Friday, April 10, 2020

ബെർമിങ്ഹാം മാനുസ്ക്രിപ്റ്റ് ; വിശുദ്ധ ഖുർആനിന്റെ ആധികാരികത ഉറപ്പിക്കുന്നു (Part 2)

വിശുദ്ധ ഖുർആനിന്റെ അതിപുരാതനമായ ഒരു കയ്യെഴുത്തു പ്രതിയെ കുറിച്ച് മിനിഞ്ഞാന്ന് എഴുതിയ ലേഖനത്തിന്റെ ( https://bit.ly/2yQc5TD ) തുടർച്ചയാണിത്. ബെർമിങ്ഹാം സർവ്വകലാശാലയിലെ തന്നെ കാഡ്ബറി റിസർച്ച് ലൈബ്രറിയിലാണ് ഈ തുകൽ ഏടുകളുള്ളത്.

എന്താണ് ഖുർആനിന്റെ ബെർമിങ്ഹാം മാനുസ്ക്രിപ്റ്റ്?

ആൽബ ഫിദെലി എന്ന ഇറ്റാലിയൻ ഗവേഷകയാണ്  ഇവ തിരിച്ചറിഞ്ഞത്. "വിശുദ്ധ ഖുർആനിന്റെ പുരാതന കയ്യെഴുത്തു പ്രതികളും അവയിലെ മൂലവാക്യങ്ങളും  അൽഫോൺസ് മിൻഗാന പേപ്പറുകളും" എന്ന വിഷയത്തിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു അവർ. 1920കളിൽ എഡ്വേഡ് കാഡ്ബറി എന്നയാളുടെ ധനസഹായത്താൽ ആൽഫോൺസ് മിൻഗാന സമാഹരിച്ച 3000ലധികം പുരാതന കയ്യെഴുത്തു പ്രതികളുടെ ശേഖരമാണ് മിൻഗാന കളക്ഷൻസ് എന്നറിയപ്പെടുന്നത്. ബെർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ Department of Special Collections ലാണ് ഇവ സൂക്ഷിച്ചുള്ളത്.

തന്റെ തിസീസിനു വേണ്ടി ഇവയിലെ മധ്യപൗരസ്ത്യ ഹസ്തലിഖിതങ്ങൾ (Middle Eastern Manuscripts) എന്ന ഭാഗം തപ്പിക്കൊണ്ടിരിക്കുമ്പോൾ അവർ അതിശയിപ്പിക്കുന്ന ഒരു യാഥാർഥ്യം മനസ്സിലാക്കി. 1572 എന്ന് കാറ്റലോഗ് ചെയ്തിട്ടുള്ള  പുരാതനമായ മറ്റൊരു ഖുർആൻ കയ്യെഴുത്തു പ്രതിയുടെ താളുകൾക്കിടയിൽ രണ്ടു താളുകൾ തെറ്റായി ചേർത്തു വെച്ചിരിക്കുന്നു. ഹിജാസി ലിപിയിലാണ് എഴുതിയിരിക്കുന്നത്. അറബി ലിപികളെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് അവ രണ്ടും ഏഴാം നൂറ്റാണ്ടിലേതാവണം! (ഇതിപ്പോൾ 1572B എന്ന കാറ്റലോഗ് ചെയ്തിട്ടുണ്ട്).

2013 ൽ, ഇതേ സമയത്താണ് "ഖുർആനിന്റെ ടെക്സ്റ്റ്വൽ ഹിസ്റ്ററിയെ" കുറിച്ച് അന്വേഷണ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കൊർപസ് കൊറാനികം  പ്രൊജക്ടിലേക്ക് Islamic Arabic 1572 എന്ന് കാറ്റലോഗ് ചെയ്തിട്ടുള്ള ശേഖരത്തിൽ നിന്ന്  സാമ്പിളുകൾ തേടി Berlin-Brandenburg Academy യൂണിവേഴ്സിറ്റിയെ സമീപിച്ചത്. തുടർന്ന്, ഖുർആനിന്റെ കയ്യെഴുത്തു ലിപികളെ സംബന്ധിച്ച് പ്രത്യേക ധാരണകൾ ഉണ്ടായിരുന്ന ഫിദെലിയുടെ വാക്കുകൾ മുഖവിലക്കെടുത്ത് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ റേഡിയോ കാർബൺ ആക്സിലറേറ്റർ യൂണിറ്റിൽ ഈ കയ്യെഴുത്തു പ്രതികളുടെ കാലപ്പഴക്കം നിർണയിക്കാൻ കാഡ്ബറി റിസർച്ച് ലൈബ്രറി സംവിധാനമൊരുക്കി. 

