പൂർവവേദങ്ങളിൽ നബിതിരുമേനിയുടെ പേരു പരാമർശിച്ചിട്ടുണ്ട് എന്നു പറയുന്നതു വ്യാജമായ അവകാശവാദമല്ലേ?
ഒരിക്കലുമല്ല. ഇതേ സംബന്ധിച്ച് 'ഹിംദ പ്രവാചകനും ഷാലോം മതവും' എന്ന തലവാചകത്തിൽ സുദീർഘമായ ഒരു പ്രബന്ധം രിസാല വാരികയിൽ മുമ്പെഴുതിയിട്ടുണ്ട്. അതിന്റെ രണ്ടാം ഭാഗമാണിത്. (സുദീർഘമാണ്. വായിച്ച ശേഷം പ്രതികരിക്കുമല്ലോ).
പൂർവവേദങ്ങളിൽ നബിതിരുമേനിﷺയെ കുറിച്ച് വ്യക്തമായി, അവർക്കു സ്വന്തം മക്കളെ തിരിച്ചറിയാവുന്നതിനു സമാനം പരാമർശിച്ചിട്ടുണ്ട് എന്നു വിശുദ്ധ ഖുർആൻ പലവുരു പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരിടത്തു മാത്രമാണ് അഹ്മദ് എന്ന നാമം സൂചിപ്പിക്കുന്നത്. യേശു പ്രവാചകനാണ് ആ വിശുദ്ധനാമം പ്രവചിച്ചതായി ഖുർആൻ എടുത്തു പറഞ്ഞത്. അതെവിടെ എന്ന ചോദ്യത്തിന് സാധാരണ പറയാറുള്ള 'പാറക്കലീത്ത' മറ്റൊരിക്കൽ ചർച്ച ചെയ്യാം.
ഇവിടെ, മനസ്സിലുയരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കൂടി ആവശ്യമുണ്ട്. യേശു പ്രവാചകൻ തോറയെ ശരിവെക്കുകയും അഹ്മദ് എന്ന ദൂതനെ പ്രവചിക്കുകയും ചെയ്യുന്നതിനെ ഒന്നിച്ചാണ് വിശുദ്ധ ഖുർആൻ പറയുന്നത് (61/6). മത്തായി സുവിശേഷവും (5/ 17-19) ഇതിനെ ശരിവെക്കുന്നുണ്ട്. ഇഞ്ചീൽ, ഏതാനും ചില നിയമങ്ങളിൽ തിരുത്ത് (നസ്ഖ്) അവതരിപ്പിച്ചതൊഴിച്ചാൽ, സ്വന്തമായൊരു കർമശാസ്ത്രം അവതരിപ്പിക്കാതെ തോറയെ അപ്പടി പിൻപറ്റുന്നതു കൊണ്ടാണ് ഈ രണ്ടു കാര്യങ്ങളും ഒന്നിച്ചു പറഞ്ഞതെന്നാണ് സാധാരണ പറയാറുള്ളത്. അതിനുമപ്പുറത്തേക്ക് ഇഞ്ചീൽ അഥവാ സുവിശേഷത്തിന്റെ മുഖ്യലക്ഷ്യമായ അഹ്മദ് എന്ന ദൂതനെ കുറിച്ചുള്ള പ്രവചനപരമായ ഭാഷണങ്ങൾക്കും യേശു പ്രവാചകൻ പൂർവ വേദങ്ങളെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതിനു ഉപോത്ബലകമായ അന്വേഷണമാണീ പ്രബന്ധം.
ആദ്യം ഹീബ്രുവിലെ രണ്ടു പദങ്ങൾ കാണിക്കാം:
1. אתמך 2. אחמד
നിങ്ങൾക്കിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാമോ? സൂക്ഷിച്ചു നോക്കിയാൽ ഇവയിൽ രണ്ടു അക്ഷരങ്ങൾക്കു ചെറിയ ചില കുനിപ്പും നീട്ടലും വളക്കലുമൊക്കെ കാണുന്നണ്ടല്ലേ. ആദ്യത്തേത് എത്മൊക് എന്നും രണ്ടാമത്തേത് അഹ്മദ് എന്നുമാണ് വായിക്കേണ്ടത്. ബൈബിളിൽ മുത്തുനബി ﷺയുടെ പേരു ചികയുന്നവരുടെ കൗതുകമുണർത്തുന്ന ഒരു നിരീക്ഷണം അവതരിപ്പിക്കാം.
വിശുദ്ധ ഖുർആനിൽ മൂന്നിടത്തായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: യഹൂദന്മാരില്‍, വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു തെറ്റിക്കുന്ന ചിലരുണ്ട് (4/46). വാക്കുകളെ വളച്ചൊടിച്ച് ഇച്ഛാനുസാരം അര്‍ഥമുണ്ടാക്കുകയാകുന്നു അവരുടെ രീതി (5/13). വേദവചനങ്ങളെ അവയുടെ ശരിയായ സ്ഥാനം നിര്‍ണിതമായിരുന്നിട്ടും സാക്ഷാല്‍ അര്‍ഥത്തില്‍ നിന്നു തെറ്റിക്കുന്നവരുമാകുന്നു (5/41).
ഈ സൂക്തങ്ങളിൽ വന്നിട്ടുള്ള 'യുഹർരിഫൂന'ക്ക് വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്:
ويَجُوزُ أنْ يَكُونَ التَّحْرِيفُ مُشْتَقًّا مِنَ الحَرْفِ وهو الكَلِمَةُ والكِتابَةُ، فَيَكُونُ مُرادًا بِهِ تَغْيِيرُ كَلِماتِ التَّوْراةِ وتَبْدِيلُها بِكَلِماتٍ أُخْرى لِتُوافِقَ أهْواءَ أهْلِ الشَّهَواتِ.
"വാക്ക്, രചന എന്നെല്ലാം അർഥമുള്ള ഹർഫ് എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാവാം 'തഹ്'രീഫ്' എന്നത്. സ്വാർഥംഭരികളുടെ താത്പര്യങ്ങൾക്കു അനുയോജ്യമായി കിട്ടാൻ തോറയിലെ പദങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയും പകരം വേറെ പദങ്ങൾ പ്രയോഗിക്കുകയും ചെയ്തതാവും
അപ്പോൾ ഉദ്ദേശ്യം."
എത്ര അനായാസമായാണ് യഹൂദ റബ്ബിമാർ ഈ കൈവേല ഒപ്പിച്ചിട്ടുണ്ടാവുക എന്നു മനസ്സിലാക്കാൻ ഹീബ്രുവിലെ ഓരോ അക്ഷരവും എഴുതുമ്പോഴുള്ള സാമ്യത മാത്രം മതിയാകും. ചില അക്ഷരങ്ങൾ (ചിലതിന്റെ അന്ത്യാക്ഷര രൂപവും ചേർത്തു) ഇവിടെ എഴുതാം. ת,ח,ה,ב,כ,פ,מ,ם,ט,צ,ע,ץ,ף,ך,ן,ו,י,ז,נ,ג,ל,ר,ד
ഇവ ഇടത്തു നിന്നു വലത്തേക്കു വായിച്ചാൽ യഥാക്രമം ദലേത്, റെയ്ഷ്, ലമേദ്, ഗിമേൽ, നൂന്, സായിൻ, യോദ്, വാവ്, നൂൻ സോഫിത്, കോഫ് സോഫിത്, ഫെ സോഫിത്, റ്റ്സാദേ സോഫിത്, റ്റ്സാദേ, തെയ്ത്, മെയ്മ് സോഫിത്, മെയ്മ്, ഫെ, കോഫ്, ബെയ്ത്, ഹെ, ഹെയ്ത്, താവ് എന്നിങ്ങനെയാണ് വായിക്കുക.
നോക്കൂ, നേരിയ, വളരെ നേരിയ വ്യത്യാസമാണ് ഈ അക്ഷരങ്ങൾക്കുള്ളത്. യോദ്, വാവ്, നൂന് സോഫിത്, എന്നിവ നോക്കൂ: ן,ו,י. അങ്ങനെ ഓരോന്നോരോന്നും സൂക്ഷിച്ചു നോക്കൂ. ലിപികളുടെ സൂക്ഷ്മമായ ഒടിവും തിരിവുമെല്ലാം മനസ്സിലാക്കാവുന്ന അച്ചടിലിപികളാണിവ. അതേസമയം ഇവയുടെ കയ്യെഴുത്തു ലിപി മാത്രമായിരുന്നപ്പോൾ ഓരോരുത്തരുടെയും എഴുത്തിൽ പ്രകടമായിട്ടുണ്ടാകാവുന്ന സാമ്യതകളും വ്യതിയാനങ്ങളും രൂപഭേദങ്ങളും കൂടി ഒന്നു സങ്കല്പിച്ചു നോക്കൂ. വെറും പേനത്തുമ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചെറിയൊരു കുറി ഭീമമായ പാഠഭേദങ്ങൾക്കു കാരണമാകും. ബൈബിളിലെ യിരമ്യാ പ്രവാചകൻ യഹൂദ റബ്ബിമാരുടെ ആ പ്രവൃത്തിയെ ശക്തമായ ഭാഷയിൽ ശകാരിക്കുന്നതു കാണാം: "ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; അവർ യഹോവയുടെ വചനം ധിക്കരിച്ചു കളഞ്ഞുവല്ലോ; അവരിൽ എന്തു ജ്ഞാനമാണുള്ളത് ?" ( യിരമ്യാവ് 8/8,9).
