Friday, March 15, 2019

ക്രിസ്തുമതവും സ്ത്രീയും


ക്രിസ്തുമതം പുലർത്തിയ സ്ത്രീ വിദ്വേഷത്തിന്‍റെ ഭയാനകമായ ചരിത്രം സംക്രാന്ത് സാനുവിന്റെ (ഇന്ത്യ ഫാക്ട്സ്) കുറിപ്പ്

വ്യാജശൈഖുമാരെ സൂക്ഷിക്കുക


ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ മതഭ്രംശം സംഭവിച്ചവനും വി ശ്വാസത്തിനു ഭംഗം തട്ടിയവനുമാണ്. അത്തരക്കാരെ പിന്‍പറ്റുന്നത് സൂക്ഷിക്കണം. അവന്റെ ശ്വാസത്തിന്റെ വിഷം ഉഗ്രമാണ്. (ബഹ്ജത്തുസ്സനിയ്യ, ഹിദായത്തുല്‍ മുതലത്ത്വിഖ്, പേ. 133).

അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നു; ‘മതത്തിന്റെ ആജ്ഞകളും വിലക്കുകളും സ്വീകരിക്കാത്ത ആള്‍ അന്തരീക്ഷത്തില്‍ ചമ്രപ്പടി ഇട്ടിരുന്നാലും അവന്‍ ഉന്നത വ്യക്തിയാണെന്ന് നീ ധരിക്കരുത്.”

വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടോ?


ജാതിസമ്പ്രധായം ഇല്ലാത്തതാണ് ഒരു കാലത്ത് ഇസ്‌ലാമിന്‍റെ മേന്മയായി പറയപ്പെട്ടിരുന്നത്. കേരളത്തില്‍ ഒരു മതത്തിലും വിശ്വസിക്കാതിരുന്ന ചിലര്‍ പോലും “അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം” എന്നൊക്കെ എഴുതി വിട്ടത് ഇസ്‌ലാമില്‍ ജാതിവിഭജനമോ ഉച്ഛനീചത്വമോ ഇല്ലെന്നു വിശ്വസിച്ചായിരുന്നു. അണ്ടിയോടത്തപ്പോളല്ലേ പുളിയറിഞ്ഞത്. ഇവിടെയും ജാതിയുണ്ട്. തങ്ങള്‍ ജാതിയാണ് ഇവിടത്തെ വരേണ്യ സവര്‍ണ അപോസ്തല ജാതി!! ഈയടുത്ത് ഈ ജാതിയില്‍ പെട്ട ഒരു തമ്പ്രാന്‍ മലപ്പുറത്ത് ഈ ജാതിക്കാര്‍ക്ക് വേണ്ടി ഒരു സവര്‍ണ അക്കാദമി സ്ഥാപിച്ചിതായി വിവരമുണ്ട്. തുടങ്ങുന്നേയുള്ളൂ കാര്യങ്ങള്‍. ബല്ലാത്ത ജാതി!!!!
(വാട്സാപ്പില്‍ കൈമാറി കിട്ടിയത്).

