ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയെ സംബന്ധിച്ചു അക്കാദമിക് തലത്തിൽ ഇപ്പോൾ നടക്കുന്ന സംവാദങ്ങളുടെ തർക്ക വിഷയം അതു ഒന്നാം ഖലീഫയുടെ കാലത്തേതാണോ മൂന്നാം ഖലീഫയുടെ കാലത്തേതാണോ എന്നതാണ്.
ഇത് നബിതിരുമേനി ﷺയുടെയോ ഒന്നാം ഖലീഫയുടെയോ കാലത്തേതാകാം എന്നാണ് കാർബൺ ഡേറ്റിംഗ് പരിശോധനയെ ആധാരമാക്കി ബെർമിങ്ഹാം യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. ഇതിനെ അനുകൂലിച്ചാണ് ഹഫിങ്ടൺ പോസ്റ്റിൽ മസാചുസെറ്റ്സിലെ ജ്യൂയിഷ് സ്പോൺസേഡായ Brandeis University യിലെ പ്രൊഫസറായിരുന്ന ജോസഫ് ഇ. ബി. ലംബാർഡ് എഴുതിയത്:
The discovery of a Quranic text that may be confirmed by radiocarbon dating as having been written in the first decades of the Islamic era, while presenting a text substantially in conformity with that traditionally accepted, reinforces a growing academic consensus that many Western sceptical and 'revisionist' theories of Quranic origins are now untenable in the light of empirical findings – whereas, on the other hand, counterpart accounts of Quranic origins within classical Islamic traditions stand up well in the light of ongoing scientific discoveries.
"കാർബൺ ഡേറ്റിംഗ് പരിശോധനയിലൂടെ ഇസ്‌ലാമിന്റെ ഏറ്റവും ആദ്യത്തെ പതിറ്റാണ്ടുകളിൽ തന്നെ എഴുതപ്പെട്ടതാണ് എന്ന് ഉറപ്പിക്കാവുന്ന കയ്യെഴുത്തു പ്രതി കണ്ടെടുത്തത്, പരമ്പരാഗതമായി സ്വീകരിച്ചു പോരുന്നതിനോട് സമാസമം ചേരുന്ന ഒരു ടെക്സ്റ്റ് മുന്നോട്ടു വെക്കുന്നു എന്നിരിക്കെ, വിശുദ്ധ ഖുർആനിന്റെ മൂലത്തെ കുറിച്ച് പാശ്ചാത്യരായ നാസ്തികരും തിരുത്തൽവാദികളും ഉന്നയിച്ച സിദ്ധാന്തങ്ങൾ അനുഭവസിദ്ധമായ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ വാദിച്ചു സമർത്ഥിക്കാൻ ആവാത്തതാണെന്ന വളർന്നു കൊണ്ടിരിക്കുന്ന അക്കാഡമിക് പൊതുബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം മറുപുറത്ത്, വിശുദ്ധ ഖുർആനിന്റെ മൂലത്തെ കുറിച്ച് പൊതു സ്വീകാര്യമായ ഇസ്‌ലാമിക പാരമ്പര്യത്തിൽ പറഞ്ഞു പോരുന്ന വിശദീകരണങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ നിറശോഭയിൽ കൂടുതൽ നന്നായി നിവർന്നു നിൽക്കുകയും ചെയ്യുന്നു" (See: New Light on the History of the Quranic Text?". The Huffington Post. 24 July 2015).
തുർക്കിയിലെ യാലോവ യൂണിവേഴ്സിറ്റി (UYA)യിൽ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ പ്രൊഫസറായ സുലയ്മാൻ ബെർക് ബെർമിങ്ഹാം തോൽത്താളുകളും ഇസ്താംബൂളിലെ Turkish and Islamic Arts Museum ത്തിൽ സൂക്ഷിച്ചിട്ടുള്ള ധാരാളം 'ഹിജാസീ ഖുർആനുകളും' തമ്മിലുള്ള അഭേദ്യമായ സാമ്യതയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ദിമശ്ഖിലെ (ഡമസ്കസ്) വലിയപള്ളിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 1893 ലുണ്ടായ ഒരു വലിയ തീ പിടുത്തത്തെ തുടർന്ന് സംരക്ഷണാർഥം സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമനാണ് ഇവ തുർക്കിയിലെ മ്യൂസിയത്തിൽ എത്തിച്ചത്.
