Tuesday, November 3, 2015

സസ്യാഹാരവും പോഷകഗുണങ്ങളും


സസ്യാഹാരവും പോഷകഗുണങ്ങളും
മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം മൂന്ന്‍

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ് എന്നതാണ് മറ്റൊരു വാദം. മാംസ്യം, കൊഴുപ്പുകള്‍, വിവിധതരം ജീവകങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ. ശരിയായിരിക്കാം, അതുകൊണ്ട് മനുഷ്യന്‍ സസ്യഭുക്കാണെന്ന് തെളിയുമോ? അതൊരു വിചിത്രമായ ചിന്തയാണ്.
ലോകത്തെ മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മിശ്രഭോജികളാണ്. പൂര്‍ണമായും സസ്യാഹാരം ശീലമാക്കിയവരുടെ എണ്ണം വിവിധ സര്‍വേകള്‍ പ്രകാരം 5-10% മാത്രമാണ്. മൃഗസ്‌നേഹം പ്രകടിപ്പിക്കുന്ന പലരും നല്ല ഒന്നാന്തരം മാംസഭോജികള്‍ ആണെന്ന് വ്യക്തം. മാത്രമല്ല, തങ്ങള്‍ പൂര്‍ണമായും സസ്യാഹാരക്കാര്‍ ആണെന്ന് അവര്‍പോലും അവകാശപ്പെടുന്നുമില്ല. ലോകത്തെ എല്ലാ മനുഷ്യരും സസ്യാഹാരം തന്നെ കഴിക്കും എന്നു നിശ്ചയിച്ചാല്‍ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ലഭ്യമാക്കാന്‍ മാത്രം സമ്പന്നമാണോ നമ്മുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അളവ്?! നമ്മുടെ കാര്‍ഷികരംഗം പട്ടിണിരഹിതമായ ഒരുലോകം പണിയാന്‍ മാത്രം സമൃദ്ധമാണോ? അല്ലെന്നു ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്?
പ്രതിവര്‍ഷം 20 മില്യന്‍ ആളുകള്‍ പോഷകാഹാരക്കുറവ് കൊണ്ടുമാത്രം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ കണക്ക്. അതേസമയം ഒരു സസ്യാഹാരിക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ മാംസഭോജിയേക്കാള്‍ രണ്ടു മൂന്നിരട്ടി ഭക്ഷണം വേണ്ടി വരും. ലോകത്തെ മുഴുവന്‍ പേരും സസ്യാഹാരം ശീലിച്ചാല്‍ ഭൂമിയില്‍ ഭക്ഷണം തികയില്ല എന്നുമാത്രമല്ല, അതിനായി വെട്ടി നശിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ കണക്ക് അതിഭീമമായിരിക്കുകയും ചെയ്യും. അതോടൊപ്പം ഭൂമിയില്‍ ജന്തുജാലങ്ങളുടെ ജീവനു വരെ അത്യന്താപേക്ഷിതമായ ഓക്‌സിജന്റെ ചാക്രിക വ്യവസ്ഥ താറുമാറാവുകയും ചെയ്യും. അപ്പോള്‍ മാംസാഹാരം ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് നിലനില്‍പ്പ് സാധ്യമല്ലെന്ന് ഏതു കണക്കുകളില്‍നിന്നും വ്യക്തമാകും.
പൊതുവെ മാംസാഹാരത്തേക്കാള്‍ പോഷകമൂല്യം കൂടുതല്‍ സസ്യാഹാരത്തിനാണ് എന്നത് ഒരു പരിധിവരെ ശരിയാണ്. അതിനര്‍ഥം മാംസാഹാരം മോശമാണ് എന്നോ പോഷകം ഒട്ടും ഇല്ലാത്തതാണെന്നോ ഉപേക്ഷിക്കേണ്ടതാണെന്നോ ആകുന്നതെങ്ങനെ!? മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ത്വക്ക്, പേശികള്‍, അവയവങ്ങള്‍, ഗ്രന്ഥികള്‍ എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും ആവശ്യമായ പ്രോട്ടീന്‍ ലഭിച്ചിരിക്കണം. മാംസാഹാരത്തിലും മാംസജന്യാഹാരത്തിലുമാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ഉള്ളത്. ഒരു മുട്ടയില്‍ നിന്നുമാത്രം ലഭിക്കുന്ന പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നയാള്‍ ഒരു ദിവസം പലതവണ ഭക്ഷണം കഴിക്കേണ്ടിവരും!!!