ഇസ്‌ലാമില്‍ ജാതികളോ ഉപജാതികളോ ഇല്ല, വര്‍ഗങ്ങളോ ഉപവര്‍ഗങ്ങളോ ഇല്ല. മുമ്പും ഇല്ല, ഇപ്പോഴും ഇല്ല. പക്ഷെ ഒന്നുണ്ട്, അര്‍ഹിച്ചവര്‍ക്ക് അര്‍ഹിച്ച സ്ഥാനം വക വെച്ചു കൊടുക്കും. ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പഠിപ്പിക്കും, പണ്ഡിതനെയും ഭരണാധികാരിയെയും അവരര്‍ഹിക്കുന്ന സ്ഥാനത്തിനും വഹിക്കുന്ന പദവിക്കും യോജിച്ച വിധത്തില്‍ സമീപിക്കേണ്ട മര്യാദ ശീലിപ്പിക്കും. ഉസ്താദിനേയും ശൈഖിനെയും നബിയേയും അവരുമായി ബന്ധപ്പെട്ടവയെയും സ്നേഹിക്കാനും ബഹുമാനിക്കാനും യഥോചിതം സ്വീകരിക്കാനും അനുധാവനം ചെയ്യാനും മാര്‍ഗദര്‍ശനം ചെയ്യും. ആ ആചാരമര്യാദകളും സ്നേഹബഹുമാനങ്ങളും ഉത്തമ മാതൃകകള്‍ പുനരാവിഷ്കരിക്കാനുള്ള ത്വരയുമാണ്‌ മൊത്തത്തില്‍ ഇസ്‌ലാം. അതൊന്നും ഇല്ലാത്ത, അമ്മയായാലും സഹോദരിയായാലും പെണ്ണു തന്നെ ആര്‍ക്കും ആരുടെയും കൂടെ ‘ലിവിംഗ് ടുഗതര്‍’ ആകാം എന്ന നയത്തില്‍ ജീവിക്കുകയും സമൂഹത്തിന്‍റെ ആധാരശിലകളായ വിവാഹം, കുടുംബം എന്ന സങ്കല്‍പ്പങ്ങള്‍ പോലും അസ്വാതന്ത്ര്യത്തിന്‍റെ കൂച്ചുകള്‍ ആണ് എന്ന് വിലപിക്കുന്നവര്‍ക്ക് ഇതത്ര പഥ്യമാകണമെന്നില്ല.

ഇന്ത്യയില്‍ എല്ലാവരും ഒരേ നീതി അര്‍ഹിക്കുന്നു. പണമുള്ളവര്‍ ആകട്ടെ അല്ലാത്തവര്‍ ആകട്ടെ, എല്ലാവര്‍ക്കും ഒരേ നീതി, ഒരേ നിയമം. എന്നിട്ടും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനത്തിനു മാത്രം എന്തിനു പോലീസ് അകമ്പടി സേവിക്കണം, അത് പാടില്ല അല്ലെങ്കില്‍ കൂലിത്തൊഴിലാളിയായ എനിക്കും പോലീസ് എസ്കോര്‍ട്ട് വേണം എന്നു ആരെങ്കിലും പറയാറുണ്ടോ? ഒരു മിനിമം അന്തം ഉള്ളവര്‍ക്കറിയാം സമൂഹത്തില്‍ ഓരോരുത്തരും അവരവര്‍ അര്‍ഹിക്കുന്ന സ്ഥാനത്തിനു അനുസരിച്ച് ചില പരിഗണനകളും അവകാശങ്ങളും അനുവദിക്കപ്പെടും എന്ന്‍. അവര്‍ സുപീരിയര്‍ ആണ്, ഉന്നത പദവി അര്‍ഹിക്കുന്നവര്‍. പക്ഷെ, ജാതിയല്ല. ഇവിടെ മുഖ്യമന്ത്രി ജാതി, പ്രധാനമന്ത്രി ജാതി എന്നൊന്നും ഇല്ല.

അതൊന്നും ജന്മം കൊണ്ടുണ്ടായതല്ലല്ലൊ, അങ്ങനെയല്ലല്ലോ തങ്ങന്മാര്‍ എന്നുവേണമെങ്കില്‍ പറയാം. തിരിച്ചു ചോദിക്കട്ടെ, ഇങ്ങനെ എത്രയെത്ര വിഭാഗങ്ങള്‍ ഉണ്ട്? അതൊക്കെ അവര്‍ ഒരു പ്രത്യേക ജാതിയാണ് എന്നാണോ അര്‍ഥം കല്‍പ്പിക്കുന്നത്! ഉദാഹരണത്തിന്, രാജ്യത്തിന്‌ വേണ്ടി രക്തസാക്ഷിയായവരുടെ കുടുംബത്തെ ആദരിക്കുന്നത് അയാള്‍ ആ ജവാന്‍റെ മകനായി ജനിച്ചതിനാല്‍ ജവാന്‍ജാതി ആയിട്ടാണോ? സ്വാതന്ത്ര്യ സമര സേനാനിയുടെ മക്കളെ നാം ആദരിക്കുന്നത് അവര്‍ പ്രത്യേക ജാതിയായത് കൊണ്ടാണോ?

