Friday, March 15, 2019

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടോ?


ജാതിസമ്പ്രധായം ഇല്ലാത്തതാണ് ഒരു കാലത്ത് ഇസ്‌ലാമിന്‍റെ മേന്മയായി പറയപ്പെട്ടിരുന്നത്. കേരളത്തില്‍ ഒരു മതത്തിലും വിശ്വസിക്കാതിരുന്ന ചിലര്‍ പോലും “അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം” എന്നൊക്കെ എഴുതി വിട്ടത് ഇസ്‌ലാമില്‍ ജാതിവിഭജനമോ ഉച്ഛനീചത്വമോ ഇല്ലെന്നു വിശ്വസിച്ചായിരുന്നു. അണ്ടിയോടത്തപ്പോളല്ലേ പുളിയറിഞ്ഞത്. ഇവിടെയും ജാതിയുണ്ട്. തങ്ങള്‍ ജാതിയാണ് ഇവിടത്തെ വരേണ്യ സവര്‍ണ അപോസ്തല ജാതി!! ഈയടുത്ത് ഈ ജാതിയില്‍ പെട്ട ഒരു തമ്പ്രാന്‍ മലപ്പുറത്ത് ഈ ജാതിക്കാര്‍ക്ക് വേണ്ടി ഒരു സവര്‍ണ അക്കാദമി സ്ഥാപിച്ചിതായി വിവരമുണ്ട്. തുടങ്ങുന്നേയുള്ളൂ കാര്യങ്ങള്‍. ബല്ലാത്ത ജാതി!!!!
(വാട്സാപ്പില്‍ കൈമാറി കിട്ടിയത്).

ഇസ്‌ലാമില്‍ ജാതികളോ ഉപജാതികളോ ഇല്ല, വര്‍ഗങ്ങളോ ഉപവര്‍ഗങ്ങളോ ഇല്ല. മുമ്പും ഇല്ല, ഇപ്പോഴും ഇല്ല. പക്ഷെ ഒന്നുണ്ട്, അര്‍ഹിച്ചവര്‍ക്ക് അര്‍ഹിച്ച സ്ഥാനം വക വെച്ചു കൊടുക്കും. ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പഠിപ്പിക്കും, പണ്ഡിതനെയും ഭരണാധികാരിയെയും അവരര്‍ഹിക്കുന്ന സ്ഥാനത്തിനും വഹിക്കുന്ന പദവിക്കും യോജിച്ച വിധത്തില്‍ സമീപിക്കേണ്ട മര്യാദ ശീലിപ്പിക്കും. ഉസ്താദിനേയും ശൈഖിനെയും നബിയേയും അവരുമായി ബന്ധപ്പെട്ടവയെയും സ്നേഹിക്കാനും ബഹുമാനിക്കാനും യഥോചിതം സ്വീകരിക്കാനും അനുധാവനം ചെയ്യാനും മാര്‍ഗദര്‍ശനം ചെയ്യും. ആ ആചാരമര്യാദകളും സ്നേഹബഹുമാനങ്ങളും ഉത്തമ മാതൃകകള്‍ പുനരാവിഷ്കരിക്കാനുള്ള ത്വരയുമാണ്‌ മൊത്തത്തില്‍ ഇസ്‌ലാം. അതൊന്നും ഇല്ലാത്ത, അമ്മയായാലും സഹോദരിയായാലും പെണ്ണു തന്നെ ആര്‍ക്കും ആരുടെയും കൂടെ ‘ലിവിംഗ് ടുഗതര്‍’ ആകാം എന്ന നയത്തില്‍ ജീവിക്കുകയും സമൂഹത്തിന്‍റെ ആധാരശിലകളായ വിവാഹം, കുടുംബം എന്ന സങ്കല്‍പ്പങ്ങള്‍ പോലും അസ്വാതന്ത്ര്യത്തിന്‍റെ കൂച്ചുകള്‍ ആണ് എന്ന് വിലപിക്കുന്നവര്‍ക്ക് ഇതത്ര പഥ്യമാകണമെന്നില്ല.

