Tuesday, August 18, 2015

പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകം സായി കിരണിനു മറുപടി ഭാഗം അഞ്ച്

പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകത്ത് അനേകം പ്രതി സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഇങ്ങനെ അവതരിപ്പിക്കപ്പെട്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ബുദ്ധിപൂർവ്വമായ രൂപസംവിധാനം (Intelligent design - ID) എന്നു അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെയും ജീവരൂപങ്ങളുടെയും ദൃശ്യമായ സവിശേഷതകൾ പ്രകൃതി നിർദ്ധാരണം പോലെയുള്ള ഒരു ആകസ്മിക പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതല്ല, മറിച്ച് ഒരു ബുദ്ധിമാനായ രൂപസംവിധായകന്റെ പ്രവർത്തനഫലമാണെന്ന പരികല്പനയാണ് ഇന്ഡലിജന്റ് ഡിസൈന്‍ തിയറി അവതരിപ്പിക്കുന്നത്.

ജീവതന്ത്രജ്ഞനായ മൈക്കൽ ബിഹി (Michael Behe) 1996- ല്‍‍ ഡാർവിന്റെ കറുത്ത പെട്ടി - Darwin's Black Box: The Biochemical Challenge to Evolution എന്ന തന്റെ പുസ്തകത്തിലൂടെ Irreducible complexity "ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത" എന്ന ആശയം അവതരിപ്പിച്ചു. "വ്യത്യസ്തമായ നിരവധി ഭാഗങ്ങളുള്ള ഒരു യന്ത്രത്തിലെ ഏതെങ്കിലും ഭാഗം നീക്കപ്പെട്ടാൽ അത് പ്രവർത്തിക്കില്ല" എന്ന ആശയമാണ് മൈക്കൽ ബിഹി അവതരിപ്പിച്ചത്. 

ഈ തത്വം സമര്ഥിക്കുന്നതിന്നു അദ്ദേഹം എലിപ്പെട്ടിയെ ഉദാഹരിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഘലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന നിഗമനമാണ് ബുദ്ധിപരം എന്നു മൈക്കൽ ബിഹി സ്ഥാപിച്ചു.
പരിണാമ സിദ്ധാന്തം ശരിയാണെങ്കിൽ, ആദ്യത്തെ ലഘു കോശം ആകസ്മികമായി ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കാന്‍ പരിണാമവാദികള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നു ബിഹി ചോദിക്കുന്നു.

ജീവൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, ഒരു അതിസൂക്ഷ്മ ജീവിയിൽപ്പോലും ജ്ഞാനപൂർവ്വകമായ രൂപരചനയുടെ തെളിവുകൾ ദൃശ്യമായിരിക്കണമല്ലോ. ഇതിനു തെളിവു നൽകാനായി ലഘുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഏകകോശജീവിയായ ബാക്റ്റീരിയയുടെ വാലിന്‍റെ ഘടനയാണ് ബിഹി ഉപയോഗിച്ചത്. ഒരു തരം ബാക്റ്റീരിയയുടെ വാലിന് 40 വ്യത്യസ്ത തരത്തിലുള്ള സങ്കീർണ്ണ പ്രോട്ടീനുകൾ കൊണ്ട് നിർമ്മിതമായ ഒരു മോട്ടർ ഉണ്ട്. ഈ വാൽ കറക്കിക്കൊണ്ടാണ് ഏകകോശ ജീവിയായ ബാക്റ്റീരിയ നീങ്ങുന്നത്. അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ വാലിന്റെ പ്രവർത്തനം നിലയ്ക്കും, അയതിനാൽ ഈ വാൽ "യന്ത്രം" ലഘൂകരിക്കാനാകാത്ത സങ്കീർണ്ണതയുടെ മകുടോദാഹരണമാണ്. കൂടാതെ പരിണാമത്തിന്റെ തത്ത്വമനുസരിച്ച് ഈ ജീവിയുടെ വാലിനെ പരിണാമത്തിന്റെ മുന്നേയുള്ള സ്റ്റേജിലേക്ക് ലഘൂകരിക്കാൻ ശ്രമിച്ചാൽ, പ്രവർത്തനരഹിതമായ ഒരു ജീവിയായിരിക്കും ഫലം! ആയതിനാൽ ഈ ഘടന ഒരു രൂപസംവിധായകൻ നിർമ്മിച്ചെടുത്തതാണെന്ന് മൈക്കൽ ബിഹി ഉറപ്പിച്ച് പറയുന്നു (The Collapse of "Irreducible Complexity" Kenneth R. Miller Brown University, USA).

ബാക്റ്റീരിയയുടെ വാലിന്റെ ഉദാഹരണം കൂടാതെ രക്തം തടഞ്ഞുനിറുത്തുന്ന പ്രക്രിയ, സിലിയ, കണ്ണിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തെ ദൃഢീകരിക്കാനുപയോഗിക്കാറുണ്ട്.
(തുടരും)

No comments:

Post a Comment