അതനുസരിച്ച് ഈ തോൽക്കടലാസുകളുടെ റേഡിയോ കാർബൺ തീയതി 1465 ± 21 വർഷം ബിപി (1950 ന് മുമ്പ്) ആയി നിർണ്ണയിക്കപ്പെട്ടു. ഇത് സാധാരണ കലണ്ടർ വർഷങ്ങളിലേക്ക് കാലിബ്രേറ്റ് ചെയ്യുമ്പോൾ എഡി 568നും 645നും ഇടയ്ക്കുള്ളതാണ് എന്നു ലഭിക്കുന്നു. 95.4% കൃത്യതയുള്ളതാണ് ഈ കണക്കെന്നാണ് യൂണിവേഴ്സിറ്റി അവകാശപ്പെടുന്നത്. ഈ രണ്ട് ഏടുകൾ കണ്ടെടുക്കപ്പെട്ടതോടെ പാരീസിലെ Bibliothèque Nationale de France എന്ന ഗ്രന്ഥാലയത്തിലെ പതിനാറു ഏടുകളുള്ള ഒരു പുരാലിഖിതത്തിൽ കാണുന്ന രണ്ടു പേജുകളുടെ വിടവു നികത്തപ്പെട്ടുവെന്നു അധികൃതർ പറയുന്നു.

നബി തിരുമേനിﷺയുടെ മുമ്പുള്ളതാണോ?

അല്ല. കാർബൺ ഡേറ്റിംഗിലൂടെ കണ്ടെത്തിയത് എഴുതാൻ ഉപയോഗിച്ചിട്ടുള്ള തോൽക്കടലാസിന്റെ മാത്രം പഴക്കമാണ്, ലിഖിതങ്ങളുടെയല്ല. ഈ കയ്യെഴുത്തു പ്രതി തിരുനബി യുടെ മുമ്പേ ഉള്ളതാവാം എന്നു പറഞ്ഞ കീത്ത് ഇ സ്മാൾ തന്നെ പറയുന്നതു നോക്കൂ: The carbon dating was only done on the parchment in the fragments, and not the actual ink - "ഈ തോൽത്തുണ്ടങ്ങളിലെ കടലാസിൽ മാത്രമാണ് കാർബൺ ഡേറ്റിംഗ് ചെയ്തത്. അല്ലാതെ അവയിലുള്ള മഷിയിലല്ല."

ഞാൻ ജനിക്കുന്നതിനു മുമ്പേ നിർമിക്കപ്പെട്ട ഒരു തോൽകടലാസിൽ ഞാനൊരു ലേഖനമെഴുതിയെന്നു സങ്കൽപിക്കുക, ആ ലേഖനം ഞാൻ ജനിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു എന്നു വാദിക്കുന്നതു എന്തുമാത്രം ബാലിശമാണ്!

ബെർമിങ് ഹാം യൂണിവേഴ്സിറ്റിയിലെ ക്രൈസ്തവ ഇസ്‌ലാം പഠന വിഭാഗത്തിൽ പ്രൊഫസറായ ഡേവിഡ് തോമസ് പറയുന്നതിങ്ങനെ: 

The tests carried out on the parchment of the Birmingham folios yield the strong probability that the animal from which it was taken was alive during the lifetime of the Prophet Muhammad or shortly afterwards. This means that the parts of the Qur’an that are written on this parchment can, with a degree of confidence, be dated to less than two decades after Muhammad’s death. These portions must have been in a form that is very close to the form of the Qur’an read today, supporting the view that the text has undergone little or no alteration and that it can be dated to a point very close to the time it was believed to be revealed.

