Friday, March 15, 2019

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാമോ?



മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാം, അവർക്കതിന്റെ പ്രതിഫലം ലഭിക്കും. ദോഷങ്ങൾ പൊറുക്കപ്പെടുക, പദവികളിൽ ഉയർച്ച കിട്ടുക, ഖബ്റിൽ പ്രകാശവും ആനന്ദവും ലഭിക്കുക തുടങ്ങി വ്യത്യസ്തമായ നേട്ടങ്ങൾ അതുമൂലം അവർക്കു ലഭിക്കുന്നതാണ്.

നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ പാരായണം ചെയ്യൂ എന്ന ഹദീസ് അബൂദാവൂദ്(3121), ഇബ്നുമാജ (1448) തുടങ്ങിയ പലരും മഅ'ഖൽ ബിൻ യസാർ റ.വിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു ഹദീസ്:

യാസീൻ ഖുർആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും പരലോകത്തേയും ലക്ഷ്യമിട്ട് ഓതിയ ആൾക്ക് അല്ലാഹു തീർച്ചയായും പൊറുത്തു കൊടുക്കുന്നതാണ്. അതിനാൽ, നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക (അഹ്'മദ് 5/26, സുനനുൽ കുബ്റ - നസാഈ 10914).

ഈ ഹദീസ് മരണാസന്നർക്കും, മരണപ്പെട്ടവർക്കും ബാധകമാണ് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്; രണ്ടാൾക്കും പ്രയോജനം ലഭ്യമാകും. പരമ്പരാഗതമായി മുസ്‌ലിംകൾ ചെയ്തു പോരാറുള്ളതു പോലെ, അല്ലാഹുവേ, ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്ന വ്യക്തിക്ക് നീ നൽകേണമേ... എന്നു ഹദ്'യ ചെയ്താൽ മാത്രമാണോ അല്ലേ എന്നു മാത്രമാണ് അഭിപ്രായഭേദങ്ങൾ പ്രകടമായിട്ടുള്ളത്. മരണപ്പെട്ടവർക്കു വേണ്ടിയുള്ള ഈ ദുആ വിശുദ്ധ ഖുർആനിന്റെ അധ്യാപനമാണ്:

وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
അവരുടെ പിൻഗാമികൾ ഇങ്ങനെ പ്രാർഥിക്കുന്നതാണ്: നാഥാ, ഞങ്ങൾക്കും ഈമാനിക വിശ്വാസം കൊണ്ടു ഞങ്ങളുടെ മുന്നേ പോയവർക്കും നീ പൊറുത്തു തന്നാലും, വിശ്വാസികളോട് ഞങ്ങളുടെ ഹൃദയത്തിൽ ഒരു തരത്തിലുള്ള ഈർഷ്യതയും നീ തരരുതേ, നാഥാ, തീർച്ചയായും നീ അത്യുദാരനും അതിരറ്റ കാരുണ്യവാനുമാണല്ലോ (അൽ ഹശ്ർ 10).

ഹദ്'യ ചെയ്താൽ മാത്രമേ അവർക്കു പ്രതിഫലം എത്തുകയുള്ളൂ എന്നാണ് ശാഫിഈ കർമശാസ്ത്ര സരണിയിൽ പ്രബലം. പിൽക്കാലികരായ ശാഫിഈ ഫുഖഹാക്കളിൽ പലരും മറ്റു മൂന്നു മദ്ഹബുകളിലുള്ളതു പോലെ പ്രത്യേകമായ പ്രാർഥനയില്ലാതെ തന്നെ അവർക്കു പ്രതിഫലം എത്തുമെന്ന വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം അൽ ഹബീബ് അബ്ദുല്ലാഹി ബ്നു അലവിയ്യിനിൽ ഹദ്ദാദ് റ. പറഞ്ഞു: മരണപ്പെട്ടവർക്കു വേണ്ടി ഹദ്'യ ചെയ്യപ്പെടുന്ന അമലുകളിൽ ഏറ്റവും അനുഗ്രഹീതവും അധികം പ്രയോജനകരവുമായിട്ടുള്ളത് ഖുർആൻ പാരായണവും അതിന്റെ പ്രതിഫലം അവർക്കു ഹദ്'യ ചെയ്യുന്നതുമാണ്. സകല കാലത്തും സകല നാട്ടിലുമുള്ള മുസ്‌ലിംകൾ അങ്ങനെ അമൽ ചെയ്യുന്നതിന്റെ മേൽ ഏകോപിച്ചു നിൽക്കുന്നവരാണ്‌. മുൻഗാമികളും പിൽക്കാലികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും ഇക്കാര്യം പ്രത്യേകമായി പ്രസ്താവിച്ചിട്ടുണ്ട്...... (സബീലുൽ ഇദ്ദികാർ).

ഇബ്നു ഉമർ റ. പറഞ്ഞു: ഒരാൾ മരിച്ചു കഴിഞ്ഞാൽ തടഞ്ഞുവെക്കരുത്, വേഗത്തിൽ ഖബറടക്കം ചെയ്യണം. അനന്തരം സൂറതുൽ ബഖറയുടെ ആദ്യ ഭാഗം തലയുടെ ഭാഗത്തും അവസാനഭാഗം കാലിന്റെ ഭാഗത്തും ഓതണം (മുഅ'ജമുൽ കബീർ 12/444, ശുഅബുൽ ഈമാൻ 7/16).

ഖബ്റിനടുത്തു വെച്ച് ദർസു നടത്തുന്നത് പുണ്യമാണെന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട് (കിതാബുർ റൂഹ് - 10). മുൻഗാമികളിൽ പെട്ട വലിയൊരു വിഭാഗം മഹാൻമാർ തങ്ങളുടെ ഖബ്റുകൾക്കരികിൽ വെച്ച് ഖുർആൻ പാരായണം നടത്താൻ വസ്വിയ്യത് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "സ്വഹാബിയായ ഇബ്നു ഉമർ റ. അവരിലൊരാളായിരുന്നു; തന്റെ ഖബ്റിന്റെ അരികിൽ വെച്ച് സൂറതുൽ ബഖറ പാരായണം ചെയ്യാൻ അദ്ദേഹം വസ്വിയ്യത് ചെയ്തിരുന്നു. സ്വഹാബികളായ അൻസ്വാരികൾ മരണപ്പെട്ടാൽ അവരുടെ ഖബ്റിന്നരികിൽ അവർ മാറി മാറി ഖുർആൻ പാരായണം തുടർന്നു പോന്നിരുന്നു."

ചുരുക്കത്തിൽ, സ്വഹാബികളുടെ കാലം തൊട്ട് നിരാക്ഷേപം അനവരതം തുടർന്നു പോരുന്നതാണ് മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതി ഹദ് യ ചെയ്ത് ദുആ ചെയ്യുന്നത്. അല്ലാഹുവേ, ഞങ്ങൾക്കും അത്തരം തലമുറയെ നീ ബാക്കി വെക്കണേ..., ആമീൻ!

No comments:

Post a Comment