ഇസ്ലാം ആൺ കേന്ദ്രിതമാണെന്ന് ആരോപിക്കുന്നവർ വസ്തുതകൾക്കു നേരെ കണ്ണടക്കുമ്പോഴാണ് ചുറ്റും ഇരുട്ടു പരക്കുന്നതെന്ന പച്ച യാഥാർത്ഥ്യം ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഇസ്ലാം ആൺ കേന്ദ്രിതമല്ല, പെൺ കേന്ദ്രിതവുമല്ല. ആൺ കോയ്മയെ അത് വകവെക്കുന്നു. ആണധികാരത്തെയും. പെണ്ണനുഭവങ്ങളെ തിരസ്കരിക്കുന്നില്ല. പെൺ വിവേചനത്തെ നിരാകരിക്കുന്നു താനും. പ്രകൃതിപരമായ സവിശേഷതകളോടും സന്തുലിത ഭാവങ്ങളോടും സാനുകമ്പം പ്രതികരിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇസ്ലാമാണ് സ്ത്രീക്കും പരുഷനു തുല്യം ജീവിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചത്. അവളുടെ ചാരിത്ര്യത്തിനും അന്തസ്സിനും അഭിമാനത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ടെന്ന് ഉദ്ഘോഷിച്ചതും ഇസ്ലാമാണ്. സ്ത്രീക്ക് സ്വത്തവകാശവും അനന്തരാവകാശവും വകവെച്ചു കിട്ടുന്നതിന് നിലവിലെ സാമൂഹിക വ്യവസ്ഥിതികളോട് അതു കലാപം കൂട്ടി. സ്ത്രീക്കും അറിയാനും അറിയിക്കാനും വായിക്കാനും വിമർശിക്കാനും അവകാശവും അർഹതയുമുണ്ടെന്ന് പറഞ്ഞ ഇസ്ലാം, ഇണയെ തിരഞ്ഞടുക്കുന്നതിലും വിട്ടൊഴിയുന്നതിലും സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് ഇടം നൽകി ആദരിച്ചു. നിരവധി സൂക്തഖണ്ഡങ്ങളും ഹദീസുപാഠങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കാനാവും. സ്ത്രീത്വത്തെ ഇത്രയേറെ മാനിക്കുകയും വന്ദിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്ത മറ്റേതൊരു പ്രത്യയശാസ്ത്രമാണ് ലോകത്തുള്ളത്?
ആൺകോയ്മക്ക് ആധാരമായി ഉന്നയിക്കുന്നത് “ഖവ്വാമൂന” എന്ന ഖുർആനിക പദമാണ്. ഖവ്വാമിന്റെ ബഹുവചനമാണ് ഖവ്വാമൂൻ. ഉത്തരവാദിത്തം നിർവഹിക്കുന്നവൻ, ഉപജീവനം കണ്ടെത്തുന്നവൻ എന്നൊക്കെ അർത്ഥകൽപന നടത്താറുള്ള ഖാഇം എന്ന പദത്തിന്റെ തീവ്ര വിശേഷണ രൂപം ആണ് ഖയ്യാം. ഏറ്റവും കഠിനമായി അധ്വാനിക്കുകയും നന്നായി പരിശ്രമിച്ചു ഉപജീവന മാർഗങ്ങൾ കണ്ടെത്തുന്നവനും എന്നായിരിക്കും ഈ സന്ദർഭത്തിൽ അതിന്റെ അർത്ഥകല്പന. ഈ പദത്തിന്റെ പ്രസക്തിയെന്തെന്നു ഗ്രഹിക്കാൻ അധികം വിശദീകരണങ്ങൾ വേണ്ടി വരില്ല.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണല്ലോ കുടുംബം. അത് ഭദ്രവും സുരക്ഷിതവുമായിരിക്കണം. കായികവും മാനസികവും വൈകാരികവുമായ പ്രത്യേകതകൾ പരിഗണിച്ച് കുടുംബത്തിന്റെ സംരക്ഷണോത്തരവാദിത്തം ഇസ്ലാം പുരുഷനെ ഏൽപ്പിച്ചിരിക്കുന്നു. അതൊരു അധികാരം എന്ന നിലയിലല്ല. പ്രത്യത, ഭാരിച്ച ഉത്തരവാദിത്തം എന്ന അർത്ഥത്തിലാണ്. ജീവിതോപാധികളോട് മല്ലിടാൻ ഏറെ പ്രാപ്തനും കരുത്തനും പുരുഷനാണ് എന്നതുകൊണ്ട് കിട്ടിയ ചുമതലയതേയത്. പുറത്തുപോയി പണിയെടുക്കാനും പ്രതിയോഗികളെ പ്രതിരോധിക്കാനും