Sunday, September 6, 2015

അല്‍ മുന്‍ജിദ് അറബി നിഘണ്ടു; ഖുര്‍ആനിനെ കുഴി വെട്ടി മൂടുന്ന വിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്‍ഥകല്‍പന നടത്തിയിട്ടുണ്ട് (പേജ്-535)
ഇനി ‘ഇന്‍ജീല്‍’ എന്ന പദം നോക്കാം. ഭാഷാകോശത്തില്‍ നല്‍കുന്ന അര്‍ഥം: “മാ കതബഹു ബി ഇല്‍ഹാമിന്‍ മിനല്ലാഹി അല്‍ ഖിദ്ദീസൂന മത്താ വ മര്‍ഖുസ് വ ലൂഖാ വ യൂഹന്നാ അന്‍ ഹയാതി സയ്യിദിനാ യസൂഇല്‍ മസീഹ് വ തഅ്ലീമിഹി. വല്‍ കലിമതു യുനാനിയ്യതുന്‍ മഅ്നാഹാ അല്‍ ബുശ്റാ, ലി അന്നല്‍ ഇന്‍ജീല യതള്വമ്മനു ബുശ്റല്‍ ഖലാസ്വി.” “കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചും അധ്യാപനങ്ങളെ സംബന്ധിച്ചും മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ പുണ്യവാള•ാര്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന പ്രകാരം എഴുതിയത്. ഈ പദം യവന(ഗ്രീക്ക്) ഭാഷയിലുള്ളതാണ്. സുവിശേഷം എന്നാണതിന്റെ അര്‍ഥം. കാരണം, ‘ഇന്‍ജീലി’ ല്‍ ‘രക്ഷയുടെ സുവിശേഷം’ ഉള്‍ക്കൊണ്ടിരിക്കുന്നുവല്ലോ.
ഭാഷാ കോശത്തില്‍ മാത്രമല്ല, നാമകോശത്തിലും ‘ഇന്‍ജീല്‍’ എന്ന പദം വിശകലനം ചെയ്യുന്നു: ‘കലിമതുന്‍ യൂനാനിയ്യത്തുന്‍, മഅ്നാഹാ അല്‍ബിശാറഃ വല്‍ അനാജീലു മജ്മൂഅത്തു അഅ്മാലില്‍ മസീഹി വ അഖ്വാലിഹി. വസ്വലത് ഇലയ്നാ ബി അര്‍ബഇ രിവായത്തിന്‍, വളഅഹാ മത്താ വ യൂഹന്നാ, വഹുമാമിനര്‍റസൂലി, വ ലൂഖാ വ മര്‍ഖൂസ്, വഹുമാ മിന്‍ തലാമീദില്‍ മസീഹ്. സുമ്മിയത്ത് ബില്‍ ഇന്‍ജീലി ലി അന്നഹാ അതത് ലില്‍ അനാമി ബി ബുശ്റല്‍ ഖലാസ്വി അന്‍ യദില്‍ മസീഹില്‍ ഫാദീ” യവനപദം, സുവിശേഷം എന്നാണര്‍ഥം. ക്രിസ്തുവിന്റെ പ്രവൃത്തികളുടെയും വചനങ്ങളുടെയും സമാഹാരമാണ് സുവിശേഷങ്ങള്‍. നാലു നിവേദനങ്ങളിലൂടെ നമുക്ക് ലബ്ധമായി. അപ്പോസ്തല•ാരില്‍ പെട്ട മത്തായി, യോഹന്നാന്‍, ക്രിസ്തു ശിഷ്യ•ാരില്‍പെട്ട ലൂക്കോസ്, മാര്‍ക്കോസ് എന്നിവരാണ് ഈ നാലു സുവിശേഷങ്ങള്‍ ചമച്ചത്. രക്ഷകനായ ക്രിസ്തുവിലൂടെയുള്ള മോക്ഷത്തിന്റെ സുവിശേഷമായിട്ടാണ് അതു മനുഷ്യര്‍ക്ക് കിട്ടിയത് എന്നതാണ് അതിന് സുവിശേഷം എന്നു പേരിടാന്‍ കാരണം. (പേജ് 76)
