Friday, August 16, 2019

ബഹുഭാര്യത്വം


ഒരാൾ ഒന്നിലേറെ പേരെ വിവാഹം ചെയ്യുന്നതിനെയാണ് ഇംഗ്ലിഷിൽ Polygamy എന്ന് പറയുന്നത്. ഇസ്ലാം പോളിഗമി അംഗീകരിക്കുന്നു എന്ന് സരസമായി പറഞ്ഞു പോവുന്നതിൽ ചതിക്കുഴികൾ ഉണ്ട്. ഒരു സ്ത്രീ ഒന്നിലേറെ ഭർത്താക്കന്മാരെ സ്വീകരിക്കുന്ന രീതി - Polyandry - ഇസ്ലാം സമ്പൂർണമായി നിരോധിച്ചിട്ടുണ്ട്. അനുവാദമുള്ളത് Polygynyക്കാണ്. പുരുഷന് നിയന്ത്രിത ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നു. ബഹുഭാര്യത്വം അനുവദിക്കുക വഴി ഇസ്ലാം മനുഷ്യത്വരഹിതമായി എന്ന് വിശ്വസിക്കുന്ന വിമർശകരും പരമ്പരാഗതമായ പുരുഷപക്ഷവ്യാഖ്യാനങ്ങളുടെ ഉപോൽപന്നമാണ് ബഹുഭാര്യത്വം എന്നു ചിന്തിക്കുന്ന ഇസ്ലാമിസ്റ്റുകളും ഒന്നുകൂടി ഗൃഹപാഠം ചെയ്യുന്നത് നന്നായിരി ക്കും.

വാസ്തവം പറഞ്ഞാൽ “ഒന്നേ കെട്ടാവൂ' എന്ന് സാഹചര്യേണ കർക്കശ സ്വരത്തിൽ ശാസിക്കുന്ന ഒരേയൊരു ഗ്രന്ഥം പരിശുദ്ധ ഖുർആൻ ആകുന്നു! സെമിറ്റിക്-നോൺ സെമിറ്റിക് മതങ്ങളുൾപ്പെടെയുള്ള വ്യത്യസ്ത വിഭാഗങ്ങളിൽ ഖുർആനല്ലാത്ത മറ്റൊരു വേദവും ഭാര്യമാരുടെ എണ്ണം എത്രയാകണമെന്ന് പറഞ്ഞിട്ടില്ല. ആധുനിക ക്രിസ്തുമതം ബഹുഭാര്യത്വം വ്യപിചാരമാ ണെന്ന് ജൽപിക്കുന്നുണ്ടെങ്കിലും ബൈബിളിന്റെയും ക്രിസ്തുമത ചരിത്രത്തിന്റെയും താൽപര്യങ്ങൾക്കും വിരുദ്ധമാണ് ഈ നിലപാട്. ബൈബിൾ പഴയനിയമം ജൂത-ക്രൈസ്തവർക്ക് ഒരുപോലെ സ്വീകാര്യമാണല്ലോ. അതനുസരിച്ച് ഇസയേൽ പ്രവാചകന് (യാക്കോബ്) നാലും ദാവീദ് രാജാവിന് പതിനെട്ടും ഭാര്യമാരുണ്ടായിരുന്നു സോളമന് എഴുന്നൂറു ഭാര്യമാരും മുന്നൂറു വെപ്പാട്ടിമാരും ഉണ്ടായിരുന്നു. Encyclopedia Britannicaയിൽ നിന്ന് ഉദ്ധരിക്കാം : “മധ്യ നൂറ്റാണ്ടുകളിൽ ബഹുഭാര്യത്വത്തെ ക്രിസ്ത്യൻ മതനേതൃത്വം അംഗീകരിച്ചിരുന്നു. അതു നിയമാനുസൃതമായി നിലനിൽക്കുകയും ചെയ്തിരുന്നു. മതവും രാഷ്ട്രവും സ്വീകരിച്ചിരുന്നതു കൊണ്ട് നിയമവിധേയമായ രൂപത്തിൽ പതിനാറാം നൂറ്റാണ്ടിന്റെ മധ്യം വരെ അങ്ങിങ്ങായി നടപ്പുണ്ടായിരുന്നു.''(4/950).

വേദശബ്ദ രത്നാകരം ബൈബിൾ നിഘണ്ടു എഴുതുന്നു: “ബഹുഭാര്യത്വം അനുവദിച്ചിരുന്നു. വംശവർധന ഉറപ്പുവരുത്തു കയായിരുന്നു ലക്ഷ്യം. ആദ്യഭാര്യയെ ഉപേക്ഷിക്കാതെ ഇതര ഭാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിക്കുന്നതിൽ സമൂഹം തെ റ്റ് കണ്ടില്ല. മനുഷ്യാവതാരകാലത്ത് രണ്ട് വ്യത്യസ്ത ചിന്തകൾ ഇക്കാര്യത്തിൽ നിലവിലിരുന്നു. എത്ര വേണമെങ്കിലും എന്ന് ഒരു കൂട്ടർ. വെപ്പാട്ടിയെ സ്വീകരിക്കുന്ന ഭർത്താവിൽ നിന്ന് മോചനം നേടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് മറ്റൊരു കൂട്ടർ. നാല് വരെയേ പാടുള്ളൂ എന്ന് പിൽക്കാലത്ത് നബിതിരുമേനി കൽപിച്ചത് തന്നെ പഠിപ്പിച്ചിരുന്നവരും ഉണ്ടായിരുന്നു.''(പേ.609)

