കാർബൺ ഡേറ്റിംഗ് ടെസ്റ്റിലൂടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ ഖുർആനിന്റെ ഏറ്റവും പുരാതന കയ്യെഴുത്തു പ്രതി മുഹമ്മദ് നബി (സ)യുടെ മുമ്പേയുള്ള രചനയാണ് എന്നു വ്യക്തമായിട്ടുണ്ട് എന്ന് ഒരു നിരീശ്വരവാദി ഗ്രൂപ്പിൽ ചർച്ച നടക്കുന്നു. വസ്തുതയെന്ത്?
Abdulla Madathil
വസ്തുതകളെ കീഴ്മേൽ മറിച്ചുള്ള പ്രചരണമാണിത്. വിശുദ്ധ ഖുർആനിന്റെ അമാനുഷികതയെ ആശയപരമായി നേരിടാൻ കഴിയാതെ വരുമ്പോഴാണ് വിമർശകർക്ക് ഇത്തരം വളഞ്ഞ വഴികളെ ആശ്രയിക്കേണ്ടി വരുന്നത്. ഇങ്ങനെയൊരു വിഷയം ഉയർന്നു വന്ന അന്നു തന്നെ വസ്തുതയെന്തെന്നു പണ്ഡിതൻമാർ തുറന്നു കാട്ടിയിട്ടുണ്ട്. വിശദീകരിക്കാം.
വിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും പുരാതനമായ ശേഷിപ്പുകള്‍ തങ്ങളുടെ ലൈബ്രറിയിലുണ്ടെന്നു 2015 ജൂണിലാണ് ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റി അധികൃതർ വെളിപ്പെടുത്തിയത്. ഈ കയ്യെഴുത്തു പ്രതി കണ്ടെടുത്ത വാർത്ത അറിയേണ്ട താമസം, ഇസ്‌ലാമിന്റെ ഉത്ഭവത്തെ പറ്റിയുള്ള ചരിത്രം മാറ്റിയെഴുതേണ്ടി വരുമെന്നും അതു ഖുർആനിന്റെ ആധികാരികത ചോദ്യം ചെയ്യുന്നുവെന്നും വരെ ചിലർ പറഞ്ഞു കളഞ്ഞു!
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ബോഡ്ലിയൻ ലൈബ്രറിയുടെ കൺസൾട്ടന്റും Textual Criticism and Qur'an Manuscripts എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ Keith E. Small അന്നു The Times of London നോടു സംസാരിച്ചത് ഇങ്ങനെയാണ്: "This gives more ground to what have been peripheral views of the Koran's genesis, like that Muhammad and his early followers used a text that was already in existence and shaped it to fit their own political and theological agenda, rather than Muhammad receiving a revelation from heaven."
“ഇത് ഖുർആനിന്റെ ഉത്ഭവത്തെ സംബന്ധിച്ച് മുഹമ്മദ് ദൈവത്തിൽ നിന്ന് വെളിപാട് സ്വീകരിച്ചതാണ് എന്നതിനേക്കാൾ, മുഹമ്മദും അദ്ദേഹത്തിന്റെ ആദ്യകാല അനുയായികളും ചേർന്ന് ആദ്യമേ നിലവിലുണ്ടായിരുന്ന ഒരു ഗ്രന്ഥം ഉപയോഗിക്കുകയും തങ്ങളുടെ രാഷ്ട്രീയ, ദൈവശാസ്ത്ര അജണ്ടയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തുകയും ചെയ്തു എന്ന ഉപരിപ്ലവമായ വീക്ഷണങ്ങൾക്ക് കൂടുതൽ അടിത്തറ നൽകുന്നു."
നബി തിരുമേനി ﷺയുടെ ജീവിതകാലം ഏ.ഡി 570നും 642നും ഇടക്കാണ് എന്നാണല്ലോ പറയപ്പെടുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ ഏ.ഡി 568നും 645നും ഇടക്കാണ് ഈ കയ്യെഴുത്തു പ്രതിയുടെ കാലപ്പഴക്കം എന്നു നിര്‍ണയിക്കപ്പെട്ടിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം തുടരുന്നു: “At the very latest, it was made before the first formal text of the Koran is supposed to have been collated at the behest of the caliph Uthman, the third of the Prophet’s successors, in 653. At the earliest it could date back to Muhammad’s childhood, or possibly even before his birth.”
