Monday, April 13, 2020

ബെർമിങ്ഹാം മാനുസ്ക്രിപ്റ്റ് - Part 3

സ്വഹാബികളുടെ കാലത്തെ ഖുർആൻ

ബെർമിങ്ഹാം തോൽത്താളുകളിൽ എഴുതിയിരിക്കുന്നത് ഹിജാസി ലിപിയിലാണ്. മാത്രമല്ല, എഴുത്തിൽ അനുവർത്തിച്ചിരിക്കുന്ന രീതിയും ശ്രദ്ദേയമാണ്. പിൽക്കാലത്ത് വ്യാപകമായ വർണ്ണവിന്യാസ ശാസ്ത്രമല്ല (orthography) ഇതിലുള്ളത്. ഉച്ചാരണത്തിലില്ലാത്ത അലിഫ് എഴുതിയിട്ടില്ല എന്നാണ് പലരും പറഞ്ഞിരുന്നതെങ്കിലും അതു ശരിയല്ല. ഹൃസ്വ സ്വരാക്ഷങ്ങളെ വേർത്തിരിച്ചറിയാനുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടില്ല. 'ബ' വർഗത്തിൽപ്പെട്ട വ്യഞ്ജനങ്ങൾ വേർതിരിച്ചറിയുന്നതിന് മാത്രം പുള്ളികൾ (നുഖത്വ്) കൊടുത്തിട്ടുണ്ട്. മറ്റു വ്യഞ്ജനങ്ങൾ അന്യോന്യം വേർതിരിച്ചറിയാൻ പ്രത്യേക ചിഹ്നങ്ങളില്ല. സൂക്തങ്ങൾക്കു നമ്പറില്ലെങ്കിലും നാലോ അഞ്ചോ പുള്ളികളിട്ട് തമ്മിൽ വേർതിരിച്ചിരിക്കുന്നു. ഒരു അധ്യായത്തെ മറ്റൊരു അധ്യായത്തിൽ നിന്ന് വേർതിരിക്കുന്നതിന് നീളമുള്ള മൂന്നോ നാലോ അലങ്കൃത വരകൾ കൊണ്ട് ചമയിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് ടെസ്റ്റിലൂടെ പിന്നീട് വല്ലതും എഴുതിയോ  വരച്ചോ ചേർത്തിട്ടില്ല എന്നു കട്ടായം തെളിഞ്ഞിരിക്കുന്നതിനാൽ പുനഃലിഖിതം (palimpsest) ആകാനുള്ള സാധ്യത വിദഗ്ദർ തള്ളിക്കളഞ്ഞിട്ടുണ്ട്. 

ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയുടെ കാലഗണന  മനസ്സിലാക്കാം. അതിന്, എഴുത്തുകല എന്ന നിലയിൽ അറബി ഭാഷക്കുണ്ടായ വികാസ പരിണാമങ്ങളുടെ കാലാനുക്രമണികയെ കുറിച്ച് ഒരു ഉപോദ്ഘാതം ആവശ്യമുണ്ട്.

അറബി എഴുത്തുകലയുടെ വികാസം

ഇതുപോലെയുള്ള ഒരു ചെറിയ ലേഖനത്തിൽ ഒതുക്കാൻ പറ്റിയതല്ല ഈ വിഷയം. ഹൃസ്വമായി പറയാം. 

നബിതിരുമേനി ﷺയുടെ കാലം മുതലുള്ള അര നൂറ്റാണ്ടിനിടയിൽ തന്നെ അറബി എഴുത്തു രീതിയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അക്ഷരമാലാ ക്രമത്തിൽ പോലും വ്യത്യാസമുണ്ട്. അലിഫ്, ബാഅ്, ജീം, ദാൽ... എന്നിങ്ങനെയുള്ള ക്രമമാണ് (الترتيب الأبجدي) പാലിച്ചു പോന്നിരുന്നത്. എല്ലാ സെമിറ്റിക് ഭാഷകൾക്കും അവ പ്രചാരത്തിലുണ്ടായിരുന്ന സ്ഥലങ്ങളിൽ വികസിച്ചു വന്ന ഭാഷകൾക്കും പൊതുവായി ഇതേ ക്രമം തന്നെയാണ് ഇപ്പോഴുമുള്ളത്. ഹീബ്രുവിൽ ആലേഫ്, ബെയ്ത്, ഗിമേൽ, ദലേത് എന്നും ഗ്രീക്കിൽ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നും തുടങ്ങി മുന്നോട്ടു പോകുന്നു. 