തങ്ങള്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സാദാത് അക്കാദമി ആരംഭിച്ചതിനെ കുറിച്ച് സവര്‍ണ അക്കാദമി  എന്നു വിമര്‍ശിച്ചത് കണ്ടു. നമ്മുടെ നാടിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് പലതരത്തിലുള്ള പ്രത്യേക പരിഗണനകളും നല്‍കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ അവരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്കൂളുകള്‍ ഉണ്ട്. അവ ജവാന്‍ജാതി സ്കൂളുകള്‍ ആണോ? ഓരോരുത്തരും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടു അര്‍ഹിക്കുന്ന പരിഗണനകള്‍ക്ക് ജാതിയുടെ വര്‍ണം ചാര്‍ത്തുന്നത് എന്തുമാത്രം  അപഹാസ്യമാണ്?!

തങ്ങന്മാര്‍ ഇസ്‌ലാമിലെ സവര്‍ണ ജാതിയല്ല. അവര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. ശരീഅത് നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ. അതേസമയം അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. സ്നേഹവും ആദരവും നല്‍കപ്പെടുന്നു. അതിന്‍റെ കാരണം നബികുടുംബം ആണ് എന്നതാണ്. നബി സ്വ.യോടുള്ള സ്നേഹത്തിന്‍റെ തുടര്‍ച്ചയാണ് ആ ബന്ധം. അവരോടു സ്നേഹം വേണമെന്നു ആവശ്യപ്പെട്ട ഖുര്‍ആന്‍ (അശ്ശൂറാ:23) അതിന്‍റെ കാരണം പഠിപ്പിച്ചത് അവര്‍ ഇസ്‌ലാമിലെ വരേണ്യ ജാതിയായത് കൊണ്ടാണ് എന്നല്ല, മറിച്ച് അവര്‍ ¬നബികുടുംബമാണ് എന്നു ചൂണ്ടിക്കാട്ടിയാണ്. മുത്തുനബിയോടു ബന്ധപ്പെട്ടതിനോടെല്ലാം ഈ സമുദായത്തിനു നൂറുക്കുനൂറു സ്നേഹമാണ്, ബഹുമാനമാണ്, സ്വല്ലല്ലാഹു അലൈഹി വസല്ലം. അവരുടെ വിശുദ്ധ നാമം കേട്ടാല്‍ ഈ പ്രാര്‍ത്ഥന ചൊല്ലാത്തവര്‍ ഇല്ല. നേതാവിനോടും അവിടന്നുമായി ബന്ധപെട്ട സകലതിനോടും കാണിക്കുന്ന ഈ സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.

നബി സ്വ. തങ്ങളെ നശിപ്പിക്കാന്‍ ഉചിതമായ അവസരം അന്വേഷിക്കാന്‍ വന്ന ഉര്‍വത്തിനു അത് നന്നായി അറിയാം. ആളൊഴിഞ്ഞ നേരം അറിയാന്‍ വന്ന അദ്ദേഹം കണ്ടത് അവിടന്ന്‍ അംഗസ്നാനം ചെയ്തതിന്‍റെ പോലും ശിഷ്ടത്തിനു വേണ്ടി തിക്കും തിരക്കും കൂട്ടുന്ന സമൂഹത്തെയാണ്. അവിടന്ന്‍ കാര്‍ക്കിച്ചു തുപ്പുന്നത് പോലും നിലത്ത് വീഴുന്നില്ല.  അദ്ദേഹം തന്‍റെ ജനതയോടു വിളിച്ചു പറഞ്ഞു: “പല രാജാക്കന്‍മാരുടേയും ദര്‍ബാറില്‍ ഞാന്‍ നിങ്ങളുടെ പ്രതിനിധിയായി ചെന്നിട്ടുണ്ട്. സീസറിന്‍റെയും ഖുസ്രുവിന്‍റെയും നേഗസിന്‍റെയും കൊട്ടാരത്തില്‍ ചെന്നിട്ടുണ്ട്. എന്നാല്‍, മുഹമ്മദ്‌ സ്വ.യുടെ അനുയായികള്‍ അവിടത്തെ ആദരിക്കുന്നതു പോലെ അവരില്‍ ഒരാളും ഒരാളെയും ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല”. ഇതാണ് നടേ സൂചിപ്പിച്ചത് അവിടത്തോടുള്ള കാണിക്കുന്ന സ്നേഹമാണ് ഇസ്‌ലാമിന്‍റെ ശക്തിയും അജയ്യതയും.