വളരെ പോഷക സമ്പുഷ്ടമാണ് മാംസാഹാരം. പ്രോട്ടീന്‍, ഇരുമ്പ്, ഫോസ്ഫറസ്, എ, ബി, ഡി വൈറ്റമിനുകള്‍, തയാമിന്‍ (വൈറ്റമിന്‍ ബി 1), നിയാസിന്‍ ബി 3 തുടങ്ങിയ ധാതുക്കളുടെ മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍നിന്നുതന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മാംസാഹാരത്തില്‍ ഉണ്ട്. എന്നാല്‍ സസ്യാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമല്ല. പലതരം സസ്യാഹാരം ധാരാളം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം ഒരുതരം മാംസാഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതിനാല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയില്ല.
ഇനി, സസ്യാഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ശരിയായ നില പരിശോധിക്കുക. വെറും സസ്യാഹാരം മാത്രം പതിവുള്ളവര്‍ക്ക് ആവശ്യമായ കലോറി ലഭിക്കണമെന്നില്ല. പലപ്പോഴും ശരീരത്തിലെത്തുന്ന നാരുകളുടെ ആധിക്യം കാരണം ധാതുക്കളുടെ ആഗിരണം തടസപ്പെടുന്നു. പ്രധാന പോഷകങ്ങളില്‍ മിക്കതും അത്രയെളുപ്പത്തില്‍ ശരീരത്തില്‍ ലഭ്യമാകുകയില്ല. കൃത്യമായ മുന്‍ധാരണയോടെയും പ്ലാനിങ്ങോടെയും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തി കഴിച്ചാല്ലേ ഫലം കിട്ടൂ. വിശിഷ്യാ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, അയണ്‍, കാത്സ്യം, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ ലഭിക്കണമെങ്കില്‍ വളരെ ആസൂത്രിതമായ തിരഞ്ഞെടുപ്പും ക്രമീകരണവും ഇല്ലെങ്കില്‍ അസാധ്യമാണ്.
ചുവന്ന രക്താണുക്കള്‍, ഡി എന്‍ എ, നാഡീകോശങ്ങള്‍ എന്നിവയുടെ രൂപപ്പെടലിനു ആവശ്യമായ വിറ്റാമിന്‍ ബി 12 വിന്റെ പ്രധാന സ്രോതസ്സ് മാംസാഹാരമാണ്. മാംസം, മുട്ട, കോഴിയിറച്ചി, പാലുത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും പ്രധാന ഉറവിടം. സസ്യാഹാരം മാത്രം ലഭിക്കുന്നവരില്‍ വിറ്റാമിന്‍ ബി 12 വിന്റെ അഭാവം പ്രശ്‌നകാരിയാവുന്നു.
വാസ്തവത്തില്‍ ബാക്ടീരിയ ആണ് വിറ്റാമിന്‍ ബി 12 ഉത്പാദിപ്പിക്കുന്നത്. മൃഗങ്ങളില്‍ ബാക്ടീരിയ കൂടുതലായതിനാല്‍ വിറ്റാമിന്‍ ബി 12 വിന്റെ ഉത്പാദനവും കൂടുന്നു. മൃഗങ്ങളുടെ കുടലിലാണ് ബി 12 ഉത്പാദിപ്പിക്കുന്നത്.
സസ്യഭക്ഷണത്തിലൂടെ ഒരാളുടെ ഹൃദയധമനികള്‍ക്ക് കൈവരുന്ന മുഴുവന്‍ പോഷകഗുണങ്ങളും ഇല്ലാതാക്കാന്‍ ബി 12 വിന്റെ അഭാവം കാരണമാകും. മാത്രമല്ല, സസ്യാഹാരത്തില്‍ ഉയര്‍ന്ന തോതിലുള്ള ഹോമോസിസിറ്റീന്‍ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമായിത്തീരുന്നു. ഹോമോസിസിറ്റീനിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നത് ബി 12 ആണ്. അതുപോലെ അനീമിയ പോലെയുള്ള രോഗങ്ങള്‍ക്ക് ബി 12 വിന്റെ കുറവ് കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന ക്ഷീണം, തലചുറ്റല്‍, ചിന്താക്കുഴപ്പം, ഓര്‍മക്കുറവ്, മരവിപ്പ് തുടങ്ങിയ വ്യക്തിത്വ വ്യതിയാനങ്ങള്‍ ബി 12 വിന്റെ കുറവ് കാണിക്കുന്ന രോഗങ്ങളാണ്.

