Monday, March 14, 2016

ഇതാണ് റസൂല്‍ സ്വ. സാധിച്ച മാറ്റം


ഒരുവേള നിങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ച് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറേബ്യന്‍ മണലാരണ്യത്തെ ഉള്‍കണ്ണുകളില്‍ കാണാമോ? കാതിലലയ്ക്കുന്ന ഈ ശബ്ദവീചികള്‍ക്കു പകരം ശബ്ദായമാനമായ ആ സൈകതഭൂവിലേക്ക് മനസിന്റെ ചെവിക്കുടകള്‍ തുറന്നുവെക്കാമോ? നാനാഭാഗത്തും നടമാടുന്ന രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രപ്പോരും യുദ്ധവും സംഘട്ടനവും മൂലം ആ പ്രദേശമാകെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശത്രുക്കള്‍ തങ്ങള്‍ക്കുമേല്‍ ചാടിവീണേക്കുമോ എന്ന ഉത്കണ്ഠയില്ലാതെ ഒരാള്‍ക്കും രാപാര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. രാത്രിക്കാലം ശാന്തമായി കടന്നുപോയല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയാതെ ഭീതിയില്‍ പുതഞ്ഞ പകലുകള്‍. സ്വത്തോ പണമോ കാലിയോ കൊള്ളയടിക്കാനോ സ്ത്രീകളെയോ കുട്ടികളെയോ അടിമകളാക്കാനോ കത്തിയാളുന്ന കാമാസക്തിയുടെ തള്ളിച്ചയിലോ ആരും ഏതു സമയത്തും കടിച്ചുകുടയപ്പെടാം എന്ന നില. കുടിച്ചു മഥിച്ചു രമിച്ചു രസിച്ചു തിമിര്‍ത്താടുന്ന കൊള്ളക്കാരും യുദ്ധക്കൊതിയന്മാരും പ്രഭുകുടുംബങ്ങളും. തൃഷ്ണകളപ്പാടെ ആഘോഷമായ കാലം. പേടിയൊന്ന് മാറിജീവിക്കാന്‍ ചേതനവും അചേതനവുമായ സകലതിലും ദിവ്യത്വം അദ്ധ്യാരോപിച്ച് പൂജയും ഉപാസനയുമായി ജീവിതം തീരുന്ന പാമരജനം. നേരും നെറിയുമായി ജനതക്ക് ആത്മവിശ്വാസം നല്‍കേണ്ട പൗരോഹിത്യമാകട്ടെ, ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവത്തിന്റെ പേരില്‍ എഴുതിയുണ്ടാക്കി തങ്ങളുടെ കോയ്മ ഭദ്രമാക്കാനാണ് ശ്രമിച്ചത്. ഭാവനാദരിദ്രരായ നിരക്ഷരര്‍ക്കിടയില്‍ പ്രണയവും ഉന്മാദവും പോരാട്ടവും ഇതിവൃത്തമാക്കി ആടിപ്പാടി മേനിനടിച്ചു നടക്കുന്ന കുറേ പദകുചേലന്‍മാര്‍. ഒരു രക്ഷകന്‍? എല്ലാവരുടെയും മനസ്സ് കാത്തിരിക്കുകയാണ്. വേദഗ്രന്ഥപ്രവചനങ്ങളില്‍ വിശ്വാസമുള്ളവര്‍ വാഗ്ദത്ത രക്ഷകന്റെ ഊരും പേരും പഠിച്ചറിഞ്ഞു വിശുദ്ധമന്ദിരത്തിന്റെ പ്രാന്തങ്ങളില്‍ തമ്പടിച്ചു. ഒടുക്കം വന്നു ആ രക്ഷകന്‍. അറിയുമോ അത്? അന്‍തല്ലദി സുമ്മീത ഫില്‍ഖുര്‍ആനി, അഹ്മദ മക്തൂബന്‍ അലല്‍ ജിനാനിഅസ്സ്വലാതു വസ്സലാമു അലയ്ക യാ റസൂലല്ലാഹ്!!ചരിത്രാനുഭവത്തിനു ചിരപരിചിതമല്ലാതിരുന്ന ചലനങ്ങള്‍ക്കാണ് അറേബ്യ സാക്ഷിയായത്. തിരുദൂതര്‍ (സ്വ) നാന്ദികുറിച്ച വിപ്ലവത്തിന്റെ അലയൊലികള്‍ ദേശഭാഷകളുടെ അതിര്‍ത്തിഭേദങ്ങളെ മുറിച്ചു കടന്ന് മുന്നേറി. ചിലര്‍ ജനിക്കുമ്പോള്‍ തൊലി വെളുത്തിരിക്കുന്നു. മറ്റു ചിലര്‍ കറുത്തിട്ടും, ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നു, മഹാഭൂരിപക്ഷം വറുതികള്‍ക്ക് അറുതിയില്ലാതെ പൊറുതിമുട്ടുന്നു. ചിലര്‍ ഭരിക്കുന്നവരും മറ്റുള്ളവര്‍ ഭരിക്കപ്പെടുന്നവരുമാണ്. പട്ടണത്തിലും ഗ്രാമത്തിലും ജനിക്കുന്നവര്‍. അറബിയോ അനറബിയോ സംസാരിക്കുന്നവര്‍. ഇത് ലോകഘടനയാണ്. പരമജ്ഞാനിയും യുക്തിഭദ്രനും നിര്‍മാണ വല്ലഭനുമായ ഒരു കര്‍ത്താവിന്റെ നിര്‍മിതിയത്രെ എല്ലാം. അതിനാല്‍, ഒന്ന് പ്രശംസയുടെയും മറ്റേത് നൃശംസയുടെയും ആധാരമായിക്കൂടാ. ഈ ഭേദങ്ങളെ വകയിരുത്തി ശണ്ഠയും വൈരവും അരുത്. പച്ചമണ്ണില്‍ നിന്ന് സര്‍ജ്ജനം ചെയ്യപ്പെട്ട ആദമിന്റെ സന്തതികളാണെല്ലാവരും. ഒരാള്‍ മറ്റൊരാളുടെ സഹോദരനാണ്. ഒരേ ആത്മാവിന്റെ ജന്‍മങ്ങള്‍. വൈവിധ്യം അന്യോന്യം അറിയാനാണ്. അതിനാല്‍ ഓരോരുത്തരുടെയും വേദന എല്ലാവരുടേതുമാണ്. അപരനാണ് അത് ഒപ്പേണ്ടത്. കള്ളും കാമവും കാഞ്ചനവുമല്ല ഉന്നം വെക്കേണ്ടത്; കരുണയുടെയും പാരസ്പര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ്. ഒരിക്കല്‍ ആ പാരസ്പര്യത്തെ അവിടുന്ന വര്‍ണിച്ചതിങ്ങനെ: വിശ്വാസികള്‍ ഒരൊറ്റ മേനി പോലെയാണ്. ഒരവയവത്തിനു വേദനിച്ചാല്‍ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനിച്ചും ആ വേദനയില്‍ പങ്കുചേരുന്നു.'(ബുഖാരി മുസ്‌ലിം).
