Thursday, August 15, 2019

സ്ത്രീയെ സൃഷ്ടിച്ചത് വാരിയെല്ലിൽ നിന്നാണോ?


വില്യം ലെയ്നിന്റെ പ്രസ്താവനക്ക് ആധാരമായി ജസ്റ്റിസ് ചന്ദ്രചൂഢ് ഉദ്ധരിച്ചിട്ടുള്ളത് “വളഞ്ഞ വാരിയെല്ലിൽ നിന്നാണ് പെണ്ണ് പടക്കപ്പെട്ടിട്ടുള്ളത്" എന്ന ഹദീസാണ്. ഇമാം ബുഖാരി(റ)യുടെ പ്രസിദ്ധമായ സ്വഹീഹിൽ തന്നെ വന്നിട്ടുള്ളതാണ് ഈ ഹദീസ്. ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്നതിനും ഒരു പെണ്ണും സ്വാതന്ത്ര്യമർഹിക്കുന്നില്ലായെന്നു പ്രഖ്യാപിച്ച മനുവിന്റെ മുന്നണിയിൽ തന്നെ നബി തിരുമേനിയും അംഗമാണെന്നതിനും ഇതിൽ പരം എന്തുതെളിവാണ് വേണ്ടത്!

ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയിലെ അബദ്ധം ചൂണ്ടിക്കാട്ടുന്നതിന്റെ നിയമവശം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അതേ സമയം അക്കാഡമിക് വീക്ഷണകോണിൽ വിലയിരുത്തിയാൽ അദ്ദേഹം ഈ ഹദീസുദ്ധരിച്ചിരിക്കുന്ന സാഹചര്യത്തിനു ദുർവ്യാഖ്യാന സ്വരമുണ്ട്, വിശദീകരിക്കാം.

മനുഷ്യ സൃഷ്ടിയുടെ ആരംഭകാലത്തെക്കുറിച്ചും അതിന്റെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ചും വിശുദ്ധ ഖുർആൻ പലവുരു വാചാലമായിട്ടുണ്ട്. അവയിലൊന്നും മനുഷ്യനെ അല്ലെങ്കിൽ സ്ത്രീയെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഖുർആനിലെ ആഖ്യാനങ്ങളെ അപ്പടി ശരിവെക്കുന്ന വിശദീകരണങ്ങളാണ് ഹദീസ് ഗ്രന്ഥങ്ങളുടെയും വിപുലമായ ശേഖരത്തിലും നാം വായിക്കുന്നത്.

പെണ്ണിനെ പടച്ചത് വാരിയെല്ലിൽ നിന്നാണ് എന്നു അഹ്'ലു കിതാബ് (ജൂത ക്രൈസ്തവർ) പറയാറുണ്ടായിരുന്നു. ഇന്നത്തെ ബൈബിളിലും ഇതു പറയുന്നുണ്ട്. വായിക്കട്ടെ:
“ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ നിന്ന് ഒന്നെടുത്ത് അതിന് പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽ നിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി. അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ: ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽ നിന്ന് മാംസവും ആകുന്നു. ഇവളെ നരനിൽ നിന്ന് എടുത്തിരിക്കയാൽ ഇവൾക്ക് നാരി എന്ന് പേരാകും എന്ന് പറഞ്ഞു.'' (ഉൽപത്തി 2/21-23).

ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനും ഇതേ അർഥം തന്നെയല്ലേ? ന്യായമായ സംശയമാണ്. ഇമാം ബുഖാരി ഹദീസ് ഉദ്ധരിക്കുന്നത് എവിടെയാണ് എന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഉത്തരം ലളിതമാകും. സ്വഹീഹുൽ ബുഖാരിയിൽ കിതാബു ബദ്ഇൽ ഖൽഖി (സൃഷ്ടിപ്പിന്റെ ആരംഭം) എന്ന തലവാചകത്തിൽ തന്നെ ഒരു വാള്യം ഉണ്ട്. പക്ഷേ ഈ ഹദീസ് ഉദ്ധരിച്ചത് അവിടെയല്ല!! പ്രത്യുത ദാമ്പത്യ ബന്ധങ്ങളെയും കുടുംബ ജീവിതത്തെയും ആഖ്യാനിക്കുന്ന കിതാബുന്നിക്കാഹിലെ ബാബുൽ വസ്വാതി ബിന്നിസാഇ - ഭാര്യമാരെ ഗുണദോഷിക്കുന്നത് സംബന്ധിച്ചുള്ള അദ്ധ്യായം എന്ന ഭാഗത്താണ്. അവർ സൃഷ്ടിക്കപ്പെട്ടത് വാരിയെല്ലിൽ നിന്നാണ് എന്ന് അധിക്ഷേപസ്വരത്തിൽ നബി തിരുമേനി സ്വ. പറഞ്ഞതായി തോന്നുന്നത് ഹദീസിനെ അക്ഷരാർത്ഥത്തിൽ (Literally) എടുക്കുമ്പോഴാണ്. നടേ പ്രസ്താവിച്ചതു പോലെ ഈ ഹദീസ് പരാമർശിച്ച സന്ദർഭത്തിൽ നിന്നു തന്നെ രൂപകാലങ്കാരഭാഷയിലാണ് (Metaphorically) തിരുമേനി സ്വ. സംസാരിച്ചത് എന്ന് മനസ്സിലാക്കാം. പ്രവീണനായ ഒരു നിയമജ്ഞനെക്കാൾ ഒരു അറബിക്-ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിക്ക് അത് മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം.