ഇനി പറഞ്ഞു വന്ന വിഷയത്തിലേക്കു വരട്ടെ. നബിതിരുമേനി ﷺയെ കുറിച്ചുള്ള പ്രവചനങ്ങളെ ശാസ്ത്രിമാരുടെ കള്ളയെഴുത്തു കോലുകൾ എങ്ങനെ വളച്ചൊടിച്ചു എന്ന കാര്യം സുതരാം വ്യക്തമാക്കുന്നതാണ് യെശയ്യാ പുസ്തകം 42:1 വചനം. Westminster Leningrad Codex ൽ നിന്നാണ് ഉദ്ധരണം.
הן עבדי אתמך בו בחירי
"ഹേൻ 'അബ്ദീ എത്മൊക്, ബോ ബെഖീരീ" : "ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ!". ഈ വചനത്തിലെ മൂന്നാമത്തെ പദമായ എത്മൊക് അപ്പടിയായിരുന്നില്ലെന്നും മൂലപദമായ അഹ്മദ് തിരുത്തിയതാണെന്നുമാണ് നിരീക്ഷണം. ഉപോത്ബലകമായ ചില കാര്യങ്ങൾ പറയാം.
1. യെശയ്യാവിന്റെ പുസ്തകത്തിൽ ഇതിനു സമാനമായ മറ്റു സ്ഥലങ്ങൾ
ഉദാഹരിക്കാം.
20:3 - "പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ......"
22:20 - "ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും"
37:35 - “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും”
41:8 - “നീയോ, എന്റെ ദാസനായ യിസ്രായേലേ...."
ഈ വചനങ്ങളിലെല്ലാം עבדי - 'അബ്ദീ എന്ന പദത്തിനു ശേഷം കൃത്യമായ ഒരു വ്യക്തിനാമം പറഞ്ഞിരിക്കുന്നു. യെശയ്യാ പ്രവാചകൻ തന്റെ പതിവു ശൈലിക്കു വിപരീതമായി ഇവിടെ മാത്രം അതു വേണ്ടാ എന്നു നിശ്ചയിച്ചതിനു യുക്തമായ കാരണം പറയാനില്ല.
തീർച്ചയായും അവിടെ യെശയ്യാവ് ഉപയോഗിച്ചത് ഒരു വ്യക്തി നാമം തന്നെയായിരുന്നിരിക്കണം. ചെറിയ ഒരു കൈക്രിയ കൊണ്ട് അതു അപ്പാടെ മാറ്റിക്കളഞ്ഞു. നോക്കൂ, אתמך എന്നതിനു പകരം אחמד എന്നു ചേർത്തു വായിച്ചു നോക്കൂ: "ഹേൻ 'അബ്ദീ അഹ്മദ്, ബോ ബെഖീരീ" - ഇതാ എന്റെ ദാസനായ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ".
2. സെപ്റ്റ്വാജിന്റ് പരിഭാഷ ഉയർത്തുന്ന ചോദ്യം
ലളിതമായി പറഞ്ഞാൽ പിൽക്കാലത്ത് ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ഹീബ്രു ബൈബിളിന്റെ യഹൂദന്മാർ തയ്യാറാക്കിയ ഗ്രീക്ക് പരിഭാഷയാണ് സെപ്റ്റ്വജിന്റ്. അക്കാലത്ത് സാധാരണക്കാരുടെ വ്യവഹാരങ്ങളിൽ നിന്നു ഹീബ്രുഭാഷ അപ്രത്യക്ഷമാവുകയും അതു "ലെശോൻ ഹക്കോദേശെ" അഥവാ "വിശുദ്ധ ഭാഷ" എന്ന പേരിൽ യഹൂദ പ്രാർഥനകൾക്കും വിശുദ്ധ തിരുവെഴുത്തുകൾക്കും മാത്രമായി ചുരുങ്ങുകയും ചെയ്തു. ഈ കാലത്ത് സാധാരണക്കാർ ഉപയോഗിച്ചിരുന്നത് ഗ്രീക്ക് ആയിരുന്നത് കൊണ്ടാണ് ഈ ഭാഷയിലേക്ക് വേദങ്ങൾ പരിഭാഷ ചെയ്യേണ്ടി വന്നത്.
സെപ്റ്റ്വാജിന്റ് എന്ന പേര് പിൽക്കാലത്ത് ഉണ്ടായതാണ്. ലാറ്റിൻ ഭാഷയിലെ septuaginta interpretum versio അഥവാ, 70 ദ്വിഭാഷികളുടെ പരിഭാഷ (ഗ്രീക്ക്: η μετάφραση των εβδομήκοντα) എന്ന പദത്തിൽ നിന്നാണ് ആ പേരുണ്ടായത്. എഴുപതിനെ കാണിക്കുന്ന LXX എന്ന റോമൻ സംഖ്യ ഉപയോഗിച്ചു സൂചിപ്പിക്കുന്നു. ഈജിപ്റ്റിലെ ടോളമി രണ്ടാമൻ രാജാവിന്റെ (ക്രി.മു.285-246) അഭ്യർഥയനുസരിച്ച് ഇസ്രായേലിൽ നിന്നു അലക്സാണ്ഡ്രിയയിലേക്ക് അയക്കപ്പെട്ട 72 പണ്ഡിതശ്രേഷ്ഠർ 72 ദിവസം കൊണ്ടാണ് പരിഭാഷ നടത്തിയത് എന്ന കഥയിൽ നിന്നാണ് 72 നോടു ഏറ്റവും അടുത്ത പതിറ്റു സംഖ്യയായ എഴുപതുമായി ബന്ധപ്പെട്ട സെപ്റ്റ്വാജിന്റ് എന്ന പേരുണ്ടായത് എന്നു പറയപ്പെടുന്നുണ്ടെങ്കിലും ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ തുടങ്ങി ഘട്ടം ഘട്ടമായി നിർവഹിക്കപ്പെട്ട ഈ പരിഭാഷ ക്രി.മു. ഒന്നാം നൂറ്റാണ്ടിലാണ് പൂർത്തിയായത് എന്നാണ് ചരിത്രമതം.
നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന യെശയ്യാവിലെ 42:1 വചനത്തിന് സെപ്റ്റ്വാജിന്റ് നൽകുന്ന പരിഭാഷ ഇങ്ങനെയാണ്:
Ιακωβ ὁ παῖς μου, ἀντιλήμψομαι αὐτοῦ· Ισραηλ ὁ ἐκλεκτός μου,
യാക്കോബ് ഹോ പൈസ് മൗെ, അന്റിലെംപ്സോമായ് ഔറ്റൗെ, ഇസ്രയേൽ ഹോ എക്ളെക്റ്റൊസ് മൗെ,
യാക്കോബ് എന്റെ ദാസനാകുന്നു, ഞാനവനെ സഹായിക്കും, ഇസ്രയേൽ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ.
യേശുവിന്റെ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ യെശയ്യാ വചനം ഒരു പ്രവചനമായി അംഗീകരിക്കാൻ യഹൂദ പുരോഹിതൻമാർ കൂട്ടാക്കിയിരുന്നില്ല എന്നു വേണം അനുമാനിക്കാൻ. അവർ അഹ്മദ് എന്ന പദം പരിഭാഷയിൽ ഉൾപ്പെടുത്തിയില്ല! അതിനു പകരം യാക്കോബ്, ഇസ്രയേൽ എന്നിങ്ങനെ രണ്ടു പദങ്ങൾ കൂട്ടിച്ചേർക്കുകയും ഈ വാക്യം യിസ്രയേൽ ജനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്നതാണ് എന്നു വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു.
ക്രൈസ്തവർ എത്മൊക് എന്നു തിരുത്തി എഴുതുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പാണിത് എന്നു പ്രത്യേകം മനസ്സിലാക്കണം. യേശുവിന്റെ കാലത്ത് അരമായ ആയിരുന്നു സംസാരഭാഷ. ഇക്കാലത്ത് ഹീബ്രു ലെശോൻ ഹകാമീം - പണ്ഡിതഭാഷ ആയി യഹൂദ പുരോഹിതൻമാരുടെ ഇടയിൽ നിലനിന്നിരുന്നു എന്നു പറയുന്നവരുണ്ട്. ശരിയാകാം, ഈ രണ്ടു ഭാഷകളും തമ്മിൽ അത്രമേൽ സാമ്യതകളുണ്ട്. മാത്രമല്ല, സ്വന്തമായ ലിപിയില്ലാതിരുന്നതിനാൽ ഹീബ്രു ലിപികളിലാണ് അരമായ എഴുതിയിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. യേശുവിന്റെ കാലത്തെ യഹൂദൻമാർക്കും ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവർക്കും പരിചയമുണ്ടായിരുന്ന പഴയ നിയമ ബൈബിൾ സെപ്റ്റ്വാജിന്റ് തന്നെ. ബൈബിൾ എന്ന പദം പോലും ഗ്രീക്കിലെ ബിബ്ളോസ് എന്ന പദത്തിൽ നിന്നുണ്ടായതാണല്ലോ.
പിന്നീട്, യേശുവിനു ശേഷം നാലാം നൂറ്റാണ്ടിൽ ജെറോം എന്ന പണ്ഡിതൻ പിൽക്കാലത്ത് ലാറ്റിൻ വൾഗേറ്റ് എന്നറിയപ്പെട്ട ലാറ്റിൻ പരിഭാഷ തയ്യാറാക്കി. അഞ്ചാം നൂറ്റാണ്ടിൽ ആണ് സുറിയാനി പ്‌ശീത്താ ബൈബിൾ പരിഭാഷ വന്നത്. ഗ്രീക്ക്, റോമൻ ആധിപത്യ കാലങ്ങളിൽ മദ്ധ്യപൗരസ്ത്യ ദേശത്തെ യഹൂദരുടെ സംസാര ഭാഷയായിരുന്ന അരമായയുടെ ഒരു ഉപഭാഷയോ, ഉപഭാഷകളുടെ കൂട്ടായ്മയോ ആയിരുന്നു സുറിയാനി. സിറിയയിലും മെസൊപെട്ടോമിയയിലും ഹീബ്രു ലിപിക്കു പകരം കൂടുതൽ ഒഴുക്കുള്ള വ്യതിരിക്തമായ ലിപികൾ സുറിയാനിയിൽ ഉപയോഗിച്ചിരുന്നു. പ്ശീത്ത എന്നാൽ ലളിതം എന്നാണർഥം. ലളിതമായ സുരിയാനി ഭാഷാന്തരമായാണ് ഇതിനെ പരിചയപ്പെടുത്തുന്നത്.
