Friday, March 15, 2019

മരിച്ചവർ കേൾക്കുമോ?


ഖബ്ർ സന്ദർശനത്തെ സംബന്ധിച്ചുള്ള തേൻമൊഴിയുടെ പോസ്റ്റ് വായിച്ച ഒരു സുഹൃത്തിന്റെ സംശയം: സന്ദർശന വേളയിൽ നാം പറയുന്നതും ചെയ്യുന്നതും അവരറിയുന്നുണ്ടോ?

തീർച്ചയായും അറിയും. അതുകൊണ്ടാണല്ലോ സന്ദർശന വേളയിൽ ഖബ്റാളിയെ സംബോധന ചെയ്തു കൊണ്ടു തന്നെ സലാം പറയുവാൻ തിരുമേനി സ്വ. പഠിപ്പിച്ചത്. കൂടെക്കൂടെ ജന്നതുൽ ബഖീഇൽ സന്ദർശനത്തിനെത്തിയിരുന്ന അവിടുന്ന് സലാം പറയാറുണ്ടായിരുന്നത് ഇങ്ങനെയാണ്:
السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإنَّا إِنْ شَاءَ الله بِكُمْ لَاحِقُونَ أَنْتُمْ لَنَا فَرَطٌ وَنَحْنُ لَكُمْ تَبَعٌ
കേവലം സലാം പറഞ്ഞു നിർത്താതെ തങ്ങൾ ഇങ്ങനെ കൂടി പറയുന്നു. "തീർച്ചയായും ഞങ്ങളും നിങ്ങളിലേക്ക് വന്നു ചേരാനിരിക്കുന്നവരാണ്. നിങ്ങൾ ഞങ്ങളുടെ മുന്നേ ഗമിച്ചവർ, ഞങ്ങൾ പിന്നിൽ അനുഗമിക്കുന്നവരും" (നസാഈ 2040, അഹ്'മദ്‌ 3/359, ഇബ്നു ഹിബ്ബാൻ 7/445). ഖബ്റാളിക്കു കേൾക്കാനും ഗ്രഹിക്കാനും സാധിക്കുമായിരുന്നില്ലെങ്കിൽ നബി തിരുമേനി സ്വ. ഇങ്ങനെ പറയുമായിരുന്നോ?!

ഇബ്നു അബിദ്ദുൻയാ റ. തന്റെ കിതാബുൽ ഖുബൂറിൽ രേഖപ്പെടുത്തുന്നു: നബിപത്നി ആഇശാ റ. പറയുന്നു. നബി തിരുമേനി സ്വ. പറഞ്ഞു:
مَا مِنْ رَجُلٍ يَزُورُ قَبْرَ أَخِيهِ فَيَجْلِسُ عِنْدَهُ إلا اِسْتَأْنَسَ بِهِ وَرُدَّتْ عَلَيْهِ رُوحُهُ حَتَّى يَقُومَ مِنْ عِنْدَهِ

"ആരെങ്കിലും തന്റെ സഹോദരന്റെ ഖബ്ർ സന്ദർശിക്കുകയും അവിടെ ഇരിക്കുകയും ചെയ്താൽ ഖബ്റാളിക്ക് ആശ്വാസം നൽകപ്പെടുകയും അയാൾ അവിടെ നിന്ന് എഴുന്നറ്റു പോകുന്നതു വരെ ആത്മാവിനെ മടക്കി നൽകപ്പെടുകയും ചെയ്യപ്പെടുന്നതാണ്".

ഇക്കാര്യം ബിദഇകൾക്ക് സ്വീകാര്യനായ ഇബ്നുൽ ഖയ്യിമിന്റെ കിതാബുർറൂഹിലും (പേ.5) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടർന്നെഴുതി: ഇക്കാര്യത്തിൽ മുൻഗാമികൾ ഏകകണ്ഠരാണ്. ജീവിച്ചിരിക്കുന്നവർ തങ്ങളെ സന്ദർശിക്കാൻ വന്നാൽ മയ്യിത്ത് അവരെ തിരിച്ചറിയുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യുമെന്നു മുൻഗാമികളായ ധാരാളം പേരിൽ നിന്ന് അവിതർക്കിതമായ നിവേദനങ്ങളുണ്ട്.

മറ്റൊരു ഹദീസ്. നബി സ്വ. പറയുന്നു:
مَا مِنْ رَجُلٍ يَمُرُّ بٍقبْرِ أَخِيهِ كَانَ يَعْرِفُهُ فِي الدُّنْيَا فَسَلَّمَ عَلَيْهِ إِلَّا رُدَّتْ عَلَيْهِ رُوحُهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ
ജീവിത കാലത്ത് പരിചയമുണ്ടായിരുന്ന ആളുടെ ഖബ്റിന്നരികിലൂടെ പോകുമ്പോൾ സലാം ചൊല്ലിയാൽ അയാൾക്ക് ആത്മാവിനെ മടക്കി നൽകപ്പെടുകയും അങ്ങനെ സലാം മടക്കുകയും ചെയ്യുന്നതാണ് (ഇബ്നു ഹിബ്ബാൻ - കിതാബുൽ മജ്റൂഹീൻ 2/58, ഖഥീബുൽ ബഗ്ദാദീ - താരീഖ് 6/137).

ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിൽ വെള്ളിയാഴ്ചയുടെ പ്രത്യേകതകൾ പറയുമ്പോൾ രേഖപ്പെടുത്തി: മരണപ്പെട്ടവരുടെ ആത്മാക്കൾ വെള്ളിയാഴ്ചകളിൽ ഖബ്റിലേക്കു ഇറങ്ങി വരും. അവിടെ സന്ദർശനത്തിനു വരുന്നവരെയും അതു വഴി പോകുന്നവരെയും തിരിച്ചറിയും. അവരോടു സലാം പറയുന്നതു കേൾക്കുകയും അവരെ കാണുകയും ചെയ്യും. ഇവയെല്ലാം മറ്റു ദിവസങ്ങളിൽ ഉള്ളതിനേക്കാൾ തികവാർന്ന രൂപത്തിലായിരിക്കും വെള്ളിയാഴ്ചകളിൽ!

ഇബ്നുൽ ഖയ്യിം തന്നെ രേഖപ്പെടുത്തുന്ന ഒരു സംഭവം: ഇമാം സുഫ് യാനു സ്സൗരി റ പറയുന്നു: ളഹ്ഹാക് റ. ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ശനിയാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് ആരെങ്കിലും ഖബ്ർ സന്ദർശിച്ചാൽ അയാളെ കൃത്യമായി മനസ്സിലാക്കാൻ മയ്യിത്തിനു സാധിക്കും.
ആരോ ചോദിച്ചു: അതെങ്ങനെ?
പ്രതികരണം: അത്രയ്ക്കാണ് വെള്ളിയാഴ്ചയുടെ സ്ഥാനം!!(സാദുൽ മആദ് 1/401).

"ഖബ്റിലുള്ളവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല" എന്നു ഖുർആൻ - ഫാത്വിർ:22 - പറഞ്ഞിട്ടില്ലേ?

തീർച്ചയായും പറഞ്ഞിട്ടുണ്ട്. അതിന്റെ വ്യാഖ്യാനം ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് ഉദ്ധരിക്കാം. ബിദഇകൾക്കു സുപരിചിതനായ ഇബ്നു തീമിയ്യയുടെ ശിഷ്യനാണല്ലോ അദ്ദേഹം. ഈ ആയതിനെ വ്യാഖ്യാനിക്കുന്നതു കാണൂ:

"ഹൃദയം ചത്തുപോയ കാഫിറിനെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നു ആയത്തിന്റെ തുടർന്നുള്ള ഭാഗം തീർച്ചയായും അറിയിക്കുന്നു; കേട്ടതിന്റെ പ്രയോജനം പ്രകടമായി കാണുമാറ് അവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല. ഖബ്റാളി അങ്ങനെയാണല്ലോ, സദുപദേശങ്ങൾ കേട്ടതുകൊണ്ടു അതു പ്രയോജനപ്പെടുത്താൻ ഇനി അയാൾക്കു സാധിക്കില്ല. അതല്ലാതെ ഖബ്റാളി ഒന്നും തീരെ കേൾക്കില്ല എന്നു ഈ ആയതിന് വിവക്ഷയില്ല.

