“ഖുർആന്റെ കാഴ്ചപ്പാടനുസരിച്ച് മക്കളോട് വൈകാരികമായ അടുപ്പം പുലർത്തേണ്ട കടമയും മക്കളെ പരിപാലിക്കാനുള്ള അവകാശവും അമ്മക്കുള്ള അത്രതന്നെ അച്ഛനുമുണ്ട്... എന്നിട്ടും എല്ലാത്തരം വീട്ടുജോലികളും ഒപ്പം ശൈശവ ബാല്യ കൗമാരങ്ങളിൽ കുട്ടികളെ നോക്കി നടത്തുന്ന മറ്റു ജോലിയും ചെയ്യാൻ ചുമതലപ്പെട്ടവൾ ഭാര്യ / അമ്മ മാത്രമാണെന്ന നിലപാടാണ് ആണുങ്ങൾക്ക്. ഇത്തരം അധ്വാന വിഭജനം ചില കുടുംബങ്ങളുടെ കാര്യത്തിൽ കൊള്ളാം. ജീവിത വിഭവങ്ങൾ തേടി ഭർത്താവ് / പിതാവ് പുറത്തിറങ്ങിപ്പോയി പണിയെടുക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ'' (Qur'an and Women. page 188).
ശിശുപാലനം നിർവഹിക്കാനുള്ള ധാർമികമായ ബാധ്യത മാതാവിനാണ് ഇസ്ലാം നൽകിയിട്ടുള്ളത്. അതിനു പര്യാപ്തമായ അറിവും കഴിവും വൈകാരിക ക്ഷമതയും അമ്മ മനസ്സും അവർക്കാണുണ്ടാവുക. തദ്വിഷയകമായി പുരുഷനില്ലാത്ത സഹനശേഷിയും വാത്സല്യഭാവവും പെണ്ണിന്റെ ജന്മസിദ്ധമായ കഴിവാണ് അതിനാൽ ശിശുവിന്റെ പരിപാലന ബാധ്യത നിർവഹിക്കുന്നതിൽ മുൻഗണന ലഭിക്കേണ്ടതും അവൾക്കുതന്നെ.
അബ്ദുല്ലാഹിബ്നു അംറ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഒരു സ്ത്രീ തിരുപ്രവാചകരുടെ സന്നിധിയിൽ ഇങ്ങനെ പരാതി ബോധിപ്പിച്ചു: “തിരുദൂതരെ, എന്റെ കുട്ടി ഇതാ. എന്റെ ഉദരം അവന്റെ പാതമായിരുന്നു. എന്റെ പരിചരണം അവന്റെ കവചമായിരുന്നു. എന്റെ സ്തനം അവനു പാനപാത്രമായിരുന്നു. അവനെ എന്നിൽ നിന്ന് വേർപ്പെടുത്തുമെന്ന് അവന്റെ പിതാവ് വാദിക്കുന്നു.' അവിടുന്ന് പ്രതിവചിച്ചു: “പുനർവിവാഹിതനാകാത്തിടത്തോളം കാലം നീയാണ് അവനിൽ ഏറെ അവകാശി'' (അബൂദാവൂദ്, ബൈഹഖി, ഹാകിം).