റബി ഗെർഷോം ബെൻ യെഹൂദായുടെ (AD 960-1030) കാലം വരെ ജൂതമതം ബഹുഭാര്യത്വം സ്വീകരിച്ചിരുന്നു. അദ്ദേഹമാണ് ആദ്യമായി അതിനെതിരെ ശബ്ദമുയർത്തിയത്. 1950ൽ ബഹുഭാര്യത്വം നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചുകൊണ്ടു ജൂതറബ്ബിമാർ രംഗത്തുവരുന്നതുവരെ സെഫാർഡിക് ജയിഷ് കമ്മ്യൂണിറ്റി ബഹുഭാര്യത്വം നിലനിർത്തിയിരുന്നു.
ഭിന്നമായിരുന്നില്ല ഇന്ത്യൻ സംസ്കാരവും സാമൂഹിക ജീ വിതരീതികളും. ഹൈന്ദവ പുരാണങ്ങൾ പറയുന്നതനുസരിച്ച് ശ്രീ കൃഷ്ണനു മാത്രം 16008 ഭാര്യമാരുണ്ടായിരുന്നത്. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിതവിന്ദ, സത്വ, ഭദ, ലക്ഷ്മണ എന്നിവരും നരകാസുരനിൽ നിന്ന് മോചിപ്പിച്ച പതിനാറായിരം പേരും! കൈകേയി, കൗസല്യ, സുമിത എന്നിവരായിരുന്നു ദശരഥ മഹാരാജാവിന്റെ പത്നിമാർ. രാഹുൽ സംകൃത്യായനെ വായിച്ചാൽ: “ഏഷ്യയിലെ ജാതികളിൽ ഏകവിവാഹം ബലവത്തായ ഒരു സാമൂഹിക നിയമമെന്ന നിലയിൽ എപ്പോഴെങ്കിലും സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ല. ഇവിടെ ചരിത്രാരംഭം മുതൽ ബഹുഭാര്യത്വം കാണപ്പെടുന്നുണ്ട്. ഇന്ത്യക്കാരുടെയും ഇറാനികളുടെയും ചൈനക്കാരുടെയും പുരാതന ഗ്രന്ഥങ്ങളിലും പഴയ കഥകളിലും ഒന്നിലധികം സ്ത്രീകളെ ഒരാൾ വിവാഹം ചെയ്യുക നിന്ദ്യമായ ഒരു ദുരാചാരമായി പ്രതിപാദിച്ചു കാണുന്നില്ല. ഇസ്ലാം ഒക്കെക്കൂടി നാലു വിവാഹമെന്ന് തീർച്ചപ്പെടുത്തി ഭാര്യസംഖ്യ കു റക്കാൻ ശ്രമിച്ചു. ഹിന്ദുക്കൾ വിവാഹത്തിന്റെയും ദാസികളുടെയും എണ്ണം ക്ലിപ്തപ്പെടുത്താൻ ഒരിക്കലും പണിപ്പെട്ടിട്ടേയില്ല. നേരെ മറിച്ച് കൃഷ്ണൻ, ദശരഥൻ തുടങ്ങി എല്ലാ ആദർശപുരുഷന്മാർക്കും പട്ടമഹിഷിമാർ 16000 എന്നു പ്രഖ്യാപിച്ച് ബഹുഭാര്യത്വം ധർമാനുമോദിതമായ ഒന്നാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. '(സാമൂഹ്യരേഖ, പുറം: 106).

നേരുപറഞ്ഞാൽ സാമൂഹ്യജീവിതത്തിന്റെ അനിവാര്യഘടകമെന്നോണം നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങൾക്കിടയിൽ ബഹുഭാര്യത്വം നിലനിന്നിട്ടുണ്ട്. മനുഷ്യവർഗത്തിന്റെ പ്രകൃത്യാ തന്നെയുള്ള ഒരു സമ്പ്രദായമായിട്ടാണ് ബഹുഭാര്യത്വത്തെ Leonard Trelawny Hobhouse എഴുതിയ Morals in Evolution: A Study in comparative Ethics, Robert Briffault യുടെ The Mothers: The Matriarchal Theory of Social Origins, Havelock Ellisong Man and Woman, Edward Westermarck രചിച്ച The History of Human Marriage എന്നീ ഗ്രന്ഥങ്ങൾ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല ജനവിഭാഗങ്ങൾക്കുമിടയിലും അമേരിക്കയിലെ പല ഭാഗങ്ങളിലും നിലനിന്നിരുന്ന വിവാഹ സമ്പദായം ബഹുഭാര്യത്വമായിരുന്നുവെന്ന് Nelson's Encyclopedia രേഖപ്പെടുത്തുന്നു.