ഈ പരിഭാഷകളുടെയെല്ലാം പ്രധാന അവലംബം സെപ്റ്റ്വാജിന്റ് തന്നെയായിരുന്നു. എന്നിട്ടും ക്രൈസ്തവ പണ്ഡിതന്മാർ യെശയ്യാവ് 42:1 പരിഭാഷ ചെയ്തപ്പോൾ യാക്കോബ്, ഇസ്രയേൽ എന്നീ പദങ്ങൾ അതിൽ വന്നില്ല!! കാരണം, ഹീബ്രു ബൈബിളിനോട് തുലനം ചെയ്തപ്പോൾ യാക്കോബ്, ഇസ്രയേൽ എന്നീ പദങ്ങൾ യഹൂദന്മാർ വ്യാജമായി എഴുതിച്ചേർത്തതാണ് എന്ന് അവർ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, ഈ വചനം പ്രവചന സ്വഭാവിയാണ് എന്നും അവർക്കു അറിയാമായിരുന്നു!
3. മത്തായി സുവിശേഷം എത്മൊക് തള്ളുന്നു
ബൈബിൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാമത്തെ സുവിശേഷം മത്തായിയുടെ പേരിൽ അറിയപ്പെടുന്നതാണ്. എഡി ഒന്നാം നൂറ്റാണ്ടിലെ യഹൂദ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യഹൂദ-ക്രിസ്തീയ രചനയാണിത്. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും ഹീബ്രുഭാഷയിലാണ് ഇതിന്റെ മൂലം എഴുതപ്പെട്ടതെന്ന അവകാശവാദം ചില ആദിമ ക്രിസ്തീയ ലിഖിതങ്ങളിൽ കാണാം.
എഴുതിയത് ആരോ ആകട്ടെ, ഹീബ്രുവിലോ ഗ്രീക്കിലോ ആകട്ടെ യെശയ്യാവ് 42:1 വചനം ഒരു പ്രവചനമായി ഇതിലുദ്ധരിച്ചിട്ടുണ്ട്. മൂലവചനവുമായി ഇതിനുള്ള വ്യത്യാസം താരതമ്യം ചെയ്യുക:
"ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ" (മത്തായി 12:17). "ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ!" (യെശ. 42:1).
ഇതിന്റെ ഹീബ്രു മൂലങ്ങൾ താരതമ്യം ചെയ്യുക: הן עבדי בחרתי / ഹേൻ 'അബ്ദീ ബെഖർതീ (മത്തായി). הן עבדי אתמך־בו בחירי / ഹേൻ 'അബ്ദീ എത്മൊക് ബോ ബെഖീരീ (യെശയ്യാവ്).
എന്താണ് വ്യത്യാസം? "ഞാൻ താങ്ങുന്ന" / whom I uphold എന്ന വാക്ക് അഥവാ אתמך - എത്മൊക് എന്നത് ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു!!!
ഇക്കാര്യം ബൈബിൾ പണ്ഡിതൻമാർ തന്നെ അംഗീകരിച്ചിട്ടുണ്ട്. Matthew Poole's Commentary ഈ വാക്യത്തിന് നൽകുന്ന വ്യാഖ്യാനമിങ്ങനെ: Matthew seems to have left out whom I uphold, and to have taken the next words, mine elect, and to have translated them, whom I have chosen.
"ഞാൻ താങ്ങുന്ന" (אתמך - എത്മൊക്) എന്ന പദം ഒഴിവാക്കി പകരം അതിനപ്പുറത്തുള്ള "എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ" എന്ന വാചകത്തെ "ഞാൻ തിരഞ്ഞെടുത്ത" എന്നു പരിഭാഷപ്പെടുത്തുകയുമാണ് മത്തായി ചെയ്തതെന്നു തോന്നുന്നു.
ബൈബിളിൽ ചേർത്തിട്ടുള്ള കാനോനിക സുവിശേഷങ്ങളുടെ ഗണത്തിൽ ഹീബ്രു ഭാഷയും ഹീബ്രു ബൈബിളും ഏറ്റവും നന്നായി അറിയാവുന്ന ആളാണ് സുവിശേഷകാരൻ. എങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം എത്മൊക് എന്ന പദം ഉപേക്ഷിച്ചത്?
ഉത്തരം ലളിതമാണ്. യഹൂദമതത്തിലെ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ ഉന്നം യേശുവാണ് എന്നു സ്ഥാപിക്കാനാണ് ഇദ്ദേഹം സുവിശേഷം രചിച്ചത്. ഈ ലക്ഷ്യത്തിനായി നിരന്തരം പഴയനിയമ പുസ്തകങ്ങളെ ഉദ്ധരിക്കുന്നു. അവർക്കു പ്രിയമുള്ള ശൈലിയിൽ വംശാവലി ചേർക്കുന്നു. എന്തിനധികം ഈ സുവിശേഷം പോലും പഞ്ചഗ്രന്ഥികൾ എന്നറിയപ്പെടുന്ന യഹൂദ ഗ്രന്ഥമായ തോറയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ അഞ്ചു ഖണ്ഡങ്ങളായി രചിച്ചിരിക്കുന്നു! യേശു വന്നതു തന്നെ തോറയുടെ നിവർത്തിപ്പാനാണ് എന്നു പരിചയപ്പെടുത്തുന്നു!!!
ഹീബ്രു ബൈബിളിൽ മത്തായി സുവിശേഷകാരൻ കണ്ടത് אתמך - എത്മൊക് എന്നായിരുന്നുവെങ്കിൽ അദ്ദേഹം നിസ്സങ്കോചം ആ പദം ഉദ്ധരിക്കുമായിരുന്നു. കാരണം, ആ പദം അപ്പടി നിലനിർത്തുന്നതു കൊണ്ട് അതിന്റെ പ്രമേയം യേശുക്രിസ്തുവാണെന്നു പറയുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അതേസമയം, אחמד അഹ്മദ് എന്ന് ഉദ്ധരിച്ചാൽ അതെങ്ങനെ സാധ്യമാകും?! അതെങ്ങനെ യേശുവിൽ നിവൃത്തിയാക്കും??!
രണ്ടു കാര്യങ്ങൾ ഉറപ്പ്. ഒന്ന്. אחמד - അഹ്മദ് എന്ന പദം കാണാതിരുന്നതോ കണ്ടിട്ടും അവഗണിച്ചതോ ആവാം. രണ്ട്. אתמך - എത്മൊക് എന്ന പദം അദ്ദേഹത്തിനു പരിചയമില്ല.
ഇതോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കുക. മത്തായി സുവിശേഷത്തിലെ ഈ വചനത്തിന്റെ തുടർച്ച ഇങ്ങനെയാണ്: "എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ" വിവിധ ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ My beloved, My dearly loved One, whom I love, the one I love എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുള്ളത് എന്റെ പ്രിയൻ എന്ന പദമാണ്. ἀγαπητός എന്നാണ് ഗ്രീക്കിൽ ഉപയോഗിച്ചിട്ടുള്ള മൂലപദം. അറബിയിൽ അതിന്റെ ശരിയായ അർഥം അഹ്മദ്, മുഹമ്മദ് എന്നാണ്! ഇക്കാര്യം ഈ പ്രബന്ധത്തിന്റെ ഒന്നാം ഭാഗം (ഹിംദ പ്രവാചകനും ഷാലോം മതവും) സ്പഷ്ടമായി വിവരിച്ചിരിക്കയാൽ ആവർത്തിക്കുന്നില്ല.
4. ബോ എന്ന പദം സൃഷ്ടിക്കുന്ന പ്രതിസന്ധി
തമാക് - תָּמַך എന്ന മൂലത്തിൽ നിന്ന് നിഷ്പന്നമായ വ്യത്യസ്ത പദങ്ങൾ ബൈബിൾ പഴയനിയമത്തിൽ (തനാക്) ആകെ 21 തവണ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെ ഒരിടത്തു മാത്രമാണ് എത്മോക് എന്ന ഭാവികാല രൂപത്തിലുള്ള ഉത്തമപുരുഷ ഏകവചന ക്രിയ (first person singular) ഉപയോഗിച്ചിട്ടുള്ളത്. എത്മോക് എന്ന പദത്തിലേക്ക് മാത്രം നോക്കുമ്പോൾ വ്യാകരണപ്പിഴവുകളൊന്നും പറയാനില്ലെങ്കിലും തൃതീയ പുരുഷ രൂപത്തിലുള്ള പുല്ലിംഗം ഏകവചനമായ (third person masculine singular) സർവനാമവും ബ എന്ന വിഭക്ത്യുപസർഗവും ചേർന്നുള്ള בּוֹ - ബോ എന്ന പദത്തിനോടു ചേർത്തു അർഥപൂർണമായ ഒരു വാചകം രൂപീകരിക്കുന്നതിൽ ഭാഷാ ശാസ്ത്രമനുസരിച്ച് പൊരുത്തക്കേടുണ്ട്. ഓരോ പദത്തിനും വെവ്വേറെ അർഥം പറഞ്ഞാൽ ഈ ന്യൂനത മനസ്സിലാകും.