"ബെർമിങ്ഹാം ഫോളിയോകളുടെ കടലാസിൽ നടത്തിയ പരിശോധനകൾ ഈ തോൽക്കടലാസുകൾ എടുത്തിട്ടുള്ള മൃഗം മുഹമ്മദ് നബിയുടെ ജീവിതകാലത്തോ അതിനു തൊട്ടുശേഷമോ തന്നെ ജീവിച്ചിരുന്നു എന്നതിന് ശക്തമായ സാധ്യത നൽകുന്നു. ഇതിനർത്ഥം, ഈ കടലാസിൽ എഴുതിയ ഖുർആനിന്റെ ഭാഗങ്ങൾ, ഒരു പരിധിവരെ ആത്മവിശ്വാസത്തോടെ പറയാം, മുഹമ്മദിന്റെ മരണശേഷം രണ്ട് പതിറ്റാണ്ടിനുള്ളിൽ കാലപരിധി കണക്കാക്കാവുന്നതാണ്. ഈ ഭാഗങ്ങൾ‌ ഇന്ന്‌ പാരായണം ചെയ്തു പോരുന്ന ഖുർആനിന്റെ രൂപവുമായി തീർച്ചയായും വളരെ യോജിപ്പുള്ള രൂപത്തിലായിരിക്കണം, ഇത്‌ ഖുർആനിന്റെ ടെക്സ്റ്റിൽ ചെറിയ മാറ്റമോ മാറ്റം തന്നെയോ സംഭവിച്ചിട്ടില്ലെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. അത് ദിവ്യവെളിപാടായി അവതരിപ്പിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കാലത്തിനോട് ഏറ്റവും അടുത്തുള്ളതാണെന്നും കണക്കാക്കാം."

രണ്ടു വസ്തുതകൾ കൂടി ശ്രദ്ധിക്കുക. ഇതിലെ ഓരോ ഏടിനും 343mm വീതിയും 258mm നീളവുമുണ്ട്. ഇരു വശത്തുമായി വിശാലവും വ്യക്തവുമായിട്ടാണ് എഴുത്തുള്ളത്. ആദ്യ ഏടിന്റെ ഇരു വശത്തുമായി വിശുദ്ധ ഖുർആനിലെ 18-ാം അധ്യായം സൂറതുൽ കഹ്ഫിലെ 17 മുതൽ 31 വരെയുള്ള ആയതുകളും രണ്ടാമത്തേതിൽ 19-ാം അധ്യായം സൂറതു മറിയമിലെ അവസാന എട്ട്  ആയതുകളും, 20-ാം അധ്യായം സൂറതു ത്വാഹയിലെ ആദ്യത്തെ നാല്പത് ആയതുകളുമാണുള്ളത്. ഇന്ന് നിലവിലുള്ള എല്ലാ ഖുർആനുകളിലും കാണുന്ന അതേ വചന ക്രമമാണ് ഈ പുരാതന ലിഖിതത്തിലുമുള്ളത്. 

രണ്ടാമത്തെ കാര്യം, എഡി 568നും 645നും ഇടയ്ക്കുള്ളതാണ് എന്നു പറയുമ്പോൾ തിരുനബി ﷺയുടെ ഭൗതിക വിയോഗത്തിനു ശേഷമുള്ള 13 വര്‍ഷം കൂടി ഈ കാലഗണനയില്‍ പെടുന്നു.

തിരുനബി ﷺയുടെ കാലത്ത് തന്നെ സ്വഹാബികൾ പലരും ഖുർ‌ആൻ എഴുതി വെച്ചിരുന്നു. ഈന്തപ്പനയോല, വീതിയുള്ള എല്ലോ കല്ലാേ, തോൽക്കടലാസുകൾ എന്നിവയാണ് അന്നു ഉപയോഗിച്ചിരുന്നത്. നാൽപതു പേർ അവിടുത്തെ എഴുത്തുകാർ - കുത്താബുൽ വഹ്‌യ് എന്നറിയപ്പെട്ടവർ ഉണ്ടായിരുന്നു. ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് തിരുമേനി ﷺ തന്നെയാണ് നിർദ്ദേശിച്ചിരുന്നത്. അധ്യായങ്ങളുടെ ക്രമവും തഥൈവ. പിന്നീട് സ്വിദ്ദീഖ് റ.വിന്റെ കാലത്താണ് ഔദ്യോഗികമായി ഗ്രന്ഥസ്വരൂപം നൽകപ്പെടുന്നത്. 

