Saturday, March 21, 2020

നിർഭയ : ഇസ്‌ലാമിക് ക്രിമിനോളജിയെ വിമർശിച്ചവരുടെ ആത്മനൊമ്പരങ്ങൾ

നിർഭയ കേസിൽ നീതി ലഭിച്ചുവെന്നാണ് ഇന്നും ഇന്നലെയും ധാരാളം പേർ എഴുതിയത്. ഏഴു വർഷത്തെ നിയമപോരാട്ടത്തിന്റെ നാൾവഴികളടക്കമാണ് മാധ്യമങ്ങൾ റിപ്പോർട്ടെഴുതിയത്. വധശിക്ഷ നടപ്പിലാക്കിയത് പുലർച്ചെയായിട്ടും തീഹാർ ജയിലിനു പുറത്തു നൂറു കണക്കിനാളുകൾ തടിച്ചുകൂടി ആരവം മുഴക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തത്രെ. നാലു പേരെ കൊന്നത് മാനവികതക്കെതിരായി ആർക്കും തോന്നിയില്ല! 

പലരുടെയും കപടമുഖം കൂടിയാണ് നിർഭയക്കേസ് വലിച്ചു ചീന്തിയത്. ഇസ്‌ലാമിക് ക്രിമിനോളജി ക്രൂരം, കാടത്തം എന്നു ഓരിയിട്ടു നടന്നവരാണ് നിർഭയക്കേസിലെ വിധിയുടെ മാനവികതയെ വാനോളം വാഴ്ത്തുന്നത്. വിമർശിക്കുന്ന പലർക്കും എന്താണ് ഇസ്‌ലാമിന്റെ നിലപാട് എന്നു പോലും അറിയില്ലെന്നതു വിരോധാഭാസമാണ്.

വ്യഭിചാരക്കുറ്റം തന്നെ പറയട്ടെ. വ്യഭിചാരത്തിനു വധശിക്ഷയാണു ഇസ്‌ലാമിൽ എന്നു മാത്രമേ പലർക്കും അറിയൂ. എല്ലാ വ്യഭിചാരികൾക്കും അതുണ്ടോ, എപ്പോഴാണ് ശിക്ഷിക്കുക എന്നൊന്നും പലർക്കും അറിയുക പോലുമില്ല!! ഒരു കാര്യം ഉറപ്പാണ്; വിമര്‍ശനങ്ങളുടെ കപടനാട്യങ്ങൾ കൊണ്ട് മറച്ചുവെക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഇസ്‌ലാമിക നിയമങ്ങള്‍ മാനവികമാണെന്ന സത്യം വിമർശകർ അംഗീകരിക്കേണ്ടി വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നിർഭയ വിധി.

ഇസ്‌ലാമിക് ക്രിമിനോളജി സംബന്ധിച്ചു സാമാന്യം ദീർഘമായ ഒരു പ്രബന്ധം 2008 ൽ സുന്നി വോയ്സ് ദ്വൈവാരികയുടെ അനേകം ലക്കങ്ങളിൽ ഖണ്ഡശ:യായി എഴുതിയിട്ടുണ്ട്. സന്ദർഭവശാൽ ഇന്നു വരെ പുസ്തകമാക്കാൻ ഒത്തിട്ടില്ല. ഈ കുറിപ്പ് നിർഭയക്കേസിന്റെ പശ്ചാത്തലത്തിൽ വ്യഭിചാരക്കുറ്റത്തിന്റെ കാര്യത്തിൽ ഇസ്‌ലാമിന്റെ നിലപാട് അറിയാത്തവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. 

മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യമാണ് ലൈംഗികാസക്തിയുടെ പൂർത്തീകരണം. അതിന്റെ ലളിതവും സുരക്ഷിതവും മാതൃകാപരവുമായ മാധ്യമമായി ഇസ്‌ലാം വിവാഹത്തെ നിശ്ചയിച്ചിരിക്കുന്നു. വിവാഹം എന്ന കർമ്മം പ്രയാസ രഹിതമായ ഒരു ഉടമ്പടിയാണ്. ഒരു സ്ത്രീയിൽ മാത്രം തങ്ങളുടെ ലൈംഗിക തൃഷ്ണക്ക് ശമനം കാണാനാവാത്തവർക്ക് ഇതര സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിട്ടുണ്ട്. ധാർമിക ശീലങ്ങളും സാംസ്കാരിക ഗുണവശങ്ങളും നിലനിർത്തുന്നതിനു വേണ്ടിയാണ് ഹലാലിന്റെ വൃത്തം ഇങ്ങനെ വിശാലമാക്കിയിരിക്കുന്നത്. 