ഹേൻ - הן - ഇതാ
'അബ്ദീ - עבדי - എന്റെ അടിമ
എത്മോക് - אתמך - അവനെ ഞാൻ താങ്ങും.
ബോ - בו - അവന്റെ മേൽ
ബെഖീരി - בחירי - എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ
അവനെ ഞാൻ താങ്ങും (എത്മോക്) എന്ന പദം തമാക് -ന്റെ ഭാവികാല ക്രിയയാണ്. 'അബ്ദീ എന്നതിന്റെ വിശേഷണം. അപ്പോൾ ഈ വചനത്തിന്റെ അർഥം ഇങ്ങനെയാണ്: ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ. അവന്റെ മേൽ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ. "അവന്റെ മേൽ" എന്ന പദം കല്ലുകടിയായി വരുന്നതു കണ്ടില്ലേ?!
ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ബൈബിൾ പണ്ഡിതൻമാർ തന്നെയാണ്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന നയമാണ് അവർ സ്വീകരിച്ചത്. ഇംഗ്ലീഷിലെ New International Version, New Living Translation, English Standard Version, New, American Standard Bible, King James Bible, Holman Christian Standard Bible, International Standard Version, NET Bible, Aramaic Bible in Plain English, GOD'S WORD Translation, Jubilee Bible 2000, King James 2000 Bible, American King James Version, American Standard Version, Douay-Rheims Bible, Darby Bible Translation, English Revised Version, Webster's Bible Translation, Weymouth New Testament, World English Bible, Young's Literal Translation എന്നീ പരിഭാഷകൾ ഞാൻ പരിശോധിച്ചിട്ടുണ്ട്. ബോ എന്ന പദത്തിന്റെ അർഥം ഇവരെല്ലാവരും വിട്ടു കളഞ്ഞിരിക്കുന്നു! മലയാളവും അറബിയും ഉൾപ്പടെ എല്ലാ ഭാഷയിലെയും പരിഭാഷകളിൽ ബോ എന്ന പദത്തിന്റെ അർഥം ഒഴിവാക്കിയിരിക്കുന്നു!! അതിലേറെ അതിശയിപ്പിക്കുന്നതാണ് ബൈബിൾ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയ ജെയിംസ് സ്ട്രോങിന്റെ ലെക്സിക്കൺ ഒപ്പത്തിനൊപ്പം ചേർത്തു പ്രസിദ്ധീകരിച്ച New American Standard Bible Lexicon പോലെയുള്ള ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രത്തിൽ കാണുന്നതുപോലെ ഹീബ്രു മൂലത്തിൽ തന്നെ ബോ എന്ന പദം വെട്ടി ഒഴിവാക്കിയിരിക്കുന്നു!!!
ഒരു കാര്യം ഉറപ്പായിരിക്കുന്നു, ആരുടെയോ കൈയബദ്ധത്തിൽ തെറ്റായി കയറിക്കൂടിയതാണ് ഈ പദം. എത്മോക് / അഹ്മദ് אחמד / אתמך എന്നീ പദങ്ങൾക്കുള്ള സാധാരണ ഗതിയിൽ പിടിക്കപ്പെടാൻ പ്രയാസമുള്ള സാദൃശ്യം മാത്രം പരിഗണിച്ചു കയ്യെഴുത്തു പതിപ്പിൽ തിരുത്തൽ വരുത്തുമ്പോൾ ഇമ്മാതിരി വയ്യാവേലികൾ എഴുന്നെള്ളുമെന്നു ആരോർക്കാനാണല്ലേ!!!
ഇനി ഈ വചനം എങ്ങനെയായിരുന്നിരിക്കും എന്നാലോചിച്ചു നോക്കൂ. הן עבדי אחמד, בחירי - ഹേൻ 'അബ്ദീ അഹ്മദ്, ബെഖീരീ - "ഇതാ, എന്റെ ദാസനായ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ.
ഇനി യെശയ്യാ പ്രവചനത്തിന്റെ ബാക്കി ഭാഗങ്ങൾ വായിക്കാം. അതിനു മുമ്പ് ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ നിന്നു ഏതാനും ഉദ്ധരണികൾ ചേർക്കാം.
5. ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ
ആദ്യകാലത്ത് യഹൂദ റബ്ബി ആയിരുന്ന മഹാനായ കഅ്ബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി ﷺയെ കുറിച്ചുള്ള പരാമർശങ്ങൾ ധാരാളം ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. ചരിത്രകാരനായ ഇബ്നു അസാകിർ താരീഖു മദീനതി ദിമശ്ഖ് 1/186 ൽ ഉദ്ധരിക്കുന്നു:
أجد في التوراة: أحمد عبدي المختار، لا فظ ولا غليظ ولا صخاب في الأسواق ولا يجزيء بالسيئة السيئة ولكن يعفو ويغفر.
"തോറയിൽ ഞാനിങ്ങനെ കാണുന്നു: ഇതാ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ ദാസൻ, അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, പൊറുത്തു കൊടുക്കുന്നു".
ഈ വാക്യങ്ങളിലെ أحمد عبدي المختار / അഹ്മദ് 'അബ്ദീ അൽമുഖ്താർ (ഇതാ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ ദാസൻ) എന്ന വാക്യവും യെശയ്യാവിലെ הן עבדי אחמד, בחירי / ഹേൻ 'അബ്ദീ അഹ്മദ്, ബെഖീരീ (ഇതാ, എന്റെ ദാസനായ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ) എന്ന വാക്യവും തമ്മിൽ താരതമ്യം ചെയ്യുക. സത്യം നിങ്ങളെ വഴി നടത്താതിരിക്കില്ല!
വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി റ. ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. ചില നിവേദനങ്ങൾ ആരംഭിക്കുന്നത് عبدي المتوكل المختار : "ഇതാ ഏറ്റെടുക്കപ്പെട്ടവനായ എന്റെ ദാസൻ, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ" എന്നാണ്.
കഅ്ബുൽ അഹ്ബാർ റ. ആദ്യകാലത്ത് യഹൂദറബ്ബിയായിരുന്നു എന്നു പറഞ്ഞല്ലോ. ജീവിച്ചിരുന്നത് യമനിൽ ആയിരുന്നതിനാൽ അദ്ദേഹം നബി തിരുമേനി ﷺയെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. ഇസ്‌ലാം സ്വീകരിച്ചത് എന്നാണെന്നു കൃത്യമായി പറയുന്ന കാര്യത്തിൽ അഭിപ്രായ ഭേദങ്ങൾ കാണുന്നുണ്ട്. നബി തിരുമേനി ﷺയുടെ ഭൗതികവിയോഗം ഉണ്ടാകുന്നതിനു മുമ്പ് യമനിൽ ഇസ്‌ലാമിക പ്രവർത്തനങ്ങൾക്കു വേണ്ടി അലീ ബ്നു അബീത്വാലിബ് റ. വന്നപ്പോൾ അദ്ദേഹം മുഖേനയാണ് കഅ്ബ് റ. ഇസ്‌ലാം സ്വീകരിച്ചതെന്നു ചരിത്രപണ്ഡിതനായ ഇബ്നു സഅ്ദിന്റെ കിതാബു ത്വബഖാതിൽ കബീർ 7/156 രേഖപ്പെടുത്തുന്നു. വാഗ്ദത്ത പ്രവാചകനെ സംബന്ധിച്ച് തോറയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നബിതിരുമേനി ﷺയിൽ പുലർന്നു കണ്ടതിനാലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പുരാവസ്തു ഗവേഷണങ്ങൾ അനുസരിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള വിവരമനുസരിച്ച് എഡി 867 ലാണ് ആദ്യത്തെ അറബിക് ബൈബിൾ രചിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും, അറബികൾക്കും യഹൂദ ക്രൈസ്തവ വേദങ്ങളിലുള്ള പ്രവചനങ്ങളെ പറ്റി ധാരണയുണ്ടായിരുന്നു. ധാരാളം യഹൂദൻമാർ വാഗ്ദത്ത പ്രവാചകനെ പ്രതീക്ഷിച്ച് അറേബ്യയിൽ വന്നു താമസിച്ചിരുന്നു! ഇസ്‌ലാം പൂർവകാലത്ത് ക്രിസ്തുമതത്തിലേക്കു മതം മാറിയ വേദപണ്ഡിതനായിരുന്ന വറഖത് ബ്നു നൗഫൽ ഹീബ്രു ബൈബിളിൽ പറഞ്ഞിരിക്കുന്ന തിരുനബി ﷺയെ കുറിച്ചുള്ള സുവിശേഷങ്ങൾ അറബിയിലേക്ക് തർജ്ജമ ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി റ. രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് തിരുദൂതർ ﷺയുടെ നിയോഗമുണ്ടായപ്പോൾ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു എന്ന് ഇബ്നു അബീ ശയ്ബയുടെ മുസ്വന്നഫ് 14/293, ഇബ്നു ഇസ്ഹാഖിന്റെ സീറതു ന്നബവിയ്യ 113, ഇമാം ബൈഹഖിയുടെ ദലാഇലു ന്നുബുവ്വ 2/158, ഇബ്നു കഥീറിന്റെ അൽബിദായതു വന്നിഹായ 3/ 9,10 എന്നിങ്ങനെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വൃദ്ധനും കണ്ണിനു അന്ധത ബാധിച്ച ആളുമായിരുന്നു എന്നും ഇമാം ബുഖാരി തന്നെ എഴുതുന്നു. അതിനാൽ വറഖത് റ.വിന്റെ തർജ്ജമ ഗ്രന്ഥരൂപത്തിൽ ആയിരുന്നിരിക്കാൻ ഇടയില്ല. അതേ സമയം, സുരിയാനി പരിഭാഷ അവിടെ ഉണ്ടായിരുന്നു. യുവാവായിരുന്ന സൈദ് റ.വിനെ സുരിയാനി ഭാഷ പഠിക്കാൻ തിരുമേനി ﷺ നിയോഗിച്ചിരുന്നു എന്ന കാര്യം മിക്കവാറും എല്ലാ ചരിത്രകാരൻമാരും രേഖപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം, തിരുമേനി ﷺക്കു വേണ്ടി അവരുമായുള്ള എഴുത്തുകുത്തുകൾ നിർവഹിച്ചിരുന്നത് അദ്ദേഹമായിരുന്നല്ലോ.
പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് റ.വിനെ കണ്ടപ്പോൾ തൗറാതിൽ തിരുനബി ﷺയെ കുറിച്ചു പറഞ്ഞിട്ടുള്ള വിശേഷണങ്ങളെ പറ്റി അത്വാഉ ബ്നു യസാർ റ. ആരായുകയുണ്ടായി. അദ്ദേഹം നൽകിയ വിശ്രുതവും സുദീർഘവുമായ മറുപടിയിലും പിൽക്കാലത്ത് കഅ്ബ് റ. ഉദ്ധരിച്ച കാര്യങ്ങളത്രയും പരാമർശിച്ചിട്ടുണ്ട്! അതിന്റെ അവസാനത്തിൽ ഇങ്ങനെ കൂടി പറയുന്നു: ഏറ്റവും തലതിരിഞ്ഞ ജനത 'അല്ലാഹുവല്ലാതെ യാതൊരാളും ആരാധ്യനായി ഇല്ല' എന്നു പറഞ്ഞു കൊണ്ടു നേർമാർഗം പ്രാപിക്കുവോളം അല്ലാഹു അവിടുത്തെ പ്രാണനെ പിടിക്കുകയില്ല. ആ വാചകം നിമിത്തം അവിടുന്ന് കുരുട്ടു കണ്ണുകളെ തുറക്കും. ബധിരമായ കാതുകളും അടഞ്ഞ ഹൃദയങ്ങളും തുറക്കും."
(ولن يقبضه الله حتى يقيم به الملة العوجاء بأن يقولوا: لا إله إلا الله ويفتح بها أعينًا عميًا وأذانًا صمًا وقلوبًا غلفًا).
അക്കാലത്തെ യഹൂദൻമാർക്കിടയിൽ പരക്കെ അറിയപ്പെട്ടിരുന്നതും വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നതുമായിരുന്നു ഈ വചനങ്ങൾ. യഹൂദരുടെയും ക്രൈസ്തവരുടെയും സാധാരണ ഉപയോഗങ്ങളിൽ പ്രയോഗിക്കുന്നതു പോലെ പഴയനിയമ പുസ്തകങ്ങളെ മൊത്തത്തിലാണ് ഇവിടെ തോറ എന്നു വ്യവഹരിച്ചിരിക്കുന്നത്.
6. യെശയ്യാ പ്രവചനത്തിന്റെ പൂർണരൂപം
ഇനി നിലവിലുള്ള ബൈബിൾ പഴയ നിയമത്തിലെ യെശയ്യാ പുസ്തകം 42-ാം അധ്യായത്തിലെ ഏതാനും വരികൾ വായിക്കാം. ഒന്നാം വചനത്തിൽ അവർ വരുത്തിയിട്ടുള്ള പാഠഭേദം നിങ്ങളുടെ ഓർമയിലുണ്ടാകുമല്ലോ.
1. הֵ֤ן עַבְדִּי֙ אֶתְמָךְ־בֹּ֔ו בְּחִירִ֖י רָצְתָ֣ה נַפְשִׁ֑י נָתַ֤תִּי רוּחִי֙ עָלָ֔יו מִשְׁפָּ֖ט לַגֹּויִ֥ם יֹוצִֽיא:
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. ഞാന്‍ തെരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കും; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.
2. לֹ֥א יִצְעַ֖ק וְלֹ֣א יִשָּׂ֑א וְלֹֽא־יַשְׁמִ֥יעַ בַּח֖וּץ קֹולֹֽו׃
അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.
3. קָנֶ֤ה רָצוּץ֙ לֹ֣א יִשְׁבֹּ֔ור וּפִשְׁתָּ֥ה כֵהָ֖ה לֹ֣א יְכַבֶּ֑נָּה לֶאֱמֶ֖ת יֹוצִ֥יא מִשְׁפָּֽט׃
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; മങ്ങിയ തിരി കെടുത്തുകളകയില്ല; അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.
4. לֹ֤א יִכְהֶה֙ וְלֹ֣א יָר֔וּץ עַד־יָשִׂ֥ים בָּאָ֖רֶץ מִשְׁפָּ֑ט וּלְתֹורָתֹ֖ו אִיִּ֥ים יְיַחֵֽילוּ׃
ഭൂമിയിൽ നീതി സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.
5. כֹּֽה־אָמַ֞ר הָאֵ֣ל ׀ יְהוָ֗ה בֹּורֵ֤א הַשָּׁמַ֙יִם֙ וְנֹ֣וטֵיהֶ֔ם רֹקַ֥ע הָאָ֖רֶץ וְצֶאֱצָאֶ֑יהָ נֹתֵ֤ן נְשָׁמָה֙ לָעָ֣ם עָלֶ֔יהָ וְר֖וּחַ לַהֹלְכִ֥ים בָּֽהּ׃
ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ജീവനും അതിൽ ചരിക്കുന്നവര്‍ക്കു പ്രാണനെയും കൊടുക്കയും ചെയ്ത ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6. אֲנִ֧י יְהוָ֛ה קְרָאתִ֥יךָֽ בְצֶ֖דֶק וְאַחְזֵ֣ק בְּיָדֶ֑ךָ וְאֶצָּרְךָ֗ וְאֶתֶּנְךָ֛ לִבְרִ֥ית עָ֖ם לְאֹ֥ור גֹּויִֽם:
ഞാൻ, യഹോവ, ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി നിന്നെ കാക്കും; നിന്നെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നല്‍കുകയും ചെയ്തിരിക്കുന്നു;
7. לִפְקֹ֖חַ עֵינַ֣יִם עִוְרֹ֑ות לְהֹוצִ֤יא מִמַּסְגֵּר֙ אַסִּ֔יר מִבֵּ֥ית כֶּ֖לֶא יֹ֥שְׁבֵי חֹֽשֶׁךְ׃
കുരുട്ടുകണ്ണുകളെ തുറപ്പാനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി.
ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടല്ലാതെ സത്യവിശ്വാസികൾക്ക് ഈ വരികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുകയില്ല. ഓരോ വരികളും മനുഷ്യാനുഭവ ചരിത്രം മുന്നിൽ വെച്ച് നമ്മോടു പറയും ആരാണ് യഹോവ താങ്ങുന്ന / ഏറ്റെടുത്തിരിക്കുന്ന ദാസൻ എന്ന്. ആരാണ് പ്രതിസന്ധികൾക്ക് മുന്നിൽ അടിപതറാതെ, പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ, ബഹിഷ്കരണങ്ങളിലും ഉപരോധങ്ങളിലും തളരാതെ, യുദ്ധങ്ങളിലും സമരങ്ങളിലും അധൈര്യപ്പെടാതെ, തന്റെ കയ്യാൽ നീതി സമ്പൂർണമായി സ്ഥാപിക്കപ്പെടുന്നതു വരെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നിലകൊണ്ടതെന്ന്. ആരെയാണ് കല്ലെറിഞ്ഞു കൊല്ലാൻ വിടാതെ, ഈർച്ചവാൾകൊണ്ടു രണ്ടായി പകുത്തെടുത്തു വധിക്കപ്പെടാൻ ഇടയാക്കാതെ, കഴുത്തറുത്തെടുത്തു താലത്തിൽ വെച്ചാസ്വദിക്കാൻ അനുവദിക്കാതെ, വളഞ്ഞിട്ടു പിടിച്ചു ക്രൂശിച്ചു കൊല്ലാനയക്കാതെ, ബഹിഷ്കരിക്കുകയും യുദ്ധത്തിനു വരുകയും ചെയ്ത ഏറ്റവും തലതിരിഞ്ഞ ജനതയെ കൊണ്ടു പോലും താൻ ഉയർത്തിപ്പിടിച്ച വിശ്വാസ പ്രഖ്യാപനം ഏറ്റുപറയുന്നതു വരെ കൈയ്ക്കു പിടിച്ചു നടത്തി യഹോവ കാത്തു സംരക്ഷിച്ചതെന്ന് - സ്വല്ലല്ലാഹു അലയ്ഹി വസല്ലം. അതത്രെ വിശുദ്ധ ഖുർആൻ പറഞ്ഞത്:
"നാം വേദം നല്‍കിയ ജനത്തിന് തങ്ങളുടെ മക്കളെ അറിയുന്നപോലെ തിരുനബിയെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്"(അൽ ബഖറ 146)
(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ).
"നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയും പോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല"(അൽ അൻആം 20).
(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ)
7. ദാസൻ, ആത്മാവ്, ജനത, നിയമം
യെശയ്യാ പ്രവചനത്തിന്റെ ഉന്നം നബി തിരുമേനി ﷺ തന്നെയാണ് എന്നു വ്യക്തമാക്കുന്ന ചില വസ്തുത കൂടി ശ്രദ്ധിക്കുക.