قال الخطابي وغيره : يحتمل أن يكون - صلى الله عليه وسلم - إنما لم يجمع القرآن في المصحف لما كان يترقبه من ورود ناسخ لبعض أحكامه أو تلاوته ، فلما انقضى نزوله بوفاته - صلى الله عليه وسلم - ألهم الله الخلفاء الراشدين ذلك وفاء لوعد الصادق بضمان حفظه على هذه الأمة المحمدية زادها الله شرفا ، فكان ابتداء ذلك على يد الصديق - رضي الله عنه - بمشورة عمر ، ويؤيده ما أخرجه ابن أبي داود في " المصاحف " بإسناد حسن عن عبد خير قال : " سمعت عليا يقول : أعظم الناس في المصاحف أجرا أبو بكر ، رحمة الله على أبي بكر ، هو أول من جمع كتاب الله "(فتح الباري: ١٩٣/١٤)

ഖത്ത്വാബീ റ.യും മറ്റും പറയുന്നു: തിരുനബി ﷺ ഒരു മുസ്വ്‌ഹഫിൽ ഖുർആൻ ക്രോഡീകരിക്കാതിരുന്നത് ഖുർആനിന്റെ ചില നിയമങ്ങളെയോ പാരായണത്തെയോ ദുർബ്ബലപ്പെടുത്തുന്ന ആയതുകൾ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാകാം. തിരുനബി ﷺ യുടെ വഫാത്തോടെ ഖുർആനിന്റെ അവതരണം അവസാനിച്ചപ്പോൾ ഖുലഫാഉർ റാഷിദുകൾക്ക് അക്കാര്യം അല്ലാഹു തോന്നിപ്പിച്ചു കൊടുത്തു. ഇസ്‌ലാമിക സമുദായത്തിന്റെ മേൽ ഖുർആൻ സംരക്ഷിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം നടപ്പാകുന്നതിന്റെ ഭാഗമാണത്. അങ്ങനെ ഉമർ റ.ന്റെ മുശാവറ പ്രകാരം സ്വിദ്ദീഖ് റ. അതിനു തുടക്കം കുറിച്ചു. 'അൽമസ്വാഹിഫ്' എന്ന ഗ്രന്ഥത്തിൽ ഇബ്നു അബീദാവൂദ് റ. ഹസനായ പരമ്പരയിലൂടെ അബ്ദുഖൈർ റ.നെ നിവേദനം ചെയ്തത് ഇതിനു ഉപോൽബലകമാണ്. അതിങ്ങനെ: "അലി റ. ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "മുസ്വ്‌ഹഫുകളുടെ കാര്യത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂലി ലഭിക്കുന്നയാൾ അബൂബക്ർ റ.വാണ്. അല്ലാഹുവിന്റെ കിതാബ് ആദ്യം ക്രോഡീകരിച്ചത് അദ്ദേഹമാണ്" (ഫത്ഹുൽ ബാരി : 14/193).

അഥവാ, ബെർമിങ്ഹാം കയ്യെഴുത്തു പ്രതിയായി കണ്ടെടുക്കപ്പെട്ട രണ്ടു തോൽത്താളുകളുകളുടെ കാലഗണന നൂറു ശതമാനം കൃത്യമാണെങ്കിൽ തിരുനബി ﷺ യുടെ കാലത്തു തന്നെയോ അല്ലെങ്കിൽ അബൂബക്ർ റ.വിന്റെ കാലത്തോ രചിക്കപ്പെട്ടതാണ്!! ഖുർആൻ ഒരക്ഷരം പോലും തിരുത്തപ്പെടാതെ ഇക്കാലം വരെ അപ്പടി ശേഷിക്കുന്നു എന്നർഥം!!! വിശുദ്ധ ഖുർആനിന്റെ അതിശയകരമായ അമാനുഷികതയാണ് അതു വെളിപ്പെടുത്തുന്നത്. 

തോൽത്താളും അതിലെ മഷിയും ഒരേ പഴക്കമുള്ളതാകാമെന്ന സാധ്യതയെ മുൻനിർത്തിയാണ് ഇപ്പറഞ്ഞത്. മറിച്ചാണെങ്കിൽ ഇതു ഉസ്മാൻ റ.വിന്റെ കാലത്തുള്ളതാവാം. അറബി ഭാഷയുടെ എഴുത്തു രീതിയിലുള്ള വികാസത്തിന്റെ ചരിത്രം അതിനെയാണ് പിന്തുണക്കുന്നത്. അടുത്ത കുറിപ്പ് അതിനെ കുറിച്ചാവട്ടെ, ഇൻഷാ അല്ലാഹ്!

No comments:

Post a Comment