ഇനിയും, മനുഷ്യ മനസ്സിനെ മൃഗീയ വാസനകളുടെ ദുഃസ്വാധീനങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് പരസ്ത്രീ പുരുഷന്മാരുടെ നിർബാധമുള്ള ഇടപഴകലുകളെ കർശനമായ അതിർവരമ്പുകൾ നിശ്ചയിച്ച് നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു. മേനി കാട്ടിയും ചമഞ്ഞൊരുങ്ങിയും വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വിധം അന്യപുരുഷന്മാർക്കു മുമ്പിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് കടുത്ത ഭാഷയിൽ ഹറാമാണെന്ന് വിധിക്കുകയും ഒട്ടും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിലൊഴികെ പുറത്തിറങ്ങിക്കൂടായെന്ന് സ്ത്രീകളെ ശാസിക്കുകയും ചെയ്യുന്നു. അശ്ലീലച്ചുവയുള്ള ഏതുതരം ആഭാസങ്ങളെയും മാറ്റിവെക്കുകയും മൃദുല വികാരങ്ങളുണർത്തുന്ന സംഗീതങ്ങളുടെ ആസ്വാദനം പോലും അരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട് മതം. ബാലെ മുതൽ കാബറെ വരെയുള്ള നൃത്താഭാസങ്ങളെ സ്ത്രീ സ്വാതന്ത്യത്തിന്റെയും ഫെമിനിസത്തിന്റെയും പേരിൽ തലയിലേറ്റുന്ന മോഡേൺ കൾച്ചർ ഇസ്‌ലാമിന് അന്യമാണ്. സൗന്ദര്യ മത്സരം മുതൽ ചുംബന മത്സരം വരെ നീളുന്ന ആഭാസങ്ങളും മോഡലുകളും കാൾഗേൾസും പബ്ഹൗസുകളും ഇസ്‌ലാമിക സമൂഹത്തിൽ ഒരു വിധേനയും അനുവദിക്കപ്പെടുന്നില്ല. സ്വന്തം മേനിയും മെയ്യഴകും വിൽപനച്ചരക്കല്ലായെന്ന വിശ്വാസവും ധാർമിക ബോധവും നിലനിർത്താൻ ആവശ്യമായ ശിക്ഷണ, അധ്യയന മാർഗങ്ങളുടെ ഫലപ്രദമായ പ്രയോഗവൽക്കരണം ഉറപ്പു വരുത്തുക കൂടി ചെയ്യുന്നു. 

ഇതെല്ലാമായിട്ടും 'നാലാൾ' കാൺകെ അവിഹിത
ലൈംഗികവേഴ്ചക്ക് ധൈര്യപ്പെടുന്നവർ സമൂഹത്തിന്റെ സദാചാര ശീലങ്ങളെ ധിക്കരിക്കുകയും ധാർമിക പാഠങ്ങളെ വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ഒരാൾക്കെതിരെ ഉന്നയിക്കപ്പെടുന്ന വ്യഭിചാരാരോപണം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടാത്ത പക്ഷം ഉന്നയിച്ചയാൾക്ക് എൺപതു അടി പരസ്യശിക്ഷ വിധിക്കപ്പെടും! അത്തരമൊരു സാഹചര്യത്തിൽ നാലു ദൃക്സാക്ഷികൾക്ക് ശരിയായി ബോധ്യപ്പെടുന്ന വിധം അവിഹിത വേഴ്ചയിലേർപ്പെടുന്നവർ സമൂഹത്തിന്റെ ധാർമിക ഭദ്രത തകർക്കുന്നുവെന്നതിനാൽ മാതൃകാ നടപടികൾ സ്വീകരിക്കപ്പെടണം. കേവലം കുറ്റവാളിയെ ശിക്ഷിക്കുന്നതു മാത്രമല്ല ലക്ഷ്യം. പ്രത്യുത, വിഹിത വഴികളെ ലംഘിച്ച് സദാചാര വിരുദ്ധമായ വേഴ്ചകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് താക്കീതു നൽകൽ കൂടിയാണ്.

ശിക്ഷയുടെ പ്രകാരങ്ങൾ

ഇസ്‌ലാമിക് ക്രിമിനോളജി പ്രതിക്ക് ശിക്ഷ ഉറപ്പു വരുത്തുക എന്നതിനല്ല, നീതി ഉറപ്പുവരുത്തുക എന്നിടത്താണ് ഊന്നൽ നൽകുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കാനുള്ള പഴുതുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതി പ്രവാചക തിരുമേനി സ്വ. ഏറെ അവലംബിച്ചത് വ്യഭിചാരിക്കു വധശിക്ഷ നടപ്പാക്കുന്നിടത്താണ്. ഒരു കാരണവശാലും ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കപ്പെട്ടു കൂടാ എന്ന തത്വദീക്ഷയാണതിന്റെ പിന്നിൽ. അതേസമയം, തെളിയിക്കപ്പെടുന്ന കുറ്റത്തിന് മാതൃകാ നടപടി സ്വീകരിക്കുന്നതിലും അവിടുന്ന് അമാന്തിച്ചില്ല. പ്രതി കുറ്റം ചെയ്യാനിടയായ പശ്ചാത്തലത്തിനും കുറ്റവാളിയുടെ മാനസിക നിലക്കും ലഭിക്കുന്ന ശിക്ഷയിൽ വ്യതിയാനങ്ങൾ വരുത്താൻ അവസരമുണ്ടെന്നത് അംഗീകരിക്കുന്ന രീതിയിലാണ് ഇസ്‌ലാമിക് ക്രിമിനോളജി വ്യഭിചാരിക്ക് ശിക്ഷ നിർണയിച്ചിട്ടുള്ളത്. അഥവാ, കുറ്റാരോപിതർ വിവാഹിതനാണോ അവിവാഹിതനാണോ എന്നു പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്ത ശേഷം രണ്ടു വിഭാഗത്തിലുമുള്ളവർക്ക് വെവ്വേറെ ശിക്ഷാരീതി നടപ്പിലാക്കിയിരിക്കുന്നു. അവിവാഹിതനെ അപേക്ഷിച്ച് സദാചാര സുരക്ഷിതത്വത്തിന് അവസരമുള്ളയാളാണ് വിവാഹിതൻ എന്നതിനാൽ ശിക്ഷയുടെ കാഠിന്യം വർധിക്കുന്നു.