അതെങ്ങനെ പറയാനാണ്?! മയ്യിത് സംസ്കരണത്തിനു വന്നവർ മടങ്ങിപ്പോകുമ്പോൾ അവരുടെ ചെരുപ്പടി ശബ്ദം പോലും അവർ കേൾക്കുമെന്നല്ലേ തിരുമേനി സ്വ. പഠിപ്പിച്ചത്. ബദ്റിൽ കൊല്ലപ്പെട്ടവർ അവരോടുള്ള സംസാരവും സംബോധനയും കേൾക്കുന്നുണ്ടെന്നു അവിടുന്ന് അറിയിച്ചു തന്നുവല്ലോ. തഥൈവ, മരണപ്പെട്ടവർക്കു സലാം പറയണമെന്നു മതപാഠം തന്നു - അവർ കേൾക്കുന്നുവെന്ന പ്രകാരം സംബോധന ശൈലിയിൽ പറയാനാണ് പഠിപ്പിച്ചത്. ഒരു മുസ്‌ലിമായ സഹോദരൻ സലാം പറഞ്ഞാൽ നിർബന്ധമായും സലാം മടക്കണമെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്. "തീർച്ചയായും (ഹൃദയം) മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കു സാധ്യമല്ല, ബധിരനെ വിളി കേൾപ്പിക്കാനും ആവില്ല - അവർ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ" (അന്നംല്:80) എന്ന ആയതിനു സമാനമാണിതും".(കിതാബുർ റൂഹ് : 45)

മയ്യിത്തിനു വേണ്ടി ഖത്തപ്പുര കെട്ടാമോ?



ഖത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ഖബ്റിനു സമീപം ഉണ്ടാക്കുന്ന പുര)

وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة

ഇമാം ബുഖാരി റ. പറയുന്നു: "അലി റ.വിന്റെ പൌത്രന്‍ ഹസന്‍ റ. മരിച്ചപ്പോള്‍ അവരുടെ ഭാര്യ അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഒരു വർഷം ഖുബ്ബ (ഖത്തപ്പുര) ഉണ്ടാക്കി".

ഈ ഹദീസ് വിശകലനം ചെയ്യവെ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി റ. പറയുന്നത് കാണാം

 الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152

"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിനു  ദുആ, ദിക്ര്‍, ഖുര്‍ആന്‍ പാരായണം, മുതലായവ നിർവഹിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഖത്തപുര നിര്‍മ്മിച്ചത് എന്ന കാര്യം വ്യക്തമാണ് (മിർഖാത്).

ഖബ്ർ ചുംബിക്കുന്നതു ഹറാമാണോ?






ഖബ്ർ തൊട്ടു ചുംബിക്കൽ കറാഹത്താണ് എന്നാണ് ഭൂരിപക്ഷമതം. ബറകത് കാംക്ഷിച്ചു കൊണ്ടാണെങ്കിൽ അനുവദനീയമാണെന്ന് പറഞ്ഞവരും ഉണ്ട്. ഹറാമാണ് എന്ന് പറഞ്ഞവർ ആരും ഇല്ലെന്നതാണ് നേര്.

തിരുവഫാതിനു ശേഷം മദീന വിട്ട സയ്യിദുനാ ബിലാൽ റ. പിന്നീട് മദീന സന്ദർശിക്കാൻ വന്ന ചരിത്രം പ്രസിദ്ധമാണ്. ഓർമകളിൽ വിജ്രംഭിതനായി ആ സ്വഹാബിവര്യൻ തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ മുഖമമർത്തി. തന്റെ ഇരു കവിൾത്തടങ്ങളും വെച്ചുരച്ചു
പൊട്ടിപ്പൊട്ടിക്കരഞ്ഞു. മുത്തബിഉസ്സുന്ന എന്ന പേരിൽ വിഖ്യാതനായിരുന്ന സ്വഹാബിയായ ഇബ്നു ഉമർ റ. തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ വെക്കാറുണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും സംഹൂദിയുടെ വഫാഉൽ വഫാ ഉദ്ധരിച്ചിട്ടുണ്ട് (4/1405, 1409).

