Friday, August 16, 2019

വന്ധ്യത ഭർത്താവിനാണെങ്കിൽ എന്തു ചെയ്യണം ഭാര്യ?


ഗർഭധാരണ ശേഷിയില്ലാത്തവളാണ് സ്ത്രീയെങ്കിൽ ഭർത്താവ് എന്തു ചെയ്യണം? ഇത്തരമൊരു സാഹചര്യത്തിൽ "നിരപരാധിയായ' ആ ഭാര്യയെ വിവാഹം മോചനം ചെയ്ത വീട്ടിലേക്കയച്ചു പുരുഷന്റെ മാത്രം "സുഖം' ഉറപ്പുവരുത്തുകയാണു മറ്റു പല മതങ്ങളും ഇസങ്ങളും ചെയ്തത്. മനുസ്മൃതിയുടെ ശാസന നോക്കൂ:

വന്ധ്യാഷ്ട മേധി വേദ്യാബേ
ദേശമേതുമൃതപ്രജാ
ഏകാ ദശേ സ്ത്രീ ജനനീ
സത്യസ്തപ്രിയ വാദിനീ (9:81)

(വന്ധ്യയായ പത്നിയ എട്ടും ചാപ്പിള്ള പ്രസവിക്കുന്നവളെ പത്തും പെണ്ണു മാത്രം പ്രസവിക്കുന്നവളെ പതിനൊന്നും വർഷങ്ങള്ക്കു ശേഷവും അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ചു വേറെ വിവാഹം ചെയ്യേണ്ടതാണ്. ഇത്തരം സ്ത്രീകളെ സന്തോഷിപ്പിക്കുന്നതിന്നു ഒന്നും കൊടുക്കേണ്ടതില്ല).

യുക്തിവാദിയായിരുന്ന ബർഡന്റ് റസ്സലിനും പറയാനുള്ള പരിഹാരവും വിവാഹമോചനം തന്നെ: “സന്താനങ്ങളില്ലാത്ത ദാമ്പത്യ ജീവിതത്തിൽ നന്നായി പെരുമാറുവാൻ ഇരു കൂട്ടരും പരമാവധി പരിശ്രമിക്കുന്നുണ്ടെന്നു വന്നാൽ പോലും ഏറ്റവും നല്ല പരിഹാരം വിവാഹമോചനം തന്നെയാണ്” (Marriage and Morals, page 96). എന്നാൽ, “അവളുടേതല്ലാത്ത കാരണത്താൽ' നിഷ്കരുണം വിവാഹമോചനം ചെയ്ത് സ്വഭവനത്തിലേക്ക് അയക്കുന്നതാണ് ന്യായമെന്നു നിങ്ങളും വിശ്വസിക്കുന്നുണ്ടാവില്ല എന്നു ഞാൻ കരുതട്ടെ. തനിക്കും ഒരു കുഞ്ഞു വേണം എന്ന ആ ഭർത്താവിന്റെ ആഗ്രഹത്തിന് എന്തു പരിഹാരമാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്. പ്രകൃത്യാ, വന്ധ്യയായിപ്പോയതിനാൽ ഒരു ആൺ തുണയുടെ സഹവാസവും സംരക്ഷണവും സ്നേഹലാളനകളും അത്തരം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നതിന് എന്തു ന്യായമാണ് പറയുക. സ്വാഭാവികമായും ബഹുപത്നിത്വം പരിഹാരമാകുന്ന മറ്റൊരു സാഹചര്യമാണിത്. എന്നാൽ, ഈ ന്യായത്തെ ഖണ്ഡിക്കാൻ പ്രസക്തമായൊരു സംശയം ആമിനാ വദൂദിന്റെ Qur'an and Women ഉന്നയിക്കുന്നുണ്ട്:

“കുഞ്ഞുങ്ങളെ പ്രസവിക്കാൻ കെൽപില്ലാത്ത ഭാര്യയെ കേന്ദ്രീകരിച്ചാണ് ബഹുകളത്രത്വത്തിന് വേണ്ടി വാദിക്കുന്നവരുടെ വേറൊരു യുക്തി. ഈയൊരു യുക്തി പക്ഷേ, ബഹുകളത്രത്വത്തിന്റെ പേരിൽ ഖുർആനിൽ കാണുന്നില്ല. എന്നാലും കുഞ്ഞുങ്ങളെ വേണമെന്ന് ആഗ്രഹം സ്വാഭാവികമായതിനാൽ ആ യുക്തി തള്ളിക്കളയാനാവില്ലല്ലോ. വന്ധ്യത കാരണം ആണിനോ പെണ്ണിനോ വിവാഹം ചെയ്തുകൂടെന്ന് പറയുന്നത് ശരിയല്ലല്ലോ. കുഞ്ഞുങ്ങളെ ലാളിക്കുവാനും വളർത്താനുമുള്ള അവകാശം നിഷേധിക്കപ്പെടുകയുമരുത്. സമ്മതിച്ചു. വന്ധ്യത ഭാര്യക്കാണെങ്കിൽ ഭർത്താവ് വേറൊരു പെണ്ണ് കെട്ടട്ടെ. വന്ധ്യത ഭർത്താവിനാണെങ്കിലോ? എ ന്തുചെയ്യണം ഭാര്യ?"

ഈ ചോദ്യം കൊണ്ട് ഗ്രന്ഥകാരി വാസ്തവമായും എന്താണ് ഉദ്ദേശിക്കുന്നത്? ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നവർ ബഹുഭർതൃത്വവും അനുവദിക്കണമെന്നാണോ? അതല്ല, ഇത്തരമൊരു പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം നിർദേശിക്കുന്നതിൽ ഇസ്ലാം പരാജയപ്പെട്ടെന്നോ ? Virgina Common Wealth Universityയിലെ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസറായ ആമിനാ വദൂദിനെ കുഴക്കുന്ന ഉത്തരമില്ലാത്ത ചോദ്യം! തിരുസുന്നത്തിനെയും പണ്ഡിതാധ്യാപനങ്ങളെയും അവഗണിച്ചതു കൊണ്ടാണ് വാസ്തവത്തിൽ വദൂദ് ഉത്തരമില്ലാതെ നിരാശയാകേണ്ടിവരുന്നത്. ഭാര്യയുടെ വന്ധ്യത കാരണം മക്കളില്ലാത്തവർ ലോകത്തെ അനേകമനേകം അനാഥമക്കളെ ദത്തെടുത്തുകൊള്ളട്ടെയെന്ന പരിഹാരവും അവർ നിർദേശിക്കുന്നു?!

ബഹുഭർതൃത്വം (Polyandry) ഒരിക്കലും മാനസികപ്പൊരുത്തമുള്ള ദാമ്പത്യജീവിതത്തിന് ചേരുകയില്ല. വക്രവും മാന്യമല്ലാത്തതുമായ മനസ്സുകൾക്കേ അതേ പ്രതി ആലോചിക്കാനെങ്കിലും കഴിയൂ. പ്രകൃതിപരമായ കാരണങ്ങൾക്കു പുറമേ ബഹുഭർതൃമതിയായ പെണ്ണിന്റെ സന്താനം ആരുടെയും സ്നേഹലാളനകളും വാത്സല്യവും ലഭിക്കാതെ അനാഥയാകുന്നു. സ്വന്തം പത്നിക്ക് അന്യപുരുഷന്മാരുമായി സമ്പർക്കമുണ്ടോ എന്നു വൃഥാ സംശയിക്കുന്ന എത്രയോ ഭർത്താക്കന്മാർ കാണിക്കുന്ന കർണ ഭേദകമായ ക്രൂരതകൾ നമുക്കിന്ന് നിത്യാനുഭവ സത്യമാണ്. പുരുഷമനസിന്റെ സ്വാഭാവിക ഘടനയും വിചാരവുമാണത്. എങ്കിൽ തന്റെ സന്താനത്തിലും ഭാര്യയിലും മറ്റൊരാൾക്കു കൂടി അവകാശവും പങ്കും വകവെച്ചുകൊടുക്കാൻ ദാമ്പത്യജീവിതത്തെ തെല്ലും അലോസരപ്പെടുത്താതെ അവ്വിധം മുന്നോട്ടുപോവാൻ “ആണത്തമുള്ള' എത്രപേർ തയ്യാറാകും? ഡി എൻ എ ടെസ്റ്റുപോലെയുള്ള അധുനാതന ശാസ്ത്രീയ സംവിധാനങ്ങൾ ശിശുവിന്റെ പിതൃത്വം നിർണയിക്കാൻ സഹായിക്കുന്നുവെന്നുവെച്ചാൽ തന്നെയും സാധാരണ ഗതിയിൽ ദമ്പതികൾക്കിടയിൽ മാനസിക പൊരുത്തം ഉണ്ടാകാൻ അത് സഹായിക്കില്ലെന്നു തീർച്ച. പിന്നെ ദത്തുമക്കളോട് രക്തബന്ധത്തിൽ പിറന്നവരോട് കാണിക്കാനാവുന്ന സ്നേഹ വാത്സല്യങ്ങൾ പുലർത്താനോ, തദ്വാരാ ലഭ്യമാകുന്ന മാനസിക സംതൃപ്തി അനുഭവിക്കാനോ സാധിക്കില്ലെന്നതും മനഃശാസ്ത്ര പരമായ വസ്തുതയത്.