സമാനമായ സാഹചര്യമായിരുന്നു അറേബ്യയിലും നടന്നിരുന്നത്. തിരുനിയോഗഘട്ടത്തിലെ അറേബ്യൻ സാമൂഹ്യജീവിതത്തെ കുറിക്കുന്ന പാഠങ്ങളിൽ അതു വ്യക്തമാണ്. പലർക്കും പരശ്ശതം ഭാര്യമാരും അതിലേറെ വെപ്പാട്ടിമാരും. പുരുഷന്റെ ലൈംഗികാസക്തിക്കു മുന്നിൽ നിസ്സഹായം വിധേയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായിരുന്നു അന്നത്തെ പെൺജന്മങ്ങൾ. മാന്യമായ ജീവിത സൗകര്യങ്ങളോ അർഹമായ അവകാശങ്ങളോ അവർക്കനുവദിക്കപ്പെട്ടില്ല. മനുഷ്യന്റെ ലൈംഗിക താൽപര്യങ്ങൾക്കും വിവാഹ സമ്പ്രദായങ്ങൾക്കും കണിശമായ അതിർവരമ്പുകൾ അടയാളപ്പെടുത്തി സാംസ്കാരികൗന്നത്യവും ധർമനിഷ്ഠയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു തിരുദൂതർ സ്വ. അവിടുന്ന് ബഹുഭാര്യത്വത്തെ ഏർപ്പെടുത്തുകയല്ല, നിയന്ത്രിക്കുകയാണ് ചെയ്തത്.

പാശ്ചാത്യൻ എഴുത്തുകാരനായ ജെയിംസ് എ മിഷനർ രേഖപ്പെടുത്തുന്നു: “തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ ശക്തിയിലൂടെ മുഹമ്മദ് അറേബ്യയുടെയും മുഴുവൻ പൗരസ്ത്യ ദേശത്തിന്റെയും ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹം സ്വന്തം കരങ്ങളാൽ പുരാതന വിഗ്രഹങ്ങളെ തകർക്കുകയും ഏക
ദൈവത്തിന്നർപ്പിക്കപ്പെട്ട ഒരു മതം സ്ഥാപിക്കുകയും ചെയ്തു. മരുഭൂമിയിലെ ആചാരങ്ങൾ കെട്ടിവരിഞ്ഞ കെട്ടിൽ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയർത്തുകയും പൊതുവായ സാമൂഹിക നീതി പ്രബോധനം ചെയ്യുകയും ചെയ്തു. മുഹമ്മദ് ഭോഗാസക്തമായ ഒരു മതമാണ് സ്ഥാപിച്ചതെന്ന് പാശ്ചാത്യൻ എഴുത്തുകാർ ആരോപിക്കുന്നു. സ്ത്രീകളുടെ പ്രശ്നത്തിലാണ് മുഖ്യമായും ഈ ആരോപണങ്ങളെ അടിയുറപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും മുഹമ്മദിനു മുമ്പ് പുരുഷന്മാർ അസംഖ്യം ഭാര്യമാരെ സ്വീകരി ക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹമത് നാലാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രണ്ടോ അതിലധികമോ ഭാര്യമാർക്കിടയിൽ കണിശമായ സമത്വം പാലിക്കാൻ കഴിയാത്തവർ ഒന്നുമാത്രമാക്കി ചുരുക്കണമെന്ന് ഖുർആൻ വ്യക്തമായി അനുശാസിക്കുകയും ചെയ്യുന്നു.

“ഒന്നേ കെട്ടാവൂ' എന്ന് സാഹചര്യേണ കർക്കശ സ്വരത്തിൽ ഖുർആൻ പറഞ്ഞിട്ടുണ്ട് എന്ന് നടേ സൂചിപ്പിച്ചതിന്റെ സാരം നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്ന് വിചാരിക്കട്ടെ. ബഹുഭാര്യത്വം സംബന്ധിച്ചുള്ള കർമശാസ്ത്ര നിലപാടുകൂടി ചേർത്തു വായിച്ചാൽ ഒന്നുകൂടെ ലളിതമായേക്കും. ഏതു കൃത്യത്തിനും കർമശാസ്ത്രത്തിന്റെ അളവുകോലുകളിൽ അഞ്ചിലൊരു ചട്ടം ആണുള്ളത്.

ഒന്ന്. വാജിബ് / ഫർള് - അഥവാ നിർബന്ധമായും
പാലിക്കേണ്ടത്.
രണ്ട്. സുന്നത്ത്- ചെയ്യുന്നത് അഭിലഷണീയം.
മൂന്ന്. ഹറാം- ചെയ്തുകൂടാൻ പാടില്ലാത്ത പാപകൃത്യം.
നാല്. കറാഹത്- ഉപേക്ഷിക്കുന്നത് അഭിലഷണീയം.
അഞ്ച്. മുബാഹ് ഹലാൽ- വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ
ക്കൊത്ത് തീരുമാനിക്കാവുന്നത്.