മുത്ത്വലിബു ബ്നു അബ്ദില്ലാഹി ബ്നി ഹൻത്വബ് റ.വിൽ നിന്നു ഹസനായ നിവേദക പരമ്പരയിലൂടെ ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം:

മർവാൻ രാജാവ് റൗളാശരീഫ് സിയാറതിനു വന്നു. ഖബ്റിൽ ഒട്ടിച്ചേർന്നു ഒരാൾ കിടക്കുന്നു. അദ്ദേഹം അയാളുടെ പിടലിക്കു പിടിച്ചു പൊക്കി: നിങ്ങളെന്താണീ ചെയ്യുന്നതെന്നറിയാമോ???
"അറിയാം, ഞാൻ കല്ലും കട്ടയും കണ്ടല്ല വന്നത്, റസൂലുല്ലാഹി സ്വ.യുടെ സവിധത്തിലേക്കാണ്!!!"

സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി റ. ആയിരുന്നു ആ സന്ദർശകൻ
(അഹ്'മദ് 5/422, ഹാകിം 4/560).

ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ തങ്ങളോട് നബി സ്വ.യുടെ ഖബ്റുശ്ശരീഫും മിമ്പറും ചുംബിക്കുന്നതിനെ കുറിച്ച് ചോദ്യമുന്നയിക്കപ്പെട്ടു. അതിൽ തകരാറില്ല എന്നായിരുന്നു പ്രതികരണം. ഇക്കാര്യം സംഹൂദി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്  (വഫാഉൽ വഫാ 4/1404).

ചുരുക്കത്തിൽ, ഖബ്ർ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ ഹറാമാണ് എന്നു പോലും ഉലമാക്കൾ ആരും വാദിച്ചിട്ടില്ല. കറാഹത്തുണ്ടോ ഇല്ലേ എന്നു മാത്രമാണ് തർക്കം. അതെല്ലാം ശിർക്കും കുഫ്റുമാണ് എന്നു പ്രചരിക്കുന്നവർ പൂർവകാല മാതൃകകളെ വിസ്മരിക്കരുത്.

ഖബ്ർ സിയാറത് അനുവദനീയമോ?



ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നു. പിന്നീട് ആ വിലക്ക് ഒഴിവാക്കി സന്ദർശിച്ചോളൂ എന്ന നിർദ്ദേശം വരുകയുണ്ടായി. ഇമാം മുസ്‌ലിം റ. നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഖബ്ർ സന്ദർശനം ഞാൻ നിങ്ങൾക്കു വിലക്കിയിരുന്നല്ലോ, ഇനി ചെയ്തു കൊൾക (മുസ്ലിം 977). മറ്റൊരു നിവേദനത്തിൽ ഇതിന്റെ കൂടെ അൽപം വിശകലനം അധികമുണ്ട്: അതു ഹൃദയം നിർമലമാക്കും, കണ്ണ് സജലമാക്കും, പരലോകം ഓർമിപ്പിക്കും!(അഹ്'മദ് 3/237, അബൂയഅ'ല 6/371, ഹാകിം 2/532, ബൈഹഖിയുടെ സുനനുൽ കബീർ - 4/77, ശുഅബുൽ ഈമാൻ 7/15).

ഖബ്ർ സിയാറത് നബി സ്വ.യുടെ പതിവിൽ പെട്ടതാണ്. അവിടന്ന് സ്വഹാബതിനെ കൂട്ടി സിയാറത്തിനു പോകാറുണ്ടായിരുന്നു. സിയാറതിന്റെ രൂപം അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇമാം ബുഖാരിയും (1194) മുസ്‌ലിമും (926) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ തന്റെ പുത്രന്റെ ഖബ്റിന്നരികിൽ നിന്നു കരയുകയായിരുന്ന ഒരു സ്വഹാബീവനിതയോട് : നീ അല്ലാഹുവിനു തഖ്‌വ പാലിക്കുക; ക്ഷമയവലംബിക്കുക എന്നു നബി സ്വ. ഉപദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയൊരു സംഭവത്തിൽ ഖബ്ർ സിയാറതു വേളയിൽ സലാം പറയേണ്ട രൂപം നബി സ്വ. ആഇശ ബീവിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്: "നീ ഇങ്ങനെ പറയുക:

السلام عليكم يا اهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وانا إن شاء الله بكم لاحقون
( മുസ്‌ലിം 974).

