Tuesday, September 1, 2015

മന്ദബുദ്ധികളെയും വികലാംഗരെയും സൃഷ്ടിച്ചത് അനീതിയല്ലേ?

ദൈവം നീതിമാനാണല്ലോ. എന്നാല്‍,  മനുഷ്യരില്‍ ചിലര്‍ മന്ദബുദ്ധിളും മറ്റു ചിലര്‍ വികലാംഗരുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?

പ്രസക്തവും ന്യായവും എന്നു തോന്നിക്കുന്ന ചോദ്യം. എന്നാല്‍ ചെറിയ ആലോചന കൊണ്ട് തന്നെ അതിലൊരു അര്‍ത്ഥവുമില്ലെന്നു മനസ്സിലാക്കാം. എല്ലാം അല്ലാഹുവിന്‍റെ വിധിയാണെങ്കി­ല്‍ പിന്നെയെന്തിന് അവന്‍ നമ്മെ വിചാരണക്കും രക്ഷ-ശിക്ഷകള്‍ക്കും വിധേയരാക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടിയി­ല്‍ “അല്‍ ജവാബ്” തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ആശയം ഗ്രഹിക്കാനുള്ള സൌകര്യത്തിനു വേണ്ടി ഇതിന്‍റെ അനുബന്ധമായി വരാവുന്ന ചില ചോദ്യങ്ങളിലേക്ക് കൂടി ഈ ചോദ്യത്തെ നമുക്ക് ചുരു­ള്‍ നിവര്‍ത്തി വെക്കാവുന്നതാണ്.
എന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ ജനിപ്പിച്ചു, ഇന്തോനേഷ്യയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് വിരൂപനാക്കി; സുന്ദരനാക്കിയില്ല? എന്തുകൊണ്ട് വാമനനോ ഭീമാകാരനോ ആക്കി, ആറടി നീളന്‍ ആക്കിയില്ല? എന്തുകൊണ്ട് മഞ്ഞുപെയ്യുന്ന ദക്ഷിണധ്രുവത്തിലോ ഉത്തരധ്രുവത്തിലോ, തുള്ളിയും ജലകണികകള്‍ ഇല്ലാത്ത മരുഭൂമിയിലോ ജനിപ്പിച്ചു, മിതോഷ്ണ മേഖലയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് ഞാന്‍ ധനിക­കുടുംബത്തില്‍ പിറന്നില്ല; നിസ്വനും ദരിദ്രനുമായി? എന്തുകൊണ്ട് ഞാന്‍ ശാസ്ത്ര വിപ്ലവ­ത്തി­ന്റെയോ വ്യവസായ വിപ്ലവത്തിന്റെയോ നൂറ്റാണ്ടില്‍ ജനിച്ചില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പിറന്നു? ഈ ചോദ്യങ്ങളൊക്കെ ഉപര്യുക്ത ചോദ്യങ്ങള്‍ പോലെ പ്രസക്തവും ന്യായവുമാണെന്ന് പറയാം. ഓരോരുത്തരും അവനവന്‍റെ വിതാനത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ അവര്‍ അനീതിക്കിരയായി എന്നു തോന്നാം.  ഓരോ മാസവും ഏതാനും ദിവസങ്ങള്‍ ആര്‍ത്തവ സംബന്ധമായ  പ്രയാസങ്ങളനുഭവിക്കുന്നവളും ഗര്‍ഭം ചുമക്കേണ്ടവളും പ്രസവിക്കേണ്ടവളും മുല കൊടുക്കേണ്ടവളുമായി തന്നെയെന്തിനു പടച്ചു; പുരുഷന്മാര്‍ക്ക്  ഇത്തരം പ്രയാസങ്ങളൊന്നുമില്ലല്ലോ; അതിനാല്‍ എന്നെയും  എന്തുകൊണ്ട് ആണായി പടച്ചില്ല എന്ന് ഏതു സ്ത്രീക്കും ചോദിക്കാം. തന്നോട് ദൈവം കടുത്ത അനീതി ചെയ്തുവെന്ന് സ്ഥാപിക്കുകയും ചെയ്യാം.
വാസ്തവത്തില്‍, നീതിയെ കുറിച്ചുള്ള നമ്മുടെ പരികല്‍പ്പന പിഴക്കുമ്പോള്‍ ആണ് ഈ ചോദ്യങ്ങളെല്ലാം ഉണ്ടാവുന്നത്. ഈ വൈവിധ്യങ്ങളാണ് മാനവരാശിയുടെ നിലനില്‍പ്പിനു ആധാരം എന്നു നാം തിരിച്ചറിയണം. അല്ലാതെ
