ജനിതക കോഡ് അക്ഷരാർത്ഥത്തിൽ ഒരു മനുഷ്യഭാഷ പോലെയാണ് എന്ന കാര്യം നിരീശ്വരവാദികൾക്ക് ഏറ്റവും അരോചകമായ സത്യമാണ്. ഇതൊരു രൂപകം അല്ലെങ്കിൽ ഉപമ മാത്രമാണ് എന്നു പറയാനാണ് അവർക്കിഷ്ടം! എന്നാൽ, പെറി മാർഷൽ തന്റെ Evolution 2.0 എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചതു പോലെ, ജനിതക ഭാഷയെ ജീവജാലങ്ങളെ മനസ്സിലാക്കാനുള്ള ഒരു പ്രാഥമിക ലെൻസായിട്ടു കാണുന്ന ഒരു പഠനശാഖ തന്നെയുണ്ട് ബയോളജിയിൽ; ബയോസെമിയോട്ടിക്സ്. ജനിതക കോഡ് കേവലം രൂപകാലങ്കാരമല്ല, പ്രത്യുത അക്ഷരാർത്ഥത്തിൽ ഒരു ഭാഷയാണ് എന്നതിനുള്ള ശാസ്ത്രീയ കാരണങ്ങളും മാർഷൽ നിരത്തുന്നുണ്ട്.
അമേരിക്കയിലെ Rutgers University പ്രൊഫസർ ഡോ. സുങ്‌ചുൽ ജിയുടെ പ്രശസ്തമായ The Linguistics of DNA: Words, Sentences, Grammar, Phonetics, and Semantics എന്ന പ്രബന്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്: Biologic systems and processes cannot be fully accounted for in terms of the principles and laws of physics and chemistry alone, but they require in addition the principles of semiotics— the science of symbols and signs, including linguistics - “ഭൗതിക ശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും തത്വങ്ങളും നിയമങ്ങളും മാത്രം കണക്കിലെടുത്ത് ജൈവശാസ്ത്ര വ്യവസ്ഥകളെയും പ്രക്രിയകളെയും പൂർണ്ണമായി വിശദമാക്കാൻ കഴിയില്ല, മറിച്ച് അവയ്ക്കു പുറമെ, ഭാഷാശാസ്ത്രം ഉൾപ്പെടെ, ചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും ശാസ്ത്രമായ സെമിയോട്ടിക്സിന്റെ തത്വങ്ങളും ആവശ്യമാണ്.”
മനുഷ്യ ഭാഷയുടെ പതിമൂന്നു സവിശേഷതകൾ സുങ്‌ചുൽ ജി വേർതിരിച്ചു പറയുന്നുണ്ട്. അവയിൽ പത്തെണ്ണവും ഡിഎൻഎക്കുമുണ്ട്! സെല്ലുകളെ ഡിഎൻഎ എഡിറ്റു ചെയ്യുന്നു. അവ പരസ്പരം സിഗ്നലുകളയക്കുന്നു. ആശയ വിനിമയം നടത്തുന്നു. അദ്ദേഹം “സെല്ലീസ്” എന്ന് വിളിക്കുന്ന ഒരു ഭാഷയിൽ അക്ഷരാർത്ഥത്തിൽ സംസാരിക്കുകയും ചെയ്യുന്നു! തുടർന്ന് അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: a self-organizing system of molecules, some of which encode, act as signs for, or trigger, gene-directed cell processes - “തന്മാത്രകളുടെ ഒരു സ്വയം-ക്രമീകരണ സംവിധാനം, അവയിൽ ചിലത് എൻകോഡു ചെയ്യുന്നു, ജീനുകളാൽ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന കോശ പ്രക്രിയകളുടെ അടയാളങ്ങളായി വർത്തിക്കുന്നു, അല്ലെങ്കിൽ അവയെ പ്രവർത്തന ക്ഷമമാക്കുന്നു.”