2010 സെപ്തംബറിൽ ഇസ്തംബൂളിൽ വെച്ചു നടന്ന "വിശുദ്ധ ഖുർആനിന്റെ 1400-ാം വർഷം" (The Quran in its 1,400th Year) എന്ന പ്രൗഢമായ എക്സിബിഷനോട് അനുബന്ധിച്ച് ഖുർആനിന്റെ ചരിത്രപരത എന്ന വിഷയത്തിൽ ഈ കയ്യെഴുത്തു പ്രതികളെ സംബന്ധിച്ചു നടന്ന ഗൗരവപൂർണവും ഗഹനവുമായ ഗവേഷണങ്ങളെ കുറിച്ച് പ്രൊഫസർ ബെർക് പറയുന്നുണ്ട്. ഈ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ഫ്രാങ്കോയിസ് ദെറോഖ് (François Déroche, born October 24, 1952) 2013 ൽ 'ഉമവിയ്യാ കാലഘട്ടത്തിലെ ഖുർആനുകൾ' (Qur’ans of the Umayyads) എന്ന പേരിൽ ഒരു പഠനഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. ഈ പഠനത്തിൽ അദ്ദേഹം പാരീസിലെ Bibliothèque Nationale de France ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിട്ടുള്ള BnF Arabe 328(c) എന്ന് കാറ്റലോഗ് ചെയ്തിട്ടുള്ള വിശുദ്ധ ഖുർആനിന്റെ പുരാതന കയ്യെഴുത്തു പ്രതികളെ ഇസ്തംബൂളിലുള്ള ഖുർആൻ പ്രതികളുമായി താരതമ്യം ചെയ്തു ഇവയുടെ രചനാകാലഘട്ടത്തെ കുറിച്ച് എത്തിച്ചേരുന്ന നിഗമനം ഇവയെല്ലാം എഡി 600കളുടെ അവസാനത്തിലോ 700കളുടെ വളരെ തുടക്കത്തിലോ എഴുതപ്പെട്ടവയാണ് എന്നാണ് (cf: "Oldest Quran still a matter of controversy". Daily Sabah. 27 July 2015).
2015 ഡിസംബറിൽ BnF Arabe 328(c) പ്രതിയിലുള്ള പതിനാറു ഏടുകളും ആൽബ ഫിദെലി തിരിച്ചറിഞ്ഞ രണ്ടു ബെർമിങ്ഹാം ഏടുകളും ഒരേ മൂലത്തിൽ നിന്നുള്ളവയാണെന്നും സ്ഥിരീകരിച്ചത് ദെറോഖ് ആണ്. ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന, 1530 ൽ സ്ഥാപിതമായ 'കോളേജി ഡെ ഫ്രാൻസ്' എന്ന സ്ഥാപനത്തിലെ "History of the Quran Text and Transmission" ചെയറിന്റെ മേധാവിയാണ് ഇപ്പോൾ അദ്ദേഹം.
എന്തിനിത്ര
ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയെ കുറിച്ച് ഇത്രയേറെ പറയാനെന്താണ് എന്നു ചിന്തിക്കുന്നവരുണ്ട്. തീർച്ചയായും പറയണം. ഈ കയ്യെഴുത്തു പ്രതി പുറത്തു വന്നതോടെ നാസ്തിക ശിരോമണികളും ഇസ്‌ലാം വിമർശകരായ മിഷിണറി സംഘങ്ങളും ഉയർത്തിക്കൊണ്ടു വന്ന ചീട്ടുകൊട്ടാരങ്ങളാണ് നിലംപൊത്തിയത്.
