Saturday, April 18, 2020

ദൈവാസ്തിക്യവും ശാസ്ത്രവും: 3 സ്വയം നിരസിക്കുന്ന ശാസ്ത്രീയ ഭൗതികവാദം


ഓരോരുത്തർക്കും അവനവന്റേതായ ഒരു ഫിലോസഫി ഉണ്ടാകും. നമുക്കതിനെ ലോകവീക്ഷണം എന്നു വിളിക്കാം. ഓരോരുത്തരുടെയും വിശ്വാസവും ഇതിലുൾപ്പെടുന്നു, അവരത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. മതം എന്നു പേരിട്ടെല്ലെങ്കിൽ പോലും ഇങ്ങനെയൊരു 'വ്യക്തിഗത ഫിലോസഫി' ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന നേരാണ്. എത്ര തീവ്രവാദിയായ നിരീശ്വരവാദിക്കും ലോകത്തെ നോക്കിക്കാണാൻ അയാളുടേതായ വിശ്വാസങ്ങളാൽ രൂപീകരിക്കപ്പെട്ട ഒരു വ്യാഖ്യാനക്കണ്ണട - interpretive lens - കൂടിയേ തീരൂ. മാത്രമല്ല, നിരീശ്വരവാദികൾ എന്തു തന്നെ പറഞ്ഞാലും അവരുടെ അവിശ്വാസവും സംശയാസ്പദമായ നിലപാടുകളും വാസ്തവത്തിൽ  'മറ്റൊരു വിശ്വാസം' (an alternate belief) മാത്രമാണ്.

ഉദാഹരണത്തിന്, ബുദ്ധിപരമായ ഒരു കാരണത്തിന്റെ (intelligent cause) ഫലമാണ് ജീവനെന്ന വിശ്വാസത്തെ ഒരാൾക്കു നിരാകരിക്കാം. യാദൃശ്ചികമായാണ് ജീവൻ ഉണ്ടായതെന്നു വാദിക്കുകയുമാവാം. തനിക്കു ശുഭാപ്തി നൽകുന്ന ചില തെളിവുകളുണ്ടെന്ന വിശ്വാസമാണ് അയാളുടെ ഈ അവിശ്വാസം! എന്നാൽ, ഒരു മുസ്‌ലിം എന്ന നിലയിൽ, 'ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകളുടെ' ഫലമാണ് ജീവനെന്ന നിരീശ്വരവാദിയുടെ വീക്ഷണത്തെ ഞാൻ ശക്തമായി നിരാകരിക്കുന്നു. അതിന്റെ ന്യായങ്ങൾ God of the Gaps എന്ന പരികല്പനയുടെ വിശദീകരണത്തിലും 'ദൈവമില്ലെങ്കിൽ ജീവനുണ്ടാകില്ലേ?' എന്ന ചോദ്യത്തിന്റെ ഉത്തരത്തിലും വഴിയേ പറയാം, ഇൻഷാ അല്ലാഹ്.

നമ്മുടെ 'യാഥാർഥ്യത്തിന്റെ' വിവിധ വശങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂടിനെ (an explanatory framework) പറ്റിയാണ് ലോകവീക്ഷണം എന്നു പറഞ്ഞത്. തത്ത്വചിന്തകർ ഈ യാഥാർഥ്യത്തെ “പ്രൈം റിയാലിറ്റി” എന്ന് വിളിക്കുന്നു. 'എല്ലാ' കാര്യങ്ങളുടെയും ആത്യന്തിക പ്രഭവകേന്ദ്രമായ 'ഒരു' യാഥാർഥ്യം എന്നു ഇതിനെ നിർവചിക്കാം. ശാസ്ത്രീയ ഭൗതികവാദത്തിന്റെ (scientific materialism) ലോകവീക്ഷണത്തിൽ ദ്രവ്യമാണ് പ്രൈം റിയാലിറ്റി. നിലവിൽ പ്രപഞ്ചത്തിലുള്ളതെല്ലാം ശരിക്കും ഈ ദ്രവ്യത്തിന്റെ വ്യത്യസ്ത തരത്തിലുള്ള ക്രമീകരണം മാത്രമാണ്. നിരീശ്വരവാദ ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനേക്കാൾ മികച്ച ശാസ്ത്രീയ ഭൗതികവാദ ലോകവീക്ഷണം മറ്റാരും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.

1994 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Astonishing Hypothesis: The Scientific Search for the Soul എന്ന പുസ്തകം തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്: 'You,' your joys and your sorrows, your memories and your ambitions, your sense of personal identity and free will, are in fact no more than the behavior of a vast assembly of nerve cells and their associated molecules 

'നിങ്ങൾ,' നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും, നിങ്ങളുടെ ഓർമ്മകളും അഭിലാഷങ്ങളും, നിങ്ങളുടെ വ്യക്തിത്വ സ്വത്വത്തെയും സ്വതന്ത്ര ഇച്ഛാശക്തിയെയും കുറിച്ചുള്ള അവബോധവും - എല്ലാം വാസ്തവത്തിൽ നാഡീകോശങ്ങളുടെയും അവയുമായി ബന്ധപ്പെട്ട തന്മാത്രകളുടെയും വിശാലമായ സംയോജനത്തിന്റെ വ്യവഹാരത്തിൽ കവിഞ്ഞ് മറ്റൊന്നുമല്ല."