സുഫ്‌യാനു ബ്നു ഉയയ്നയിൽ നിന്ന് മുസ്വന്നഫു അബ്ദിർറസാഖ് (6713) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഫാത്വിമ റ. എല്ലാ വെള്ളിയാഴ്ചകളിലും ഹംസതുൽ ഖർറാർ റ.വിനെ സന്ദർശിക്കാൻ പോകാറുണ്ട് എന്നു വായിക്കാം.

മുസ്‌ലിംകൾ അധിവസിക്കുന്ന ഇടത്തെല്ലാം ഇത:പര്യന്തം ഖബ്ർ സിയാറത് നിലനിന്നു പോന്നിട്ടുണ്ട്. മരണസ്മരണയും പാരത്രിക ചിന്തയും ഉണർത്തുന്നതാകയാൽ അതു മതത്തിൽ പ്രശംസയർഹിക്കുന്ന സുന്നത്തായ ഒരു അമലത്രെ! സ്ത്രീകൾ കരഞ്ഞു നിലവിളിക്കുകയും ശബ്ദമുയർത്തി വ്യസന പ്രകടനം നടത്തുകയും ചെയ്യുന്ന ലോല പ്രകൃതരായതിനാൽ അവർക്കു കറാഹതാണ് എന്നാണ് അഭിമതം. എന്നാൽ, മതപരമായ ചിട്ടകൾ പാലിച്ചു കൊണ്ട് അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരെ സിയാറതു ചെയ്യുന്നത് സുന്നത്താണ് എന്നു അഭിപ്രായപ്പെടുന്നവരാണ് പലരും.

لعن الله زوارات القبور
ഖബ്ർ സിയാറത് ചെയ്യുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് (തിർമിദി 1056, ഇബ്നു മാജ 1576, അഹ്'മദ് 2/337) പലർക്കും സംശയമുണ്ടാക്കാറുണ്ട്. ഹദീസിൽ പരാമർശിക്കപ്പെട്ട സവ്വാറാത്/സിയാറത് ചെയ്യുന്ന സ്ത്രീകൾ എന്ന പദം ഇസ്‌ലാം പൂർവകാലത്ത് നില നിന്നിരുന്ന ഒരു ദുരാചാരത്തെ സൂചിപ്പിക്കുന്നു. ആരെങ്കിലും മരണപ്പെട്ടാൽ ആ മയ്യിതിനു വേണ്ടി നിലവിളിച്ചട്ടഹസിക്കുക, തല തല്ലിക്കരയുക പോലെയുള്ള അനാചാരങ്ങൾ അവിടെ നിലനിന്നിരുന്നു. അതിനെയാണ് ഹദീസ് വിമർശിച്ചത്.

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നുവല്ലൊ. ഈ ഹദീസ് ആ കാലത്തുള്ളതായിരുന്നു എന്നു പറയുന്നവരാണ് പണ്ഡിതൻമാരിൽ ധാരാളം പേർ.

✍🏻 Sajeer Bukhari

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാമോ?



മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാം, അവർക്കതിന്റെ പ്രതിഫലം ലഭിക്കും. ദോഷങ്ങൾ പൊറുക്കപ്പെടുക, പദവികളിൽ ഉയർച്ച കിട്ടുക, ഖബ്റിൽ പ്രകാശവും ആനന്ദവും ലഭിക്കുക തുടങ്ങി വ്യത്യസ്തമായ നേട്ടങ്ങൾ അതുമൂലം അവർക്കു ലഭിക്കുന്നതാണ്.

നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ പാരായണം ചെയ്യൂ എന്ന ഹദീസ് അബൂദാവൂദ്(3121), ഇബ്നുമാജ (1448) തുടങ്ങിയ പലരും മഅ'ഖൽ ബിൻ യസാർ റ.വിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു ഹദീസ്:

യാസീൻ ഖുർആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും പരലോകത്തേയും ലക്ഷ്യമിട്ട് ഓതിയ ആൾക്ക് അല്ലാഹു തീർച്ചയായും പൊറുത്തു കൊടുക്കുന്നതാണ്. അതിനാൽ, നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക (അഹ്'മദ് 5/26, സുനനുൽ കുബ്റ - നസാഈ 10914).