എഴുതപ്പെട്ടു എത്രയോ നൂറ്റാണ്ടുകൾക്കു ശേഷമുള്ള കയ്യെഴുത്തു പ്രതികൾ മാത്രമാണ് ഇതുവരെയും കണ്ടെത്തിയിട്ടുള്ള ബൈബിളിന്റെ "മൂലപ്രതികൾ". വിശുദ്ധ ഖുർആനും അങ്ങനെത്തന്നെയാണ് എന്നു വരുത്തിത്തീർക്കാനാണ് ഓറിയന്റലിസ്റ്റ് കൂലിയെഴുത്തുകാരും അവരുടെ ചിലവിൽ ഇസ്‌ലാം വിമർശനം തൊഴിലാക്കിയ നാസ്തിക ബുദ്ധിത്തൊഴിലാളികളും ഇക്കാലമത്രയും ശ്രമിച്ചു പോന്നത്. എൻ.എ ന്യൂമാന്റെ Mohammed, The Qur’an and Islam, ബ്രൂസ് എ മക്ഡവലും അനീസ് സകയും ചേർന്നെഴുതിയ Muslims and Christians at the Table: Promoting Biblical Understanding among North American Muslims, ഡോ. റോബർട്ട് എ മോറെയ് എഴുതിയ Winning the war against Radical Islam, ജോൺ ഗിൽക്രിസ്റ്റിന്റെ Jam’al Qur’an: The Codification of the Qur’an Text തുടങ്ങിയ രചനകളെല്ലാം ഇത്തരത്തിലുള്ളതാണ്. മൂന്നാം ഖലീഫ ഉസ്മാൻ റ.വിനു ശേഷം ഒന്നര നൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുള്ള പ്രതികൾ മാത്രമേ ഉപലബ്ധമായിട്ടുള്ളൂ എന്നും ആദ്യകാല കയ്യെഴുത്ത് രേഖകളുടെ സാക്ഷ്യം വേണ്ടത്രയില്ലാത്ത ഗ്രന്ഥമാണ് ഖുർആനും എന്നു വരുത്തിത്തീർക്കാനാണ് ഇവരെല്ലാം ശ്രമിച്ചത്. അർഥശൂന്യമായ ഇത്തരം വാദക്കാരുടെ മസ്തകങ്ങളിലാണ് ബെർമിങ്ഹാം കയ്യെഴുത്തു പ്രതി പരിക്കേല്പിച്ചത്.
വാസ്തവത്തിൽ, മൂന്നാം ഖലീഫ മുസ്വ്‌ഹഫിന്റെ ആധികാരിക പതിപ്പുകൾ വിതരണം ചെയ്യുകയും അതല്ലാത്തതിന്റെയെല്ലാം ഉപയോഗം നിയമം മൂലം തടയുകയും ചെയ്തതു തന്നെ ബൈബിളിനു സംഭവിച്ച ഗതികേട് വിശുദ്ധ ഖുർആനിന്റെ കാര്യത്തിൽ സംഭവിക്കരുത് എന്നു ദീർഘവീക്ഷണം ചെയ്താണ്. അനസു ബ്‌നു മാലിക് റ. നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് അതു വ്യക്തമാവും: ‘’ശാമിലെയും ഇറാഖിലെയും ജനങ്ങള്‍ അര്‍മീനിയക്കും അസര്‍ബൈജാനിനും വേണ്ടി യുദ്ധം നടത്തുന്നതിനിടെ ഹുദൈഫതു ബ്‌നുല്‍ യമാന്‍ റ. ഉസ്മാൻ റ.വിനെ സന്ദര്‍ശിക്കാനെത്തി. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുള്ള ശാമുകാരുടെയും ഇറാഖുകാരുടെയും വ്യതിരിക്തതകളില്‍ അദ്ദേഹത്തിനു ഇച്ഛാഭംഗമുണ്ടായിരുന്നു. അതിനാല്‍ ഹുദൈഫത് റ. ഉസ്മാൻ റ.വിനോട് പറഞ്ഞു: വിശ്വാസികളുടെ നേതാവേ, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ മുമ്പ് ജൂതന്മാരും ക്രൈസ്തവരുമെല്ലാം ഭിന്നിച്ചതു പോലെ ഈ സമുദായവും ഭിന്നിക്കാതിരിക്കുവാനായി അവരെ സഹായിച്ചാലും" (ബുഖാരി).
യുദ്ധങ്ങളിലും അല്ലാതെയും ഹാഫിളുകളും വിവിധ ഖിറാഅതുകളെ ഏകോപിപ്പിക്കുന്ന അതിന്റെ സവിശേഷമായ ഉല്ലേഖനരീതി വശമുള്ളവരുമായ സ്വഹാബികളുടെ മരണം, ഫാരിസി, കുർദിഷ് ഭാഷകൾ സംസാരിക്കുന്ന പുതു വിശ്വാസികൾ വരുത്തുന്ന ഗുരുതരമായ തെറ്റുകൾ, അർഥവും വ്യാഖ്യാനവും അറിയുന്നതിന് ഇവർ എഴുതിച്ചേർക്കുന്ന പദങ്ങൾ ഖുർആൻ മൂലത്തെ കുറിച്ച് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ആശയക്കുഴപ്പങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഹുദൈഫതിന്റെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതാണെന്നു ഖലീഫ ചിന്തിച്ചു. അങ്ങനെയാണ് സൈദു ബ്‌നു ഥാബിത് റ.വിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരണ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടത്.
വളരെ ചെറുപ്പം മുതൽ നബിതിരുമേനി ﷺയുടെ എഴുത്തുകാരനായിരുന്നു സൈദ് റ. അവിടുന്നു അദ്ദേഹത്തെ പ്രത്യേകം പറഞ്ഞയച്ചു അറബിയോടു ഏറ്റവും സാദൃശ്യമുള്ള മറ്റൊരു സെമിറ്റിക് ഭാഷയായ സുരിയാനി പഠിപ്പിച്ചിട്ടുണ്ട്. നബി തിരുമേനി ﷺയുടെ കാലത്ത് നാൽപത് അംഗങ്ങളുണ്ടായിരുന്ന ഖുർആൻ എഴുത്തു സമിതിയുടെ നേതാവും സൈദ് റ. തന്നെയായിരുന്നു. ഒന്നാം ഖലീഫയുടെ കാലത്ത് ആദ്യമായി വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ (മുസ്വ്‌ഹഫ്) ക്രോഡീകരിച്ച സമിതിയുടെ നേതൃത്വവും അദ്ദേഹം തന്നെ. വിശുദ്ധ ഖുർആനിന്റെ ലിഖിത നിയമങ്ങളുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ടുള്ള ഇത്തവണത്തെ യത്നത്തിൽ സൂറതുകളെ വ്യവച്ഛേദിക്കുന്ന അടയാളങ്ങൾ നൽകിയിട്ടുണ്ടായിരുന്നു.
ഇത്തരത്തിലുള്ള അടയാളങ്ങളുള്ളതാണ് ഇപ്പോൾ കണ്ടെത്തിയ ബെർമിങ്ഹാം പ്രതി. അതെന്തായാലും ശരി, അക്കാഡമിക് ഡിബേറ്റുകളുടെ ഒടുവിൽ ഇത് ഒന്നാം ഖലീഫയുടെ കാലത്തേതാണെന്നോ മൂന്നാം ഖലീഫയുടെ കാലത്തേതാണെന്നോ തീരുമാനിച്ചുകൊള്ളട്ടെ; രണ്ടായാലും ഒരു കാര്യം ഉറപ്പ്: ഇതു നബി തിരുമേനി ﷺയുടെ എഴുത്തുകാരൻ സാക്ഷൃപ്പെടുത്തിയ കാലത്തേതാണ് !!!
സ്കോട്ടിഷ് ഓറിയന്റലിസ്റ്റും ക്രൈസ്തവ പ്രചാരകനും ബ്രിട്ടീഷ് ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ ഭരണാധികാരിയുമായിരുന്ന സർ വില്യം മ്യുയിറിന്റെ ഒരു പ്രസ്താവന കൂടി ഉദ്ധരിച്ച് ഈ ചർച്ച ഉപസംഹരിക്കാം:
The recension of 'Otmān has been handed down to us unaltered. So carefully, indeed, has it been preserved, that there are no variations of importance we might almost say no variations at all to be found in the innumerable copies scattered throughout the vast bounds of the empire of Islām. Contending and embittered factions, taking their rise in the murder of 'Otmān himself within a quarter of a century from the death of Moḥammad have ever since rent the Moḥammadan world. Yet but ONE ḲOR'ĀN has been current amongst them; and the consentaneous use by all of the same Scripture in every age to the present day is an irrefragable proof that we have now before us the very text prepared by command of the unfortunate Caliph.
There is probably which remains unaltered to the present day in the world no other work which has remained twelve centuries with so pure a text. The various readings are wonderfully few in number, chiefly confined indeed to differences in the vowel points and diacritical signs. But these, invented at a later date, can hardly be said to affect the text of 'Othmān.
”ഉസ്മാൻ പ്രത്യവലോകനം നടത്തിയ ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് പരന്നു കിടക്കുന്ന അസംഖ്യം ഖുര്‍ആന്‍ കോപ്പികള്‍ വ്യക്തമാക്കുന്നത് എടുത്തു പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ - യാതൊരു വിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നു തന്നെ പറയാവുന്നതാണ് - വളരെ സൂക്ഷ്മവും കണിശവുമായി അതു സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ്.
മുഹമ്മദിന്റെ (ﷺ) മരണത്തിനു കാല്‍ നൂറ്റാണ്ടു തികയുന്നതിനു മുമ്പ് നടന്ന ഉസ്മാനിന്റെ തന്നെ കൊലപാതകത്തിനു ശേഷം പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായി. എന്നിട്ടും അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് 'ഒരേയൊരു ഖുര്‍ആന്‍' തന്നെയായിരുന്നു. ആ ഒരേയൊരു ഗ്രന്ഥം തന്നെയാണ് അന്നു മുതല്‍ ഇന്നു വരെയുള്ള മുഴുവനാളുകളും പൊതുസമ്മതത്തോടെ ഉപയോഗിച്ചു പോരുന്നത് എന്ന വസ്തുത നിര്‍ഭാഗ്യവാനായ ഖലീഫയുടെ ഉത്തരവ് പ്രകാരം നിര്‍മിക്കപ്പെട്ട അതേ ഗ്രന്ഥം തന്നെയാണ് ഇപ്പോഴും നമ്മുടെ മുമ്പിലുമുള്ളത് എന്നതിനുള്ള അനിഷേധ്യമായ തെളിവാണ്.
ഒരു പക്ഷെ, പന്ത്രണ്ട് നൂറ്റാണ്ടു കാലം ഇത്തരത്തില്‍ യാതൊരു വിധ ഭേദഗതികളുമില്ലാതെ തൻമയത്വത്തോടെ സംരക്ഷിക്കപ്പെട്ട വേറെയൊരു ഗ്രന്ഥവും ഉണ്ടാവുകയില്ല! പാരായണത്തിലുള്ള വൈവിധ്യങ്ങൾ പോലും അതിശയകരമാം തുച്ഛമാണ്!! അവ തന്നെ മുഖ്യമായും സ്വരചിഹ്നങ്ങളിലും (vowel points) വ്യഞ്ജനാക്ഷര ഭേദങ്ങൾ കാണിക്കുന്ന പുള്ളികളിലും (diacritical signs) മാത്രം പരിമിതമാണ്. എന്നാൽ, ഈ ചിഹ്നങ്ങളിടുന്ന സമ്പ്രദായം പില്‍ക്കാലത്ത് ഉണ്ടായതാണ് എന്നിരിക്കെ, മനസ്സില്ലാ മനസ്സോടെയല്ലാതെ അവ ഉസ്മാനിന്റെ മൂലഗ്രന്ഥത്തെ ബാധിക്കുമെന്നു പറയാവതല്ല” ( William Muir: The Life Of Mahomet From Original Sources, Edinburgh, 1912, Pages xxii-xxiii).
✍🏻 Muhammad Sajeer Bukhari
No comments:
Post a Comment