Tuesday, October 10, 2017

ഇന്ത്യ വിഭജിച്ചതാര്?


സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് എന്ന നിലയിൽ വാസ്തവത്തിൽ മഹാത്മാ ഗാന്ധി ചെയ്ത സേവനങ്ങൾ എന്തായിരുന്നുവെന്ന് പുനഃപരിശോധിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്റെ ദേശക്കൂറ് ചോദ്യം ചെയ്യരുത്. തീർച്ചയായും സമയം അതിക്രമിച്ചു പോയ ഒരു ചർച്ചയാണിത്. രാഷ്ട്രീയത്തിലെ വിപണന സാധ്യതകളെ മുൻ നിർത്തി ചില സത്യങ്ങൾ  തമസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഹിസ്റ്ററി തന്നെ മാറുമായിരുന്നു.

അവിഭക്ത ഇന്ത്യയുടെ വിഭജനത്തിനുത്തരവാദി മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗുമായിരുന്നു എന്നു നമ്മുടെ രാജ്യത്തെ ടീനേജുകാർക്കു പോലുമറിയാം. വാസ്തവത്തിൽ അതു നൂറുക്കു നൂറു സത്യമാണോ? ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാണെന്നു ധരിച്ചു കൊള്ളും എന്ന ഗീബൽസിന്റെ മന:ശാസ്ത്രം നേടിയ വിജയമായിരുന്നില്ലേ അത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന എല്ലാവർക്കും അറിയാവുന്ന പച്ചപ്പരമാർത്ഥമാണിത്.

ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നു വിശ്വസിക്കാനാവില്ല. ലോകത്തെങ്ങും കോളനിവത്കരണത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം കോളനി വാഴ്ച നഷ്ടക്കച്ചവടമാണെന്നു ഏമാൻമാർ മനസ്സിലാക്കിയിരുന്നു. കൂടുതൽ കോളനികൾ അധീനതയിലുണ്ടായിരുന്ന പോർച്ചുഗലും സ്പെയിനുമെല്ലാം യൂറോപ്പിലെ ദരിദ്രരാജ്യങ്ങളായി തുടങ്ങി. മറുപുറത്തു, ഒറ്റ കോളനി പോലുമില്ലാത്ത സ്വിറ്റ്സർലാൻഡും സ്കാൻഡിനേവിയൻ രാജ്യങ്ങളും സാമ്പത്തികാവൃദ്ധി നേടി. സോമാലിയയും റുവാണ്ടയും ബുറുണ്ടിയുമൊക്കെ കോളനിയാക്കി ഭരിച്ചു കൊള്ളാൻ ഐക്യരാഷ്ട്രസഭ തീറെഴുതിക്കൊടുത്താൽ പോലും ആർക്കും വേണ്ടാത്ത സ്ഥിതിവിശേഷങ്ങൾ വന്നു. ലോക സാമ്പത്തിക ബന്ധങ്ങളിൽ വന്ന ഈ മാറ്റം മറ്റാരേയും പോലെ ബ്രിട്ടനും തിരിച്ചറിഞ്ഞിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പസഫിക് ദ്വീപസമൂഹത്തിലുമുണ്ടായിരുന്ന യാതൊരു ഗതിയുമില്ലാത്ത എത്രയോ രാജ്യങ്ങൾ സ്വതന്ത്രമായതുപോലെ - രണ്ടോ മൂന്നോ വർഷങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടായാൽ പോലും - ഇന്ത്യയും സ്വാതന്ത്ര്യമാകുമായിരുന്നു. അഥവാ,
ആരും സമരം ചെയ്തില്ലെങ്കിൽ പോലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നൂ എന്നർഥം. കാനഡയെയും ആസ്ട്രേലിയയെയും പോലെ ക്രമാനുഗതമായി ഇന്ത്യക്കും സ്വയം ഭരണം എന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം തന്നെ, അതായത് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നു തിരിച്ചു വന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു ഇറങ്ങുന്നതിന്റെ മുമ്പുതന്നെ,  ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം എടുത്തിട്ടുണ്ടായിരുന്നു.  അതിന്റെ ''ടൈം ടേബിളി"നെ കുറിച്ചു മാത്രമായിരുന്നു ചർച്ച.

1918 ലെ മൊണ്ടേഗ് - ചെംസ്ഫോഡ് ഭരണ പരിഷ്കാരങ്ങൾ സ്വയംഭരണത്തിലേക്കുള്ള ആരംഭമാകുമായിരുന്നു. ആവശ്യമായ മാറ്റങ്ങളോടെ ആ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം ആഗ്രഹിച്ചിരുന്നതുമാണ്. അന്നു ആനിബസന്റും കോൺഗ്രസുമാണതിനു പാര വെച്ചത്. അന്നേ ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. കാരണം, പാകിസ്താൻ എന്ന ആശയം തന്നെ അന്ന് ഒരാളുടെയും മണ്ടയിലുദിച്ചിട്ടുണ്ടായിരുന്നില്ല. അതായത്, ഇന്ത്യയുടെ വിഭജനത്തിന്റെ ഉത്തരവാദി 1920 നു മുമ്പ് സ്വാതന്ത്ര്യ സമരം നടത്തിയവരോ അതോ അതിനു ശേഷം നേതൃത്വം ഏറ്റെടുത്തവരോ എന്നു ആലോചിക്കാവുന്നതേയുള്ളൂ.

1920 മുതൽ 1947 വരെയുള്ള കാലം സത്യത്തിൽ സ്വാതന്ത്ര്യ സമരത്തിന്റേതല്ല, 'പാളയത്തിൽ പട'യുടേതാണ്. സ്വാതന്ത്ര്യം എങ്ങനെ വേണം, എപ്പോൾ വേണം, ആർക്കൊക്കെ വേണം, മുസ്‌ലിംകൾക്കും 'തൊട്ടുകൂടാ - തീണ്ടിക്കൂടാ ജാതിക്കാർക്കും' വെവ്വേറെ നിയോജക മണ്ഡലങ്ങൾ വേണോ, നാട്ടുരാജ്യങ്ങൾക്കു വേണ്ടിയുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കരാർ ആർക്കു കൈമാറണം എന്നിങ്ങനെയുള്ള നൂറു നൂറു നുറുങ്ങു കാര്യങ്ങളിൽ നടന്ന തീരാത്ത തർക്കങ്ങളാണ് നമ്മുടെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ടുപോയത്.

ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അമ്പാസിഡർ എന്നു ഗോഖലെയെ വർണിച്ച മുഹമ്മദലി ജിന്ന വർഗീയ വാദിയായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ താമസിക്കുന്ന 'കോമൺ മദർലാൻഡ്' ആണ് അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്നത്. അദ്ദേഹത്തിനെ പാകിസ്താന്റെ രാഷ്ട്രപിതാവാക്കിയത് ജവഹർലാൽ നെഹ്റുവും അദ്ദേഹത്തിന്റെ അച്ഛൻ മോത്തിലാൽ നെഹ്റുവുമായിരുന്നെന്നു ചരിത്രത്തിന്റെ വളയം പിടിച്ചവർക്കറിയും.

അക്കാലത്തു നേതൃത്വത്തിലേക്കു ഉയർന്നു വന്നവരധികവും - ഗാന്ധിയും നെഹ്റുവും പട്ടേലുമൊക്കെ - വക്കീൽപ്പരീക്ഷ പാസായവരായിരുന്നു. ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞു ബോറടിപ്പിക്കാനുള്ള നമ്മുടെ വക്കീലൻമാരുടെ മിടുക്ക് വേറെ തന്നെയാണല്ലോ.  ബ്രിട്ടീഷു പക്ഷത്തെ പ്രതിനിധീകരിച്ചു ചർച്ചക്കു വന്നവരൊന്നും വക്കീൽപ്പണി പഠിക്കുകയോ ശീലിക്കുകയോ ചെയ്തവരായിരുന്നില്ല. നേരെ ചൊവ്വേ മാത്രം സംസാരിച്ചു ശീലിച്ച വേവൽ പ്രഭുവിനും മൗണ്ട്ബാറ്റണും മുടിനാരിഴ കീറുന്ന നമ്മുടെ ടെക്നിക് വശമില്ലായിരുന്നു. അവർക്ക് ജപ്പാനുമായി യുദ്ധം ചെയ്യുന്നതിലും കഷ്ടമായിരുന്നു ഇന്ത്യൻ നേതാക്കളോടു സംസാരിക്കുന്നത്. ജപ്പാൻ കപ്പൽ മുക്കുകയേയുള്ളൂ; ഇവർ ആളെ മൊത്തം ഭ്രാന്തു പിടിപ്പിക്കും!

വാക്കുകൾ കൊണ്ടുള്ള ഞാണിൻമേൽ കളി ഇഷ്ടപ്പെടാതിരുന്ന ഇർവിൻ പ്രഭു സഹിക്ക വയ്യാതെ ഒരു വെല്ലുവിളി ഉയർത്തി - ഇന്ത്യയിലെ എല്ലാ പാർട്ടിക്കാരും ഒത്തു ഒരു ഭരണഘടനയുണ്ടാക്കി ഏൽപ്പിക്കുക. 1928ലാണിത്. അങ്ങനെയാണു മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി നിലവിൽ വന്നത്. ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയിലെ ഒരു കുരുട്ടുനയം ജിന്നക്കു മനസിലായി. അദ്ദേഹവും ഒരു വക്കീലായിരുന്നല്ലോ! അധികാരങ്ങൾ കേന്ദ്രവും സംസ്ഥാനവുമായി വിഭജിക്കുമ്പോൾ ബാക്കി വരുന്ന അധികാരം (Residuary Powers) കേന്ദ്രത്തിനായിരിക്കണം എന്ന തത്വത്തെയാണ് ജിന്ന എതിർത്തത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർക്ക് അവരുടെ ഇഷ്ടപ്രകാരം ഭരിക്കാനുള്ള അവകാശത്തെ നിഷേധിക്കാനായിരുന്നു അങ്ങനെയൊരു തത്വം. റെസിഡ്യുവറി പവേഴ്സ് സംസ്ഥാനങ്ങൾക്കു നൽകണമെന്നായിരുന്നു ജിന്നയുടെ നിലപാട്. അതായിരുന്നു ശരിയെന്നു ചരിത്രം തെളിയിച്ചു. സ്വാതന്ത്ര്യം കിട്ടി മുപ്പതു വർഷം തികയുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഇ.എം.എസും ഇതു തന്നെയല്ലേ ആവശ്യപ്പെട്ടത്!

ചരിത്രം സത്യസന്ധമായി പറയുകയാണെങ്കിൽ ഇനിയും നമുക്കു മുറിവേൽക്കും. 1942 ൽ ഗാന്ധിയുടെ  നേതൃത്വത്തിലുണ്ടായ ക്വിറ്റ് ഇന്ത്യാ സമരം ഒരു നാടകമായിരുന്നില്ലേ?! ഫാഷിസത്തിനും നാസിസത്തിനുമെതിരായി ലോക വ്യാപകമായി പ്രതിഷേധ സംഭവ പരമ്പരകൾ അരങ്ങേറി. അന്നു അവയുടെ ഈറ്റില്ലമായിരുന്ന ജർമനിക്കെതിരായിരുന്നു ഇംഗ്ലണ്ട്. അത്തരം ഒരു സന്ദർഭത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം വിജയിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതു ഇംഗ്ലണ്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമായിരുന്നു. അന്ന്  ഇംഗ്ലണ്ട് തോറ്റു ജർമൻ ഫാസിസമാണ് ലോകത്തിന്റെ നെറുകയിൽ വന്നിരുന്നതെങ്കിൽ ഉണ്ടാകുമായിരുന്ന അവസ്ഥ ഭീതിദമാണ്. തങ്ങൾക്കു ആവശ്യമില്ലാത്തവരെയൊക്കെ കൊല്ലുകയായിരുന്നല്ലൊ നാസീനയം, ആദ്യം മനോരോഗികളെ, പിന്നെ ജിപ്സികളെ, പിന്നെ യഹൂദൻമാരെ. അങ്ങനെയുള്ള നാസീ മേധാവിത്വത്തിനും ക്വിറ്റിന്ത്യ സമരം എരിതീയിൽ പകർന്ന എണ്ണയാകുമായിരുന്നില്ലേ?

