Tuesday, October 10, 2017

ഇന്ത്യ വിഭജിച്ചതാര്?


സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് എന്ന നിലയിൽ വാസ്തവത്തിൽ മഹാത്മാ ഗാന്ധി ചെയ്ത സേവനങ്ങൾ എന്തായിരുന്നുവെന്ന് പുനഃപരിശോധിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്റെ ദേശക്കൂറ് ചോദ്യം ചെയ്യരുത്. തീർച്ചയായും സമയം അതിക്രമിച്ചു പോയ ഒരു ചർച്ചയാണിത്. രാഷ്ട്രീയത്തിലെ വിപണന സാധ്യതകളെ മുൻ നിർത്തി ചില സത്യങ്ങൾ  തമസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഹിസ്റ്ററി തന്നെ മാറുമായിരുന്നു.

അവിഭക്ത ഇന്ത്യയുടെ വിഭജനത്തിനുത്തരവാദി മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗുമായിരുന്നു എന്നു നമ്മുടെ രാജ്യത്തെ ടീനേജുകാർക്കു പോലുമറിയാം. വാസ്തവത്തിൽ അതു നൂറുക്കു നൂറു സത്യമാണോ? ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാണെന്നു ധരിച്ചു കൊള്ളും എന്ന ഗീബൽസിന്റെ മന:ശാസ്ത്രം നേടിയ വിജയമായിരുന്നില്ലേ അത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന എല്ലാവർക്കും അറിയാവുന്ന പച്ചപ്പരമാർത്ഥമാണിത്.

ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നു വിശ്വസിക്കാനാവില്ല. ലോകത്തെങ്ങും കോളനിവത്കരണത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം കോളനി വാഴ്ച നഷ്ടക്കച്ചവടമാണെന്നു ഏമാൻമാർ മനസ്സിലാക്കിയിരുന്നു. കൂടുതൽ കോളനികൾ അധീനതയിലുണ്ടായിരുന്ന പോർച്ചുഗലും സ്പെയിനുമെല്ലാം യൂറോപ്പിലെ ദരിദ്രരാജ്യങ്ങളായി തുടങ്ങി. മറുപുറത്തു, ഒറ്റ കോളനി പോലുമില്ലാത്ത സ്വിറ്റ്സർലാൻഡും സ്കാൻഡിനേവിയൻ രാജ്യങ്ങളും സാമ്പത്തികാവൃദ്ധി നേടി. സോമാലിയയും റുവാണ്ടയും ബുറുണ്ടിയുമൊക്കെ കോളനിയാക്കി ഭരിച്ചു കൊള്ളാൻ ഐക്യരാഷ്ട്രസഭ തീറെഴുതിക്കൊടുത്താൽ പോലും ആർക്കും വേണ്ടാത്ത സ്ഥിതിവിശേഷങ്ങൾ വന്നു. ലോക സാമ്പത്തിക ബന്ധങ്ങളിൽ വന്ന ഈ മാറ്റം മറ്റാരേയും പോലെ ബ്രിട്ടനും തിരിച്ചറിഞ്ഞിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പസഫിക് ദ്വീപസമൂഹത്തിലുമുണ്ടായിരുന്ന യാതൊരു ഗതിയുമില്ലാത്ത എത്രയോ രാജ്യങ്ങൾ സ്വതന്ത്രമായതുപോലെ - രണ്ടോ മൂന്നോ വർഷങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടായാൽ പോലും - ഇന്ത്യയും സ്വാതന്ത്ര്യമാകുമായിരുന്നു. അഥവാ,
ആരും സമരം ചെയ്തില്ലെങ്കിൽ പോലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നൂ എന്നർഥം. കാനഡയെയും ആസ്ട്രേലിയയെയും പോലെ ക്രമാനുഗതമായി ഇന്ത്യക്കും സ്വയം ഭരണം എന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം തന്നെ, അതായത് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നു തിരിച്ചു വന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു ഇറങ്ങുന്നതിന്റെ മുമ്പുതന്നെ,  ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം എടുത്തിട്ടുണ്ടായിരുന്നു.  അതിന്റെ ''ടൈം ടേബിളി"നെ കുറിച്ചു മാത്രമായിരുന്നു ചർച്ച.

