Friday, August 16, 2019

സാക്ഷിത്വത്തിലും വിവേചനം?!


“ഇസ്ലാമിലെ പെണ്ണുങ്ങളെ പറ്റിയുള്ള ചർച്ചകളിൽ ചർവിത ചർവണം ചെയ്യപ്പെട്ടിട്ടുള്ളതാണ് അവരുടെ സാക്ഷിത്വാവകാശത്തിൽ വിവേചനം ഉണ്ടെന്ന ആരോപണം. പെണ്ണിന് നൽകുന്നതിന്റെ ഇരട്ടി "നിലയും വിലയും' ആണിന് നൽകാൻ മാത്രം പുരുഷ പക്ഷപാതിത്വമാണ് ഇസ്ലാമിൽ നിലനിൽക്കുന്നതെന്നാണ് വി മർശനം. കടമിടപാട് നടത്തുമ്പോൾ അത് രേഖാമൂലമായിരിക്കണം എന്ന് നിഷ്കർശിക്കുന്ന സൂക്തത്തെ പറ്റിയാണ് ചർച്ച: “കടമിടപാട് നടത്തുമ്പോൾ നിങ്ങളുടെ കൂട്ടത്തിലുള്ള ആണുങ്ങളിൽ നിന്ന് രണ്ടു പേരെ അതിന് സാക്ഷികളാക്കണം. രണ്ടാണുങ്ങളില്ലെങ്കിൽ സാക്ഷികളാകാൻ യോഗ്യരെന്ന് നിങ്ങൾ കാണുന്നവരിൽ നിന്ന് ഒരാണും രണ്ട് പെണ്ണുങ്ങളുമാവാം; ഒരുവൾക്ക് പിശകു പറ്റുമ്പോൾ ഓർമിപ്പിക്കാൻ വേണ്ടിയാണ് വേറൊരുവൾ...'(ഖുർ ആൻ, 2/282). “ഈ സൂക്തത്തിലെ നിർദേശം ഒരു പ്രത്യേക ചുറ്റുപാടു മുൻനിർത്തി കൊണ്ടുള്ളതാകയാൽ കാലാന്തരത്തിൽ അപ്രസക്തമാകുന്നു” എന്നാണ് ആമിനാ വദൂദ് രേഖപ്പെടുത്തി യിരിക്കുന്നത് (ഖുർആൻ ഒരു പെൺവായന 180-181). ഫസലുറഹ്മാന്റെ Major Themes of the Qur'an എന്ന ഗ്രന്ഥത്തിലെ വരികളെ (പേജ്: 49) ഉപയോഗപ്പെടുത്തി ഗ്രന്ഥകാരി നിർദേശിക്കുന്ന പരിഹാരം “കാലാന്തരത്തിൽ അപ്രസക്തമായിത്തീർന്ന' ഖുർആനിക ശാസന ഒഴിവാക്കി 1:1 എന്ന അനുപാതം സ്വീകരിക്കുവാനാണ്. “പൊതുസമൂഹം ഉയർത്തുന്ന വിമർശനം ഇസ്ലാമിസ്റ്റുകളെ എന്തുമാത്രം പ്രതിരോധത്തിലും അപകർഷതാബോധത്തിലും ആഴ്ത്തിയിരിക്കുന്നു എന്നതിന്റെ കൂടി നിദർശനമാണീ വരികൾ.
ഒരാണിനെപ്പോലെ പണമിടപാടുകളുടെ കാര്യം കൃത്യമായി ഓർത്തുവെക്കാൻ ഒരു പെണ്ണിന് കഴിയുമായിരുന്നില്ല. അതു കൊണ്ടാണല്ലോ ഓർമിപ്പിക്കാൻ വേറൊരുത്തി. എന്നാൽ അത്തരം ഏർപ്പാടുകളിൽ പെണ്ണുങ്ങൾ ഇടം നേടിക്കഴിഞ്ഞാൽ അതിൽ തെറ്റില്ലെന്ന് മാത്രമല്ല, സമൂഹത്തിൽ അത്തരം പരിചയം കൊണ്ട് ഗുണമുണ്ടാവുകയും ചെയ്യും. ഒരാണിന് പകരം ഒരു പെണ്ണുമതി സാക്ഷിനിൽക്കാൻ' (ഉദ്ധരണം: ഖുർആൻ ഒരു പെൺവായന, പേജ്181).