കോശഭാഷയും മനുഷ്യഭാഷയും തമ്മിലുള്ള ഈ സാദൃശ്യം വെറും ഒരു അഴകൊഴമ്പൻ രീതിയിലാണെന്നു വിചാരിക്കരുത്; വളരെ ഔപചാരികവും അക്ഷരീയവുമാണത്. ഈ രണ്ടു ഭാഷകളിലും ഒന്നിലധികം വരികളുള്ള ചിഹ്നങ്ങൾ / അക്ഷരങ്ങൾ ഉപയോഗിക്കുന്നു. ഡോ. സുങ്‌ചുൽ ജി തന്റെ പ്രബന്ധത്തിൽ ഈ സാമ്യത വിശദീകരിക്കുന്നുണ്ട്: Bacterial chemical conversations also include assignment of contextual meaning to words and sentences (semantic) and conduction of dialogue (pragmatic)— the fundamental aspects of linguistic communication - “സൂക്ഷ്മാണു തലത്തിലുള്ള രാസ സംഭാഷണങ്ങളിൽ ഭാഷാപരമായ ആശയ വിനിമയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ വാക്കുകൾക്കും വാക്യങ്ങൾക്കും സന്ദർഭോചിതമായ അർത്ഥം നൽകൽ (സെമാന്റിക്), സംഭാഷണ രൂപത്തിൽ ഒരുക്കൽ (പ്രാഗ്മാറ്റിക്) എന്നിവ ഉൾപ്പെടുന്നു.”
നമുക്കറിയാം, ആശയ സംവേദനം സാധ്യമാവുന്ന രീതിയിൽ ഒരു ഭാഷയുടെ നിയമങ്ങളുനുസരിച്ച് അക്ഷരങ്ങൾ പോലെയുള്ള ചിഹ്നങ്ങളുടെ വ്യവസ്ഥാപിതമായ ക്രമീകരണം ബുദ്ധിശൂന്യമായ ഭൗതിക, രാസ പ്രക്രിയകളാൽ നിർവഹിക്കാൻ കഴിയുമെന്ന് തത്വത്തിൽ പോലും പറയാൻ പറ്റില്ല. ജർമൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്നോളജിയിൽ ഡയറക്ടറും പ്രൊഫസറും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ മേധാവിയുമായിരുന്ന വെർണർ ഗിറ്റിന്റെ Without Excuse എന്ന പുസ്തകം ഇവിടെ പരാമർശം അർഹിക്കുന്നു. ഇതിൽ “യൂണിവേഴ്സൽ ഇൻഫർമേഷൻ” (യുഐ) എന്നു അദ്ദേഹം പരിചയപ്പെടുത്തുന്ന ഒരു പരികല്പനയുടെ പ്രതിനിധാനം ജീവന്റെ ഭാഷയായ ജനിതക കോഡുകൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്:
Universal Information is always an abstract representation of some other existing entity. Universal Information is never the item (object) or the fact (event, idea) itself but rather the coded symbols serve as a substitute for the entities that are being represented. Different languages often use different sets of symbols and usually different symbol sequences to represent the same material object or concept. Consider the following examples:
-The words in a newspaper, consisting of a sequence of letters, substitute for an event that happened at an earlier time and in some other place,
-The words in a novel, consisting of sequences of letters, substitute for characters and their actions,
-The notes of a musical score substitute for music that will be played later on musical instruments,
-The chemical formula for benzene substitutes for the toxic liquid that is kept in a flask in a chemistry laboratory,
-The genetic codons (three-letter words) of the DNA molecule substitute for specific amino acids that are bonded together in a specific sequence to form a protein.
യൂണിവേഴ്സൽ ഇൻഫർമേഷൻ എന്നാൽ നിലവിലുള്ള മറ്റേതെങ്കിലും വസ്തുവിന്റെ അമൂർത്തമായ പ്രാതിനിധ്യമാണ്. യൂണിവേഴ്സൽ ഇൻഫർമേഷൻ ഒരിക്കലും അപ്പടി ഒരു വസ്തുവോ (പദാർഥം) വസ്തുതയോ (സംഭവം, ആശയം) ആയിരിക്കില്ല, മറിച്ച്, പ്രതിനിധാനം ചെയ്യപ്പെടുന്ന വസ്തുക്കളുടെ പകരമായി വർത്തിക്കുന്ന കോഡഡ് സിംബലുകളാണ്. ഒരേ ഭൗതിക വസ്തുവിനെയോ ആശയത്തെയോ പ്രതിനിധീകരിക്കുന്നതിന് വിവിധ ഭാഷകൾ പലപ്പോഴും വ്യത്യസ്തമായ ചിഹ്നങ്ങളുടെ വർഗങ്ങളും, സാധാരണഗതിയിൽ വ്യത്യസ്ത ചിഹ്ന ശ്രേണികളും ഉപയോഗിക്കാറുണ്ട്. താഴെ പറയുന്ന ഉദാഹരണങ്ങൾ പരിഗണിക്കുക:
- ഒരു പത്രത്തിലെ വാക്കുകൾ, അതുൾക്കൊള്ളുന്ന അക്ഷരങ്ങളുടെ ഒരു ശ്രേണി, മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും സ്ഥലത്തു നടന്ന ഒരു സംഭവത്തിനു പ്രതിനിധാനമായി വർത്തിക്കുന്നു.