മിടുക്ക് പുരുഷനു തന്നെ. ഏതു സമയത്തും പാടത്തും പറമ്പിലും ബസിലും ലോറിയിലും ഹോട്ടലിലും ഫാക്ടറിയിലും കിണറിലും ഖനിയിലും തെങ്ങിലും മരക്കൊമ്പത്തും പണിയെടുക്കാനുള്ള ക്ഷമത സ്ത്രീയെക്കാൾ പുരുഷനുണ്ട്. എന്നാൽ ഗർഭം ധരിച്ച് പ്രസവിക്കാൻ മാത്രമല്ല, കുഞ്ഞുങ്ങളെ ലാളിച്ചും ശാസിച്ചും വളർത്താനും സ്ത്രീകൾക്കു തന്നെയാണ് സാധിക്കുക. മുലയൂട്ടാൻ മാത്രമല്ല, അവരെ കുളിപ്പിക്കാനും കളിപ്പിക്കാനുമുള്ള മികവും അവർക്കാ ണുള്ളത്. അതിനാൽ ഇസ്ലാം ഉത്തരവാദിത്ത വിഭജനം (Division of Responsibility) കരുതലോടെ നടപ്പിൽ വരുത്തുന്നു. ഗാർഹിക ഭരണവും ആഭ്യന്തരോത്തരവാദിത്തവും പെണ്ണിന്, ബാഹ്യലോകത്തെ മൽപിടുത്തം ആണിന്; ഇങ്ങനെ കായികബലം ആവശ്യമായ രംഗങ്ങളിൽ മാത്രമാണ് വിഭജനം. മാനസിക വ്യാപാരങ്ങളിൽ പെട്ട വിജ്ഞാന സമ്പാദനത്തിനും തദ്ജന്യമായ ഉത്തരവാദിത്ത നിർവഹണത്തിലും ഇരുവിഭാഗത്തിനും തുല്യ ഉത്തരവാദിത്തം ഉണ്ട്.
ഇസ്ലാം ആൺകോയ്മയെ വകവെക്കുന്നു; ആൺകേന്ദ്രിതമല്ല എന്നു പറഞ്ഞുവല്ലോ. രണ്ടും രണ്ടാണെന്ന സത്യം നാം അറിയാതെ പോവുന്നു. പുരുഷന്റെ അഭിലാഷങ്ങളെ മാത്രം പരിഗണിക്കുകയും അവന്റെ ഇംഗിതത്തിനും താൽപര്യത്തിനും മാത്രമായി മറ്റെന്തിനെയും ഉപയോഗിക്കുകയും പെണ്ണനുഭവങ്ങളോട് അന്ധത നടിക്കുകയും ചെയ്യുമ്പോഴാണല്ലോ ഒരു വ്യവസ്ഥിതി ആൺകേന്ദ്രിതം (Androcentric) ആവുന്നത്. എന്നാൽ പ്രകൃതിപരമായി പുരുഷന് അനുവദിക്കപ്പെട്ടിട്ടുള്ള കായികവും മാനസികവും ധൈഷണികവുമായ മേലാളത്വത്തെ വകവെക്കുന്നതിനാണ് ആൺകോയ്മക്കുള്ള അംഗീകാരമായി കാണേണ്ടത്. സുന്ദരവും സന്തുലിതവും താളൈക്യവുമുള്ള സാമൂഹിക വ്യവസ്ഥിതിയുടെ സുതാര്യമായ ഗമനത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ആൺകോയ്മയെ അഥവാ ആണിന്റെ രക്ഷാധികാരസ്ഥാനത്തെ (ഖിവാം) നിലനിർത്തുക എന്നത്. ഇവിടെ പെണ്ണനുഭവങ്ങൾ തിരസ്കരിക്ക പ്പെടുന്നില്ല. പെൺ വിവേചനം ഉണ്ടാവുന്നുമില്ല. ഒരു ആൾ അല്ലെങ്കിൽ വ്യക്തി എന്ന അർത്ഥത്തിൽ സ്ത്രീയും പുരുഷനും പൂർണാർത്ഥത്തിൽ സമന്മാരാണ് (ഖുർആൻ 4/1, 9/71, 30/21 ചേർ ത്തുവായിക്കുക). എന്നാൽ “അനന്യത'യിൽ (Identity) രണ്ടു തലങ്ങളിലാണ്. സ്ത്രീയുടെ സംരക്ഷണച്ചുമതലയും രക്ഷാധിപസ്ഥാ നവും ഏറ്റെടുക്കേണ്ടവനാണ് പുരുഷൻ (ഖുർആൻ 4/34).
പ്രകൃതിപരമായ പുരുഷന്റെ മേലാളത്വത്തിന് നൽകുന്ന ഈ അംഗീകാരം ഒരർത്ഥത്തിലും സ്ത്രീയുടെ വ്യക്തിത്വത്തെയോ സ്വാതന്ത്യത്തെയോ താൽപര്യങ്ങളെയോ ഹനിക്കരുതെന്ന കർക്കശമായ ശാസനയിലൂടെ നിയന്ത്രിതമാണ്. ചില ഹദീസുപാഠങ്ങളെ മാത്രം സംക്ഷിപ്തമായി ആശയ വിവർത്തനം ചെയ്യാം.
“ഒരിക്കൽ ഒരാൾ നബി(സ്വ)യുടെ സമീപത്തുവന്ന് അല്ലാഹുവിന്റെ പ്രതിഫലം മാത്രം മോഹിച്ച് ഹിജ്റയും ജിഹാദും ചെയ്യാൻ ഞാൻ കരാർ ചെയ്യാം" എന്ന് പറഞ്ഞു.