നമുക്കും കേൾക്കാനിഷ്ടമില്ലാത്ത സത്യങ്ങൾ പറയാതിരിക്കാം, ഈ ഒഴുക്കിനൊത്തു ഒലിച്ചു പോകാം, ഇന്ത്യ വിഭജിച്ചതിൽ നമുക്കാർക്കും ഒരു പങ്കുമില്ല. പ്രസവിച്ചതു ഏട്ത്തിയെങ്കി ഗർഭമുണ്ടാക്കിയതു തമ്പ്രാൻ തന്നെ!
ശുഭം!

കുരിശും ചന്ദ്രക്കലയും


ഇന്നലെ രണ്ടു സഹോദരങ്ങൾ - ഒരാൾ മുസ്‌ലിമും മറ്റേയാൾ ക്രൈസ്തവനുമാണ് - തമ്മിൽ ദൈവവിശ്വാസത്തെ സംബന്ധിച്ചു നടന്ന ഒരു ചർച്ചയുടെ കമന്റ് ബോക്സിൽ എന്നെ ടാഗ് ചെയ്തതു കണ്ടു. രണ്ടാമത്തേയാൾ ഇത്രയും ചിന്താശൂന്യമായി കാര്യങ്ങളെ വിലയിരുത്തുന്നതു കഷ്ടമാണ്. പല മുസ്‌ലിം രാജ്യങ്ങളുടെയും പതാകയിലും കെട്ടിടങ്ങളുടെ മുകളിലും ചന്ദ്രക്കല കാണപ്പെടുന്നു - മുസ്‌ലിംകൾ ചന്ദ്രനെയാണു ആരാധിക്കുന്നതു എന്നതിനു ഇതിൽപരം എന്താണു തെളിവു വേണ്ടതെന്നാണ് ചോദ്യം!!? ഇതേ ചോദ്യം മുമ്പും ചില യുക്തൻമാരും ഇസ്‌ലാം ഖണ്ഡകരായ ക്രൈസ്തവ എഫ്ബി മുതലാളിമാരും ചോദിച്ചു കണ്ടിട്ടുള്ളതിനാൽ

തിരിച്ചു അഞ്ചു ചോദ്യങ്ങൾ:

1. അനേകം ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മീതെ കുരിശു കാണാറുണ്ട്. എത്രയോ ക്രിസ്ത്യാനികൾ കഴുത്തിൽ കുരിശണിയുന്നു.  അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന കുരിശിന്റെ വഴി നടത്താറുണ്ടല്ലൊ. ഇതെല്ലാം ചൂണ്ടിക്കാട്ടി ചോദിക്കട്ടെ, എന്താ ക്രിസ്ത്യാനികൾ കുരിശിനെ ആരാധിക്കുന്നവരാണോ?

2. ലോകത്തിലുടനീളം അനേകം സംഘടനകൾ, പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, കമ്പനികൾ, പ്രത്യയശാസ്ത്രാധിഷ്ഠിത സമൂഹങ്ങൾ എന്നിവ തങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനു ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. അവരുടെ സ്ഥാപനങ്ങളിലും വാഹനങ്ങളിലും യൂണിഫോമുകളിലും ഈ ചിഹ്നങ്ങൾ കാണാം. അവർ ഈ ചിഹ്നങ്ങളെയാണോ ആരാധിക്കുന്നത്?

3. ലോകത്തിലെ ഏറ്റവും കറകളഞ്ഞ ഏക ദൈവിക വിശ്വാസം മുസ്‌ലിംകളുടേതാണ് എന്ന കാര്യം സർവ്വരാലും അംഗീകരിക്കപ്പെട്ടതത്രെ. ഇസ്‌ലാമിന്റെ വിമർശകർ പോലും പരിചയപ്പെടുത്തുന്നതു അങ്ങനെയാണ്. അതിനെ മുൻ നിർത്തി ചോദിക്കട്ടെ, പതാകകളിലും മറ്റും മുസ്‌ലിംകൾ ചന്ദ്രക്കല ആലേഖനം ചെയ്തതു 'കണ്ടുപിടിച്ചവർ' അതിന്നടുത്തു നക്ഷത്രങ്ങൾ കൂടി കണ്ടിട്ടുണ്ടാവും. മുസ്‌ലിംകൾ രണ്ടു ദൈവങ്ങളെ പൂജിക്കുന്നു എന്നു വാദമുണ്ടോ?

4. മുസ്‌ലിംകൾ അല്ലാഹുവിനെ ആരാധിക്കുന്നു. ഇത:പര്യന്തമുള്ള മനുഷ്യാനുഭവ ചരിത്രത്തിൽ ഒരിക്കലെങ്കിലും മുസ്‌ലിംകൾക്കിടയിലോ അറബി ഭാഷ സംസാരിക്കുന്നവർക്കിടയിലോ ചന്ദ്രനെ കുറിക്കാൻ അല്ലാഹു എന്ന പദം ഉപയോഗിച്ചതായി തെളിയിക്കാമോ?

5. ലോകത്തു ജീവിച്ചു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു വിശ്വാസികളിൽ ഒരാളെയെങ്കിലും ഞങ്ങൾ ചന്ദ്രപൂജ ചെയ്യുന്നവരാണെന്നു സാക്ഷ്യപ്പെടുത്തുവാൻ ഹാജരാക്കാമോ?

അന്ധവിശ്വാസങ്ങൾ, അധികാരാർത്തികൾ (ശീഇസം - 2)


എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. സബഇന്റെ മകന്‍ അബ്ദുല്ല ഈ വാദഗതി പ്രചരിപ്പിച്ച കാര്യം നടേ പറഞ്ഞിരുന്നുവല്ലോ. അലിയാരുടെ കാലത്ത് ഉടലെടുത്ത ഈ വിഭാഗത്തെ പൂര്‍വകാല പണ്ഡിത രചനകളില്‍ സബഇയ്യ എന്ന് വ്യവഹരിച്ചിട്ടുണ്ട്.

ഒരിക്കല്‍ അലിയാര് തന്നെ പറഞ്ഞു: എന്റെ വിഷയത്തില്‍ രണ്ടുകൂട്ടര്‍ നാശമടഞ്ഞു. എന്നെ പരിധി വിട്ട് സ്‌നേഹിച്ചവരാണ് ഒന്ന്. മറ്റേത് പരിധിവിട്ട് ദേഷ്യം കാണിച്ചവരും(മുസ്‌നദു അഹ്മദ് 1/160, ഫളാഇലുസ്സ്വഹാബ 2/ 565 എന്നിവ കാണുക. മറ്റൊരിക്കല്‍ പറഞ്ഞതിങ്ങനെ: ഒരു വിഭാഗം എന്നെ അതിരുവിട്ട് സ്‌നേഹിക്കും. ആ സ്‌നേഹം നിമിത്തം തന്നെ നരകത്തിലെത്തിച്ചേരും. തഥൈവ, ഒരു കൂട്ടര്‍ കോപം വെച്ചുപുലര്‍ത്തും. നരകാവകാശികളായിത്തീരും(ഇബ്‌നുഅബീ ആസ്വിമിന്റെ അസുന്നയില്‍(2/195) ഇതുദ്ധരിച്ചിട്ടുണ്ട്. പരിധിവിട്ട് സ്‌നേഹപ്രകടനം നടത്തി ഒടുവില്‍ കുഫ്‌റിലേക്കും തദ്വാരാ നരകത്തിലേക്കും എത്തിച്ചേരുമെന്ന് പറയപ്പെട്ടത് ശിയാക്കളെ കുറിച്ചാണെന്ന് അനേകം പണ്ഡിത ശ്രേഷ്ഠര്‍ വ്യക്തമാക്കിയിട്ടുണ്ട്. അലി തന്നെയാണ് അല്ലാഹു എന്നുവരെ അവര്‍ പറഞ്ഞുവല്ലോ. അലി(റ)വിനോട് വിദ്വേഷം വെച്ചവര്‍ എന്നതുകൊണ്ട് ഉദ്ദേശ്യം ഖവാരിജുകളെയും പ്രതിഷ്ഠാപൂജകരെയുമാണ്.

ഒട്ടനേകം ശിയാ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും അനുയായികളുള്ളതും മൂന്നുവിഭാഗങ്ങള്‍ക്കാണ്. ഇമാമിയ്യ, കയ്‌സിനിയ്യ, ഗുറാബിയ്യ.
ഗുറാബിയ്യ വിഭാഗക്കാര്‍ മുഹമ്മദ് നബി(സ്വ)യോട് എല്ലാ അര്‍ത്ഥത്തിലും തുല്യനാണ് അലി(റ) എന്ന് പ്രചരിപ്പിക്കുന്നു. ഗുറാബ് എന്ന വാക്കിനര്‍ത്ഥം കാക്ക എന്നാണ്. കാക്കക്ക് മറ്റൊരു കാക്കയോട് എത്ര സാദൃശ്യമുണ്ടോ, അത്രക്ക് സദൃശ്യരാണ് നബി(സ്വ)യും അലി(റ)വും എന്നാണിവരുടെ വാദം. ഇവര്‍ ഗുറാബിയ്യ എന്നറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ നബിയായി നിയോഗിക്കാന്‍ അല്ലാഹുതീരുമാനിച്ചിരുന്നത് അലിയെ ആയിരുന്നെന്നും ദിവ്യസന്ദേശവുമായി വന്ന ദൂതന്‍ ജിബ്‌രീലിന് ആളുമാറി അബദ്ധം പിണയുകയായിരുന്നു എന്നുവരെ ഗുറാബിയ്യ വിഭാഗം വിശ്വസിക്കുന്നു. ഇക്കാര്യം ഖാളി ഇയാള്(റ) കിതാബുശ്ശിഫാഇലും വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) നുബുവ്വത്തുമായി വരുന്നത് തിരുജീവിതത്തിന്റെ നാല്‍പതാം വയസ്സിലാണ്. അന്ന് പത്തുതികഞ്ഞിട്ടില്ല അലിയാര്‍ക്ക്. നാല്‍പതുവയസ്സുള്ള മധ്യവയസ്‌കനെയും പത്തുതികയാത്ത ബാലനെയും തിരിച്ചറിയാന്‍ ജിബ്‌രീലിന് സാധിച്ചില്ലെന്ന വാദം എത്രത്തോളം ബാലിശമാണ്?