ഒന്ന്. עבדי / 'അബ്ദീ എന്ന പദം. അടിമ ദാസൻ എന്നെല്ലാമാണ് അതിന്റെ അർഥം. യേശു ദൈവത്തിന്റെ അടിമയാണ് എന്നു അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യൻമാർ പറയുന്ന עבדו ישוע / 'അബ്ദോ യെശൂഅ എന്ന വാക്കു പോലും ദൈവത്തിന്റെ പുത്രൻ എന്നാണ് ക്രൈസ്തവർ പരിഭാഷപ്പെടുത്തുന്നത്! (ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം കാണുക). അവരുടെ വിശ്വാസത്തിൽ യേശുവും ദൈവമാണ്! എന്നാൽ, നബിതിരുമേനി ﷺ അല്ലാഹുവിന്റെ അടിമയാണ് എന്നാണ് എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നത്. അതിൽ അവിടുന്ന് അഭിമാനിക്കുകയും ചെയ്തിരുന്നു. തിരുമേനി ﷺയെ യെരൂശലേമിലേക്കു ആനയിച്ച സംഭവം പറയുമ്പോൾ ബി 'അബ്ദിഹി "തന്റെ ദാസനെ" എന്നാണ് വിശുദ്ധ ഖുർആൻ പ്രയോഗിച്ചിരിക്കുന്നത്. ഒരിക്കൽ അവിടുന്ന് ഉണർത്തി:
لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ
മറിയയുടെ പുത്രൻ യേശുവെ കുറിച്ച് ക്രൈസ്തവർ അത്യുക്തി കലർത്തി സംസാരിച്ച പോലെ എന്റെ കാര്യത്തിൽ നിങ്ങൾ ചെയ്യരുത്. തീർച്ചയായും ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു. എന്നെക്കുറിച്ച് "അല്ലാഹുവിന്റെ ദാസനും ദൂതനുമായവൻ" എന്നു നിങ്ങൾ പറയുക (സ്വഹീഹുൽ ബുഖാരി, കിതാബുൽ അമ്പിയാഅ്).
രണ്ട്. "ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കും" എന്ന വാക്യം. רוּחִי֙ / റൂഹീ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിശേഷിച്ചൊരു വിശദീകരണം ആവശ്യമില്ലാതെ ഇക്കാര്യം മനസ്സിലാക്കാം. വിശുദ്ധ ഖുർആൻ 42:52 തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്:
(وَكَذَ ٰلِكَ أَوۡحَیۡنَاۤ إِلَیۡكَ رُوحࣰا مِّنۡ أَمۡرِنَاۚ)
"ഇപ്രകാരം, നമ്മുടെ ആജ്ഞയാലുള്ള ഒരു റൂഹിനെ നാം അങ്ങേക്കു ദിവ്യബോധനം തന്നിരിക്കുന്നു".
മൂന്ന്. "അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും" എന്ന വാക്യം. ഇതിൽ ഉപയോഗിച്ചിട്ടുള്ള גֹּויִ֥ם / ഗോയീം എന്ന പദമാണ് ജനതകൾ എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. ഗോയ് എന്നതിന്റെ ബഹുവചനമാണ് ഗോയീം. മലയാളം ബൈബിൾ പരിഭാഷകൾ ജാതികൾ, വിജാതീയർ, ജനത എന്നെല്ലാമാണ് അർഥം കൊടുത്തിരിക്കുന്നത്.
ബൈബിളിന്റെ സാങ്കേതിക ശബ്ദാവലിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്. ജനത എന്ന പദത്തിന്റെ സാധാരണ അർഥത്തിലല്ല ഇതു ഉപയോഗിച്ചിരിക്കുന്നത്. മറിച്ച്, യിസ്രയേല്യർ / ജൂതൻമാർ അല്ലാത്തവർ എന്ന അർഥത്തിനാണ്.
International Standard Bible Encyclopedia ഈ പദത്തിനു നൽകുന്ന വിശദീകരണം വായിക്കാം: it is commonly used for a non-Israelitish people - യിസ്രയേല്യർ അല്ലാത്ത ജനങ്ങൾ എന്ന അർഥത്തിലാണ് (ബൈബിളിൽ) പൊതുവായി ഈ പദം ഉപയോഗിച്ചിട്ടുള്ളത്.
Easton's Bible Dictionary നൽകുന്ന അർഥം കൂടി നോക്കൂ: meaning in general all nations except the Jews. In course of time, as the Jews began more and more to pride themselves on their peculiar privileges, it acquired unpleasant associations, and was used as a term of contempt. In the New Testament the Greek word Hellenes, meaning literally Greek (as in Acts 16:1, 3; 18:17; Romans 1:14), generally denotes any non-Jewish nation.
സാധാരണ ഗതിയിൽ ജൂതൻമാരല്ലാത്ത എല്ലാ ജനതകളും എന്നാണ് അർഥമാക്കുന്നത്. കാലക്രമത്തിൽ, ജൂതൻമാർ തങ്ങൾക്കുണ്ടായിരുന്ന പ്രത്യേകാനുഗ്രഹങ്ങളിൽ കൂടുതൽ കൂടുതൽ അഹങ്കരിക്കാൻ തുടങ്ങിയപ്പോൾ സന്തോഷകരമല്ലാത്ത ചില അർഥങ്ങൾ കൂട്ടിച്ചേർക്കാൻ തുടങ്ങുകയും ജൂതൻമാരല്ലാത്തവരെ അവമതിക്കുന്നതിനുള്ള പദപ്രയോഗമായി മാറുകയും ചെയ്തു. പുതിയ നിയമത്തിൽ (ഇതിനു തുല്യമായി) ഉപയോഗിച്ചിട്ടുള്ള, അക്ഷരാർത്ഥത്തിൽ യവനൻ എന്നാണ് അർത്ഥമാക്കുന്ന ഗ്രീക്ക് പദമായ ഹെല്ലെൻസ് (അ.പ്രവൃ. 16:1,3; 18:17; റോമർ 1:14 എന്നിവ പോലെ), പൊതുവെ ജൂതൻമാരല്ലാത്ത ജനതകളെയെല്ലാം സൂചിപ്പിക്കുന്നു.
ഗോയീം എന്ന പദം പൊതുവെ ജൂതൻമാരല്ലാത്തവരെയാണ് വിവക്ഷിക്കുന്നതെങ്കിലും യെശയ്യാ പ്രവചനത്തിലെ വാഗ്ദത്ത ദൂതൻ നീതിയും ന്യായവും പഠിപ്പിക്കുന്നത് ലോകത്തെ എല്ലാ ജനങ്ങൾക്കുമായിരിക്കും. Jamieson-Fausset-Brown Bible Commentary രേഖപ്പെടുത്തുന്നതിങ്ങനെ: To the Gentiles; not only to the Jews, to whom the knowledge of God’s laws had been hitherto appropriated, but to the heathen’ nations of the world.
വിജാതീയരോട്; എന്നുവെച്ചാൽ ദൈവത്തിന്റെ നിയമങ്ങളെ കുറിച്ചുള്ള അറിവ് ഇതുവരെ സ്വായത്തമാക്കിയ യഹൂദന്മാർക്ക് മാത്രമല്ല, ലോകത്തിലെ അവിശ്വാസികളായ എല്ലാ ജനതതികളിലേക്കും എന്നർഥം.
ഇനി, തന്റെ ശിഷ്യൻമാരെ നിയോഗിച്ചയക്കുമ്പോൾ യേശുവിന്റെ അധ്യാപനം എന്തായിരുന്നെന്നു കേൾക്കാം: "ഈ പന്ത്രണ്ടു പേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ" (മത്തായി 10:5,6).
യേശു ഒരിക്കൽ സോർ സീദോൻ പ്രദേശങ്ങളിലേക്ക് പോയപ്പോൾ ഒരു കനാന്യ സ്ത്രീ വന്ന് "എന്നോട് കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു" എന്നു ഉറക്കെ നിലവിളിച്ചു പറഞ്ഞ സംഭവം മത്തായി 15: 21-28ൽ ഉദ്ധരിച്ചിട്ടുണ്ട്. യേശു പ്രതികരിച്ചില്ല. അപ്പോൾ ശിഷ്യൻമാർ "അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചു കൊണ്ട് വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ" എന്നു യേശുവിനോട് അപേക്ഷിച്ചു. അപ്പോൾ "യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" എന്നാണ് യേശു പ്രതികരിച്ചത്.
അവൾ വീണ്ടും വന്നു "എന്നെ സഹായിക്കണമേ" എന്നു അഭ്യർഥിച്ചപ്പോൾ "മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല" എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ദൗത്യം യിസ്രയേല്യർ അല്ലാത്തവർക്കു ബാധകമല്ലെന്നു ഇതിലും നന്നായി എങ്ങനെയാണ് പ്രകടിപ്പിക്കാനാവുക.
വിശുദ്ധ ഖുർആനിലും യേശുവിന്റെ ദൗത്യം യിസ്രയേല്യർക്കു മാത്രമായിരുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട് (61:6). എന്നാൽ, നബി തിരുമേനി ﷺയുടെ പ്രബോധന ദൗത്യം യെശയ്യാ പ്രവചനത്തിലുള്ളതു പോലെ യഹൂദരും അല്ലാത്തവരുമായ എല്ലാ ജനതകൾക്കും മൊത്തത്തിൽ ഉള്ളതായിരുന്നല്ലോ. വിശുദ്ധ ഖുർആൻ 7:158, 21:107, 25:1, 34:28 എന്നിവയെല്ലാം ഇതു വ്യക്തമാക്കുന്നുണ്ട്.
വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ട നിരവധി ഹദീസുകളിലൂടെ തിരുനബി ﷺയും ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ഉദാഹരണങ്ങൾ: ഞാന്‍ ചുകന്നവരിലേക്കും കറുത്തവരിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നു (മുസ്നദു അഹ്മദ് : 18902). എന്നാല്‍, ഞാനോ മുഴുവന്‍ മനുഷ്യരിലേക്കും പൊതുവായി നിയോഗിക്കപ്പെട്ടവനാകുന്നു. എനിക്കു മുമ്പുള്ളവര്‍ അവരവരുടെ സമുദായത്തിലേക്ക് മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത് (Ibid : 6771). മുമ്പ് ഓരോ നബിയും നിയോഗിക്കപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ സമുദായത്തിലേക്കായിരുന്നു. ഞാന്‍ നിയുക്തനായത് മുഴുവന്‍ മനുഷ്യരിലേക്കും പൊതുവായിട്ടാകുന്നു (സ്വഹീഹുൽ ബുഖാരി: 323).
നാല്. "ഭൂമിയിൽ നീതി സ്ഥാപിക്കും വരെ അവൻ തളരുകയില്ല, അധൈര്യപ്പെടുകയുമില്ല.". ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന നീതി എന്നതിന്റെ മൂലപദം מִשְׁפָּט / മിശ്ഫാത് എന്നാണ്. ബൈബിൾ ശബ്ദകോശങ്ങളിൽ ഏറ്റവും പ്രശസ്തമായ James Strong's Lexicon H4941 നോക്കുക. കേവലം എന്തെങ്കിലും ഒരു ചട്ടം നടപ്പിലാക്കുന്നതിനെ കുറിച്ചല്ല ആ പദം പറയുന്നത്, സാർവലൗകികവും സർവതല സ്പർശിയുമായ ഒരു ദൈവീക നിയമ വ്യവസ്ഥയെ പറ്റിയാണ്. യിരമ്യാ പ്രവാചകൻ മിശ്ഫാത് എന്നു ഉപയോഗിച്ചിട്ടുണ്ട്: "എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല".
ഇത്തരത്തിലുള്ള ഒരു ദൈവീക നിയമ വ്യവസ്ഥിതിക്ക് അറബിയിൽ ഉപയോഗിക്കുന്ന പദം എന്താണെന്ന് അറിയാത്തവർ വിരളമായിരിക്കും - ശരീഅത്. ഈ വചനത്തിലെ מִשְׁפָּט / മിശ്ഫാത് പ്രതിഫലിപ്പിക്കുന്നത് ഈ അർഥമാണ്.
യെശയ്യാവിനു എത്രയോ മുമ്പ് മോശെ പ്രവാചകൻ സ്വന്തമായി ഒരു ശരീഅത് നടപ്പിൽ വരുത്തി. പിന്നീട് വന്ന പ്രവാചകൻമാരും പുരോഹിതരും അതു തന്നെ പുനരാവിഷ്കരിക്കുകയോ അതിനു വിശദീകരണങ്ങൾ നൽകുകയോ ആണ് ചെയ്തത്. വിശുദ്ധ ഖുർആൻ പറയുന്നു: തീര്‍ച്ചയായും തോറ അവതരിപ്പിച്ചത് നാമാണ്. അതില്‍ വെളിച്ചവും സന്മാര്‍ഗവുമുണ്ട്. ദൈവീക നിയമ വ്യവസ്ഥിതിയെ അംഗീകരിച്ചിരുന്ന എല്ലാ പ്രവാചകന്മാരും റബ്ബിമാരും ശാസ്ത്രിമാരും യഹൂദ ജനത്തിന്റെ വ്യവഹാരങ്ങളില്‍ അതനുസരിച്ചാണ് തീര്‍പ്പുകല്‍പിച്ചിരുന്നത്. എന്തുകൊണ്ടെന്നാല്‍ അവര്‍ വേദഗ്രന്ഥം പരിപാലിക്കാന്‍ ചുമതലപ്പെട്ടവരായിരുന്നു. അവരതിനു സാക്ഷികളുമായിരുന്നു" ( 5:44).
യേശുവും സ്വന്തമായ ഒരു നിയമ വ്യവസ്ഥിതി നടപ്പിലാക്കാതെ തോറ പുസ്തകത്തെ അംഗീകരിക്കുകയും വാഗ്ദത്ത പ്രവാചകനെ കുറിച്ചു സുവിശേഷം പറയുകയുമാണ് ചെയ്തത് എന്ന് ഖുർആൻ 61:6 പറയുന്നു. ബൈബിളും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട് : ഞാൻ തോറയെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുത്; നീക്കുവാനല്ല നിവൃത്തിക്കുവാനത്രേ ഞാൻ വന്നത് (മത്തായി 5:17).
എന്നാൽ, മുഹമ്മദ് നബി ﷺ പൂർവ പ്രവാചകൻമാരെയെല്ലാം അംഗീകരിച്ചു കൊണ്ടു തന്നെ മറ്റൊരു ശരീഅത് നടപ്പിൽ വരുത്തി. മനുഷ്യാനുഭവ ചരിത്രത്തിൽ ഇതഃപര്യന്തം ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും സമഗ്രവും സുഭദ്രവും സാർവ്വജനീനവുമായ നിയമ വ്യവസ്ഥിതി ആയിരുന്നു അത്; അക്ഷരാർഥത്തിൽ ജനതകൾ കാത്തിരുന്നത്, നിയമവും പ്രകാശവുമായത്, അന്ധകാരത്തിന്റെ ഇരുട്ടറകളിൽ നിന്ന് മോചിപ്പിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ഇതിനു മുമ്പ് യിസ്രയേൽ ജനത്തിനു നാം വേദപുസ്തകവും വിധിവിലക്കുകളും (ഹുക്മ്) പ്രവാചകത്വവും നൽകിയിട്ടുണ്ടായിരുന്നു. നാം അവര്‍ക്ക് വിശിഷ്ട വിഭവങ്ങള്‍ പ്രദാനം ചെയ്തു. അവരെ ലോകത്തുള്ള സര്‍വജനത്തെക്കാളും ശ്രേഷ്ഠരാക്കി. ഈ വിഷയത്തില്‍ സുവ്യക്തമായ മാര്‍ഗദര്‍ശനങ്ങളുമേകി. പിന്നീട്, ജ്ഞാനം ലഭിച്ചതിനു ശേഷവും അവരില്‍ ഉണ്ടായ ഭിന്നിപ്പുകള്‍ പരസ്പരം കിടമത്സരങ്ങൾ മൂലം ഉണ്ടായതാകുന്നു. അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ പുനരുത്ഥാന നാളില്‍ അങ്ങയുടെ നാഥൻ വിധി പ്രസ്താവിക്കും. അതിനുശേഷം ഇപ്പോള്‍ നബിയേ, ഈ വിഷയത്തില്‍ അങ്ങയെ നാം ഒരു നിയമ വ്യവസ്ഥിതിയിൽ (ശരീഅത്) ആക്കിയിരിക്കുന്നു. അങ്ങിത് പിന്തുടർന്നു കൊള്ളുക (45: 16-18).
ഈ ആയതിലെ ശരീഅത് എന്ന പദത്തിന് John Penrice ന്റെ A Dictionary and Glossary of the Quran നൽകുന്ന അർഥം A law or institution prescribed by God - "ദൈവീകാജ്ഞ കൊണ്ടുള്ള തത്വസംഹിതയോ നിയമവ്യവസ്ഥിതിഥിയോ" എന്നാണ് ( ചിത്രം കാണുക). ശരീഅത് എന്ന പദത്തിന് വിവിധ അറബി ശബ്ദകോശങ്ങളിൽ ചേർത്തിട്ടുള്ള അർഥം ഇങ്ങനെയാണ്:
الشَّرِيعةُ : ما شرعَه الله لعباده من العقائد والأحكام
അല്ലാഹു അവന്റെ ദാസൻമാർക്കായി നിയമമാക്കിയ വിശ്വാസസംഹിതയും വിധിവിലക്കുകളുമാണ് ശരീഅത് (മുഅ്ജമുൽ വസീത്വ്).
شريعة : ما شرعه الله وسنه للناس من القوانين والأحكام
അല്ലാഹു സർവജനങ്ങൾക്കുമായി നിയമമാക്കിയ ധാർമിക ചട്ടങ്ങളും വിധിവിലക്കുകളുമാണ് ശരീഅത് (മുഅ്ജമു ർറാഇദ്).
مَا شَرَّعَهُ اللَّهُ لِعِبَادِهِ مِنْ أَحْكَامٍ.
അല്ലാഹു തന്റെ ദാസൻമാർക്കായി നിയമമാക്കിയ വിധിവിലക്കുകൾ (മുഅ്ജമുൽ ഗനീ).
ഈ നിഘണ്ടുകളിലെല്ലാം ശരീഅത് എന്നു പറഞ്ഞാൽ ഹുക്മുകൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. തോറ പുസ്തത്തിനു യഹൂദ റബ്ബി സാദിയ ഗാവോൺ തയ്യാറാക്കിയ അറബി ഭാഷാന്തരത്തിൽ ( الترجمة العربية للتوراة) സംഖ്യാ പുസ്തകം 27:11ലുള്ള משפט / മിശ്ഫാത് എന്ന പദത്തിന് حكم / ഹുക്മ് എന്നാണ് പരിഭാഷ നൽകിയിട്ടുള്ളത് എന്നതും പ്രസ്താവ്യമാണ്. ചുരുക്കത്തിൽ, യെശയ്യാ പ്രവചനത്തിലുള്ള മിശ്ഫാത് നടപ്പിലാക്കിയത് നബി തിരുമേനി ﷺ മാത്രമാണ്!
8.എന്തുകൊണ്ട് യെശയ്യാ പുസ്തകം?