ഒരിക്കല്‍ അബൂദര്‍റിന് അരിശം വന്നു. ഗിഫാര്‍ ഗോത്രക്കാരനായിരുന്ന അറബിയായിരുന്നു അദ്ദേഹം. സാമാന്യം തരക്കേടില്ലാത്ത മേനിയഴകും തിണ്ണമിടുക്കുമുണ്ട്. പോരാത്തതിന് നാലാള്‍ വകവെക്കുന്ന മാന്യനും കുബേരനും. അപ്പുറത്തുള്ളത് ബിലാലുബ്‌നു റബാഹ്. എത്യോപ്യയില്‍ നിന്നു വന്ന കാപ്പിരി. തലമുടി ചുരുണ്ട നീഗ്രോ. തൊലികറുത്ത അടിമ. ഇരുവരും സ്വഹാബികളാണ്. നബിതിരുമേനിയുടെ സന്തതസഹചാരികള്‍ റളിയല്ലാഹു അന്‍ഹുമാ. കശപിശ മൂത്ത് തര്‍ക്കമായി. തര്‍ക്കം ശണ്ഠയായി. അതിനിടക്കെപ്പോഴോ കറുത്തവളുടെ പുത്രാ…’ എന്നു വിളിച്ചുപോയി. അബൂദര്‍റ്, തൊലിയുടെ നിറം! ബിലാലിന് വല്ലാതെ നൊന്തു. തിരുനബിയോട് പരാതിപ്പെട്ടു. ഉടനെ അബൂദര്‍റിനെ വിളിച്ചു തിരുനബി (സ്വ) : താങ്കളദ്ദേഹത്തെ തന്റെ മാതാവിന്റെ പേരില്‍ പരിഹസിച്ചോ? ഇപ്പോഴും ജാഹിലിയ്യത്ത് പൂര്‍ണമായി വിട്ടിട്ടില്ലേ?! അതിന്റെ ശിഷ്ടങ്ങള്‍ ഇപ്പോഴും താങ്കളില്‍ ശേഷിക്കുന്നല്ലോ. അവരും നിങ്ങളുടെ സഹോദരങ്ങളാണ്. ഓര്‍ക്കുക. (ബുഖാരി, മുസ്‌ലിം)
സമൂഹം പ്രധാനമെന്നു കല്പിച്ച നാലുതരം മാപകങ്ങള്‍ കൊണ്ട് അളന്നാലും പരിഹാസ്യനാവേണ്ടതാണ് ബിലാല്‍. ഒന്നാമതായി അടിമ. പിന്നെ തൊലി കറുത്തവന്‍. പരദേശി, സര്‍വ്വോപരി പരമദരിദ്രനും. എന്നാല്‍ ഉച്ചനീചത്വങ്ങളുടെ മാനദണ്ഡം ഇവയൊക്കെയാണ് എന്ന് വിശ്വസിക്കുന്ന മനോവൈകല്യത്തോടാണ് തിരുമേനിയുടെ സംവാദം. – ‘അവരും നിങ്ങളുടെ സഹോദരങ്ങളാണ്!തിരുദൂതരുടെ പ്രതികരണം അബൂദര്‍റിനെ ഖിന്നനാക്കി. ബിലാലിനോട് തന്റെ മുഖത്ത് കാല്‌കൊണ്ട് ചവിട്ടാന്‍ ആവശ്യപ്പെടുമാറ് ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. അമേരിക്ക ന്യൂയോര്‍ക്കില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പ്രതിഷ്ഠിച്ചതു പോലെ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വല്ല പ്രതിമയും സ്ഥാപിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തത്. ലോകം മുഴുവന്‍ അധിനിവേശപ്പിശാചായി അലച്ചാര്‍ത്തു ചെല്ലുമ്പോള്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അവിടെയുണ്ടായിട്ടെന്ത്? സ്വന്തം അധീനതയില്‍ പാര്‍ക്കുന്ന ജനതക്കുപോലും നിഷേധിക്കപ്പെട്ട ഫ്രാന്‍സിന്റെ മൂല്യത്രയം പോലെ മൃതാക്ഷരികളായില്ല തിരുനബിയുടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും.
അദിയ്യുബ്‌നു ഹാതിമത്ത്വാ ഈ മദീനയിലേക്കു വരുമ്പോള്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ടായിരുന്നില്ല. തിരുമേനിയെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. അറേബ്യയിലാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നു ആ മാതൃകാജീവിതം. വ്യക്തികളും ഗോത്രങ്ങളും ഖാഫിലകളും യാത്രയുടെ ഉന്നം മദീനയാക്കിയതു പോലെ. അറിഞ്ഞവരെല്ലാം അവിടുത്തോട് ആകൃഷ്ടരാകുന്നു, അനുരക്തരാകുന്നു, ജീവന്‍ പോലും സമര്‍പ്പിക്കാന്‍ കൊതിപൂണ്ടു കൂടെ നില്‍ക്കുന്നു. എന്താവാം കാരണം? നേരില്‍ കണ്ട് വിലയിരുത്താം. അദിയ്യ് തിരുമേനിയുടെ സദസ്സിലെത്തി. അവിടുന്ന് സുസ്‌മേരവദനനായി ഇരിക്കുന്നു. ചുറ്റും അനുചര വൃന്ദം. അവരേതോ യുദ്ധം കഴിഞ്ഞു വന്നതേയുള്ളൂ. പടയങ്കിപോലും അഴിച്ചു മാറ്റിയിട്ടില്ല. അവര്‍ തിരുമേനിയോട് കാണിക്കുന്ന സ്‌നേഹം. പക്ഷേ, അവരാരും ഇമ്മാതിരി സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുകയോ നേടിയെടുക്കുകയോ ചെയ്തിരുന്നില്ല. ഇവിടെ നിറച്ചുവെച്ച പാനപാത്രങ്ങളോ നിരത്തിവെച്ച ഉപധാനങ്ങളോ വിരിച്ചിട്ട പരവതാനികളോ ഇല്ല. സമൂഹഗാത്രത്തില്‍ മാന്യമായ പരിഗണന അനുവദിക്കപ്പെട്ടതിന്റെ സംപ്രീതിയാണ് അവരുടെ മുഖത്ത് പ്രശോഭിച്ചു നില്‍ക്കുന്നത്. നോക്കിയിരിക്കെ ഒരു സ്ത്രീ വന്നു. മദീനക്കാരി തന്നെ. പരമസാധുവായ ഒരടിമപ്പെണ്ണ്. ദാരിദ്ര്യത്തിന്റെ കഠോരത അവരുടെ മുഖത്ത് വരഞ്ഞിട്ടുണ്ട്. എനിക്കങ്ങയോട് ഒരു സ്വകാര്യം പറയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു. മദീനയിലെ ഏതു തെരുവിലും ഞാന്‍ നിനക്കുവേണ്ടി ഏകനായി നിന്നു തരാമല്ലോ? പറഞ്ഞോളൂ.എന്നായിരുന്നു അവിടുത്തെ പ്രതികരണം. ആള്‍ക്കൂട്ടത്തില്‍ നിന്നു അല്പം മാറി അവരുടെ ദൃഷ്ടിവട്ടത്തില്‍ തന്നെ തിരുമേനി നിന്നു. ദീര്‍ഘനേരം അവര്‍ക്ക് ചെവി കൊടുത്തു. പലരെയും പോലെ അദിയ്യും. അതെല്ലാം നോക്കി നിന്നു. വെറുമൊരു അടിമപ്പെണ്ണിനു തിരുമേനി നല്‍കുന്ന മാനുഷിക പരിഗണന അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചു. വിശ്വാസികളുടെ ഗുണത്തിലേക്ക് ഒരാള്‍കൂടി അശ്ഹദു അല്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്നക റസൂലല്ലാഹ്! സ്വല്ലല്ലാഹു അലയ്ഹി വസല്ലം!!