"ഈ കാലഗണനയുടെ ഏറ്റവും അവസാനഭാഗം പരിഗണിച്ചാൽ, 653-ൽ പ്രവാചകന്റെ പിൻഗാമികളിൽ മൂന്നാമനായ ഖലീഫ ഉഥ്മാന്റെ ഉത്തരവു പ്രകാരം ഒത്തുനോക്കി ഉറപ്പിച്ച ഖുർആനിന്റെ ആദ്യത്തെ ആധികാരിക പതിപ്പിനു മുമ്പാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യകാലം പരിഗണിച്ചാൽ, ഇത് മുഹമ്മദിന്റെ കുട്ടിക്കാലത്തേ ഉണ്ടായിരുന്നതാണ്. അല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജനനത്തിനു മുമ്പുതന്നെ.”
കാള പെറ്റെന്നു കേൾക്കുമ്പോഴേക്ക് കയറെടുത്തിറങ്ങുന്ന നിരീശ്വര കുയുക്തികൾക്കും മിഷിണറി ഇടയൻമാർക്കും മുഹമ്മദ് നബി ﷺ കോപ്പിയടിച്ചതാണ് ഖുർആൻ എന്നു വാദിക്കാൻ ഇതിൽപരം എന്തുവേണം?!
വാസ്തവത്തിൽ ഈ കയ്യെഴുത്തു പ്രതി വിശുദ്ധ ഖുർആനിന്റെ ആധികാരികതക്കു കൂടുതൽ കരുത്തു പകരുകയാണ്. ആ വസ്തുത വഴിയേ വിശദമാക്കാം, ഇൻഷാ അല്ലാഹ്. അതിനു മുമ്പു തന്നെ ഈ അപവാദത്തിന്റെ മുനയൊടിയുന്നതു കാണാം.
വിശുദ്ധ ഖുർആൻ തന്നെ നേരിട്ടു കൈകാര്യം ചെയ്തതാണ് ഈ വിഷയം. 29:48 വചനം ഇങ്ങനെയാണ്: "അങ്ങ് ഇതിനു മുമ്പ് ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല; സ്വകരം കൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു".
സൂറതു യൂനുസിലും സൂറതുല്‍ ഖസ്വസ്വിലും ഇതേ സംഗതി തന്നെ ഉന്നയിച്ചിരിക്കുന്നു. സമകാലികരായ അറബികൾക്ക് നന്നായിട്ടറിയാവുന്ന വസ്തുതകളെ മുൻനിർത്തിയാണ് ഖുർആൻ ഇവിടെ സംസാരിക്കുന്നത്. എല്ലാവർക്കും അറിയാമായിരുന്നു അവിടുന്നു നിരക്ഷരനായിരുന്നു എന്നത്. മധ്യവയസ്സു വരെ അവിടുന്നു ജീവിച്ചത് സ്വദേശത്തു തന്നെയായിരുന്നല്ലോ. നാട്ടുകാര്‍ക്കും ബന്ധുജനങ്ങള്‍ക്കും അവിടുത്തെ ജീവിതത്തിന്റെ എല്ലാ വശങ്ങളും നന്നായറിയാമായിരുന്നു. അന്നു വരെയുള്ള ജീവിതത്തിൽ ഒരിക്കൽ പോലും അവിടുന്ന് വല്ല പുസ്തകവും വായിക്കുകയോ പേന കൈയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ക്കെല്ലാവര്‍ക്കും നന്നായറിയാം. ഈ യാഥാര്‍ഥ്യം മുന്നില്‍ വെച്ചാണ് ഖുർആൻ സംസാരിക്കുന്നത്.