ഖാസിമു ബ്നു മുഹമ്മദ്(റ) ഉദ്ധരിക്കുന്ന ഒരു സംഭവം, ഉമർ ബ്നുൽ ഖത്താബ്(റ)വിന് ഒരു അൻസ്വാരി ഭാര്യ ഉണ്ടായിരുന്നു. അ വരിൽ അദ്ദേഹത്തിന് ആസ്വിം എന്ന കുട്ടി ഉണ്ടായി. പിന്നീട് ഉമർ(റ) അവരെ ഒഴിവാക്കി. ഒരിക്കൽ ഖുബാഇൽ വന്നപ്പോൾ ആസ്വിം പള്ളി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹം കണ്ടു. കുട്ടിയെ എടുത്ത് വാഹനപ്പുറത്ത് കയറ്റി. കണ്ടു നിന്ന മാതാമഹി അദ്ദേഹത്തോട് ശണ്ഠകൂടി. അപ്പോൾ അതുവഴി വരാനിടയായ അബൂബക്കർ(റ) കാര്യമന്വേഷിച്ചു. അത് തന്റെ കുട്ടി ആണെന്ന് ഉമർ(റ)വും തന്റെ പേരക്കുട്ടിയാണെന്ന് ആ സ്ത്രീയും. അബൂബക്കർ(റ) പറഞ്ഞു: “അവനെ അവർക്ക് കൊടുക്കുക. മാതാവാണ് ഏറ്റവും കാരുണ്യവും സ്നേഹവും വാത്സല്യവും അലിവും മൃദുലതയുമുള്ളവർ. പുനർവിവാഹിതയാകാത്തപ്പോൾ കുട്ടിയിൽ കൂടുതൽ ബാധ്യതയുള്ളവൾ അവൾ തന്നെയാണ്'
പെണ്ണിന്റെ മാതൃത്വത്തിനുള്ള (അമ്മമനസിനുള്ള) അംഗീകാരമാണ് സന്താന പരിപാലനത്തിനുള്ള അവകാശവും ബാധ്യതയും അവൾക്കാണെന്ന ഇസ്ലാമിക കാഴ്ചപ്പാട്. ഇന്ത്യ ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളിലും നിയമപരമായി ദാമ്പത്യം വേർപ്പെടുത്തിയാൽ സ്വയം തീരുമാനം എടുക്കാനുള്ള പ്രായം എത്തുന്നതു വരെ മാതാവിനാണ് സംരക്ഷണച്ചുമതല ഉള്ളത് എന്ന കാര്യം ചേർത്തു വായിക്കുക. ആമിന വദൂദ് ഉദ്ധരിക്കുന്ന 2/223 സൂക്തം “ഒരു മാതാവും അവളുടെ ശിശുവിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടു കൂടാ” എന്ന് ശാസിക്കുന്നത് പിതാവ് സന്താന പരിപാലനത്വം ഏറ്റെടുക്കണമെന്ന അർത്ഥത്തിലല്ല. അതിന് വേണ്ട സാമ്പത്തിക ചുമതലകൾ നിർവഹിക്കണമെന്നാണ്. കാരണം, കുട്ടിയുടെ പൈതൃകം ചാർത്തപ്പെടുന്നത് പിതാവിലേക്കായാൽ അവന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പിതാവിന്റെ ബാധ്യതയാണ്. അതുകൊണ്ടല്ലേ മുലകൊടുക്കുന്നതിന് ഭാര്യ വേതനം ചോദിച്ചാൽ കൊടുക്കാൻ ഭർത്താവ് കടപ്പെട്ടവരാണ് എന്ന് ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നത്.
മാതൃത്വത്തിന്റെ മഹത്വത്തെ ഇസ്ലാം അംഗീകരിച്ചതിന്റെ അനേകം പ്രവാചക മാതൃകകൾ ഉദ്ധരിക്കാനാവും. ഒരാൾ ഏറെ അംഗീകരിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ് എന്നാണ് തിരുപാഠം. തന്റെ ശിഷ്യന്മാരിലൊരാൾ തിരുസന്നിധിയിൽ വന്ന് ഇപ്രകാരം ചോദിച്ചു: “അല്ലാഹുവിന്റെ ദൂത രേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അർഹതയുള്ളയാൾ ആരാണ്? അവിടുന്ന് അരുൾ ചെയ്തു:
“നിന്റെ മാതാവാണ്.'' “പിന്നെ ആരാണ്?'' പ്രവാചക തിരുമേനി പ്രതിവചിച്ചു: “നിന്റെ മാതാവ്.''
അയാൾ ആവർത്തിച്ചു: “പിന്നെ ആരാണ്?' വീണ്ടും അവിടു ന്ന് അറിയിച്ചു.
“പിന്നെ ആരാണ്?'' തിരുനബി പറഞ്ഞു: “നിന്റെ പിതാവ്'” (ബുഖാരി, മുസ്ലിം ).