രണ്ടാമത്തെ വിഭാഗം കൈസാനിയ്യയാണ്. ഉബൈദുസ്സഖഫീയുടെ മകന്‍ മുഖ്താര്‍ ആണ് നേതാവ്. ഇദ്ദേഹം ആദ്യകാലത്ത് അലി(റ)വിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഖവാരിജുകളുടെ വക്താവായിരുന്നു. പിന്നീട് ശിയാ ഭാഗത്തേക്ക് മാറി. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളും അധികാര താല്‍പര്യങ്ങളും ഉണ്ടായിരുന്നയാളാണ് മുഖ്താര്‍. ജനപിന്തുണ ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കര്‍ബലാ ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ശിആക്കളെല്ലാം തങ്ങളുടെയും ഇമാം ഹുസൈന്‍(റ)വിന്റെയും ശത്രുവും എതിരാളിയുമായി കാണുകയും ചെയ്തിരുന്ന സിയാദ് മകന്‍ ഉബൈദുല്ലയെ വധിച്ചുകൊണ്ടാണ് അദ്ദേഹമതു സാധ്യമാക്കിയത്. സ്വാഭാവികമായും ശിയാക്കളുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് കിട്ടി. അതോടെ മുഖ്താറിന് പിഴച്ച വാദങ്ങള്‍ എഴുന്നള്ളിക്കാനുള്ള അരങ്ങൊരുങ്ങി. ശീഅതു അലിയായി അറിയപ്പെട്ടിരുന്നവരില്‍ തന്നെ അബ്ദുല്ലയുടെ ദൈവാവതാര സിദ്ധാന്തം അംഗീകരിക്കാത്തവരായിരുന്നല്ലോ ബഹുഭൂരിപക്ഷം. അവരുടെകൂടി മനസിനെ തന്റെ കൂടെ നിര്‍ത്തുവാനുള്ള ശ്രമമാണ് മുഖ്താര്‍ നടത്തിയത്. അങ്ങനെയാണ് അദ്ദേഹം ഹനഫിയ്യയുടെ മകന്‍ മുഹമ്മദിനെ ഇമാമായി ചിത്രീകരിക്കുവാനുള്ള വേലകളുമായി രംഗത്തുവന്നത്.
ഫാത്വിമ ബീവിയുടെ മരണശേഷം അലിയാര്‍ വിവാഹം ചെയ്ത ഹനഫിയ്യ ഗോത്രക്കാരിയായ ജഅ്ഫറിന്റെ മകള്‍ ഖൗലയില്‍ അദ്ദേഹത്തിനു പിറന്ന പുത്രനായിരുന്നു മുഹമ്മദ് ബിന്‍ ഹനഫിയ്യ. അങ്ങയുടെ കാലശേഷം എനിക്കൊരു കുഞ്ഞുണ്ടായാല്‍ അവന് മുഹമ്മദ് എന്ന് പേരിടുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം എന്ന് ഒരിക്കല്‍ അലിയാര്‍ തിരു സവിധത്തില്‍ ആരാഞ്ഞു. കുഴപ്പമില്ല എന്നാണ് അവിടുന്ന് പ്രതികരിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയത്. തിരുനബി പുത്രിയായ ഫാത്വിമയിലുണ്ടായ ഹസന്‍, ഹുസൈന്‍(റ)യില്‍നിന്ന് വേര്‍തിരിച്ച് അറിയുന്നതിനു വേണ്ടി നാട്ടുകാര്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യ എന്ന് സ്‌നേഹാദരം വിളിച്ചു. ആ പേരില്‍ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പിതാവായ അലി(റ)യെ ഒപ്പിയെടുത്തപോലെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. ആരാധനകള്‍ കൃത്യമായ മുറക്ക് നിര്‍വഹിക്കുന്നതിലും ലൗകിക പരിത്യാഗത്തിലും അചഞ്ചലമായ ധീരതയിലും അനുപമമായ സാഹിത്യ വൈഭവത്തിലും അലി(റ)നോട് വേര്‍തിരിച്ചറിയാനാവാത്ത സാദൃശ്യമുണ്ടായിരുന്നു. അടര്‍ക്കളത്തിലെ അടിപതറാത്ത പോരാളി, പ്രസംഗപീഠത്തില്‍ അനീതിക്കെതിരെ അഗ്നിസ്ഫുലിംഗങ്ങളാകുന്ന വാഗ്‌ധോരണി, നിശയുടെ നിശബ്ദതയില്‍ ലോകം മുഴുവന്‍ സുഷുപ്തിയിലാണ്ടു കിടക്കുമ്പോഴും അല്ലാഹുവിനെ ഓര്‍ത്തോര്‍ത്ത് കരഞ്ഞിരുന്ന തപ്തമാനസന്‍- എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം അലി(റ)യെ അനുസ്മരിപ്പിച്ചു.

ഹസന്‍, ഹുസൈന്‍(റ) കഴിഞ്ഞാല്‍ പിന്നെ ഇമാമിന് ഏറ്റവും യോഗ്യന്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യയാണ് എന്ന പ്രചാരണമാണ് മുഖ്താര്‍ നടത്തിയത്. അദ്ദേഹത്തെ അംഗീകരിച്ചിരുന്നവരും അതുതന്നെ വിശ്വസിച്ചെങ്കിലും സാധാരണ ശീഇകള്‍ക്ക് ഉള്ള വാദമോ വിശ്വാസമോ ആയിരുന്നില്ല ഇത്. ഫാത്വിമയുടെ സന്തതികളാണ്- അവര്‍ മാത്രമാണ്- ഇമാമാകാന്‍ അര്‍ഹതയുള്ളവര്‍ എന്നാണ് മറ്റുള്ളവരുടെ വാദം. എന്നാല്‍ ഹസന്‍ ഹുസൈന്‍ കഴിഞ്ഞാല്‍ അലി(റ)യുടെ നേര്‍പതിപ്പായ മുഹമ്മദ് ആണ് ശരിയായ അവകാശി എന്നാണ് മുഖ്താര്‍ പ്രചരിപ്പിച്ചത്.
മുഖ്താറിന്റെ ലൗകിക വിചാരങ്ങളൊന്നും മുഹമ്മദിനുണ്ടായിരുന്നില്ല. യസീദുബ്‌നു മുആവിയയും മര്‍വാനുബ്‌നുല്‍ഹകമും മരണപ്പെട്ട ശേഷം ഇറാഖിലെയും ഹിജാസിലെയും ജനങ്ങള്‍ അബ്ദുല്ലാഹിബ്ന്‍ സുബൈര്‍(റ)വിനെ ഖലീഫയാക്കി അവരോധിച്ചെങ്കിലും മലിക്ബ്‌നു മര്‍വാന്‍ സ്വയം ഖിലാഫത് പ്രഖ്യാപിച്ച് ശാമിലെ ജനങ്ങളോട് തന്നെ ബൈഅത് ചെയ്യാന്‍ ആവശ്യപ്പെട്ടു. കലുഷമായ ആ സാഹചര്യത്തില്‍ രണ്ടുപേരെയും ബൈഅതുചെയ്യാതെ അകലം പാലിക്കുകയായിരുന്നു മുഹമ്മദ്. മുഖ്താര്‍ തന്റെ പേരില്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അദ്ദേഹമറിഞ്ഞത് വൈകിയാണ്.

കൈസാനികളുടെ പ്രചരണം തെറ്റാണെന്നു തള്ളിപ്പറയാനും സത്യാവസ്ഥ വിശദീകരിക്കാനും അദ്ദേഹം സര്‍വ്വാത്മനാ മുന്നോട്ടുവന്നു. എന്നാല്‍ അപ്പോഴേക്കും മുഖ്താറിന്റെ സംഘം വളരെയധികം മുന്നോട്ടുപോവുകയും മുഹമ്മദിന്റെ വാക്കുകളെ എതിര്‍ക്കാനും പ്രതിരോധിക്കാനും ആവശ്യമായ ശക്തി കാണിക്കുവാന്‍ മാത്രം പ്രസ്ഥാനവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.

കൈസാനികളുടെ പ്രധാന വാദഗതികളെ ഇങ്ങനെ സംക്ഷിപ്തപ്പെടുത്താം. ഒന്ന്: യോഗ്യതയനുസരിച്ച് നാലാമത്തെ ഇമാം മുഹമ്മദ് തന്നെയാണ്. അലി, ഹസന്‍, ഹുസൈന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും ഇമാമുമാര്‍.

രണ്ട്: ഇമാമായി വരുന്നവര്‍ പാപസുരക്ഷിതരും വിശുദ്ധരുമായിരിക്കും. ഇലാഹികമായ പ്രത്യേകവിജ്ഞാനത്താല്‍ വിഭൂഷിതനായിരിക്കും.

മൂന്ന്: മുഹമ്മദ് (ഹനഫിയ്യയുടെ മകന്‍) യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിട്ടില്ല. മദീനയുടെ പ്രാന്തത്തിലുള്ള രിള്‌വാ പര്‍വതത്തില്‍ അപ്രത്യക്ഷനായതാണ്. തേനിന്റെയും വെള്ളത്തിന്റെയും രണ്ട് അരുവികള്‍ അദ്ദേഹത്തിനടുത്തുണ്ട്. ഒരു നിശ്ചിത കാലമാകുമ്പോള്‍ അദ്ദേഹം മടങ്ങിവരും.

നാല്: അല്ലാഹുവിന്റെ അനാദിയായ തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ അവന്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഇതിനെ ബദാഅ് എന്ന് വിളിക്കുന്നു.

അഞ്ച്: ആത്മാവ് ഒരു ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്താം. അങ്ങനെ രണ്ടാമത് ചേക്കേറുന്നത് മറ്റേതെങ്കിലും മൃഗവുമാവാം.

ഇസ്‌ലാമിക ഭൂമികയെക്കാള്‍ ഹിന്ദുമതത്തിലെ സിദ്ധാന്തം പോലുള്ള ആശയങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ക്കിടയിലാണ് കൈസാനികള്‍ക്ക് സ്വാധീനം ഉണ്ടായിരുന്നത്. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍ പോലെയുള്ള പ്രദേശങ്ങളിലാണ് ഇവര്‍ പ്രചാരം നേടിയത്. പില്‍ക്കാലത്ത് അഭിപ്രായ ഭിന്നതകള്‍ കാരണം അനേകം കക്ഷികളായി കൈസാനികള്‍ ചിതറി. ഇവരില്‍ ഹാശിമിയ, ബയാനി തുടങ്ങിയവര്‍ മാത്രമാണ് ഏതാനും കാലങ്ങളെ അതിജീവിച്ചത്.

(തുടരും)

ശീഇസത്തിന്റെ വേരുകൾ (ശീഇസം - 1)


‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു.

തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഈ പ്രസ്ഥാനം ഉത്ഭവിച്ചത്. അലി(റ)വും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കാന്‍ മധ്യസ്ഥരും വിധികര്‍ത്താക്കളുമാക്കി അബൂമൂസല്‍ അശ്അരി(റ)വിനെയും അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും നിശ്ചയിക്കാന്‍ അലി(റ) തീരുമാനിച്ചു. കലഹങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശ്യമാണ് അലിയാര്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്- അല്ലാഹുവിനല്ലാതെ വിധികര്‍തൃത്വമില്ല’ എന്നുപറഞ്ഞ് കുറച്ചാളുകള്‍ സംഘടിക്കുകയുണ്ടായി. ഇവരാണ് ഖവാരിജ്. ഭരണാധികാരിക്കെതിരെ കലാപത്തിന് പുറപ്പെടുന്നതിനെയാണ് സാങ്കേതികമായി ഖുറൂജ് എന്ന് പറയുക. പുറപ്പെടുന്നവന്‍ ഖാരിജ്. അതിന്റെ ബഹുവചനമാണ് ഖവാരിജ്. കൂഫയിലെ ഹറൂറ പ്രദേശത്തുവെച്ച് അലിയാര്‍ക്കെതിരെ യുദ്ധം നടത്താന്‍ മാത്രം ഇവര്‍ ധൃഷ്ടരായി. ഈ സാഹചര്യത്തില്‍ അലിയാരോട് ആഭിമുഖ്യം കാട്ടിയിരുന്നവരും സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പോരാടിയവരും ശീഅതു അലി(അലി പക്ഷം) എന്നറിയപ്പെട്ടു. ഇവര്‍ വഴിതെറ്റിയവരായിരുന്നില്ല. എന്നാല്‍, ഇവര്‍ക്ക് അലി(റ)വിനോടും അഹ്‌ലുബൈത്തിനോടും ഉണ്ടായിരുന്ന സ്‌നേഹാദരവ് മുതലെടുത്ത് ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ രംഗത്തുവന്നു. അതാണ് ശീഇസത്തിന്റെ തുടക്കം.
സബഇന്റെ മകന്‍ അബ്ദുല്ലയാണ്(അബ്ദുല്ലാഹിബ്ന്‍ സബഅ്) വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്. ഉസ്മാന്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നയാളായിരുന്നു അബ്ദുല്ല. പേര്‍ഷ്യന്‍ വംശജനായിരുന്ന ഇദ്ദേഹം വേഷഭൂഷാദികളില്‍ മാത്രമാണ് ഇസ്‌ലാമിനെ സ്വീകരിച്ചത്. മുസ് ലിം സമൂഹ ഗാത്രത്തില്‍ കയറിപ്പറ്റി ഭിന്നത സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അധികം താമസിയാതെ തന്നെ ബോധ്യപ്പെട്ടു.