ഇസ്ലാമിലെ നീതിന്യായ വ്യവസ്ഥകളെ സംബന്ധിച്ച് ഉപരിപ്ലവമായ അറിവിനെ മാത്രം ആധാരമാക്കുന്നവരാണ് യഥാർത്ഥത്തിൽ ഇത്തരം വിഷയങ്ങളെ എന്നും പ്രശ്നവൽക്കരിക്കുന്നത്.

“സാക്ഷിനിയമ'മനുസരിച്ച് മൊഴി നൽകാവുന്ന കാര്യങ്ങൾ, സാഹചര്യങ്ങൾ, സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ എന്നിവ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സാക്ഷിത്വത്തിനുള്ള അവകാശിമൊഴികളുടെ എണ്ണവും ലിംഗഭേദവും വ്യത്യസ്തമായിരിക്കും. പരിഗണനയിലുള്ള പ്രശ്നത്തിന്റെ സ്വഭാവവും അതുമായി സാക്ഷി ബന്ധപ്പെടാവുന്ന സാഹചര്യങ്ങളും വിലയിരുത്തിയാണ് ഈ എണ്ണവും ലിംഗഭേദവും നിർണയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ "പതിനാലു നൂറ്റാണ്ടായി ഇസ്ലാം ഒരു പുരുഷ മേധാവിത്വ സ്പഷ്ടീകരണമാണ് എന്ന് സ്ഥാപിച്ചുകൊണ്ടിരുന്ന പരമ്പരാഗത ഖുർആൻ വ്യാഖ്യാനങ്ങളെ തിരസ്കരിച്ച് ഖുർആൻ വിഭാവനം ചെയ്യുന്ന സ്ത്രീ സാന്നിധ്യത്തെ മറ നീക്കി പുറത്തുകൊണ്ടുവരുന്ന" ആമി നാ വദൂദിന്റെ Quran and Women പോലെയുള്ള ഇസ്ലാം വായനകൾ ഇമ്മാതിരി സുതരാം ലളിതമായ അടിസ്ഥാനങ്ങളെപ്പോലും വിലയിരുത്താതെ ഓറിയന്റൽ വിമർശനങ്ങളുടെ കേട്ടെഴുത്താണ് നിർവഹിക്കുന്നത് എന്ന് പറയേണ്ടി വരുന്നതിൽ സഹതാപമുണ്ട്.

എന്തിനാണ് ഒരു പുരുഷന്റെ പകരം രണ്ട് സ്ത്രീകൾ വേണമെന്ന് ഖുർആനിക സൂക്തം നിർദേശിച്ചത് എന്നതിന് ആമിനാ വദൂദ് കണ്ടെത്തിയ ഉത്തരം രസകരമാണ്: “ആണുങ്ങളായ സാക്ഷികളിൽ ഒരാൾക്കു തെറ്റുപറ്റുകയോ പ്രലോഭിതനായി അയാൾ കള്ളസാക്ഷ്യം പറയാൻ തുടങ്ങുകയോ ചെയ്താൽ മറ്റേയാൾ ഇടപാടിന് സത്യസന്ധമായി പിന്തുണ നൽകും. എന്നാൽ മറ്റേ സാക്ഷി ഒരു പെണ്ണായാൽ ഒരു കുഴപ്പമുണ്ടായിരുന്നു. അന്നത്തെ സമൂഹത്തിൽ ഒരു പെണ്ണിനെക്കൊണ്ട് ബലാത്കാരമായി അസത്യം പറയിക്കാൻ ഒരാണിന് എളുപ്പത്തിൽ കഴിയുമായിരുന്നു. ഒരാണും രണ്ടു പെണ്ണുങ്ങളുമാണ് സാക്ഷികളായി ഉള്ളതെങ്കിൽ കള്ളസാക്ഷ്യത്തിനുള്ള സാധ്യത കുറയും' (പേജ് 181).

“കൃത്യമായി ഓർത്തുവെക്കാൻ കഴിയുമായിരുന്നില്ല' എന്നതല്ല, ക ള്ളസാക്ഷ്യത്തിനു സാധ്യതയുണ്ട് എന്നതാണ് കാരണം! സൂക്ത ത്തിൽ “അൻ തളില്ല ഇഹ്ലാഹുമാ' എന്ന ഖണ്ഡത്തിന്റെ പെൺവായനയാണ് ബലാത്കാരമായി അസത്യം പറയിക്കുക എന്നു വിവക്ഷിക്കാൻ വദൂദിനെ പ്രേരിപ്പിക്കുന്നത്. “ളല്ല'യുടെ അർത്ഥം ഗ്രഹിക്കാത്തതുകൊണ്ടാണിത്. മറവി സംഭവിക്കുക, വഴിയറിയാതിരിക്കുക എന്നെല്ലാമാണ് ളല്ലക്ക് വ്യാഖ്യാനം കൽപ്പിക്കേണ്ടത് (തഫ്സീറുൽ കബീർ 7/100). യഥാക്രമം അന്നഹ്ൽ, 87, അള്ളുഹാ 7 സൂക്തങ്ങളിൽ ഈയർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഉദാഹരണമാണ്. എങ്കിൽ എന്തുകൊണ്ടാണ് ഒരു പുരുഷന് പകരം രണ്ട് സ്ത്രീ?!