കുറ്റാരോപണം കുറ്റമാണ്

വ്യഭിചാരത്തെ കഠിനമായ ഭർത്സിച്ചതു പോലെ വ്യഭിചാരാരോപണത്തെയും (ഖദ്ഫ്) ഇസ്‌ലാം ഗൗരവത്തിൽ ശാസിക്കുന്നു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നയാളെ, ആണാവട്ടെ പെണ്ണാവട്ടെ, എൺപത് കഠിന പ്രഹരത്തിനു ശിക്ഷ വിധിക്കാനും ന്യായകോടതിയിൽ സാക്ഷിത്വത്തിന് അവകാശം നിഷേധിക്കാനുമാണ് ഖുർആനിക ശാസന. “സദാചാരനിഷ്ഠരായ മാന്യവ്യക്തികളുടെ പേരിൽ ദുരാരോപണമുന്നയിക്കുകയും എന്നിട്ട് നാലു സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവർക്ക് എൺപത് വീതം പ്രഹര ശിക്ഷ നൽകുവീൻ. അവരുടെ സാക്ഷിത്വം സ്വീകരിക്കരുത്. അവർ തന്നെയാണ് തെമ്മാടികൾ. അനന്തരം പശ്ചാതപിക്കുകയും സ്വയം നന്നാവുകയും ചെയ്തിട്ടില്ലായെങ്കിൽ. അല്ലാഹുവോ, ഏറ്റവും മാപ്പരുളുന്നവനും പരമദയാപരനുമത്രെ' (സൂറതുന്നൂർ 4,5).

വ്യഭിചാരാരോപണത്തിനു നൽകപ്പെടുന്ന  ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ പ്രതിയുടെ മുമ്പിലുള്ള ഏകമാർഗം തന്റെ വാദത്തെ സാക്ഷ്യപ്പെടുത്തുന്ന നാലുപേരെ ഹാജരാക്കുക എന്നതാണ്. നേരത്തേ വിവരിച്ച ഉപാധികളനുസരിച്ചുള്ള നാലു സാക്ഷികൾ അവതരിക്കപ്പെടുന്ന പക്ഷം ആരോപിതനു വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷ നൽകപ്പെടും. തഥൈവ, ആരോപിതൻ കുറ്റസമ്മതം നടത്തിയാലും ആരോപകൻ രക്ഷപ്പെടും. ശിക്ഷ ആളുകളുടെ അവകാശമാണ് എന്നു അഭിപ്രായമുള്ള കർമശാസ്ത്ര വിശാരദരുടെ പക്ഷമനുസരിച്ച് ശിക്ഷയിൽ നിന്നു പ്രതിയെ ഒഴിവാക്കി കൊടുക്കാനുള്ള അവസരം ആരോപിതനുണ്ടാകും. എന്നാൽ അബൂഹനീഫ റ.വിന്റെ വീക്ഷണത്തിൽ ശിക്ഷകൾ നൽകുന്നത് അല്ലാഹുവിന്റെ അവകാശത്തിൽ പെട്ടതാണ്. പ്രതിക്കു രക്ഷപ്പെടാനാവില്ലെന്നർഥം.

കുറ്റം തെളിയിക്കാനാവാത്ത പക്ഷം ശിക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നാലു സാക്ഷികൾ കാൺകെ വ്യഭിചാരക്കുറ്റം ചെയ്തവരെ വധശിക്ഷ വിധിക്കണമെന്നു ഇസ്‌ലാം പറഞ്ഞത്. വിമർശകർ നീതി പുലരണമെന്നു ആഗ്രഹിക്കുന്നവരാണെങ്കിൽ, നിർഭയ വിധിയോടുള്ള മാനവികത ഇഷ്ടപ്പെടുന്ന മനഃസാക്ഷിയുള്ള മനുഷ്യരുടെ തന്നെ സന്തോഷം നിറഞ്ഞ പ്രതികരണങ്ങളോടു ചേർത്താണ് ഇതും വായിക്കേണ്ടത്.

Thursday, March 19, 2020

പ്രാർഥന ഫലിക്കരുതേ എന്നു പ്രാർഥിക്കുന്നവർ!



കൊറോണക്കു മരുന്നു കണ്ടുപിടിച്ചെന്നും ഇല്ലെന്നും വാർത്തകൾ. അതെന്തോ ആവട്ടെ, മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ വേണ്ടിയുള്ള ഭഗീരഥ യത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ൻ നടപടികൾ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെ പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ചും 163 രാജ്യങ്ങളിലും സർക്കാർ കഠിനദ്വാനം ചെയ്യുന്നു. മാസ്കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യ വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവർത്തകരും സജീവം. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവർടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടം കൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.എവിടെ ചെന്നാലും കാര്യങ്ങൾ കൈവിടാതിരിക്കാൻ എല്ലാവരും കൈ വിടുന്നു.



എന്നാൽ, ചത്തിട്ടും കണ്ണു കോഴിക്കൂട്ടിലേക്കു തന്നെ തുറന്നു പിടിച്ചിരിക്കുന്ന ഒരേയൊരു വിഭാഗം ഇവിടെയുണ്ട്. "ബെല്യ പുത്തി" ഉണ്ടെന്നു സ്വയം നടിക്കുന്ന ചില സാഡിസ്റ്റുകൾ. സ്വയം വിളിക്കുന്നത് നാസ്തികരെന്നാണെങ്കിലും അഹം എന്ന ഭാവത്തെ പൂജിക്കുന്നവർ. പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും അവർക്കൊരു മോഹം മാത്രം. മനുഷ്യർ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തിൽ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാർഥന ഫലിക്കരുതേ എന്നു 'പ്രാർഥിക്കുന്നവർ'! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു പ്രിയം!!