ഈ ഹദീസ് മരണാസന്നർക്കും, മരണപ്പെട്ടവർക്കും ബാധകമാണ് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്; രണ്ടാൾക്കും പ്രയോജനം ലഭ്യമാകും. പരമ്പരാഗതമായി മുസ്‌ലിംകൾ ചെയ്തു പോരാറുള്ളതു പോലെ, അല്ലാഹുവേ, ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്ന വ്യക്തിക്ക് നീ നൽകേണമേ... എന്നു ഹദ്'യ ചെയ്താൽ മാത്രമാണോ അല്ലേ എന്നു മാത്രമാണ് അഭിപ്രായഭേദങ്ങൾ പ്രകടമായിട്ടുള്ളത്. മരണപ്പെട്ടവർക്കു വേണ്ടിയുള്ള ഈ ദുആ വിശുദ്ധ ഖുർആനിന്റെ അധ്യാപനമാണ്:

وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
അവരുടെ പിൻഗാമികൾ ഇങ്ങനെ പ്രാർഥിക്കുന്നതാണ്: നാഥാ, ഞങ്ങൾക്കും ഈമാനിക വിശ്വാസം കൊണ്ടു ഞങ്ങളുടെ മുന്നേ പോയവർക്കും നീ പൊറുത്തു തന്നാലും, വിശ്വാസികളോട് ഞങ്ങളുടെ ഹൃദയത്തിൽ ഒരു തരത്തിലുള്ള ഈർഷ്യതയും നീ തരരുതേ, നാഥാ, തീർച്ചയായും നീ അത്യുദാരനും അതിരറ്റ കാരുണ്യവാനുമാണല്ലോ (അൽ ഹശ്ർ 10).

ഹദ്'യ ചെയ്താൽ മാത്രമേ അവർക്കു പ്രതിഫലം എത്തുകയുള്ളൂ എന്നാണ് ശാഫിഈ കർമശാസ്ത്ര സരണിയിൽ പ്രബലം. പിൽക്കാലികരായ ശാഫിഈ ഫുഖഹാക്കളിൽ പലരും മറ്റു മൂന്നു മദ്ഹബുകളിലുള്ളതു പോലെ പ്രത്യേകമായ പ്രാർഥനയില്ലാതെ തന്നെ അവർക്കു പ്രതിഫലം എത്തുമെന്ന വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം അൽ ഹബീബ് അബ്ദുല്ലാഹി ബ്നു അലവിയ്യിനിൽ ഹദ്ദാദ് റ. പറഞ്ഞു: മരണപ്പെട്ടവർക്കു വേണ്ടി ഹദ്'യ ചെയ്യപ്പെടുന്ന അമലുകളിൽ ഏറ്റവും അനുഗ്രഹീതവും അധികം പ്രയോജനകരവുമായിട്ടുള്ളത് ഖുർആൻ പാരായണവും അതിന്റെ പ്രതിഫലം അവർക്കു ഹദ്'യ ചെയ്യുന്നതുമാണ്. സകല കാലത്തും സകല നാട്ടിലുമുള്ള മുസ്‌ലിംകൾ അങ്ങനെ അമൽ ചെയ്യുന്നതിന്റെ മേൽ ഏകോപിച്ചു നിൽക്കുന്നവരാണ്‌. മുൻഗാമികളും പിൽക്കാലികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും ഇക്കാര്യം പ്രത്യേകമായി പ്രസ്താവിച്ചിട്ടുണ്ട്...... (സബീലുൽ ഇദ്ദികാർ).

ഇബ്നു ഉമർ റ. പറഞ്ഞു: ഒരാൾ മരിച്ചു കഴിഞ്ഞാൽ തടഞ്ഞുവെക്കരുത്, വേഗത്തിൽ ഖബറടക്കം ചെയ്യണം. അനന്തരം സൂറതുൽ ബഖറയുടെ ആദ്യ ഭാഗം തലയുടെ ഭാഗത്തും അവസാനഭാഗം കാലിന്റെ ഭാഗത്തും ഓതണം (മുഅ'ജമുൽ കബീർ 12/444, ശുഅബുൽ ഈമാൻ 7/16).