ഓരോയിടപാടിന്റെയും പ്രശ്നത്തിന്റെയും പ്രകൃതവും അതുമായി സംബന്ധിക്കുന്ന വ്യക്തികളുടെ സാഹചര്യവും പരിഗണിച്ചുകൊണ്ടാണ് ഖുർആൻ നിയമനിർദേശകം ചെയ്തതെന്ന് നടേ സൂചിപ്പിച്ചല്ലോ. ചിലതിൽ പുരുഷന്മാരുടെ മാത്രം, മറ്റു ചിലതിൽ സ്ത്രീകളുടെ മാത്രം സാക്ഷിമൊഴി സ്വീകരിക്കപ്പെടുന്നു. ഇനിയും ചിലതിൽ സാക്ഷിത്വാവകാശം സ്ത്രീക്കും പുരുഷനും അവരുടെ പങ്കാളിത്തത്തിന്റെ അനുപാതത്തിനനുസരിച്ച് വകവെച്ചു കൊടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഉപര്യുക്ത സൂക്തം സംസാരിക്കുന്ന ഇടപാട്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം സംസ്കാരികമായ ഇടങ്ങളിൽ പെണ്ണിന്റെ ധർമവും അവകാശവും അടയാളപ്പെടുത്തുന്നതിൽ അങ്ങേയറ്റത്തെ പെൺവാദത്തെയും അതിരുവിട്ട പെൺവിവേചനത്തെയും ഇസ്ലാം നിരാകരിക്കുന്നു. പ്രത്യുത മധ്യമ നിലപാടിലൂടെ അവരുടെ പങ്കാളിത്തവും അവകാശങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
സ്ത്രീകളുടെ പ്രധാന ഉത്തരവാദിത്വത്തെ പറ്റിയുള്ള ഇസ്ലാമിന്റെ മൗലികവീക്ഷണം നേരത്തെ വിവരിച്ചിട്ടുണ്ട്. ഗൃഹഭരണമാണ് അവളുടെ മുഖ്യ ചുമതല; സന്താന പരിപാലനം അവളുടെ ധാർമികാവകാശവും. “സ്ത്രീ അവളുടെ ഗൃഹത്തിലെ ഭരണാധിപയാണ്. തന്റെ അധീനതയിലുള്ളവയെ പ്രതി അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടും''(ബുഖാരി, മുസ്ലിം ) എന്ന് തിരുദൂതർ അധ്യയനം ചെയ്തിട്ടുണ്ടല്ലോ.

പൂർവകാലത്തെയും ഇപ്പോഴത്തെയും പല പ്രത്യയശാസ്ത്രങ്ങളും വിഭാവനം ചെയ്യുന്ന പെണ്ണനുഭവങ്ങളിൽ നിന്ന് ഭിന്നമാണ് ഇസ്ലാമിലെ സ്ത്രീക്ക് കിട്ടിയ ഈ സ്വാതന്ത്യം. വ്യവഹാരജ്ഞാനമില്ലാത്തവരും അടിച്ചമർത്തപ്പെട്ടവരും പുരുഷന്റെ ഇംഗിതത്തിന് വഴങ്ങാൻ മാത്രം നിർബന്ധിതരുമായിരുന്ന പതിതാവസ്ഥയെ ഇസ്ലാം മാറ്റിമറിച്ചു. അവളെ ചൂഷണം ചെയ്യുന്നതിനല്ല, പകരം സംരക്ഷണച്ചുമതല നിർവഹി ക്കാനാണ് പുരുഷൻ കൽപിക്കപ്പെട്ടത്.