ഉപര്യുക്ത സൂക്തത്തിന്റെ അർഥമിതാണ്: വേദഗ്രന്ഥങ്ങളിലെ അധ്യാപനങ്ങളും പൂര്‍വ പ്രവാചകന്മാരുടെയും മതങ്ങളുടെയും സമുദായങ്ങളുടെയും ചരിത്രങ്ങളും പ്രമാണങ്ങളും സുപ്രധാനമായ നാഗരിക-ധാര്‍മിക പ്രശ്‌നങ്ങളും അങ്ങനെയങ്ങനെ സകലമാന സംഗതികളെയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന അഗാധമായ ഈ വിജ്ഞാന നിര്‍ഝരി ഒരു നിരക്ഷരനില്‍ നിന്ന് ഉണ്ടാവുകയെന്നത് അല്ലാഹുവിന്റെ ബോധനം മുഖേനയല്ലാതെ സാധ്യമല്ല. അക്ഷരജ്ഞാനം നേടുകയും പലപ്പോഴും പുസ്തകങ്ങള്‍ വായിച്ചു പഠിക്കുന്നതായി ജനങ്ങള്‍ കാണുകയും ചെയ്തിട്ടുള്ള ഒരാളാണ് അതെങ്കില്‍ അയാളുടെ ജ്ഞാനം ദിവ്യബോധനമല്ല എന്ന വാദത്തിന് തെല്ലെങ്കിലും അടിസ്ഥാനമുണ്ടാകുമായിരുന്നു. പക്ഷേ, തിരുമേനിയുടെ നിരക്ഷരതയില്‍ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ലല്ലോ. അതിനാൽ അവിടുത്തെ പ്രവാചകത്വം നിഷേധിക്കുന്നതിന് അന്ധമായ സത്യവിരോധം എന്നതല്ലാതെ യുക്തിസഹമായ മറ്റൊരു കാരണവും പറയാന്‍ അവർക്കില്ല എന്നാണ് ഈ സൂക്തം വ്യക്തമാക്കിയത്.
ഏതെങ്കിലും വിധേന അവിടുത്തെ എതിർക്കാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ശത്രുക്കൾ പ്രതികരിക്കാൻ സാധിക്കാതെ മൗനം അവലംബിക്കുകയാണ് ചെയ്തത്. അവിടുന്നു പ്രവാചകത്വം വാദിച്ചു രംഗത്തു വരുന്നതിനു മുമ്പേ എഴുതപ്പെട്ട ഒരു ഖുർആൻ ഉണ്ടായിരുന്നുവെന്നും അവരാരും അതറിഞ്ഞിരുന്നില്ലെന്നും പറയുക, കാൽ നൂറ്റാണ്ടു നീണ്ട പ്രബോധന ജീവിതത്തിലുടനീളം അതു രഹസ്യമായി സൂക്ഷിക്കുക, വ്യക്തിഗത സന്ദർശനങ്ങൾ, ഗോത്ര മുഖ്യൻമാരുമായുള്ള ചർച്ചകൾ, പ്രാർഥനാ സംഗമങ്ങൾ, പ്രഭാഷണ വേദികൾ, യാത്രകൾ, യുദ്ധങ്ങൾ ഇങ്ങനെയിങ്ങനെ ബഹുമുഖമായ ജീവിത സാഹചര്യങ്ങളെ നേരിടുമ്പോളും ആൾക്കൂട്ടത്തിലും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിദേശ പ്രതിനിധികളുടെയും ശത്രുക്കളുടെയുമെല്ലാം കൂട്ടത്തിലായിരിക്കുമ്പോഴും അവരാരും അറിയാതെ അതിൽ നിന്ന് യഥേഷ്ടം ഉദ്ധരിക്കുക, എഴുത്തും വായനയും അറിയാത്ത അവിടുത്തേക്ക് അതിനെല്ലാം ചില ശിഷ്യൻമാർ രഹസ്യമായി സഹായം ചെയ്യുക, നിരന്തരം നിരീക്ഷിക്കാൻ വരുന്ന ശത്രുക്കളുടെ ചാരൻമാർക്കു പോലും ഇതൊന്നും കാണാതിരിക്കുക - ഇങ്ങനെയൊക്കെ വാദിക്കുന്നത് ശുദ്ധ അസംബന്ധമല്ലെങ്കിൽ വേറെന്താണ്?