ഇവർ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാൻ ദൈവമെന്താ ഇവരുടെ വീട്ടുവേലക്കാരനോ? അവൻ അധികാരിയാടോ, പരമാധികാരി. അവന്റെ ഇച്ഛക്കൊത്തു അധികാരത്തെ വിനിയോഗിക്കുന്നവൻ. നിന്റെ ഹിതമല്ല, അവന്റെ ഹിതമത്രെ അവൻ നടപ്പാക്കുന്നത്. വാച്ചുണ്ടാക്കിയവനെ കാണാൻ അതിന്റെ ഉള്ളിൽ തന്നെ തപ്പുന്ന മാതിരി പ്രപഞ്ചത്തെ വാർത്ത കർത്താവിനെ കാണാൻ അതിനുള്ളിൽ മഷിയിട്ടു നോക്കുന്ന പുത്തിമാനായ നിന്നോട് വേദമോതുന്നതിലെന്തർഥം?
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവൾക്കറിയില്ല. അതൊന്നും പുസ്തകത്താളുകളിൽ നിന്നല്ല ആസ്വദിക്കുന്നത്, അനുഭവത്തിൽ നിന്നാണ്. ഇത് വേറെ ലെവലാണ് ബ്രോ...

Tuesday, March 17, 2020

പാൻഡമിക് കാലത്തെ മുസ്‌ലിം ജീവിതം


കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേർ മരിച്ചിരിക്കുന്നു. ഇറാനിൽ ഇന്നലെ വരെ 11364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധിക്കാൻ മാർഗങ്ങളില്ലാതെ ഉത്തര കൊറിയ രോഗിയെ വെടിവെച്ചുകൊന്നു! ബൾഗേറിയയിൽ ഏപ്രിൽ 13 വരെ ദേശീയ അടിയന്തിരാവസ്ഥ. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാൻ എല്ലാ ഭരണകൂടങ്ങളും നിയമപരമായ മുന്നറിയിപ്പ് നൽകുന്നു. കല്യാണങ്ങൾ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എല്ലാം മാറ്റി വെച്ചു. വിദേശികൾക്കു ഉംറ തീർഥാടനത്തിനു നിയന്ത്രണം വന്നു. പ്രതിദിനം ജമാഅതു നിസ്കാരങ്ങൾക്കും പ്രതിവാര ജുമുഅക്കും പലയിടത്തും വിഘ്നം നേരിടുന്നു.

ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്നാണ് മതവിശ്വാസത്തിന്റെ താത്പര്യം? ഇസ്‌ലാമിക കർമശാസ്ത്രവും സ്വഭാവശാസ്ത്രവും ഇത്തരമൊരു ഘട്ടത്തെ എങ്ങനെ സമീപിക്കുന്നു? കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് درء المفاسد مقدم على جلب المصالح : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു സ്വസ്തി നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്.

സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ يُتحمل الضرر الخاص لدفع الضرر العام : "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്.ഈ മൗലികതത്വങ്ങളിൽ ഊന്നിനിന്നു ഇസ്‌ലാമിക ശരീഅത് താഴെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.

1.ചികിത്സ തേടുക

രോഗത്തിനു ചികിത്സ തേടണമെന്നതു മതശാസനയാണ്. സ്വശരീരത്തെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. കുറ്റകൃത്യമാണ്.

2.നിർദ്ദേശങ്ങൾ പാലിക്കുക

ക്വാറന്റയ്നു വിധേയമാകുന്നത് ഉൾപ്പടെ വൈറസ് വ്യാപനം തടയുന്നതിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായും പാലിക്കേണ്ടതാണ്.

3.ശുചിത്വം പാലിക്കുക

ദേഹം വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങി എല്ലായിടങ്ങളും പൂർണമായും മാലിന്യമുക്തമാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

4.വീട്ടിൽ നിസ്കരിക്കുക

ഭീതിദമോ മാരകമോ അസഹ്യമോ ആയ രോഗങ്ങൾ ഉള്ളവർക്കു സംഘടിതമായി നടക്കുന്ന ജുമുഅ, ജമാഅതുകൾക്കും പെരുന്നാൾ നിസ്കാരങ്ങൾക്കും പങ്കെടുക്കുന്നതിൽ ആനുകൂല്യമുണ്ടെന്നു മതത്തിൽ പരക്കെ അറിയപ്പെട്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം ഭയപ്പെടുന്നുവെങ്കിൽ ഈ ആനുകൂല്യത്തെ നിർബന്ധബുദ്ധ്യാ പാലിക്കണം. ജുമുഅയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പകരം ളുഹ്ർ നിസ്കരിക്കുക. ദിക്ർ - സ്വലാത് മജ്ലിസുകൾ, പഠന ക്ലാസുകൾ എന്നിവ താത്കാലികമായി നിർത്തിവെക്കുക.

5.യാത്രകൾക്കു വിലക്ക്

 സിയാറത്ത് യാത്രകൾ, ബിസിനസ് യാത്രകൾ, അത്യന്താപേക്ഷിതമല്ലാത്ത മറ്റു യാത്രകൾ എന്നിവയിൽ നിന്നു പിൻമാറുക.