ഖവാരിജുകള്‍ അലി(റ)വിനെതിരായ സന്ദര്‍ഭത്തില്‍ ശീഅതു അലിയുടെ നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനാണ് അബ്ദുല്ല തുനിഞ്ഞത്. അങ്ങനെ അലി പക്ഷക്കാരനായി ചമഞ്ഞ് രംഗത്തെത്തുകയും അലിയാരെ പരിധിവിട്ട് പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇസ്രയേല്‍ ജനത്തിലെ ഒരു വിഭാഗം എസ്ര ദൈവപുത്രനാണ് എന്ന് വാദിച്ചതുപോലെ, ക്രൈസ്തവര്‍ യേശു ദൈവപുത്രനാണെന്ന് വാദിച്ചപോലെ അലിയാരെ അതിമാനുഷനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. അലിയാരില്‍ ഇമാമത് ആദ്യമായി അധ്യാരോപിച്ചതും ഇദ്ദേഹമാണ്(അതേക്കുറിച്ച് വഴിയേ വിശദമായി പറയാം). മുഹമ്മദ് നബി(സ്വ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇയാള്‍ തന്റെ വാദഗതികള്‍ തുടങ്ങിവെച്ചത്. മുഹമ്മദ് നബി(സ്വ) ഈസാ(അ)യെക്കാള്‍ ശ്രേഷ്ഠനാണെന്നിരിക്കെ ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ്വ) മരണപ്പെട്ടു എന്ന് അംഗീകരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല എന്ന് വാദിച്ച അബ്ദുല്ല ഈസാ(അ)യെപ്പോലെ മുഹമ്മദ് നബി(സ്വ)യും വീണ്ടും വരും എന്ന് പ്രചരിപ്പിച്ചു. ഇത് മൗലികമായി ഇസ്‌ലാമിക വിശ്വാസത്തിന് നേര്‍വിപരീതമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അലിയാരില്‍ ഇലാഹികത ഉണ്ടെന്ന അര്‍ത്ഥത്തില്‍ ‘അന്‍ത! ഇന്‍ത!!- അങ്ങ് അങ്ങുതന്നെയാണ്’ എന്നുവരെ ഇദ്ദേഹം പറയുകയുണ്ടായി എന്ന് രേഖകളുണ്ട്(നോക്കുക, അല്‍അജ്‌വ). ബതുദ്ദാമിഗ ഫിര്‍റദ്ദി അലല്‍ അഖാഇദിസ്സാഇഗ, പേ. 8).
ഈജിപ്തിലെ പാമര ജനങ്ങള്‍ക്കിടയിലാണ് അബ്ദുല്ല തന്റെ വാദങ്ങള്‍ പ്രചരിപ്പിച്ചത്. അലിയാരോടും നബികുടുംബത്തോടും നിഷ്‌കപടമായ സ്‌നേഹമുണ്ടായിരുന്ന അനേകം പുതുവിശ്വാസികള്‍ ഇദ്ദേഹത്തിന്റെ വാദങ്ങളില്‍ ആകൃഷ്ടരായി. അത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. അയാള്‍ അടുത്ത വാദം പുറത്തെടുത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്ത് ചെയ്ത ഓരോ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് (സ്വ) വസ്വിയ്യത് ചെയ്ത പിന്‍ഗാമി അലിയാരാണ്. മുഹമ്മദ്(സ്വ) ഏറ്റവും ശ്രേഷ്ഠനും അന്ത്യപ്രവാചകനുമായതുപോലെ അലിയാര്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെവനുമായ പിന്‍ഗാമിയാണ്. തന്നെ അതിമാനുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള വാദഗതികള്‍ തിരിച്ചറിഞ്ഞ അലിയാര്‍ അബ്ദുല്ലയെ ഇറാഖിലെ ടെസ്‌ഫോണിലേക്ക് നാടുകടത്തി.

ടെസ്‌ഫോണിലും അബ്ദുല്ല വെറുതെയിരുന്നില്ല. ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇബ്‌നു മുല്‍ജിമിന്റെ കുത്തേറ്റ് ഖലീഫ അലി(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കൊല്ലപ്പെട്ടത് അലിയല്ല. അലിയുടെ രൂപത്തിലുള്ള പിശാചാണ്. ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയ പോലെ അലിയും ആകാശത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു. ഈസാ(അ)യെ ശത്രുക്കള്‍ വധിച്ചു, ക്രൂശിച്ചു എന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വാദിക്കുന്നതുപോലെ അലിയുടെ ശത്രുക്കളായ ഖവാരിജുകളാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രചാരണം നടത്തുന്നത്. ഇടിനാദം അലിയുടെ ശബ്ദമാണ്. മിന്നല്‍പിണരുകള്‍ അദ്ദേഹം ചാട്ടവാര്‍ പ്രയോഗിക്കുന്നതാണ്. ഈസയെപ്പോലെ അലിയും ഒരുനാള്‍ ശത്രുനിഗ്രഹത്തിനായി ഇറങ്ങിവരും.’

അബ്ദുല്ലയുടെ തന്ത്രം വിജയിച്ചു. ധാരാളം സാധാരണക്കാര്‍ ഇതൊക്കെ ശരിയാണെന്ന് ധരിച്ചു. ശരിയായ ഇസ്‌ലാമിനും ഖവാരിജുകള്‍ക്കും പുറകെ പുതിയ ഒരു വിഭാഗംകൂടി രംഗത്തുദിച്ചു. ഇവരുടെ വിചിത്രമായ വാദഗദികളെ കുറിച്ച് വഴിയേ വിശദമായി സംസാരിക്കാം. സബഇയ്യാക്കള്‍ എന്നം ആദ്യകാല ഗ്രന്ഥരചയിതാക്കള്‍ പരിചയപ്പെടുത്തുന്ന ഈ വിഭാഗമാണ് ശീഇസത്തിന് നിലമൊരുക്കിയത്. എന്നാല്‍ ആധുനിക ശീഇകളില്‍ പലരും ശീഇസത്തിന് അബ്ദുല്ലയുമായി(അബ്ദുല്ലാഹിബ്‌നു സബഅ്) ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാറുണ്ട്. അതിലേറെ വിചിത്രമാണ് ആധുനിക അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ പറയുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഫിത്‌നതുല്‍കുബ്‌റാ(കൊടും നാശം) എന്ന പേരിലറിയപ്പെടുന്ന ചില സംഗതികള്‍ക്ക് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം സാക്ഷിയാവുകയുണ്ടായല്ലോ. അതേ ശീര്‍ഷകത്തില്‍ ത്വാഹാ ഹുസൈന്‍ രണ്ട് വാല്യങ്ങളിലായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇതിലദ്ദേഹം വാദിക്കുന്നത് അബ്ദുല്ല(ഇബ്‌നു സബഅ്) എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നാണ്. ചിലരുടെ സ്വാര്‍ത്ഥവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ് ഇബ്‌നുസബഅ് എന്നദ്ദേഹം വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും വാസ്തവ വിരുദ്ധമാണ്. അബ്ദുല്ലയാണ് ശീഇസത്തിന് ബീജാവാപമിട്ടത് എന്ന് അനേകം ശീഈ പണ്ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ബ്‌നു ഉമറില്‍ കിശ്ശി എന്ന വിശ്രുതനായ ശീഈ പണ്ഡിതന്‍ രചിച്ച രിജാലുശ്ശീഅഃ(ശീഈ പണ്ഡിതന്മാര്‍) എന്ന ഗ്രന്ഥത്തില്‍ അബ്ദുല്ലയെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘പണ്ഡിതന്മാരായ ചിലര്‍ അബ്ദുല്ലാഹിബ്‌നു സബഅ് ആദ്യകാലത്ത് ജൂതനായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അലി(റ)വിനെ സ്‌നേഹിച്ചു. ജൂതനായിരുന്നപ്പോള്‍ മൂസാ(അ) പ്രത്യേകം വസ്വിയ്യതു ചെയ്ത പിന്‍ഗാമിയാണ് യൂശഅ്ബിന്‍ നൂന്‍ എന്ന അതിരുവിട്ട വാദം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപോലെ റസൂലുല്ലാഹി(സ്വ)യുടെ വഫാതിനു ശേഷം അലി(റ)വിന്റെ സ്ഥാനമതാണെന്ന് അദ്ദേഹം വാദിച്ചു. അലി(റ)വിന് ഇമാമത് പദവി ഉണ്ടെന്ന് വാദിച്ച ആദ്യത്തെയാള്‍ അബ്ദുല്ലയാണ്. അതേ പ്രകാരം അലിയുടെ ശത്രുക്കള്‍ക്കെതിരെ അവരുടെ വാദഗതികളില്‍ നിന്ന് പൂര്‍ണമായും താന്‍ മുക്തനാണെന്ന് വാദിച്ച ആദ്യത്തെയാളും ഇദ്ദേഹം തന്നെ.’

അലിയാരോടുള്ള സ്‌നേഹം മാത്രമല്ല ആ സ്‌നേഹത്തിന്റെ മറവില്‍ സ്വഹാബികളെ ചീത്ത വിളിക്കുക എന്നതും ശിയാക്കളുടെ പ്രധാന സ്വഭാവമാണ്. നബി(സ്വ)ക്കു ശേഷം ഉത്തരാധികാരിയായി വരേണ്ടത് യഥാര്‍ത്ഥത്തില്‍ അലിയാരായിരുന്നുവെന്നും എന്നാല്‍ സിദ്ദീഖും ഉമറും ഉസ്മാനും(റ.ഹും) അനര്‍ഹരും അനധികൃതവുമായി അദ്ദേഹത്തിന്റെ അധികാരം തട്ടിപ്പറിച്ചെടുത്തതാണെന്നും ആരോപിക്കുകയും അതിന്റെ പേരില്‍ ആ മഹാത്മാക്കളെ ഭര്‍ത്സിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ വഴി. യഥാര്‍ത്ഥത്തില്‍ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അവകാശി അലിയാരായിരുന്നുവെന്നും വഹ്‌യുമായി വന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീലിന് അബദ്ധം പിണഞ്ഞതിനാല്‍ ആളുമാറി മുഹമ്മദ്(സ്വ)ക്ക് നുബുവ്വത്ത് നല്‍കപ്പെടുകയാണ് ഉണ്ടായത് എന്നു വാദിക്കുന്ന ശിയാക്കളുമുണ്ട്. അലി(റ)വും അഹ്‌ലുബൈതും പ്രവാചകന്മാരെപ്പോലെ മഅ്‌സൂമുകള്‍(ഒരിക്കലും പാപം ചെയ്യാത്തവര്‍) ആണെന്ന വാദവും ഇവര്‍ക്കുണ്ട്. വിശ്വാസപരമായ ഇത്തരം ഉള്‍പ്പിരിവുകളെ കുറിച്ച് പിന്നീടെഴുതാം.

അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: ”തിരുനബി(സ്വ)യുടെ വഫാതു കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ നിലവില്‍ വന്ന പ്രസ്ഥാനമാണ് റാഫിളികള്‍. വഞ്ചന, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങി തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളിലും ഇക്കൂട്ടര്‍ ജൂത നസ്വാറാക്കളുടെ വഴിയേയാണ് സഞ്ചരിച്ചത്. ആദ്യകാലത്ത് അറേബ്യയിലുണ്ടായിരുന്ന വഞ്ചകരായ ജൂതന്മാരായിരുന്നു ഇക്കൂട്ടര്‍. ആദ്യ കാലത്ത് യഹൂദിയായിരുന്ന, പിന്നീട് കൂഫയിലെ റാഫിളികളുടെ നേതാവായി മാറിയ അബ്ദുല്ല എന്നയാളായിരുന്നു അവരുടെ നേതാവ്. മുസ്‌ലിംകളെല്ലാം ഒരേ മനസോടെ വീക്ഷണപ്പൊരുത്തത്തോടെ ജീവിക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തദ്വാര ഐക്യവും ശക്തിയും ചോര്‍ത്തിക്കളയാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെയാണ് മുസ്‌ലിമായി ചമയാന്‍ തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കപടവിശ്വാസിയായി അയാള്‍ എല്ലാ നാട്ടിലുമെത്തി. കൂഫ, ബസ്വറ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ നാടുകളിലെല്ലാം സഞ്ചരിച്ച് തന്റെ വാദങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അവര്‍ക്ക് ശീഇകള്‍ എന്ന് പേരുവിളിച്ചതും അയാള്‍ തന്നെ. മുസ്‌ലിംകളോടുള്ള ശത്രുതയില്‍ ഗ്രൂപ്പിസം പ്രകടമാക്കിയ ആദ്യത്തെയാള്‍ ഇയാളായിരുന്നു. അലി(റ)വിനെയും അഹ്‌ലുബൈത്തിനെയും സ്‌നേഹിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അബൂബകര്‍, ഉമര്‍, ഉസ്മാന്‍(റ.ഹും) എന്നിവരോട് വിദ്വേഷം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു”(നുജൂമുല്‍ മുഹ്തദീന്‍).


ബൈബിൾ പ്രവചിച്ച പ്രവാചകൻ!


 മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: "മുഹമ്മദ് സ്വ.യെ പറ്റി അല്ലാഹു പറഞ്ഞു: ഇതാ, ഞാൻ ഏറ്റെടുത്ത എന്റെ ദാസൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ. അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, വിട്ടുവീഴ്ച ചെയ്യുന്നു."

( عبدي المتوكل المختار ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح.).

വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് റ.വിനെ കണ്ടപ്പോൾ തൗറാതിൽ തിരുനബി സ്വ. യെ കുറിച്ചു പറഞ്ഞിട്ടുള്ള വിശേഷണങ്ങളെ പറ്റി അത്വാഉ ബ്നു യസാർ റ. ആരായുകയുണ്ടായി. അദ്ദേഹം നൽകിയ വിശ്രുതവും സുദീർഘവുമായ മറുപടിയിലും ഇക്കാര്യങ്ങളത്രയും പരാമർശിച്ചിട്ടുണ്ട്. അതിന്റെ അവസാനത്തിൽ ഇങ്ങനെ കൂടി പറയുന്നു: ഏറ്റവും തലതിരിഞ്ഞ ജനത 'അല്ലാഹുവല്ലാതെ യാതൊരാളും ആരാധ്യനായി ഇല്ല' എന്നു പറഞ്ഞു കൊണ്ടു നേർമാർഗം പ്രാപിക്കുവോളം  അല്ലാഹു അവിടുത്തെ പ്രാണനെ പിടിക്കുകയില്ല. ആ വാചകം നിമിത്തം അവിടുന്ന് കുരുട്ടു കണ്ണുകളെ തുറക്കും. ബധിരമായ കാതുകളും അടഞ്ഞ ഹൃദയങ്ങളും തുറക്കും."

(ولن يقبضه الله حتى يقيم به الملة العوجاء بأن يقولوا: لا إله إلا الله ويفتح بها أعينًا عميًا وأذانًا صمًا وقلوبًا غلفًا).

ഇനി ബൈബിൾ പഴയ നിയമത്തിലെ യെശയ്യാ പുസ്തകം 42-ാം അധ്യായത്തിന്റെ ആരംഭം വായിക്കാം.

1. הֵ֤ן עַבְדִּי֙ אֶתְמָךְ־בֹּ֔ו בְּחִירִ֖י רָצְתָ֣ה נַפְשִׁ֑י נָתַ֤תִּי רוּחִי֙ עָלָ֔יו מִשְׁפָּ֖ט לַגֹּויִ֥ם יֹוצִֽיא:

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. ഞാന്‍ തെരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.

2. לֹ֥א יִצְעַ֖ק וְלֹ֣א יִשָּׂ֑א וְלֹֽא־יַשְׁמִ֥יעַ בַּח֖וּץ קֹולֹֽו׃

അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.

3. קָנֶ֤ה רָצוּץ֙ לֹ֣א יִשְׁבֹּ֔ור וּפִשְׁתָּ֥ה כֵהָ֖ה לֹ֣א יְכַבֶּ֑נָּה לֶאֱמֶ֖ת יֹוצִ֥יא מִשְׁפָּֽט׃

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; മങ്ങിയ തിരി കെടുത്തുകളകയില്ല; അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.

4. לֹ֤א יִכְהֶה֙ וְלֹ֣א יָר֔וּץ עַד־יָשִׂ֥ים בָּאָ֖רֶץ מִשְׁפָּ֑ט וּלְתֹורָתֹ֖ו אִיִּ֥ים יְיַחֵֽילוּ׃

ഭൂമിയിൽ നീതി സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ  നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.

 5. כֹּֽה־אָמַ֞ר הָאֵ֣ל ׀ יְהוָ֗ה בֹּורֵ֤א הַשָּׁמַ֙יִם֙ וְנֹ֣וטֵיהֶ֔ם רֹקַ֥ע הָאָ֖רֶץ וְצֶאֱצָאֶ֑יהָ נֹתֵ֤ן נְשָׁמָה֙ לָעָ֣ם עָלֶ֔יהָ וְר֖וּחַ לַהֹלְכִ֥ים בָּֽהּ׃

ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ജീവനും അതിൽ ചരിക്കുന്നവര്‍ക്കു പ്രാണനെയും കൊടുക്കയും ചെയ്ത ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

6. אֲנִ֧י יְהוָ֛ה קְרָאתִ֥יךָֽ בְצֶ֖דֶק וְאַחְזֵ֣ק בְּיָדֶ֑ךָ וְאֶצָּרְךָ֗ וְאֶתֶּנְךָ֛ לִבְרִ֥ית עָ֖ם לְאֹ֥ור גֹּויִֽם:

ഞാൻ, യഹോവ, ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി നിന്നെ കാക്കും; നിന്നെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നല്‍കുകയും ചെയ്തിരിക്കുന്നു;

7. לִפְקֹ֖חַ עֵינַ֣יִם עִוְרֹ֑ות לְהֹוצִ֤יא מִמַּסְגֵּר֙ אַסִּ֔יר מִבֵּ֥ית כֶּ֖לֶא יֹ֥שְׁבֵי חֹֽשֶׁךְ׃

കുരുട്ടുകണ്ണുകളെ തുറപ്പാനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി.

ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടല്ലാതെ സത്യവിശ്വാസികൾക്ക് ഈ വരികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുകയില്ല. ഓരോ വരികളും മനുഷ്യാനുഭവ ചരിത്രം മുന്നിൽ വെച്ച് നമ്മോടു പറയും ആരാണ് യഹോവ താങ്ങുന്ന / ഏറ്റെടുത്തിരിക്കുന്ന ദാസൻ എന്ന്. ആരാണ് പ്രതിസന്ധികൾക്ക് മുന്നിൽ അടിപതറാതെ, പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ, ബഹിഷ്കരണങ്ങളിലും ഉപരോധങ്ങളിലും തളരാതെ, യുദ്ധങ്ങളിലും സമരങ്ങളിലും അധൈര്യപ്പെടാതെ, തന്റെ കയ്യാൽ നീതി സമ്പൂർണമായി സ്ഥാപിക്കപ്പെടുന്നതു വരെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നിലകൊണ്ടതെന്ന്.
ആരെയാണ് കല്ലെറിഞ്ഞു കൊല്ലാൻ വിടാതെ, ഈർച്ചവാൾകൊണ്ടു രണ്ടായി പകുത്തെടുത്തു വധിക്കപ്പെടാൻ ഇടയാക്കാതെ, കഴുത്തറുത്തെടുത്തു താലത്തിൽ വെച്ചാസ്വദിക്കാൻ അനുവദിക്കാതെ, വളഞ്ഞിട്ടു പിടിച്ചു ക്രൂശിച്ചു കൊല്ലാനയക്കാതെ, ബഹിഷ്കരിക്കുകയും യുദ്ധത്തിനു വരുകയും ചെയ്ത ഏറ്റവും തലതിരിഞ്ഞ ജനതയെ കൊണ്ടു പോലും താൻ ഉയർത്തിപ്പിടിച്ച വിശ്വാസ പ്രഖ്യാപനം ഏറ്റുപറയുന്നതു വരെ കൈയ്ക്കു പിടിച്ചു നടത്തി യഹോവ കാത്തു സംരക്ഷിച്ചതെന്ന് - സ്വല്ലല്ലാഹു അലയ്ഹി വസല്ലം. അതത്രെ വിശുദ്ധ ഖുർആൻ പറഞ്ഞത്:
 "നാം വേദം നല്‍കിയ ജനത്തിന് തങ്ങളുടെ മക്കളെ അറിയുന്നപോലെ തിരുനബിയെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്"(അൽ ബഖറ 146)

(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ).

 "നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയും പോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല"(അൽ അൻആം 20).

(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ)

യെശയ്യാ പുസ്തകം വായിക്കുമ്പോഴെല്ലാം തോന്നിയിട്ടുള്ളതാണ് ഇതു മുഴുവൻ മുഹമ്മദ് നബി സ്വ.യുടെ ജീവിതത്തെ അപ്പാടെ ആവിഷ്കരിക്കുന്നതാണ് എന്ന്. നമുക്കു സുപരിചിതനായ അശ്ഇയാഅ' അ. മില്ലേ; 'വബിൽ അസ്മാഇ ല്ലതീ ദആക ബിഹാ അശ്ഇയാഉ അ...' - അദ്ദേഹമാണീ യെശയ്യാ. ഈ പുസ്തകത്തിന്റെ കർത്താവ് യെശയ്യാ ആണെന്ന് വിശ്വസിക്കപ്പെടുന്നു (ഇക്കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്; രചയിതാവ് ആരാണെന്ന് അറിയപ്പെട്ടിട്ടില്ല എന്നു ഒരു കൂട്ടർ).

യെശയ്യാ അന്ത്യദൂതരെ പരിചയപ്പെടുത്തുന്നു എന്നു പറയുന്നതിൽ പല പ്രത്യേകതകളുമുണ്ട്. ഏറ്റവും പ്രധാനം അതു ബൈബിൾ മൊത്തത്തിൽ ഒരു കാര്യത്തെ കുറിച്ചു സംസാരിച്ച മാതിരിയാണ് എന്നതത്രെ. കാരണം, ബൈബിളിനുള്ളിലെ മറ്റൊരു ബൈബിൾ എന്ന വിശേഷണം നൽകപ്പെട്ടിട്ടുള്ള പുസ്തകമാണ് യെശയ്യായുടെ പുസ്തകം ( ספר ישעיהו).  പൊതുവായി അംഗീകരിക്കപ്പെടുന്ന ബൈബിളിൽ 66 പുസ്തകങ്ങളാണ് ഉള്ളത് ( ഇക്കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്). തഥൈവ, യെശയ്യാ പുസ്തകത്തിൽ 66 അധ്യായങ്ങളാണ് ഉള്ളത്. അതുപോലെ മൊത്തം പുസ്തകങ്ങളെ പഴയ നിയമം 39 ഉം പുതിയ നിയമം 27 ഉം എന്നായി വിഭജിക്കുന്നതു പോലെയുള്ള ഒരധ്യായ വിഭജനവും യെശയ്യായിലുണ്ട്. പ്രഥമ ഭാഗത്തു വരുന്ന 39 അധ്യായങ്ങൾ വിഗ്രഹ പൂജകരും അധാർമികരുമായ ജനങ്ങൾക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 40 - 66 അധ്യായങ്ങളിൽ വരാൻ പോകുന്ന പ്രവാചക യുഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ എന്നു കരുതാവുന്ന കാവ്യാത്മക പ്രതിപാദ്യങ്ങൾ കൊണ്ടു സമ്പന്നമാണ്. യേശുവും സ്നാപക യോഹന്നാനും തങ്ങളുടെ പ്രബോധന ജീവിതത്തിൽ യെശയ്യാ പുസ്തകത്തെ ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. യെശയ്യാ പുസ്തകത്തിലെ 40-ാം അധ്യായം മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദത്തോടെ ആരംഭിക്കുന്നു! തുടർന്നങ്ങോട്ട് സംഭവബഹുലമായ വർണനകളാണ്. 53-ാം അധ്യായത്തിൽ പീഡിതനും പരിത്യക്തനുമായി സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു മനുഷ്യന്റെ ചിത്രം നമുക്ക് തരുന്നു. തിരുനബി സ്വ.യുടെ ജീവിതത്തോട് ഈ അധ്യായങ്ങൾ പുലർത്തുന്ന ബന്ധം അതിശയിപ്പിക്കുന്നതാണ്. അധാർമികരും വിഗ്രഹപൂജകരുമായിരുന്നു അവിടുത്തെ ജനത. 40-ാം വയസിലാണ് അവിടുത്തേക്ക് പ്രവാചകത്വം ലഭിച്ചതും മരുഭൂമിയിൽ വിളിച്ചു പറയുന്നവനായി അവർക്കിടയിൽ രംഗപ്രവേശം ചെയ്തതും. 53-ാം വയസിൽ സ്വന്തം ദേശം പരിത്യജിച്ച് പലായനം ചെയ്യേണ്ടി വന്നു. ഈ സമാനതകൾ കേവലം യാദൃശ്ചികതയാണോ?! ഒരിക്കൽ കൂടെ വിശുദ്ധ ഖുർആൻ ഉദ്ധരിക്കട്ടെ! "നാം വേദം നല്‍കിയവർക്ക് സ്വന്തം മക്കളെ അറിയും പോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല" (അൽ അൻആം 20).