തങ്ങന്മാര്‍ക്കു മാത്രമായി ജാതി നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് സകാത്ത് കൊടുക്കാത്തത്? ശരിയാണ്. സകാത്തിന്‍റെ നിയമങ്ങളില്‍ സകാതിനു അവകാശികളല്ലാത്ത വേറെയും ചിലരെ എണ്ണിയിട്ടുണ്ട്, ധനികര്‍, അവിശ്വാസികള്‍ എന്നിങ്ങനെ. അക്കൂട്ടത്തില്‍ ഇവരെയും എണ്ണിയിരിക്കുന്നു. ഇവരെല്ലാം വരേണ്യ ജാതിയായത് കൊണ്ടാണ് എന്നു ആരെങ്കിലും പറയുമോ?!

സാദാത്തുക്കളോടും പണ്ഡിതന്‍മാരോടും സ്നേഹവും ആദരവും കാണിക്കുന്നതിന്‍റെ ഉത്തമ മാതൃക ഞങ്ങള്‍ വായിക്കുന്നത് നബി ശിഷ്യന്മാരില്‍ നിന്നു തന്നെ. ഒരൊറ്റ ചിത്രം ചേര്‍ത്ത് ഈ കുറിപ്പ് ചുരുക്കട്ടെ.

വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന അഭിധാനത്തിൽ വിശ്രുതനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ് റ. മഹാനുഭാവനായ ഉബയ്യു ബ്നു കഅ'ബ് റ.വിന്റെ സന്നിധിയിൽ ചെന്നു തന്റെ പാരായണം അദ്ദേഹത്തെ കേൾപ്പിക്കാറുണ്ടായിരുന്നു. "ഈ നാലു പേരിൽ നിന്നു നിങ്ങൾ ഖുർആൻ കേട്ടു പഠിക്കുക" എന്നു ആദരവായ റസൂലുല്ലാഹി സ്വ. പരിചയപ്പെടുത്തിയ നാലു പേരിൽ ഒരാളാണ് ഉബയ്യ് റ. തിരു ജീവിത കാലത്തു തന്നെ ഹാഫിളായ അൻസ്വാരികളിലൊരാൾ!

ഒരിക്കൽ നബിതിരുമേനി സ്വ. അദ്ദേഹത്തിന്റെ അടുക്കലെത്തി: "ഞാൻ നിങ്ങൾക്കു ഓതിക്കേൾപ്പിക്കാൻ ആഗ്രഹിക്കുന്നു".

"യാ റസൂലല്ലാഹ്, ഇതു തങ്ങൾ തന്നെ വിചാരിച്ചതോ അതല്ല, അല്ലാഹുവിന്റെ നിർദ്ദേശമോ?"

"എന്റെ മാത്രം ചിന്തയല്ല, അല്ലാഹുവിന്റെ നിർദ്ദേശമാണ്"

ഉബയ്യ് കരഞ്ഞു, പൊട്ടിപ്പൊട്ടി കരഞ്ഞു, വീണു പോകും വിധം. പിന്നീട് തേങ്ങലൊതുങ്ങിയപ്പോൾ അദ്ദേഹം മൗനം ഭഞ്ജിച്ചു: "ഓതിത്തന്നാലും റസൂലരേ..."

നബി തിരുമേനി സ്വ. ഓതാനാരംഭിച്ചു:

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنْفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ.....

സൂറതിന്റെ അവസാനം വരെ തങ്ങൾ ഓതി നിറുത്തി.

ഒരു പക്ഷെ, ഉബയ്യിനു പഠിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയോ അല്ലെങ്കിൽ ദീനിന്റെ എല്ലാ ആദർശ - കർമപാഠങ്ങളെയും സംക്ഷേപിക്കുന്നതാണ് ഈ അധ്യായം എന്നതു കൊണ്ടോ ആവാം തിരുമേനി സ്വ. ഓത്ത് അതിലൊതുക്കി.