"ആ പുസ്തകം ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വായിക്കാനറിയില്ല” എന്നു പറയും എന്ന പ്രവചനം വായിച്ചത് യെശയ്യാവിലാണ്. അന്നു മുതൽ യെശയ്യാ പുസ്തകം വായിക്കുമ്പോഴെല്ലാം തോന്നിയിട്ടുള്ളതാണ് ഇതു മുഴുവൻ മുഹമ്മദ് നബി സ്വ.യുടെ ജീവിതത്തെ അപ്പാടെ ആവിഷ്കരിക്കുന്നതാണ് എന്ന്. നമുക്കു സുപരിചിതനായ അശ്ഇയാഅ് അ. മില്ലേ; 'വബിൽ അസ്മാഇ ല്ലതീ ദആക ബിഹാ അശ്ഇയാഉ അ...' - അദ്ദേഹമാണീ യെശയ്യാവ്.
യെശയ്യാവ് അന്ത്യദൂതരെ പരിചയപ്പെടുത്തുന്നു എന്നു പറയുന്നതിൽ പല പ്രത്യേകതകളുമുണ്ട്. ഏറ്റവും പ്രധാനം അതു ബൈബിൾ മൊത്തത്തിൽ ഒരു കാര്യത്തെ കുറിച്ചു സംസാരിച്ച മാതിരിയാണ് എന്നതത്രെ. കാരണം, ബൈബിളിനുള്ളിലെ മറ്റൊരു ബൈബിൾ എന്ന വിശേഷണം നൽകപ്പെട്ടിട്ടുള്ള പുസ്തകമാണ് യെശയ്യായുടെ പുസ്തകം ( ספר ישעיהו). പൊതുവായി അംഗീകരിക്കപ്പെടുന്ന ബൈബിളിൽ 66 പുസ്തകങ്ങളാണ് ഉള്ളത് ( ഇക്കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്). തഥൈവ, യെശയ്യാ പുസ്തകത്തിൽ 66 അധ്യായങ്ങളാണ് ഉള്ളത്. അതുപോലെ മൊത്തം പുസ്തകങ്ങളെ പഴയ നിയമം 39 ഉം പുതിയ നിയമം 27 ഉം എന്നായി വിഭജിക്കുന്നതു പോലെയുള്ള ഒരധ്യായ വിഭജനവും യെശയ്യായിലുണ്ട്. പ്രഥമ ഭാഗത്തു വരുന്ന 39 അധ്യായങ്ങൾ വിഗ്രഹ പൂജകരും അധാർമികരുമായ ജനങ്ങൾക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 40 - 66 അധ്യായങ്ങളിൽ വരാൻ പോകുന്ന പ്രവാചക യുഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ തരുന്ന കാവ്യാത്മക പ്രതിപാദ്യങ്ങൾ കൊണ്ടു സമ്പന്നമാണ്. യേശുവും സ്നാപക യോഹന്നാനും തങ്ങളുടെ പ്രബോധന ജീവിതത്തിൽ യെശയ്യാ പുസ്തകത്തെ ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. യെശയ്യാ പുസ്തകത്തിലെ 40-ാം അധ്യായം മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദത്തോടെ ആരംഭിക്കുന്നു! തുടർന്നു
ങ്ങോട്ട് സംഭവബഹുലമായ വർണനകളാണ്. 53-ാം അധ്യായത്തിൽ പീഡിതനും പരിത്യക്തനുമായി സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു മനുഷ്യന്റെ ചിത്രം നമുക്ക് തരുന്നു. 60-ാം അധ്യായത്തിൽ യിശ്മയേലിന്റെ വംശത്തിലെ ഗോത്രങ്ങളെല്ലാം കീഴടങ്ങുന്നതിനെ വർണിക്കുന്നു!
തിരുനബി ﷺയുടെ ജീവിതത്തോട് ഈ അധ്യായങ്ങൾ പുലർത്തുന്ന ബന്ധം അതിശയിപ്പിക്കുന്നതാണ്. അധാർമികരും വിഗ്രഹപൂജകരുമായിരുന്നു അവിടുത്തെ ജനത. 40-ാം വയസിലാണ് അവിടുത്തേക്ക് പ്രവാചകത്വം ലഭിച്ചതും മരുഭൂമിയിൽ വിളിച്ചു പറയുന്നവനായി അവർക്കിടയിൽ രംഗപ്രവേശം ചെയ്തതും. 42-ാം വയസിൽ പരസ്യ പ്രബോധനം ആരംഭിച്ചതിനെ അഭിവാദ്യം ചെയ്യുമാറ് ഇങ്ങനെ വായിക്കാം: "കര്‍ത്താവിന് ഒരു പുതിയ ഗാനം ആലപിക്കൂ. ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് അവന്ന് സ്തുതി മുഴങ്ങട്ടെ. സമുദ്രവും അതുള്‍ക്കൊള്ളുന്ന സര്‍വവും ദ്വീപുകളും അവയിലെ നിവാസികളും അവന്ന് സ്തുതി പാടട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയര്‍ത്തട്ടെ. സേല നിവാസികള്‍ ആനന്ദപൂര്‍വം പാടട്ടെ. കൊടുമുടികളില്‍ നിന്ന് അവര്‍ ആര്‍ത്തു വിളിക്കട്ടെ. അവര്‍ കര്‍ത്താവിന് മഹത്വമര്‍പ്പിച്ച് ദ്വീപുകളില്‍ അവന്റെ സ്തുതി ഘോഷിക്കട്ടെ'' (യെശയ്യാവ് 42:10-12). 53-ാം വയസിൽ സ്വന്തം ദേശം പരിത്യജിച്ച് പലായനം ചെയ്യേണ്ടി വന്നു. അവിടുത്തേക്കു അറുപതു തികഞ്ഞ ശേഷം ഉണ്ടായ മക്കാവിജയ സംഭവത്തിൽ അഖിലരും അവിടുത്തേക്കു അടിയറവു പറയുകയും കഅ്ബാലയത്തിൽ പൂജിച്ചാരാധിച്ചിരുന്ന 360 വിഗ്രഹങ്ങൾ എടുത്തു മാറ്റി ശുദ്ധീകരിക്കുകയും ചെയ്തതിനോടു ചേർത്ത് ഈ വരികൾ വായിക്കൂ: "കേദാറിലെ ആട്ടിന്‍പറ്റം മുഴുവന്‍ നിന്റെ അടുക്കല്‍ വന്നുകൂടും; നെബയോത്തിലെ ആണാടുകള്‍ നിനക്ക് സേവ ചെയ്യും. അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തില്‍ എത്തും; എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും''. (യെശയ്യാ 60:7)
പ്രവചനങ്ങൾ മാറ്റി നിർത്തിയാൽ, അധ്യയങ്ങളുടെ എണ്ണത്തിനുള്ള ഈ സമാനതകൾ കേവലം യാദൃശ്ചികതയാണോ?! ആയിരിക്കാം. കാരണം, അധ്യായ വിഭജനം വളരെ പിന്നീടുണ്ടായതാണ്. അതല്ലാത്ത പ്രവചനങ്ങളും യെശയ്യാവിലുണ്ടു താനും. എങ്കിലും അതിശയകരമായ ഈ പൊരുത്തം ഉണർത്തുന്ന കൗതുകം ചെറുതല്ലായെന്നു തോന്നിയതു കൊണ്ട് ഉദ്ധരിച്ചെന്നു മാത്രം.
ഒരിക്കൽ കൂടെ വിശുദ്ധ ഖുർആൻ ഉദ്ധരിക്കട്ടെ! "നാം വേദം നല്‍കിയവർക്ക് സ്വന്തം മക്കളെ അറിയും പോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല" (അൽ അൻആം 20).
തികഞ്ഞ ഏക ദൈവത്വമാണ് യെശയ്യാ പുസ്തകം പഠിപ്പിക്കുന്നത്:
אֲנִ֤י רִאשֹׁון֙ וַאֲנִ֣י אַחֲרֹ֔ון וּמִבַּלְעָדַ֖י אֵ֥ין אֱלֹהִֽים
ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല ( യെശയ്യാ 44:6). വിചിത്രമെന്ന് പറയട്ടെ, പച്ചമനുഷ്യനായ യേശുവിനെ ദൈവമാണെന്നു ചിത്രീകരിക്കാനായി യെശയ്യായിലെ പ്രവചനങ്ങളെ വളച്ചൊടിക്കുകയാണ് ക്രൈസ്തവത ചെയ്തു കൊണ്ടിരിക്കുന്നത്. നിലമ്പൂർ സംവാദത്തിൽ 'അവൻ വീരനാം ദൈവം' എന്നു സ്ഥാപിക്കാൻ യെശയ്യായുടെ ഒമ്പതാം അധ്യായത്തിൽ നിന്നാണ് വാക്കുകൾക്ക് തെറ്റായ അർഥം നൽകി ഉദ്ധരിച്ചത്. എന്നാൽ, സത്യത്തിനു മുന്നിൽ അസത്യം എന്നും വിറങ്ങലിച്ചു നിന്നിട്ടേ ഉള്ളൂ. അവർക്കു പരാജയം സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. സത്യത്തെ ബോധ്യത്തിലുൾക്കൊള്ളാനാകട്ടെ നിങ്ങളുടെ പരിശ്രമങ്ങൾ.
الَّذِينَ يَتَّبِعُونَ الرَّسولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ
"തങ്ങളുടെ വശമുള്ള തോറയിലും സുവിശേഷത്തിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, വിശ്വാസികൾ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവിടുന്ന് അവരോട് നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചു കൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കി വെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചു മാറ്റുന്നു. അതിനാല്‍ അവിടുത്തെ വിശ്വസിക്കുകയും അവിടുത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അവിടുത്തേക്ക് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍" (വിശുദ്ധ ഖുർആൻ 7/157)
✍🏻 Muhammad Sajeer Bukhari
No comments:
Post a Comment