Thursday, August 15, 2019

ലിംഗനീതിയും ഇസ്‌ലാമിക് ഫെമിനിസവും

പ്രവാചക തിരുമേനി സ്വ.ക്കു ശേഷം സഹസ്രാബ്ദങ്ങളായി ആണധികാരത്തിന്റെ വാഴ്ചയാണ് ഇസ്ലാമിലുള്ളതെന്ന അബദ്ധജഢിലതയെ ഇസ്ലാമിന്റെ തന്നെ വിലാസത്തിൽ ചെലവഴിക്കാനുള്ള ചില പരിശ്രമങ്ങളും സമീപകാലത്ത് ദൃശ്യമായിട്ടുണ്ട്. പരമ്പരാഗതമായ ഖുർആൻ - ഹദീസ് വ്യാഖ്യാനങ്ങളെ തിരസ്കരിച്ച് സ്വതന്താഭിമുഖ്യമുള്ള വായനാസാധ്യതകൾ കണ്ടെത്തുന്നതിലൂടെ മാത്രമേ മുസ്ലിം സ്ത്രീക്ക് മോചനം ലഭിക്കൂ എന്ന ഓറിയന്റലിസ്റ്റുകളുടെയും മറ്റു ഇസ്ലാം വിമർശകരുടെയും വാദങ്ങളാണ് ഇസ്ലാമിക് ഫെമിനിസം എന്ന "പരിശുദ്ധപ്രസ്ഥാന'ത്തിന്റെയും മുദ്രാവാക്യം. ഖുർആനിന്റെ അവതരണകാലത്ത് അറേബ്യയിലുണ്ടായിരുന്ന പുരുഷകേന്ദ്രിത സമൂഹത്തിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളോടുള്ള പരിഷ്കരണ വാഞ്ജയോടുള്ള പ്രതികരണമാണ് ഖുർആൻ എന്നു ചിന്തിച്ച് "പെൺ വായന' (Feminine Reading)യുടെ സാധ്യതകൾ തേടിയ ആമിന വദൂദിന്റെ പുസ്തകങ്ങൾ ഇത്തരത്തിലുള്ളതാണ്.

ആൺകേന്ദ്രിതമായ വ്യവസ്ഥയുടെ ശരിയായ ദിശ നിർണയിച്ചു കൊടുക്കുന്നതിൽ ഖുർആനിലൂടെ വെളിപ്പെട്ട മാർഗ നിർദേശങ്ങൾക്ക് കാലാനുക്രമമുണ്ട് എന്നാണ് വദൂദിന്റെ Quran and Women മുന്നോട്ട് വെക്കുന്ന ആശയം. അതായത്, ഖുർആനിന്റെ അവതരണം തികച്ചും പുരുഷകേന്ദ്രിതമോ പിതൃകേന്ദ്രിതമോ ആയ സമൂഹത്തിലായിരുന്നു. നാട്ടുനടപ്പുകളെ ഒറ്റയടിക്ക് റദ്ദാക്കുന്നത് അനവധി പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നതിനാൽ പടിപടിയായും സാവകാശത്തിലുമുള്ള പുരോഗതിക്ക് ഖുർആൻ വഴിയൊരുക്കിത്തന്നു. ചില മുസ്ലിം രാജ്യങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിയമനിർമാണം നടത്താനും സാമൂഹികമായ പരിഷ്കാരങ്ങൾക്കും ഉദ്യുക്തരായതു പോലെ പൂർവകാല മുസ്ലിം സമുദായങ്ങൾക്കു പിണഞ്ഞ പാകപ്പിഴവുകളെ അവഗണിച്ച് മുന്നോട്ട് പോവാൻ നാം തയ്യാറാവണം എന്നൊക്കെയാണ് വദൂദ് ആഹ്വാനം ചെയ്യുന്നത്. അതിന് അവർ നിർദ്ദേശിക്കുന്ന വഴി ആണിന്റെ മാത്രം സങ്കൽപ ത്തിനും കാഴ്ചപ്പാടിനും അഭിലാഷത്തിനുമനുസരിച്ച് എഴുതപ്പെട്ട പരമ്പരാഗത വ്യാഖ്യാനങ്ങളുടെ തിരസ്കരണമാണ്. വാസ്തവ Marjorie Protector Smithന്റെ In Her Own Rite: Reconstructing the Feminist Liturgical Tradition എന്ന ഗ്രന്ഥത്തിൽനിന്ന് കടമെടുത്തതാണ് ഈ വീക്ഷണം.

