Thursday, March 19, 2020

പ്രാർഥന ഫലിക്കരുതേ എന്നു പ്രാർഥിക്കുന്നവർ!



കൊറോണക്കു മരുന്നു കണ്ടുപിടിച്ചെന്നും ഇല്ലെന്നും വാർത്തകൾ. അതെന്തോ ആവട്ടെ, മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ വേണ്ടിയുള്ള ഭഗീരഥ യത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ൻ നടപടികൾ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെ പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ചും 163 രാജ്യങ്ങളിലും സർക്കാർ കഠിനദ്വാനം ചെയ്യുന്നു. മാസ്കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യ വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവർത്തകരും സജീവം. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവർടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടം കൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.എവിടെ ചെന്നാലും കാര്യങ്ങൾ കൈവിടാതിരിക്കാൻ എല്ലാവരും കൈ വിടുന്നു.



എന്നാൽ, ചത്തിട്ടും കണ്ണു കോഴിക്കൂട്ടിലേക്കു തന്നെ തുറന്നു പിടിച്ചിരിക്കുന്ന ഒരേയൊരു വിഭാഗം ഇവിടെയുണ്ട്. "ബെല്യ പുത്തി" ഉണ്ടെന്നു സ്വയം നടിക്കുന്ന ചില സാഡിസ്റ്റുകൾ. സ്വയം വിളിക്കുന്നത് നാസ്തികരെന്നാണെങ്കിലും അഹം എന്ന ഭാവത്തെ പൂജിക്കുന്നവർ. പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും അവർക്കൊരു മോഹം മാത്രം. മനുഷ്യർ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തിൽ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാർഥന ഫലിക്കരുതേ എന്നു 'പ്രാർഥിക്കുന്നവർ'! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു പ്രിയം!!

ഇവർ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാൻ ദൈവമെന്താ ഇവരുടെ വീട്ടുവേലക്കാരനോ? അവൻ അധികാരിയാടോ, പരമാധികാരി. അവന്റെ ഇച്ഛക്കൊത്തു അധികാരത്തെ വിനിയോഗിക്കുന്നവൻ. നിന്റെ ഹിതമല്ല, അവന്റെ ഹിതമത്രെ അവൻ നടപ്പാക്കുന്നത്. വാച്ചുണ്ടാക്കിയവനെ കാണാൻ അതിന്റെ ഉള്ളിൽ തന്നെ തപ്പുന്ന മാതിരി പ്രപഞ്ചത്തെ വാർത്ത കർത്താവിനെ കാണാൻ അതിനുള്ളിൽ മഷിയിട്ടു നോക്കുന്ന പുത്തിമാനായ നിന്നോട് വേദമോതുന്നതിലെന്തർഥം?
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവൾക്കറിയില്ല. അതൊന്നും പുസ്തകത്താളുകളിൽ നിന്നല്ല ആസ്വദിക്കുന്നത്, അനുഭവത്തിൽ നിന്നാണ്. ഇത് വേറെ ലെവലാണ് ബ്രോ...

No comments:

Post a Comment