നവീനമായ ഒരു ആശയം എന്ന നിലയിൽ ചെറുപ്പക്കാർക്കിടയിൽ  ഫാഷൻ പരിവേഷം  നേടിയിട്ടുണ്ടെങ്കിലും ശാസ്ത്രീയ ഭൗതികവാദം തികച്ചും അസംബന്ധമാണ്. ക്രിക്കിന്റെ ഉപര്യുക്ത നിലപാടിനോട് പ്രതികരിക്കവെ ശാസ്ത്രീയ ഭൗതികവാദത്തിന്റെ 'സ്വയം നിരസിക്കുന്ന സ്വഭാവത്തെ' (self-refuting nature ) കുറിച്ച് ഫ്രാങ്ക് ടുറെക് തന്റെ  Stealing from God: Why Atheists Need God to Make Their Case എന്ന പുസ്തകത്തിൽ കമന്റ് ചെയ്തിട്ടുണ്ട്: 

Perhaps Crick would have seen [the] problem if he had applied his hypothesis to his own work. Imagine if Dr. Crick had written this: “The Astonishing Hypothesis is that my scientific conclusions that I write in this book are in fact no more than the behavior of a vast assembly of nerve cells and their associated molecules 

"ഒരുപക്ഷേ, ക്രിക്ക് തന്റെ സങ്കല്പം സ്വന്തം സൃഷ്ടിയിൽ തന്നെ പ്രയോഗിച്ചിരുന്നെങ്കിൽ [ഈ] പ്രശ്നം കാണുമായിരുന്നു. സങ്കൽപ്പിച്ചു നോക്കൂ, ഡോ. ക്രിക്ക് ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നെങ്കിലെന്ന്: “ആശ്ചര്യപ്പെടുത്തുന്ന സിദ്ധാന്തം എന്തെന്നാൽ, ഈ പുസ്തകത്തിൽ ഞാൻ എഴുതുന്ന എന്റെ ശാസ്ത്രീയ നിഗമനങ്ങൾ വാസ്തവത്തിൽ നാഡീകോശങ്ങളുടെയും അവയുമായി ബന്ധപ്പെട്ട തന്മാത്രകളുടെയും വിശാലമായ സംയോജനത്തിന്റെ വ്യവഹാരത്തിൽ കവിഞ്ഞ് മറ്റൊന്നുമല്ല.”

അമേരിക്കൻ എഴുത്തുകാരി നാൻസി റാൻഡോൽഫ് പിയേഴ്സിയുടെ Finding Truth: 5 Principles for Unmasking Atheism, Secularism, and Other God Substitutes കുറേക്കൂടി വ്യക്തമായി ശാസ്ത്രീയ ഭൗതികവാദത്തിന്റെ സെൽഫ് റെഫ്യൂട്ടിംഗ് നെയ്ച്വറിനെ പറ്റി പറയുന്നുണ്ട്:

The sheer act of asserting materialism contradicts itself. If I say, “Everything is material,” is that statement material? Is it merely a series of sound waves? If I write out the statement, is it nothing but marks on a piece of paper? Of course not. The statement has a linguistic meaning. It has logical properties. It has a social function (communicating to others)—all of which transcend the material dimension. Ironically, materialism cannot even be stated without refuting itself.

Because humans are whole and integrated beings, we should expect our thoughts to be accompanied by physical events in the brain. But if we reduce thought processes to brain processes, the result is a logical contradiction.

ഭൗതികവാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള മുഴുവൻ പ്രവർത്തനവും സ്വയം നിരസിക്കുന്നവയാണ്. “എല്ലാം ഭൗതികമാണ്” എന്ന് ഞാൻ പറഞ്ഞാൽ, ഈ പ്രസ്താവനയും ഭൗതികമാണോ? ഇത് കേവലം ശബ്ദ തരംഗങ്ങളുടെ ഒരു പരമ്പരയാണോ? ഞാനീ പ്രസ്താവന എഴുതി വെച്ചാൽ, അത് ഒരു കടലാസിൽ കുത്തിക്കുറിച്ച കുറേ ചിഹ്നങ്ങളല്ലാതെ മറ്റൊന്നുമല്ലേ? തീർച്ചയായും ഇതു ശരിയല്ല. ഈ പ്രസ്താവനയ്ക്ക് ഭാഷാപരമായ ഒരു അർത്ഥതലമുണ്ട്. ചില ലോജിക്കൽ ഗുണങ്ങളുണ്ട്. ഒരു സാമൂഹിക ധർമം ഉണ്ട് - മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നു. ഇവയെല്ലാം ഭൗതിക മാനത്തെ മറികടക്കുന്ന കാര്യങ്ങളാണ്. വിരോധാഭാസമെന്നു പറയട്ടെ, ഭൗതികവാദം സ്വയം നിരാകരിക്കുന്ന വിധത്തിലല്ലാതെ പറയാൻ പോലും കഴിയില്ല.

നമ്മുടെ ചിന്തകൾ‌ക്കൊപ്പം തലച്ചോറിലുണ്ടാകുന്ന ശാരീരിക പ്രവർത്തനങ്ങളെയും നാം കാണണം. കാരണം, മനുഷ്യർ‌ (രണ്ടിന്റെയും) സമഗ്രവും സമന്വിതവുമായ അസ്തിത്വങ്ങളാണല്ലോ. ചിന്താ പ്രക്രിയകളെ കേവലം മസ്തിഷ്ക പ്രക്രിയകളിലേക്ക് ചുരുട്ടി കെട്ടുകയാണെങ്കിൽ, ഫലം യുക്തിപരമായ വൈരുദ്ധ്യം മാത്രമായിരിക്കും.
(തുടരും)

✍🏻 Muhammad Sajeer Bukhari

No comments:

Post a Comment