Tuesday, November 3, 2015

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം ഒന്ന്‍

കാട്ടിലൂടെ വെറുതെ അലസമായി നടക്കുകയായിരുന്നു അയാള്‍. പെട്ടെന്നാണ് ആ ദൃശ്യം അയാളെ അതിശയപ്പെടുത്തിയത്. വഴിവക്കിലുള്ള ഓരോ മരത്തിലും ആരോ ഓരോ വൃത്തം വരച്ചിരിക്കുന്നു. അവയുടെ കൃത്യം നടുക്ക് വളരെ കൃത്യമായി അമ്പെയ്തു തറച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും ഓരോ മരത്തിലും കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ചിരിക്കുന്നതായി അയാള്‍ക്ക് കാണാനായി. എല്ലാ മരങ്ങളിലും, എല്ലായ്‌പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്തുകാരന്റെ വൈദഗ്ധ്യം ഓര്‍ത്ത് അയാള്‍ക്ക് രോമാഞ്ചമുണ്ടായി. പിന്നെയും കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്ത്തുകാരനെ നേരില്‍ കണ്ടു.
‘ഒരിക്കല്‍പോലും ഉന്നം തെറ്റാതെ, ഇത്ര കൃത്യമായി വൃത്തകേന്ദ്രത്തിലേക്ക് തന്നെ അമ്പെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? അതിശയകരം തന്നെ?’
അമ്പെയ്ത്തുകാരന്‍ മൃദുലമായി ചിരിച്ചു. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ മറുപടി പറഞ്ഞു: ‘അത് വളരെ എളുപ്പമാണ്. ഞാന്‍ ആദ്യം അമ്പെയ്യും. പിന്നെ അതിനു ചുറ്റും ഒരു വൃത്തം വരക്കും…!’

മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിച്ചു കിട്ടാന്‍ ചില ‘പണ്ഡിതന്മാര്‍’ അവതരിപ്പിക്കുന്ന ‘ശാസ്ത്രീയ വസ്തുതകളും ഗവേഷണ ഫലങ്ങളും’ കേട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ഈ കഥയാണ്. വാസ്തവത്തില്‍ മനുഷ്യന്‍ സസ്യഭുക്കല്ല, മാംസഭുക്കുമല്ല! മിശ്രഭുക്കാകുന്നു. മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമായി ഉന്നയിക്കുന്ന ന്യായങ്ങള്‍ എത്രത്തോളം അന്യായമാണെന്ന് നോക്കാം.
മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശാരീരിക സവിശേഷതകള്‍
ഏറ്റവും പ്രധാനപ്പെട്ട വാദം മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശരീരഘടനകള്‍ തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ്.സസ്യഭുക്കുകള്‍ക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവശ്യമായ അണപ്പല്ലുകള്‍ ഉണ്ട്. മാംസം കടിച്ചു വിഴുങ്ങുന്നതിനാല്‍ മാംസഭുക്കുകള്‍ക്ക് അണപ്പല്ലുകള്‍ ഇല്ല. മാംസഭുക്കുകള്‍ക്ക് ജന്തുവേട്ട അനിവാര്യമായതിനാല്‍ കോമ്പല്ലുകളും കൈകാലുകളിലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്. ജന്തുവേട്ട ആവശ്യമില്ലാത്തതിനാല്‍ സസ്യഭുക്കുകള്‍ക്ക് കോമ്പല്ലുകളും കൂര്‍ത്ത നഖങ്ങളും ഇല്ല. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം ദഹിക്കാന്‍ സഹായകമായ ക്ഷാരഗുണമുള്ള ഉമിനീരായിരിക്കും ഉണ്ടാവുക. മാംസഭുക്കുകളുടെ ഉമിനീരാകട്ടെ മാംസം ദഹിക്കാന്‍ സഹായകമായ അമ്ലഗുണമുള്ളതായിരിക്കും.
ഈ വാദങ്ങളെല്ലാം അടിസ്ഥാനപരമായി തെറ്റാണ്. മറ്റു മാംസഭുക്കുകളെ പോലെ ഇരയുടെ പുറത്തേക്കു ചാടി വീണു മാന്തിക്കീറി വലിച്ചുതിന്നുന്ന പതിവല്ലല്ലോ മനുഷ്യനുള്ളത്. അതിനാല്‍ മാംസം കഴിക്കണമെങ്കില്‍ മാംസഭുക്കുകള്‍ക്ക് ഉള്ളത് പോലെയുള്ള കൂര്‍ത്ത പല്ലും നഖവും ഉണ്ടായേ തീരൂ എന്ന വിചാരത്തിനു പ്രസക്തിയില്ല. മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്. മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ മനുഷ്യന് രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളതും കൂര്‍ത്തവയുമുണ്ട്. ഈ പല്ലുകള്‍ പ്രധാനമായും രണ്ട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു; മുറിക്കുകയും അരക്കുകയും. മുന്‍ഭാഗത്തുള്ള പന്ത്രണ്ടു പല്ലുകള്‍ മുറിക്കാനും പൊട്ടിക്കാനും ഉള്ളതാണ് – അതിനാലവ കൂര്‍ത്തു മൂര്‍ച്ചയുള്ളവയാണ്. ബാക്കി ഇരുപത് പല്ലുകള്‍ പരന്നിട്ടാണല്ലൊ. ഇവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അരച്ചു പൊടിച്ചു ദഹനയോഗ്യമാക്കുക. സസ്യഭുക്കുകള്‍ക്കില്ലാത്ത കോമ്പല്ല് മനുഷ്യന്റെ ഒരു സവിശേഷതയാണ്.
സസ്യഭുക്കുകള്‍ വെള്ളം വലിച്ചുകുടിക്കുന്നു. മാംസഭുക്കുകള്‍ നക്കിക്കുടിക്കുന്നു. മനുഷ്യന്‍ വലിച്ചാണ് കുടിക്കുന്നത് എന്നാണ് മറ്റൊരു വാദം. ശരിയാണ്, മനുഷ്യന്‍ വലിച്ചു കുടിക്കുകയാണ് പതിവ്. എന്നാല്‍ നക്കിയും കുടിക്കാന്‍ മനുഷ്യനു സാധിക്കും. സ്പൂണ്‍ ഇല്ലെങ്കില്‍ നാം ഐസ്‌ക്രീം കഴിക്കുന്നത് നക്കിയാണ്.
സസ്യഭുക്കുകളുടെ കരള്‍, വൃക്ക, ദഹനേന്ദ്രിയങ്ങള്‍ എന്നിവയുടെ വലിപ്പം മാംസാഹാര വിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഈ വാദത്തിലും കഴമ്പില്ല. കാരണം, മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത്. സസ്യഭുക്കുകളില്‍ നിന്ന് ഭിന്നമായി മനുഷ്യരുടെ ആമാശയത്തിലെ അമ്ലത്തിന്റെ അളവ് കുറവാണ്. മാത്രമല്ല, കൂര്‍ത്ത നഖങ്ങളും ഉളി പോലെയുള്ള പല്ലുകളും ഉള്ള മാംസഭുക്കുകളായ മൃഗങ്ങളെ ഇക്കാര്യത്തില്‍ താരതമ്യത്തിനു സ്വീകരിച്ചത് തന്നെ ശുദ്ധഭോഷ്‌ക്കാണ്. കാരണം, മനുഷ്യന് പല്ലും നഖവും ദഹനേന്ദ്രിയങ്ങളും മാത്രമല്ല കിട്ടിയിട്ടുള്ളത്, ബുദ്ധി കൂടിയാണ്. അതിനാല്‍ മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത്. അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളൂ. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക. ഇനി, വേവിച്ച എന്നു കേള്‍ക്കുമ്പോഴേക്കും പരിഹസിച്ചു തള്ളുന്ന ‘സസ്യഭുക്കുകളോട്’ അവരുടെ പ്രധാന ആഹാരമായ അരിയും ഗോതമ്പും വേവിക്കാതെ കഴിക്കണമെന്ന് ആഹ്വാനം വന്നാല്‍ എങ്ങനെയിരിക്കും!
മനുഷ്യരുടെ കരളും വൃക്കയും ചെറിയതാണെന്ന് പറയുമ്പോള്‍ അതിന്റെ അസ്സല്‍ രൂപം വിസ്മരിക്കരുത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മൊത്തം ശരീരത്തിന്റെ രണ്ടു ശതമാനത്തോളം കരളിനു മാത്രം സ്വന്തം. അഞ്ഞൂറിലധികം ജീവത്പ്രധാനമായ ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിസങ്കീര്‍ണമായ ഈ അവയവം ആയിരത്തിലധികം എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ബൃഹത്തായ ഫാക്ടറിയാണ്.