എല്ലാവര്ക്കും ഒരേ തരത്തിലുള്ള അവസരങ്ങള്‍ തന്നെ ലബ്ധമാകണം എന്നു പ്രായോഗികമോ
നീതിയുക്തമോ അല്ല.
എല്ലാവരും ഒരേ ദിവസം, ഒരേ മാതാപിതാക്കള്‍ക്ക്, ഒരേ സാഹചര്യ­ത്തില്‍, ഒരേ കാലാവസ്ഥയില്‍, ഒരേ ലിംഗത്തില്‍, ഒരേ ശരീര­പ്രകൃതിയില്‍, ഒരേ ബുദ്ധി നിലവാരത്തില്‍, ഒരേ ഭാഷാകുടുംബത്തില്‍, ഒരേ ആരോഗ്യാവസ്ഥയില്‍, ഒരേ തൊഴില്‍ സാഹചര്യ­ത്തില്‍ ജനിച്ചു ജീവിക്കുന്നതാണ് നീതിയെന്ന് കരുതുന്നത് തീര്‍ത്തും യുക്തിരാഹിത്യമാണ്.
അത് മാനവരാശിയുടെ നിലനില്‍പ്പ്‌ അസാധ്യമാക്കുന്നതും പാടേ അപ്രായോഗികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അതിനാല്‍, വൈവിധ്യങ്ങള്‍ കൂടിയേ തീരൂ.
മനുഷ്യജീവിതം ഈ ഭൌമാവാസത്തോടെ അവസാനിക്കുമെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ന്യായവും പ്രസക്തിയുമുണ്ട്. എല്ലാവരും ഒരുപോലെയുള്ള ജീവിതാവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, സമ്പൂര്‍ണ നീതി പുലരണമെന്ന് ഇച്ഛിക്കുന്ന ദൈവം തമ്പുരാന് പരലോകം സംവിധാനിച്ചിരിക്കുന്നു. ഐഹികജീവിതം കൃഷിയിടമാണ്; പരലോകം കൊയ്ത്തിടവും! വിതക്കുന്നത് കൊയ്യും. മുല്ല വിതക്കുന്നവ­ന് മുള്ള് കൊയ്യേണ്ടി വരില്ല, മുള്ള് വിതച്ചവന് മുല്ലയും കിട്ടില്ല, വിതക്കുന്നത് തന്നെ കൊയ്യും.
ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള അവസരങ്ങളുടെ അടിസ്ഥാന­ത്തില്‍ മാത്രമേ അവരോടു കര്‍മ നിര്‍വഹണം ആവശ്യപ്പെട്ടിട്ടുള്ളൂ. നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജും എല്ലാ­ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ്‌; എന്നാല്‍, കുട്ടികള്‍ക്കും, ബുദ്ധിക്ഷയമുള്ളവര്‍ക്കും ഭ്രാന്തനും നിസ്കരിക്കണമെന്ന ആജ്ഞ ബാധകമല്ല. വ്രതം രോഗിക്കും യാത്രക്കാരനും നിര്‍ബന്ധമില്ല. സകാത്ത് ധനികന് മാത്രമാണ് നിര്‍ബന്ധം. ശാരീരിക – മാനസിക ആരോഗ്യവും, യാത്രാ സന്നാഹങ്ങളും, സാമ്പത്തിക സാഹചര്യങ്ങളും ഒത്തുവന്നാലല്ലാതെ ഹജ്ജ് ആര്‍ക്കും ബാധകമല്ല. അഥവാ, ധനാഢ്യര്‍ക്കുള്ള ബാധ്യതകള്‍ ദരിദ്രജനങ്ങള്‍ക്കില്ല. പ്രതിഭാധനര്‍ക്കുള്ള ഉത്തരവാദിത്വം മന്ദബുദ്ധികള്‍ക്കില്ല. പണ്ഡിതന്‍റെ ചുമതലകള്‍ പാമരനില്ല. അരോഗ ദൃഢഗാത്രര്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍ രോഗിക്കും അവശര്‍ക്കുമില്ല. തഥൈവ, പുരുഷനും സ്ത്രീക്കും പൂര്‍ണാംഗനും വികലാംഗനും കടപ്പാടുകളിലും ഉത്തരവാദിത്വങ്ങളിലും വ്യത്യാസമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ശാരീരിക സാമ്പത്തിക സവിശേഷതക്കും ശേഷിക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ മാത്രം കര്‍മങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കര്‍മഫലം വിലയിരുത്തപ്പെടുന്നത്. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. രക്ഷ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുന്നത്. സ്വര്‍ഗ്ഗ നരകങ്ങള്‍ അനുവധിക്കപ്പെടുന്നത്. താന്താങ്ങളില്‍ അര്‍പ്പിതമായിരുന്നത് മാത്രം ഓരോരുത്തരും ചെയ്‌താല്‍ മതി; വിജയികള്‍ക്കെല്ലാം അനശ്വര സ്വര്‍ഗം ഉണ്ടാകും. കര്‍മ ജീവിതത്തില്‍ കാട്ടിയ ശുഷ്കാന്തിയുടെയും ഉത്സാഹത്തിന്‍റെയും തോതനുസരിച്ച് സ്വര്‍ഗീയാനുഗ്രഹങ്ങളിലും ആധിക്യം അനുഭവിക്കാം.
അതിനാല്‍, ഇവിടെയുള്ള ദരിദ്രര്‍ തങ്ങള്‍ക്കുള്ള പരീക്ഷണമാണെന്നു ധനികര്‍ തിരിച്ചറിയുക; തങ്ങള്‍ക്കുള്ളതില്‍ നിന്ന് അവര്‍ക്ക് വേണ്ടി ചിലവഴിക്കാനും ബാധ്യതയുണ്ട്. തങ്ങളുടെ ധിഷണ കൂടുതല്‍ കര്‍ത്തവ്യം തങ്ങളില്‍ ചുമത്തിയിരിക്കുന്നു എന്നു “ബുദ്ധിജീവികള്‍” ഓര്‍ത്തിരിക്കേണ്ടതാണ്‌. അജ്ഞനും അവശനും അംഗഹീനനും മറ്റുള്ളവരുടെ പരിഗണനക്ക് അവകാശികള്‍ ആണെന്ന് വിസ്മരിക്കാതിരിക്കുക. നിസ്കാരവും നോമ്പും മാത്രമല്ല വിചാരണ ചെയ്യപ്പെടുന്നത്, ഇതെല്ലാമാണ്. “നിങ്ങള്‍ പശ്ചിമദിക്കിലേക്കോ പൂര്‍വദിക്കിലേക്കോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പിന്നെയോ,
അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ ധര്‍മിഷ്ഠര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍തന്നെയാകുന്നു ഭക്തരും” എന്നു ഖുര്‍ആന്‍ പറഞ്ഞത് ഓര്‍മിക്കുക. ബാഹ്യമായ ചില ആചാരങ്ങള്‍ സ്വീകരിക്കുകയോ കേവലം ഒരു ചടങ്ങെന്നോണം ചില നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുയോ ഭക്തിയുടെ ചില അംഗീകൃത രൂപങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് ബാധ്യതകള്‍ അവസാനിക്കുന്നില്ല. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. അതിനാല്‍, മരണാനന്തരം മറ്റൊരു ജീവിതമുണ്ട്. അവിടെ മാത്രമേ സമ്പൂര്‍ണമായ നീതി പുലരുന്നുള്ളൂ.
വാസ്തവത്തില്‍ ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടുന്നത് നിരീശ്വരവാദികളും നാസ്തികരുമാണ്. അവര്‍ ദൈവം ഇല്ലെന്നും പരലോകമില്ലെന്നും വിശ്വസിക്കുന്നു. സമ്പൂര്‍ണ്ണ നീതിയുടെ ലോകവും രക്ഷ ശിക്ഷകളുടെ ഗേഹവും മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിയതമായ താളവും വ്യക്തമായ ക്രമവും വ്യവസ്ഥയും  'പ്രകൃതി' സ്വയം ആവിഷകരിച്ചതാണെന്ന് പറയുന്നു. എങ്കില്‍,
എന്തുകൊണ്ട് പ്രകൃതി മന്ദബുദ്ധികളോടും വികലാംഗരോടും നീതി കാണിച്ചില്ല? പ്രകൃതി ചെയ്ത ഈ കടുത്ത അനീതിക്ക് എന്തു പരിഹാരമാണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?   