കൂട്ടത്തിലൊരു കാര്യം ഉണർത്താം. ഇംഗ്ലീഷിലെ Alphabet എന്ന പദം അറബിയിലെ 'അലിഫ്ബാതാ'യിൽ നിന്നു വികസിച്ചതാണെന്നു പറയുന്നതു ശരിയല്ല. അതു ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന, ഇംഗ്ലീഷ് ഭാഷ വളരെയേറെ കടപ്പെട്ടിട്ടുള്ള ഗ്രീക്കിലെ Alpha Beta യിൽ നിന്നുണ്ടായതാണ്.

പറഞ്ഞു വന്നത്, നബിതിരുമേനി ﷺയുടെ കാലത്തെ അറബി എഴുത്തിനെ പറ്റിയാണല്ലോ. അന്ന് അക്ഷരങ്ങൾക്കു സ്വരചിഹ്നങ്ങൾ (vowels) - ഫതഹ്, കസറ്, ളമ്മ് മുതലായവ ഉണ്ടായിരുന്നില്ല. വ്യഞ്ജനാക്ഷരങ്ങളെ വേർതിരിക്കുന്ന പുള്ളികളും ഇല്ല. ആകെ പതിനഞ്ചു ലേഖ്യങ്ങൾ കൊണ്ട് ഇരുപത്തെട്ട് സ്വരങ്ങൾ എഴുതേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ا، ٮ، ح، د، هـ، و، ر، ط، ى، ل، م، س، ع، ڡ، ص എന്നിവ ആയിരുന്നു ഈ ലേഖ്യങ്ങൾ.

ഈ രീതിയിൽ ٮٮٮ എന്ന് എഴുതിയാൽ നിങ്ങളെന്തു വായിക്കും? بيت، ثبت، نبت അങ്ങനെയങ്ങനെ എന്തുമാവാം, അല്ലെ? അതു തന്നെ ക്രിയയോ നാമമോ ആകാം! ٮٮٮٮ എന്നെഴുതിയാൽ ഥബതത് എന്നോ യഥ്ബുതു എന്നോ തഥ്ബുതു എന്നോ ആകാം, അല്ലെങ്കിൽ നബതയുടെ വകഭേദങ്ങളാകാം. വേറെയും അനേകം സാധ്യതകൾ. സയഥ്ബുതു എന്നെഴുതാൻ سٮٮٮٮ എന്നാണ് എഴുതേണ്ടി വരുക. അറബി സാഹിത്യവും വ്യാകരണ തത്വങ്ങളും അന്നത്തെ ഉല്ലേഖന രീതിയും നന്നായി വഴങ്ങുന്നവർക്കല്ലാതെ ഇതു ഗ്രഹിക്കുവാൻ സാധ്യമല്ല തന്നെ. ലിപികളിലെ ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ കൂടിയാകണം മനഃപാഠമാക്കലിനെ വ്യാപകമായി അവലംബിച്ചിരുന്നത്.