വയറിന്റെ മേല്‍ ഭാഗത്ത് നട്ടെല്ലിന്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന പയര്‍മണിയുടെ ആകൃതിയിലുള്ള രണ്ടു അവയവങ്ങളാണ് വൃക്കകള്‍. ഏതാണ്ട് 11 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. ഘനവുമാണ് ഒരു വൃക്കക്കുള്ളത്. ഭാരം ഏതാണ്ട് 140 ഗ്രാം. രണ്ട് വൃക്കകളിലുമായി 25 ലക്ഷത്തിലധികം നെഫ്രോണുകള്‍ (nephron) സ്ഥിതി ചെയ്യുന്നുണ്ട്. കപ്പിന്റെ ആകൃതിയിലുള്ള ഒരു വായയും അതില്‍ നിന്നു തൂങ്ങി ക്കിടക്കുന്ന നീണ്ടു വളഞ്ഞ ഒരു കുഴലുമാണ് നെഫ്രൊണിലുള്ളത്.
ദഹനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം കൂടി, സാധാരണ എല്ലാ സസ്യങ്ങളിലും 35% സെല്ലുലോസ് ആണ്. അത് ദഹിപ്പിക്കുന്നതിന് ആവശ്യമായ സെല്ലുലോസ് എന്‍സൈം എല്ലാ സസ്യഭുക്കുകളിലും ഉണ്ട്. എന്നാല്‍ സെല്ലുലോസ് മനുഷ്യ ശരീരത്തിലില്ല. അതുകൊണ്ടാണ് മനുഷ്യന് പുല്ല് ദഹിപ്പിക്കാനാവാത്തത്. സെല്ലുലോസ് മനുഷ്യന് തീരെ ദഹിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നതും ശരിയല്ല. അറബികള്‍ കസ്സ് എന്നു വിളിക്കപ്പെടുന്ന ഇലച്ചെടി ധാരാളമായി പച്ചക്ക് കഴിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ അപ്പെന്‍ടിക്‌സ് എന്ന അവയവമാണ് സെല്ലുലോസ് ദഹിപ്പിക്കുന്നത്. അതുപോലെ വേവിച്ച മാംസം ആണ് നാം സാധാരണ കഴിക്കാറുള്ളത്. ഇത് നമ്മുടെ ദഹന പ്രക്രിയ അനായാസമാക്കുന്നു. നമ്മുടെ ആമാശയത്തിനു പിന്നില്‍ നട്ടെല്ലിനോടു ചേര്‍ന്ന് ഏകദേശം ആറു ഇഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയും നൂറു ഗ്രാം തൂക്കവുമുള്ള ഒരു അവയവമാണ് ആഗ്നേയഗ്രന്ഥി (Pancreas). ദിവസവും ഒരു ലിറ്ററോളം ആഗ്നേയരസം ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രഥമ ധര്‍മം. ഇവയില്‍ ലിപ്പേസ് (Lipase), ട്രിപ്‌സിന്‍ (Trapezes), കൈമോട്രിപ്‌സിന്‍ (Kino Trapezes ) പോലെയുള്ള ദഹനരസങ്ങള്‍ മാംസാഹാരങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ളതാണ്. മനുഷ്യന്‍ ശുദ്ധ സസ്യഭുക്കാണെങ്കില്‍ എന്തിനാണ് ഈ എന്‍സൈമുകള്‍ എന്ന് പറയാനുള്ള ബാധ്യത മാംസാഹാരവിരോധികള്‍ക്കാണ്.

No comments:

Post a Comment