മിക്ക വിപ്ലവങ്ങളും കടലാസു പുലികളായിരുന്നു. വിമോചനം ചുവപ്പുനാടയില്‍ കുരുങ്ങി കാലവിളംബരത്തില്‍ പൊടിപിടിച്ച സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന ഉരുവില്‍ നിന്നു ഉയരുന്ന ചിലയ്പ്പ് പോലെയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം (Charter of Human Rights) പോലെ. യുഎന്‍ പ്രഖ്യാപനത്തിന്റെ ആണ്ടറുതികളില്‍ തിമര്‍ത്താഘോഷിക്കാനായി എല്ലാവരും ഒത്തുചേരുന്നതിനപ്പുറത്തേക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ പോലും പ്രഖ്യാപിത അവകാശരേഖ പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കാന്‍ യുഎന്നിന് സാധിച്ചില്ല. എന്നാല്‍ തിരുജീവിത മാതൃകകള്‍ തന്റെ സമകാലത്തിന്റെ പിടുത്തത്തില്‍ നിന്നു കുതറിമാറി സാര്‍വകാലികത്വം നേടിയെടുത്തത് എത്ര സുന്ദരമായാണ്. അതറിയാന്‍ ഇസ്‌ലാമിക രാജ്യത്തിന്റെ നേതൃത്വം പ്രജകളുടെ മാനവും അന്തസ്സും അഭിമാനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ കാണിച്ച ഔത്സുക്യം മാത്രം വായിച്ചാല്‍ മതി. ഇത പര്യന്തമുള്ള മനുഷ്യചരിത്രത്തില്‍ ആദ്യമായി വെറുമൊരു സാധാരണ പൗരന്‍ തന്റെ ഭരണാധികാരി ധരിച്ചിരിക്കുന്ന വസ്ത്രത്തെ പ്രതി വിചാരണ നടത്തിയത് ഇസ്‌ലാമിക് സ്റ്റേയ്റ്റിലാണ്. ഭരണകര്‍ത്താവിന്റെ മുഖത്തുനോക്കി താന്‍ അണിഞ്ഞിട്ടുള്ള വസ്ത്രം എവിടെ നിന്നു കിട്ടിയെന്ന് പൊതുസഭയില്‍ വെച്ച് പരസ്യമായി ചോദ്യം ചെയ്യുന്നു! എന്നിട്ടും ആരും അയാളെ തൂക്കിക്കൊന്നില്ല. നാടുകടത്തുകയോ ജയിലലടക്കുകയോ ലാത്തികൊണ്ട് പ്രഹരിക്കുകയോ ചെയ്തില്ല. പ്രത്യുത, ആ രാഷ്ട്രത്തിന്റെ സുപ്രീംഅതോറിറ്റിയായ ആ ഭരണാധികാരി ആ പൗരന്റെ മുമ്പില്‍ കണക്കു ബോധിപ്പിച്ചു!! തന്റെ കൈവശം വന്നു ചേര്‍ന്നിട്ടുള്ള ചില്ലിക്കാശു പോലും വിഹിതമല്ലാത്തതില്ലെന്ന് ബോധ്യമുള്ള ആ രാഷ്ട്ര നായകന്‍ ഭയപ്പെടാനെന്തിരിക്കുന്നു?! ചോദ്യം ചെയ്തയാള്‍ക്കു മാത്രമല്ല, കൂടിനിന്ന ശ്രോതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തമാകുമാറ്, അദ്ദേഹമത് വിശദീകരിച്ചു. ഉത്തുംഗങ്ങളില്‍ പ്രതിഷ്ഠിച്ചുവെച്ച മണിമാടങ്ങളിലും ചില്ലുകൊട്ടാരങ്ങളിലുമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലാണ് തന്നെയന്വേഷിക്കേണ്ടത് എന്ന് പഠിപ്പിച്ച തിരുമേനി (സ്വ)യുടെ അരുമശിഷ്യനായ ഉമറായിരുന്നു ആ ഖലീഫ. റളിയല്ലാഹു അന്‍ഹു.
പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം: അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.
സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ്വസ്ഥവും സൈ്വര്യവുമായി അടങ്ങിക്കിടക്കുക പോലും ചെയ്തിട്ടില്ല.
അറേബ്യന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ അമീറുല്‍മുഅ്മിനീനാണ് അദ്ദേഹം എന്നറിയാതെ ആ മാതാവ് പ്രതികരിച്ചു :രാത്രിയുടെ ആദ്യയാമം തൊട്ടു തുടങ്ങിയതാണല്ലോ നിങ്ങളെന്നെ കുറ്റപ്പെടുത്തല്‍. ഞാനീ കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നുമില്ല!