ഈ വിശദീകരണത്തിന് ഉപോത്ബലകമാണ് ഉപര്യുക്ത ഹദീസിന് തൊട്ടു മുകളിലുള്ള ഹദീസ്: “സ്ത്രീ വാരിയെല്ലു പോലെയാണ്. നീയതു നിവർത്തിയാൽ പൊട്ടും. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാലോ (വാരിയെല്ലിനെപ്പോലെ) വക്രത ഉണ്ടായിരിക്കെ തന്നെ സന്തോഷവും നേടാം'' (ബുഖാരി).

ഈ ഹദീസുകളുടെ ആഖ്യാനത്തിൽ സ്വീകരിച്ചിട്ടുള്ള ക്രമവും ശ്രദ്ധേയമാണ്; “വാരിയെല്ലിൽ നിന്നാണ് പെണ്ണ് പടക്കപ്പെട്ടിട്ടുള്ളത്'എന്ന് ഉദ്ധരിക്കുന്നതിന്ന് മുമ്പാണ് അതിന്റെ ഉദ്ധിഷ്ടാർത്ഥം വ്യക്തമാക്കുന്ന “സ്ത്രീ വാരിയെല്ലുപോലെയാണ്” എന്ന ഹദീസ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. "വാരിയെല്ലു പോലെ" എന്നത് ആക്ഷരികമായ ഉദ്ദേശത്തിലല്ല ഉപയോഗിച്ചത് എന്ന് ആർക്കും അ റിയും. അതേ അർത്ഥമാണ് “വാരിയെല്ലിൽ നിന്ന്” എന്നതിനും. “അവൻ ആളൊരു പുലിയാണ്' എന്ന് ആരെയെങ്കിലും കുറിച്ച് കേട്ടാൽ മാർജാര വർഗത്തിൽ പെട്ട നാലു കാലും വാലുമുള്ള ജീവിയാണവൻ എന്നല്ലല്ലോ നാം മനസ്സിലാക്കുന്നത്. പ്രത്യുത, അ യാളുടെ ധീരതക്കുള്ള അംഗീകാരമായി ഉപയോഗിച്ച ആലങ്കാരിക ഭാഷയത്രെയത്. സുപ്രസിദ്ധമായ ആംഗലേയ കവി ആൽഫ്രഡ് ലോഡ് ടെന്നീസന്റെ “Morted' Arthur'' എന്ന സെലബ്രേറ്റഡായ കവിതയിലെ ഒരു ഭാഗമിങ്ങനെ:

"For so the whole round earth is very way Bound thy gold chains about the feat of God.”

ഈ ഭൂഗോളത്തെ അക്ഷരാർത്ഥത്തിൽ ഒരു സ്വർണച്ചെയിനിൽ കെട്ടി ദൈവത്തിന്റെ പാദങ്ങളിൽ തൂക്കിയിട്ടിരിക്കുന്നു എന്നാണോ ടെന്നിസൺ ഉദ്ദേശിച്ചത്? അല്ലല്ലോ. സമാനമാണ് ഹദീസിലെ “വാരിയെല്ല്' പ്രയോഗവും. ഭാഷയുടെ ചമയ്ക്കാരവും സൗന്ദര്യവുമാണ് രൂപകാലങ്കാരം.