സ്ത്രീകളുടെ രക്ഷാകർതൃസ്ഥാനമാണ് (ഖിവാം) ഇസ്ലാം പുരുഷനെ ഏല്പിച്ചിട്ടുള്ളത്. സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ ഇടങ്ങളിൽ മൗലികോത്തരവാദിത്വം ആണിനാണ്. അവന്റേതായ മേഖലകളിൽ ഒരു നിലക്കും ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ സ്ത്രീ സാന്നിധ്യം ഇസ്ലാം അനുവദിക്കുന്നില്ല. തഥൈവ, ആണുങ്ങൾ പരസ്പരമുള്ള ഇടപാടുകളിലോ, അവർ മാത്രം വ്യവഹരിക്കുന്ന ഇടങ്ങളിലേ പെണ്ണുങ്ങൾ സാക്ഷികളായി ഉണ്ടാവുക സ്വാഭാവികമല്ല. അഥവാ അവർ സാക്ഷികളാണെന്നു തന്നെ വെക്കുക; കർക്കശമായ അച്ചടക്കം പാലിക്കാൻ ശാസിക്കപ്പെട്ടവരാണല്ലോ. അന്യരാണെങ്കിൽ സ്ത്രീക്ക് പുരുഷനെയോ പുരുഷന് സ്ത്രീയെയോ പരസ്പരം കണ്ടു കൂടാ. ഇടപഴകിക്കൂടാ. കൂടിക്കലർന്നുകൂടാ. ഇത്തരം സന്ദർഭങ്ങളിൽ ഇടപാടുകളിൽ ബന്ധപ്പെട്ട വ്യക്തികളെ വേണ്ട വിധത്തിൽ ഗ്രഹിക്കുന്നതിനും മറ്റും സ്വാഭാവികമായ പ്രതിബന്ധങ്ങൾ ഉണ്ടായേക്കും. അതിനുപുറമേ, അപൂർവം അപവാദങ്ങളെ ഒഴിച്ചു നിർത്തിയാൽ സ്ത്രീ സഹജമായ ധൈഷണിക പിന്നാക്കം ഇടപാടുകളിലെ സങ്കീർണമായ നൂലാമാലകൾ ശരിയായി ഓർത്തുവെക്കുന്നതിന് വിഘാതമായിടും. ഇമ്മാതിരി കാരണങ്ങൾ കൊണ്ടാണ് സാമ്പത്തികമായ ക്രയവിക്രയങ്ങളിൽ ഒരു പുരുഷ സാക്ഷ്യത്തിന് പകരം രണ്ട് സ്ത്രീ വേണമെന്ന നിലപാട് ഇസ്ലാം സ്വീകരിച്ചത്. രണ്ടുപേർക്കും ഒരുപോലെ മറവിയോ അബദ്ധമോ പിണയാനുള്ള സാധ്യത വിരളമാണ്. ആനുഷംഗികമായി ഓർത്തുവെക്കുക, പുരുഷന്മാരുടെ പങ്കാളിത്തമുള്ള ഇടപാടുകളിലാണിത്. പൂർണമായും സ്ത്രീകൾ സാക്ഷികളായ ഇടപാടുകളിലും സന്ദർഭങ്ങളിലും പുരുഷന്മാർ സാക്ഷികളായി ഉണ്ടാവണമെന്ന നിഷ്കർശത തന്നെയില്ല. പെൺ വിവേചനമല്ല; നീതിനിർവഹണം ഉറപ്പുവരുത്തുക എന്നതാണ് ഇക്കാര്യത്തിൽ ഇസ്ലാം കൈകൊണ്ട നിലപാട്.

സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ടീയവും തുടങ്ങി ഓരോയിടത്തും മതത്തിന്റെ നിയമവഴിയും ധാർമിക പാഠങ്ങളും എന്തെല്ലാമായിരിക്കണം, ഏതെല്ലാമായിരിക്കണം എന്ന് പ്രാമാണിക നിർദേശം ചെയ്യുന്ന തിരുഹദീസുകളെ സാക്ഷ്യപ്പെടുത്തുന്നതിൽ പോലും സ്ത്രീകളുടെ സാക്ഷ്യം പുരുഷന്റേതിന് തുല്യമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും അടിസ്ഥാനപരമായി അംഗീകരിക്കുന്ന ഹദീസു ഗ്രന്ഥങ്ങളിൽ പോലും പ്രമുഖരായ പല സ്വഹാബികളുടെ നിവേദനങ്ങളെക്കാളും സ്വഹാബീ വനിതകളുടെ സാക്ഷ്യപ്പെടുത്തലുകൾ ആണ് ഉള്ളതെന്ന് നമ്മൾ മറക്കരുത്. ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ഇതുണ്ടാകുമായിരുന്നില്ലല്ലോ.

No comments:

Post a Comment