1 comment:


  1. പലരും പ്രവാസികളായതിന്നാൽ പ്രയാസം അനുഭവിക്കുന്നുണ്ട്
    പ്രയാസങ്ങളാണ് പലരെയും പ്രവാസികളാക്കിയത്
    പ്രയാസങ്ങളാണ് പ്രവാചകനെ പ്രവാസിയാക്കിയത്
    സ്വദേശവും വിദേശവും പ്രയാസങ്ങൾ നീക്കാൻ പ്രയത്നിച്ചു പ്രവാചകൻ
    സ്വർഗം തീർക്കാൻ
    വളരും തോറും മാറുന്നതല്ലേ മതവും മനുഷ്യനും
    വളരും തോറും മാറുന്നതല്ലേ മനുഷ്യ പ്രകൃതി
    പ്രകൃതിയും മാറുന്നതല്ലേ ? മാറ്റമല്ലെ വളർച്ച
    മാറ്റം നല്ലതിനകാവണ്ടേ ,നല്ലതിനാകട്ടെ മാറ്റങ്ങളെല്ലാം
    മതവും കൂറും മാറലും മനുഷ്യ ചരിത്രത്തിൽ
    കാല കാലമുള്ള കാര്യം,സർവ കാലത്തും നടക്കും കാര്യം
    മന മാറ്റം ,മതം മാറ്റം മനുഷ്യ മനസ്സിൽ അനുനിമിഷം
    നിരന്തരം നടക്കും കാര്യം ,മത മാറ്റം മതത്തിനുള്ളിലും

    മതത്തിനുള്ളിൽ നടക്കും മത മാറ്റം പുതിയ മത കാരണം
    മതം മതിയും മനവും രമിച്ചുണ്ടാകും സൃഷ്ടിയെന്ന സമസ്യ
    വൈരുധ്യമല്ലേ മതങ്ങള്ക്കു ,കാരണം മത വ്യത്യാസം
    വൈരുധ്യമല്ലേ മതങ്ങളിലൊക്കെയും ,മനസിലോക്കെയും

    വൈരുധ്യങ്ങളല്ലേ മതത്തിലെല്ലാം,കക്ഷികളിലെല്ലാം
    വൈരുധ്യങ്ങളല്ലേ മനസിലെല്ലാം ,ചരിത്രത്ത്തിലെല്ലാം
    വൈരുധ്യമല്ലേ പ്രക്രിതിയിലെല്ലാം ,പ്രക്രിതിയല്ലേ മതം
    അനുകൂല പ്രതികൂല മയമല്ലേ പ്രക്രിതിയെല്ലാം

    അനുകൂല പ്രതികൂല ഗുണങ്ങളില്ലെ ഒരോ അണുവിലും
    തമോ ഗുണവും രജോ ഗുണവും ഒരോ മനസിലുമില്ലേ
    ചരിത്രത്തിലുമില്ലേ വൈരുധ്യങ്ങൾ ശാസ്ത്രത്തിലും
    വൈരുധ്യമില്ലേ ?മതങ്ങളിലും ,യുക്തിയിലും ,ഭക്തിയിലും

    വിവിധ വശങ്ങളില്ലേ ഓരോന്നിന്നും മറു വശം കാണാതെ
    എടുക്കും കാണാതെ ,കേൾക്കാതെഉൾകൊള്ളാതെ എടുക്കും
    തീരുമാനങ്ങളല്ലെ സർവ പ്രശ്നങ്ങൾക്കും ,കാരണം കാര്യം
    കാഴ്ച്ച പാടുകളല്ലേ ? വീക്ഷണ കോണിലെ വ്യത്യാസമല്ലേ? 29/5/2015

    ReplyDelete