(യേശു പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയാണ് അപ്പോസ്തല•ാര്‍ എന്നു വിളിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷത്തില്‍ (3/15-19) ഇവരുടെ പേരുദ്ധരിച്ചിട്ടുണ്ട്. അതിനുപുറമെ എഴുപതു ശിഷ്യ•ാരെ യേശു തെരഞ്ഞെടുത്തിട്ടുണ്ട്. (ലൂ 10/1) ലൂക്കോസും മാര്‍ക്കോസും അവരില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിശ്വാസം. ഇവര്‍ സമാഹരിച്ച ക്രിസ്തുവിന്റെ ജീവചരിത്രമല്ല യഥാര്‍ഥത്തിലുള്ള ഇന്‍ജീല്‍! അത് ഈസാ നബിക്ക് അവതരിച്ച വേദഗ്രന്ഥമാണ്. അതിനു സുവിശേഷം എന്ന് പേരു വയ്ക്കാനുണ്ടായ കാരണം താന്‍ കുരിശില്‍ മരിച്ച് ആദിപാപത്തിന്റെ അഭിശപ്തഭാരത്തില്‍നിന്ന് മാനവരാശിക്കു മോക്ഷം നല്‍കും എന്ന് പറയാനായിരുന്നില്ല. പ്രത്യുത തനിക്കു ശേഷം വരാനിരിക്കുന്ന  അഹ്മദ് എന്ന പ്രവാചകനെക്കുറിച്ചുള്ള സുവിശേഷം തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. വി.ഖുര്‍ആന്‍ 61/6ല്‍ അതു പരാമര്‍ശിച്ചിട്ടുണ്ട്. ദൈര്‍ഘ്യം ഭയന്ന് തദ്സംബന്ധിയായ ചര്‍ച്ചക്ക് ഇവിടെ മുതിരുന്നില്ല.)
അല്‍മുന്‍ജിദ് നാമകോശത്തില്‍ അല്‍ കിതാബുല്‍ മുഖദ്ദസ് എന്നത് വിശദീകരിച്ച് വീണ്ടും ബൈബിളിനെ പരിചയപ്പെടുത്തുന്നു. അതിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കാം: “ക്രൈസ്തവ വേദഗ്രന്ഥമാണ് അല്‍ കിതാബുല്‍ മുഖദ്ദസ്. രണ്ടു ഭാഗങ്ങളായി, അല്ലെങ്കില്‍ നിയമങ്ങളായി വിഭജിക്കാം. 1. പുരാതനം, അല്ലെങ്കില്‍ പഴയ നിയമം. ക്രിസ്തുവിനു മുമ്പെയുള്ള കാലഘട്ടങ്ങളില്‍ വിരചിതമായ പുസ്തകങ്ങളുടെ സമാഹാരമാണിത്. പട്ടികയായി ചിത്രീകരിച്ചാല്‍ അഞ്ചു ന്യായപ്രമാണ പുസ്തകങ്ങള്‍ (ഉത്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവര്‍ത്തനം), ചരിത്ര പുസ്തകങ്ങള്‍ (യോശുവ, ന്യായാധിപ•ാര്‍, രൂത്ത്, രാജാക്ക•ാര്‍, ദിനവൃത്താന്തം, എസ്രാ, നെഹമ്യാവ്, തോബിത്ത്, യൂദിത്ത്, എസ്തേര്‍, മക്കബായര്‍), ജ്ഞാന സാഹിത്യ പുസ്തകങ്ങള്‍ (ഇയ്യോബ്, സങ്കീര്‍ത്തനങ്ങള്‍, സദൃശ വാക്യങ്ങള്‍, സഭാപ്രസംഗി, ഉത്തമഗീതം, വിജ്ഞാനം, സീറാഖിന്റെ മകന്‍ യോശുവ), പ്രവാചക പുസ്തകങ്ങള്‍( യെശയ്യാവ്, യിരമ്യാവ്, യിരമ്യായുടെ ലേഖനം, ബാറൂക്, ഹെസെക്കിയേല്‍, ദാനിയേല്‍, ഹോശേയ, യോവേല്‍, ആമോസ്, ഓബദ്യാവ്, യോനാ, മീഖാ, നഹും, ഹബക്കൂക്, സെഫന്യാവ്, ഹഗ്ഗായി, സെഖര്യാവ്, മലാഖീ).