1918 ലെ മൊണ്ടേഗ് - ചെംസ്ഫോഡ് ഭരണ പരിഷ്കാരങ്ങൾ സ്വയംഭരണത്തിലേക്കുള്ള ആരംഭമാകുമായിരുന്നു. ആവശ്യമായ മാറ്റങ്ങളോടെ ആ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം ആഗ്രഹിച്ചിരുന്നതുമാണ്. അന്നു ആനിബസന്റും കോൺഗ്രസുമാണതിനു പാര വെച്ചത്. അന്നേ ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. കാരണം, പാകിസ്താൻ എന്ന ആശയം തന്നെ അന്ന് ഒരാളുടെയും മണ്ടയിലുദിച്ചിട്ടുണ്ടായിരുന്നില്ല. അതായത്, ഇന്ത്യയുടെ വിഭജനത്തിന്റെ ഉത്തരവാദി 1920 നു മുമ്പ് സ്വാതന്ത്ര്യ സമരം നടത്തിയവരോ അതോ അതിനു ശേഷം നേതൃത്വം ഏറ്റെടുത്തവരോ എന്നു ആലോചിക്കാവുന്നതേയുള്ളൂ.

1920 മുതൽ 1947 വരെയുള്ള കാലം സത്യത്തിൽ സ്വാതന്ത്ര്യ സമരത്തിന്റേതല്ല, 'പാളയത്തിൽ പട'യുടേതാണ്. സ്വാതന്ത്ര്യം എങ്ങനെ വേണം, എപ്പോൾ വേണം, ആർക്കൊക്കെ വേണം, മുസ്‌ലിംകൾക്കും 'തൊട്ടുകൂടാ - തീണ്ടിക്കൂടാ ജാതിക്കാർക്കും' വെവ്വേറെ നിയോജക മണ്ഡലങ്ങൾ വേണോ, നാട്ടുരാജ്യങ്ങൾക്കു വേണ്ടിയുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കരാർ ആർക്കു കൈമാറണം എന്നിങ്ങനെയുള്ള നൂറു നൂറു നുറുങ്ങു കാര്യങ്ങളിൽ നടന്ന തീരാത്ത തർക്കങ്ങളാണ് നമ്മുടെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ടുപോയത്.

ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അമ്പാസിഡർ എന്നു ഗോഖലെയെ വർണിച്ച മുഹമ്മദലി ജിന്ന വർഗീയ വാദിയായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ താമസിക്കുന്ന 'കോമൺ മദർലാൻഡ്' ആണ് അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്നത്. അദ്ദേഹത്തിനെ പാകിസ്താന്റെ രാഷ്ട്രപിതാവാക്കിയത് ജവഹർലാൽ നെഹ്റുവും അദ്ദേഹത്തിന്റെ അച്ഛൻ മോത്തിലാൽ നെഹ്റുവുമായിരുന്നെന്നു ചരിത്രത്തിന്റെ വളയം പിടിച്ചവർക്കറിയും.

അക്കാലത്തു നേതൃത്വത്തിലേക്കു ഉയർന്നു വന്നവരധികവും - ഗാന്ധിയും നെഹ്റുവും പട്ടേലുമൊക്കെ - വക്കീൽപ്പരീക്ഷ പാസായവരായിരുന്നു. ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞു ബോറടിപ്പിക്കാനുള്ള നമ്മുടെ വക്കീലൻമാരുടെ മിടുക്ക് വേറെ തന്നെയാണല്ലോ.  ബ്രിട്ടീഷു പക്ഷത്തെ പ്രതിനിധീകരിച്ചു ചർച്ചക്കു വന്നവരൊന്നും വക്കീൽപ്പണി പഠിക്കുകയോ ശീലിക്കുകയോ ചെയ്തവരായിരുന്നില്ല. നേരെ ചൊവ്വേ മാത്രം സംസാരിച്ചു ശീലിച്ച വേവൽ പ്രഭുവിനും മൗണ്ട്ബാറ്റണും മുടിനാരിഴ കീറുന്ന നമ്മുടെ ടെക്നിക് വശമില്ലായിരുന്നു. അവർക്ക് ജപ്പാനുമായി യുദ്ധം ചെയ്യുന്നതിലും കഷ്ടമായിരുന്നു ഇന്ത്യൻ നേതാക്കളോടു സംസാരിക്കുന്നത്. ജപ്പാൻ കപ്പൽ മുക്കുകയേയുള്ളൂ; ഇവർ ആളെ മൊത്തം ഭ്രാന്തു പിടിപ്പിക്കും!

