Friday, August 31, 2018

ഖുർആനിൽ സൂറതുൽ ഇസ്തിജാബ എന്ന സൂറതുണ്ടോ?


വിശുദ്ധ ഖുർആനിലെ ഇരുപത്തൊന്നാം അധ്യായം അൽ അമ്പിയാഅ' സൂറതുൽ ഇസ്തിജാബ എന്നാണ് അറിയപ്പെടുന്നത്. فَاسْتَجَبْنَا لَه (അദ്ദേഹത്തിനു നാം പ്രാർഥനക്കുത്തരം നൽകി) എന്നു നാലു തവണ ആവർത്തിച്ചു വരുന്നതു കൊണ്ടാണ് ഈ അപരനാമമുണ്ടായത്. 76, 84, 88, 90 ആയതുകളാണിത്.  നൂഹ്, അയ്യൂബ്, യൂനുസ്, സകരിയ്യാ (അലാ നബിയ്യിനാ വ അലൈഹി മുസ്സലാം) എന്നിവരുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയതാണു ഈ ആയതുകളുടെ  ഉള്ളടക്കമെങ്കിലും അവയുടെ സഫിക്സ് വിശ്വാസികൾക്കെല്ലാം പ്രതീക്ഷ തരുന്നതാണ്.

അയ്യൂബ് അ.മിനു ഉത്തരം നൽകിയതിനെ സംബന്ധിച്ചുള്ള ആഖ്യാനത്തിന്റെ ഒടുവിൽ رَحْمَةً مِنْ عِنْدِنَا وَذِكْرَىٰ لِلْعَابِدِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ ആബിദുകൾക്കും ഇതേ ഇസ്തിജാബ: ലഭിക്കുമെന്ന് മുഫസ്സിറുകൾ പറയുന്നു. തഥൈവ, യൂനുസ് അ.മിന്റെ സംഭവകഥനത്തിനു ശേഷം وَكَذَٰلِكَ نُنْجِي الْمُؤْمِنِينَ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാ മുഅ'മിനീങ്ങൾക്കും ഇസ്തിജാബയിൽ പ്രതീക്ഷയർപ്പിക്കാം.

#ഇസ്തിജാബയുടെ_താക്കോലുകൾ

1. ക്ഷമ
നൂഹ് അ.മിന്റെ വിജയതന്ത്രം അവിടുത്തെ ക്ഷമ തന്നെ. ദീർഘമായ 950 വർഷമാണ് തന്റെ വാക്കുകൾ തെല്ലും കേട്ടില്ലെന്നു നടിച്ച ജനതയോട് അദ്ദേഹം പ്രബോധനം നിർവഹിച്ചത്. അതിനാൽ, ക്ഷമ ആവരണമായി സ്വീകരിക്കുക. "വിശ്വസിച്ചവരായുള്ളോരേ, നിങ്ങൾ ക്ഷമയും നിസ്കാരവും മുൻനിർത്തി  സഹായമർത്ഥിക്കുക; തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവർക്കൊപ്പമാണ് "- അൽ ബഖറ 153.

2. അദബ്.
അല്ലാഹുവിനോടുള്ള അദബുകൾ യഥോചിതം പാലിച്ചതായിരുന്നു അയ്യൂബ് അ.മിന്റെ വിജയം. രോഗങ്ങളാൽ പ്രയാസപ്പെട്ടപ്പോഴും അല്ലാഹുവേ നീയെന്തിനെന്നെ കഷ്ടപ്പെടുത്തുന്നു എന്ന മട്ടിലുള്ള ഒരു വാക്കു പോലും അദ്ദേഹം ഉരിയാടിയില്ല. "ദുരിതം എന്നെ ബാധിച്ചിരിക്കുന്നു. കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയല്ലോ" എന്നാണവിടുന്ന് പറഞ്ഞത്.

ഇതു അമ്പിയാഇന്റെ പൊതു ശീലമായിരുന്നു. ഇബ്റാഹീം അ. പറയുന്നതു നോക്കൂ: "അല്ലാഹുവാണെന്നെ പടച്ചത്; അവനെന്നെ സൻമാർഗത്തിലേക്കു നയിക്കുന്നു. അവനാണെനിക്കു അന്നവും പാനവും നൽകുന്നത്. ഞാൻ രോഗിയായാൽ എന്നെ സുഖപ്പെടുത്തുന്നതും അവൻ!". സൃഷ്ടിച്ചത് അല്ലാഹു, അന്നവും പാനവും നൽകുന്നത് അല്ലാഹു. എന്നാൽ അല്ലാഹുവാണ് രോഗിയാക്കിയത് എന്നു പറയുന്നില്ല; പകരം ശിഫയാക്കുന്നവൻ അല്ലാഹു!! ഇതാണ് അദബ്. ദീനിനോടും ദീനീചിഹ്നങ്ങളോടുമുള്ള അദബാണ് പ്രവാചകൻമാരുടെ വിജയത്തിന്റെ താക്കോൽ. അവർ നൻമകളും അനുഗ്രഹങ്ങളുമഖിലവും അല്ലാഹുവിലേക്കു ചേർത്തു പറയുകയും മറിച്ചുള്ളതെല്ലാം തങ്ങളുടേതായി പരിചയപ്പെടുത്തുകയും ചെയ്തു.

3. കുറ്റബോധം.
തീർച്ചയായും ഞാൻ അതിക്രമം കാണിച്ചവരിൽ പെട്ടു പോയല്ലോ എന്നാണ് യൂനുസ് അ. നിരന്തരം പറഞ്ഞത്. ഒപ്പം അല്ലാഹുവിന്റെ ഏകത്വത്തെ പ്രഘോഷിക്കുകയും ചെയ്തു. അവന്റേതല്ലാത്ത മറ്റൊരും അഭയസ്ഥാനവും തനിക്കു തണലേകില്ല എന്ന തിരിച്ചറിവാണതിന്റെ കാമ്പ്. വീഴ്ച എന്തുമാവട്ടെ, വിശ്വാസി ആവർത്തിച്ചു പറയേണ്ട മഹദ്വചനങ്ങളാണിത്.

4. സത്കർമങ്ങളിൽ ഉത്സാഹിക്കുക

സകരിയ്യാ അ.മിന്റെ പ്രാർഥന സ്വീകരിച്ചതു പറയുമ്പോൾ അവിടുത്തെ കുടുംബം ദീനീ കാര്യങ്ങളിൽ ചിട്ടയുള്ളവരാണെന്നു ഖുർആൻ പറയുന്നുണ്ട്: "ഇവരൊക്കെയും സൽകർമങ്ങളില്‍ അതിയായി ഉത്സാഹിക്കുന്നവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ വിധേയപൂർവം കുനിഞ്ഞവരുമായിരുന്നു". ഇതാണു സകരിയ്യാ അ.മിന്റെ വിജയതന്ത്രം.

വിഷമസന്ധികളിൽ ഇജാബതിനു അമ്പിയാഅ' ഓതി ദുആ ചെയ്യുക. ആമുഖമായി സൂറതിൽ പരാമർശിക്കപ്പെട്ട  നബിമാർ ഓരോരുത്തർക്കും വെവ്വേറെ ഫാതിഹ ഓതുന്നതും ഇസ്തിജാബയുടെ ആയതുകൾ അബ്ജദു മൂല്യത്തിനു തുല്യമായി ആവർത്തിക്കുന്നതും ആയതുകളുടെ അർഥമനുസരിച്ച് പ്രതികരണമായി അനുയോജ്യമായ ദിക്റുകൾ ചൊല്ലുന്നതും കാര്യങ്ങൾ സുഖമമാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ!

No comments:

Post a Comment