ഖബ്റിനടുത്തു വെച്ച് ദർസു നടത്തുന്നത് പുണ്യമാണെന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട് (കിതാബുർ റൂഹ് - 10). മുൻഗാമികളിൽ പെട്ട വലിയൊരു വിഭാഗം മഹാൻമാർ തങ്ങളുടെ ഖബ്റുകൾക്കരികിൽ വെച്ച് ഖുർആൻ പാരായണം നടത്താൻ വസ്വിയ്യത് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "സ്വഹാബിയായ ഇബ്നു ഉമർ റ. അവരിലൊരാളായിരുന്നു; തന്റെ ഖബ്റിന്റെ അരികിൽ വെച്ച് സൂറതുൽ ബഖറ പാരായണം ചെയ്യാൻ അദ്ദേഹം വസ്വിയ്യത് ചെയ്തിരുന്നു. സ്വഹാബികളായ അൻസ്വാരികൾ മരണപ്പെട്ടാൽ അവരുടെ ഖബ്റിന്നരികിൽ അവർ മാറി മാറി ഖുർആൻ പാരായണം തുടർന്നു പോന്നിരുന്നു."

ചുരുക്കത്തിൽ, സ്വഹാബികളുടെ കാലം തൊട്ട് നിരാക്ഷേപം അനവരതം തുടർന്നു പോരുന്നതാണ് മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതി ഹദ് യ ചെയ്ത് ദുആ ചെയ്യുന്നത്. അല്ലാഹുവേ, ഞങ്ങൾക്കും അത്തരം തലമുറയെ നീ ബാക്കി വെക്കണേ..., ആമീൻ!

Monday, September 24, 2018

കർറമല്ലാഹു വജ്ഹഹുമാ.....!




ചോദ്യം:
സ്വഹാബികളുടെ ഗണത്തിൽ അലിയാർ തങ്ങളെ പേരിനൊപ്പം മാത്രമാണ് കർറമല്ലാഹു വജ്ഹഹു എന്നു ആശംസിക്കാറുള്ളത്. ഇതിന്റെ കാരണമെന്താണ്? ഇതേ പ്രാർഥന മറ്റു സ്വഹാബിമാർക്കും നടത്താമോ?
- ഐജാസ് റാഫി താണിശ്ശേരി

അലി റ.വിനു ചില പ്രത്യേകതകൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം സിദ്ദീഖ്, ഉമർ റളിയല്ലാഹു അൻഹുമാ തുടങ്ങിയവരേക്കാൾ മഹത്വം കല്പിക്കപ്പെടേണ്ടവരാണ് എന്നും വിശ്വസിക്കുന്ന ചില നവീനവാദികൾ സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കാനായി എക്കാലത്തും എയ്തുവിട്ടിട്ടുള്ള മുനയൊടിഞ്ഞ ശരമാണീ ചോദ്യം.

അലി റ. വിനു വേണ്ടി കർറമല്ലാഹു വജ്ഹഹു എന്നു ദുആ ചെയ്യുവാൻ കാരണമായി പണ്ഡിതൻമാർ ചൂണ്ടി കാണിച്ചിട്ടുള്ളത് അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും വിഗ്രഹത്തിനു ഉപാസന അർപ്പിച്ചിട്ടില്ലെന്നതിനാലുള്ള ആദരവായാണ് പ്രസ്തുത പ്രാർഥന എന്നാണ്. അദ്ദേഹത്തിന്റെ വദനം ആദരണിയമാകട്ടെയെന്ന ആക്ഷരികാർഥമോ ഉന്നതശൃംഗങ്ങളിൽ ഉല്ലസിക്കട്ടെയെന്നു ആലങ്കാരികർഥമോ ആണ് ഉദ്ദേശം.