- ഒരു നോവലിലെ വാക്കുകൾ, അതുൾക്കൊള്ളുന്ന അക്ഷരങ്ങളുടെ ശ്രേണികൾ, കഥാപാത്രങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും പ്രതിനിധാനമായി വർത്തിക്കുന്നു.
- ഒരു സംഗീതം ചിട്ടപ്പെടുത്തുന്നതിനുള്ള കുറിപ്പുകൾ, പിന്നീടെപ്പോഴെങ്കിലും സംഗീതോപകരണങ്ങളിൽ പ്ലേ ചെയ്യപ്പെടാനുള്ള സംഗീതത്തിന്റെ പ്രതിനിധാനമായി വർത്തിക്കുന്നു.
- ബെൻസീനിന്റെ രാസ സമവാക്യം, ഒരു രസതന്ത്ര പരീക്ഷണശാലയിലെ ഫ്ലാസ്കിൽ സൂക്ഷിച്ചിരിക്കുന്ന വിഷ ദ്രാവകത്തിന് പ്രതിനിധാനമായി വർത്തിക്കുന്നു.
- ഡിഎൻഎ തന്മാത്രയുടെ ജനിതക കോഡണുകൾ (ത്രയാക്ഷര പദങ്ങൾ), ഒരു പ്രോട്ടീൻ രൂപപ്പെടുന്നതിനായി ഒരു പ്രത്യേക ശ്രേണിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്ന നിർദ്ദിഷ്ട അമിനോ ആസിഡുകൾക്ക് പ്രതിനിധാനമായി വർത്തിക്കുന്നു (Without Excuse, page 73).
ഇതു പോലെയുള്ള ഏതെങ്കിലുമൊരു കോഡിലോ ഭാഷയിലോ ഉള്ള ചിഹ്നങ്ങൾ അവകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ആശയങ്ങളുടെ പ്രതിനിധാനമായി വർത്തിക്കുന്നത് (substitutive function) ചിന്തയും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ ബോധപൂർവമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ സജ്ജീകരിക്കാൻ കഴിയൂ. മാത്രമല്ല, നടേ വിശദീകരിച്ചിട്ടുള്ള പോലെ ഇത്തരം ചിഹ്നങ്ങൾക്ക് ഏതെങ്കിലും ആശയത്തെ പ്രതിനിധീകരിക്കുന്ന അർഥ കല്പന നടത്തുന്നത് 'ഒരാളുടെ' പൂർണ്ണമായും ഏകപക്ഷീയവും ഐച്ഛികവുമായ തീരുമാനമാണ്, അല്ലാതെ ആ ചിഹ്നങ്ങൾക്കു പ്രകൃത്യാ ഉള്ള ഗുണമല്ല. പ്രതീകാത്മക പ്രാതിനിധ്യം തീർച്ചയായും ഒരു മാനസിക പ്രക്രിയയാണ്. ഇക്കാര്യം ഇൻഫർമേഷൻ സയന്റിസ്റ്റായ ഹെന്റി ക്വാസ്റ്റ്‌ലർ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്: “ബോധപൂർവമായ പ്രവർത്തനവുമായാണ് പുതിയ വിവരങ്ങളുടെ സൃഷ്ടിപ്പ് പ്രകൃതിപരമായി ബന്ധപ്പെട്ടിരിക്കുന്നത്.”
ഈ വസ്തുതകളെയെല്ലാം നിക്ഷ്പക്ഷമായി നിരീക്ഷിക്കുന്ന, നിരീശ്വരവാദത്തോടു മുൻവിധികളോടെയുള്ള അന്ധമായ പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലർത്തുന്നവരല്ലാത്ത എല്ലാ ജീവശാസ്ത്രജ്ഞരും ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ബുദ്ധിയും ബോധവുമുള്ള ഒരാളുടെ ആസൂത്രണമുണ്ടെന്ന് അംഗീകരിക്കുന്നു. ചിലരതിനെ മനസ് (mind) എന്നാണ് പരിചയപ്പെടുത്തുന്നതെങ്കിലും അത്രയെങ്കിലും അംഗീകരിക്കാതെ നിവൃത്തിയില്ല എന്ന് അവരുടെ ബൗദ്ധിക സത്യസന്ധത നിർബന്ധിക്കുന്നുണ്ട്. ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതാണ് ക്വാണ്ടം ബയോളജി സിമ്പോസിയത്തിൽ പങ്കെടുത്ത് നോബൽ സമ്മാന ജേതാവായ ഹാർവാർഡ് യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് ജോർജ്ജ് വാൾഡ് നടത്തിയ പ്രഭാഷണം. നേരത്തേ ഉദ്ധരിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.