വളരെ പിന്നീടാണ് വൃഞ്ജനാക്ഷരങ്ങളെ വേർതിരിക്കുന്ന ചിഹ്നനങ്ങൾ (diacritics) പ്രയോഗത്തിൽ വന്നത്. അതാണ് ഇഅ്ജാം. പുള്ളിയിടാത്ത ആധാര ലേഖ്യങ്ങളെ റസ്മ് എന്നും ഒരേ വിധത്തിലുളള റസ്മിനു മുകളിലോ താഴെയോ പുള്ളികൾ രേഖപ്പെടുത്തുന്നതിന് ഇഅ്ജാം എന്നും പറയുന്നു. ഈ രീതിയുടെ ഏറ്റവും പ്രാരംഭ ഘട്ടം ഇസ്‌ലാമിനു മുമ്പു തന്നെ നിലവിലുണ്ടായിരുന്നു (ഡോ. അബ്ദുൽ അസീസ് ഹുമൈദ് സ്വാലിഹ്, താരീഖു ഖത്ത്വിൽ അറബിയ്യി അബറൽ ഉസ്വൂരിൽ മുതആഖിബ, പേ. 1-3). അന്ന് മുകളിൽ മാത്രം പുള്ളികളിടുന്ന രീതിയാണ് പ്രയോഗത്തിൽ വന്നിരുന്നത് (അബ്ദുസ്സ്വബൂർ ശാഹീൻ, താരീഖുൽ ഖുർആൻ). അസ്‌ലമു ബ്നു ജുദ്റയാണ് ഇതിന്റെ ഉപജ്ഞാതാവ് (ഇബ്നു സീദ / അലീ ബ്നു ഇസ്മാഈൽ, അൽമുഹ്കം വൽ മുഹീത്വുൽ അഅ്ളം). 

എന്നാൽ ഇതത്ര പ്രചുര പ്രചാരം നേടിയിട്ടുണ്ടായിരുന്നില്ല. നബിതിരുമേനി ﷺയുടെ കാലത്ത് റസ്മുകൾ മാത്രമാണ് എഴുതിയിരുന്നത്. അലിയ്യ് റ.വിൽ നിന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്ന അവസാന കാലത്തെ കുറിച്ചു താക്കീതു ചെയ്യുന്ന ഒരു ഹദീസിൽ അതിനെ കുറിച്ചുള്ള സൂചന വായിച്ചെടുക്കാം: 

 يوشك أن يأتي على الناس زمان لا يبقى من الإسلام إلا اسمه ، ولا يبقى من القرآن إلا رسمه ، مساجدهم عامرة وهي خراب من الهدى ، علماؤهم شر مَن تحت أديم السماء ، مِن عندهم تخرج الفتنة وفيهم تعود 
"ഇസ്‌ലാമിൽ നിന്ന് അതിന്റെ ഇസ്മും (നാമം) ഖുർആനിൽ നിന്ന് അതിന്റെ റസ്മും (ലിഖിതം) അല്ലാതെ മറ്റൊന്നും ശേഷിക്കാത്ത ഒരു കാലം ജനങ്ങൾക്കെത്തും. അന്ന് പള്ളികൾ സജീവമായിരിക്കും, അവിടെ സൻമാർഗദർശനം ഉണ്ടായിരിക്കില്ല! അവരിലെ പണ്ഡിതൻമാർ ആയിരിക്കും ആകാശ വിതാനത്തിനു കീഴെ പാർക്കുന്നവരിൽ ഏറ്റവും ദുർജ്ജനം!! നാശങ്ങൾ അവരിൽ നിന്നാണ് തുടങ്ങുക, അവരിലേക്കു തന്നെ മടങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും!!!" - നഊദു ബില്ലാാാാഹ്.

ഖലീഫമാരുടെ കാലത്ത് ഇറാൻ, ഇറാഖ്, സിറിയ, തുർക്കി, അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താനിലും അസർബൈജാനിലും ഈജിപ്തിലുമെല്ലാം ഇസ്‌ലാം എത്തി. ഉച്ചാരണത്തിലും ലിപ്യന്തരണത്തിലും അറബിഭാഷയോട് വളരെയധികം സാമ്യതയുള്ള ഫാരിസിയും, കുർദിഷ് ഭാഷാ കുടുംബത്തിലെ വിവിധ വകഭേദങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. അതിനെല്ലാം പുറമെ ഉച്ചാരണത്തിൽ പ്രകടമായ വ്യത്യാസമുള്ള അറബി ഭാഷയുടെ തന്നെ വിവിധ വകഭേദങ്ങൾ. ഇസ്‌ലാം വ്യാപനത്തോടെ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷവും മുസ്‌ലിംകളായി. 

