Friday, May 8, 2020

ദൈവാസ്തിക്യവും ശാസ്ത്രവും 16 : ഭൗതികശാസ്ത്രത്തെ നിരാകരിക്കുന്ന ഭൗതികവാദം


ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റിയുടെ Mental Universe എന്ന ലേഖനത്തിൽ ഐസക് ന്യൂട്ടണെ ഉദ്ധരിച്ചു പറയുന്നതു പോലെ നിരീശ്വരവാദത്തിന്റെ ആത്യന്തിക കാരണം, 'ശരീരം പൂർണവും സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു യാഥാർത്ഥ്യമാണ്' എന്ന ധാരണയാണ്. ഭൗതിക വസ്‌തുക്കൾ “സ്വയം സമ്പൂർണ്ണവും ആത്യന്തികവുമായ ഒരു യാഥാർത്ഥ്യം” (a complete, absolute independent reality in themselves) അല്ല. കാരണം, ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ വീക്ഷണമനുസരിച്ച്, ഭൗതിക ലോകത്തിന് ബോധത്തിൽ നിന്ന് / മനസ്സിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. മനസ്സിൽ നിന്ന് സ്വതന്ത്രമായ ഒരു യാഥാർത്ഥ്യവുമില്ല.

കാലിഫോർണിയ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ ഹെന്റി സ്റ്റാപ്പ് തന്റെ Mindful Universe എന്ന പുസ്തകത്തിൽ പറയുന്നു:

“…According to contemporary orthodox basic physical theory, but contrary to many claims made in the philosophy of mind, the physical domain is not causally closed. A causally open physical description of the mind-brain obviously cannot completely account for the mind-brain as a whole.”

“In short, already the orthodox version of quantum mechanics, unlike classical mechanics, is not about a physical world detached from experiences; detached from minds.”

“...സമകാലിവും യാഥാസ്ഥിതികവുമായ അടിസ്ഥാന ഭൗതിക സിദ്ധാന്തം അനുസരിച്ച്, എന്നാൽ മനസ്സിനെ കുറിച്ചുള്ള തത്ത്വചിന്തയിലെ പല അവകാശ വാദങ്ങൾക്കും വിരുദ്ധമായി, ഭൗതിക മണ്ഡലം നിദാനപരമായി അടഞ്ഞതല്ല. മനോ-മസ്തിഷ്ക്കത്തിന്റെ നിദാനപരമായുള്ള തുറന്ന ഭൗതിക വിവരണം മനോ-മസ്തിഷ്ക്കത്തെ ഒരു സാകല്യം എന്ന നിലക്ക് പൂർണമായി കണക്കിലെടുക്കുന്നേയില്ല

ചുരുക്കത്തിൽ, ഇപ്പോൾ തന്നെ ക്ലാസിക്കൽ മെക്കാനിക്‌സിൽ നിന്നു വ്യത്യസ്തമായി, അനുഭവങ്ങളിൽ നിന്നകന്ന, മനസ്സിൽ നിന്നു വേർപെട്ട ഒരു ഭൗതിക ലോകത്തെ പറ്റിയല്ല ക്വാണ്ടം മെക്കാനിക്സിന്റെ യാഥാസ്ഥിതിക ഭാഷ്യം.”

സ്റ്റാപ്പിന്റെ അഭിപ്രായം തന്നെയാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ക്വാണ്ടം ഭൗതിക ശാസ്ത്രജ്ഞൻ ഫ്രീമാൻ ഡൈസണിന്റെ വാക്കുകളിലും പ്രതിധ്വനിക്കുന്നത്:

“Atoms are weird stuff, behaving like active agents rather than inert substances. They make unpredictable choices between alternative possibilities according to the laws of quantum mechanics. It appears that mind, as manifested by the capacity to make choices, is to some extent inherent in every atom. The universe is also weird, with its laws of nature that make it hospitable to the growth of mind. I do not make any clear distinction between mind and God. God is what mind becomes when it passes beyond the scale of our comprehension.”

“ആറ്റങ്ങൾ വിചിത്രമായ പദാർഥങ്ങളാണ്, നിഷ്ക്രിയ പദാർത്ഥങ്ങൾ എന്നതിനേക്കാൾ സജീവ ഏജന്റുമാരെ പോലെയാണവ പെരുമാറുന്നത്. ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ അനുസരിച്ചുള്ള ബദൽ സാധ്യതകൾക്കിടയിൽ അവ പ്രവചനാതീതമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു. മനസ്സ്, തിരഞ്ഞെടുപ്പ് നടത്താനുള്ള അതിന്റെ ശേഷി വ്യക്തമാക്കുന്നതു പോലെ, ഓരോ ആറ്റത്തിലും ഒരു പരിധി വരെ അന്തർലീനമാണെന്ന് തോന്നുന്നു. ഈ പ്രപഞ്ചവും വിചിത്രമാണ്, മനസ്സിന്റെ വളർച്ചയ്ക്ക് ആതിഥ്യമരുളുന്ന അതിന്റെ പ്രകൃതി നിയമങ്ങൾ കൊണ്ട്. മനസ്സും ദൈവവും തമ്മിൽ വ്യക്തമായ വേർതിരിവ് ഞാൻ കാണുന്നില്ല. നമ്മുടെ ഗ്രാഹ്യ പരിധിക്കപ്പുറത്തേക്കു പോകുമ്പോൾ മനസ് ആയിത്തീരുന്നതെന്തോ അതാണ് ദൈവം.”

ഭൗതികശാസ്ത്രജ്ഞനായ ജോർജ്ജ് സ്റ്റാൻ‌സിയുവും തത്ത്വചിന്തകനായ റോബർട്ട് ഓഗ്‌റോസും ചേർന്നെഴുതിയ The New Story of Science എന്ന പുസ്തകത്തിൽ പ്രകൃതിവാദികളുടെ അല്ലെങ്കിൽ  ഭൗതികവാദികളുടെ ലോകവീക്ഷണത്തിന് ശാസ്ത്രീയമോ ദാർശനികമോ ആയ ഒരു  പിന്തുണയും നൽകാതിരുന്നതിന്റെ കാരണം അവർ തന്നെ പറയുന്നുണ്ട്:

“In the New Story of Science the whole universe–including matter, energy, space, and time–is a one-time event and had a definite beginning. But something must have always existed; for if ever absolutely nothing existed, then nothing would exist now, since nothing comes from nothing. The material universe cannot be the thing that always existed because matter had a beginning.  It is 12 to 20 billion years old. This means that whatever has always existed is non-material. The only non-material reality seems to be mind. If mind is what has always existed, then matter must have been brought into existence by a mind that always was. This points to an intelligent, eternal being who created all things. Such a being is what we mean by the term God.”

“ദി ന്യൂ സ്റ്റോറി ഓഫ് സയൻസിൽ, ദ്രവ്യവും ഊർജ്ജവും സ്ഥലവും സമയവും ഉൾപ്പെടെ പ്രപഞ്ചം മുഴുവനും ഒറ്റത്തവണ ഉണ്ടായ ഒരു സംഭവമാണ്, അതിന് കൃത്യമായ ഒരു തുടക്കമുണ്ട്. എന്നാൽ എന്തെങ്കിലുമൊന്ന് എല്ലായ്പ്പോഴും അനിവാര്യമായി ഉണ്ടായിരിക്കണം; കാരണം എപ്പോഴെങ്കിലും ആത്യന്തികമായ ഇല്ലായ്മയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇല്ലായ്മയിൽ നിന്നു ഒന്നും ഉണ്ടാകുന്നില്ലല്ലോ. എല്ലായ്പ്പോഴും നില നിന്നിരുന്നതു ഭൗതിക പ്രപഞ്ചമാവാൻ പറ്റില്ല, കാരണം ദ്രവ്യത്തിന് ഒരു തുടക്കമുണ്ട്. അതിനു 12 മുതൽ 20 ബില്ല്യൺ വർഷം വരെയാണ് പഴക്കം. ഇതിനർത്ഥം ഭൗതികമല്ലാത്ത ഒന്നാണ് എല്ലായ്പ്പോഴും നിലവിലുണ്ടായിരുന്നത് എന്നാണ്. ഭൗതികമല്ലാത്ത ഒരേയൊരു യാഥാർത്ഥ്യം മനസ് മാത്രമാണെന്നു തോന്നുന്നു. എല്ലായ്‌പ്പോഴും നിലനിന്നിരുന്നതു മനസ്സാണ് എങ്കിൽ, എന്നും ഉണ്ടായിരുന്ന ഒരു മനസ്സാണ് ദ്രവ്യത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നത്. എല്ലാം സൃഷ്ടിച്ച ബുദ്ധിമാനും ശാശ്വതനുമായ ഒരു ഉണ്മയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉണ്മയെയാണ് നാം ദൈവം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.”

കാര്യങ്ങൾ ഇത്രയേറെ വ്യക്തമായിരുന്നിട്ടും നിരീശ്വരമതം നിലനിൽക്കുന്നതിനു പ്രത്യയശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. പ്രധാനമായും മുഖ്യധാരാ ജീവശാസ്ത്രത്തിന്റെ നിലപാടു അവർക്കു ശാസ്ത്രീയ പിന്തുണ നൽകുന്നുണ്ടെന്നവർ ചിന്തിക്കുന്നു. ആധുനിക ഭൗതികശാസ്ത്രം (physics) പകരുന്ന ഉൾക്കാഴ്ചകളെ അവഗണിച്ച് ഭൗതികവാദത്തിന്റെ (materialism) വീക്ഷണഗതിയാണ് മുഖ്യധാര ബയോളജിസ്റ്റുകൾ സ്വീകരിച്ചിരിക്കുന്നത്. എന്തിനു ഒന്നിനെ തള്ളി മറ്റേതു മാത്രം കൊള്ളണം? ബയോളജിയുടെയും ഫിസിക്സിന്റെയും ഏരിയ തന്നെയാണ് കാരണം. ശാസ്ത്രത്തെ തത്ത്വചിന്തയിൽ നിന്നും മതത്തിൽ നിന്നും വേർതിരിക്കുന്ന അതിർത്തിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ശാസ്ത്രശാഖ ഭൗതികശാസ്ത്രമാണ്. ബയോളജിയേക്കാൾ തത്വചിന്തയോടു വളരെ അടുത്തു നിന്നാണ് ഭൗതിക പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തെ ഫിസിക്സ് സമീപിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ യാഥാർത്ഥ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ, അല്ലെങ്കിൽ മുഖ്യമായ വശം കൈകാര്യം ചെയ്യുന്ന ശാസ്ത്ര ശാഖ ഭൗതികശാസ്ത്രമാണ്. ബയോളജി ഇതിനെ നേരിട്ടു പ്രശ്നവത്കരിക്കുന്നില്ല എന്നതു മാത്രമല്ല, 'നിരീശ്വരമായ' ചിന്താ സംസ്കാരത്തിൽ നിന്നാണ് അതു അനുമാനങ്ങളെ പിന്തുടരുന്നത്.

ശാസ്ത്രത്തിന്റെ ചിന്താ പദ്ധതിയേയും പ്രവര്‍ത്തന രീതിയേയും പറ്റി ആഴത്തിലുള്ള അവബോധം ഇല്ലാത്തവർക്കായി ഒരു കാര്യം കൂടി പറയാം, പണി പൂര്‍ത്തിയായ ഒരു കെട്ടിടമല്ല ശാസ്ത്രം. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ഒരിക്കലും പണി പൂര്‍ത്തിയാവാൻ ഇടയില്ലാത്ത ഒരു ഗോപുരം പേലെയാണത്. ശാസ്ത്രത്തില്‍ ഒന്നും അവസാന വാക്കല്ല. പുതിയ പുതിയ അന്വേഷണങ്ങളും ഉത്തരങ്ങളും നമ്മുടെ ധാരണകളെ തിരുത്തി കൊണ്ടേയിരിക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യുന്നു. അതിനു പകരം, ശാസ്ത്ര പുസതകങ്ങളിൽ എഴുതി വെച്ചിട്ടുള്ള കുറേ വിവരങ്ങളും സിദ്ധാന്തങ്ങളും എക്കാലത്തും മുറുക്കിപ്പിടിച്ചതു കൊണ്ടോ അപ്പടി വിഴുങ്ങിയതു കൊണ്ടോ അതു ശരിയാകണമെന്നില്ല. എന്തിനെയും 'സംശയിക്കുക' എന്നതാണ് ശാസ്ത്രത്തിന്റെ സംസ്കാരം. ഈ പശ്ചാത്തലത്തിൽ അനുമാനങ്ങൾ രൂപീകരിക്കുകയും അന്വേഷണങ്ങൾ നടത്തുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഇനി ശ്രദ്ധിക്കുക, ബയോളജിസ്റ്റുകളുടെ നിരയിൽ 'ദൈവത്തിന്റെ സാന്നിധ്യമില്ലായ്മ' എന്ന അനുമാനത്തിനു കിട്ടിയ സാംസ്കാരിക മുൻഗണനയാണ് (cultural preference) മുഖ്യധാരാ ബയോളജി ഭൗതികവാദത്തെ പിന്തുണക്കുന്നതിന്റെ ഒരേയൊരു കാരണം. ജീവൻ എന്ന പ്രതിഭാസത്തിന് വിശദീകരണങ്ങൾ നൽകുന്ന ഏർപ്പാടിലാണല്ലോ മുഖ്യമായും ബയോളജിസ്റ്റുകൾ. അതിനാൽ, ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തെ ജീവശാസ്ത്രജ്ഞർ വകവെക്കുന്ന പക്ഷം ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ് ജീവൻ എന്ന പ്രതിഭാസം എന്നു കൂടി അംഗീകരിക്കലാവുമത്. അത്തരമൊരു സമ്മതം / അംഗീകാരം ബയോളജിസ്റ്റുകൾ അസുഖകരമായി കാണുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. അതായത്, ജീവശാസ്ത്രത്തിലെ അന്വേഷണ പഠനങ്ങളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് പശ്ചാത്തലമായി സ്വീകരിച്ചിട്ടുള്ള തത്ത്വചിന്താപരമായ ഒരു അനുമാനം മാത്രമാണ് 'ദൈവത്തിന്റെ അസാന്നിധ്യം' - ജീവശാസ്ത്രത്തിന്റെ കൾചറൽ കോൺടെക്സ്റ്റ്. ഇതിനെ ഒരു ശാസ്ത്രീയ കണ്ടെത്തലായി അവതരിപ്പിക്കുകയാണ് നിരീശ്വര ജീവശാസ്ത്രജ്ഞർ ചെയ്യുന്നത്.

ഇക്കാര്യം ഹാർവാർഡ് യൂണിവേഴ്സിറ്റി ജനിതകശാസ്ത്രജ്ഞൻ റിച്ചാർഡ് സി. ലെവൊണ്ടിൻ ഏറ്റുപറഞ്ഞതു നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്: "ശാസ്ത്രത്തിന്റെ ചില സിദ്ധാന്തങ്ങൾ വ്യക്തമായ മണ്ടത്തരമായിട്ടും, ആരോഗ്യത്തെയും ജീവിതത്തെയും പറ്റിയുള്ള അതിരു കടന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിട്ടും, തെളിയിക്കപ്പെടാത്ത വെറും കഥകളോട് ശാസ്ത്ര സമൂഹം സഹിഷ്ണുത കാണിച്ചിട്ടും നാം ശാസ്ത്രത്തിന്റെ പക്ഷം പിടിക്കുന്നു, കാരണം, നമുക്ക് മുൻ‌കൂട്ടിയൊരു പ്രതിബദ്ധതയുണ്ട്, ഭൗതിക വാദത്തോടുള്ള പ്രതിബദ്ധത. ആശ്ചര്യകരമായ ലോകത്തെ കുറിച്ചുള്ള ഭൗതിക വിശദീകരണം സ്വീകരിക്കാൻ ശാസ്ത്രത്തിന്റെ രീതികളും സ്ഥാപനങ്ങളും എങ്ങനെയെങ്കിലും നമ്മെ നിർബന്ധിക്കുന്നു എന്നല്ല, നേരെ മറിച്ച്, നൈസർഗികമായ അവബോധങ്ങളോട് എത്ര തന്നെ എതിരായിരുന്നാലും, മുന്നറിവില്ലാത്തവർക്ക് എത്ര തന്നെ പുകമറ ഉണ്ടാക്കിയാലും, ഭൗതിക വിശദീകരണങ്ങൾ‌ ഉണ്ടാക്കുന്ന തരത്തിലുള്ള അന്വേഷണ ഉപകരണങ്ങളും സാമാന്യ സങ്കല്പങ്ങളും രൂപീകരിക്കുന്നതിന്, ഭൗതിക കാരണങ്ങളോടു നമ്മുടെ യുക്തി കാണിക്കുന്ന കൂറു മൂലം നാം നിർബന്ധിതരാകുന്നു എന്നാണ്. മാത്രമല്ല, ഭൗതികവാദം ഒരു പാരമ്യമാണ്, കാരണം നമുക്ക് വാതിൽക്കൽ 'ദൈവത്തിന്റെ കാൽ' അനുവദിക്കാൻ കഴിയില്ല” (cf: Religion and Science: An Introduction, Brendan Sweetman, page 81).

ആധുനിക ഭൗതികശാസ്ത്രവും മുഖ്യധാരാ ജീവശാസ്ത്രവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ പുരസ്കരിച്ച് യാലെ യൂണിവേഴ്സിറ്റി ബയോഫിസിസ്റ്റ് ഹരോൾഡ് ജെ. മൊറോവിറ്റ്സ് തന്റെ Rediscovering the Mind എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്:

“What has happened is that biologists, who once postulated a privileged role for the human mind in nature’s hierarchy, have been moving relentlessly toward the hard-core materialism that characterized nineteenth-century physics. At the same time, physicists, faced with compelling experimental evidence, have been moving away from strictly mechanical models of the universe to a view that sees the mind as playing an integral role in all physical events. It is as if the two disciplines were on fast-moving trains, going in opposite directions and not noticing what is happening across the tracks.”

“സംഭവിച്ചതെന്തെന്നാൽ, പ്രകൃതിയുടെ ശ്രേണിയിൽ മനുഷ്യ മനസ്സിന് ഒരു പ്രത്യേക പദവി നൽകിയിരുന്ന ജീവശാസ്ത്രജ്ഞർ, പത്തൊൻപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിന്റെ സവിശേഷതയായ സജീവ ഭൗതികവാദത്തിലേക്ക് അനുസ്യൂതം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. അതേസമയം, ഭൗതികശാസ്ത്രജ്ഞരാവട്ടെ, അനിഷേധ്യമായ പരീക്ഷണാത്മക തെളിവുകൾ അഭിമുഖീകരിച്ചതിനാൽ, പ്രപഞ്ചത്തിന്റ കണിശമായ യാന്ത്രിക മാതൃകകൾ എന്നതിൽ നിന്നു മാറി എല്ലാ ഭൗതിക സംഭവങ്ങളിലും മനസ് ഒരു അവിഭാജ്യ പങ്കുവഹിക്കുന്നു എന്നു വീക്ഷിക്കുന്ന ഒരു കാഴ്ചപ്പാടിലേക്ക് മാറുകയാണ്. ഇത്, രണ്ടു ശാസ്ത്ര ശാഖകളും അതിവേഗം സഞ്ചരിക്കുന്ന ട്രെയിനുകളിലിരിക്കുന്ന പോലെയാണ്, വിരുദ്ധ ദിശകളിലേക്ക് പോകുകയും ട്രാക്കുകളിൽ എന്താണ് സംഭവിക്കുന്നതെന്നു ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.”

ആധുനിക ഭൗതികശാസ്ത്രം പൂർണമായും തള്ളിക്കളഞ്ഞിട്ടും നിരീശ്വര ബയോളജിസ്റ്റുകളെ പോലെയുള്ളവർ ഇപ്പോഴും ഭൗതികവാദത്തിൽ ഒട്ടിപ്പറ്റി നിൽക്കുന്നത് എന്തുകൊണ്ടാണെന്നു ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റി വിശദീകരിക്കുന്നത് നടേ പരാമർശിച്ചതാണ്. അതു കൂടി ആവർത്തിച്ച് ഉദ്ധരിക്കാൻ വായനക്കാർ എന്നെ അനുവദിക്കണം: "എന്തുകൊണ്ടാണ് 'മനസ് ഇല്ലാത്ത ഒരു യാഥാർഥ്യത്തിലുള്ള' വിശ്വാസത്തിലേക്ക് ആളുകൾ ഇത്ര വീറോടെ അളളിപ്പിടിച്ചു കൂടുന്നത്? തീർച്ചയായും അതിനു കാരണം, അത്തരമൊരു യാഥാർത്ഥ്യം ഇല്ലെങ്കിൽ - നമുക്ക് അറിയാവുന്നിടത്തോളം ആത്യന്തികമായി മനസ് മാത്രമാണല്ലോ നിലനിൽക്കുക - മനസ് യഥാർഥ ദ്രവ്യത്തിന്റെ ഉൽ‌പ്പന്നമല്ലെന്നും പ്രത്യുത, ഭൗതിക യാഥാർഥ്യം എന്ന മിഥ്യയുടെ സ്രഷ്ടാവാണ് എന്നും വെച്ചാൽ (വാസ്തവത്തിൽ, ഭൗതികവാദികളെ മാറ്റി നിർത്തിയാൽ, 1925 ൽ ക്വാണ്ടം മെക്കാനിക്സ് കണ്ടെത്തിയതു മുതൽ അങ്ങനെത്തന്നെയാണ് അറിയപ്പെട്ടു പോരുന്നത്) പിന്നെ നമ്മുടെ നിലനിൽപ്പിനെപ്പറ്റി ദൈവശാസ്ത്രപരമായ വീക്ഷണം മാത്രമാണ് സോളിപ്സിസത്തിന്റെ യുക്തിസഹമായ ഒരേയൊരു ബദൽ. ['അഹം' മാത്രമാണ് നിലനിൽക്കുന്നതായി അറിയാവുന്നത് എന്ന വീക്ഷണം അല്ലെങ്കിൽ സിദ്ധാന്തം എന്നാണ് 'സോളിപ്സിസം' നിർവചിക്കപ്പെടുന്നത്.]"

ഭൗതികവാദം / മെറ്റീരിയലിസം തന്നെയാണ് നിരീശ്വരവാദ ലോകവീക്ഷണത്തിന്റെ മൗലികഘടകം. നിരീശ്വരവാദത്തിനു നിലനിന്നു പോകാൻ, മനസില്ലാത്ത ദ്രവ്യത്തിന്റെ ഉൽ‌പന്നമായിരിക്കണം മനസ് എന്ന 'അറ്റകൈ വിശ്വാസം' വേണം. അതിനാൽ നിരീശ്വരമതക്കാർ തങ്ങളുടെ വിശ്വാസ സമ്പ്രദായം തകരാതിരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രത്തിനിപ്പുറത്തേക്കു വരാതെ അതിൽ തന്നെ അള്ളിപ്പിടിച്ചു നിൽക്കുകയാണ്. പോരാത്തതിന്, ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകളെ അവഗണിക്കുകയോ പുച്ഛിച്ചു തള്ളുകയോ യുക്തിവിരുദ്ധമാക്കി ചിത്രീകരിക്കുകയോ ചെയ്യുന്നു. ദ്രവ്യമല്ലാതെ മറ്റൊന്നുമില്ലെന്ന ഭൗതികവാദമാണ് നിരീശ്വര ജീവശാസ്ത്രജ്ഞരുടെ 'ഒറ്റപ്പെട്ട ദ്വീപിലെ'
കൾചറൽ കോൺടെക്സ്റ്റ്. ഓക്സ്ഫോർഡ്, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റികളിലെ ബയോളജി പ്രൊഫസർ ലിൻ മർഗുലിസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ: "ആളുകൾ എല്ലായ്‌പ്പോഴും  'സത്യം' എന്ന അമൂർത്തമായ സങ്കൽപ്പത്തേക്കാൾ തങ്ങളുടെ ജാതി വിഭാഗത്തോട് കൂടുതൽ കൂറു കാണിക്കുന്നവരാണ് - ശാസ്ത്രജ്ഞർ പ്രത്യേകിച്ചും. അങ്ങനെയായില്ലെങ്കിൽ അവർ തൊഴിലില്ലാത്തവരാകും. ഒരാളുടെ അധ്യാപകരെയോ സാമൂഹിക നേതാക്കളെയോ നിരന്തരം എതിർക്കേണ്ടി വരുന്നത് തൊഴിൽപരമായ ആത്മഹത്യയാണ്."


No comments:

Post a Comment