എന്തിനാണിത്ര ധൃതിപിടിച്ച് അതിന്റെ മുലകുടി മാറ്റുന്നത്? അതിനു രണ്ട് വയസ് തികഞ്ഞോ?’
ഇല്ല. പക്ഷേ, മുലകുടി മാറാത്ത കുട്ടികള്‍ക്ക് പൊതുമുതലില്‍ നിന്ന് ഉമര്‍ വിഹിതമനുവദിക്കില്ലല്ലോ?’
കുട്ടിക്കെന്തു പ്രായമായി.
ഏതാനും മാസങ്ങള്‍.
എങ്കില്‍ മുലകുടി മാറ്റാന്‍ ധൃതികാട്ടേണ്ടതില്ല. വഴിയുണ്ടാകും.ഇത്രയും പറഞ്ഞു ഉമര്‍(റ) തിരിച്ചുനടന്നു. വേപഥു പൂണ്ട അധരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ ചുവടുകളും വേച്ചുവേച്ചു പോയി. ഈറനണിഞ്ഞ കണ്ണുകള്‍ കാഴ്ച മായ്ച്ചു.
അന്നു സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം കൊടുത്ത ഖലീഫയുടെ ഖുര്‍ആന്‍ പാരായണം ഗദ്ഗദം കൊണ്ടു പലപ്പോഴും മുറിഞ്ഞു പോയി. കൂട്ടുപ്രാര്‍ത്ഥനക്കു ശേഷം എഴുന്നേറ്റു നിന്നപ്പോഴും അദ്ദേഹം വാക്കുകള്‍ക്കായി വിഷമിച്ചു: എത്രകഷ്ടമാണീ ഉമറിന്റെ സ്ഥിതി. എത്ര കുട്ടികളെയാണിവന്‍ കൊന്നു കളഞ്ഞത്.നീറുന്ന വേദനയില്‍ പുളയുന്ന വാക്കുകള്‍.
പിന്നീട് വിളംബരക്കാരനോട് ആരും കുട്ടികളുടെ മുലകുടി നിറുത്താന്‍ ധൃതികൂട്ടരുതെന്നും ജനിച്ചുവീഴുന്ന ഓരോ ശിശുവിനും പൊതുഖജനാവില്‍ നിന്നു വിഹിതമുണ്ടാകുമെന്നുംവിളംബരം ചെയ്യാന്‍ കല്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ആ ഉത്തരവ് എഴുതിയ കത്തുമായി അശ്വരൂഢരായ ഭടന്മാര്‍ പാഞ്ഞു പോയി.
ധീരപരാക്രമിയും വില്ലാളിവീരനും ശത്രുവിന്റെ ഓര്‍മകളില്‍ പോലും ഇടിമുഴക്കവുമായിരുന്ന ഉമറിനെ, ഏതോ നാട്ടില്‍ നിന്നു വന്ന ഒരു അപരിചിത സംഘത്തിലെ ഏതോ ഒരു സ്ത്രീയുടെ മുലകുടി മാറാത്ത കുട്ടിയുടെ കരച്ചില്‍ തരളിതനും അസ്വസ്ഥനുമാക്കിയതെന്താണ്? ഇതാണ് തിരുനബി(സ്വ) സാധിച്ചെടുത്ത അനുപമമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക. ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്.
നീതി നിലാവൊളി നായകകണ്‍മണി
ദീനിസ്‌ലാം വഴി ഐനുല്‍ഹുദാമിഴി
ഖാദിര്‍കബീറിന്‍ അരുമൈ മുര്‍ത്തളാ റസൂലേ…’
സ്വല്ലല്ലാഹു അലയ്ക്ക വസല്ലം.


1 comment:

  1. Assalamu alaikum...
    What about the course about relgions??
    I had tried you so many times...but you are not pckng the call and not at all responding ....pls replyy

    ReplyDelete