ഖബ്ർ സന്ദർശനത്തെ സംബന്ധിച്ചുള്ള തേൻമൊഴിയുടെ പോസ്റ്റ് വായിച്ച ഒരു സുഹൃത്തിന്റെ സംശയം: സന്ദർശന വേളയിൽ നാം പറയുന്നതും ചെയ്യുന്നതും അവരറിയുന്നുണ്ടോ?
തീർച്ചയായും അറിയും. അതുകൊണ്ടാണല്ലോ സന്ദർശന വേളയിൽ ഖബ്റാളിയെ സംബോധന ചെയ്തു കൊണ്ടു തന്നെ സലാം പറയുവാൻ തിരുമേനി സ്വ. പഠിപ്പിച്ചത്. കൂടെക്കൂടെ ജന്നതുൽ ബഖീഇൽ സന്ദർശനത്തിനെത്തിയിരുന്ന അവിടുന്ന് സലാം പറയാറുണ്ടായിരുന്നത് ഇങ്ങനെയാണ്:
السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإنَّا إِنْ شَاءَ الله بِكُمْ لَاحِقُونَ أَنْتُمْ لَنَا فَرَطٌ وَنَحْنُ لَكُمْ تَبَعٌ
കേവലം സലാം പറഞ്ഞു നിർത്താതെ തങ്ങൾ ഇങ്ങനെ കൂടി പറയുന്നു. "തീർച്ചയായും ഞങ്ങളും നിങ്ങളിലേക്ക് വന്നു ചേരാനിരിക്കുന്നവരാണ്. നിങ്ങൾ ഞങ്ങളുടെ മുന്നേ ഗമിച്ചവർ, ഞങ്ങൾ പിന്നിൽ അനുഗമിക്കുന്നവരും" (നസാഈ 2040, അഹ്'മദ് 3/359, ഇബ്നു ഹിബ്ബാൻ 7/445). ഖബ്റാളിക്കു കേൾക്കാനും ഗ്രഹിക്കാനും സാധിക്കുമായിരുന്നില്ലെങ്കിൽ നബി തിരുമേനി സ്വ. ഇങ്ങനെ പറയുമായിരുന്നോ?!
ഇബ്നു അബിദ്ദുൻയാ റ. തന്റെ കിതാബുൽ ഖുബൂറിൽ രേഖപ്പെടുത്തുന്നു: നബിപത്നി ആഇശാ റ. പറയുന്നു. നബി തിരുമേനി സ്വ. പറഞ്ഞു:
مَا مِنْ رَجُلٍ يَزُورُ قَبْرَ أَخِيهِ فَيَجْلِسُ عِنْدَهُ إلا اِسْتَأْنَسَ بِهِ وَرُدَّتْ عَلَيْهِ رُوحُهُ حَتَّى يَقُومَ مِنْ عِنْدَهِ
"ആരെങ്കിലും തന്റെ സഹോദരന്റെ ഖബ്ർ സന്ദർശിക്കുകയും അവിടെ ഇരിക്കുകയും ചെയ്താൽ ഖബ്റാളിക്ക് ആശ്വാസം നൽകപ്പെടുകയും അയാൾ അവിടെ നിന്ന് എഴുന്നറ്റു പോകുന്നതു വരെ ആത്മാവിനെ മടക്കി നൽകപ്പെടുകയും ചെയ്യപ്പെടുന്നതാണ്".
ഇക്കാര്യം ബിദഇകൾക്ക് സ്വീകാര്യനായ ഇബ്നുൽ ഖയ്യിമിന്റെ കിതാബുർറൂഹിലും (പേ.5) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടർന്നെഴുതി: ഇക്കാര്യത്തിൽ മുൻഗാമികൾ ഏകകണ്ഠരാണ്. ജീവിച്ചിരിക്കുന്നവർ തങ്ങളെ സന്ദർശിക്കാൻ വന്നാൽ മയ്യിത്ത് അവരെ തിരിച്ചറിയുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യുമെന്നു മുൻഗാമികളായ ധാരാളം പേരിൽ നിന്ന് അവിതർക്കിതമായ നിവേദനങ്ങളുണ്ട്.
മറ്റൊരു ഹദീസ്. നബി സ്വ. പറയുന്നു:
مَا مِنْ رَجُلٍ يَمُرُّ بٍقبْرِ أَخِيهِ كَانَ يَعْرِفُهُ فِي الدُّنْيَا فَسَلَّمَ عَلَيْهِ إِلَّا رُدَّتْ عَلَيْهِ رُوحُهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ
ജീവിത കാലത്ത് പരിചയമുണ്ടായിരുന്ന ആളുടെ ഖബ്റിന്നരികിലൂടെ പോകുമ്പോൾ സലാം ചൊല്ലിയാൽ അയാൾക്ക് ആത്മാവിനെ മടക്കി നൽകപ്പെടുകയും അങ്ങനെ സലാം മടക്കുകയും ചെയ്യുന്നതാണ് (ഇബ്നു ഹിബ്ബാൻ - കിതാബുൽ മജ്റൂഹീൻ 2/58, ഖഥീബുൽ ബഗ്ദാദീ - താരീഖ് 6/137).
ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിൽ വെള്ളിയാഴ്ചയുടെ പ്രത്യേകതകൾ പറയുമ്പോൾ രേഖപ്പെടുത്തി: മരണപ്പെട്ടവരുടെ ആത്മാക്കൾ വെള്ളിയാഴ്ചകളിൽ ഖബ്റിലേക്കു ഇറങ്ങി വരും. അവിടെ സന്ദർശനത്തിനു വരുന്നവരെയും അതു വഴി പോകുന്നവരെയും തിരിച്ചറിയും. അവരോടു സലാം പറയുന്നതു കേൾക്കുകയും അവരെ കാണുകയും ചെയ്യും. ഇവയെല്ലാം മറ്റു ദിവസങ്ങളിൽ ഉള്ളതിനേക്കാൾ തികവാർന്ന രൂപത്തിലായിരിക്കും വെള്ളിയാഴ്ചകളിൽ!
ഇബ്നുൽ ഖയ്യിം തന്നെ രേഖപ്പെടുത്തുന്ന ഒരു സംഭവം: ഇമാം സുഫ് യാനു സ്സൗരി റ പറയുന്നു: ളഹ്ഹാക് റ. ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ശനിയാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് ആരെങ്കിലും ഖബ്ർ സന്ദർശിച്ചാൽ അയാളെ കൃത്യമായി മനസ്സിലാക്കാൻ മയ്യിത്തിനു സാധിക്കും.
ആരോ ചോദിച്ചു: അതെങ്ങനെ?
പ്രതികരണം: അത്രയ്ക്കാണ് വെള്ളിയാഴ്ചയുടെ സ്ഥാനം!!(സാദുൽ മആദ് 1/401).
"ഖബ്റിലുള്ളവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല" എന്നു ഖുർആൻ - ഫാത്വിർ:22 - പറഞ്ഞിട്ടില്ലേ?
തീർച്ചയായും പറഞ്ഞിട്ടുണ്ട്. അതിന്റെ വ്യാഖ്യാനം ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് ഉദ്ധരിക്കാം. ബിദഇകൾക്കു സുപരിചിതനായ ഇബ്നു തീമിയ്യയുടെ ശിഷ്യനാണല്ലോ അദ്ദേഹം. ഈ ആയതിനെ വ്യാഖ്യാനിക്കുന്നതു കാണൂ:
"ഹൃദയം ചത്തുപോയ കാഫിറിനെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നു ആയത്തിന്റെ തുടർന്നുള്ള ഭാഗം തീർച്ചയായും അറിയിക്കുന്നു; കേട്ടതിന്റെ പ്രയോജനം പ്രകടമായി കാണുമാറ് അവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല. ഖബ്റാളി അങ്ങനെയാണല്ലോ, സദുപദേശങ്ങൾ കേട്ടതുകൊണ്ടു അതു പ്രയോജനപ്പെടുത്താൻ ഇനി അയാൾക്കു സാധിക്കില്ല. അതല്ലാതെ ഖബ്റാളി ഒന്നും തീരെ കേൾക്കില്ല എന്നു ഈ ആയതിന് വിവക്ഷയില്ല.
അതെങ്ങനെ പറയാനാണ്?! മയ്യിത് സംസ്കരണത്തിനു വന്നവർ മടങ്ങിപ്പോകുമ്പോൾ അവരുടെ ചെരുപ്പടി ശബ്ദം പോലും അവർ കേൾക്കുമെന്നല്ലേ തിരുമേനി സ്വ. പഠിപ്പിച്ചത്. ബദ്റിൽ കൊല്ലപ്പെട്ടവർ അവരോടുള്ള സംസാരവും സംബോധനയും കേൾക്കുന്നുണ്ടെന്നു അവിടുന്ന് അറിയിച്ചു തന്നുവല്ലോ. തഥൈവ, മരണപ്പെട്ടവർക്കു സലാം പറയണമെന്നു മതപാഠം തന്നു - അവർ കേൾക്കുന്നുവെന്ന പ്രകാരം സംബോധന ശൈലിയിൽ പറയാനാണ് പഠിപ്പിച്ചത്. ഒരു മുസ്‌ലിമായ സഹോദരൻ സലാം പറഞ്ഞാൽ നിർബന്ധമായും സലാം മടക്കണമെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്. "തീർച്ചയായും (ഹൃദയം) മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധ്യമല്ല, ബധിരനെ വിളി കേൾപ്പിക്കാനും ആവില്ല - അവർ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ" (അന്നംല്:80) എന്ന ആയതിനു സമാനമാണിതും".(കിതാബുർ റൂഹ് : 45)
No comments:
Post a Comment