പുരുഷന്മാർ കുടുംബഭാരം ഏറ്റെടുത്ത് അധ്വാനിച്ച് ഉപജീവനം കണ്ടെത്തുകയും സ്ത്രീകൾ ഗൃഹഭരണം നടത്തുകയും ചെയ്യുകയെന്ന പ്രകൃതിപരമായ രീതി തന്നെയാണ് യുക്തിപരമായ മാർഗമെന്ന് ഇസ്ലാം കരുതുന്നു. ശൈശവ-ബാല്യ-കൗമാരങ്ങളിൽ സന്താന പരിപാലനം ഭാര്യ അമ്മ ചെയ്യുന്നതാണ് നല്ലതെന്ന നിലപാട് നല്ലതായി സാധാരണഗതിയിൽ വിവക്ഷിക്കുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെ. ഇതിനപ്പുറം ആണെത്തുന്ന ഇടത്തൊക്കെ പെണ്ണിനും എത്തണമെന്നും പെണ്ണിനെപ്പോലെയൊക്കെ ആണും ആവണമെന്നും കരുതുന്ന അതിരുവിട്ട സ്ത്രീ പുരുഷ സമത്വവാദ(പുതിയ ലിംഗന നീതി എന്ന സങ്കൽപം) വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക. അത് പെണ്ണിന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നു. മാതൃത്വത്തെ അവഗണിക്കുന്നു. സർവോപരി, സുഭദ്രമായ സാമൂഹിക സംവിധാനങ്ങളെ തകിടം മറിക്കുന്നു. അതിനാൽ തന്നെ ഇത്തരം നീക്കങ്ങൾക്ക് മുതിർ ന്നവരെല്ലാം കാലു പിന്നോട്ടെടുക്കുകയാണ് ചെയ്തതെന്ന് വിസ്മരിക്കരുത്. സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന മിഖായേൽ ഗോർബച്ചേവിന്റെ വിശ്വവിഖ്യാതമായ പെരിസ്കോയിക്കയിൽ നിന്ന് വായിക്കാം:
“ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ, വർഷങ്ങളിൽ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകൾക്കുള്ള സ്ഥാനത്തു നിന്ന് ഉയർന്നു വരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങൾക്കും പരിഗണന നൽകുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിൽ ഏർപ്പെടുകയും നിർമാണ സ്ഥലങ്ങളിലും ഉൽപാദനങ്ങളിലും സേവന തുറകളിലും പണിയെടുക്കുകയും സർഗാത്മക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിൽ സ്ത്രീകൾക്ക് വീട്ടിൽ അവരുടെ ദൈനംദിന കടമകൾ നിർവഹിക്കുന്നതിന് (വീട്ടുജോലി, കുട്ടികളെ വളർത്തൽ, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ) മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങൾക്കും (കുട്ടികളുടെ യും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാർമിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉത്പാദനത്തിലുമുള്ള പ്രശ്നങ്ങൾ) ഭാഗികമായ കാരണം ദുർബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന് ഞങ്ങളുടെ ആത്മാർത്ഥവും രാഷ്ട്രീയമായി നീതീകരിക്കാത്തതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോൾ പെരിസ്ത്രോയിക്കയുടെ പ്രകിയയിൽ ഈ കുറവ് ഞങ്ങൾ തരണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്ക് സ്ത്രീകൾ എന്ന നിലക്കുള്ള അവരുടെ തനിയായ ദൗത്യത്തിലേക്ക് മടങ്ങാൻ സാധ്യമാകുന്നതിന്ന് എന്തുചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴിൽ സ്ഥലത്തും വീട്ടിലും ഇപ്പോൾ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടക്കുന്നത് അതിനാലാണ്. '
തീർച്ചയായും ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്നും ലിംഗസമത്വവും ലിംഗനീതിയും പുലർന്നാലല്ലാതെ സ്ത്രീ ജനങ്ങൾ രക്ഷപ്പെടുകയില്ലെന്നും വിചാരിക്കുന്നവർ വായിച്ചിരിക്കേണ്ടതാണ് ഇത്തരം പരശ്ശതം കുറിപ്പുകൾ.
No comments:
Post a Comment