ഡോക്കിൻസിന്റെ ഈ പ്രസ്താവന എത്രത്തോളം ശരിയാണെന്നു പരിശോധിക്കുമ്പോൾ വേഗത്തിൽ തിരിച്ചറിയാവുന്ന ഒരു കാര്യം ഇത് തികച്ചും അസംബന്ധമായ ഒരു വിലയിരുത്തലാണ് എന്നാണ്. ദൈവമുണ്ടെന്നു വിശ്വസിക്കാനാണ് ഇല്ലെന്നു പറയുന്നതിനേക്കാൾ ശാസ്ത്രത്തിനിഷ്ടം എന്നു തോന്നുന്നു. ജീവന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള ശാസ്ത്ര വിചാരങ്ങൾ അതിനെ അരക്കിട്ടു ഉറപ്പിക്കുന്നുണ്ട്. ചാൾസ് ഡാർവിൻ തന്നെ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:
“Another source of conviction in the existence of God, connected with the reason and not with the feelings, impresses me as having much more weight. This follows from the extreme difficulty or rather impossibility of conceiving this immense and wonderful universe, including man with his capacity of looking far backwards and far into futurity, as the result of blind chance or necessity. When thus reflecting I feel compelled to look to a First Cause having an intelligent mind in some degree analogous to that of man; and I deserve to be called a Theist.”
“ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ബോധ്യത്തിന്റെ, വികാരങ്ങളുമായല്ല, വിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു ഉറവിടം കൂടുതൽ പ്രാധാന്യം ഉള്ളതായി എന്നെ ആകർഷിക്കുന്നു. അപാരവും അതിശയകരവുമായ ഈ പ്രപഞ്ചം, വിദൂരമായ ഭൂതകാലത്തേക്കും ഭാവിയിലേക്കും നോക്കാനുള്ള കഴിവുള്ള മനുഷ്യനുൾപ്പടെ, വിവേകശൂന്യമായ യാദൃശ്ചികതയുടെയോ ആവശ്യകതയുടെയോ ഫലമാണെന്നു സങ്കൽപ്പിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് അല്ലെങ്കിൽ അസാധ്യതയിൽ നിന്നാണ് ഇതുണ്ടാകുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ,ഒരു പരിധി വരെ മനുഷ്യന്റെ മനസിനു സമാനമായ ബുദ്ധിശക്തിയുള്ള ഒരു മനസുള്ള ഒരു 'ആദികാരണത്തിലേക്ക്' ഉറ്റുനോക്കാൻ ഞാൻ നിർബന്ധിതനാകുന്നു; ഞാൻ ഒരു 'ദൈവവിശ്വാസി' എന്നു വിളിക്കപ്പെടാൻ അർഹനാണ്.”
ഉയർന്ന യോഗ്യതകളുള്ള ധാരാളം ജീവശാസ്ത്രജ്ഞർ നിരീശ്വരവാദത്തോടു സങ്കുചിതമായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരാണ്. എത്രയോ നീണ്ട വർഷങ്ങൾ ഡാർവിന്റെ സിദ്ധാന്തത്തെ പിന്തുടർന്നു ഇവർ അനവരതം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതെല്ലാം 'സൃഷ്ടിവാദത്തെ' എതിർക്കാനും ദൈവമില്ലായെന്ന നാസ്തിക നിലപാടുകളെ സ്ഥാപിക്കുവാനും ആയിരുന്നെങ്കിൽ അപ്പടി പരിഹാസ്യമായി തീർന്നിരിക്കുന്നു എന്നു വേണം പറയാൻ.