തികഞ്ഞ ഏക ദൈവത്വമാണ് യെശയ്യാ പുസ്തകം പഠിപ്പിക്കുന്നത്:

  אֲנִ֤י רִאשֹׁון֙ וַאֲנִ֣י אַחֲרֹ֔ון וּמִבַּלְעָדַ֖י אֵ֥ין אֱלֹהִֽים

ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല ( യെശയ്യാ 44:6). വിചിത്രമെന്ന് പറയട്ടെ, പച്ചമനുഷ്യനായ യേശുവിനെ ദൈവമാണെന്നു ചിത്രീകരിക്കാനായി യെശയ്യായിലെ പ്രവചനങ്ങളെ വളച്ചൊടിക്കുകയാണ് ക്രൈസ്തവത ചെയ്തു കൊണ്ടിരിക്കുന്നത്. നിലമ്പൂർ സംവാദത്തിൽ 'അവൻ വീരനാം ദൈവം' എന്നു സ്ഥാപിക്കാൻ യെശയ്യായുടെ ഒമ്പതാം അധ്യായത്തിൽ നിന്നാണ് വാക്കുകൾക്ക് തെറ്റായ അർഥം നൽകി ഉദ്ധരിച്ചത്. എന്നാൽ, സത്യത്തിനു മുന്നിൽ അസത്യം എന്നും വിറങ്ങലിച്ചു നിന്നിട്ടേ ഉള്ളൂ. അവർക്കു പരാജയം സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. സത്യത്തെ ബോധ്യത്തിലുൾക്കൊള്ളാനാകട്ടെ നിങ്ങളുടെ പരിശ്രമങ്ങൾ.

 الَّذِينَ يَتَّبِعُونَ الرَّسولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ

"തങ്ങളുടെ വശമുള്ള തോറയിലും സുവിശേഷത്തിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ,വിശ്വാസികൾ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവിടുന്ന് അവരോട്  നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അവിടുത്തെ വിശ്വസിക്കുകയും അവിടുത്തെ ശക്തിപ്പെടുത്തുകയും  സഹായിക്കുകയും അവിടുത്തേക്ക് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍"(വിശുദ്ധ ഖുർആൻ 7/157)

ഹാപ്പി ന്യൂ ഇയർ ആശംസിക്കാമോ?



ന്യൂ ഇയർ ആശംസിക്കുന്നത് ഇസ്‌ലാമികമല്ല എന്നു പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് കണ്ടു. തിരുനബി സ്വ. ദീർഘദർശനം ചെയ്ത പോലെ ജൂതനസ്വാറകളെ ഇഞ്ചോടിഞ്ചു പിന്തുടരുന്ന ചിലർ ഈയടുത്ത കാലത്ത് പടച്ചുണ്ടാക്കിയതാണത്രെ ഹാപ്പി ഇസ്‌ലാമിക് ന്യൂ ഇയർ !

പൂർവകാലത്ത് ഇല്ലാതിരുന്ന എന്തു ചെയ്താലും അതെല്ലാം ജൂതായിസമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം ഫോബിയയാണ്. മുസ്‌ലിംകൾ പരസ്പരം ഹാപ്പി ന്യൂ ഇയർ ആശംസിക്കുന്നത് അനുവദനീയമല്ല എന്ന്  കട്ടായം പറഞ്ഞു കൂടാ. കർമശാസ്ത്ര പണ്ഡിതൻമാർ വിശദമായി ചർച്ച ചെയ്ത വിഷയമാണിതും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണല്ലോ ആശംസകള്‍ നേരുന്നവരുടെ ലക്ഷ്യം. സന്തോഷമോ അനുഗ്രഹ ലബ്ധിയോ ഉണ്ടാകുമ്പോഴും ദു:ഖമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോഴും മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രതികരണങ്ങളോട് തത്വദീക്ഷയോടെയാണ് ഇസ്‌ലാം സമീപിച്ചത് എന്നു മറക്കാതിരിക്കുക.

പുതുവത്സരാശംസകൾ അർപ്പിക്കുന്നതിനെ കുറിച്ചു പ്രത്യേകമായി തന്നെ കർമശാസ്ത്ര വിശാരധർ സംസാരിച്ചിട്ടുണ്ട്. അനുഗ്രഹങ്ങൾ ഉണ്ടാകുമ്പോഴും നിഗ്രഹങ്ങൾ ഒഴിഞ്ഞുപോകുമ്പോഴും ശുക്റിന്റെ (നന്ദി) സുജൂദ് ചെയ്യണമെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കണമെന്നും (തഅ'സിയത്) നിർദേശിക്കപ്പെട്ടത് ജീവിത സാഹചര്യങ്ങളോടുള്ള മുസ്‌ലിമിന്റെ ശരിയായ പ്രതികരണമാണ്. കഅബു ബ്നു മാലിക് (റ)വിന്റെ തൗബ സ്വീകരിക്കപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന്റെ ആഗമനത്തിൽ സന്തോഷിച്ചു കൊണ്ട് തിരുസവിധത്തിൽ വെച്ച് ത്വൽഹതുബ്നു ഉബൈദില്ലാഹ് അഭിവാദനം ചെയ്തതിന് തിരുമേനി മൗനാനുവാദം നൽകിയത് ബുഖാരിയും മുസ് ലിമും നിവേദനം ചെയ്തിട്ടുണ്ട്. വിശുദ്ധ റമളാനിന്റെ ആഗമനത്തെ സ്വാഗതം ചെയ്തു കൊണ്ടു സന്തോഷത്തോടെ തിരുമേനി സ്വ. സംസാരിച്ചതു നസാഈ നിവേദനം ചെയ്തിരിക്കുന്നു! ഈ സംഭവച്ചിത്രങ്ങളെല്ലാം കർമശാസ്ത്ര ഗ്രന്ഥങ്ങളായ നിഹായ, മുഗ്നി പോലെയുള്ളവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇബ്നു ഹജർ റ.വിന്റെയും നിലപാട് പുതുവത്സരാശംസകൾ അർപ്പിക്കുന്നതിന് ശരീഅതിന്റെ അംഗീകാരമുണ്ടെന്നാണ് എന്ന് ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. തദ്വിഷയകമായി പ്രമുഖരായ അനേകം പണ്ഡിതരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു പറയവേ
 تقبل الله منا ومنكم
(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) തുടങ്ങിയ വാക്കുകളാണ് ആശംസിക്കുന്നയാൾ പറയേണ്ടത് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ശേഷം അദ്ദേഹം ഇബ്റാഹീമുൽ ബൈജൂരി റ.യെ ഉദ്ധരിക്കുന്നു: പെരുന്നാളിനും പ്രബലമായ വീക്ഷണത്തിൽ മാസം, വർഷം തുടങ്ങിയവ ഉണ്ടാകുന്ന സന്ദർഭങ്ങളിലും ഒരേ ലിംഗത്തിൽ പെട്ടവർ പരസ്പരം ഹസ്തദാനം ചെയ്തു കൊണ്ടു ആശംസയർപ്പിക്കുന്നത് സുന്നത്താണ്. അന്യസ്ത്രീ പുരുഷൻമാർ തമ്മിൽ ഹസ്തദാനം പാടില്ല. അഭിവാദ്യം ചെയ്യപ്പെടുന്നയാൾക്ക് താഴെ പറയുന്നതു പ്രകാരം പ്രത്യഭിവാദ്യം ചെയ്യലും സുന്നതു തന്നെ.
تقبل الله منكم أحياكم الله لامثاله كل عام وأنتم بخير
 (അല്ലാഹു നിങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള നൻമകൾക്കായി അല്ലാഹു താങ്കളെ ജീവിപ്പിക്കട്ടെ, വർഷം മുഴുവനും  താങ്കൾ ക്ഷേമത്തോടെയിരിക്കട്ടെ)
(ശർവാനി 3/56)


Wednesday, September 20, 2017

ത്വലാഖും മുത്വലാഖും

Talaq[/taˈlɑːk/]
An Islamic etxra -judicial law of divorce enabling a husband to unilaterally divorce his wife by repudiating her three times. The marriage is then dissolved, unless the husband revokes the pronouncement during the next three months or, if the wife is pregnant, before the child is born (Oxford Concise Encyclopedia, Page 863).
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഉപാധിയാണ് ത്വലാഖ്. വിവാഹം ഏറ്റവും പവിത്രമായ ഒരു സംവിധാനമാണ്. ‘നിങ്ങള്‍ പരസ്പരം ലയിച്ചു ചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് കരുത്തുറ്റ കരാര്‍ അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ വിവാഹത്തെക്കുറിച്ച് പറയുന്നു. ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തത്തോടെ ശാശ്വതമായി ഒന്നിച്ചു കഴിയേണ്ടവരാണ്. എന്നാല്‍, മനസ്സിണക്കത്തോടെ മുന്നോട്ടു പോകാന്‍ ഒരു തരത്തിലും സാധിക്കാത്തവര്‍ക്ക് അനിവാര്യ ഘട്ടം ഇരുവര്‍ക്കും വരാം. അത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ പരസ്പരം വേര്‍പിരിയാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു. അതാണ് ത്വലാഖ്.
കുടുംബ ജീവിതം ഭാരവും പീഡനവുമായിത്തീരുന്ന സാഹചര്യത്തില്‍ നിയമത്തിന്റെ ചങ്ങലകളില്‍ തളച്ചിട്ടു ജീവിതം കൂടുതല്‍ വഷളാക്കരുത് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രയോഗത്തില്‍ ഇല്ലാത്ത സ്‌നേഹവും ഒരുമയും അഭിനയിച്ച് സഹശയനം നടത്താന്‍ നാടകമല്ലല്ലോ ജീവിതം. പരിഷ്‌കൃതരും ഉന്നതമായ ജീവിതവീക്ഷണത്തിന്‍റെ ഉടമകളും ആണെന്നു കരുതപ്പെടുന്ന സമൂഹങ്ങളില്‍ പോലും വിവാഹ മോചനം വ്യാപകമാണ്. അമേരിക്കയില്‍ ആദ്യ വിവാഹങ്ങളുടെ 40% മുതല്‍ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%ഉം വിവാഹമോചനത്തില്‍ അവസാനിക്കുന്നു. (How common is Divorce and what are the reasons?‑, Universtiy of St. Augustine‑, Florida‑, USA‑). ബ്രിട്ടനില്‍ വിവാഹത്തിനു 15 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന വിവാഹമോചനം1970ല്‍ 22% ആയിരുന്നത് 1995ല്‍ 33% ആയി വര്‍ധിക്കുകയുണ്ടായി (www.medlineplus.gov/divorce.‑).  ഇത്രയും സാര്‍വത്രികമായ ഒരു പ്രശ്‌നത്തിന് നിയമപിന്തുണയുള്ള പ്രായോഗിക പരിഹാരം ആവശ്യമാണ്. അതിനാണ് ത്വലാഖ്.
സാധാരണ ഗതിയില്‍ വിവാഹ മോചനത്തിനുള്ള അപേക്ഷ കോടതിയില്‍ കൊടുത്താല്‍ ആറ് മാസത്തേക്ക് കോടതി അത് പരിഗണിക്കാതെ വയ്ക്കും. 6 മാസത്തിനുശേഷം ചില പരാതി നല്‍കി നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കും. 18 മാസം കൂടി കോടതി പിന്നെയും കാത്തിരിക്കും. അതിനുള്ളില്‍ പരാതി പിന്‍വലിച്ചിട്ടില്ലെങ്കില്‍ കോടതി വിവാഹമോചന ഡിക്രി പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും പ്രയോഗതലത്തില്‍ അത് പിന്നെയും കാലവിളംബം നേരിടുന്നു. ഇങ്ങനെ വര്‍ഷങ്ങളോളം കേസും കോടതിയുമായി പണവും സമയവും നഷ്ടപെടുത്തി കോടതി വരാന്തയില്‍ ക്യൂ നില്‍ക്കുന്ന കക്ഷികള്‍ ഇന്നൊരു അത്ഭുതമേയല്ല. അതിനവര്‍ ഡൈവോഴ്‌സ് എന്ന് പറയുന്നു, ഇസ്‌ലാമിക ധര്‍മശാസ്ത്രത്തില്‍ ത്വലാഖ് ബാഇന്‍ എന്ന് പറയുന്നു. ഈ ത്വലാഖ് ബാഇന്‍ തന്നെയാണ് മുത്ത്വലാഖ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്; ഡൈവോഴ്‌സിനു ഒറ്റ രീതിയേയുള്ളൂ വെട്ടൊന്ന്, തുണ്ടം രണ്ട്! മുത്ത്വലാഖ് മൂന്ന് ത്വലാഖാണ്. മൂന്ന് തവണയായി ഉപയോഗപ്പെടുത്താം. അതിനു വേണ്ടി കോടതി വരാന്തകളില്‍ വര്‍ഷങ്ങള്‍ കാത്തുകെട്ടി കിടക്കേണ്ടതില്ല. പരപ്രേരണയില്ലാതെ, അവധാനതയോടെ ചിന്തിച്ചു തീരുമാനം കൈകൊള്ളാം. ഈ ഉദാരതയും സൗകര്യവും അവസരവും ഇസ്‌ലാമല്ലാതെ ഒരു ജീവിത ദര്‍ശനവും ഇതഃപര്യന്തം വാഗ്ദാനം ചെയ്തിട്ടില്ല.
വിവാഹമോചനത്തിനു മുതിരും മുമ്പ് ദമ്പതികള്‍ക്ക് വീണ്ടുവിചാരം ഉണ്ടാക്കുന്നതിന്നും തദ്വാരാ, രഞ്ജിപ്പിലെത്താനും പല ഫോര്‍മുലകളും ഇസ്‌ലാമിലുണ്ട്. പൊറുത്ത് മുന്നോട്ട് പോകാനുള്ള മാനസിക വിശാലത, സദുപദേശം എന്നിവ ഫലം കാണാതെ വരുമ്പോള്‍ സഹശയനം താത്കാലികമായി വേണ്ടെന്നു വെക്കാം. ശരിയായില്ലെങ്കില്‍ മൃദുവായി ഒന്നു കൊട്ടാം. പരസ്പരം ലയിച്ചു ജീവിച്ചിരുന്ന പ്രാണസഖിയുടെ കൊട്ട്!! പലപ്പോഴും മനസ് അതിലൊന്ന് ഇളകിയേക്കും. അടുത്ത പടി കുടുംബകോടതിയാണ്. അവര്‍ യുക്തിദീക്ഷയോടെ തീരുമാനം കൈകൊള്ളണം. എല്ലാ മാര്‍ഗങ്ങളും അടയുമ്പോള്‍ മാത്രമേ വിവാഹമോചനത്തെ പറ്റി ചിന്തിക്കാവൂ. അല്ലാഹു അനുവദിച്ചു തന്നതില്‍ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് ത്വലാഖ് എന്ന് നബി സ്വ. പറഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ വിവാഹം കഴിക്കുക. ത്വലാഖ് ചൊല്ലാതിരിക്കുക. രസത്തിന് വേണ്ടി അങ്ങനെ ചെയ്യുന്ന വധൂവരന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’ എന്നും തിരുദൂതര്‍ പറഞ്ഞു. ഇമാം ദാറഖുത്‌നി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കരുതലോടെ മാത്രമേ അതേകുറിച്ച് ചിന്തിക്കാവൂ.
‘മാനുഷിക പ്രശ്‌നങ്ങളില്‍ പ്രായോഗികവും യാഥാര്‍ത്ഥ്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്‌ലാം, വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അവസാന പോംവഴി എന്ന നിലയില്‍, അനിവാര്യമായ തിന്മയായി, പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അതനുവദിക്കുന്നത്’ എന്ന് മുത്ത്വലാഖിനെ കുറിച്ച് പഠിച്ച് ഗ്രന്ഥമെഴുതിയ ഡോ. ജാനക് രാജ് ‘ഉശ്ീൃരല: ഘമം മിറ ജൃീരലറൗൃല’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

