Saturday, March 21, 2020

നിർഭയ : ഇസ്‌ലാമിക് ക്രിമിനോളജിയെ വിമർശിച്ചവരുടെ ആത്മനൊമ്പരങ്ങൾ

നിർഭയ കേസിൽ നീതി ലഭിച്ചുവെന്നാണ് ഇന്നും ഇന്നലെയും ധാരാളം പേർ എഴുതിയത്. ഏഴു വർഷത്തെ നിയമപോരാട്ടത്തിന്റെ നാൾവഴികളടക്കമാണ് മാധ്യമങ്ങൾ റിപ്പോർട്ടെഴുതിയത്. വധശിക്ഷ നടപ്പിലാക്കിയത് പുലർച്ചെയായിട്ടും തീഹാർ ജയിലിനു പുറത്തു നൂറു കണക്കിനാളുകൾ തടിച്ചുകൂടി ആരവം മുഴക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തത്രെ. നാലു പേരെ കൊന്നത് മാനവികതക്കെതിരായി ആർക്കും തോന്നിയില്ല! 

പലരുടെയും കപടമുഖം കൂടിയാണ് നിർഭയക്കേസ് വലിച്ചു ചീന്തിയത്. ഇസ്‌ലാമിക് ക്രിമിനോളജി ക്രൂരം, കാടത്തം എന്നു ഓരിയിട്ടു നടന്നവരാണ് നിർഭയക്കേസിലെ വിധിയുടെ മാനവികതയെ വാനോളം വാഴ്ത്തുന്നത്. വിമർശിക്കുന്ന പലർക്കും എന്താണ് ഇസ്‌ലാമിന്റെ നിലപാട് എന്നു പോലും അറിയില്ലെന്നതു വിരോധാഭാസമാണ്.

വ്യഭിചാരക്കുറ്റം തന്നെ പറയട്ടെ. വ്യഭിചാരത്തിനു വധശിക്ഷയാണു ഇസ്‌ലാമിൽ എന്നു മാത്രമേ പലർക്കും അറിയൂ. എല്ലാ വ്യഭിചാരികൾക്കും അതുണ്ടോ, എപ്പോഴാണ് ശിക്ഷിക്കുക എന്നൊന്നും പലർക്കും അറിയുക പോലുമില്ല!! ഒരു കാര്യം ഉറപ്പാണ്; വിമര്‍ശനങ്ങളുടെ കപടനാട്യങ്ങൾ കൊണ്ട് മറച്ചുവെക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഇസ്‌ലാമിക നിയമങ്ങള്‍ മാനവികമാണെന്ന സത്യം വിമർശകർ അംഗീകരിക്കേണ്ടി വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നിർഭയ വിധി.

ഇസ്‌ലാമിക് ക്രിമിനോളജി സംബന്ധിച്ചു സാമാന്യം ദീർഘമായ ഒരു പ്രബന്ധം 2008 ൽ സുന്നി വോയ്സ് ദ്വൈവാരികയുടെ അനേകം ലക്കങ്ങളിൽ ഖണ്ഡശ:യായി എഴുതിയിട്ടുണ്ട്. സന്ദർഭവശാൽ ഇന്നു വരെ പുസ്തകമാക്കാൻ ഒത്തിട്ടില്ല. ഈ കുറിപ്പ് നിർഭയക്കേസിന്റെ പശ്ചാത്തലത്തിൽ വ്യഭിചാരക്കുറ്റത്തിന്റെ കാര്യത്തിൽ ഇസ്‌ലാമിന്റെ നിലപാട് അറിയാത്തവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. 

മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യമാണ് ലൈംഗികാസക്തിയുടെ പൂർത്തീകരണം. അതിന്റെ ലളിതവും സുരക്ഷിതവും മാതൃകാപരവുമായ മാധ്യമമായി ഇസ്‌ലാം വിവാഹത്തെ നിശ്ചയിച്ചിരിക്കുന്നു. വിവാഹം എന്ന കർമ്മം പ്രയാസ രഹിതമായ ഒരു ഉടമ്പടിയാണ്. ഒരു സ്ത്രീയിൽ മാത്രം തങ്ങളുടെ ലൈംഗിക തൃഷ്ണക്ക് ശമനം കാണാനാവാത്തവർക്ക് ഇതര സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിട്ടുണ്ട്. ധാർമിക ശീലങ്ങളും സാംസ്കാരിക ഗുണവശങ്ങളും നിലനിർത്തുന്നതിനു വേണ്ടിയാണ് ഹലാലിന്റെ വൃത്തം ഇങ്ങനെ വിശാലമാക്കിയിരിക്കുന്നത്. 

ഇനിയും, മനുഷ്യ മനസ്സിനെ മൃഗീയ വാസനകളുടെ ദുഃസ്വാധീനങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് പരസ്ത്രീ പുരുഷന്മാരുടെ നിർബാധമുള്ള ഇടപഴകലുകളെ കർശനമായ അതിർവരമ്പുകൾ നിശ്ചയിച്ച് നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു. മേനി കാട്ടിയും ചമഞ്ഞൊരുങ്ങിയും വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വിധം അന്യപുരുഷന്മാർക്കു മുമ്പിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് കടുത്ത ഭാഷയിൽ ഹറാമാണെന്ന് വിധിക്കുകയും ഒട്ടും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിലൊഴികെ പുറത്തിറങ്ങിക്കൂടായെന്ന് സ്ത്രീകളെ ശാസിക്കുകയും ചെയ്യുന്നു. അശ്ലീലച്ചുവയുള്ള ഏതുതരം ആഭാസങ്ങളെയും മാറ്റിവെക്കുകയും മൃദുല വികാരങ്ങളുണർത്തുന്ന സംഗീതങ്ങളുടെ ആസ്വാദനം പോലും അരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട് മതം. ബാലെ മുതൽ കാബറെ വരെയുള്ള നൃത്താഭാസങ്ങളെ സ്ത്രീ സ്വാതന്ത്യത്തിന്റെയും ഫെമിനിസത്തിന്റെയും പേരിൽ തലയിലേറ്റുന്ന മോഡേൺ കൾച്ചർ ഇസ്‌ലാമിന് അന്യമാണ്. സൗന്ദര്യ മത്സരം മുതൽ ചുംബന മത്സരം വരെ നീളുന്ന ആഭാസങ്ങളും മോഡലുകളും കാൾഗേൾസും പബ്ഹൗസുകളും ഇസ്‌ലാമിക സമൂഹത്തിൽ ഒരു വിധേനയും അനുവദിക്കപ്പെടുന്നില്ല. സ്വന്തം മേനിയും മെയ്യഴകും വിൽപനച്ചരക്കല്ലായെന്ന വിശ്വാസവും ധാർമിക ബോധവും നിലനിർത്താൻ ആവശ്യമായ ശിക്ഷണ, അധ്യയന മാർഗങ്ങളുടെ ഫലപ്രദമായ പ്രയോഗവൽക്കരണം ഉറപ്പു വരുത്തുക കൂടി ചെയ്യുന്നു. 

ഇതെല്ലാമായിട്ടും 'നാലാൾ' കാൺകെ അവിഹിത
ലൈംഗികവേഴ്ചക്ക് ധൈര്യപ്പെടുന്നവർ സമൂഹത്തിന്റെ സദാചാര ശീലങ്ങളെ ധിക്കരിക്കുകയും ധാർമിക പാഠങ്ങളെ വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ഒരാൾക്കെതിരെ ഉന്നയിക്കപ്പെടുന്ന വ്യഭിചാരാരോപണം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടാത്ത പക്ഷം ഉന്നയിച്ചയാൾക്ക് എൺപതു അടി പരസ്യശിക്ഷ വിധിക്കപ്പെടും! അത്തരമൊരു സാഹചര്യത്തിൽ നാലു ദൃക്സാക്ഷികൾക്ക് ശരിയായി ബോധ്യപ്പെടുന്ന വിധം അവിഹിത വേഴ്ചയിലേർപ്പെടുന്നവർ സമൂഹത്തിന്റെ ധാർമിക ഭദ്രത തകർക്കുന്നുവെന്നതിനാൽ മാതൃകാ നടപടികൾ സ്വീകരിക്കപ്പെടണം. കേവലം കുറ്റവാളിയെ ശിക്ഷിക്കുന്നതു മാത്രമല്ല ലക്ഷ്യം. പ്രത്യുത, വിഹിത വഴികളെ ലംഘിച്ച് സദാചാര വിരുദ്ധമായ വേഴ്ചകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് താക്കീതു നൽകൽ കൂടിയാണ്.

ശിക്ഷയുടെ പ്രകാരങ്ങൾ

ഇസ്‌ലാമിക് ക്രിമിനോളജി പ്രതിക്ക് ശിക്ഷ ഉറപ്പു വരുത്തുക എന്നതിനല്ല, നീതി ഉറപ്പുവരുത്തുക എന്നിടത്താണ് ഊന്നൽ നൽകുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കാനുള്ള പഴുതുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതി പ്രവാചക തിരുമേനി സ്വ. ഏറെ അവലംബിച്ചത് വ്യഭിചാരിക്കു വധശിക്ഷ നടപ്പാക്കുന്നിടത്താണ്. ഒരു കാരണവശാലും ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കപ്പെട്ടു കൂടാ എന്ന തത്വദീക്ഷയാണതിന്റെ പിന്നിൽ. അതേസമയം, തെളിയിക്കപ്പെടുന്ന കുറ്റത്തിന് മാതൃകാ നടപടി സ്വീകരിക്കുന്നതിലും അവിടുന്ന് അമാന്തിച്ചില്ല. പ്രതി കുറ്റം ചെയ്യാനിടയായ പശ്ചാത്തലത്തിനും കുറ്റവാളിയുടെ മാനസിക നിലക്കും ലഭിക്കുന്ന ശിക്ഷയിൽ വ്യതിയാനങ്ങൾ വരുത്താൻ അവസരമുണ്ടെന്നത് അംഗീകരിക്കുന്ന രീതിയിലാണ് ഇസ്‌ലാമിക് ക്രിമിനോളജി വ്യഭിചാരിക്ക് ശിക്ഷ നിർണയിച്ചിട്ടുള്ളത്. അഥവാ, കുറ്റാരോപിതർ വിവാഹിതനാണോ അവിവാഹിതനാണോ എന്നു പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്ത ശേഷം രണ്ടു വിഭാഗത്തിലുമുള്ളവർക്ക് വെവ്വേറെ ശിക്ഷാരീതി നടപ്പിലാക്കിയിരിക്കുന്നു. അവിവാഹിതനെ അപേക്ഷിച്ച് സദാചാര സുരക്ഷിതത്വത്തിന് അവസരമുള്ളയാളാണ് വിവാഹിതൻ എന്നതിനാൽ ശിക്ഷയുടെ കാഠിന്യം വർധിക്കുന്നു.

കുറ്റാരോപണം കുറ്റമാണ്

വ്യഭിചാരത്തെ കഠിനമായ ഭർത്സിച്ചതു പോലെ വ്യഭിചാരാരോപണത്തെയും (ഖദ്ഫ്) ഇസ്‌ലാം ഗൗരവത്തിൽ ശാസിക്കുന്നു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നയാളെ, ആണാവട്ടെ പെണ്ണാവട്ടെ, എൺപത് കഠിന പ്രഹരത്തിനു ശിക്ഷ വിധിക്കാനും ന്യായകോടതിയിൽ സാക്ഷിത്വത്തിന് അവകാശം നിഷേധിക്കാനുമാണ് ഖുർആനിക ശാസന. “സദാചാരനിഷ്ഠരായ മാന്യവ്യക്തികളുടെ പേരിൽ ദുരാരോപണമുന്നയിക്കുകയും എന്നിട്ട് നാലു സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവർക്ക് എൺപത് വീതം പ്രഹര ശിക്ഷ നൽകുവീൻ. അവരുടെ സാക്ഷിത്വം സ്വീകരിക്കരുത്. അവർ തന്നെയാണ് തെമ്മാടികൾ. അനന്തരം പശ്ചാതപിക്കുകയും സ്വയം നന്നാവുകയും ചെയ്തിട്ടില്ലായെങ്കിൽ. അല്ലാഹുവോ, ഏറ്റവും മാപ്പരുളുന്നവനും പരമദയാപരനുമത്രെ' (സൂറതുന്നൂർ 4,5).

വ്യഭിചാരാരോപണത്തിനു നൽകപ്പെടുന്ന  ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ പ്രതിയുടെ മുമ്പിലുള്ള ഏകമാർഗം തന്റെ വാദത്തെ സാക്ഷ്യപ്പെടുത്തുന്ന നാലുപേരെ ഹാജരാക്കുക എന്നതാണ്. നേരത്തേ വിവരിച്ച ഉപാധികളനുസരിച്ചുള്ള നാലു സാക്ഷികൾ അവതരിക്കപ്പെടുന്ന പക്ഷം ആരോപിതനു വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷ നൽകപ്പെടും. തഥൈവ, ആരോപിതൻ കുറ്റസമ്മതം നടത്തിയാലും ആരോപകൻ രക്ഷപ്പെടും. ശിക്ഷ ആളുകളുടെ അവകാശമാണ് എന്നു അഭിപ്രായമുള്ള കർമശാസ്ത്ര വിശാരദരുടെ പക്ഷമനുസരിച്ച് ശിക്ഷയിൽ നിന്നു പ്രതിയെ ഒഴിവാക്കി കൊടുക്കാനുള്ള അവസരം ആരോപിതനുണ്ടാകും. എന്നാൽ അബൂഹനീഫ റ.വിന്റെ വീക്ഷണത്തിൽ ശിക്ഷകൾ നൽകുന്നത് അല്ലാഹുവിന്റെ അവകാശത്തിൽ പെട്ടതാണ്. പ്രതിക്കു രക്ഷപ്പെടാനാവില്ലെന്നർഥം.

കുറ്റം തെളിയിക്കാനാവാത്ത പക്ഷം ശിക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നാലു സാക്ഷികൾ കാൺകെ വ്യഭിചാരക്കുറ്റം ചെയ്തവരെ വധശിക്ഷ വിധിക്കണമെന്നു ഇസ്‌ലാം പറഞ്ഞത്. വിമർശകർ നീതി പുലരണമെന്നു ആഗ്രഹിക്കുന്നവരാണെങ്കിൽ, നിർഭയ വിധിയോടുള്ള മാനവികത ഇഷ്ടപ്പെടുന്ന മനഃസാക്ഷിയുള്ള മനുഷ്യരുടെ തന്നെ സന്തോഷം നിറഞ്ഞ പ്രതികരണങ്ങളോടു ചേർത്താണ് ഇതും വായിക്കേണ്ടത്.

No comments:

Post a Comment