താന്താങ്ങളുടെ ഭാഷാകളുടെ സ്വരസാമ്യത മൂലം ഖുർആൻ പാരായണത്തിൽ ഈ പുതുമുസ്‌ലിംകൾ വരുത്തിയിരുന്ന തെറ്റുകൾ ക്ഷന്തവ്യമല്ലാത്ത വിധം വലുതായിരുന്നു. പലരും പഠനത്തിനു വേണ്ടി എഴുതിയെടുത്ത കോപ്പികളിൽ സൂക്തങ്ങളുടെ മുകളിലോ താഴെയോ അരികിലോ വാക്കുകളുടെയോ വചനത്തിന്റെ തന്നെയോ അർഥമോ വ്യാഖ്യാനമോ എഴുതി വെച്ചു. അതു കൂടിയായപ്പോൾ ഈ കോപ്പികളിൽ നിന്നു വീണ്ടും പകർപ്പെടുക്കുന്ന പുതു വിശ്വാസികൾ തെറ്റു വരുത്തുന്നത് പതിവായി. അതവരുടെ പാരായണത്തിലും നിഴലിച്ചു. ഈ സന്ദർഭത്തിലാണ് അബൂബക്ർ റ. തയ്യാറാക്കിയ മുസ്വ്‌ഹഫിന്റെ കൂടുതൽ കോപ്പികൾ പ്രസിദ്ധം ചെയ്തു മൂന്നാം ഖലീഫ വിവിധ രാജ്യങ്ങളിലേക്കു അയച്ചു കൊടുക്കുകയും ആധികാരിക പതിപ്പിൽ നിന്നല്ലാതെ അവർ എഴുതിയുണ്ടാക്കിയവ കരിച്ചു കളയാൻ ഉത്തരവിടുകയും ചെയ്തത്. ഇക്കാര്യം വിശദമായി മുമ്പെഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

സമാന സ്വരമുള്ള ഭാഷകൾ 

സംസാരിക്കുന്നവർക്ക് ശരിയായ രീതിയിൽ ഖുർആൻ ഉച്ചാരണം സാധ്യമാവണമെങ്കിൽ വ്യാകരണശാസ്ത്രം രൂപപ്പെടുത്തേണ്ടതും ഉല്ലേഖന രീതിയിൽ ചില പരിഷ്കരണങ്ങൾ വരുത്തേണ്ടതും ആവശ്യമാണെന്നു നാലാം ഖലീഫ അലീ റ. ചിന്തിച്ചു. തന്റെ ശിഷ്യനായ അബുൽ അസ്‌വദി ദ്ദുഅ്ലിയെ (എഡി 605- 688) അതിനു ചുമതലപ്പെടുത്തി. പ്രബലമല്ലാത്ത ചില റിപ്പോർട്ടുകളിലുള്ളത് ഖലീഫ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് ഇറാഖിലെ സൈന്യാധിപനായിരുന്ന സിയാദു ബ്നു ഉബയ്യ എഡി 686 / ഹിജ്റ 67ലാണ് ഈ നിർദേശം നൽകിയത് എന്നാണ്. 

അതെന്തായാലും, അബുൽ അസ്‌വദി ദ്ദുഅ്ലിയാണ് അറബി എഴുത്തു രീതിയിൽ ഔദ്യോഗിക പരിഷ്കരണത്തിനും അറബി വ്യാകരണ ശാസ്ത്രത്തിനും തുടക്കമിട്ടയാൾ. അലീ റ.വിന്റെ കാലത്ത് ഇറാഖിലെ ബസ്വറ പ്രവിശ്യയുടെ അമീറായിരുന്നു ഇദ്ദേഹം. നബിതിരുമേനി ﷺ ഹിജ്റ വരുന്നതിന്റെ പതിനാറു വർഷം മുമ്പേ ജനിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ കണ്ടിട്ടില്ലാത്തതിനാൽ സ്വഹാബിയല്ല. എന്നാൽ അക്കാലത്തെ ഭാഷാ ശാസ്ത്രത്തെ കുറിച്ചും അതിന്റെ ഗതിവിഗതികളെ കുറിച്ചും നന്നായിട്ടറിയാമായിരുന്ന അബുൽ അസ്‌വദി ദ്ദുഅ്ലി മലികു ന്നഹ്‌വ് - വ്യാകരണ ശാസ്ത്രത്തിന്റെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.