വാക്കുകൾ കൊണ്ടുള്ള ഞാണിൻമേൽ കളി ഇഷ്ടപ്പെടാതിരുന്ന ഇർവിൻ പ്രഭു സഹിക്ക വയ്യാതെ ഒരു വെല്ലുവിളി ഉയർത്തി - ഇന്ത്യയിലെ എല്ലാ പാർട്ടിക്കാരും ഒത്തു ഒരു ഭരണഘടനയുണ്ടാക്കി ഏൽപ്പിക്കുക. 1928ലാണിത്. അങ്ങനെയാണു മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി നിലവിൽ വന്നത്. ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയിലെ ഒരു കുരുട്ടുനയം ജിന്നക്കു മനസിലായി. അദ്ദേഹവും ഒരു വക്കീലായിരുന്നല്ലോ! അധികാരങ്ങൾ കേന്ദ്രവും സംസ്ഥാനവുമായി വിഭജിക്കുമ്പോൾ ബാക്കി വരുന്ന അധികാരം (Residuary Powers) കേന്ദ്രത്തിനായിരിക്കണം എന്ന തത്വത്തെയാണ് ജിന്ന എതിർത്തത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർക്ക് അവരുടെ ഇഷ്ടപ്രകാരം ഭരിക്കാനുള്ള അവകാശത്തെ നിഷേധിക്കാനായിരുന്നു അങ്ങനെയൊരു തത്വം. റെസിഡ്യുവറി പവേഴ്സ് സംസ്ഥാനങ്ങൾക്കു നൽകണമെന്നായിരുന്നു ജിന്നയുടെ നിലപാട്. അതായിരുന്നു ശരിയെന്നു ചരിത്രം തെളിയിച്ചു. സ്വാതന്ത്ര്യം കിട്ടി മുപ്പതു വർഷം തികയുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഇ.എം.എസും ഇതു തന്നെയല്ലേ ആവശ്യപ്പെട്ടത്!

ചരിത്രം സത്യസന്ധമായി പറയുകയാണെങ്കിൽ ഇനിയും നമുക്കു മുറിവേൽക്കും. 1942 ൽ ഗാന്ധിയുടെ  നേതൃത്വത്തിലുണ്ടായ ക്വിറ്റ് ഇന്ത്യാ സമരം ഒരു നാടകമായിരുന്നില്ലേ?! ഫാഷിസത്തിനും നാസിസത്തിനുമെതിരായി ലോക വ്യാപകമായി പ്രതിഷേധ സംഭവ പരമ്പരകൾ അരങ്ങേറി. അന്നു അവയുടെ ഈറ്റില്ലമായിരുന്ന ജർമനിക്കെതിരായിരുന്നു ഇംഗ്ലണ്ട്. അത്തരം ഒരു സന്ദർഭത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം വിജയിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതു ഇംഗ്ലണ്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമായിരുന്നു. അന്ന്  ഇംഗ്ലണ്ട് തോറ്റു ജർമൻ ഫാസിസമാണ് ലോകത്തിന്റെ നെറുകയിൽ വന്നിരുന്നതെങ്കിൽ ഉണ്ടാകുമായിരുന്ന അവസ്ഥ ഭീതിദമാണ്. തങ്ങൾക്കു ആവശ്യമില്ലാത്തവരെയൊക്കെ കൊല്ലുകയായിരുന്നല്ലൊ നാസീനയം, ആദ്യം മനോരോഗികളെ, പിന്നെ ജിപ്സികളെ, പിന്നെ യഹൂദൻമാരെ. അങ്ങനെയുള്ള നാസീ മേധാവിത്വത്തിനും ക്വിറ്റിന്ത്യ സമരം എരിതീയിൽ പകർന്ന എണ്ണയാകുമായിരുന്നില്ലേ?

നമുക്കും കേൾക്കാനിഷ്ടമില്ലാത്ത സത്യങ്ങൾ പറയാതിരിക്കാം, ഈ ഒഴുക്കിനൊത്തു ഒലിച്ചു പോകാം, ഇന്ത്യ വിഭജിച്ചതിൽ നമുക്കാർക്കും ഒരു പങ്കുമില്ല. പ്രസവിച്ചതു ഏട്ത്തിയെങ്കി ഗർഭമുണ്ടാക്കിയതു തമ്പ്രാൻ തന്നെ!
ശുഭം!

1 comment: