Tuesday, April 21, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 4 പ്രൈം റിയാലിറ്റി - സയന്റിഫിക് മെറ്റീരിയലിസം ഇരുട്ടിൽ തപ്പുകയാണ്


മനസിന്റെയും ശരീരത്തിന്റെയും അവസ്ഥകൾ തമ്മിലുള്ള പ്രകടവും വ്യക്തവും വിജാതീയവുമായ വ്യത്യാസങ്ങൾ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി ദ്രവ്യം (matter) ആണെന്ന വാദത്തെ തത്വശാസ്ത്രപരമായി ഖണ്ഡിക്കുന്നു. നമ്മുടെ മാനസികാവസ്ഥകൾ ആന്തരികവും സ്വകാര്യവുമാണ്, അവ വ്യക്തിനിഷ്ഠ അനുഭവങ്ങളായി (first-person subjects) മാത്രമേ ഉണ്ടാകൂ. എന്നാൽ, ഫ്രാൻസിbസ് ക്രിക്ക് പറഞ്ഞതുപോലെ ഒരു തന്മാത്ര അല്ലെങ്കിൽ നാഡീകോശം പോലെയുള്ള ഒരു ഭൗതികാവസ്ഥക്ക് എന്തു വ്യക്തിനിഷ്ഠ അനുഭവങ്ങളാണ് ഉണ്ടാവുക?!

തത്വശാസ്ത്രത്തെ കുറിച്ച് ഹൃസ്വവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പ്രശസ്ത തത്വചിന്തകരായ ഗാരറ്റ് ജെ. ഡിവീസ്, ജെ.പി. മോർലാൻഡ് എന്നിവർ ചേർന്നെഴുതിയ Philosophy Made Slightly Less Difficult എന്ന ഗ്രന്ഥത്തിൽ നിന്നു വായിക്കാം : Mental states fail to have crucial features (e.g., spatial extension, location, being composed of parts) that characterize physical states and, in general, cannot be described using physical language (my thoughts have no physical dimensions, no physical location, and aren’t made of simpler building blocks) - "ഭൗതികാവസ്ഥകളെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന  നിർണ്ണായകമായ സവിശേഷതകൾ - ഉദാ: നിലനിൽക്കുന്ന വ്യാപ്തം, ഇടം, ഘടകങ്ങൾ ചേർന്നുണ്ടാകൽ - ഇവയൊന്നും മാനസികാവസ്ഥകൾക്ക് ഉണ്ടാവുകയില്ല. പൊതുവേ പറഞ്ഞാൽ, ഭൗതിക ഭാഷ ഉപയോഗിച്ച് അവ വ്യവഹരിക്കാനേ കഴിയില്ല. (എന്റെ ചിന്തകൾക്ക് ഭൗതിക പരിമാണങ്ങളില്ല, ഭൗതികമായ ഇടമില്ല, കെട്ടിടമുണ്ടാക്കുന്ന സാധാരണ കട്ട കെട്ടിയല്ലല്ലോ അവയൊന്നും നിർമ്മിച്ചിരിക്കുന്നത്!).” 

ദ്രവ്യമല്ലാത്ത മറ്റൊന്നും ഇല്ലെങ്കിൽ ഫിസിക്കൽ ലാംഗ്വിജിൽ വ്യവഹാര യോഗ്യമല്ലാത്ത സന്തോഷം, സന്താപം തുടങ്ങിയ വ്യക്ത്യനുഭവങ്ങളൊന്നും ഇല്ലെന്നു പറയേണ്ടി വരും. അതല്ല, ദ്രവ്യത്തിന് സകലമാന കാര്യങ്ങളുടെയും പ്രഭവം ആകാനുള്ള ക്ഷമത ഇല്ല എന്നു സമ്മതിക്കുകയാണെങ്കിൽ പിന്നെ എന്താണ് യഥാർഥത്തിൽ 'കേവലസത്യം' അഥവാ പ്രൈം റിയാലിറ്റി? എന്ന ചോദ്യവും ഉയർന്നു വരും.

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കാര്യം, കാരണം എന്നീ സംവർഗങ്ങളെ കുറിച്ച് ക്ലാസിക്കൽ ഫിലോസഫിയിലെ ചിരപരിചിതമായ ഒരു മൗലികതത്വം നാം മുഖവിലക്കെടുക്കേണ്ടതുണ്ട്: a cause cannot give to its effect what it does not have to give - "ഒരു കാരണത്തിനു എന്താണോ ഉണ്ടാക്കാൻ കഴിയുക അതല്ലാത്ത ഒന്നും ഉണ്ടാക്കാൻ കഴിയുകയില്ല." അതായത്, ഒരു കാരണം അതിൽ അന്തർലീനമായിരിക്കുന്ന   സവിശേഷതകൾക്ക് ഒത്തല്ലാത്ത ഒരു ഫലവും തരുകയില്ല. ലളിതമായി ഉദാഹരിച്ചാൽ, നമ്മളെപ്പോലെ ബോധവും വ്യക്തിത്വവും യുക്തിയുമുള്ള ജീവികളുടെ മൂലകാരണവും സ്വഭാവികമായും, ബോധം, വ്യക്തിത്വം, യുക്തി തുടങ്ങിയ സവിശേഷതകൾ ഉള്ളതായിരിക്കും.

ഫിലോസഫിയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരൻ എന്ന് അമേരിക്കയിലെ National Review ദ്വൈവാരിക വിശേഷിപ്പിച്ച എഡ്വാർഡ് ഫെസറിന്റെ The Last Superstition: A Refutation of the New Atheism എന്ന ഗ്രന്ഥത്തിൽ നിന്നു വായിക്കാം: 

The cause of a fire might itself be on fire, as when a torch is used to start a brushfire, or it may instead have the power to produce fire, as a cigarette lighter has even when it is not being used.

The traditional way of making this distinction is to say that a cause has the feature that it generates in the effect “formally” in the first sort of case (e.g. when both the cause and the effect are on fire) and “eminently” in the second sort of case (e.g. when the cause is not itself on fire, but has an inherent power to produce fire). If a cause didn’t contain all the features of its effect either formally or eminently, there would be no way to account for how the effect came about in just the way it did. Again, a cause cannot give to its effect what it does not have to give.

"തീയുടെ കാരണം തീ തന്നെ ആവാം, ചൂട്ടിൽ നിന്ന് അഗ്നി ബാധ ഉണ്ടാകുന്ന പോലെ. അതല്ലെങ്കിൽ തീ ഉണ്ടാക്കാനുള്ള അതിന്റെ കഴിവുമാകാം. സിഗരറ്റ് ലൈറ്റർ ഉപയോഗിക്കാത്തപ്പോഴും തീ കൊളുത്താൻ അതിനുള്ള ശേഷി പോലെ.

ഈ വ്യത്യാസം പ്രകടിപ്പിക്കുന്നതിനുള്ള സാമ്പ്രദായികമായ മാർഗം, ഒരു കാരണത്തിന്, ഒന്നാമത്തെ സംഭവത്തിലേതു പോലെ  അതിന്റെ ഫലത്തിൽ  ഉളവാക്കാൻ കഴിയുന്ന "സാമാന്യമായ" പ്രകൃതിയും (ഉദാ:- തീ തന്നെ കാര്യവും കാരണവുമാകുന്നു) രണ്ടാമത്തെ സംഭവത്തിലേതു പോലെ "വിശേഷമായ" പ്രകൃതിയും (ഉദാ:- തീ തന്നെയല്ല, പ്രത്യുത, അതിൽ നിക്ഷിപ്തമായ തീയുണ്ടാക്കാനുള്ള കഴിവാണ് കാരണം) ഉണ്ടെന്നു പറയലാണ്. ഒരു കാരണത്തിൽ, സാമാന്യമായോ വിശേഷമായോ അതിന്റെ ഫലത്തിന്റെ മുഴുവൻ സവിശേഷതകളും അടങ്ങിയിട്ടില്ലെങ്കിൽ, ഫലം ഏത് വിധത്തിലാണോ ഉണ്ടായത് അതെങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കാൻ ഒരു മാർഗവും ഉണ്ടാവുകയില്ല. ഇനി, ഒരു കാരണത്തിനു എന്താണോ ഉണ്ടാക്കാൻ കഴിയുക അതല്ലാത്ത ഒന്നും ഉണ്ടാക്കാൻ കഴിയുകയില്ല."

മനുഷ്യരെന്ന നിലയിൽ നമുക്കു വ്യക്തിത്വം, അവബോധം, ബുദ്ധിശക്തി, ഗ്രാഹ്യശേഷി, ധാർമികത, സ്നേഹം മുതലായ അനേകം സവിശേഷതകളുണ്ട്. ഇവയൊന്നും നടേ ഫ്രാൻസിസ് ക്രിക്ക് പറഞ്ഞ തന്മാത്രകളുടെയും നാഡീകോശങ്ങളുടെയും സംഘാതത്തിൽ സാമാന്യമായോ വിശേഷമായോ അടങ്ങിയിട്ടില്ല. ഫെസർ ചൂണ്ടിക്കാണിച്ച കാര്യം തന്നെ കൗൺസിൽ ഓഫ് ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി അംഗം കീത്ത് വാർഡും തന്റെ Why There Almost Certainly is a God: Doubting Dawkins എന്ന പുസ്തകത്തിൽ പറയുന്നുണ്ട്:

“…There is force in the classical philosophical axiom that, for a truly explanatory cause to be intelligible, it must contain its effects potentially in itself. As the classical philosophers put it, the cause must contain more reality than its effects.” - “പൊതുവേ സ്വീകരിക്കപ്പെട്ടു പോരുന്ന ഈ തത്വശാസ്ത്ര സിദ്ധാന്തത്തിൽ, ശരിക്കും വിശദീകരണ രൂപത്തിലുള്ള ഒരു  'കാരണം' സുഗ്രാഹ്യമാവണമെങ്കിൽ അതിന്റെ 'ഫലങ്ങൾ' അതിൽ തന്നെ സംഭവനീയമായി നിക്ഷിപ്തമായിരിക്കണം എന്ന നിർബന്ധമുണ്ട്. ചിരസമ്മതരായ തത്വചിന്തകർ വ്യക്തമാക്കുന്നതു പ്രകാരം 'കാരണം' അതിന്റെ ഫലങ്ങളേക്കാൾ കൂടുതൽ 'വാസ്തവികത്വം'  ഉൾക്കൊണ്ടതായേ തീരൂ."

മനുഷ്യരെ പോലെ ബോധവും ബുദ്ധിയും വ്യക്തിത്വവുമുള്ള അസ്തിത്വങ്ങളുടെ കാരണത്തിനും ബോധവും ബുദ്ധിയും വ്യക്തിത്വവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് ഫെസറും വാർഡും പറഞ്ഞു വന്നതിന്റെ ആകെത്തുക. ഒരു സിഗരറ്റ് ലൈറ്ററിൽ (ഉപയോഗിക്കാതിരിക്കുമ്പോഴും) അന്തർലീനമായി തീ അടങ്ങിയിരിക്കുന്നല്ലോ. എന്നാൽ ആറ്റങ്ങൾ, തൻമാത്രകൾ പോലെയുള്ള അചേതനമായ ഭൗതികവസ്തുക്കളിൽ ബോധം, ബുദ്ധി, വ്യക്തിത്വം, ചേതനത്വം എന്നിവയൊന്നും അന്തർലീനമല്ല. അതിനാൽ, നമ്മളെപ്പോലെ ബോധവും ധിഷണയുമുള്ള ഉൺമകൾക്ക് ബോധവും ധിഷണയുമുള്ള ഒരു മൂലകാരണം തന്നെ ഉണ്ടാവണം എന്നതാണ് തത്വശാസ്ത്രപരമായി ഏറ്റവും യുക്തിസഹമായ ഏക ഓപ്ഷൻ.

മെറ്റീരിയലിസം സൃഷ്ടിക്കുന്ന ഇരുട്ടറയിലിരുന്നാൽ പട്ടാപ്പകലും വെളിച്ചം അനുഭവിക്കാനാവില്ല. വസ്തുതാപരമായി കാര്യങ്ങൾ വിലയിരുത്തിയാൽ, സചേതനത്വവും (conscious) ബുദ്ധിവൈഭവവും ( intelligence) സവിശേഷ വ്യക്തിത്വവും (personality) ഉള്ള ഒരു സ്വത്വമാണ് പ്രൈം റിയാലിറ്റി അഥവാ കേവലസത്യം എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. എക്കാലത്തെയും വിലമതിക്കപ്പെടുന്ന ശാസ്ത്രീയ സൃഷ്ടിയായി പരക്കെ കണക്കാക്കപ്പെടുന്ന സർ ഐസക് ന്യൂട്ടന്റെ പ്രിൻസിപിയ മാതമറ്റിക്കയിൽ നിന്നു ഉദ്ധരിച്ചു നിർത്താം:

“Blind metaphysical necessity, which is certainly the same always and everywhere, could produce no variety of things. All that diversity of natural things which we find suited to different times and places could arise from nothing but the ideas and will of a Being, necessarily existing.”

എല്ലായിടത്തും എല്ലാ സമയത്തും ഒരുപോലെയുള്ള, വിവേകശൂന്യമായ ഒരു അതിഭൗതിക 'അനിവാര്യതയ്‌ക്ക്' വൈവിധ്യങ്ങളൊന്നും ഉൽ‌പാദിപ്പിക്കാൻ കഴിയില്ല. വ്യത്യസ്ത കാലങ്ങളോടും സ്ഥലങ്ങളോടും അനുയോജ്യമായി നാം കാണുന്ന പ്രകൃതിവസ്തുക്കളുടെ വൈവിധ്യങ്ങളെല്ലാം ഉണ്ടാകുന്നത് അനിഷേധ്യമായി നിലകൊള്ളുന്ന ഒരു ഉൺമയുടെ (Being) ആശയങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മാത്രമാണ്.
(തുടരും)

✍🏻 Muhammad Sajeer Bukhari

No comments:

Post a Comment