6.ഉംറ തീർഥാടനങ്ങൾക്കു നിയന്ത്രണം മക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങോട്ടു തീർഥാടനത്തിനു വരുന്നയിടങ്ങളിൽ പലയിടത്തും രോഗം വ്യാപിച്ചിരിക്കുന്നു. ഉംറ കഴിഞ്ഞെത്തിയയാളാണ് ഇന്ത്യയിൽ ആദ്യം മരിച്ചത്. അതിനാൽ ഗമനാഗമന വിലക്ക് ഉംറ തീർഥാടനങ്ങൾക്കു കൂടി ബാധകമാണ്.

7.ഭീതി പരത്തരുത്

അഭ്യൂഹങ്ങളും കിംവദന്തികളും പരത്താതിരിക്കുക. ഏതു സന്ദർഭത്തിലും അതു കുറ്റകരമാണ്. ഔദ്യോഗികമായ വാർത്തകളും സത്യസന്ധമായ റിപ്പോർട്ടുകളും മാത്രം ഷെയർ ചെയ്യുക.

8.സഹായഹസ്തം നീട്ടുക

രോഗികൾ,രോഗമുണ്ടെന്ന് സംശയമുള്ളവർ, യാത്രാ തടസ്സം നേരിട്ടു വഴിയിൽ കുടുങ്ങിയവർ, ക്വാറന്റയ്നു വിധേയമായി പൊതുജന സമ്പർക്കം വിലക്കപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി ആവശ്യക്കാർക്കു സാമ്പത്തികമോ ശാരീരികമോ ആയ സഹായങ്ങൾ, ആത്മവിശ്വാസം പകരുന്ന മനഃശാസ്ത്ര കൗൺസിലിംഗ്, ബോധവത്കരണം എന്നിവ നൽകി കൂടെ നിൽക്കുക.

9.പ്രാർഥിക്കുക

ഏതു പ്രതിസന്ധികളിലും അല്ലാഹുവിലഭയം തേടുക. സത്കർമങ്ങളെയും സത്'വൃത്തികളെയും മുൻനിർത്തി പ്രാർഥിക്കുക. സുന്നതു നിസ്കാരങ്ങൾ, ഇസ്തിഗ്ഫാർ, ഹംദ്, ഖുർആനോത്ത്, സ്വലാത്, ദിക്റുകൾ, നബികീർത്തനങ്ങൾ എന്നിവ വർധിപ്പിക്കുക.

കൊറോണ പ്രവചനം: അവരെന്തു കൊണ്ടു പ്രവാചകൻമാരല്ല?


കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വാട്സപ്പിലൂടെ അനേകം സഹോദരങ്ങൾ എഴുതിയുന്നയിച്ച ചോദ്യമാണിത്. 2020ൽ കൊറോണ വരുമെന്നു പല നോവലിസ്റ്റുകളും പ്രവചിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരൊന്നും എന്തുകൊണ്ടു നബിമാരല്ല?!

വിഷയത്തിലേക്കു വരുന്നതിനു മുമ്പ് ചോദ്യത്തിന്നാധാരമായ 'പ്രവചനങ്ങൾ'(?) ഉദ്ധരിക്കാം. അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ ആണ് കൊറോണ എന്ന അസുഖത്തിന്റെ വരവ് പ്രവചിച്ചിരുന്ന ഒരാൾ. ഒരു സ്വയം പ്രഖ്യാപിത സൈക്കിക്ക് സിൽവിയ ബ്രൗൺ. 2008 ൽ എഴുതിയ End of Days: Predictions and Prophecies about the End of the World എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

"In around 2020 a severe pneumonia-like illness will spread throughout the globe, attacking the lungs and bronchial tubes resisting all known treatments. Almost more baffling than the illness itself will be the fact that it will suddenly vanish as quickly as it arrives, attack again ten years later and then disappear completely."

"2020നോടടുത്തു ന്യൂമോണിയ പോലെയുള്ള ഒരു മാരക രോഗം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശങ്ങളെയും ശ്വാസകോശ നാളികളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അസുഖത്തേക്കാൾ ഏറെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്: അത് വളരെ പെട്ടെന്ന് എത്തുന്ന പോലെ അതിശീഘ്രം അപ്രത്യക്ഷമാവുകയും ചെയ്യും, പത്ത് വർഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും വീണ്ടും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും!!"

സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു നോവൽ ഡീൻ കൂൻസിന്റെ The eyes of darkness ആണ്. 1981 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ കഥയിൽ, ദുഃഖിതയായ അമ്മ ക്രിസ്റ്റീന ഇവാൻസ്, തന്റെ മകൻ ഡാനി പട്ടാളത്തിന്റെ ക്യാമ്പിംഗിൽ മരിച്ചിട്ടുണ്ടോ അതോ സംശയാസ്പദമായ ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് പോലെ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, വുഹാനിലെ ഗവേഷണ കേന്ദ്രത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിൽ അവനെ തടവിലാക്കിയതായി അവൾ കണ്ടെത്തുന്നു. പ്രസ്തുത കേന്ദ്രത്തിൽ ഗവേഷണത്തിലൂടെ സൃഷ്ടിച്ച മനുഷ്യനിർമിത സൂക്ഷ്മാണുക്കളാൽ അവനെ അപായപ്പെടുത്തിയിരിക്കുന്നുവെന്നു ആകസ്മികമായി അവൾ മനസ്സിലാക്കുന്നു. പുസ്തകത്തിൽ നിന്നു വായിക്കാം

“It was around that time that a Chinese scientist named Li Chen moved to the United States while carrying a floppy disk of data from China’s most important and dangerous new biological weapon of the past decade. They call it Wuhan-400 because it was developed in their RDNA laboratory just outside the city of Wuhan.”