എസ്‌കിമോകള്‍ മനുഷ്യരല്ലേ?!

എസ്‌കിമോകള്‍ മനുഷ്യരല്ലേ?! 

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട്

നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ കൊമ്പുകളുള്ള മൃഗം തുടങ്ങിയവയുടെ മാംസമാണ് പ്രധാന ആഹാരം. ഇവയെ പച്ചയായും വേവിച്ചും പിന്നെ ഉണക്കിയും തിന്നുന്നു.  (Eric Dewailly, N3 fatty acids and cardiovascular disease risk factors among the Inuit of Nunavik –  american journal of clinical nturition – 2001).  Shamanism   എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം പ്രേതാര്‍ച്ചക മതത്തില്‍ വിശസിക്കുന്നവരാണ് എസ്‌കിമോകള്‍. വിവിധ രാജ്യങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ Kalaallisut അലാസ്‌കയില്‍ Inupiaq, കാനഡയില്‍ Inukitut, സൈബീരിയയില്‍ Yupik,Alute ദീപുകളില്‍ Aleut എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. ഇന്‍ഡോ – അമേരിക്കന്‍ ലാംഗ്വേജ് ഫാമിലിയില്‍ പെട്ടതാണ് ഈ ഭാഷകളെല്ലാം. ( (Encyclopedia Britannica, RR version Vol. 3 Page 268, Oxford Concise Encyclopedia Page 454, webster dictionary Page 485).മനുഷ്യശരീരത്തിനു മാംസാഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലെന്നു പറയുന്നവര്‍ എസ്‌കിമോകളെ കുറിച്ചെന്തു പറയും എന്നത് കൗതുകകരമായിരിക്കും. നാം രുചിക്കു വേണ്ടിയാണ് മാംസം ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വേവിച്ചു കഴിക്കുന്നതെങ്കിലും നമ്മുടെ ദഹനം അനായാസമാക്കുന്നതില്‍ പാചകത്തിനു വലിയ പങ്കുണ്ട്. എന്നാല്‍ എസ്‌കിമോകള്‍ മാംസം വേവിക്കാതെ ആഹരിക്കുന്നവരാണ്. ഇങ്ങനെയൊക്കെയും ഇത്രയേറെ മാംസാഹാരം പച്ചയ്ക്കു കഴിച്ചിട്ടും എസ്‌കിമോകളില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ വളരെ അപൂര്‍വമാണ്. കാരണം മാംസത്തിലൂടെ അവരിലെത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് ഹൃദയത്തിനും മസ്തിഷ്‌കത്തിനും സവിശേഷമായ സംരക്ഷണം നല്‍കുന്നു. ( ( Omega-3 fatty acids and cardiovascular disease: The epidemiological evidence, Artemis P. Simopoulos, environmental health preventive medicine, January 2002).  എസ്‌കിമോ (Eskimo) എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘പച്ചയിറച്ചി തിന്നുന്നവര്‍’ എന്നാണ്. എന്താ, എസ്‌കിമോകള്‍ മനുഷ്യരല്ലെന്നു പറയാമോ?

മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം ഒന്ന്‍

കാട്ടിലൂടെ വെറുതെ അലസമായി നടക്കുകയായിരുന്നു അയാള്‍. പെട്ടെന്നാണ് ആ ദൃശ്യം അയാളെ അതിശയപ്പെടുത്തിയത്. വഴിവക്കിലുള്ള ഓരോ മരത്തിലും ആരോ ഓരോ വൃത്തം വരച്ചിരിക്കുന്നു. അവയുടെ കൃത്യം നടുക്ക് വളരെ കൃത്യമായി അമ്പെയ്തു തറച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും ഓരോ മരത്തിലും കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ചിരിക്കുന്നതായി അയാള്‍ക്ക് കാണാനായി. എല്ലാ മരങ്ങളിലും, എല്ലായ്‌പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്തുകാരന്റെ വൈദഗ്ധ്യം ഓര്‍ത്ത് അയാള്‍ക്ക് രോമാഞ്ചമുണ്ടായി. പിന്നെയും കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്ത്തുകാരനെ നേരില്‍ കണ്ടു.
‘ഒരിക്കല്‍പോലും ഉന്നം തെറ്റാതെ, ഇത്ര കൃത്യമായി വൃത്തകേന്ദ്രത്തിലേക്ക് തന്നെ അമ്പെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? അതിശയകരം തന്നെ?’
അമ്പെയ്ത്തുകാരന്‍ മൃദുലമായി ചിരിച്ചു. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ മറുപടി പറഞ്ഞു: ‘അത് വളരെ എളുപ്പമാണ്. ഞാന്‍ ആദ്യം അമ്പെയ്യും. പിന്നെ അതിനു ചുറ്റും ഒരു വൃത്തം വരക്കും…!’

മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിച്ചു കിട്ടാന്‍ ചില ‘പണ്ഡിതന്മാര്‍’ അവതരിപ്പിക്കുന്ന ‘ശാസ്ത്രീയ വസ്തുതകളും ഗവേഷണ ഫലങ്ങളും’ കേട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ഈ കഥയാണ്. വാസ്തവത്തില്‍ മനുഷ്യന്‍ സസ്യഭുക്കല്ല, മാംസഭുക്കുമല്ല! മിശ്രഭുക്കാകുന്നു. മനുഷ്യന്‍ സസ്യഭുക്കാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമായി ഉന്നയിക്കുന്ന ന്യായങ്ങള്‍ എത്രത്തോളം അന്യായമാണെന്ന് നോക്കാം.
മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശാരീരിക സവിശേഷതകള്‍
ഏറ്റവും പ്രധാനപ്പെട്ട വാദം മനുഷ്യന്റെയും സസ്യഭുക്കുകളുടെയും ശരീരഘടനകള്‍ തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ്.സസ്യഭുക്കുകള്‍ക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവശ്യമായ അണപ്പല്ലുകള്‍ ഉണ്ട്. മാംസം കടിച്ചു വിഴുങ്ങുന്നതിനാല്‍ മാംസഭുക്കുകള്‍ക്ക് അണപ്പല്ലുകള്‍ ഇല്ല. മാംസഭുക്കുകള്‍ക്ക് ജന്തുവേട്ട അനിവാര്യമായതിനാല്‍ കോമ്പല്ലുകളും കൈകാലുകളിലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്. ജന്തുവേട്ട ആവശ്യമില്ലാത്തതിനാല്‍ സസ്യഭുക്കുകള്‍ക്ക് കോമ്പല്ലുകളും കൂര്‍ത്ത നഖങ്ങളും ഇല്ല. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം ദഹിക്കാന്‍ സഹായകമായ ക്ഷാരഗുണമുള്ള ഉമിനീരായിരിക്കും ഉണ്ടാവുക. മാംസഭുക്കുകളുടെ ഉമിനീരാകട്ടെ മാംസം ദഹിക്കാന്‍ സഹായകമായ അമ്ലഗുണമുള്ളതായിരിക്കും.
ഈ വാദങ്ങളെല്ലാം അടിസ്ഥാനപരമായി തെറ്റാണ്. മറ്റു മാംസഭുക്കുകളെ പോലെ ഇരയുടെ പുറത്തേക്കു ചാടി വീണു മാന്തിക്കീറി വലിച്ചുതിന്നുന്ന പതിവല്ലല്ലോ മനുഷ്യനുള്ളത്. അതിനാല്‍ മാംസം കഴിക്കണമെങ്കില്‍ മാംസഭുക്കുകള്‍ക്ക് ഉള്ളത് പോലെയുള്ള കൂര്‍ത്ത പല്ലും നഖവും ഉണ്ടായേ തീരൂ എന്ന വിചാരത്തിനു പ്രസക്തിയില്ല. മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്. മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ മനുഷ്യന് രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളതും കൂര്‍ത്തവയുമുണ്ട്. ഈ പല്ലുകള്‍ പ്രധാനമായും രണ്ട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു; മുറിക്കുകയും അരക്കുകയും. മുന്‍ഭാഗത്തുള്ള പന്ത്രണ്ടു പല്ലുകള്‍ മുറിക്കാനും പൊട്ടിക്കാനും ഉള്ളതാണ് – അതിനാലവ കൂര്‍ത്തു മൂര്‍ച്ചയുള്ളവയാണ്. ബാക്കി ഇരുപത് പല്ലുകള്‍ പരന്നിട്ടാണല്ലൊ. ഇവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അരച്ചു പൊടിച്ചു ദഹനയോഗ്യമാക്കുക. സസ്യഭുക്കുകള്‍ക്കില്ലാത്ത കോമ്പല്ല് മനുഷ്യന്റെ ഒരു സവിശേഷതയാണ്.
സസ്യഭുക്കുകള്‍ വെള്ളം വലിച്ചുകുടിക്കുന്നു. മാംസഭുക്കുകള്‍ നക്കിക്കുടിക്കുന്നു. മനുഷ്യന്‍ വലിച്ചാണ് കുടിക്കുന്നത് എന്നാണ് മറ്റൊരു വാദം. ശരിയാണ്, മനുഷ്യന്‍ വലിച്ചു കുടിക്കുകയാണ് പതിവ്. എന്നാല്‍ നക്കിയും കുടിക്കാന്‍ മനുഷ്യനു സാധിക്കും. സ്പൂണ്‍ ഇല്ലെങ്കില്‍ നാം ഐസ്‌ക്രീം കഴിക്കുന്നത് നക്കിയാണ്.
സസ്യഭുക്കുകളുടെ കരള്‍, വൃക്ക, ദഹനേന്ദ്രിയങ്ങള്‍ എന്നിവയുടെ വലിപ്പം മാംസാഹാര വിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഈ വാദത്തിലും കഴമ്പില്ല. കാരണം, മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത്. സസ്യഭുക്കുകളില്‍ നിന്ന് ഭിന്നമായി മനുഷ്യരുടെ ആമാശയത്തിലെ അമ്ലത്തിന്റെ അളവ് കുറവാണ്. മാത്രമല്ല, കൂര്‍ത്ത നഖങ്ങളും ഉളി പോലെയുള്ള പല്ലുകളും ഉള്ള മാംസഭുക്കുകളായ മൃഗങ്ങളെ ഇക്കാര്യത്തില്‍ താരതമ്യത്തിനു സ്വീകരിച്ചത് തന്നെ ശുദ്ധഭോഷ്‌ക്കാണ്. കാരണം, മനുഷ്യന് പല്ലും നഖവും ദഹനേന്ദ്രിയങ്ങളും മാത്രമല്ല കിട്ടിയിട്ടുള്ളത്, ബുദ്ധി കൂടിയാണ്. അതിനാല്‍ മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത്. അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളൂ. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക. ഇനി, വേവിച്ച എന്നു കേള്‍ക്കുമ്പോഴേക്കും പരിഹസിച്ചു തള്ളുന്ന ‘സസ്യഭുക്കുകളോട്’ അവരുടെ പ്രധാന ആഹാരമായ അരിയും ഗോതമ്പും വേവിക്കാതെ കഴിക്കണമെന്ന് ആഹ്വാനം വന്നാല്‍ എങ്ങനെയിരിക്കും!
മനുഷ്യരുടെ കരളും വൃക്കയും ചെറിയതാണെന്ന് പറയുമ്പോള്‍ അതിന്റെ അസ്സല്‍ രൂപം വിസ്മരിക്കരുത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മൊത്തം ശരീരത്തിന്റെ രണ്ടു ശതമാനത്തോളം കരളിനു മാത്രം സ്വന്തം. അഞ്ഞൂറിലധികം ജീവത്പ്രധാനമായ ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിസങ്കീര്‍ണമായ ഈ അവയവം ആയിരത്തിലധികം എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ബൃഹത്തായ ഫാക്ടറിയാണ്.

