ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് - 19 ന്റെ വ്യാപനത്തിൽ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്ന ദൈവനിഷേധികളുടെ ചോദ്യമാണിത്. വൈറസ് ബാധയെ ചെറുക്കാൻ ഒരു ചെറുവിരലെങ്കിലും അനക്കാനാവാത്ത, പോട്ടെ, ദാർശനിക നിലവാരമുള്ള, ചിന്തോദ്ദീപകമായ എന്തെങ്കിലുമൊരു ആശയമെങ്കിലും സമർപ്പിക്കാൻ സാധിക്കാത്ത അംഗുലീപരിമിതരായ ചിലർ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന തിണ്ണബലം മാത്രമാണിതെന്നു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊറോണക്കു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ൻ നടപടികൾ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെ പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ചും 185 രാജ്യങ്ങളിലും സർക്കാറുകൾ കഠിനദ്വാനം ചെയ്യുന്നു. മാസ്കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യ വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവർടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടം കൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളും അവധി കൊടുത്തു. നിരത്തിൽ വാഹനങ്ങൾ കുറഞ്ഞു. പലയിടത്തും കടകമ്പോളങ്ങളിൽ പേരിനു പോലും ആളില്ല. ആശുപത്രികൾ പോലും വിജനം. എവിടെ ചെന്നാലും കാര്യങ്ങൾ കൈവിടാതിരിക്കാൻ എല്ലാവരും കൈ വിടുന്നു.
എന്നാൽ, ചത്തിട്ടും കണ്ണു കോഴിക്കൂട്ടിലേക്കു തന്നെ തുറന്നു പിടിച്ചിരിക്കുന്ന ഒരേയൊരു വിഭാഗം ഇവിടെയുണ്ട്. "ബെല്യ പുത്തി" ഉണ്ടെന്നു സ്വയം നടിക്കുന്ന ചില സാഡിസ്റ്റുകൾ. സ്വയം വിളിക്കുന്നത് നാസ്തികരെന്നാണെങ്കിലും അഹം എന്ന ഭാവത്തെ പൂജിക്കുന്നവർ. പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും അവർക്കൊരു മോഹം മാത്രം. മനുഷ്യർ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തിൽ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാർഥന ഫലിക്കരുതേ എന്നു 'പ്രാർഥിക്കുന്നവർ'! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു പ്രിയം!!
എല്ലാ മതങ്ങളെയും അടച്ചാക്ഷേപിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് കവർ സ്റ്റോറി ചെയ്തത്. മഹാമാരിയെ പിടിച്ചു നിർത്താനാവാത്തതു കൊണ്ടു പ്രാർഥനയും ആചാരങ്ങളും മതവിശ്വാസവും ദൈവവിശ്വാസം തന്നെയും അത്രയൊക്കേ ഉള്ളൂ, അവയൊന്നും വേണ്ടെന്നു വെച്ചതുകൊണ്ട് ഒന്നും വരാനില്ല എന്നായിരുന്നു തീർപ്പ്.
ഇവർ ഉന്നയിക്കുന്ന ശാഖാപരമായ ഇത്തരം ഒരു ചോദ്യവും വാസ്തവത്തിൽ നമ്മുടെ മറുപടി അർഹിക്കുന്നില്ല എന്നു പറയാൻ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്. മതം തെറ്റാണെന്നാണ് ഈ വക ചോദ്യങ്ങളുടെ ആകെത്തുക. ഇന്നുവരെ അതു സത്യസന്ധമായി സ്ഥാപിക്കാൻ അവർക്കായിട്ടില്ല, കുറെ ട്രോളുകളല്ലാതെ. ജീവിതം ശാന്തവും സുന്ദരവും സ്വച്ഛന്ദവുമായി ഒഴുകണമെങ്കിൽ നിയതമായ ഒരു ദർശനം കൂടിയേ തീരൂ. അതിനാൽ മതം / വിശ്വാസം ഒരു അനിവാര്യതയാണ്. മതമോ നിർമതവാദമോ ശരി എന്ന തത്വചിന്താപരമായ ചോദ്യം മൗലിക പ്രാധാന്യമുള്ളതാകുന്നത് അതുകൊണ്ടാണ്.
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും എന്തെന്നു മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവൾക്കറിയില്ല. അതൊന്നും പുസ്തകത്താളുകളിൽ നിന്നല്ല ആസ്വദിക്കേണ്ടത്, അനുഭവത്തിൽ നിന്നാണ്.
രണ്ട്. മതങ്ങൾ എന്ന സാകല്യത്തിൽ പലതും ഉണ്ട്. യുക്തിഹീനമായ പലതും അവയിൽ പലതിലുമുണ്ട്. അതിനെ ന്യായീകരിക്കാനോ ഇസ്‌ലാമിനോടു സമീകരിക്കാനോ സത്യ വിശ്വാസിക്കാവില്ല. ഇസ്‌ലാം ഭദ്രമാണ്. സംതൃപ്തമായ ന്യായങ്ങളില്ലാത്ത ഒന്നും അതിലില്ല. ഏതു കാലത്തേയും സാഹചര്യത്തെയും സ്വീകരിക്കാൻ ക്ഷമതയുള്ളത്. അറിവിന്റെ വികാസങ്ങളെ ഉൾക്കൊള്ളുന്നത്. അതിശയകരമാം വിധം കാലേക്കൂട്ടി കാര്യങ്ങളെ വ്യവഹരിച്ചത്. അവിടെ നിന്നാണ് നാം സംസാരിക്കുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നവർ ഒരിക്കലും വർണരാജികൾ അനുഭവിക്കുന്നില്ല. അതു മനസ്സിലാക്കാൻ അറിവല്ല, തിരിച്ചറിവാണു വേണ്ടത്.
കൊറോണയെ തുരത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനു അല്ലാഹു?
അല്ലാഹു ആരാണെന്നറിയാത്തതിന്റെ ഉപോത്പന്നം മാത്രമാണീ ചോദ്യം. വാച്ചുണ്ടാക്കിയവനെ കാണാൻ അതിന്റെ ഉള്ളിൽ തന്നെ തപ്പുന്ന മാതിരി പ്രപഞ്ചത്തെ വാർത്ത കർത്താവിനെ കാണാൻ അതിനുള്ളിൽ മഷിയിട്ടു നോക്കുന്നവർക്കതു മനസ്സിലാകില്ല. ചില മിത്തുകളിൽ കാണുന്നതുപോലെ മനുഷ്യൻ ആവശ്യപ്പെടുന്നതെല്ലാം അപ്പടി ഒരുക്കി തയ്യാറാക്കി തരേണ്ട / തരുന്ന ഒരാളല്ല ദൈവം. ഇവർ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാൻ അല്ലാഹു ആരുടെയും വീട്ടുവേലക്കാരനല്ല. യാക്കോബിനോടു ഗുസ്തി മത്സരത്തിൽ തോറ്റുപോയ ദൈവമുണ്ട് ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ. അങ്ങനെയാണത്രെ അദ്ദേഹത്തിനു യിസ്രയേൽ എന്നു പേരു വന്നത്?! എന്നാൽ, അല്ലാഹു അങ്ങനെയല്ല. അവൻ അധികാരിയാണ്, പരമാധികാരി! അവന്റെ ഇച്ഛക്കൊത്തു അധികാരത്തെ വിനിയോഗിക്കുന്നവൻ. നിങ്ങളുടെ ഹിതമല്ല, അവന്റെ ഹിതമത്രെ അവൻ നടപ്പാക്കുന്നത്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ മൗലിക പ്രമാണമായ തത്വമത്രെ നൻമയും തിൻമയും അല്ലാഹുവിൽ നിന്നാണ് എന്നത്. ഇതംഗീകരിക്കാത്തവൻ മുസ്‌ലിമേ അല്ല! അല്ലാഹു ഏകനാണെന്നും അവൻ സർവ്വത്തിനും ശക്തനും എല്ലാത്തിനും മീതെ അധികാരിയുമാണ് എന്നു പറയുന്നതിന്റെ ആവിഷ്കരണമാണത്.
മറിച്ച്, ദൈവവിശ്വാസികളായ ചിലർ തന്നെ വിശ്വസിച്ചു വരുന്നതു പോലെ, തിൻമകൾ / രോഗങ്ങൾ / ദുരിതങ്ങൾ / പരീക്ഷണങ്ങൾ സൃഷ്ടിക്കുന്നതു ദൈവമല്ല എന്നു വിശ്വസിച്ചാൽ ദൈവാസ്തിക്യമാണ് ചോദ്യം ചെയ്യപ്പെടുക. ലോകത്ത് സുഖിക്കുന്നവരേക്കാളേറെ ദുഃഖിക്കുന്നവരെ കാണുന്നു. അരോഗദൃഢഗാത്രരെക്കാളേറെ രോഗികളാണുള്ളത്. ധനികരുടെ എത്രയോ ഇരട്ടി ദരിദ്രർ. സുഭിക്ഷമായി ഭുജിക്കുന്നവരേക്കാൾ ശതകോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ. നന്മയും തിന്മയും ത്രാസിലിട്ടാൽ തിന്മ തന്നെ എന്നും മുൻപന്തിയിൽ. അവയൊന്നും അല്ലാഹുവിന്റെ സൃഷ്ടിയല്ലെങ്കിൽ അവയുണ്ടാക്കിയ കർത്താവ് വേറെയാണെന്നു പറയണം. അതു അല്ലാഹുവിന്റെ ഏകത്വത്തെ മാത്രമല്ല, ആസ്തിക്യവാദത്തെ തന്നെ നിഷേധിക്കുന്നതാണ്. അതിനാൽ സന്തോഷങ്ങളാവട്ടെ, സന്താപങ്ങളാവട്ടെ - എല്ലാം അല്ലാഹുവാണ് ഉണ്ടാക്കുന്നവൻ എന്നാണ് വിശ്വാസിയുടെ നിലപാട്. അതവന്റെ അധികാര വാഴ്ചയുടെ പ്രകാശനമാണ്. ആരുടെയെങ്കിലും സാമൂഹിക പദവിയോ സാമ്പത്തിക നിലയോ വാക്ചാതുരിയോ അവന്റെ ഇച്ഛകളെ തിരുത്തില്ല എന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അതിനാൽ, പ്രളയമോ പേമാരിയോ മഹാമാരിയോ അവരുടെ വിശ്വാസത്തെ ഉലയ്ക്കുന്നില്ല.
ഫലം കാണുന്നില്ലെങ്കിൽ പിന്നെയെന്തിനു പ്രാർഥിക്കണം?
മനുഷ്യർ അറിവില്ലാത്തതിന്റെ ശത്രുവാണെന്നു പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണമാണീ ചോദ്യവും. പ്രാർഥന എന്നാൽ എന്താണ്, അതിന്റെ ലക്ഷ്യം എന്ത്, അതിന്റെ ഫലം എന്ത് എന്ന കാര്യങ്ങളിലെല്ലാം വിശ്വാസിക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്.
പ്രാർഥിച്ചാലും ഇല്ലെങ്കിലും ഓരോരുത്തരുടെയും ആവശ്യങ്ങളും അവസ്ഥാന്തരങ്ങളും അറിയുന്നവനത്രെ അല്ലാഹു. ഖുഥുബുൽ ഇർശാദ് ഇമാം ഹദ്ദാദ് തങ്ങളുടെ ഈയർഥത്തിലുള്ള ഒരു കവിത ലോകപ്രശസ്തമാണ്. ഖദ് കഫാനീ ഇൽമു റബ്ബീ, മിൻ സുആലീ വഖ്തിയാരീ - 'എന്റെ പ്രാർഥനകളേക്കാളും ഇഷ്ടപ്രകടനങ്ങളേക്കാളും എന്റെ നാഥന്റെ പരമജ്ഞാനം മതിയെനിക്ക്' എന്നാണതിന്റെ തുടക്കം. താൻ യാചിച്ചില്ലെങ്കിലും തന്നെ കാക്കാൻ അല്ലാഹുവുണ്ടെന്നു തന്നെയാണ് വിശ്വാസിയുടെ പ്രതീക്ഷ. എന്നാലും അവൻ പ്രാർഥിക്കും. കാരണം, അതൊരു ആരാധനയാണ്. നുഅ്മാനു ബ്നു ബശീർ റ. നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ "പ്രാർഥന തന്നെയാണ് ആരാധന" എന്നു തന്നെ വന്നിട്ടുണ്ട് (അഹ്'മദ്). അതിനാൽ, പ്രത്യക്ഷത്തിൽ ഫലം കണ്ടാലും ഇല്ലെങ്കിലും വിശ്വാസി അനവരതം പ്രാർഥന തുടരും. അവനതൊരു സാധനയാണ്. സ്രഷ്ടാവിന്റെ മുമ്പിലുള്ള സമർപ്പണത്തിന്റെ ആനന്ദവും ആസ്വാദനവുമാണ്!
പ്രാർഥിച്ചാൽ ഫലം കാണുകയില്ലെന്നു ഒരിക്കലും വിശ്വാസി കരുതുന്നില്ല. കാരണം ഉത്തരം ലഭിക്കുമെന്നത് അവനു കിട്ടിയ വാഗ്ദാനമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാർഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം" (ഗാഫിർ : 60 ).
പ്രാർഥനയെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ധാരാളം അബ്ദുല്ലാഹി ബ്നു മസ്ഊദ് റ.വിന്റെ നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് അവനോടു ചോദിക്കുക. തീര്‍ച്ചയായും അല്ലാഹു അവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു.” (തിര്‍മിദി)
അല്ലാഹുവിനോട് ദുആ ചെയ്‌താല്‍ ഉത്തരം നല്‍കുമെന്നത് അവന്റെ വാഗ്ദാനമാണ്; അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കില്ല. അതിനാല്‍ പ്രാര്‍ഥിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാണ് സത്യവിശ്വാസി പ്രാര്‍ഥിക്കുന്നത്. അബൂ ഹുറയ്റ റ. പറയുന്നു: നബി ﷺ പറഞ്ഞു: “ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)
എന്നിട്ടെന്തേ, കൊറോണ നശിച്ചില്ല? പ്രാർഥനയുടെ ഫലം കാണുന്നില്ലെങ്കിൽ അല്ലാഹു വാഗ്ദാനം ലംഘിച്ചുവെന്നല്ലേ അർഥം? എന്ന ചോദ്യങ്ങളൊന്നും വിശ്വാസികൾ മുഖവിലക്കെടുക്കില്ല. അവൻ വില കല്പിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിനാണ്. പ്രാർഥിക്കാൻ നിർദ്ദേശിച്ച ശരീഅതു തന്നെ അതിന്റെ വാഗ്ദത്ത ഫലം എപ്പടിയായിരിക്കും എന്നും നിർവചിച്ചിട്ടുണ്ട്. മൂസ ബ്നു ഹാറൂനിൽ നിന്നുദ്ധരിച്ച് ഇമാം ത്വബ് രി റ. (മരണം: ഹിജ്റ 310) തന്റെ ജാമിഉൽ ബയാനിൽ നിവേദനം ചെയ്യുന്നു: "ഒരാൾ പ്രാർഥിക്കുന്നതിന്റെ ആത്യന്തിക ഗുണഫലം ഇഹലോകത്തു വെച്ചു നൽകലാണെങ്കിൽ അങ്ങനെ നൽകപ്പെടും. ഇഹലോകത്തു കിട്ടുന്നില്ലെങ്കിലോ ആ സത്കർമം ഒരു നിധിയായി പാരത്രിക ലോകത്ത് അവനു കിട്ടും. മാത്രമല്ല, പ്രാർഥനയുടെ ഫലമായി മറ്റെന്തെങ്കിലും ദുരിതം അവനെ തൊട്ടകറ്റി കൊടുക്കും". സമാനവും അതിലധികവും വിശദീകരണങ്ങൾ വന്നിട്ടുള്ള ധാരാളം ഹദീസുകൾ ഉണ്ട്. ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ചുരുക്കത്തിൽ, പ്രാർഥനയുടെ ഫലം ഏറ്റവും ഉചിതമായ വിധത്തിൽ തനിക്കു ലഭിക്കുമെന്നു തന്നെയാണ് ഓരോ ഘട്ടത്തിലും വിശ്വാസിയുടെ പ്രതീക്ഷ.
ഫലം പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും വിശ്വാസികൾ പ്രാർഥന നിർത്തില്ലെങ്കിൽ പിന്നെയെന്തിനു പള്ളികളടച്ചു? ഉംറയടക്കമുള്ള തീർഥാടനങ്ങൾക്കു വിലക്കേർപ്പെടുത്തി?
പ്രാർഥന ആരാധനയാണെന്നു പറഞ്ഞല്ലോ. ആരാധന എന്നതു കൊണ്ടു ഒരു മുസ്‌ലിം അർഥമാക്കുന്നത് എന്താണെന്നു കൂടി മനസ്സിലാക്കിയാൽ ഈ സംശയത്തിനു സ്ഥാനമുണ്ടാവില്ല.
'അഖ്സാ ഗായതിൽ ഖുളൂഇ വതദല്ലുൽ' - അല്ലാഹുവിന്റെ മുമ്പിൽ പരമാവധി വിധേയത്വവും സമർപ്പണവും കാണിക്കുക എന്നാണ് ആരാധന/ ഇബാദത് എന്നതിന്റെ നിർവചനം. ഓരോ സന്ദർഭത്തിലും ശരീഅത് ആവശ്യപ്പെടുന്നതു പ്രകാരം ഇബാദത്തു ചെയ്യുമ്പോഴാണ് അതു യഥാർഥത്തിൽ വിധേയത്വവും സമർപ്പണവും ആകുന്നത്. ഇല്ലെങ്കിൽ, തന്നിഷ്ടമാവും. പകർച്ച വ്യാധികളുള്ളപ്പോൾ രോഗികളുമായുള്ള സമ്പർക്കത്തിന് വിലക്കേർപ്പെടുത്തിയത് ശരീഅതാണ്. അതിനെ അനുസരിക്കലാണ് ആരാധന! അതിനാൽ, വിശ്വാസി പള്ളി അടച്ചിടുന്നതും തീർഥാടനം നിർത്തിവെക്കുന്നതും അവനു പ്രതിഫലാർഹമാണ്!!
അല്ലാഹു തന്നിരിക്കുന്ന അനുഗ്രഹങ്ങളെത്രയാണോ അതിനൊത്താണ് അവൻ വിധേയത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരോടാണ് റമളാൻ വ്രതം ആവശ്യപ്പെട്ടത്. നിശ്ചിത ധനരേഖയ്ക്കു മുകളിൽ വർഷം മുഴുവൻ സമ്പാദ്യമുള്ളവരാണ് സകാത് കൊടുക്കേണ്ടത്. ശരീരം, സാമ്പത്തിക നില, യാത്രാസാധ്യതകൾ, സംവിധാനങ്ങൾ എന്നിവ അനുകൂലമായിരുന്നാൽ മാത്രമേ മക്കയിലേക്കുള്ള ഹജ്ജ് തീർഥാടനം ബാധ്യതയുള്ളൂ. ഇപ്പറഞ്ഞവയെല്ലാം ഉപാധികളാണ്. പരമാവധി വിധേയത്വവും സമർപ്പണവും കാണിക്കുക എന്നു പറഞ്ഞതിന്റെ വിധങ്ങളും പ്രകാരങ്ങളും നിശ്ചയിക്കുന്ന ഉപാധികൾ. ഇവ ഒത്തു വന്നില്ലെങ്കിലും സാഹചര്യേണ വിധേയത്വവും സമർപ്പണവും കാണിക്കാൻ വിശ്വാസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. അവശത മൂലം ശരീരം കൊണ്ടു നിസ്കാരം സാധ്യമാവാതെ വന്നാൽ നിസ്കാര ക്രമം അപ്പടി മനസിൽ സങ്കല്പിക്കണമെന്നു വരെ അധ്യയനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ താത്പര്യം അതാണ്. തത്വത്തിൽ, ഏതു സാഹചര്യത്തിലും അല്ലാഹുവിനു കീഴടങ്ങുക എന്നർഥം.
കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് ദർഉൽ മഫാസിദി മുഖദ്ദമുൻ അലാ ജൽബിൽ മസ്വാലിഹ് : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു നന്മകൾ നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്. സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ യുതഹമ്മലു ള്ളററുൽ ഖാസ്സു ലിദഫ്ഇ ള്ളററിൽ ആമ്മി: "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളിൽ ഊന്നി നിന്നു ഇസ്‌ലാമിക ശരീഅത് നൽകിയിട്ടുള്ള ക്വാറന്റയ്ൻ, ഐസൊലേഷൻ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പള്ളികളിലും തീർഥാടന കേന്ദ്രങ്ങളിലും ജനക്കൂട്ടം നിയന്ത്രിക്കുന്നത്.
ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊറോണയോ നിപ്പയോ സ്പാനിഷ് ഫ്ലൂവോ കണ്ടപ്പോൾ ഉണ്ടായതുമല്ല. തിരുനബി സ്വ.യുടെ കാലം തൊട്ടിന്നോളം മതപണ്ഡിതൻമാർ പഠിപ്പിച്ചു തന്ന നിയമങ്ങളാണ്. മഹാമാരികളെ കുറിച്ചും അവ ഉണ്ടായാൽ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകളെയും കുറിച്ചു മാത്രം ഇമാം ഇബ്നു അബിദ്ദുൻയാ, ഇമാം താജുദ്ദീനുസ്സുബ്കി, ഇമാം സർകശി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി തുടങ്ങി ഇരുപത്തഞ്ചിലധികം പണ്ഡിതരുടെ രചനകൾ ഈ ലേഖകന്റെ കൈവശമുണ്ട്. അക്ഷരാർഥത്തിൽ ഐസൊലേഷനെ കുറിച്ചു മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്! ഹി. 471 ൽ മരണപ്പെട്ട ഇമാം അബൂ അലീ ഹുസൈനു ബ്നു അബ്ദില്ലാഹിൽ ബഗ്ദാദിയുടെ അർരിസാലതുൽ മുഗ്നിയ ഫിസ്സുകൂതി വ ലുസൂമിൽ ബുയൂത് ഐസൊലേഷന്റെ ആത്മീയ ഗുണങ്ങൾ വർണിക്കുന്നതാണ്. അബ്ദുർ റസ്സാഖി ബ്നു അബ്ദിൽ മുഹ്സിൻ എന്ന പണ്ഡിതൻ അതിനെ വിശകലനം ചെയ്തു മറ്റൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇങ്ങനെ പരശ്ശതം ഗ്രന്ഥങ്ങൾ. അതിനാൽ, ഇസ്‌ലാം വിമർശകർ മനസ്സിലാക്കേണ്ടത് ഗവൺമെന്റോ ആരോഗ്യ വിദഗ്ദരോ ഇപ്പോൾ ക്വാറന്റയ്നും ഐസൊലേഷനും നിർദ്ദേശിച്ചിട്ടില്ലായിരുന്നെങ്കിൽ പോലും മുസ്‌ലിംകൾ അതു തന്നെ അനുവർത്തിച്ചിട്ടുണ്ടാവും. അതാണ് ഇസ്ലാം.
രോഗം പകരില്ലെന്നല്ലേ ഹദീസിലുള്ളത്? പിന്നെന്തിനാണ് ഐസൊലേഷനും ക്വാറന്റയ്നും?
വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബി സ്വ.യെയും ചെറുതാക്കി കാണിക്കാൻ എല്ലാ കാലത്തും വിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് _ലാ അദ്'വാ_ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുദ്ധിജീവികളുടെ കണ്ടെത്തൽ. ഹദീസിന്റെ അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.
ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല. അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.
ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ. പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.
ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി ലോകത്താദ്യമായി ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും നിർദ്ദേശിച്ചിട്ടുള്ളത് നബിതിരുമേനി ﷺയാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാർച്ച് 17 ന് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ന്യൂസ് വീക്ക് മാഗസിനിൽ ക്രെയ്ഗ് കോണ്‍സിഡിന്‍ എഴുതിയ CAN THE POWER OF PRAYER ALONE STOP A PANDEMIC LIKE THE CORONAVIRUS? EVEN THE PROPHET MUHAMMAD THOUGHT OTHERWISE എന്ന ലേഖനത്തിൽ ആവർത്തിച്ചാവർത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം.
ഈ വിഷയത്തിൽ എടുത്തു പറയേണ്ട രണ്ടു ഹദീസുകൾ ഉദ്ധരിക്കാം. കൊവിഡ് - 19 പോലെയുള്ള ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസുകളുടെ വെളിച്ചത്തിലാണ്.
ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തരുത്. (ബുഖാരി, മുസ്‌ലിം).
സ്വന്തം സുരക്ഷയും ജനങ്ങളുടെ രക്ഷയും പരിഗണിച്ച് വീട്ടിൽ അടങ്ങിരിക്കുന്നതിനെ പ്രശംസിച്ചു കൊണ്ടുള്ള ഒരു ഹദീസ് ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാർ, ഇബ്നു ഖുസയ്മ, ഇബ്നു ഹിബ്ബാൻ, അബൂദാവൂദ്, അബൂ യഅലാ, ഇമാം സുയൂഥി എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്. ഐസൊലേഷൻ നടപടിയെ കൃത്യമായി നിർദ്ദേശിക്കുന്ന ഏറ്റവും ആദ്യത്തെ പ്രസ്താവനയാണിത്.
അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!!
രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ല എന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. ഇത്തരം വ്യാധികൾ ചില മൂർത്തികളിലൂടെ പടർന്നു പിടിക്കുന്ന ബാധകളാണ് എന്നവർ ധരിച്ചിരുന്നു. അവ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു ബാധയായി പടർന്നു കയറുന്നതു കൊണ്ടാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ഇത്തരം അന്ധവിശ്വാസങ്ങൾ നിമിത്തം രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല.
ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
No comments:
Post a Comment