"ഏതാണ്ട് ആ സമയത്താണ് ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അമേരിക്കയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദശകത്തിൽ ചൈന ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ പുതിയ ജൈവായുധത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫ്ളോപ്പി ഡിസ്കുമായാണ് അയാൾ പോയത്. വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലബോറട്ടറിയിൽ വികസിപ്പിച്ചതിനാൽ ഇതിനെ വുഹാൻ -400 എന്നാണ് അവർ വിളിക്കുന്നത്. ”

ഇവിടെ, വുഹാൻ - 400 എന്ന കില്ലർ വൈറസിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭാഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥലമാണ് ചൈനയിലെ വുഹാൻ പ്രവശ്യ എന്നതു ചേർത്തു വായിക്കുക. അതിനാൽ, നോവലിൽ പറഞ്ഞിരിക്കുന്ന വുഹാൻ എന്ന വാക്ക് പ്രവചനമായിരിക്കാം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ സാങ്കൽപ്പിക നോവലിന് ഇതല്ലാതെ മറ്റു സാമ്യതകൾ ഒന്നും കൊറോണയുമായി ഇല്ല എന്നു പ്രത്യേകം ഓർമിക്കുക. വുഹാൻ 400 ചൈന നഗരാതിർത്തിക്ക് പുറത്ത് നിർമ്മിച്ച ബയോ വെപ്പൺ എന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്ന മറ്റൊരു പുസ്തകം. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവൽ. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ടത്രെ. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുമെന്നു നോവല്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കും. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നുണ്ട്.പ്രവചനങ്ങൾ പ്രാവചകതത്വിന്റെ തെളിവാണെങ്കിൽ ഇവരൊക്കെ പ്രവാചകന്മാരാണോ?

പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകൻമാർ അഥവാ, നബിമാരാണ് എന്ന് ആരു പറഞ്ഞു?! നുബുവ്വത്ത് എന്ന പദത്തിൽ നിന്നാണ് നബി എന്ന പദം ഉണ്ടായത്. ഭാഷാര്‍ഥത്തിൽ ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ് നുബുവ്വതിന്റെ വിവക്ഷ. എന്നാല്‍ കേവലം ഈ അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല സാങ്കേതികാർഥത്തിൽ പ്രവാചകത്വം. മനുഷ്യ പ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീ ദാനമായിട്ടുള്ള അത്യുത്തമ പദവിയാണത്. അല്ലാഹു തന്റെ അതിമഹത്തായ അനുഗ്രഹത്താൽ അവനിച്ഛിച്ചവരെ നബിമാരായി നിയോഗിക്കുന്നു. ഈ അടിസ്ഥാനത്തില്‍ നബി എന്നാല്‍ ‘അല്ലാഹു തന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായിതിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം.
മാനവരാശിയുടെ ഐഹികവും പാരത്രികവുമായ സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നടപ്പുശീലങ്ങൾ നിര്‍ദ്ദേശിക്കാനായാണ് അവൻ പ്രവാചകന്‍മാരെ നിയോഗിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ജീവിത വ്യവസ്ഥയും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്' (ആശയം; അല്‍ ഹദീദ്: 25).

സത്യസന്ധത, വിശ്വസ്തത, ബുദ്ധികൂര്‍മ്മത, പ്രബോധനം ചെയ്യല്‍ തുടങ്ങിയ അനിവാര്യ ഗുണങ്ങളുണ്ടാവണം. കളവ്, വഞ്ചന, പൂഴ്ത്തിവെപ്പ് തുടങ്ങി ഒരു ദുര്‍ഗുണവും നബിമാരിൽ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂനതയാണ്. നബിമാരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതില്‍ വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പാപസുരക്ഷയുള്ള പ്രായോഗികമായ മാതൃകാജീവിതം ആവശ്യമാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരല്ലല്ലൊ.
പ്രവാചകത്വത്തിന്റെ സത്യസന്ധതക്കു സാക്ഷ്യമായിട്ടാണ് മുഅ്ജിസത്തുകൾ അഥവാ അജയ്യമായ അത്ഭുതാനുഭവങ്ങൾനൽകപ്പെട്ടിരുന്നത്. എല്ലാ നബിമാരും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല കാണിച്ചത്. അതാതു കാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെന്നു വിശ്വസിക്കപ്പെട്ടിരുന്നവയെ അതിജയിക്കുന്ന അത്യല്‍ഭുതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. മുഹമ്മദ് നബി തിരുമേനി സ്വ.യുടെ ഏറ്റവും ശ്രദ്ധേയമായ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ തന്നെ.

ചന്ദ്രനെ പിളർത്തുക, വിരലിണകൾക്കിടയിൽ നിന്ന് വെള്ളം വരുക, തുച്ഛം അന്നം കൊണ്ടു ധാരാളം പേരെ ഊട്ടുക, മിണ്ടാപ്രാണികൾ മിണ്ടുക തുടങ്ങി പല സംഭവങ്ങൾക്കും അവിടുത്തെ സമകാലീനർ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഗണനീയമാണ് അവിടുന്നു നടത്തിയ പലവിധ പ്രവചനങ്ങൾ.
സിൽവിയ ബ്രൗണോ ഡീൻ കൂൻസോ സ്റ്റീഫൻ കിംഗോ പ്രവാചകൻമാരല്ലെന്നതിനു വിശ്വാസിയുടെ ഒന്നാം തെളിവ് മുഹമ്മദ് നബി സ്വ.യിലുള്ള വിശ്വാസമാണ്. അവിടുന്നു കേവലമൊരു നബിയാണെന്നല്ല, ഖാതമുന്നബിയ്യീൻ /അന്ത്യപ്രവാചകനാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. അതിനെതിരെ വിശുദ്ധ ഖുർആൻ തന്നെ ഉദ്ധരിച്ചു വന്നാലും അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് മീർസാ ഗുലാം അഹ്'മദിനെയും അയാളുടെ അനുയായികളെയും വിശ്വാസികളായി അംഗീകരിക്കാത്തത്. പിന്നെയല്ലേ, നോവലുകൾ എഴുന്നള്ളിക്കുന്നത്.