ഇസ്ലാം ബഹുഭാര്യത്വത്തെ നിർബന്ധബാധ്യതയായി (വാജിബ് / ഫർള്) തലയിൽ കെട്ടിവെച്ചിട്ടില്ല. നിരുപാധികം അഭിലഷണീയം (സുന്നത്ത്) എന്നുപോലും പറഞ്ഞില്ല! തഥൈവ, ചെയ്താൽ കുറ്റം ലഭിക്കുന്ന പാപകൃത്യം (ഹറാം) ആണെന്നോ ഉപേക്ഷിക്കുന്നതാണ് കരണീയമെന്നോ (കറാഹത്) പറഞ്ഞ് വിലക്ക് സൃഷ്ടിക്കാനും ഒരുമ്പെട്ടില്ല. വ്യക്തിസ്വാതന്ത്യത്തിന് വിട്ടുകൊ ടുത്തിരിക്കുന്നു. വ്യക്തിയുടെ സ്വതന്ത്രമായ താൽപര്യത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കുമൊത്ത് വേണമെങ്കിൽ സ്വീകരിക്കാം/ സ്വീകരിക്കാതിരിക്കാം. ബഹുഭാര്യത്വം എന്ന നിലയിൽ മൗലികമായി അ തൊരു പുണ്യപ്രവൃത്തിയല്ല. അതോടൊപ്പം നീതി പാലിക്കുന്നവർക്ക് മാത്രമേ അതിനുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ളൂ. നീതി പാലിക്കാതിരിക്കുന്നത് ശിക്ഷാർഹമായ പാപകൃത്യമ ത്രെ(ഹറാം)! ഖുർആൻ ഓർമപ്പെടുത്തുകകൂടി ചെയ്യുന്നു: “നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യനീതി പാലിക്കാനാവില്ല. അതിനാൽ നിങ്ങൾ ഒരുവളിലേക്ക് പൂർണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിട്ട പോലെ കയ്യൊഴിയരുത്. നിങ്ങൾ ഭാര്യമാരോട് നന്നായി വർത്തിക്കുക' (അന്നിസാഅ് 129). ഖുർആനും ഇസ്ലാമിക കർമശാസ്ത്രവും ബഹുഭാര്യത്വത്തെ നിരുപാധികം പ്രോത്സാഹിപ്പിക്കുകയാണോ അതോ സോപാധികമായ അനുവാദം മാത്രം നല്കി നിയന്ത്രിക്കുകയാണോ ചെയ്തതെന്നു ഗ്രഹിക്കാൻ ഈ സൂക്തം തന്നെ ധാരാളമായിരിക്കും.

നീതി പൂർവം ഇടപെടാനും മാന്യമായ ജീവിതവഹകൾ നൽകാനും സാധിക്കുന്നില്ലെങ്കിൽ ഏകഭാര്യത്വത്തെയും ഇസ്ലാം അനുവദിക്കുന്നില്ല! ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് വ്രതമാചരിച്ചുകൊള്ളട്ടെ എന്നാണ് അവരോടുള്ള നിർദേശം! ഇവിടെ പ്രസക്തമായ ഒരു കാര്യം ഇസ്ലാം ഏകപത്നിത്വത്തിനോ ബഹുപത്നിത്വത്തിനോ പ്രത്യേക പ്രാമുഖ്യം സ്ഥാപിക്കുന്നില്ലെന്നതാണ്. അതു വ്യക്തികളുടെ സ്വാതന്ത്യത്തിനും ഇച്ഛക്കും ശേഷിക്കും വിട്ടു കൊടുത്തിരിക്കുന്നു. പത്നിമാരോട് നീതിയും സമത്വവും പുലർത്തുവാൻ കണിശമായി ശാസിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ കൊട്ടും കുരവയുമെടുത്തിറങ്ങുന്നവർ പൗരസ്വാതന്ത്യത്തിനു നേരെയാണ് കയ്യോങ്ങുന്നത്. പൗരസ്വാതന്ത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്യത്തിന്റെയും ലേബലിൽ സ്വതന്ത
ലൈംഗികതക്കും (Free Sex) സ്വവർഗരതിക്കും വേശ്യകളുടെ അസോസിയേഷനും വേണ്ടി മുഷ്ടി ചുരുട്ടി തെരുവിലിറങ്ങി ചെണ്ട കൊട്ടി തൊണ്ട കീറുന്നവരാണ് ഇവരിൽ പലരും എന്നതും മറക്കരുത്.

"മുസ്ലിംകൾ ബഹുഭാര്യത്വം സ്വീകരിക്കുകയാണെങ്കിൽ എല്ലാ ഭാര്യമാരോടും തുല്യനീതി പാലിക്കാൻ നിർദ്ധേശിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഹിന്ദുക്കളായ രണ്ടാം ഭാര്യമാരേക്കാൾ സുരക്ഷിതയാണ്. അതുകൊണ്ട് "Closet bigamy in Hindus is worse than open polygamy among Muslims" മുസ്ലിംകൾക്കിടയിലെ പരസ്യമായ ബഹുഭാര്യത്വത്തേക്കാൾ മോശം ഹിന്ദുക്കളിലെ രഹസ്യമായുള്ള രണ്ടാം കെട്ടാണ്" എന്ന് ചണ്ടിഘഡിൽ നിന്നുള്ള സാമൂഹ്യശാസ്ത്രജ്ഞൻ നിർമൽ ശർമ അഭിപ്രായപ്പെടുന്നു.

അറേബ്യയിൽ നിലനിന്നിരുന്ന കുത്തഴിഞ്ഞ ബഹുഭാര്യത്വ സമ്പദായത്തെ നിയന്ത്രണവിധേയമാക്കി നിലനിർത്തുകയാണ് ഇസ്ലാം ചെയ്തത്. ബഹുഭാര്യത്വം അനുവദിക്കുന്ന സൂക്തം അവതരിച്ച സമയത്ത് പത്തു ഭാര്യമാരുണ്ടായിരുന്ന ഗെെലാനുസ്സഖഫി(റ)നോടും എട്ടു പത്നിമാരുണ്ടായിരുന്ന ഉമൈറതുൽ അസദിയ്യ(റ)യോടും അഞ്ചു പത്നിമാരുണ്ടായിരുന്ന നൗഫൽ ബ്നു മുആവിയ(റ)യോടും നാലു പേരെ വീതം നിലനിർത്തി ബാക്കിയുള്ളവരെ ത്വലാഖ് ചൊല്ലാനാണ് തിരുനബി സ്വ. നിർദേശിച്ചത് (ബുഖാരി, അബൂദാ വൂദ്, മുസ്തദുശ്ശാഫിഈ).

എന്തുകൊണ്ടാണ് ആ സമ്പ്രദായം നി ലനിർത്തിയെന്നതിന് യുക്തവും വ്യക്തവുമായ കാരണങ്ങൾ ഉണ്ട്. ഖുർആനിൽ ഒരേയൊരിടത്തു മാത്രമേ ബഹുകളതത്വത്തെ പരാ മർശിക്കുന്നുള്ളൂ- "ഭാര്യമാർ' (അന്നിസാഅ്) എന്ന അധ്യായത്തിലെ മൂന്നാം സൂക്തം. ബഹുഭാര്യത്വം അനുവദിച്ചതിന്റെ കാരണങ്ങളിലൊന്ന് പ്രസ്തുത സൂക്തം തന്നെ ഉൾവഹിച്ചിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തിൽ എഴുപതോളം മുസ്ലിം കുടുംബങ്ങൾ അനാഥമായ പശ്ചാത്തലത്തിലാണ് ബഹുപത്നിത്വം അനുവദിക്കുന്ന സൂക്തം അവതരിച്ചത്. “അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാ വില്ലെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുവെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട സ്ത്രീകളിൽ നിന്ന് രണ്ടോ മൂന്നോ നാലോ വരെ വിവാഹം ചെയ്യാം. എന്നാൽ അവർക്കിടയിൽ നീതി പാലിക്കാനാവില്ലെങ്കിൽ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ'(ഖുർആൻ 4/3).

യുദ്ധം, ക്ഷാമം, സമാനമായ മറ്റേതെങ്കിലും കാരണം മൂലം സ്ത്രീ പുരുഷാനുപാതം ഗണ്യമായി വ്യതിയാനപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സാധാരണ ഗതിയിൽ പുരുഷന്മാരുടെ എണ്ണത്തിലാണ് കൂടുതൽ ചേതം സംഭവിക്കാറുള്ളത് എന്ന് അനേകം പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലെ സ്തിഥി വിവരക്കണക്കനുസരിച്ച് സ്ത്രീ-പുരുഷ ജനനനിരക്ക് ഏ റെക്കുറെ സമാനമാണെങ്കിലും മരണനിരക്ക് (Mortaltiy) പുരുഷ
ന്റേതാണ് കൂടുതൽ. Encyclopedia Britannica തന്നെ എഴുതുന്നു: "“In general, The risk of death at any given age, is less for female than for male - പൊതുവെ പറഞ്ഞാൽ, ഏതു പ്രായത്തിലായിരുന്നാലും മരണച്ചേതം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കു റവാണ്.''

പല കാരണങ്ങൾ കൊണ്ട് ഭൂരിപക്ഷ സമൂഹങ്ങളിലും സ്ത്രീകളുടെ ജനസംഖ്യ കൂടുതലാണ്. ഉപര്യുക്ത സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തിലെന്ന പോലെ യുദ്ധം പോലുള്ള കെടുതികളിലും കൂടുതൽ അപഹരിക്കപ്പെടുന്നത് പുരുഷന്മാരുടെ ജീവനാണ്. ഉദാഹരണത്തിന് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ മാത്രം പരിഗണിക്കുക. ഒന്നാം ലോകമഹായുദ്ധത്തെ (1914-1918) തുടർന്ന് രോഗികളും പട്ടിണിയായവരുമുൾപ്പെടെ പതിനൊന്ന് മില്യൺ പട്ടാളക്കാരും ഏഴു മില്യൺ സാധാരണ ജനങ്ങളുമാണ്
കൊല്ലപ്പെട്ടത്. Commonwealth War Graves Commission (CWGE) അതിന്റെ കൃത്യമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവിലിയൻസ് ഉൾപ്പെടെ കൊല്ലപ്പെട്ടവരിലധികവും പുരുഷന്മാരാണ്. 50-85 മില്യൺ ജനങ്ങളുടെ ജീവനെടുത്ത് രണ്ടാം ലോകമഹായുദ്ധത്തിലും പുരുഷന്മാരുടെ മരണനിരക്കാണ് കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയിൽ മാത്രം അമ്പതുലക്ഷം “ഭർത്താക്കന്മാർ” മരിച്ചുവീണു. ഏറെക്കുറെ സമമായ അനുപാതത്തിലേക്കാണ് യുദ്ധത്തിനു മുമ്പ് അവിടത്തെ ആൺ പെൺ ജനസംഖ്യ ഉണ്ടായിരുന്നത്. എന്നാൽ യുദ്ധാനന്തരം അമ്പതുലക്ഷം “ഭാര്യമാർ” അധികപ്പറ്റായി. ആൺ പെൺ അനുപാതം ക്രമാതീതമായി തകർന്നു. പുരുഷന്റെ സംരക്ഷണം മാത്രമല്ല, ചൂടും ചൂരും അവർക്ക് വേണമായിരുന്നു. പലർക്കും തങ്ങളുടെ ലൈംഗിക തൃഷ്ണകളെ അതിജീവിക്കാൻ സദാചാര മാർഗങ്ങൾ ഇല്ലാതെ വന്നു. ഒടുവിൽ “ഞങ്ങൾക്ക് ഭർ ത്താക്കന്മാരെ തരൂ” എന്നാവശ്യപ്പെട്ട് ജപ്പാനിലെയും ജർമനിയിലെയും സ്ത്രീകൾ തെരുവിലിറങ്ങി പ്രകടനം നടത്തി. വീടുകൾക്കു മുമ്പിൽ "Wanted an evening Guest''- ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട് എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇത്തരം ചരിത്ര യാഥാർത്ഥ്യങ്ങളോട് പുറം തിരിഞ്ഞു നില്ക്കുന്നതിന്നു പകരം, പ്രായോഗികമായി നേരിടേണ്ടത് എങ്ങനെയാണ് എന്നാണ് വിലയിരുത്തേണ്ടത്.