തിരുദൂതർ പ്രതിവചിച്ചു: “നിന്റെ മാതാപിതാക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?'
“ഉവ്വ്, രണ്ട് പേരും ജീവിച്ചിരിപ്പുണ്ട്"
“അല്ലാഹുവിന്റെ പ്രതിഫലമാണോ നീ മോഹിക്കുന്നത്'
“അതെ”
“മടങ്ങിപ്പോവൂ, നിന്റെ മാതാപിതാക്കളോടൊത്ത് നല്ല നിലയിൽ കഴിയൂ” (ബുഖാരി, മുസ്ലിം ).
“മാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല, നീചന്മാരല്ലാതെ അവരെ നിന്ദിക്കുകയുമില്ല” (അബൂദാവൂദ്).
“വിശ്വാസികളിൽ വിശ്വാസപരമായ ഏറ്റവും പൂർണത കൈ വരിച്ചവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. ഏറ്റവും നല്ല സ്വഭാവമുള്ളവരാകട്ടെ, ഭാര്യമാരോട് ഏറ്റവും നന്നായി വർത്തിക്കുന്നവരും'' (തിർമിദി).
“ഒരാൾക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടാവുകയും അയാളവരെ നല്ല നിലയിൽ പരിപാലിക്കുകയും ചെയ്താൽ അവർ കാരണമായി അയാൾ സ്വർഗാവകാശിയായിത്തീരും'' (ബുഖാരി.
സ്ത്രീത്വത്തിന്റെ എല്ലാ തലങ്ങളെയും - മാതാവ്, മകൾ, ഭാര്യ, അന്യസ്ത്രീ - സ്പർശിക്കുന്നതാണ് ഈ പാഠങ്ങൾ. അതേ സമയം, സ്ത്രീ പുരുഷന്റെ ഔദാര്യം പറ്റി ഇരിക്കേണ്ടവളല്ല. പ്രത്യുത, പരസ്പരം സ്നേഹത്തോടും ഉത്തരവാദിത്വ ബോധത്തോടും കാര്യനിർവഹണങ്ങളിൽ അന്യോന്യം സഹകരിക്കേണ്ടവരാണ്. അവർ അന്യോന്യം വസ്ത്രങ്ങളാണ് എന്ന് ഖുർആൻ (2/187) പരിചയപ്പെടുത്തുന്നതിന്റെ താൽപര്യമിതാണ്. ഇമാം ബുഖാരി(റ)യും ഇമാം മുസ്ലി(റ)മും ചേർന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ ഇബ്നുഉമർ(റ) തിരുദൂതർ സ്വ.യെ കേൾക്കുന്നു:
“നിങ്ങളിൽ ഓരോരുത്തരും ചുമതലകളുള്ളവരാണ്. ത ങ്ങളുടെ ചുമതലകളെ പ്രതി ചോദിക്കപ്പെടുകയും ചെയ്യും. രാജാവ് ഭരണാധിപനാണ്, പ്രജകളെക്കുറിച്ച് വിചാരണ ചെയ്യപ്പെടും. തന്റെ കുടുംബത്തിന്റെ രക്ഷാധികാരിയാണ് പുരുഷൻ. അവരെ സംബന്ധിച്ച് അയാളെയും വിസ്തരിക്കപ്പെടും. സ്ത്രീ ഭർത്താവിന്റെ വീട്ടിലെ അധിപയാണ്. തന്റെ അധീനതയിലുള്ളവയെ പ്രതി അവളും ചോദിക്കപ്പെടും. സേവകൻ യജമാനന്റെ സമ്പത്തിന്റെ കാര്യത്തിൽ ഉത്തരവാദപ്പെട്ടവനാണ്. തന്റെ ചുമതലകളെക്കുറി ച്ച് അയാളും ചോദ്യം ചെയ്യപ്പെടും. അങ്ങനെയങ്ങനെ... ഓരോരുത്തരും ഉത്തരവാദിത്വങ്ങൾ ഉള്ളവരും അവയെക്കുറിച്ച് വിചാരണക്ക് വിധേയരാവേണ്ടവരുമാണ്.''
ചുരുക്കത്തിൽ, പരസ്പരം കാര്യബോധത്തോടെ പെരുമാറേണ്ട ഇണകളായാണ് (സൗജ്) ഖുർആൻ സ്ത്രീ പുരുഷ ബന്ധത്തെ വർണിക്കുന്നത്. പ്രകൃതിപരമായി അബലയായ സ്ത്രീയുടെ സംരക്ഷണോത്തരവാദിത്തം പുരുഷൻ നിർവഹിക്കണമെന്നുള്ള ഇസ്ലാമിക ശാസന ആൺകേന്ദ്രിതത്വമാക്കി വ്യാഖ്യാനിക്കുന്നതും എന്നിട്ട് നിഴലിനെതിരെ പൊരുതുന്നതും അർത്ഥശൂന്യമാണ്.
No comments:
Post a Comment