Tuesday, November 3, 2015

സസ്യാഹാരവും പോഷകഗുണങ്ങളും


സസ്യാഹാരവും പോഷകഗുണങ്ങളും
മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം മൂന്ന്‍

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ് എന്നതാണ് മറ്റൊരു വാദം. മാംസ്യം, കൊഴുപ്പുകള്‍, വിവിധതരം ജീവകങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ. ശരിയായിരിക്കാം, അതുകൊണ്ട് മനുഷ്യന്‍ സസ്യഭുക്കാണെന്ന് തെളിയുമോ? അതൊരു വിചിത്രമായ ചിന്തയാണ്.
ലോകത്തെ മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മിശ്രഭോജികളാണ്. പൂര്‍ണമായും സസ്യാഹാരം ശീലമാക്കിയവരുടെ എണ്ണം വിവിധ സര്‍വേകള്‍ പ്രകാരം 5-10% മാത്രമാണ്. മൃഗസ്‌നേഹം പ്രകടിപ്പിക്കുന്ന പലരും നല്ല ഒന്നാന്തരം മാംസഭോജികള്‍ ആണെന്ന് വ്യക്തം. മാത്രമല്ല, തങ്ങള്‍ പൂര്‍ണമായും സസ്യാഹാരക്കാര്‍ ആണെന്ന് അവര്‍പോലും അവകാശപ്പെടുന്നുമില്ല. ലോകത്തെ എല്ലാ മനുഷ്യരും സസ്യാഹാരം തന്നെ കഴിക്കും എന്നു നിശ്ചയിച്ചാല്‍ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ലഭ്യമാക്കാന്‍ മാത്രം സമ്പന്നമാണോ നമ്മുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അളവ്?! നമ്മുടെ കാര്‍ഷികരംഗം പട്ടിണിരഹിതമായ ഒരുലോകം പണിയാന്‍ മാത്രം സമൃദ്ധമാണോ? അല്ലെന്നു ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്?
പ്രതിവര്‍ഷം 20 മില്യന്‍ ആളുകള്‍ പോഷകാഹാരക്കുറവ് കൊണ്ടുമാത്രം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ കണക്ക്. അതേസമയം ഒരു സസ്യാഹാരിക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ മാംസഭോജിയേക്കാള്‍ രണ്ടു മൂന്നിരട്ടി ഭക്ഷണം വേണ്ടി വരും. ലോകത്തെ മുഴുവന്‍ പേരും സസ്യാഹാരം ശീലിച്ചാല്‍ ഭൂമിയില്‍ ഭക്ഷണം തികയില്ല എന്നുമാത്രമല്ല, അതിനായി വെട്ടി നശിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ കണക്ക് അതിഭീമമായിരിക്കുകയും ചെയ്യും. അതോടൊപ്പം ഭൂമിയില്‍ ജന്തുജാലങ്ങളുടെ ജീവനു വരെ അത്യന്താപേക്ഷിതമായ ഓക്‌സിജന്റെ ചാക്രിക വ്യവസ്ഥ താറുമാറാവുകയും ചെയ്യും. അപ്പോള്‍ മാംസാഹാരം ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് നിലനില്‍പ്പ് സാധ്യമല്ലെന്ന് ഏതു കണക്കുകളില്‍നിന്നും വ്യക്തമാകും.
പൊതുവെ മാംസാഹാരത്തേക്കാള്‍ പോഷകമൂല്യം കൂടുതല്‍ സസ്യാഹാരത്തിനാണ് എന്നത് ഒരു പരിധിവരെ ശരിയാണ്. അതിനര്‍ഥം മാംസാഹാരം മോശമാണ് എന്നോ പോഷകം ഒട്ടും ഇല്ലാത്തതാണെന്നോ ഉപേക്ഷിക്കേണ്ടതാണെന്നോ ആകുന്നതെങ്ങനെ!? മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ത്വക്ക്, പേശികള്‍, അവയവങ്ങള്‍, ഗ്രന്ഥികള്‍ എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും ആവശ്യമായ പ്രോട്ടീന്‍ ലഭിച്ചിരിക്കണം. മാംസാഹാരത്തിലും മാംസജന്യാഹാരത്തിലുമാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ഉള്ളത്. ഒരു മുട്ടയില്‍ നിന്നുമാത്രം ലഭിക്കുന്ന പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നയാള്‍ ഒരു ദിവസം പലതവണ ഭക്ഷണം കഴിക്കേണ്ടിവരും!!!