പ്രവാചകത്വത്തിന്റെയും അന്ത്യപ്രവാചകത്വത്തിന്റെയും വിശദമായ തെളിവുകൾ പറയാൻ ഈ കുറിപ്പ് അപര്യാപ്തമാണ്. താത്പര്യമുള്ളവർക്ക് ഐപിബി പുറത്തിറക്കിയ ഇസ്‌ലാം എന്ന റഫറൻസ് ഗ്രന്ഥം നിർദ്ദേശിക്കുന്നു.
എന്തു തന്നെയായാലും, ഇവർ പറഞ്ഞതു പോലെ സംഭവിച്ചുവല്ലോ, അതെങ്ങനെയെന്നാണ് വിശ്വാസി പറയുക?
അതിനെ സംബന്ധിച്ചൊരു തീർപ്പ് പറയേണ്ട ബാധ്യത വിശ്വാസികൾക്കില്ല തന്നെ. എന്നാലും, ആർക്കും മനസ്സിലാവുന്ന ഒരു കാര്യം പറയാം. ഇതു യാദൃശ്ചികതയാണ് - തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചത്. നോവൽ എഴുതുന്ന കാലത്ത് തന്നെ മനുഷ്യാനുഭവ ചരിത്രത്തിലും ശാസ്ത്ര ബോധ്യത്തിലും ഉള്ള കാര്യങ്ങളുടെ അടിത്തറയിൽ നിന്ന് ഭാവനയിൽ കണ്ടതിനപ്പുറം അതിലൊന്നുമില്ല.
മുൻകൂട്ടി പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പുലരുന്നുണ്ടെങ്കിൽ അതു കൃത്യമായ പ്രകൃതി നിയമങ്ങളെ അനുസരിക്കും. അറബിയിൽ അതിന്റെ പേര് ലുസൂമിയ്യ് എന്നാണ്. Premises / ആധേയങ്ങൾ ഉണ്ടായാൽ ഫലം തീർച്ച. 'മുകളിൽ നിന്നു എന്തിട്ടാലും നിലത്തു പതിക്കും' എന്ന പ്രസ്താവന ഉദാഹരണം. തീർച്ചയായും അതു താഴെ പതിക്കും. കാരണം, കൃത്യമായ പ്രകൃതി നിയമത്തിനു അനുസൃതമാണത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായിരുന്ന ജൊനാതൻ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പ്രവചിച്ചതായി പറയപ്പെടുന്നതു പോലെയുള്ളത് ഈ ഗണത്തിൽ ചേർത്തു വായിക്കണം.

എന്നാൽ, നിയതമായ ഏതെങ്കിലും തത്വമനുസരിച്ചല്ലാതെ, അപ്രതീക്ഷിതമായ സംഭവിക്കുന്നവ ഇത്തിഫാഖിയ്യ് ആണ്. യാദൃശ്ചികത എന്നർഥം. ചക്കയിട്ടപ്പോൾ മുയൽ കിട്ടിയ കഥ പോലെ. നബിമാരുടെ പ്രവചനവും അതിന്റെ ഫലവും തമ്മിലുള്ള ബന്ധം ലുസൂമിയ്യ് ആണ്; യാദൃശ്ചികതയല്ല. അവ ചിരപരിചിതമായ പ്രകൃതിനിയമങ്ങൾക്കെതിരാകാം. പക്ഷെ, അപ്പടി പുലരുന്നതാകണം പ്രവാചക വചനം എന്നതാണ് അതിന്റെ പ്രകൃതവും നിയമവും! അവർ ഒരു വിധേനയും കളവു പറയുന്നില്ല.

രസകരമായ വസ്തുത, ഈ പറയപ്പെട്ടവരാരും പ്രവാചകത്വം വാദിച്ചിട്ടില്ല എന്നതാണ്. അവർ കേവലം ഭാവനയിൽ നിന്നെഴുതിയ കല്പിത കഥകളിൽ ചില പരാമർശങ്ങൾ നടപ്പു ലോകത്തെ ചില സംഗതികളോടു ഒത്തു വന്നു എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ല. അവ സത്യമായി പുലരുമെന്നു ഒരിക്കലും അവർ വാദിച്ചിട്ടില്ല, വിചാരിക്കുക പോലും ചെയ്തിട്ടില്ല. പ്രവാചകന്മാരാകട്ടെ, അവരുടെ സത്യസന്ധതക്കു തെളിവായിട്ടു നടത്തുന്ന പ്രവചനങ്ങൾ ദൃഢബോധ്യത്തോടെ പുലരുമെന്ന പൂർണവിശ്വാസത്തോടെ ആയിരിക്കും, അതൊരിക്കലും പുലരാതിരിക്കില്ല. വേണമെങ്കിൽ, നിങ്ങൾക്കും തെറ്റുപറ്റാത്ത നല്ലൊരു പ്രവചനക്കാരനാകാം, അവസാന കാലത്തു പുലരുമെന്നു മുത്തു നബിയോർ പറഞ്ഞതു കോപ്പിയടിച്ചു കാച്ചിയിൽ മതി!! സ്വല്ലല്ലാഹു അലയ്ഹി വസല്ലം.