ഇന്ത്യയില്‍ എല്ലാവരും ഒരേ നീതി അര്‍ഹിക്കുന്നു. പണമുള്ളവര്‍ ആകട്ടെ അല്ലാത്തവര്‍ ആകട്ടെ, എല്ലാവര്‍ക്കും ഒരേ നീതി, ഒരേ നിയമം. എന്നിട്ടും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനത്തിനു മാത്രം എന്തിനു പോലീസ് അകമ്പടി സേവിക്കണം, അത് പാടില്ല അല്ലെങ്കില്‍ കൂലിത്തൊഴിലാളിയായ എനിക്കും പോലീസ് എസ്കോര്‍ട്ട് വേണം എന്നു ആരെങ്കിലും പറയാറുണ്ടോ? ഒരു മിനിമം അന്തം ഉള്ളവര്‍ക്കറിയാം സമൂഹത്തില്‍ ഓരോരുത്തരും അവരവര്‍ അര്‍ഹിക്കുന്ന സ്ഥാനത്തിനു അനുസരിച്ച് ചില പരിഗണനകളും അവകാശങ്ങളും അനുവദിക്കപ്പെടും എന്ന്‍. അവര്‍ സുപീരിയര്‍ ആണ്, ഉന്നത പദവി അര്‍ഹിക്കുന്നവര്‍. പക്ഷെ, ജാതിയല്ല. ഇവിടെ മുഖ്യമന്ത്രി ജാതി, പ്രധാനമന്ത്രി ജാതി എന്നൊന്നും ഇല്ല.

അതൊന്നും ജന്മം കൊണ്ടുണ്ടായതല്ലല്ലൊ, അങ്ങനെയല്ലല്ലോ തങ്ങന്മാര്‍ എന്നുവേണമെങ്കില്‍ പറയാം. തിരിച്ചു ചോദിക്കട്ടെ, ഇങ്ങനെ എത്രയെത്ര വിഭാഗങ്ങള്‍ ഉണ്ട്? അതൊക്കെ അവര്‍ ഒരു പ്രത്യേക ജാതിയാണ് എന്നാണോ അര്‍ഥം കല്‍പ്പിക്കുന്നത്! ഉദാഹരണത്തിന്, രാജ്യത്തിന്‌ വേണ്ടി രക്തസാക്ഷിയായവരുടെ കുടുംബത്തെ ആദരിക്കുന്നത് അയാള്‍ ആ ജവാന്‍റെ മകനായി ജനിച്ചതിനാല്‍ ജവാന്‍ജാതി ആയിട്ടാണോ? സ്വാതന്ത്ര്യ സമര സേനാനിയുടെ മക്കളെ നാം ആദരിക്കുന്നത് അവര്‍ പ്രത്യേക ജാതിയായത് കൊണ്ടാണോ?

തങ്ങള്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സാദാത് അക്കാദമി ആരംഭിച്ചതിനെ കുറിച്ച് സവര്‍ണ അക്കാദമി  എന്നു വിമര്‍ശിച്ചത് കണ്ടു. നമ്മുടെ നാടിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് പലതരത്തിലുള്ള പ്രത്യേക പരിഗണനകളും നല്‍കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ അവരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്കൂളുകള്‍ ഉണ്ട്. അവ ജവാന്‍ജാതി സ്കൂളുകള്‍ ആണോ? ഓരോരുത്തരും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടു അര്‍ഹിക്കുന്ന പരിഗണനകള്‍ക്ക് ജാതിയുടെ വര്‍ണം ചാര്‍ത്തുന്നത് എന്തുമാത്രം  അപഹാസ്യമാണ്?!

തങ്ങന്മാര്‍ ഇസ്‌ലാമിലെ സവര്‍ണ ജാതിയല്ല. അവര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. ശരീഅത് നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ. അതേസമയം അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. സ്നേഹവും ആദരവും നല്‍കപ്പെടുന്നു. അതിന്‍റെ കാരണം നബികുടുംബം ആണ് എന്നതാണ്. നബി സ്വ.യോടുള്ള സ്നേഹത്തിന്‍റെ തുടര്‍ച്ചയാണ് ആ ബന്ധം. അവരോടു സ്നേഹം വേണമെന്നു ആവശ്യപ്പെട്ട ഖുര്‍ആന്‍ (അശ്ശൂറാ:23) അതിന്‍റെ കാരണം പഠിപ്പിച്ചത് അവര്‍ ഇസ്‌ലാമിലെ വരേണ്യ ജാതിയായത് കൊണ്ടാണ് എന്നല്ല, മറിച്ച് അവര്‍ ¬നബികുടുംബമാണ് എന്നു ചൂണ്ടിക്കാട്ടിയാണ്. മുത്തുനബിയോടു ബന്ധപ്പെട്ടതിനോടെല്ലാം ഈ സമുദായത്തിനു നൂറുക്കുനൂറു സ്നേഹമാണ്, ബഹുമാനമാണ്, സ്വല്ലല്ലാഹു അലൈഹി വസല്ലം. അവരുടെ വിശുദ്ധ നാമം കേട്ടാല്‍ ഈ പ്രാര്‍ത്ഥന ചൊല്ലാത്തവര്‍ ഇല്ല. നേതാവിനോടും അവിടന്നുമായി ബന്ധപെട്ട സകലതിനോടും കാണിക്കുന്ന ഈ സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.