വളരെ പോഷക സമ്പുഷ്ടമാണ് മാംസാഹാരം. പ്രോട്ടീന്‍, ഇരുമ്പ്, ഫോസ്ഫറസ്, എ, ബി, ഡി വൈറ്റമിനുകള്‍, തയാമിന്‍ (വൈറ്റമിന്‍ ബി 1), നിയാസിന്‍ ബി 3 തുടങ്ങിയ ധാതുക്കളുടെ മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍നിന്നുതന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മാംസാഹാരത്തില്‍ ഉണ്ട്. എന്നാല്‍ സസ്യാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമല്ല. പലതരം സസ്യാഹാരം ധാരാളം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം ഒരുതരം മാംസാഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതിനാല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയില്ല.
ഇനി, സസ്യാഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ശരിയായ നില പരിശോധിക്കുക. വെറും സസ്യാഹാരം മാത്രം പതിവുള്ളവര്‍ക്ക് ആവശ്യമായ കലോറി ലഭിക്കണമെന്നില്ല. പലപ്പോഴും ശരീരത്തിലെത്തുന്ന നാരുകളുടെ ആധിക്യം കാരണം ധാതുക്കളുടെ ആഗിരണം തടസപ്പെടുന്നു. പ്രധാന പോഷകങ്ങളില്‍ മിക്കതും അത്രയെളുപ്പത്തില്‍ ശരീരത്തില്‍ ലഭ്യമാകുകയില്ല. കൃത്യമായ മുന്‍ധാരണയോടെയും പ്ലാനിങ്ങോടെയും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തി കഴിച്ചാല്ലേ ഫലം കിട്ടൂ. വിശിഷ്യാ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, അയണ്‍, കാത്സ്യം, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ ലഭിക്കണമെങ്കില്‍ വളരെ ആസൂത്രിതമായ തിരഞ്ഞെടുപ്പും ക്രമീകരണവും ഇല്ലെങ്കില്‍ അസാധ്യമാണ്.
ചുവന്ന രക്താണുക്കള്‍, ഡി എന്‍ എ, നാഡീകോശങ്ങള്‍ എന്നിവയുടെ രൂപപ്പെടലിനു ആവശ്യമായ വിറ്റാമിന്‍ ബി 12 വിന്റെ പ്രധാന സ്രോതസ്സ് മാംസാഹാരമാണ്. മാംസം, മുട്ട, കോഴിയിറച്ചി, പാലുത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും പ്രധാന ഉറവിടം. സസ്യാഹാരം മാത്രം ലഭിക്കുന്നവരില്‍ വിറ്റാമിന്‍ ബി 12 വിന്റെ അഭാവം പ്രശ്‌നകാരിയാവുന്നു.
വാസ്തവത്തില്‍ ബാക്ടീരിയ ആണ് വിറ്റാമിന്‍ ബി 12 ഉത്പാദിപ്പിക്കുന്നത്. മൃഗങ്ങളില്‍ ബാക്ടീരിയ കൂടുതലായതിനാല്‍ വിറ്റാമിന്‍ ബി 12 വിന്റെ ഉത്പാദനവും കൂടുന്നു. മൃഗങ്ങളുടെ കുടലിലാണ് ബി 12 ഉത്പാദിപ്പിക്കുന്നത്.
സസ്യഭക്ഷണത്തിലൂടെ ഒരാളുടെ ഹൃദയധമനികള്‍ക്ക് കൈവരുന്ന മുഴുവന്‍ പോഷകഗുണങ്ങളും ഇല്ലാതാക്കാന്‍ ബി 12 വിന്റെ അഭാവം കാരണമാകും. മാത്രമല്ല, സസ്യാഹാരത്തില്‍ ഉയര്‍ന്ന തോതിലുള്ള ഹോമോസിസിറ്റീന്‍ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമായിത്തീരുന്നു. ഹോമോസിസിറ്റീനിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നത് ബി 12 ആണ്. അതുപോലെ അനീമിയ പോലെയുള്ള രോഗങ്ങള്‍ക്ക് ബി 12 വിന്റെ കുറവ് കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന ക്ഷീണം, തലചുറ്റല്‍, ചിന്താക്കുഴപ്പം, ഓര്‍മക്കുറവ്, മരവിപ്പ് തുടങ്ങിയ വ്യക്തിത്വ വ്യതിയാനങ്ങള്‍ ബി 12 വിന്റെ കുറവ് കാണിക്കുന്ന രോഗങ്ങളാണ്.

No comments:

Post a Comment