മൂന്ന് തവണയായി ഉപയോഗപ്പെടുത്തേണ്ടതാണ് ത്വലാഖ്. 


ഒരു തവണ ത്വലാഖ് ചെയ്താല്‍ ഭാര്യ ദീക്ഷ പാലിക്കണം. ആര്‍ത്തവങ്ങള്‍ക്കിടയിലെ മൂന്ന് ശുദ്ധികാലം അഥവാ, ആര്‍ത്തവം നിലച്ചവളാണെങ്കില്‍ മൂന്ന് മാസം, ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ എന്നിങ്ങനെയാണ് ദീക്ഷാ കാലയളവ്. ഇക്കാലയളവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ തന്നെ ചെലവിലും സംരക്ഷണത്തിലുമാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് വിഘ്‌നം. ഒരുതരം പ്രൊബേഷണല്‍ പീര്യഡ്. സ്വഭാവികമായും ഒരേ കുടുംബാന്തരീക്ഷത്തില്‍, അദ്ദേഹത്തിന്റെ തന്നെ സാമ്പത്തിക കൈകര്‍തൃത്വത്തില്‍ തങ്ങളുടെ മക്കളെ താലോലിച്ചും പരിപാലിച്ചും താമസിക്കുമ്പോള്‍ രണ്ടു പേര്‍ക്കുമിടയിലുള്ള പിരിമുറുക്കം അയയുവാനും അവര്‍ വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കാനും ഇടയുണ്ട്. ആ സാധ്യതയും ഇസ്‌ലാം മാനിക്കുന്നു. ദീക്ഷാകാലത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന പക്ഷം ഒന്നിച്ചു പൊറുക്കാനവസരമുണ്ട്. ഔപചാരികമായി സാക്ഷികളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹമെന്ന കാര്‍മികത്വം ആവശ്യമില്ല. അവളെ താന്‍ സഖിയായി
സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാള്‍ അവളോട് പറഞ്ഞാല്‍ മതിയാകും. ഈ രീതിയിലുള്ള മൂന്ന് അവസരങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ പിന്നെ അവസരമില്ല. ‘ഡൈവോഴ്‌സ്’ ആയി. ഡൈവോഴ്‌സിനെക്കാള്‍ എത്ര അവധാനതാ പൂര്‍വമാണ് ത്വലാഖ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ.

വിവാഹമോചനത്തിന്റെ സാധ്യതകള്‍ പരമാവധി കുറക്കാനുള്ള ഉപായങ്ങളാണ് ഇസ്‌ലാം ആരായുന്നത്. അതിനാല്‍, ആര്‍ക്കും തോന്നിയ പോലെ എപ്പോള്‍ വേണമെങ്കിലും ത്വലാഖ് ചൊല്ലാം എന്ന അവസ്ഥക്ക് കടിഞ്ഞാണിടുന്നു. ഓരോ മാസത്തിലും സ്ത്രീകള്‍ക്ക് ആവര്‍ത്തിച്ചു വരുന്ന ആര്‍ത്തവ കാലത്ത് വിവാഹം വേര്‍പെടുത്താന്‍ പാടില്ല. അതിലടങ്ങിയിരിക്കുന്ന തത്വം പ്രസക്തമാണ്. ആര്‍ത്തവകാലത്ത് പൊതുവെ സ്ത്രീകള്‍ക്ക് മാനസിക പിരിമുറുക്കം കൂടുതല്‍ ആയിരിക്കുമെന്നത് അനുഭവ സത്യമത്രേ. 
ആര്‍ത്തവ കാലത്തിനു മുമ്പേ അവര്‍ പിണക്കത്തിലാണെങ്കില്‍ ഇത്തരം ഒരു കാലതാമസം പിരിമുറുക്കം അയയുവാനും വീണ്ടും ഒന്നിച്ചു കഴിയുവാനും കാരണമായേക്കും. അതാണ് നാലാം ഖലീഫയും തിരുദൂതരുടെ ജാമാതാവുമായ അലി (റ) പറയുന്നത്: ‘വിവാഹമോചന കാര്യത്തില്‍ ജനങ്ങള്‍ ശരിയായ മാര്‍ഗം അവലംബിക്കുകയാണെങ്കില്‍ ഭാര്യയെ ഒഴിവാക്കിയതിന്റെ പേരില്‍ ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല.

ത്വലാഖ് നാല് തരം ഉണ്ടെന്നു ഇമാം ഇബ്‌നു ഹജര്‍ (റ) വ്യക്തമാക്കുന്നു.

ഒന്ന്. വാജിബ് അഥവാ, നിര്‍ബന്ധ ത്വലാഖ്. ഒരിക്കലും ഭാര്യയുമായി സഹശയനം ചെയ്യുകയില്ല എന്നു ശപഥം (ഈലാഅ്) ചെയ്തവന്‍ നാലു മാസം കഴിഞ്ഞാല്‍ ത്വലാഖ് ചൊല്ലല്‍ നിര്‍ബന്ധമാണ്.
രണ്ട്. മന്‍ദൂബ് അഥവാ അഭിലഷണീയമായ ത്വലാഖ്. ഭാര്യയോടുള്ള ബാധ്യതകളും കടപ്പാടുകളും നിരവഹിക്കാന്‍ സാധിക്കാത്തയാള്‍ അവളെ കാലാകാലം നരകിക്കാന്‍ വിടുന്നതിനു പകരം ബന്ധം വേര്‍പെടുത്തിക്കൊടുത്ത് അവളെ മോചിപ്പിക്കുകയാണ് വേണ്ടത്.
മൂന്ന്. ഹറാം അഥവാ, നിഷിദ്ധമായ ത്വലാഖ് ആര്‍ത്തവ കാലത്തുള്ള ത്വലാഖ്. ഒരുദാഹരണം. ഇത് ത്വലാഖ് ബിദഈ എന്നറിയപ്പടുന്നു.

നാല്. മക്‌റൂഹ് അഥവാ, അനഭിലഷണീയമായ ത്വലാഖ്. മേല്‍ പറഞ്ഞതല്ലാത്ത സാഹചര്യങ്ങളില്‍ ഉള്ള ത്വലാഖ്.