മാർക്സിസം പോലുള്ള നിരീശ്വര പ്രസ്ഥാനങ്ങളെന്തു പറയും? ബർട്രാൻഡ് റസ്സലിന്റെ വാക്കുകളിൽ: “മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സാമ്പത്തിക കാരണങ്ങളാൽ പുരുഷന്മാരിൽ മിക്കവരും നേരത്തെ വിവാഹിതരാവുന്നത് അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളിൽ കുറേ പേർക്ക് വിവാഹിതരാവാൻ തന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സ്ത്രീ പുരുഷന്മാർ തമ്മിലുള്ള തുല്യാവകാശം സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ചുള്ള പ രമ്പരാഗത സങ്കൽപത്തിൽ ഒരു മാറ്റം ആവശ്യപ്പെടുന്നു. ലൈംഗിക ബന്ധം അനുവദിക്കപ്പെടുന്നുവെങ്കിൽ (സത്യത്തിൽ അത് നി ലനിൽക്കുന്നുണ്ട്) സ്ത്രീകൾക്കും അത് അനുവദിക്കപ്പെടണം. സ്ത്രീകൾ മിച്ചം വരുന്ന നാടുകളിൽ അവിവാഹിതരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയിൽ നിന്ന് ഒഴിച്ച് നിർത്തുന്നത് വ്യക്തമായ അനീതിയാണ്. വനിതാ പ്രസ്ഥാനങ്ങളുടെ ആദ്യകാല വക്താക്കൾക്ക് ഇക്കാര്യങ്ങൾ കാണാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിലും അവരുടെ ആധുനികരായ അനുയായികൾ ഇവ വ്യക്തമായി നോക്കിക്കാണുന്നുണ്ട്. ഈ അഭിപ്രായങ്ങളെ അ നുകൂലിക്കാത്തവർ സ്ത്രീ ലൈംഗികതയോട് നീതി ചെയ്യുന്നതിനു എതിരാണെന്നു പറയേണ്ടി വരും (Marriage and moral. Page - 59). സ്ത്രീ പുരഷ അനുപാതത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വ്യത്യാസം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയെ നേരിടാൻ നിലവിലെ സദാചാര സങ്കല്പങ്ങളെ പൊളിച്ചെഴുതി, പകരം വ്യഭിചാരം സദാചാരമാണ് എന്ന് അംഗീകരിക്കാനാണ് റസ്സൽ നിർദ്ധേശിക്കുന്നത്!! ചുരുക്കത്തിൽ, ബഹുഭാര്യത്വം അംഗീകരിച്ചു കൊണ്ടുള്ള ഖുർആനിക സൂക്തത്തിന്റെ അവതരണത്തിന് ഹേതുവായതു പോലെയുള്ള പശ്ചാത്തലങ്ങളിൽ ബഹുഭാര്യത്വം മാത്രമാണ് ധാർമികവും സദാചാരപരവുമാ യ നമ്മുടെ ഈടുവെപ്പുകളുടെ പാവനത്വം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധി.

പാശ്ചാത്യൻ എഴുത്തുകാരനായ ജെ. ഇ. കെയർ മക്സ്ഫോർ ലെയ്ൻ പറയുന്നു: സാമൂഹികമായും ധാർമികമായും മതപരമായും വിലയിരുത്തിയാൽ ബഹുഭാര്യത്വം നാഗരികതയുടെ അത്യുന്നത മാനദണ്ഡങ്ങൾക്കെതിരല്ലെന്നു വ്യക്തമാകും... ഒന്നുമില്ലാത്തവരും ആർക്കും വേണ്ടാത്തവരുമായ സ്ത്രീകളുടെ പ്രശ്നത്തിന് അതു പ്രായോഗികമായ പരിഹാരം നിർദ്ധേശിക്കുന്നു. അനുസ്യൂതവും വർധിച്ചു വരുന്നതുമായ വേശ്യാവൃത്തിയും വെപ്പാട്ടി സമ്പദായവും വേദനിപ്പിക്കുന്ന അവിവാഹിതത്വവും ഒക്കെയായിരിക്കും ഇതിനു പകരം ഉണ്ടാവുക".