"വന്ധ്യത ഭർത്താവിനാണെങ്കിലോ? എന്തുചെയ്യണം ഭാര്യ?' എന്ന ചോദ്യത്തിന് ഇസ്ലാമിക കർമശാസ്ത്രം വ്യക്തമായ പരിഹാരം നിർദേശിച്ചിട്ടുണ്ട്. ഭർത്താവിന്റെ ലൈംഗിക ബലഹീനത, മാറാവ്യാധി, ഭാര്യക്കു ചെലവുകൊടുക്കാനുള്ള ശേഷിയില്ലായ്മ, മാനസികമായ പൊരുത്തക്കേട് തുടങ്ങിയുള്ള കാരണങ്ങൾക്കു വേണ്ടി ഭാര്യക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം തേടാവുന്നതാണ്. വിവാഹമോചനാധികാരം പുരുഷനു മാത്രമേയുള്ളൂ എന്ന് ആരോപിക്കുന്നവർ കൂടി അറിഞ്ഞിരിക്കേണ്ടതാണിത്.

ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന് വിഘ്നം നേരിടുകയും രമ്യമായ ഒത്തുതീർപ്പുകൾക്ക് സാധ്യമാവാതിരിക്കുകയും ചെയ്താൽ വിവാഹബന്ധത്തിൽ നിന്ന് മോചനം നേടാനുള്ള അവകാശം സ്ത്രീകൾക്കുമുണ്ട് എന്നതാണ് നേര്. അനിവാര്യമായ സാഹചര്യങ്ങളിൽ ഭർത്താവ് തനിക്ക് നൽകിയ വിവാഹ മൂല്യം തിരിച്ചു നൽകിയോ നഷ്ടപരിഹാരം കൊടുത്തോ ഭാര്യക്ക് ഭർത്താവിൽ നിന്ന് മോചനം നേടാവുന്നതാണ്. കർമശാസ്ത്രഗ്രന്ഥങ്ങളിൽ “ഖുൽഅ്' എന്ന സങ്കേതത്തിനു കീഴെ ഇത് ചർച്ച ചെയ്തിട്ടുണ്ട്. ഭർത്താവ് ഭാര്യയോട് ഉത്തരവാദിത്വരഹിതമായി പെരുമാറുകയും കടപ്പാടുകൾ നിറവേറ്റാതിരിക്കുകയും ചെയ്യുക, ഭർത്താവ് അപരിഹാര്യമായ ശാരീരിക ന്യൂനതകൾ ഉള്ളവനാവുകയോ ദീർഘമായി അപ്രത്യക്ഷനാവുകയോ ചെയ്യുക പോലുള്ള സാഹചര്യങ്ങളിൽ അയാളുടെ അനുമതിക്ക് കാത്തുനിൽക്കുക പോലും ചെയ്യാതെ വിവാഹ മോചനം ചെയ്യാനുള്ള അവകാശവും അവസരവും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചിട്ടുണ്ട്. “ഫസ്ഖ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇസ്ലാമിലെ വിവാഹമോചനാധികാരം പുരുഷ കേന്ദ്രിതമാണ് എന്ന ചിന്ത വാസ്തവവിരുദ്ധമാണെന്ന് സാരം.