നബി സ്വ. തങ്ങളെ നശിപ്പിക്കാന്‍ ഉചിതമായ അവസരം അന്വേഷിക്കാന്‍ വന്ന ഉര്‍വത്തിനു അത് നന്നായി അറിയാം. ആളൊഴിഞ്ഞ നേരം അറിയാന്‍ വന്ന അദ്ദേഹം കണ്ടത് അവിടന്ന്‍ അംഗസ്നാനം ചെയ്തതിന്‍റെ പോലും ശിഷ്ടത്തിനു വേണ്ടി തിക്കും തിരക്കും കൂട്ടുന്ന സമൂഹത്തെയാണ്. അവിടന്ന്‍ കാര്‍ക്കിച്ചു തുപ്പുന്നത് പോലും നിലത്ത് വീഴുന്നില്ല.  അദ്ദേഹം തന്‍റെ ജനതയോടു വിളിച്ചു പറഞ്ഞു: “പല രാജാക്കന്‍മാരുടേയും ദര്‍ബാറില്‍ ഞാന്‍ നിങ്ങളുടെ പ്രതിനിധിയായി ചെന്നിട്ടുണ്ട്. സീസറിന്‍റെയും ഖുസ്രുവിന്‍റെയും നേഗസിന്‍റെയും കൊട്ടാരത്തില്‍ ചെന്നിട്ടുണ്ട്. എന്നാല്‍, മുഹമ്മദ്‌ സ്വ.യുടെ അനുയായികള്‍ അവിടത്തെ ആദരിക്കുന്നതു പോലെ അവരില്‍ ഒരാളും ഒരാളെയും ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല”. ഇതാണ് നടേ സൂചിപ്പിച്ചത് അവിടത്തോടുള്ള കാണിക്കുന്ന സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.

തങ്ങന്മാര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് സകാത്ത് കൊടുക്കാത്തത്? ശരിയാണ്. സകാത്തിന്‍റെ നിയമങ്ങളില്‍ സകാതിനു അവകാശികളല്ലാത്ത വേറെയും ചിലരെ എണ്ണിയിട്ടുണ്ട്, ധനികര്‍, അവിശ്വാസികള്‍ എന്നിങ്ങനെ. അക്കൂട്ടത്തില്‍ ഇവരെയും എണ്ണിയിരിക്കുന്നു. ഇവരെല്ലാം വരേണ്യ ജാതിയായത് കൊണ്ടാണ് എന്നു ആരെങ്കിലും പറയുമോ?!

സാദാത്തുക്കളോടും പണ്ഡിതന്‍മാരോടും സ്നേഹവും ആദരവും കാണിക്കുന്നതിന്‍റെ ഉത്തമ മാതൃക ഞങ്ങള്‍ വായിക്കുന്നത് നബി ശിഷ്യന്മാരില്‍ നിന്നു തന്നെ. ഒരൊറ്റ ചിത്രം ചേര്‍ത്ത് ഈ കുറിപ്പ് ചുരുക്കട്ടെ.

വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന അഭിധാനത്തിൽ വിശ്രുതനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ് റ. മഹാനുഭാവനായ ഉബയ്യു ബ്നു കഅ'ബ് റ.വിന്റെ സന്നിധിയിൽ ചെന്നു തന്റെ പാരായണം അദ്ദേഹത്തെ കേൾപ്പിക്കാറുണ്ടായിരുന്നു. "ഈ നാലു പേരിൽ നിന്നു നിങ്ങൾ ഖുർആൻ കേട്ടു പഠിക്കുക" എന്നു ആദരവായ റസൂലുല്ലാഹി സ്വ. പരിചയപ്പെടുത്തിയ നാലു പേരിൽ ഒരാളാണ് ഉബയ്യ് റ. തിരു ജീവിത കാലത്തു തന്നെ ഹാഫിളായ അൻസ്വാരികളിലൊരാൾ!

ഒരിക്കൽ നബിതിരുമേനി സ്വ. അദ്ദേഹത്തിന്റെ അടുക്കലെത്തി: "ഞാൻ നിങ്ങൾക്കു ഓതിക്കേൾപ്പിക്കാൻ ആഗ്രഹിക്കുന്നു".

"യാ റസൂലല്ലാഹ്, ഇതു തങ്ങൾ തന്നെ വിചാരിച്ചതോ അതല്ല, അല്ലാഹുവിന്റെ നിർദ്ദേശമോ?"

"എന്റെ മാത്രം ചിന്തയല്ല, അല്ലാഹുവിന്റെ നിർദ്ദേശമാണ്"

ഉബയ്യ് കരഞ്ഞു, പൊട്ടിപ്പൊട്ടി കരഞ്ഞു, വീണു പോകും വിധം. പിന്നീട് തേങ്ങലൊതുങ്ങിയപ്പോൾ അദ്ദേഹം മൗനം ഭഞ്ജിച്ചു: "ഓതിത്തന്നാലും റസൂലരേ..."

നബി തിരുമേനി സ്വ. ഓതാനാരംഭിച്ചു:

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنْفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ.....

സൂറതിന്റെ അവസാനം വരെ തങ്ങൾ ഓതി നിറുത്തി.

ഒരു പക്ഷെ, ഉബയ്യിനു പഠിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയോ അല്ലെങ്കിൽ ദീനിന്റെ എല്ലാ ആദർശ - കർമപാഠങ്ങളെയും സംക്ഷേപിക്കുന്നതാണ് ഈ അധ്യായം എന്നതു കൊണ്ടോ ആവാം തിരുമേനി സ്വ. ഓത്ത് അതിലൊതുക്കി.

തിരുമേനി സ്വ. പ്രത്യേകം നിർദ്ദേശിച്ചവരിൽ നിന്ന് ഇബ്നു അബ്ബാസ് റ. ഇവർക്ക് മുൻഗണന നൽകാൻ ഈ സംഭവവും പ്രേരണയായി വർത്തിച്ചിട്ടുണ്ടെന്നു സാഹചര്യേണ മനസ്സിലാക്കാവുന്ന വിധേനയാണ് ഇബ്നു ഹജർ റ.വിന്റെ സബതിൽ ഇക്കാര്യം ചേർത്തിട്ടുള്ളത്.  അളവറ്റ ആദരവോടെയാണ് ഗുരുസവിധത്തിൽ ഇബ്നു അബ്ബാസ് റ. പെരുമാറിയത്.

ഓതിക്കേൾപ്പിക്കാൻ ഉബയ്യ് റ. വീട്ടിലേക്കു അങ്ങോട്ടു ചെല്ലാറാണു പതിവ്. ചിലപ്പോൾ വാതിൽ തുറന്നു കിടക്കുന്നുണ്ടാകും. ഉടനെ സമ്മതം ചോദിച്ചു അകത്തു കയറും. മറ്റു ചിലപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നുണ്ടാവും. അപ്പോൾ പുറത്തു കാത്തിരിക്കും. ചിലപ്പോൾ ആ കാത്തിരുപ്പ് പകലിന്റെ സിംഹഭാഗവും കവരും. മിക്കപ്പോഴും ആ അനങ്ങാപ്പാറ ഇരുത്തത്തിൽ പൊടിക്കാറ്റു വീശി ശരീരത്തിലും വസ്ത്രത്തിലും മണ്ണു പറ്റി ആളെ തിരിച്ചറിയാതെയാകും!!! ആ അവസ്ഥയിൽ എത്രയോ തവണ ഉബയ്യ് റ. അദ്ദേഹത്തെ കണ്ടിരിക്കുന്നു.

വിഷണ്ണനായി അദ്ദേഹം ചോദിക്കാറുണ്ട്: "നിനക്കെന്നെ വിളിച്ചൂടായിരുന്നോ"

മര്യാദക്കേടാകുമോ എന്ന ഭയവും ലജ്ജയുമാണതിനു സമ്മതിക്കാതിരുന്നത് എന്നദ്ദേഹം പ്രതികരിക്കുകയും ചെയ്യും.

ഒരിക്കൽ ഉബയ്യ് റ. എങ്ങോട്ടോ യാത്ര തിരിച്ചതാണ്. വത്സലശിഷ്യനായ ഇബ്നു അബ്ബാസിനെ തന്നെ കൂടെ കൂട്ടി. അദ്ദേഹം ഗുരുവര്യന്റെ കൂടെ വാഹനപ്പുറത്തിരിക്കാൻ കൂട്ടാക്കിയില്ല. പകരം വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു നടന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ശിഷ്യന്റെ പ്രതികരണം:
هكذا أمرنا بتعظيم علمائنا

ഇപ്രകാരം പണ്ഡിതരെ ആദരിക്കണമെന്നാണ് ഞങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നത്!

യാത്ര അവസാനിക്കുമ്പോൾ ഉബയ്യ് റ. വാഹനപ്പുറത്തു നിന്നിറങ്ങി ഇബ്നു അബ്ബാസ് റ.വിന്റെ കൈ ചുംബിച്ചു. 'ഇതെന്താ ഇങ്ങനെ' എന്നു ചോദിച്ചപ്പോൾ പ്രതികരണം:
هكذا أمرنا بتعظيم اهل بيت نبينا

ഇപ്രകാരം തങ്ങൾ കുടുംബത്തെ ആദരിക്കണമെന്നാണ് ഞങ്ങളോടു കല്പിക്കപ്പെട്ടരിക്കുന്നത്!!

No comments:

Post a Comment