികള്‍ മൂലമായും ഗ്രഹിച്ചിരുന്ന പലതും ഇവരുടെ എഴുത്തുകളില്‍ കൂടെ ചേര്‍ത്തതാണ് മോശെ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവാണെന്നുള്ള യെഹൂദാഭിപ്രായത്തിനു കാരണം.
· ഡോ. ഡി ബാബുപോള്‍ പേജ്. 645
ബൈബിളില്‍ പഴയനിയമത്തിലെ നാലാമത്തെ പുസ്തകം. പുസ്തകം തുടങ്ങുന്നത് കാനേഷുമാരിയോടെയാണ്. അതുകൊണ്ടാണ് സംഖ്യകളുടെ ഗ്രന്ഥം എന്നറിയപ്പെടുന്നതു. എന്നാല്‍ പഞ്ചഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്ന കാലത്തെ കണക്ക് ഒന്നും അല്ല എന്നു മക്കെന്‍സിയും അല്ബ്രയ്ട്ടും ഉള്‍പ്പടെ പല പ്രതിഭാധനരും അഭിപ്രായപ്പെട്ടിരിക്കുന്നു. അല്ബ്രയ്ട്ടിന്‍റെ അഭിപ്രായത്തില്‍ ദാവീദിന്‍റെ കാലത്തേതാണ് രചന. ആദ്യത്തെ കാനേഷുമാരി എടുത്തതും ദാവീദല്ലേ! 2 ശമു. 24
...... ഒരായിരം സംവത്സരങ്ങളിലെ പാരമ്പര്യങ്ങള്‍ - ചരിത്രം, നിയമം, അനുഷ്ടാനം, ആരാധന – കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണ സമസ്യ ആയ സംഖ്യാപുസ്തകത്തെ ഒരൊറ്റ പുസ്തകം ആയി പരിഗണിക്കുന്നത് പോലും തെറ്റാണ് എന്നു വാദിക്കുന്നവരും ഇല്ലാതില്ല.
5. ആവര്‍ത്തനപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 51)
“പുരാതന ഗ്രന്ധകര്‍ത്താക്കന്മാരില്‍ ചിലര്‍ വിശിഷ്ടമായ ഒരു ഉപദേശത്തിനെ പ്രതിപാദിക്കുന്നതിനു ആഗ്രഹിച്ചാല്‍ അവര തങ്ങള്‍ പറയുന്ന ഉപദേശം ദാവീദു, ഹാനോക്, യെശയ്യാവ് മുതലായ മഹാന്മാര്‍ പറയുന്നു എന്ന് ഭാവിച്ചു. വാസ്തവത്തില്‍ തങ്ങള്‍ തന്നെ എഴുതുന്നവയെ ആ മഹാന്മാര്‍ എഴുതിയെന്നു പറയുന്നതു അബദ്ധമാണെന്നു വിചാരിച്ചിരുന്നില്ല. മോശെ ഈ പുസ്തകത്തില്‍ കാണുന്ന പോലെയുള്ള പ്രസംഗങ്ങളും സങ്കീര്‍ത്തനങ്ങളും പറഞ്ഞിരിക്കാമെങ്കിലും അവന്‍ ഇതില്‍ തന്‍റെ മരണത്തെ കുറിച്ച് എഴുതാന്‍ ഇടയില്ലെന്നും, ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷക്കും അവന്‍ ഉപയോഗിക്കുന്ന ഭാഷക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതില്‍ പറഞ്ഞിരിക്കുന്ന പൂജാഗിരികള്‍,കര്‍മ്മാനുഷ്ടാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബുദ്ധിയുപദേശങ്ങള്‍ അവന്‍റെ കാലത്തല്ല, പില്‍ക്കാലത്താണ് ഉണ്ടായതെന്നും അറിഞ്ഞു വേദപണ്ഡിതന്‍മാറില്‍ പലര്‍ ഇതില്‍ മോശെ ഉപദേശിച്ച പലതുണ്ടെങ്കിലും ഈ പുസ്തകം മോശെയാലല്ല, പില്‍ക്കാലത്തിലാണ് എഴുതപ്പെട്ടതെന്നു അഭിപ്രായപ്പെടുന്നു. ഇത് എഴുതിയത് ആരാണെന്നു നമുക്ക് അറിഞ്ഞു കൂടാ”