എടുത്തുപറയേണ്ട മറ്റൊരു കാരണമാണ് സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ലൈംഗികശേഷിയും വൈകാരികക്ഷമതയും കൂടുതലാണെന്ന നിരീക്ഷണം സ്ത്രീയുടെത് "വിധേയത്വ രതിതൃഷ്ണയും' പുരുഷന്റേത് "ആവിഷ്കാര രതിതൃഷ്ണ'യുമാണ് എന്നത് . സ്ത്രീകളുടെയും പുരുഷന്റെയും ശാരീരിക-മാനസിക പ്രകൃതങ്ങളും ലൈംഗികാവയവങ്ങളുടെ ഘടന പോലും ഉപര്യുക്ത ആവിഷ്കാര- വിധേയത്വ ഭാവങ്ങളെ സ്ഫുരിപ്പിക്കുന്നതാണെന്ന് അനാട്ടമി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപൂർവം ചിലർക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങൾക്ക് ഒരു സ്ത്രീ പോരാതെ വരും. അത്തരക്കാരിൽ ആത്മനിയന്ത്രണം സാധ്യമാകാത്ത പ്രകൃതം ഉള്ളവരുണ്ടെങ്കിൽ വ്യഭിചാരമല്ലാത്ത എന്തു പരിഹാരമാർഗമാണ് ബഹുഭാര്യത്വ നിഷേധികൾക്ക് നിർദേശിക്കാനുള്ളത്? “സ്വത്രന്ത ലൈംഗികത' (Free Sex) എന്ന് ഓമനപ്പേരിട്ടതുകൊണ്ട് വ്യഭിചാരം അനാശാസ്യമോ സാംസ്കാരികാപചയമോ ആകാതിരിക്കുന്നില്ല. ബഹുഭാര്യത്വം വ്യക്തി സ്വാതന്ത്യത്തിന്റെ ഭാഗമായി നിലനിർത്തുക വഴി അത്തരക്കാർക്ക് മാന്യവും സദാചാരപരമായ മാർഗം അവലംബിക്കുവാൻ അവസരം നൽകുകയാണ് ഇസ്ലാം ചെയ്തത്.

കോട്ടയം നാഷണൽ ബുക്ക്സ്റ്റാൾ വിതരണം ചെയ്യുന്ന വിവാഹം ഒരു പഠനം എന്ന ഗ്രന്ഥത്തിൽനിന്ന് വായിക്കാം: “ബഹുഭാര്യത്വത്തിന്റെ സാധ്യതക്ക് ആരോഗ്യശാസ്ത്രത്തിന്റെ പിൻബലം കൂടിയുണ്ട്. പൂർണാരോഗ്യമുള്ള ഒരു പുരുഷന് തന്റെ ലൈംഗിക സംതൃപ്തി പൂർത്തിയാക്കാൻ പലപ്പോഴും ഏകപത്നിയെക്കൊ ണ്ട് സാധിച്ചില്ലെന്ന് വന്നേക്കുമെന്ന് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാ ണിക്കുന്നുണ്ട്. സ്ത്രീയുടെ ആർത്തവകാലം, പ്രസവകാലം ഇവയൊക്കെ വലിയൊരു കാലയളവ് പുരുഷന് അവളുമായുള്ള സംയോഗത്തിന് സാധ്യമാവാതാക്കിത്തീർക്കുന്നു. ആത്മനിയന്തണവും ആത്മീയബോധത്തിന്റെ ശക്തിയുമില്ലാത്ത ഒരു പുരുഷൻ അത്തരം സന്ദർഭങ്ങളിൽ പരസ്ത്രീകളെ അന്വേഷിച്ചുപോവുക സ്വാഭാവികമാണ്. ഇതിനെ തടഞ്ഞുനിർത്താൻ ബഹുഭാര്യത്വമാണ് നല്ല വഴി' (പേജ്: 216, 217).

സി പി ശ്രീധരൻ എഴുതിയതിങ്ങനെ: “ഒരിണയെക്കൊണ്ട് അന്ത്യം വരെ കഴിച്ചുകൂട്ടാൻ മതവും സമൂഹവും സന്മാർഗവും നിഷ്കർഷിച്ചാലും കാമാർത്തനായ മനുഷ്യൻ ആ വേലി ചാടിക്കടക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്''

പുരുഷന്മാരുടെ ഭോഗേച്ഛ പ്രകൃത്യാ തന്നെ സ്ത്രീയുടേതിനേക്കാൾ കൂടുതലാണെന്ന് ചുരുക്കം. അതിനെ വരിഞ്ഞുകെട്ടാൻ അശാസ്ത്രീയ മാർഗങ്ങളെ അവലംബിക്കുകയും ബ്രഹ്മചര്യം തന്നെ അടിച്ചേൽപ്പിക്കുകയും ചെയ്ത ക്രിസ്തുമതത്തിന്റെ സ്വത്വപ്രതിസന്ധി നാം കാണാതിരുന്നു കൂടാ. കാമാസക്തരായ വൈദികരുടെ ഇരകൾക്ക് നിയമപരമായി അവകാശപ്പെട്ട നഷ്ടപരിഹാരത്തുക നൽകാൻ വഴിയില്ലാതെ യൂറോപ്പിലെ നൂറുകണക്കിന് ചർ ച്ചുകൾ വിൽപനക്കു വെച്ചിരിക്കുന്നുവെന്ന വാർത്ത നമ്മുടെ കണ്ണ് തുറപ്പിക്കണം. ബഹുഭാര്യത്വത്തിനെതിരെ ചെണ്ട കൊട്ടുന്ന പലരും വഴിവിട്ട ലൈംഗിക ബന്ധങ്ങളിൽ അഭയം തേടുന്നവർ ആണെന്ന വസ്തുത മറന്നുകൂടാ. സ്വന്തം പത്നിയായിരുന്ന ജെന്നിക്കു പുറമെ വെപ്പാട്ടിയായിരുന്ന ഹെലനയുമായി കാറൽ മാർക്സ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു എന്നത് കുപ്രസിദ്ധമാണ്. നിരീശ്വര ചിന്താഗതിക്കാരനായിരുന്ന ബർട്രൻഡ് റസ്സലിനു നാലു പത്നിമാർക്കു പുറമേ പുത്രഭാരിയായ സൂസന്നയുമായും മറ്റ് അനേകം സ്ത്രീകളുമായും ബന്ധപ്പെടാറുണ്ടായിരുന്നത്രേ!