പറഞ്ഞുവന്നത്, ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുവെങ്കിൽ ബഹുഭർതൃത്വം എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നു കൂടിയാണ്. നിയതമായ കാരണങ്ങൾക്കു വേണ്ടി ദാമ്പത്യബന്ധം വേർപ്പെടുത്താനും താൽപര്യമെങ്കിൽ മറ്റൊരു പുരുഷനെ ജീവിത സഖിയായി സ്വീകരിക്കാനും ഇസ്ലാം അനുമതി നൽകിയിരിക്കുന്നു!
ബഹുഭാര്യത്വത്തിനുള്ള അനുവാദം ഇസ്ലാം നിലനിർത്തിയതിന്റെ ഹേതുകങ്ങളിൽ മറ്റൊന്നാണ് വിധവാ പുനർവിവാഹത്തിനുള്ള സാഹചര്യങ്ങളും സാധ്യതകളും... നമ്മുടെയൊക്കെ സാധാരണ അനുഭവങ്ങളിൽ തന്നെ, ആദ്യവിവാഹം ചെയ്യുന്നവർ കന്യകകളെ മാത്രം തെരഞ്ഞെടുക്കുന്ന സവിശേഷ സാഹചര്യമാണല്ലോ വ്യാപകമായി നിലവിലുള്ളത്. വിധവാ പുനർവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് നാടുനീളെ കർണക കഠോര ശബ്ദത്തിൽ പ്രസംഗിക്കുന്ന സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും ഫലത്തിൽ, ബഹുഭാര്യത്വം നിലവിൽ വരണമെന്നാണ് ആശിക്കുന്നത്. എന്നാൽ തങ്ങളുടെ “കപട സദാചാരബോധം' മൂലം ഏകപത്നീ വ്രതത്തെ അനുകൂലിക്കുകയും ചെയ്യുന്നു. ആത്മാർത്ഥതയുള്ള പല ചിന്തകരും ഈ കാപട്യത്തെ തുറന്നുകാട്ടിയി ട്ടുണ്ട്.
തിയോസഫിക്കൽ സൊസൈറ്റിയുടെ ഉപജ്ഞാതാവായിരുന്ന ഡോ.ആനിബസന്റ് പറയുന്നു:

“ഇസ്ലാം മതം നിയന്ത്രിതമായൊരു ബഹുഭാര്യത്വം അനുവദിക്കുന്നതു കൊണ്ട് അത് ചീത്തയാണെന്ന് മറ്റുള്ളവർ പറയുന്നതു കാണാം! പക്ഷെ, ലണ്ടനിലെ ഒരു ഹാളിൽ സദസ്യർ ഒന്നടങ്കം അജ്ഞരാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ നടത്തിയ വിമർശനം പൊതുവെ കേട്ടിരിക്കുകയില്ല. വൻ തോതിൽ വ്യഭിചാരത്തോടൊപ്പമുള്ള ഏകഭാര്യത്വം ഒരു കാപട്യമാണെന്നും ഒരു നിയന്ത്രിത ബഹുഭാര്യത്വത്തെക്കാൾ അപമാനകരമാണെന്നും ഞാനവരോട് ചൂണ്ടിക്കാണിച്ചു. സ്വാഭാവികമായും അത്തരമൊരു പ്രസ്താവന അക്രമണാസക്തമാണ്. പക്ഷേ, അത് ചെയ്യേണ്ടതായി വന്നു. കാരണം സ്ത്രീകളെ ബാധിക്കുന്ന ഇസ്ലാമിന്റെ നിയമം, അതിന്റെ ചില ഭാഗങ്ങൾ ഇംഗ്ലണ്ടിൽ അനുകരിക്കപ്പെട്ടപ്പോൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഒടുവിൽ വരെയും ലോകത്തിലെ ഏറ്റവും നീതിപൂർവകമായ നിയമമായിരുന്നു അതെന്ന് ഓർക്കേണ്ടതുണ്ട്. സ്വത്തിനെയും അനന്തരാവകാശങ്ങളെയും വിവാഹമോചനത്തെയും സ്പർശിക്കുമ്പോൾ പാശ്ചാത്യ നിയമങ്ങളേക്കാൾ എത്രയോ അപ്പുറമാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് ഇസ്ലാം കൽപ്പിക്കുന്ന വില. ഏകഭാര്യത്വം, ബഹുഭാര്യത്വം എന്നീ പദങ്ങളാൽ ജനങ്ങൾ മാസ്മര വിദ്യക്ക് വശംവദരാവുമ്പോൾ അക്കാര്യങ്ങളൊക്കെ വിസ്മരിക്കപ്പെടുകയാണ്. അതിന്റെ പിന്നിൽ പാശ്ചാത്യലോകത്ത് എന്തു നടക്കുന്നുവെന്ന് അഥവാ സ്ത്രീകളുടെ ആദ്യ രക്ഷാകർത്താക്കൾക്ക് അവർ മടുത്ത് ഒരു സഹായവും ചെയ്യാതെ അവരെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ അവർ നേരിടുന്ന ഭയാനകമായ പതനത്തെ ആരും നോക്കുന്നില്ല.''

No comments:

Post a Comment