· ഡോ. ഡി ബാബുപോള്‍ പേജ്. 592
പഞ്ചഗ്രന്ഥിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം മോശെയുടെ പുസ്തകം എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇതിന്‍റെ കാലം, കര്‍തൃത്വം ഇവ വിവാദ വിഷയങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലും മിക്ക പണ്ഡിതന്മാരും ഇത് ഒരു pious fraud എന്ന ചിന്തയിലായിരുന്നു. ഇപ്പോള്‍ പലതാണ് അഭിപ്രായങ്ങള്‍. (i) മോശെയല്ല എഴുതിയത്, പഞ്ചഗ്രന്ഥിയിലെ ആദ്യകൃതികളുടെ കര്‍ത്താവുമല്ല ചമച്ചത്, ഏതെങ്കിലും ഒരു വ്യക്തി രചിച്ചതേ അല്ല. (ii) ജോസിയാ രാജാവ് (ക്രി.മു. 640- 609) കണ്ടെത്തിയ ഗ്രന്ഥം ആണ് ഇതെന്ന് ജെറോം എ.ഡി. നാലാം നൂറ്റാണ്ടില്‍ പറഞ്ഞു. (iii) ഈ പുസ്തകത്തിലെ ശൈലി യിരമ്യാ പ്രവാചകന്‍റെ ശൈലിക്ക് സമാനം. (iv) ജോസിയയുടെ കാലത്ത് കണ്ടെത്തിയ കൃതി അതിനേക്കാള്‍ പഴക്കം ഉള്ളതാവണം. ഹെസക്കിയ (ക്രി.മു. 727 – 643) ആണ് നവീകരണത്തിന് തുടക്കം കുറിച്ചത്. പിന്നെ മനശ്ശെ (698 – 643) അത് തടയുകയായിരുന്നു. അക്കാലത്ത് ഗ്രന്ഥവും ഒളിപ്പിച്ചിരിക്കാം. എങ്കില്‍ കൃതി ഹെസക്കിയയുടെ കാലത്ത് എഴുതപ്പെട്ടിരിക്കാം. (v) ഒരൊറ്റ ദേവാലയം എന്ന ആശയം ഉള്ളതിനാല്‍ ക്രി.മു. 525 നു ശേഷം വിരചിതം. എന്തുകൊണ്ടെന്നാല്‍ 525ല്‍ ഈജിപ്തില്‍ യരുശലേം ദേവാലയം പോലെ ഒന്ന് ഉണ്ടായിരുന്നതായി അരമായ പപ്പൈറസ് പറയുന്നു. (vi) അത് ശരിയാവണമെന്നില്ല. നിയമത്തിന്‍റെ ലംഘനം നിയമത്തിന്‍റെ അഭാവത്തെ കുറിക്കണമെന്നില്ല. തന്നെയുമല്ല, യരുശലേം ദേവാലയത്തിന്‍റെ പതനത്തിനു ശേഷം താത്കാലികമായി നിര്‍മിച്ചതാവാം സെയിനെ (അസ്വാന്‍) യിലെ ദേവാലയം. അല്ലെങ്കില്‍ ദൂരക്കൂടുതല്‍ കൊണ്ട് ഒരു ബദല്‍ തെറ്റില്ല എന്നു കരുതിയതാവാം.അതുമല്ലെങ്കില്‍ ഉത്തരരാജ്യത്തെ പുരോഹിതന്മാര്‍ ആവാം ഈജിപ്തില്‍ ദേവാലയം പണിതത്. ഉത്തര രാജ്യം 722ല്‍ അസ്തമിച്ചുവല്ലോ. (vii) ഉടമ്പടി നവീകരണത്തിന്‍റെ രചിക്കപ്പെട്ടതാവാം. (viii) യോശുവ മുതല്‍ 2.രാജാ വരെയുള്ള ഒരു ബ്രഹദ്‌ഗ്രന്ഥത്തിന്‍റെ ആമുഖം എന്നു നോര്‍ത്ത് 1948ല്‍ പറഞ്ഞു. (ix) ക്രി.