ജെസ്യൂട്ട് പുരോഹിത•ാര്‍ തയാറാക്കിയ പരിഭാഷയാണ് അറബിയില്‍ ലബ്ധമായ പരിഭാഷകളില്‍ പ്രസിദ്ധം. അറബി സാഹിത്യത്തിന് തന്നെ കിട്ടിയ പ്രത്യേക സംഭാവനയായി അത് പരിഗണിക്കപ്പെടുന്നു. വിശുദ്ധ വേദപുസ്തക പണ്ഡിതരിലെ ഉന്നതശീര്‍ഷരായ ഒരു സംഘമാണത് തയാറാക്കിയത്. പിന്നീട് ശൈഖ് ഇബ്റാഹീമുല്‍ യാസ്ജി സംശോധനയും നിര്‍വഹിച്ചു. ബെയ്റൂത്തിലെ അമേരിക്കന്‍ സുവിശേഷകര്‍ അമേരിക്കന്‍ പരിഭാഷ ഇറക്കിയിട്ടുണ്ട്. 2. പുതിയ നിയമം. ക്രിസ്തുവിന്റെയും അപ്പോസ്തല•ാരുടെയും അധ്യാപനങ്ങള്‍ ക്രോഡീകരിക്കപ്പെട്ട പുസ്തകങ്ങളുടെ സമാഹാരം, സുവിശേഷങ്ങള്‍, അപ്പോസ്തല പ്രവൃത്തികള്‍, ലേഖനങ്ങള്‍, വെളിപാട് എന്നിവയാണത്.” (അല്‍മുന്‍ജിദു ഫില്‍ അഅ്ലാം പേജ്-584)
അല്‍ കിതാബുല്‍ മുഖദ്ദസ് എന്ന ധാതുവിന്റെ വിശകലനമാണിത്. ബൈബിളില്‍ അടങ്ങിയിട്ടുള്ള മുഴുവന്‍ അധ്യായങ്ങളും പേരെടുത്തു പറയുകയും വിവിധ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ നല്ല പരിഭാഷകളെക്കുറിച്ചു പോലും വിശദീകരിക്കുന്നു. ഇതില്‍ പറഞ്ഞിട്ടുള്ള പല അധ്യായങ്ങളും മലയാളത്തിലുള്ള ബൈബിളുകളില്‍ കാണാനില്ല. മലയാളത്തില്‍ കിട്ടാവുന്ന പലതും ഇതിലും കാണുന്നില്ല. തദ്വിഷയകമായ ചര്‍ച്ച വിഷയതന്തുവില്‍ നിന്നു വഴിമാറിയേക്കാവുന്നതു കൊണ്ട് ഇവിടെ അതിനു മുതിരുന്നില്ല.
പഴയ നിയമത്തിലെ സീറാഖിന്റെ മകന്‍ യേശുവ, ന്യായാധിപ•ാര്‍ എന്നിവക്കും പുതിയ നിയമത്തിലെ വെളിപാട് പുസ്തകത്തിനും അല്‍ മുന്‍ജിദ് ഭാഷാ കോശത്തിലോ നാമകോശത്തിലോ പ്രത്യേകം വിശദീകരണം നല്‍കിയിട്ടില്ല. അതുപോലെ യോശുവ, യോനാ, സെഖര്യാവ് എന്നിവര്‍ പ്രവാചകരാണെന്ന് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വന്തമായി പുസ്തകങ്ങളുള്ളതായി പ്രത്യേകം സ്ഥലങ്ങളില്‍ പറഞ്ഞിട്ടില്ല. അവരെക്കുറിച്ചുള്ള വിശകലനമാണു ള്ളത്. (അല്‍മുന്‍ജിദിന്റെ മറ്റു പതിപ്പുകളില്‍ എങ്ങനെയാണുള്ളത് എന്ന് പരിശോധിച്ചിട്ടില്ല.)