വ്യഞ്ജനങ്ങൾക്ക് വ്യത്യസ്ത വർണത്തിലുള്ള സ്വരചിഹ്നങ്ങൾ (vowels) നൽകുന്ന രീതിയാണ് ഇദ്ദേഹം അവലംബിച്ചത്. അകാരത്തെ സൂചിപ്പിക്കാൻ അക്ഷരത്തിനു മുകളിൽ ഒരു വർണപ്പുള്ളി ചേർത്തു. തഥൈവ, ഇകാരത്തിനു അക്ഷരത്തിന്റെ താഴെയും ഉകാരത്തിനു ഇടതുവശത്തും വർണപ്പുള്ളിയിട്ടു. തൻവീനിനെ കാണിക്കാൻ ഈ ക്രമത്തിൽ രണ്ടു പുള്ളികളിട്ടു. അതുവരെ വ്യജ്ഞനാക്ഷരമായ നൂൻ തന്നെ എഴുതിവരുന്നതായിരുന്നു രീതി.

പിന്നീട് അബ്ദുൽ മലികി ബ്നു മർവാനിന്റെ (എഡി. 646-705) കാലത്ത് ഹിജാസിലും ഇറാഖിലും അദ്ദേഹത്തിന്റെ ഗവർണറായിരുന്ന ഹജ്ജാജു ബ്നു യൂസുഫ സ്സഖഫീയുടെ നിർദ്ദേശ പ്രകാരം അബുൽ അസ്‌വദി ദ്ദുഅ്ലിയുടെ ശിഷ്യൻമാരായ നസ്വ്‌ർ ബ്നു ആസിം, യഹ്​​യ ബ്നു യഅ്മർ എന്നിവർ ചേർന്നു എഴുത്തു രീതി വീണ്ടും പരിഷ്കരിച്ചു. സമാനസ്വഭാവമുള്ള വ്യഞ്ജനാക്ഷരങ്ങളെ തിരിച്ചറിയുന്നതിനു പുള്ളികളിട്ടു. ഉദാഹരണത്തിന് ٮ എന്ന റസ്മിനു താഴെ ഒരു പുള്ളിയിട്ടാൽ ب/ബാഅ്, മുകളിൽ ഒരു പുള്ളിയിട്ടാൽ ن/നൂന്, താഴെ രണ്ട് പുള്ളികളിട്ടാൽ തുടക്കത്തിലോ ഇടയിലോ വരുന്ന ي/യാഅ്, മുകളിൽ രണ്ട് പുള്ളികളിട്ടാൽ ت/താഅ്, മുകളിൽ മൂന്നു പുള്ളികളിട്ടാൽ ث/ഥാഅ് എന്നിങ്ങനെ.

അതിനു പുറമെ, നേരത്തെ നടപ്പിൽ വരുത്തിയ സ്വരങ്ങളെ കുറിക്കുന്ന പുള്ളികളും ഉണ്ടാകുമല്ലോ. തിരിച്ചറിയുന്നതിനു രണ്ടു തരം പുള്ളികൾക്കും രണ്ടു തരം നിറങ്ങൾ നൽകി. അബ്ജദ് ക്രമത്തിൽ നിന്ന് ഇപ്പോൾ നിലവിലുള്ള 'അലിഫ്ബാതാ' ക്രമം (الترتيب الهجائي) ആവിഷ്കരിച്ചതും ഇവരാണ്.