സ്ത്രൈണ പ്രകൃതം വളരെ ലോലവും മൃദുലവുമാണ്. വളരെ തരളിതമായ മനോനിലയാണ് പൊതുവെ സ്ത്രീകൾക്ക് സഹജമായിട്ടുള്ളത്. പെരുമാറ്റത്തിൽ മൃദുലതയും സൗമ്യതയും നന്നേ സഹിഷ്ണുതയും കാട്ടിയില്ലെങ്കിൽ അവർക്ക് പെട്ടെന്ന് മനസ്സിന് മുറിവേൽക്കുമെന്നത് മനഃശാസ്ത്രപരമായ ഒരു വസ്തുതയത്രെ. ക്ഷോഭജനകവും പരുഷവും രോഷാകുലവുമായ പരിസരങ്ങളോടും ഇടപെടലുകളോടും ഇണങ്ങുവാൻ മിക്ക സ്ത്രീകൾക്കും സാധിക്കാറില്ല. അതിനാൽ നിവർത്തിയാൽ പൊട്ടിയേക്കാവുന്ന ഒരു വാരിയെല്ലിനെയെന്ന വണ്ണം കൗശലപൂർവം കൈകാര്യം ചെയ്യുക, വിശേഷിച്ച് തിരുത്തുകയോ ഗുണദോഷിക്കുകയോ ചെയ്യുമ്പോൾ. മാർദവമായ സ്ത്രൈണ പ്രകൃതത്തിന് ക്ഷതം സംഭവിക്കാത്ത വിധത്തിലായിരിക്കണം സംസാരിക്കേണ്ടത് - ഇതത്രെ ഈ രൂപകത്തിന്റെ വിവക്ഷ.

ഒരുദിവസം നബി തിരുമേനി(സ്വ) ഒരു യാത്രയിലായിരിക്കെ മറ്റൊരു ഒട്ടകപ്പുറത്ത് മഞ്ചത്തിലിരുന്ന് സ്ത്രീകൾ യാത്ര ചെയ്യുന്നത് കാണാനിടയായി. മഞ്ചത്തിലിരിക്കുന്നവർക്ക് അസ്വാസ്ഥ്യവും ക്ലേശവും അനുഭവപ്പെടുന്ന വിധത്തിൽ വളരെ പരുഷവും അതിലേറെ വേഗത്തിലുമാണ് ഒട്ടകക്കാരൻ അവയെ തെളിച്ചു കൊണ്ടുപോകുന്നത്. തിരുമേനി സ്വ. ഒട്ടകക്കാരനെ വിളിച്ചുപദേശിച്ചു: “നിന്റെ കൂടെയുള്ളത് സ്ഫടിക പാത്രങ്ങളാണ്, അവ ഉടയാതെ സൂക്ഷിക്കുക. കുറേക്കൂടി മൃദുലമായി പെരുമാറുക.'' (ബുഖാരി, കിതാബുൽ അദബ്). അവരുടെ സഹജമായ ലോലപ്രകൃതിയെ എത്ര മാന്യമായാണ് അവിടന്ന് പരിപാലിച്ചതെന്നു നോക്കൂ.

Encyclopedia Britannicaയിൽ “സ്ത്രീ 'യെക്കുറിച്ച് സാമാന്യം സുദീർഘമായ പഠനം ഉണ്ട്. അതിൽ ""Scientific Studies of Male- Female differences'- സ്ത്രീ പുരുഷ വൈജാത്യങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ എന്ന ഭാഗത്ത് ചേർത്തിട്ടുള്ള ഒരു പ്രസ്താവന ഉദ്ധരിച്ച് ഈ ചർച്ച ഉപസംഹരിക്കാം:

“With respect to personality traits, men are charecterized by greater aggressiveness, dominance and achivement motivation, women by greater dependancy, a stronger social orientation, and the tendency to be more easily discouraged by failure than men'_ “വൈയക്തിക സ്വഭാവ പ്രകൃതി പരിഗണിച്ചാൽ പുരുഷന്മാർ വലിയ ആക്രമണോത്സുകതയും മേൽകോയ്മയും വിജയത്വരയും ഉള്ളവരാണ്. സ്ത്രീകളാവട്ടെ വലിയ പരാശ്രയത്വവും ഉയർന്ന സാമൂഹിക അഭിവിന്യസ്തതയും പ രാജയങ്ങളിൽ പുരുഷന്മാരെക്കാൾ വളരെ വേഗത്തിൽ മനഃസ്ഥര്യം നഷ്ടപ്പെടുന്ന പ്രവണതയുള്ളവരുമാണ്.” ഇങ്ങനെയുള്ള സ്ത്രെണ പ്രകൃതത്തെ അർഹമായ രീതിയിൽ വകവെക്കുകയാണ് മുത്തുനബി സ്വ. ചെയ്തത്.

No comments:

Post a Comment