Tuesday, March 17, 2020

കൊറോണ : വിശ്വാസിയും ഭൗതികവാദിയും

ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു. ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. ദൈവം എവിടെ എന്നു ചോദിക്കുന്നവരോട്...

സാംക്രമിക രോഗങ്ങൾ വന്നാലെന്തു ചെയ്യണം? രോഗിയെ ചികിത്സിക്കണമെന്നു പറയുന്നതോടൊപ്പം മറ്റുള്ളവർ സ്വീകരിക്കേണ്ട കരുതൽ നടപടികളായി ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള രണ്ടു നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. ഒന്ന്: പ്ലേഗ് (അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ) ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി,മുസ്‌ലിം).
മറ്റൊന്ന്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത് (ബുഖാരി,മുസ്‌ലിം).രോഗം ഏതുമാവട്ടെ, അതിനെല്ലാം മരുന്നും അല്ലാഹു തന്നെ സൃഷ്ടിച്ചിട്ടിട്ടുണ്ടെന്നാണ് നബി തിരുമേനി സ്വ.യുടെ അധ്യാപനം. പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനും മരുന്നു കണ്ടെത്തണം. വെറുതെ മാനം നോക്കി നിന്നാൽ മേഘങ്ങൾ മരുന്നു വർഷിപ്പിച്ചു തരില്ല. പഠിക്കണം, നിരീക്ഷിക്കണം, പരീക്ഷിക്കണം.
ചുരുക്കത്തിൽ, ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്നയിടങ്ങളിൽ - അതു തീർഥാടന കേന്ദ്രങ്ങളായിരുന്നാൽ പോലും നിയന്ത്രണമേർപ്പെടുത്തണം. മരുന്നുണ്ടാക്കാൻ പഠന മനനത്തിനു ശാസ്ത്രശാലകൾ തുറന്നിടണം. ഇതാണ് ശരീഅതിന്റെ നിലപാട്.
അല്ലാഹുവിന്റെ വിധിയെ കവച്ചു വെക്കുന്ന ഒന്നും ഇല്ലെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. അതിനാൽ, രോഗമാവട്ടെ അരോഗമാവട്ടെ, ജീവിതമോ മരണമോ ആകട്ടെ, ഉടയതമ്പുരാന്റെ ചൊല്പടിയല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അവയത്രയും അവൻ കണക്കാക്കിയതാകട്ടെ, സന്തോഷത്തിലും സന്താപത്തിലും അവനെ അനുസരിക്കുന്നവരെയും ധിക്കരിക്കുന്നവരെയും വേർതിരിച്ചറിയിക്കാൻ തന്നെ. അതിനാൽ, അവന്റെ അടിമകളാണെന്ന വിധേയത്വവും പരമാധികാരിയായി അവനൊരാളുണ്ടെന്ന സനാഥത്വ ബോധവും ഉള്ളതിനാൽ മരുന്നും പ്രാർഥനയും വിശ്വാസിക്കുണ്ടാകും. ഫലം അനുകൂലമായിരുന്നാലും അല്ലെങ്കിലും പാരത്രിക ലോകത്തെ സന്തോഷത്തിനു അവർ മുൻഗണന നൽകും. ഏതു നിലയിലും അവർ ആത്മവിശ്വാസവും സന്തുഷ്ടിയും നിറഞ്ഞവരായിരിക്കും.
ശാസ്ത്രം മാത്രമാണ് ഒരേയൊരു വഴി എന്നു ചിന്തിക്കുന്ന വിഡ്ഢികളാകട്ടെ, തങ്ങളുടെ ആയുധം എത്ര നിഷ്ഫലമാണ് എന്നു തിരിച്ചറിയുന്നു. ശാസ്ത്രജ്ഞർ കിണഞ്ഞു ശ്രമിച്ചിട്ടും ശരിയായ ഔഷധം കണ്ടെത്താതിരിക്കുമ്പോൾ "കൊലയാളിക്കൊറോണ'' എന്നു പ്രാകി കൈമലർത്തുന്നു. നിസ്സഹായതയുടെ നിരാശക്കുമ്പിളിൽ മുഖം താഴ്ത്തി വിലപിക്കുന്നു. എന്നും വിലപിക്കാനായി വിധിക്കപ്പെട്ട പാവങ്ങൾ!!

No comments:

Post a Comment