ഇക്കാര്യത്തിൽ അബൂബക്ർ റളിയല്ലാഹു അൻഹുവും കൂട്ടാളിയാവേണ്ടതാണ്. അദ്ദേഹവും ഒരിക്കൽ പോലും ബിംബപൂജ നടത്തിയിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ നാമത്തിനൊപ്പവും കർറമല്ലാഹു വജ്ഹഹു ചേർത്തു പറയുന്നു/പറയാം. എങ്കിലും അലിയാരുടെ കാര്യത്തിലാണ്  ഇതു പ്രചുരപ്രചാരം നേടിയതെന്നു മാത്രം. അതിനുമുണ്ടൊരു പശ്ചാത്തലം - അദ്ദേഹം കുട്ടിയായിരിക്കെ (പ്രായപൂർത്തിയാകുന്നതിനു മുമ്പു) തന്നെ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം തീരെ വിഗ്രഹോപാസന നടത്തിയിട്ടില്ലെന്നത് നിശ്ശങ്കം  അംഗീകരിക്കപ്പെടുന്നു (മുജ്മഉൻ അലയ്ഹി) എന്നതാണത്.

ചെറുപ്രായത്തിൽ  ഒരാൾ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചാൽ അതു മതിയാകുമോ?പ്രായപൂർത്തിയാകേണ്ടതല്ലേ? വേണം. പക്ഷെ അങ്ങനെയൊരു ശാസന അന്നു പ്രാബല്യത്തിലുണ്ടായിരുന്നില്ല. പ്രത്യുത, കാര്യവിവേചന ശേഷി (The Age of Discrimination) എത്തിയവർക്കെല്ലാം നിർബന്ധമായിരുന്നു ഇസ്‌ലാമാശ്ലേഷം. പിന്നീട് ഈ നിയമം ദുർബലപ്പെടുത്തുകയും പ്രായപൂർത്തിയാകണം എന്ന ശാസന നടപ്പിൽ വരുകയും ചെയ്തു. ഇക്കാര്യം ഹദീസു വിശാരദനായ ഇമാം ബൈഹഖിയെപ്പോലെയുള്ളവർ വിശദീകരിച്ചിട്ടുണ്ട്.

 "അബാദല" എന്നറിയപ്പെടുന്ന ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, ഇബ്നു സുബൈർ (റളിയല്ലാഹു അൻഹും) തുടങ്ങിയവരൊന്നും വിഗ്രഹപൂജ  ചെയ്തിട്ടില്ലെന്നു കാണുന്നുണ്ടല്ലോ എന്ന ന്യായവാദവും ഉന്നയിക്കാവുന്നതാണ്.  അവർക്കൊന്നും കർറമല്ലാഹു വജ്ഹഹു പറയാത്തതെന്ത്? ഇവരും ഇവരെപ്പോലെ വേറെയും പലരും ഒരിക്കൽ പോലും വിഗ്രഹത്തിനെ ആരാധിക്കാത്തവരായി ഉണ്ട്. എന്നാൽ, അവരെല്ലാം ആദരവായ നബിതിരുമേനി സ്വ. ഇസ്‌ലാം പ്രബോധനം ആരംഭിച്ചതിനു ശേഷമാണ് ജനിച്ചത്. അവർക്ക് ബുദ്ധിയുറച്ച കാലമായപ്പോഴേക്കും ബഹുത്വോപസനയുടെ യുക്തിരാഹിത്യവും അപകടവും അർഥശൂന്യതയും ശരിയായ രീതിയിൽ മുന്നറിയിപ്പു നൽകപ്പെടുകയും തൗഹീദിന്റെ പാത രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അമ്മാതിരി ഒരു വെളിച്ചവും തെളിഞ്ഞിട്ടില്ലാത്ത കാലത്താണ് അന്ധവിശ്വാസത്തിന്റെ കൂരിരുളുകളിൽ നിന്നു മാറി സ്വിദ്ദീഖും അലിയും സഞ്ചരിച്ചത് - റളിയല്ലാഹു അൻഹുമാ, കർറമല്ലാഹു വജ്ഹഹുമാ.....!


  1. (വിശദവായനക്ക് ഇബ്നു ഹജരിൽ ഹൈതമി റ.വിന്റെ ഫതാവൽ ഹദീസിയ്യ 41, 42 കാണുക).