ഒന്നാലോചിച്ചു നോക്കൂ, ഡാർവിനിയൻ പരിണാമ സിദ്ധാന്തം 'ജീവന്റെ ഉത്ഭവം' (origin of life) പ്രശ്നവത്കരിക്കുക പോലും ചെയ്യുന്നില്ല. മറിച്ച്, പൊതുവായ ഒരു പൂർവ്വികനിൽ നിന്ന് ജീവന്റെ വൈവിധ്യവത്കരണം (diversification of life) ഉണ്ടായതെങ്ങനെ എന്നാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. ക്രമരഹിതമായ ഉൾപരിവർത്തനത്തെയും (random mutation) പ്രകൃതി നിർദ്ധാരണത്തെയും (natural selection) കുറിച്ചുള്ള ഡാർവിനിയൻ സങ്കല്പം മ്യൂട്ടേഷൻ ചെയ്യപ്പെടാനുള്ള ജീനുകളും പ്രകൃതി നിർദ്ധാരണം നടക്കുന്നതിനുള്ള പ്രത്യുത്പാദിത സന്തതികളും ഉള്ളവയ്ക്ക്, അഥവാ ജീവജാലങ്ങൾക്കു മാത്രമേ ബാധകമാകൂ എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. എന്നാൽ, ദൈവത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യം, ജീവൻ എങ്ങനെയാണ് വൈവിധ്യവത്കരിക്കപ്പെട്ടത് എന്നതല്ലല്ലോ, പ്രത്യുത, അത് എങ്ങനെ ഉത്ഭവിച്ചു എന്നതാണ്. ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ആദ്യമായി ജീവൻ എങ്ങനെ ഉരുത്തിരിഞ്ഞു? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കണമെങ്കിൽ ആദ്യം ജീവൻ എന്താണെന്ന് നിർണ്ണയിക്കണം.
എന്താണു ജീവൻ? അതു പറഞ്ഞു തരാൻ എനിക്കറിയില്ല. ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായനയിൽ ജീവന്റെ എല്ലാ പ്രത്യേക സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്ന ഏറ്റവും ലളിത രൂപമായ കോശത്തെ കുറിച്ച് വായിച്ചതു പറയാം. ഓക്സ്ഫോർഡ് സർവകലാശാല ശാസ്ത്രജ്ഞൻ ഫ്രാങ്ക്ലിൻ എം. ഹരോൾഡ് The Way of the Cell എന്ന ഗ്രന്ഥത്തിൽ വെറും ഒരേയൊരു കോശത്തിന്റെ ഉള്ളിലെ സംവിധാനങ്ങളെ പറ്റി വാചാലമാകുന്നതു ഇങ്ങനെയാണ്:
“…a high-tech factory, complete with artificial languages and their decoding systems, memory banks for information storage and retrieval, elegant control systems regulating the automated assembly of parts and components, error fail-safe and proof-reading devices utilized for quality control, assembly processes involving the principle of prefabrication and modular construction … [and] a capacity not equaled in any of our own most advanced machines, for it would be capable of replicating its entire structure within a matter of a few hours.”
“ഒരു ഹൈടെക് ഫാക്ടറി, കൃത്രിമ ഭാഷകളും അവയുടെ ഡീകോഡിംഗ് സിസ്റ്റങ്ങളും, വിവര സംഭരണത്തിനും വീണ്ടെടുക്കലിനുമുള്ള മെമ്മറി ബാങ്കുകൾ, വിവിധ ഭാഗങ്ങളുടെയും ഘടകങ്ങളുടെയും സ്വയം പ്രേരിത സംയോജനത്തെ നിയന്ത്രിക്കുന്ന ഗംഭീരമായ നിയന്ത്രണ സംവിധാനങ്ങൾ, ഗുണനിലവാര നിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ള തെറ്റുപറ്റാത്ത വിധം വിശ്വസനീയമായതും പ്രൂഫ് റീഡിംഗിനുള്ളതുമായ ഉപകരണങ്ങൾ, പിന്നീട് സംയോജിപ്പിക്കുന്നതിനായി മുൻകൂട്ടി ഘടകങ്ങൾ നിർമ്മിക്കുന്നതിന്റെയും വിവിധ ഘടകങ്ങൾ ആസൂത്രിതമായ രൂപകല്പന നടത്തുന്നതിന്റെയും അടിസ്ഥാന തത്വം ഉൾക്കൊള്ളുന്ന സംയോജന പ്രക്രിയകൾ….. [ പുറമെ] നമ്മുടെ ഏറ്റവും നൂതനമായ യന്ത്രങ്ങളിൽ ഏതെങ്കിലും ഒന്നിനോടു പോലും തുലനപ്പെടുത്താനാവാത്ത ശേഷിയും. കാരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിന്റെ മുഴുവൻ ഘടനയുടെയും തനിപ്പകർപ്പുണ്ടാക്കാൻ അതിനു കഴിയും!”
ഇനി, അനിഷേധ്യമായ മറ്റൊരു യാഥാർഥ്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമി പിറവിയെടുത്ത ഉടനെ, അധികം താമസിയാതെ തന്നെ ജീവൻ ഉദ്ഭവിച്ചിട്ടുണ്ട്. അല്ലാതെ, ഒരു കാലത്ത് സങ്കല്പിച്ചിരുന്ന പോലെ ശതകോടിക്കണക്കിനു വർഷങ്ങൾക്കു ശേഷമല്ല! ഭൂമിയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പ്രായം കൂടിയ ജൈവഫോസിൽ കണ്ടെത്തിയതിനെ കുറിച്ച് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം ഇന്റർനെറ്റിൽ ലഭ്യമാണ്. ഭൂമിയിലെ പഴക്കമേറിയ അവസാദശിലകളുള്ള ക്യുബക്കിലെ നുവ്വാഗിട്ടിക് സൂപ്രക്രസ്റ്റൽ ബെൽട്ടിലെ (എൻ.എസ്.ബി.) ശിലാപാളികൾക്കിടയിൽ നിന്നാണ് ഇന്നുള്ള ബാക്ടീരിയകൾക്കു സമാനമായ സൂക്ഷ്മ ജീവികളുടേതാണ് എന്നു കരുതപ്പെടുന്ന ഈ ഫോസിൽ കണ്ടെടുത്തത്.
ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വർഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ടെത്തിയ ഫോസിലിന് 377 കോടി മുതൽ 430 കോടി വർഷം വരെ പ്രായം കണ്ടേക്കാം എന്നാണ് ഗവേഷക സംഘത്തിലെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർ ഡൊമനിക് പാപ്പിനിയു പറഞ്ഞത്. ജീവന്റെ ഉത്ഭവത്തെ കുറിച്ചു ഇന്നോളമുCള്ള ഗവേഷണങ്ങളെ വലിയ തോതിൽ വഴിത്തിരിച്ചു വിടുന്നതായിരുന്നു ഈ കണ്ടെത്തൽ എന്നു ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ എൽസോ ബർഗോറൺ പറയുന്നു.
ചുരുക്കത്തിൽ, മനുഷ്യർ സ്വപ്രയത്നത്താൽ ഇതഃപര്യന്തം സൃഷ്ടിച്ചിട്ടുള്ള എന്തിനേക്കാളും സങ്കീർണ്ണമാണ് ജീവന്റെ ഏറ്റവും ലളിത രൂപങ്ങളായ കോശങ്ങൾ. അത്യാധുനിക സംവിധാനങ്ങളോടെ നാം നിർമിച്ചിട്ടുള്ള ബഹിരാകാശ വാഹനങ്ങളും സൂപ്പർ കമ്പ്യൂട്ടറുകളുമെല്ലാം വെറുമൊരു കോശത്തിനു എത്രയോ ഇരട്ടി താഴെയാണ്! ആലോചിച്ചാൽ തലകറങ്ങുന്നത്ര സങ്കീർണ്ണമായ ഈ ജീവന്റെ ആദ്യരൂപം ഉദ്ഭവിച്ചതാവട്ടെ ജിയോളജിയുടെ സാങ്കേതിക കണക്കിലേക്കു നോക്കിയാൽ ഒരു കണ്ണു മിന്നുന്ന നേരം കൊണ്ടും!
ഇക്കാര്യം പ്രശസ്ത ആസ്ട്രോ ഫിസിസ്റ്റായ ഹഗ് നോർമാൻ റോസ് The Creator and the Cosmos ൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്:
“When it comes to the origin of life, many biologists (and others) have typically assumed that plenty of time is available for natural processes to perform the necessary assembly. But discoveries about the universe and the solar system have shattered that assumption. What we now see is that life must have originated on Earth quickly.” “In early 1992 Christopher Chyba and Carl Sagan published a review paper on the origins of life. Origins is plural for a good reason. Research indicates that life began, was destroyed, and began again many times during that era before it finally took hold.” “…From 3.8 to 3.5 billion years ago the bombardment [of earth by asteroids, comets, meteors, and dust] gradually decreased to its present comparatively low level. But during those 300 million years at least thirty life-exterminating impacts must have occurred. These findings have enormous significance to our theories about the origin of life. They show that life sprang up on Earth (and re-sprang) in what could be called geologic instants, periods of ten-million years or less (between devastating impacts).” “From the perspective of our life span, a ten-million-year window may seem long, but it is impossibly short to those seeking to explain life’s origins without divine input.”