ആകെക്കൂടെ ഒരു പുള്ളി ബഹളം! നന്നായി ശ്രദ്ധിച്ചില്ലേൽ സ്വരവും വ്യഞ്ജനവും എഴുത്തിലും വായനയിലും തെറ്റിപ്പോവുക സ്വഭാവികം. ഇതു പരിഹരിക്കുന്നതിനു ഖലീലു ബ്നു അ​ഹ്​​മ​ദൽ ഫറാഹീദീ (എഡി. 718 - 786) ചില പരിഷ്കാരങ്ങൾ വരുത്തി. വ്യാകരണ ശാസ്ത്രത്തിലെ പ്രശസ്തനായ സീബവയ്ഹിയുടെ ഗുരുവാണിദ്ദേഹം. ഫറാഹീദീ വ്യഞ്ജനങ്ങളെ വേർതിരിക്കാൻ പുള്ളികൾ നിലനിർത്തി. സ്വരചിഹ്നങ്ങളായി പുള്ളികൾക്കു പകരം ചെറിയ വരകൾ നൽകി ഇന്നു നിലവിലുള്ള ഫതഹ്, കസ്റ്, ളമ്മ്, തൻവീൻ എന്നിങ്ങനെയുള്ള ഹറകതുകൾ കൊണ്ടുവന്നു. പുറമെ,  ഇരട്ടിപ്പിനെ കാണിക്കാനുള്ള ശദ്ദും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. വിശദവായന ആവശ്യം നേരിടുന്നതിനനുസരിച്ച് നടത്താം, ഇൻഷാ അല്ലാഹ്! ഇനി വിഷയത്തിലേക്കു തിരിച്ചു വരാം.

ബെർമിങ്ഹാം പതിപ്പിന്റെ കാലം

ഒരു കാര്യം ഉറപ്പ്, ഇതു സ്വഹാബത്തിന്റെ കാലത്തുള്ളതാണ്. നാലാം ഖലീഫ അലീ റ.വിന്റെ കാലത്തുണ്ടായ ലിപിപരിഷ്കരണം ഉണ്ടാകുന്നതിനു മുമ്പാണ് എഴുതിയിട്ടുള്ളത്. 

അധ്യായങ്ങളുടെ ഇന്ന് കാണുന്ന ക്രമം മുസ്വ്‌ഹഫിൽ നടപ്പിൽ വരുത്തിയത് ഉസ്മാൻ റ.വാണ്. സ്വിദ്ദീഖ് റ.വിന്റെ മുസ്വ്‌ഹഫിൽ അതു കണിശമായി പാലിച്ചിരുന്നില്ല. ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയിൽ അധ്യായങ്ങളുടെ ക്രമം പാലിച്ചിരിക്കുന്നു. മാത്രമല്ല, ഈജിപ്തിലെ ഫുസ്ത്വാതിലെ മസ്ജിദു അംറി ബ്നിൽ ആസ്വിൽ നിന്നു കണ്ടെടുത്ത കയ്യെഴുത്തു തുകലുകൾ കറങ്ങിത്തിരിഞ്ഞാണ് അൽഫോൺസ് മിൻഗാനക്കു കിട്ടിയത്. ഉസ്മാൻ റ.വിന്റെ കാലത്താണ് പ്രവിശ്യകളിലേക്ക് ഖുർആനിന്റെ കയ്യെഴുത്തു പ്രതികൾ അയച്ചു കൊടുക്കുകയും അതിനെ അവലംബിച്ചു മാത്രം പകർപ്പുകൾ എടുക്കാൻ അനുമതി നൽകുന്ന നിയമനിർമാണവും ഉണ്ടായത്. ഈ സാധ്യതകളെ മുൻനിർത്തിയാണ് ഇത് ഉസ്മാൻ റ.വിന്റെ കാലത്തുള്ളതാവാം എന്നു നടേ പറഞ്ഞത്. 

ഇത്ര തന്നെ ആധികാരികമായി ഇതു നബിതിരുമേനി ﷺയുടെയോ ഒന്നാം ഖലീഫ അബൂബക്ർ റ.വിന്റെയോ കാലത്തേതാണ് എന്നു പറയാൻ മാത്രം സാധ്യത കല്പിക്കുന്നു ഇതിന്റെ കാർബൺ ഡേറ്റിംഗ് കാലനിർണയം എന്നു കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ.
(തുടരും)

✍🏻 Muhammad Sajeer Bukhari

No comments:

Post a Comment