രോഗം പകരില്ല എന്ന് ഹദീസോ?

വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബിയെയും ചെറുതാക്കി കാണിക്കാൻ ഇപ്പോൾ കൊറോണക്കാലത്തും മുമ്പ് നിപ്പക്കാലത്തും സമാനമായ പല സാഹചര്യങ്ങളിലുംവിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് ലാ അദ്'വാ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുജീകളുടെ കണ്ടെത്തൽ. ഹദീസിന്റെ അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.

ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല. അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.

ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ. പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴുംഅല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.

ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി നബിതിരുമേനി സ്വ. നിർദ്ദേശിച്ചിട്ടുള്ള ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും കൊറോണ വിശ്വാസിയും ഭൗതികവാദിയും എന്ന പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത് (ബുഖാരി, മുസ്‌ലിം).

ഏതു രോഗത്തിനും മരുന്നുണ്ടെന്നും പഠിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം അറിവാളരുടേതാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം. ഇത്തരം ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസിന്റെ വെളിച്ചത്തിലാണ്.

അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!!

രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ലഎന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല.

ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്.നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.

കൊറോണ : വിശ്വാസിയും ഭൗതികവാദിയും

ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു. ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. ദൈവം എവിടെ എന്നു ചോദിക്കുന്നവരോട്...

സാംക്രമിക രോഗങ്ങൾ വന്നാലെന്തു ചെയ്യണം? രോഗിയെ ചികിത്സിക്കണമെന്നു പറയുന്നതോടൊപ്പം മറ്റുള്ളവർ സ്വീകരിക്കേണ്ട കരുതൽ നടപടികളായി ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള രണ്ടു നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. ഒന്ന്: പ്ലേഗ് (അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ) ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി,മുസ്‌ലിം).
മറ്റൊന്ന്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത് (ബുഖാരി,മുസ്‌ലിം).രോഗം ഏതുമാവട്ടെ, അതിനെല്ലാം മരുന്നും അല്ലാഹു തന്നെ സൃഷ്ടിച്ചിട്ടിട്ടുണ്ടെന്നാണ് നബി തിരുമേനി സ്വ.യുടെ അധ്യാപനം. പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനും മരുന്നു കണ്ടെത്തണം. വെറുതെ മാനം നോക്കി നിന്നാൽ മേഘങ്ങൾ മരുന്നു വർഷിപ്പിച്ചു തരില്ല. പഠിക്കണം, നിരീക്ഷിക്കണം, പരീക്ഷിക്കണം.
ചുരുക്കത്തിൽ, ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്നയിടങ്ങളിൽ - അതു തീർഥാടന കേന്ദ്രങ്ങളായിരുന്നാൽ പോലും നിയന്ത്രണമേർപ്പെടുത്തണം. മരുന്നുണ്ടാക്കാൻ പഠന മനനത്തിനു ശാസ്ത്രശാലകൾ തുറന്നിടണം. ഇതാണ് ശരീഅതിന്റെ നിലപാട്.
അല്ലാഹുവിന്റെ വിധിയെ കവച്ചു വെക്കുന്ന ഒന്നും ഇല്ലെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. അതിനാൽ, രോഗമാവട്ടെ അരോഗമാവട്ടെ, ജീവിതമോ മരണമോ ആകട്ടെ, ഉടയതമ്പുരാന്റെ ചൊല്പടിയല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അവയത്രയും അവൻ കണക്കാക്കിയതാകട്ടെ, സന്തോഷത്തിലും സന്താപത്തിലും അവനെ അനുസരിക്കുന്നവരെയും ധിക്കരിക്കുന്നവരെയും വേർതിരിച്ചറിയിക്കാൻ തന്നെ. അതിനാൽ, അവന്റെ അടിമകളാണെന്ന വിധേയത്വവും പരമാധികാരിയായി അവനൊരാളുണ്ടെന്ന സനാഥത്വ ബോധവും ഉള്ളതിനാൽ മരുന്നും പ്രാർഥനയും വിശ്വാസിക്കുണ്ടാകും. ഫലം അനുകൂലമായിരുന്നാലും അല്ലെങ്കിലും പാരത്രിക ലോകത്തെ സന്തോഷത്തിനു അവർ മുൻഗണന നൽകും. ഏതു നിലയിലും അവർ ആത്മവിശ്വാസവും സന്തുഷ്ടിയും നിറഞ്ഞവരായിരിക്കും.
ശാസ്ത്രം മാത്രമാണ് ഒരേയൊരു വഴി എന്നു ചിന്തിക്കുന്ന വിഡ്ഢികളാകട്ടെ, തങ്ങളുടെ ആയുധം എത്ര നിഷ്ഫലമാണ് എന്നു തിരിച്ചറിയുന്നു. ശാസ്ത്രജ്ഞർ കിണഞ്ഞു ശ്രമിച്ചിട്ടും ശരിയായ ഔഷധം കണ്ടെത്താതിരിക്കുമ്പോൾ "കൊലയാളിക്കൊറോണ'' എന്നു പ്രാകി കൈമലർത്തുന്നു. നിസ്സഹായതയുടെ നിരാശക്കുമ്പിളിൽ മുഖം താഴ്ത്തി വിലപിക്കുന്നു. എന്നും വിലപിക്കാനായി വിധിക്കപ്പെട്ട പാവങ്ങൾ!!