മുത്ത്വലാഖ്

ത്വലാഖ് മൂന്ന് അവസരങ്ങളിലായി ഉപയോഗിക്കാനുള്ള അനുവാദം ഒരാള്‍ വേണ്ടെന്നു വെക്കുന്നു എന്ന് കരുതുക. ഒന്നുകില്‍ എടുത്തുചാട്ടമോ അല്ലെങ്കില്‍ ബോധപൂര്‍വമോ ആകാം. അത്രമേല്‍ നരകമായി തീര്‍ന്നിരിക്കാം അയാളുടെ കുടുംബ ബന്ധം. നിയമജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: “While there is no rose but has a thorn ‑, if what you hold ‑, and no rose ‑, better to throw it away’- “പനിനീര്‍ ചെടിയില്‍ പൂക്കളെല്ലാം കൊഴിഞ്ഞ് മുള്ളുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ’ എന്ന്. അങ്ങനെയൊരു സാഹചര്യത്തില്‍ മൂന്ന് അവസരങ്ങള്‍ വേണ്ട; ഒറ്റത്തവണയില്‍ ബന്ധം വിച്ഛേദിക്കുന്നു എന്ന് അയാള്‍ തീരുമാനിച്ചാല്‍ നിയമദൃഷ്ടിയില്‍ സാധുവാകും. ഇതാണ് മുത്ത്വലാഖ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്‍ നാലു ധാരകളാണുള്ളത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി. ഇവയില്‍ മാലികീ ഒഴിച്ചുള്ള എല്ലാ സരണികളുടെയും നിലപാട് മുത്ത്വലാഖ് കറാഹത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ്. മാലികീ സരണിയില്‍ അതു നിഷിദ്ധമായ കുറ്റകൃത്യം- ഹറാം ആണ്. ത്വലാഖിനുള്ള മൂന്ന് അവസരങ്ങളും ഒന്നിച്ചുപയോഗപ്പെടുത്തുന്നത് ശരിയല്ലെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് പിന്നീട് അവസരങ്ങള്‍ ഉണ്ടാവില്ല. അതിനാല്‍, നന്നായി ആലോചിച്ചു മാത്രം എടുക്കേണ്ടതാണാ തീരുമാനം. എടുത്തു ചാട്ടക്കാര്‍ വേദനിക്കേണ്ടി വരും. ‘എടുത്തുച്ചാട്ടക്കാരന്റെ നടുവൊടിച്ചു വിട്ടൂ വിധി’ എന്ന് ഉള്ളൂര്‍ കിരണാവലിയില്‍ പാടിയ പോലെ.
മുത്ത്വലാഖ് ശരീഅത് വിരുദ്ധമാണെന്ന് ഉത്പതിഷ്ണുക്കള്‍ പറയുന്നത് അറിവില്ലാത്തതുകൊണ്ടാണ്. മൂന്ന് പടവുകളുള്ള കോവണി ഓരോരോ പടവുകളായി ഇറങ്ങുന്നതിനു പകരം ഒറ്റച്ചാട്ടത്തിന് താഴേക്ക് കുതിച്ചാല്‍ താഴെയെത്തില്ല എന്നു വാദിച്ച മാതിരിയാണിത്. മുത്ത്വലാഖ് എന്തോ ഭീകര നടപടിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂ. കോടതി കയറിയിറങ്ങി ഊണും ഉറക്കവും ഏറെ ത്യജിച്ച് നിയമയുദ്ധങ്ങള്‍ നടത്തി ‘സമ്പാദിക്കുന്ന’ ഡൈവോഴ്‌സില്‍ കവിഞ്ഞു ഒരു അനന്തരഫലവും അതിനില്ല!!
ആനുഷംഗികമായി പറയട്ടെ, ഇപ്പോള്‍ ഷമീന ആറ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി നിരാശാജനകവും വസ്തുതാ വിരുദ്ധവുമാണ്. മുത്ത്വലാഖ് ഖുര്‍ആന്‍ വിരുദ്ധമാണെന്ന കണ്ടുപിടുത്തം അനീതിയും അജ്ഞതയുമാണ്. ഏതെങ്കിലും ഖുര്‍ആന്‍ പരിഭാഷയില്‍ കണ്ടെത്തുന്നതാണ് ഇസ്‌ലാം എന്നു വിചാരിക്കുമ്പോഴാണ് ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കുന്നത്.
പ്രമാദമായ ഷാഹ്ബാനു കേസില്‍ ജീവനാംശം കൊടുക്കാനുള്ള കോടതി വിധി ഉണ്ടായത്, പതിനാലു സഹസ്രാബ്ദം മുസ്‌ലിം സമൂഹം അവലംബിച്ചിരുന്ന അനുഷ്ഠാന രീതികള്‍ അവഗണിച്ച് കേവലം ഒരു ഖുര്‍ആന്‍ പരിഭാഷയെ ആധാരമാക്കിയപ്പോഴായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മുസ് ലിംകള്‍ ഹനഫികളാണ്. അവര്‍ക്ക് ശൈഖ് ബുര്‍ഹാനുദ്ദീന്‍ അലിയുടെ അല്‍ഹിദായയും ഫതാവാ ആലംഗീരിയും ശാഫിഈ മദ്ഹബുകാര്‍ക്ക് ഇമാം നവവിയുടെ മിന്‍ഹാജും ഷിയാക്കള്‍ക്ക് ജഅഫറുല്‍ ഹില്ലിയുടെ ശറാഇഹുല്‍ ഇസ്‌ലാമും അനുസരിച്ച് വിധിക്കുവാനായിരുന്നു വാസ്തവത്തില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നിട്ടും വെറും ഒരു ഖുര്‍ആന്‍ പരിഭാഷയെ ആധാരമാക്കി വിധി പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമാണ്. 2002ല്‍ മുംബൈ ഹൈകോടതി സിവില്‍ നടപടി ചട്ടം (ഇശ്ശഹ ജൃീരലറൗൃല ഇീറല), ഇന്ത്യന്‍ തെളിവ് നിയമം (കിറശമി ഋ്ശറലിരല അര)േ എന്നിവ അനുസരിച്ച് തെളിയിക്കപ്പെട്ടാലേ ത്വലാഖ് സാധുവാകൂ എന്നു വിധിച്ചു. ഇത്തരം വിധികള്‍ വാസ്തവത്തില്‍ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ദീക്ഷാകാലത്തെ രഞ്ജിപ്പിന്റെ സാധ്യതകള്‍ക്ക് കാത്തു നില്‍ക്കുന്നതിനു പകരം നേരെ ‘മുത്ത്വലാഖ് ‘ അവലംബിക്കാന്‍ പലരെയും പ്രേരിപ്പിച്ചത് ഈ നിലപാടുകളാണ്.

Friday, April 14, 2017

സ്വാമി ചിദാനന്ദപുരിക്കു മറുപടി


വിശുദ്ധ ഖുർആനിനെ ദുർവ്യഖ്യാനം ചെയ്ത് തെറ്റിദ്ധാരണാജനകമായ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദപുരിയുടെ വിമർശനങ്ങൾക്കും സംശയങ്ങൾക്കും മറുപടി

Sunday, February 5, 2017

വാലന്റയിൻസ് ഡേ



ഫെബ്രുവരി 14 ന് ലോകം പ്രണയദിനം ആഘോഷിക്കുകയാണ്. വാസ്തവത്തിൽ അതൊരു #ക്രൈസ്തവ_ആചാരമാണെന്ന് അറിയുന്നവർ കുറവാണ്. റോമൻ ബിഷപ്പായിരുന്ന സെയ്ന്റ് വാലന്റയ്നിന്റെ ഓർമപ്പെരുന്നാളാണ് വാലന്റയ്ൻസ് ഡേ.

വാലന്റയ്ൻ ചരിത്രത്തിൽ ജീവിച്ചിരുന്നോ എന്നറിയില്ല! ചിലർ പറയുന്നത് ഒന്നിലേറെ വാലന്റയ്ൻമാർ ജീവിച്ചിരുന്നുവെന്നത്രെ. ലത്തീൻ സഭക്കാർ നൽകുന്ന വിശദീകരണം അനുസരിച്ച് കുറഞ്ഞ പക്ഷം മൂന്നു വാലന്റയ്ൻമാർ ജീവിച്ചിരുന്നിട്ടുണ്ട് - അവരിൽ ഒരാളുടെ പോലും ജനനം എന്നാണെന്നറിയില്ല. ഇവരിൽ രണ്ടു പേർ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമന്റെ കാലത്ത് (എ.ഡി. 269 ൽ) കൊല്ലപ്പെട്ടതായിരിക്കണം. ഒരാൾ മെത്രാനും (Bishop ) മറ്റേയാൾ പുരോഹിതനും (Priest) ആയിരുന്നു. വാലന്റയ്ൻ ഡേയുടെ അവകാശിയാരെന്നറിയില്ല. മൂന്നമതൊരു വാലന്റയ്നെ പറ്റി ആഫ്രിക്കക്കാരൻ എന്നതിൽ കവിഞ്ഞൊന്നും അറിയില്ല (The Catholic Encyclopedia).

പ്രചാരത്തിലുള്ള ചരിത്രമനുസരിച്ച്, വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു താത്പര്യവും ഇല്ലെന്നും ക്ലോഡിയസ് ചക്രവർത്തിക്ക് തോന്നി. അതിനാൽ അദ്ദേഹം റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, കമിതാക്കളെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിൽ ആയി. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടു പോകുന്നതിനു മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചിരുന്നത്രേ!

എ.ഡി. 469 ൽ ഗെലാഷ്യൂസ് ഒന്നാമൻ മാർപ്പാപ്പയാണ് വാലന്റയ്ൻ വിശുദ്ധനാണെന്നും ഫെബ്രുവരി 14 അദ്ദേഹത്തിന്റെ ഓർമപ്പെരുന്നാളായി ആചരിക്കണമെന്നും ഉത്തരവിറക്കിയത്. ഇതാണ് വാലന്റയ്ൻസ് ഡേ അഥവാ Feast of Saint valentains.

പ്രണയ സന്ദേശങ്ങൾ കൈമാറുന്ന ദിവസം എന്ന പേരിൽ നമ്മളിൽ പലരും പങ്കു ചേരുന്നത് "വാലന്റയ്ൻ പുണ്യവാളന്റെ" ഓർമപ്പെരുന്നാൾ ആഘോഷത്തിലാണ്.

Tuesday, January 3, 2017

ഇമാം അബൂഹനീഫയും നിരീശ്വരവാദികളും



കുറച്ചു നിരീശ്വരവാദികൾ ഇമാമുൽ അഅ'ളം അബൂഹനീഫ (റ)വിനെ കാണാൻ വന്നു. അവരുടെ ചോദ്യം: "നിങ്ങളുടെ ദൈവം ഏത് വർഷമാണ് ഉണ്ടായത്?"
അദ്ദേഹം പറഞ്ഞു: "ചരിത്രവും സമയവും രൂപപ്പെടുന്നതിനു മുമ്പേ അവനുണ്ട്. അവന്റെ ഉൺമക്ക് ആരംഭമില്ല".
തുടർന്നദ്ദേഹം ചോദിച്ചു: "നാലിനു മുമ്പെത്ര?"
          "മൂന്ന് "
          "മൂന്നിനു മുമ്പോ?"
          "രണ്ട് "
           "രണ്ടിന്റെയും മുമ്പോ?"
           "ഒന്ന്"
           " ഒന്നിന്റെയും മുമ്പ്?''
           "അതിന്റെ മുമ്പ് സംഖ്യയില്ല"
അബൂഹനീഫ (റ) പറഞ്ഞു: "ഗണിതത്തിലെ ഒന്നിനു മുമ്പ് വേറെയൊന്നുമില്ലായെങ്കിൽ പരമയാഥാർത്ഥ്യത്തിലുള്ള ഒന്നിനു മുമ്പ് മറ്റൊന്നെങ്ങനെയുണ്ടാകും. അതിനാൽ അല്ലാഹു അനാദിയാണ്; അവന്റെ ഉൺമക്ക് ആരംഭമില്ല".

അവരുടെ അടുത്ത ചോദ്യം: "നിങ്ങളുടെ ദൈവം ഏതു ഭാഗത്താണു പ്രത്യക്ഷപ്പെടുക?"
അബൂഹനീഫ (റ): "ഇരുട്ടുള്ള മുറിയിൽ വിളക്കു തെളിച്ചാൽ ഏതു ഭാഗത്താണ് വെളിച്ചം പ്രത്യക്ഷമാകുക?"
           "എല്ലായിടത്തും"
           "നിങ്ങൾ തെളിക്കുന്ന വെളിച്ചം തന്നെ ഇങ്ങനെയാണെങ്കിൽ ഭുവനവാനങ്ങളുടെ നിറപ്രഭയായ അല്ലാഹു ഏതു ഭാഗത്താണെന്ന ചോദ്യത്തിനെന്തർത്ഥം?"
          "ശരി. നിന്റെ ദൈവം എങ്ങനെയിരിക്കും? ഇരുമ്പു പോലെ ഉറച്ചോ, ജലം പോലെ ഒഴുകിയോ അല്ല, പുക പോലെ പാറി നടന്നോ?"
അബൂഹനീഫ(റ) തിരിച്ചു ചോദിച്ചു: "നിങ്ങൾ മരണാസന്നനെ കണ്ടിട്ടുണ്ടോ?"
           "ഉണ്ട്"
           "മരണം പിടികൂടിയതിനു ശേഷം നിങ്ങളയാളോട് സംസാരിച്ചിട്ടുണ്ടോ?"
            "ഇല്ല"
            "മരണത്തിനു മുമ്പയാൾ സംസാരിക്കുകയും ചലിക്കുകയും ചെയ്തിരുന്നല്ലോ?"
           "അതേ"
           "പിന്നെയിപ്പോളെന്തു പറ്റി?"
           "ആത്മാവ് പോയില്ലേ!"
           "ആത്മാവ് പോയെന്നോ? അതെന്താ സംഗതി?? അതെങ്ങനെയിരിക്കും??? ഇരുമ്പു പോലെ ഉറച്ചോ, ജലം പോലെ ഒഴുകിയോ അല്ല, പുക പോലെ പാറി നടന്നോ? ഒന്നു പറഞ്ഞു തരാമോ?"
           "അത്..., അത്.. അതെങ്ങനെയെന്നറിയില്ല"
           "സൃഷ്ടി സഹജമായ ആത്മാവിന്റെ പ്രകൃതം എന്തെന്ന് പറയാൻ നിങ്ങൾക്കാകുന്നില്ല. പിന്നെയെങ്ങനെ സ്രഷ്ടാവിന്റെ പ്രകൃതം ഞാൻ വർണിക്കണം?!"