അമൂർത്തവും പ്രതീകാത്മകവുമായ ചിഹ്നങ്ങളുടെ പ്രാതിനിധ്യം നന്നായി ഉപയോഗിക്കുന്ന ജനിതക കോഡുകൾ കമ്പ്യൂട്ടർ ഭാഷയുമായി പൂർണാർഥത്തിൽ സാമ്യത പുലർത്തുന്നതാണ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എഴുതുന്നു: Human DNA is like a computer program but far, far more advanced than any we’ve ever created - “മനുഷ്യരുടെ ഡിഎൻഎ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെയാണ്, പക്ഷേ നമ്മൾ ഇതുവരെ സൃഷ്ടിച്ചതിനേക്കാളെല്ലാം വളരെ, വളരെയധികം ഉയർന്ന നിലവാരമുള്ളതാണത്” (Bill Gates, The Road Ahead, page 228). സ്വാഭാവികമായ ഭൗതിക പ്രക്രിയകൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനോട് സാമ്യമുള്ള ഒന്നും സൃഷ്ടിക്കുന്നില്ല.
ഇൻഫർമേഷൻ ദ്രവ്യമോ ഊർജ്ജമോ അല്ല എന്നതിനെ അവഗണിക്കുന്ന ഒരു ഭൗതികവാദത്തിനും ഒറ്റ ദിവസം പോലും ആയുസുണ്ടാകില്ലെന്നു പറഞ്ഞ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ നോർബെർട്ട് വീനറുടെ വാചകങ്ങൾ ഉദ്ധരിച്ച് ജർമൻ ശാസ്ത്രജ്ഞൻ വെർണർ ഗിറ്റ് തന്റെ In the Beginning Was Information എന്ന പുസ്തകത്തിൽ നൽകിയ ദീർഘമായ വിശദീകരണം നാം മുമ്പുദ്ധരിച്ചിട്ടുണ്ട്, വായനക്കാർ ഇവിടെയും ചേർത്തു വായിക്കുമല്ലോ. ഇൻഫർമേഷനു സ്വതന്ത്രവും മൗലികവുമായ അസ്തിത്വം ഉള്ളതിനാൽ വെറും ഭൗതിക പ്രക്രിയകളെ അതിന്റെ സ്രോതസായി കാണുന്നത് ശുദ്ധമായ വിഡ്ഢിത്തമാണെന്നാണ് അതിന്റെ രത്നച്ചുരുക്കം.
നിരീശ്വരവാദം ജീവോത്പത്തിയെ വിശദീകരിക്കാൻ ബുദ്ധിശൂന്യമായ ഭൗതിക പ്രക്രിയകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, അത്തരം ബുദ്ധിശൂന്യമായ പ്രക്രിയകൾക്ക് ഒരിക്കലും ജനിതക കോഡ് പോലെയുള്ള മനുഷ്യഭാഷയോടു സമാനമായ വ്യവസ്ഥാപിതമായ ഒരു ഭാഷ ഉണ്ടാക്കാൻ സാധിക്കില്ലല്ലൊ എന്നത് നിരീശ്വരവാദം നേരിടുന്ന പരിഹരിക്കാനാവാത്ത ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഒരു പത്രത്തിന്റെ മഷിയുടെയും പേപ്പറിന്റെയും രസതന്ത്രത്തിന് അതിലെ വാക്കുകളുടെയും അക്ഷരങ്ങളുടെയും ക്രമീകരണം വിശദീകരിക്കാൻ കഴിയാത്ത പോലെ, ഒരു ഡിഎൻഎ തന്മാത്രയുടെ രസതന്ത്രത്തിന് അതിലെ അക്ഷരങ്ങളുടെ ക്രമീകരണം വിശദീകരിക്കാൻ കഴിയില്ല. ഭൗതിക രസതന്ത്രത്തിലെ ശ്രദ്ധേയമായ സൈദ്ധാന്തിക സംഭാവനകളിലൂടെ പ്രശസ്തനായ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഫിസിക്കൽ കെമിസ്ട്രി വിഭാഗം മുൻ ചെയർമാൻ മൈക്കൽ പോളാനി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:
As the arrangement of a printed page is extraneous to the chemistry of the printed page, so is the base sequence in a DNA molecule extraneous to the chemical forces at work in the DNA molecule. It is this physical indeterminacy of the sequence that produces the improbability of occurrence of any particular sequence and thereby enables it to have meaning–a meaning that has a mathematically determinate information content - "ഒരു അച്ചടിച്ച പേജിന്റെ ക്രമീകരണം ആ പേജിന്റെ രസതന്ത്രത്തിന് പുറമെയുള്ളതാണെന്ന പോലെ, ഒരു ഡിഎൻഎ തന്മാത്രയിലെ അടിസ്ഥാന ശ്രേണി, ആ ഡിഎൻഎ തന്മാത്രയിൽ പ്രവർത്തിക്കുന്ന രാസശക്തികൾക്ക് പുറമെയുള്ളതാണ്. ശ്രേണിയുടെ ഈ ഭൗതിക അനിശ്ചിതത്വമാണ് ഏതെങ്കിലും പ്രത്യേക ശ്രേണി സംഭവിക്കുന്നതിനു അസംഭവ്യത ഉളവാക്കുകയും അതുവഴി അർത്ഥമുണ്ടാക്കാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നത് - അതായത് ഗണിത ശാസ്ത്രപരമായി നിർണ്ണയിക്കാവുന്ന വിവരങ്ങളുടെ ഉള്ളടക്കമുള്ള ഒരു അർത്ഥം (Michael Polanyi, Life’s Irreducible Structure. Source: Science, Jun. 21, 1968, pp. 1308-1312).
ബുദ്ധിശൂന്യമായ, ഭൗതികമോ രാസപരമോ ആയ പ്രക്രിയകൾക്ക് ഒരു പത്രത്തിൽ ലേഖനം എഴുതാൻ കഴിയുമെന്ന് വാദിക്കുന്നത് എത്രമാത്രം അസംബന്ധമാണോ അതു പോലെയാണ് അത്തരം പ്രക്രിയകൾക്ക് ഒരു ഡിഎൻഎ ശ്രേണി ഉണ്ടാക്കാൻ കഴിയുമെന്ന് വാദിക്കുന്നതും. അൾട്രാ എലൈറ്റ് നിരീശ്വരവാദികളായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റിച്ചാർഡ് ഡോക്കിൻസ് (ദി ഗോഡ് ഡെല്യൂഷന്റെ രചയിതാവ്), ഫ്രാൻസിസ് ക്രിക്ക് (ഡിഎൻഎ ഇരട്ട-ഹെലിക്‌സിന്റെ കണ്ടെത്തലിലെ പങ്കാളി എന്ന നിലയിൽ പ്രശസ്തൻ) എന്നിവർക്കെല്ലാം തീർച്ചയായും ഇതറിയാം. അതിനാലാണ് ബഹിരാകാശ പേടകത്തിൽ കയറി അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്ക് ജീവൻ കൊണ്ടുവന്നതെന്ന് അവർ അനുമാനിക്കേണ്ടി വരുന്നത്.
പറഞ്ഞു വന്നത്, ക്രൈസ്തവ ദൈവശാസ്ത്ര ഭാഷ്യകാരൻമാർ പരിചയപ്പെടുത്തിയതു പോലെ ദൈവം എന്നത് കേവലം 'ഗോഡ് ഓഫ് ദി ഗ്യാപ്സ്' അല്ല. മറിച്ച്, നമ്മുടെ ശാസ്ത്രീയ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോധ്യമാണ്. എന്താണ് ജീവന്റെ ഉറവിടം എന്ന ചോദ്യത്തിന് ബൗദ്ധിക സത്യസന്ധത പുലർത്തുന്ന നിരീശ്വര വാദികൾക്കു മുമ്പിൽ, നിലത്തു വീണ തെങ്ങിൻ പട്ടയിൽ ചവിട്ടിയ മാതിരി, പിന്നെയും 'മനസ്' തന്നെ ഉയർന്നു വരുന്നു! സൂപർ ഇന്റലിജന്റായ ഒരു മനസ് (mind) ആണ് ജീവൻ സൃഷ്ടിച്ചത്!! അതിനെ 'ദൈവം' എന്നു വിളിക്കാൻ അവർ തയ്യാറല്ല!!! ഹാസ്യദ്യോതകമായി പറഞ്ഞാൽ, ഇതായിരിക്കുമോ സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞ the return of the repressed - “അടിച്ചമർത്തപ്പെട്ടതിന്റെ മടങ്ങിവരവ്”?!
No comments:
Post a Comment