Tuesday, October 10, 2017

ഹാപ്പി ന്യൂ ഇയർ ആശംസിക്കാമോ?



ന്യൂ ഇയർ ആശംസിക്കുന്നത് ഇസ്‌ലാമികമല്ല എന്നു പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് കണ്ടു. തിരുനബി സ്വ. ദീർഘദർശനം ചെയ്ത പോലെ ജൂതനസ്വാറകളെ ഇഞ്ചോടിഞ്ചു പിന്തുടരുന്ന ചിലർ ഈയടുത്ത കാലത്ത് പടച്ചുണ്ടാക്കിയതാണത്രെ ഹാപ്പി ഇസ്‌ലാമിക് ന്യൂ ഇയർ !

പൂർവകാലത്ത് ഇല്ലാതിരുന്ന എന്തു ചെയ്താലും അതെല്ലാം ജൂതായിസമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം ഫോബിയയാണ്. മുസ്‌ലിംകൾ പരസ്പരം ഹാപ്പി ന്യൂ ഇയർ ആശംസിക്കുന്നത് അനുവദനീയമല്ല എന്ന്  കട്ടായം പറഞ്ഞു കൂടാ. കർമശാസ്ത്ര പണ്ഡിതൻമാർ വിശദമായി ചർച്ച ചെയ്ത വിഷയമാണിതും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണല്ലോ ആശംസകള്‍ നേരുന്നവരുടെ ലക്ഷ്യം. സന്തോഷമോ അനുഗ്രഹ ലബ്ധിയോ ഉണ്ടാകുമ്പോഴും ദു:ഖമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോഴും മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രതികരണങ്ങളോട് തത്വദീക്ഷയോടെയാണ് ഇസ്‌ലാം സമീപിച്ചത് എന്നു മറക്കാതിരിക്കുക.

പുതുവത്സരാശംസകൾ അർപ്പിക്കുന്നതിനെ കുറിച്ചു പ്രത്യേകമായി തന്നെ കർമശാസ്ത്ര വിശാരധർ സംസാരിച്ചിട്ടുണ്ട്. അനുഗ്രഹങ്ങൾ ഉണ്ടാകുമ്പോഴും നിഗ്രഹങ്ങൾ ഒഴിഞ്ഞുപോകുമ്പോഴും ശുക്റിന്റെ (നന്ദി) സുജൂദ് ചെയ്യണമെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കണമെന്നും (തഅ'സിയത്) നിർദേശിക്കപ്പെട്ടത് ജീവിത സാഹചര്യങ്ങളോടുള്ള മുസ്‌ലിമിന്റെ ശരിയായ പ്രതികരണമാണ്. കഅബു ബ്നു മാലിക് (റ)വിന്റെ തൗബ സ്വീകരിക്കപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന്റെ ആഗമനത്തിൽ സന്തോഷിച്ചു കൊണ്ട് തിരുസവിധത്തിൽ വെച്ച് ത്വൽഹതുബ്നു ഉബൈദില്ലാഹ് അഭിവാദനം ചെയ്തതിന് തിരുമേനി മൗനാനുവാദം നൽകിയത് ബുഖാരിയും മുസ് ലിമും നിവേദനം ചെയ്തിട്ടുണ്ട്. വിശുദ്ധ റമളാനിന്റെ ആഗമനത്തെ സ്വാഗതം ചെയ്തു കൊണ്ടു സന്തോഷത്തോടെ തിരുമേനി സ്വ. സംസാരിച്ചതു നസാഈ നിവേദനം ചെയ്തിരിക്കുന്നു! ഈ സംഭവച്ചിത്രങ്ങളെല്ലാം കർമശാസ്ത്ര ഗ്രന്ഥങ്ങളായ നിഹായ, മുഗ്നി പോലെയുള്ളവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇബ്നു ഹജർ റ.വിന്റെയും നിലപാട് പുതുവത്സരാശംസകൾ അർപ്പിക്കുന്നതിന് ശരീഅതിന്റെ അംഗീകാരമുണ്ടെന്നാണ് എന്ന് ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. തദ്വിഷയകമായി പ്രമുഖരായ അനേകം പണ്ഡിതരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു പറയവേ
 تقبل الله منا ومنكم
(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) തുടങ്ങിയ വാക്കുകളാണ് ആശംസിക്കുന്നയാൾ പറയേണ്ടത് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ശേഷം അദ്ദേഹം ഇബ്റാഹീമുൽ ബൈജൂരി റ.യെ ഉദ്ധരിക്കുന്നു: പെരുന്നാളിനും പ്രബലമായ വീക്ഷണത്തിൽ മാസം, വർഷം തുടങ്ങിയവ ഉണ്ടാകുന്ന സന്ദർഭങ്ങളിലും ഒരേ ലിംഗത്തിൽ പെട്ടവർ പരസ്പരം ഹസ്തദാനം ചെയ്തു കൊണ്ടു ആശംസയർപ്പിക്കുന്നത് സുന്നത്താണ്. അന്യസ്ത്രീ പുരുഷൻമാർ തമ്മിൽ ഹസ്തദാനം പാടില്ല. അഭിവാദ്യം ചെയ്യപ്പെടുന്നയാൾക്ക് താഴെ പറയുന്നതു പ്രകാരം പ്രത്യഭിവാദ്യം ചെയ്യലും സുന്നതു തന്നെ.
تقبل الله منكم أحياكم الله لامثاله كل عام وأنتم بخير
 (അല്ലാഹു നിങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള നൻമകൾക്കായി അല്ലാഹു താങ്കളെ ജീവിപ്പിക്കട്ടെ, വർഷം മുഴുവനും  താങ്കൾ ക്ഷേമത്തോടെയിരിക്കട്ടെ)
(ശർവാനി 3/56)


No comments:

Post a Comment