മു. രണ്ടാം സഹസ്രാബ്ദത്തില്‍ രാജാക്കന്മാര്‍ ഉടമ്പടി ചെയ്തിരുന്ന സമ്പ്രദായം സ്വീകരിച്ചു രചിച്ചതാണ് ഈ കൃതി എന്നു 1955ല്‍ മെന്‍ഡഹോള്‍ അഭിപ്രായപ്പെട്ടത് ഈ അന്വേഷണത്തില്‍ വഴിത്തിരിവായി. ആ സമ്പ്രദായത്തില്‍ ആമുഖം ചരിത്രാവലോകനം, ഉടമ്പടി വ്യവസ്ഥകള്‍, അനുഗ്രഹങ്ങളും ശാപങ്ങളും, സാക്ഷികള്‍ എന്നിങ്ങനെ ആയിരുന്നു ഘടന. ഉടമ്പടി ദേവാലയത്തില്‍ സൂക്ഷിക്കണം, കാലാകാലങ്ങളില്‍ പരസ്യമായി പാരായണം ചെയ്യണം എന്നീ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ക്ലൈന്‍, മക്കാര്‍ത്തി, വെന്‍ഹാം എന്നിവര്‍ ഏറിയും കുറഞ്ഞും ഇതിനോട് യോജിച്ചു. (x) വെയിന്ഫെല്ഡ് ഈ ആശയത്തോട് യോജിച്ചെങ്കിലും ഈ രൂപം പ്രാപിച്ചത് ഹെസക്കിയ – ജോസിയ കാലത്താണ് എന്നു പറഞ്ഞുവെച്ചു. (xi) ക്രി. മു. പത്താം നൂറ്റാണ്ടു എന്നു വെല്‍ക്ക്. (xii) പതിനൊന്നാം നൂറ്റാണ്ടില്‍ ശമുവേലിന്‍റെ നേതൃത്വത്തില്‍ എന്നു റോബര്‍ട്സണ്‍. (xiii) മോശെ രചിച്ച ഒരു പ്രാഗ്രൂപം, പിന്നെ പലര്‍ പലത് കൂട്ടിച്ചേര്‍ത്തു. മോശെയുടെ കാലം കഴിഞ്ഞു 400 – 500 വര്ഷം എടുത്തു ഇന്നത്തെ രൂപം പ്രാപിക്കാന്‍. (xiv) പ്രാവാസത്തിന്‍റെ അന്ത്യഘട്ടം എന്നു ഹോള്‍ഷര്‍, ഹോഴ്സ്റ്റ്, കെന്നെറ്റ്. (xv) പ്രവാസാനന്തരം എന്നു പെദര്‍സെന്‍. (xvi) വേറെയും ഏറെ. ബ്ലന്കിന്‍സോപ്പ് ജറോം കമന്‍റെറിയില്‍ പറയും പോലെ “ the result of a long process of formation, from the earliest times to the post exilic period – i.e. part of the mainstream of great canonical tradition paused on in the north and edited by a Judean hand some time after the fall of Samaria (721)” എന്നു വിചാരിച്ചാല്‍ മതിയെന്ന് തോന്നുന്നു.
അല്ലാഹു തന്നെയാണ് തൌറാത്ത് ഇറക്കിയത് എന്നു ഖുര്‍ആന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൌറാത്ത് ആയി ഇന്ന് ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന പഞ്ചഗ്രന്ഥികള്‍ അവരുടെ വിശ്വാസമനുസരിച്ച് പോലും ദൈവം നല്‍കിയതാണെന്നു പറയാനാവില്ല എന്നു മുകളിലുദ്ധരിച്ച പുരോഹിതന്മാരുടെ പണ്ഡിതോചിതമായ പ്രതികരണങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.
No comments:
Post a Comment