അങ്ങനെ വേറെയൊരു ഖുർആൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അതു അവിടുത്തേക്ക് പരിചയപ്പെടുത്തിയത് ആരായിരുന്നിരിക്കും? അയാൾ സ്വയം എഴുതിയതോ മറ്റൊരാളെ ഉദ്ധരിച്ചതോ ആകട്ടെ, എന്തുകൊണ്ട് അയാൾ തന്നെ അതിന്റെ അവകാശ വാദമുന്നയിച്ചു രംഗത്തു വന്നില്ല? അറേബ്യൻ സൈകത ഭൂവിന്റെ ആകമാനം ആധിപത്യം നബി തിരുമേനിക്കു കിട്ടുകയും ഏതു ആജ്ഞയും ശിരസ്സാവഹിച്ചു ജീവാർപ്പണം നടത്താൻ പോലും സന്നദ്ധരായ ലക്ഷത്തിലധികം അനുയായികൾ അവിടുത്തേക്കു ഉണ്ടാവുകയും ചെയ്തപ്പോഴെങ്കിലും അതിന്റെയെല്ലാം ക്രെഡിറ്റ് വാസ്തവത്തിൽ എനിക്കാണെന്നു ആ 'അജ്ഞാതൻ' ഒരാളോടു പോലും പറയാതിരുന്നതു എന്തുകൊണ്ടായിരിക്കും?
അക്കാലത്തും പിന്നീടും പുലർന്നു കണ്ട പരശ്ശതം പ്രവചനങ്ങൾ നടത്താൻ ശേഷിയുണ്ടായിരുന്ന, ശാസ്ത്ര വിജ്ഞാനീയങ്ങളിൽ ലോകം മുഴുവൻ മൂകമായിരുന്നപ്പോഴും വിശുദ്ധ ഖുർആൻ മുൻകൂട്ടി പറഞ്ഞ നൂറു കണക്കിനു വിജ്ഞാന ശാഖകളിൽ അവഗാഹമുണ്ടായിരുന്ന ആ 'അജ്ഞാത വിദ്വാനെ' നബി തിരുമേനിയല്ലാതെ മറ്റൊരാളും അറിയാതിരുന്നതു എന്തുകൊണ്ടായിരിക്കും?? സ്വഭാവിക ബുദ്ധിയിൽ ഉയരുന്ന ഈ ചോദ്യങ്ങൾക്ക് സംതൃപ്തമായ ഉത്തരം നൽകാൻ വിമർശകർക്ക് ബാധ്യതയുണ്ട്.
ഇനി മറ്റൊരു കാര്യം പറയാം. ആദരവായ മുഹമ്മദ് നബി ﷺയുടെ പ്രവാചകത്വത്തിനു മുമ്പുള്ളതാവാൻ ഒരു വിധേനയും സാധ്യതയില്ലാത്ത അനേകം കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. നോക്കൂ, സമകാലികമായ സാഹചര്യങ്ങളോടു പ്രതികരിച്ചു കൊണ്ടു അവിടുത്തെ വിശുദ്ധനാമം തന്നെ നാലു തവണ വിശുദ്ധ ഖുർആൻ എടുത്തു പറഞ്ഞിരിക്കുന്നു. മറ്റൊരിടത്ത് ഒരധ്യായം തന്നെ അവിടുത്തെ നാമധേയത്തിലുണ്ട്. ഇസ്‌ലാമിനെ പരിചയപ്പെടുത്താനായി വിളിച്ചു ചേർത്തപ്പോൾ "നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?" എന്നു ആക്ഷേപിക്കുകയും ചില നിവേദനങ്ങളിലുള്ളതു പ്രകാരം തിരുമേനിയെ എറിയാന്‍ കല്ലെടുക്കുകയും ചെയ്ത അവിടുത്തെ പിതൃവ്യന്‍ അബൂലഹബിനെയും തിരുമേനിയെ ആക്ഷേപിച്ചു കൊണ്ട് താന്‍ തന്നെ രചിച്ച കവിതകള്‍ പാടിക്കൊണ്ടു