വയറിന്റെ മേല്‍ ഭാഗത്ത് നട്ടെല്ലിന്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന പയര്‍മണിയുടെ ആകൃതിയിലുള്ള രണ്ടു അവയവങ്ങളാണ് വൃക്കകള്‍. ഏതാണ്ട് 11 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. ഘനവുമാണ് ഒരു വൃക്കക്കുള്ളത്. ഭാരം ഏതാണ്ട് 140 ഗ്രാം. രണ്ട് വൃക്കകളിലുമായി 25 ലക്ഷത്തിലധികം നെഫ്രോണുകള്‍ (nephron) സ്ഥിതി ചെയ്യുന്നുണ്ട്. കപ്പിന്റെ ആകൃതിയിലുള്ള ഒരു വായയും അതില്‍ നിന്നു തൂങ്ങി ക്കിടക്കുന്ന നീണ്ടു വളഞ്ഞ ഒരു കുഴലുമാണ് നെഫ്രൊണിലുള്ളത്.
ദഹനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം കൂടി, സാധാരണ എല്ലാ സസ്യങ്ങളിലും 35% സെല്ലുലോസ് ആണ്. അത് ദഹിപ്പിക്കുന്നതിന് ആവശ്യമായ സെല്ലുലോസ് എന്‍സൈം എല്ലാ സസ്യഭുക്കുകളിലും ഉണ്ട്. എന്നാല്‍ സെല്ലുലോസ് മനുഷ്യ ശരീരത്തിലില്ല. അതുകൊണ്ടാണ് മനുഷ്യന് പുല്ല് ദഹിപ്പിക്കാനാവാത്തത്. സെല്ലുലോസ് മനുഷ്യന് തീരെ ദഹിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നതും ശരിയല്ല. അറബികള്‍ കസ്സ് എന്നു വിളിക്കപ്പെടുന്ന ഇലച്ചെടി ധാരാളമായി പച്ചക്ക് കഴിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ അപ്പെന്‍ടിക്‌സ് എന്ന അവയവമാണ് സെല്ലുലോസ് ദഹിപ്പിക്കുന്നത്. അതുപോലെ വേവിച്ച മാംസം ആണ് നാം സാധാരണ കഴിക്കാറുള്ളത്. ഇത് നമ്മുടെ ദഹന പ്രക്രിയ അനായാസമാക്കുന്നു. നമ്മുടെ ആമാശയത്തിനു പിന്നില്‍ നട്ടെല്ലിനോടു ചേര്‍ന്ന് ഏകദേശം ആറു ഇഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയും നൂറു ഗ്രാം തൂക്കവുമുള്ള ഒരു അവയവമാണ് ആഗ്നേയഗ്രന്ഥി (Pancreas). ദിവസവും ഒരു ലിറ്ററോളം ആഗ്നേയരസം ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രഥമ ധര്‍മം. ഇവയില്‍ ലിപ്പേസ് (Lipase), ട്രിപ്‌സിന്‍ (Trapezes), കൈമോട്രിപ്‌സിന്‍ (Kino Trapezes ) പോലെയുള്ള ദഹനരസങ്ങള്‍ മാംസാഹാരങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ളതാണ്. മനുഷ്യന്‍ ശുദ്ധ സസ്യഭുക്കാണെങ്കില്‍ എന്തിനാണ് ഈ എന്‍സൈമുകള്‍ എന്ന് പറയാനുള്ള ബാധ്യത മാംസാഹാരവിരോധികള്‍ക്കാണ്.