“ജീവന്റെ ഉത്ഭവത്തെ കുറിച്ചു പറയുമ്പോൾ പല ജീവശാസ്ത്രജ്ഞൻമാരും (അല്ലാത്തവരും) പ്രകൃത്യാ ഉള്ള പ്രക്രിയകൾക്ക് ആവശ്യമായ സംയോജനം നടത്താൻ ധാരാളം സമയം ലഭ്യമായിരുന്നുവെന്ന് സ്വാഭാവികമായി അനുമാനിക്കുന്നു. എന്നാൽ പ്രപഞ്ചത്തെയും സൗരയൂഥത്തെയും കുറിച്ചുള്ള കണ്ടെത്തലുകൾ ആ അനുമാനത്തെ തകർത്തു കളഞ്ഞിട്ടുണ്ട്. നാം ഇപ്പോൾ മനസ്സിലാക്കുന്നത് ഭൂമിയിൽ ജീവൻ വളരെ വേഗത്തിൽ ഉത്ഭവിച്ചിരിക്കണം എന്നാണ്...
1992 ന്റെ തുടക്കത്തിൽ ക്രിസ്റ്റഫർ ചിബയും കാൾ സാഗനും ജീവന്റെ ഉത്ഭവങ്ങളെ കുറിച്ച് ഒരു അവലോകന പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ഉത്ഭവങ്ങൾ എന്നു ബഹുവചനം പ്രയോഗിച്ചതിൽ യുക്തമായ ഒരു ന്യായം ഉണ്ട്. ജീവന്റെ ഉത്ഭവം പല തവണ ഉണ്ടായിട്ടുണ്ട്. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ജീവൻ ഒരിക്കൽ ഉദ്ഭവിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, ആ കാലഘട്ടത്തിൽ വീണ്ടും പല തവണ, അവസാനം നശിക്കാതെ നിലനിൽക്കുന്നതു വരെ ജീവൻ ഉദ്ഭവിച്ചു കൊണ്ടിരിക്കുകയും ചെയ്തു.…
3.8 മുതൽ 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് [ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ, പൊടി എന്നിവയാൽ] ഭൂമിയിലുണ്ടായ ബോംബാക്രമണം ക്രമേണ അതിന്റെ ഇന്നത്തെ താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. എന്നാൽ ആ 300 ദശലക്ഷം വർഷങ്ങളിൽ കുറഞ്ഞത് മുപ്പതു തവണ ജീവനു ഉന്മൂലനാശം വരുത്തിയ ആഘാതങ്ങൾ ഉണ്ടായിരിക്കണം. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള നമ്മുടെ സിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം ഈ കണ്ടെത്തലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. (വിനാശകരമായ ആഘാതങ്ങൾക്കിടയിൽ) പത്തു ദശലക്ഷം വർഷമോ അതിൽ കുറവോ വരുന്ന കാലത്ത്, 'ഭൂമിശാസ്ത്രപരമായ ക്ഷണ നേരം' കൊണ്ട് ഭൂമിയിൽ പെട്ടെന്നു ജീവൻ ഉത്ഭവിച്ചു (വീണ്ടും വീണ്ടും ഉത്ഭവിക്കുകയും ചെയ്തു) എന്നാണ് ഇവ കാണിക്കുന്നത്....
നമ്മുടെ ആയുർദൈർഘ്യത്തിന്റെ വീക്ഷണകോണിൽ, ഒരു പത്ത് ദശലക്ഷം വർഷത്തെ വിടവ് ദൈർഘ്യമേറിയതായി തോന്നിയേക്കാമെങ്കിലും, ദൈവികമായ ഇൻപുട്ട് ഇല്ലാതെ ജീവന്റെ 'ഉത്ഭവങ്ങളെ' വിശദീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് അസാധ്യമാകുന്നത്ര വളരെ ചെറുതാണ് ഈ കാലം.”
(തുടരും)
✍🏻 Muhammad Sajeer Bukhari
No comments:
Post a Comment