കൈ നിറയെ കല്ലുകളുമായി വന്ന അയാളുടെ ഭാര്യ ഉമ്മു ജമീലിനെയും വിമർശിക്കുന്നതാണ് സൂറതുൽ മസദ്. അധര്‍മത്തിലും അക്രമത്തിലും അതിരുവിട്ട, തികഞ്ഞ ദുര്‍വൃത്തനും കഠിനഹൃദയനും ജാര സന്തതിയുമായിരുന്ന വലീദു ബ്നു മുഗീറയെ പരാമർശിക്കുന്ന ആയതുകൾ സൂറതുൽ ഖലമിലുണ്ട്. നബിതിരുമേനിയുടെ ഖാസിം എന്ന പുത്രന്റെ വിയോഗമുണ്ടായപ്പോൾ "അബ്തർ" എന്നാക്ഷേപിച്ച ആസ്വുബ്‌നു വാഇലിനെ അതേ നാണയത്തിൽ തിരിച്ചടിച്ചു സൂറതുൽ കൗഥർ. അവിടുത്തെ വളർത്തു പുത്രനായിരുന്ന സയ്ദു ബ്നു ഹാരിഥയെ കുറിച്ചു സൂറതുൽ അഹ്സാബിൽ പേരെടുത്തു പറയുന്നു. 'അന്നപാനീയങ്ങൾ കഴിക്കുകയും അങ്ങാടികളിൽ നടക്കുകയും ചെയ്യുന്ന ഇയാളെന്തു ദൈവദൂതൻ?' എന്നു മക്കക്കാർ ചോദിച്ചതിനെ അൽഫുർഖാൻ
ഉദ്ധരിച്ചിട്ടുണ്ട്. സൂറതുൽ ഇസ്റാഅ് അവിടുന്നു യരൂശലേമിലേക്കു പോയി വന്നതിനെ കഥനം ചെയ്യുന്നു. ശത്രുത മൂത്ത ചിലർ അവിടുത്തേക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നു ആക്ഷേപിച്ചതു എടുത്തുദ്ധരിച്ചാണ് സൂറതുൽ അഅ്റാഫ് മറുപടി പറഞ്ഞത്. അവിടുത്തെ ആത്മാർഥ കൂട്ടുകാരനും ശ്വശ്വരനുമായ സിദ്ദീഖ് റ.വിന്റെ കൂടെ ഹിജ്റ പോയപ്പോൾ പിടികൂടാനായി പിറകെയെത്തിയ ശത്രുക്കളുടെ കണ്ണുവെട്ടിച്ചു താമസിച്ച സൗർ ഗുഹയിൽ വെച്ച് അവർ അന്യോന്യം നടത്തിയ സംസാരം സൂറതു ത്തൗബയിലുണ്ട്. ഒരധ്യായം മുഴുവൻ മക്ക വീണ്ടും മുസ്‌ലിംകളുടെ സമ്പൂർണമായ അധീനതയിൽ വരുന്നതിനെ കുറിച്ചാണ്. ഇങ്ങനെ, ഇരുപത്തി മൂന്നു വർഷം നീണ്ട അവിടുത്തെ സംഭവബഹുലമായ ജീവിതത്തെ പരാമർശിക്കുന്നതും അനുഭവങ്ങളോടു പ്രതികരിക്കുന്നതുമായ എത്രയോ കാര്യങ്ങൾ വിശുദ്ധ ഖുർആനിന്റെ പ്രമേയമായിട്ടുണ്ട്. ഇവയത്രയും അവിടുത്തെ ജനനത്തിനോ പ്രവാചകത്വത്തിനോ മുമ്പാണെന്നു വാദിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്.
ഇനി, ഗവേഷകർ കണ്ടെത്തിയ ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയെ കുറിച്ചു വിശദമായി പറയാം. നാളെയാവട്ടെ, ഇൻഷാ അല്ലാഹ്!
(തുടരും).
✍ Muhammad Sajeer Bukhari
No comments:
Post a Comment