ഈ ഇരട്ടത്താപ്പിനെ യാണ് ലാൻസെലോട് ലോട്ടൺ അനാവരണം ചെയ്യുന്നത്: “ബഹുഭാര്യത്വം, അതു ഉൾകൊള്ളുന്ന തത്വം മുസ്ലിംകളിൽ മാത്രം പരിമിതമല്ലെന്നു പറയുന്നതാണ് കൂടുതൽ ശരി. ഉള്ളതു പറഞ്ഞാൽ, പാശ്ചാത്യരുടെ ലൈംഗിക സദാചാരമാണ് ഉന്നതമെന്നു സത്യസന്ധമായി പറയാൻ ആർക്കാവും?! നീതിപൂർവമായ ഒരു താരത്മ്യപഠനം പൗരസ്ത്യർക്ക് വളരെ അനുകൂലമായിരിക്കും എന്നാണെന്റെ വിശ്വാസം.”

ഇമ്മാതിരി വേലി ചാടലുകളെ നിയന്ത്രിക്കാൻ കൂടിയത്രെ ഇസ്ലാം ബഹുഭാര്യത്വത്തിന് സ്വാതന്ത്യം നൽകിയത്. വസ്തതകളോട് പുറം തിരിഞ്ഞു നില്ക്കുന്നതിന് പകരം പ്രായോഗിക തലത്തിൽ സക്രിയമായി ഇടപെടാനാണ് നമുക്ക് സാധിക്കേണ്ടത്. അതിരുവിട്ട ഭോഗതൃഷ്ണയെ, നാലു ഭാര്യമാരിൽ കൂടുതൽ ഒരേ സമയത്തുണ്ടായിക്കൂടായെന്ന നിയമശാസനയിലൂടെ ശാസ്ത്രീയമായി പരിധി വെക്കുക കൂടി ചെയ്യുന്നു ഇസ്ലാം.

ബഹുഭാര്യത്വം ഒരു മുസ്ലിം പ്രശ്നമായി കാണുന്നവർ അറിഞ്ഞിരിക്കേണ്ട മറ്റൊരു സത്യമാണ് ഇന്ത്യയിൽ മുസ്ലിംകളേക്കാൾ ഇക്കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്നത് ഹിന്ദുക്കളാണ് എന്നത്. Indian Statistical Institute ഡോ. കാന്തിപ്രകാശ് 1969 ഡിസമ്പറിൽ നടത്തിയ സാമ്പിൽ സർവേ അനസരിച്ചു 1000-ൽ 15 മുസ്ലിം പുരുഷന്മാർ ബഹുഭാര്യത്വം സ്വീകരിച്ചപ്പോൾ 1000-ൽ 75 പേർ ഹിന്ദുക്കളിൽ ബഹുഭാര്യത്വം സ്വീകരിച്ചിട്ടുണ്ട്. 1971-ലെ സെൻസസ് രേഖകൾ അനുസരിച്ച് അന്ന് ഒരു കോടിയിലധികം ഹിന്ദുക്കൾ ഒന്നിലേറെ വേളി കഴിച്ചവരാണ്, മുസ്ലിംകളിൽ അതു വെറും പ്രന്തണ്ട് ലക്ഷം ! 1955-ലെ Hindu Marriage Act പ്രകാരം ബഹുഭാര്യത്വം ഔദ്യോഗികമായി നിരോധിച്ചതിനു ശേഷമുള്ളതാണ് ഈ കണക്കുകൾ എന്നു മറക്കരുത്. പൂനെയിലെ Gokhale Institue of Politics and Economics മല്ലിക മിസി (Mallika B Mistry) 1993-ൽ നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്: "there is no evidence that the percentage of polygamous marriage (among Muslims) is larger than for Hindus" - മുസ്ലിംകളിലെ ബഹുഭാര്യത്വത്തിന്റെ ശതമാനം ഹിന്ദുക്കളുടെതിനേക്കാൾ കുറവാണ് എന്ന വാദത്തിനു യാതൊരു തെളിവും ഇല്ല. ഈ വസ്തുതകളെ തിരിച്ചറിയുന്ന നമ്മുടെ ലോ കമ്മീഷൻ ഹിന്ദുക്കളിലെ ബഹുഭാര്യത്വം തടയുന്നതിന് പോംവഴിയായി നിർദ്ധേശിച്ച റിപ്പോർട്ടിൽ ഉള്ളത് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താനാണ് - "Preventing Bigamy via conversion into Islam". നോക്കണേ വിരോധാഭാസം!"

No comments:

Post a Comment