ഖുര്‍ആനിലെ ഒരൊറ്റ അധ്യായത്തിന്റെ പേരുപോലും അല്‍മുന്‍ജിദിന്റെ ഭാഷാ കോശത്തിലോ നാമകോശത്തിലോ പരിചയപ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല, സൂറത് എന്ന പദത്തിന് ഏറ്റവും വിശ്രുതമായ ‘ഖുര്‍ആനിലെ ഒരു അധ്യായം’ എന്ന അര്‍ഥം അല്‍ മുന്‍ജിദ് അറിഞ്ഞിട്ടേയില്ല. പകരം ‘അസ്സൂറതു മിനല്‍ കിതാബി അല്‍ ഖിത്വ്അത്തുല്‍ മുസ്തഖില്ലത്തു’ ഗ്രന്ഥത്തിലെ സൂറത് എന്നാല്‍ സ്വതന്ത്രമായ ഖണ്ഡം എന്നര്‍ഥം മാത്രം നല്‍കിയിരിക്കുന്നു. അതേസമയം ‘അല്‍ ഇസ്വ്ഹാഹ്നു നല്‍കുന്ന വിശദീകരണം നോക്കുക:
“അല്‍ ഇസ്വ്ഹാഹു വല്‍ അസ്വ്ഹാഹു മിനത്തൌറാതി വല്‍ ഇന്‍ജീല്‍ ദൂന സ്സിഫ്റി വഫൌഖല്‍ ഫസ്വ്ലി മിന്‍ഹുമാ” “തോറയിലും സുവിശേഷത്തിലും ഇസ്വ്ഹാഹ്/അസ്വ്ഹാഹ് എന്നതിന്റെ വിവക്ഷ ‘സ്വിഫ്റി’നെക്കാള്‍ ചെറുതും ‘ഫസ്വ്ലി’നെക്കാള്‍ വലുതുമായ ഭാഗം എന്നാണ്. (അല്‍ മുന്‍ജിദ് ഫില്ലുഗാത്ത്: പേ:416) ‘സിഫ്റി’ നെയും ബൈബിളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചിട്ടുണ്ട്. ‘ജുസ്ഉന്‍ മിന്‍ അജ്സാഇത്തൌറാത്” തോറയിലെ ഭാഗങ്ങളിലൊന്ന് (പേ. 337) ഫസ്വ്ലിന് ഗ്രന്ഥത്തിലെ സ്വതന്ത്രമായ ഒരു ഭാഗം എന്ന പൊതുവായ അര്‍ഥം മാത്രമാണ് നില്‍കിയിട്ടുള്ളത്. ഇവിടെയെല്ലാം തൌറാത് എന്നത് പഴയ നിയമത്തെ പൊതുവായി ആരോപിച്ചാണ് ഉപയോഗിച്ചിട്ടുള്ളത്.
ബൈബിള്‍ പുസ്തകങ്ങളെ ഇത്രയേറെ ഇഴകീറി പരിചയപ്പെടുത്തുന്ന അല്‍ മുന്‍ജിദ് ഉപര്യുക്ത നാലു സുവിശേഷങ്ങള്‍ക്കു പുറമെയുള്ള ഒരൊറ്റ സുവിശേഷത്തെയും പരിചയപ്പെടുത്തുന്നില്ല. യൂദാസിന്റെ സുവിശേഷം, യാക്കോബിന്റെ സുവിശേഷം, നിക്കൊദെമോസിന്റെ സുവിശേഷം, തോമായുടെ സുവിശേഷം, എബ്രായ സുവിശേഷം, ശൈശവ സുവിശേഷങ്ങള്‍, പത്രോസിന്റെ നടപടികള്‍ തുടങ്ങി അനേകം ഗ്രന്ഥങ്ങളെക്കുറിച്ച് പൂര്‍ണ നിശ്ശബ്ദത പാലിക്കുന്നു. ഇസ്ലാമിക വിശ്വാസത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ബര്‍ണബാസ് എന്ന യേശുശിഷ്യന്‍ എഴുതിയ സുവിശേഷത്തെക്കുറിച്ച് നാമകോശത്തില്‍ പരാമര്‍ശമുണ്ട്. ക്ഷുദ്രകൃതിയാണ് എന്നും ഇറ്റാലിയന്‍ പരിഭാഷ ലഭ്യമാണ് എന്നും പതിമൂന്നോ പതിനാറോ നൂറ്റാണ്ടില്‍ ജീവിച്ച ആരോ ഒരാളുടെ രചനയാണെന്നുമാണ് അതെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. (പേജ് 127). ‘അറേബ്യന്‍ ക്രൈസ്തവ സാഹിത്യം’ (അല്‍ ആദാബുല്‍ മസീഹിയ്യതില്‍ അറബിയ്യ) എന്ന ഒരു ഡസ്ക് തന്നെ അല്‍മുന്‍ജിദ് നാമകോശത്തിന്റെ സമിതിയിലുണ്ടെന്നോര്‍ക്കുക. അവരാരും ഇമ്മാതിരിയൊരു കൃതിയും കണ്ടതേയില്ല!
ഖുര്‍ആനിനെയും ബൈബിളിനെയും പരിചയപ്പെടുത്തുന്നതില്‍ അല്‍മുന്‍ജിദ് സ്വീകരിച്ച സമീപനമാണ് ഇവിടെ പ്രതിപാദിച്ചത്. വ്യാജ ഖുര്‍ആന്‍ ചമയ്ക്കുവാനടക്കമുള്ള അന്‍മുന്‍ജിദിലെ പുരോഹിത ശ്രമങ്ങളും തിരുനബി വചനങ്ങളോടും തിരുജീവിതത്തോടും പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും വഴിയെ വിവരിക്കാം (തുടരും)

1 comment:

  1. ആരാണ് ഈ നിഘണ്ടു തയ്യാറാക്കിയത് '

    ReplyDelete