സ്വതന്തമായ വ്യാഖ്യാന സാധ്യതകൾ തേടിയുള്ള ആമിനാവദൂദിന്റെ ചിന്തകൾ ഹദീസുകളെപ്പോലും തള്ളിപ്പറയുന്നിടത്തേക്കാണ് അവരെ നയിച്ചത്! Quran and Womenൽ നിന്ന് വായിക്കാം : I place greater significance on the Quran. This is congruent with the orthodox understanding of the inerrancy of Quranic preservation versus historical contradictions within the hadith literature. Furthermore, would never concede that the equality between women and men demonstrated in the Quran could be removed by the prophet. If such a contradiction did exist, I would choose in favor of the Quran' - “ഖുർആനാണ് ഞാൻ ഏറ്റവും പ്രാമുഖ്യവും പ്രാധാന്യവും കൽപ്പിക്കുന്നത്. ഖുർആന്റെ അബദ്ധരഹിതത്വത്തെക്കുറിച്ചുള്ള യാഥാസ്ഥിതികമായ മനസ്സിലാക്കലുകളുമായി യോജിപ്പുള്ള നിലപാടാണല്ലോ ഇത്. ഹദീസ് സാഹിത്യങ്ങളിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങളെ യാഥാസ്ഥിതികർ എതിർക്കുന്നത് ഖുർആന്റെ അപ്രമാദിത്വം ഉയർത്തിക്കാട്ടിയാണെന്നോർക്കുക. പിന്നെ ഒരു കാര്യം കൂടി. ഖുർആൻ ആണുങ്ങളെയും പെണ്ണുങ്ങളെയും ഒപ്പത്തിനൊപ്പം നിൽക്കുന്നവരായാണ് കാണുന്നത്. ഇതിനു വിപരീതമായ ഒരു നിലപാടാണ് ശരി എന്നതിനു തെളിവായി പ്രവാചകന്റെ മാതൃക ചൂണ്ടിക്കാട്ടിയാൽ അതെനിക്കു സ്വീകാര്യമാവില്ല, ഒരിക്കലും. അങ്ങനെയൊരു വൈരുദ്ധ്യം ഉണ്ടെന്ന് വന്നാൽ ഖുർആനായിരിക്കും എനിക്കവ ലംബം''(പുറം: 17).

ഒരേസമയം ഖുർആന്റെ അപ്രമാദിത്വം വകവെക്കുകയും അതിനെതിരെ കലാപം കൂട്ടുകയുമാണ് ഗ്രന്ഥകാരി ചെയ്യുന്നത്. ഖുർആനും പ്രവാചക മാതൃകകളും ഒരിക്കൽ പോലും അന്യോന്യം കലഹിക്കുകയില്ല. കാരണം, ഖുർആനിക സൂക്തങ്ങൾക്ക് വ്യാഖ്യാനം നൽകുന്നതിന് ഖുർആൻ തന്നെ ബാധ്യതപ്പെടുത്തിയതനുസരിച്ചാണ് പ്രവാചക പ്രഖ്യാപനങ്ങൾ ഉണ്ടായത്. “ജനങ്ങൾക്കായി അവതീർണമായത് അങ്ങ് അവർക്ക് വിശദീകരിച്ചു കൊടുക്കുന്ന തിനു വേണ്ടിയതെ നാം അങ്ങേക്ക് വേദപുസ്തകം ഇറക്കിത്ത ന്നിരിക്കുന്നത് (ഖുർആൻ 16/44). “അദ്ദേഹം തോന്നിയ പോലെ സംസാരിക്കുകയില്ല; ഈ സന്ദേശം തീർച്ചയായും അദ്ദേഹത്തിന് നൽകപ്പെട്ട ദിവ്യബോധം മാത്രമാണ് (ഖുർആൻ 53/ 3,4).

ഹദീസുകളിൽ ചരിത്രപരമായ വൈരുദ്ധ്യങ്ങളുണ്ടെന്ന പ്രസ്താവന തികഞ്ഞ അജ്ഞതയോ തെറ്റിദ്ധാരണയോ ആണ്. ഈ പ്രബന്ധത്തിന്റെ വിഷയപരിധിക്കു പുറത്തായതിനാൽ വിശദാംശങ്ങൾക്ക് മുതിരുന്നില്ല.

“മുസ്ലിം പെണ്ണിന്റെ പുരുഷന്റേതിനു തുല്യമായ അവ കാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം പാശ്ചാത്യ ഇസ്ലാം വിമർശകർ സൃഷ്ടിച്ചുവെച്ച ധാരണകൾക്കപ്പുറത്തേക്ക് ബോധമണ്ഡലത്തിന്റെ പുറന്തോട് പൊട്ടിച്ചു വികസിക്കാത്തതാണ്. ലൈലാ അഹ്മദിന്റെ Women and Gender in Islam, ഫാത്വിമ മെർനീസിയുടെ The Veil and Male Elite: A Feminist Interpretation of Islam തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം സമാനമായ ചിന്താഗതിയാണ് അവതരിപ്പിക്കുന്നത്. സ്ത്രീയെ അവമതിക്കുന്നതായി ഇസ്ലാം വിമർശകരും ഇസ്ലാമിന്റെ പെൺവായന അവതരിപ്പിച്ചവരും ഒരുപോലെ ഉന്നയിച്ച ലിംഗസമത്വ നിഷേധം അഥവാ ഇസ്ലാമിലെ ആൺകേന്ദ്രീയത, ബഹുഭാര്യത്വം, പർദ, സാക്ഷിത്വം, വിവാഹ മോചനാവകാശം, ദായധനാവകാശം എന്നിവയിലെ വിവേചനം, സന്താന പരിപാലനോത്തരവാദിത്തം അമ്മയുടെ തലയിൽ കെട്ടി വെക്കുന്നത് എന്നീ പ്രശ്നങ്ങളെ തുടർന്നുള്ള പ്രബന്ധങ്ങളിൽ അന്വേഷിക്കാം.

No comments:

Post a Comment