തിരുമേനി സ്വ. പ്രത്യേകം നിർദ്ദേശിച്ചവരിൽ നിന്ന് ഇബ്നു അബ്ബാസ് റ. ഇവർക്ക് മുൻഗണന നൽകാൻ ഈ സംഭവവും പ്രേരണയായി വർത്തിച്ചിട്ടുണ്ടെന്നു സാഹചര്യേണ മനസ്സിലാക്കാവുന്ന വിധേനയാണ് ഇബ്നു ഹജർ റ.വിന്റെ സബതിൽ ഇക്കാര്യം ചേർത്തിട്ടുള്ളത്.  അളവറ്റ ആദരവോടെയാണ് ഗുരുസവിധത്തിൽ ഇബ്നു അബ്ബാസ് റ. പെരുമാറിയത്.

ഓതിക്കേൾപ്പിക്കാൻ ഉബയ്യ് റ. വീട്ടിലേക്കു അങ്ങോട്ടു ചെല്ലാറാണു പതിവ്. ചിലപ്പോൾ വാതിൽ തുറന്നു കിടക്കുന്നുണ്ടാകും. ഉടനെ സമ്മതം ചോദിച്ചു അകത്തു കയറും. മറ്റു ചിലപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നുണ്ടാവും. അപ്പോൾ പുറത്തു കാത്തിരിക്കും. ചിലപ്പോൾ ആ കാത്തിരുപ്പ് പകലിന്റെ സിംഹഭാഗവും കവരും. മിക്കപ്പോഴും ആ അനങ്ങാപ്പാറ ഇരുത്തത്തിൽ പൊടിക്കാറ്റു വീശി ശരീരത്തിലും വസ്ത്രത്തിലും മണ്ണു പറ്റി ആളെ തിരിച്ചറിയാതെയാകും!!! ആ അവസ്ഥയിൽ എത്രയോ തവണ ഉബയ്യ് റ. അദ്ദേഹത്തെ കണ്ടിരിക്കുന്നു.

വിഷണ്ണനായി അദ്ദേഹം ചോദിക്കാറുണ്ട്: "നിനക്കെന്നെ വിളിച്ചൂടായിരുന്നോ"

മര്യാദക്കേടാകുമോ എന്ന ഭയവും ലജ്ജയുമാണതിനു സമ്മതിക്കാതിരുന്നത് എന്നദ്ദേഹം പ്രതികരിക്കുകയും ചെയ്യും.

ഒരിക്കൽ ഉബയ്യ് റ. എങ്ങോട്ടോ യാത്ര തിരിച്ചതാണ്. വത്സലശിഷ്യനായ ഇബ്നു അബ്ബാസിനെ തന്നെ കൂടെ കൂട്ടി. അദ്ദേഹം ഗുരുവര്യന്റെ കൂടെ വാഹനപ്പുറത്തിരിക്കാൻ കൂട്ടാക്കിയില്ല. പകരം വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു നടന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ശിഷ്യന്റെ പ്രതികരണം:
هكذا أمرنا بتعظيم علمائنا

ഇപ്രകാരം പണ്ഡിതരെ ആദരിക്കണമെന്നാണ് ഞങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നത്!

യാത്ര അവസാനിക്കുമ്പോൾ ഉബയ്യ് റ. വാഹനപ്പുറത്തു നിന്നിറങ്ങി ഇബ്നു അബ്ബാസ് റ.വിന്റെ കൈ ചുംബിച്ചു. 'ഇതെന്താ ഇങ്ങനെ' എന്നു ചോദിച്ചപ്പോൾ പ്രതികരണം:
هكذا أمرنا بتعظيم اهل بيت نبينا

ഇപ്രകാരം തങ്ങൾ കുടുംബത്തെ ആദരിക്കണമെന്നാണ് ഞങ്ങളോടു കല്പിക്കപ്പെട്ടരിക്കുന്നത്!!

നാടകം കളിക്കാമോ?



നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല.

ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം പ്രബോധനത്തിന്റെ വഴിയിൽ ഒരിക്കൽ പോലും നാടകാവിഷ്കാരം നമ്മുടെ സമുദായത്തിന് സ്വീകാര്യമായിട്ടുണ്ടാവില്ല. മഹിതമായ മാതൃകകൾ കാണിച്ചു തന്ന ഒരൊറ്റ സൂരിയും ഇത് ശരിയാണെന്നു അംഗീകരിക്കണമെന്നില്ല, പൊരുത്തപ്പെടുകയില്ല. "അവർക്കൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ട് തിരിഞ്ഞിട്ടില്ല; ഇപ്പൊ ഇതൊക്കെ വേണം" എന്നാണു ചിന്തയെങ്കിൽ നിങ്ങളുടെ ഇസ്‌ലാം പ്രദർശിപ്പിക്കേണ്ട മാർക്കറ്റ് വേറെയാണ് എന്നു മാത്രം പറയുന്നു.

ഫിഖ്ഹിന്റെ ഇലാസ്തികതയിൽ ഊന്നി നിന്നു നാടകം പറ്റുമോ ഇല്ലേ എന്നാലോചിച്ചാൽ  തത്വത്തിൽ  വിയോജിക്കേണ്ടതില്ല. അതേ സമയം, കേരളീയ ദഅവാ പരിസരത്ത് ഈ തരത്തിലുള്ള അഭിനയ സ്കിറ്റുകളുടെ ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ മുൻഗാമികളുടെ ശീലങ്ങൾക്ക് അതെതിരാണ്.

മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കാർ തെരുവു നാടകം കളിച്ചപ്പോഴും 'കിതാബി'നെതിരെ മറ്റൊരു പ്രതി നാടകം വന്നപ്പോഴും നമ്മുടെ  "മുസ്ലിം പൊതുബോധം" അതുൾക്കൊണ്ടിട്ടില്ല. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ നാം കാണിച്ച അർഥഗർഭമായ മൗനം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മളത് വിവാദമാക്കാൻ പോയില്ല. ആക്കിയവരെ പേഴ്സണലായി വിളിച്ച് മസ്അലകൾ പറഞ്ഞു കൊടുത്ത് പോസ്റ്റുകൾ പിൻവലിപ്പിച്ചു. അതുമിതും വേറേ വേറെ.

അറബു രാജ്യങ്ങളിലെ പണ്ഡിതൻമാരുടെ വിശേഷിച്ച് യമനീ സാദാത്തുക്കളുടെ വീടുകളിൽ ചെന്നാൽ ജീവിച്ചിരിക്കുന്നവരും മുൻഗാമികളുമായവരുടെ പോർട്രയ്റ്റ് ഫോട്ടോകളും കാരിക്കേച്ചറുകളും ധാരാളമായി ഫ്രെയിം ചെയ്തു പ്രദർശിപ്പിച്ചതു  കാണാം, അതു സ്വാലിഹീങ്ങളുടേതാകുമ്പോൾ അനുവദനീയമാണ് എന്നു ശൈഖുനാ ഉമർ ഹഫീള് തങ്ങളുടെ ഫത്വയുമുണ്ട്. എന്നു കരുതി കേരളീയ പരിസരത്ത് നിങ്ങൾക്കതു ചെയ്യാമോ?  വലിയ മഹാൻമാരുടെ ഫോട്ടോ കട്ടൗട്ടുകൾ നമ്മുടെ മജ്ലിസുകളിലും ഹാളുകളിലും ഓഫീസുകളിലും ഫ്രെയിം ചെയ്തു തൂക്കുമോ? നമ്മുടെ "ഇസ്‌ലാം പൊതുബോധം" അതുൾക്കൊള്ളുമോ?

രണ്ടു ദിവസം മുമ്പ് FB യിൽ ഉമർ ഹഫീള് തങ്ങളെ ഒരു വീഡിയോ കണ്ടു - ഏതോ ഒരു നാട്ടിൽ ചെന്നപ്പോൾ പുല്ലാങ്കുഴൽ പാടി സ്വീകരിക്കുന്നത്. നമ്മുടെ പൊതുബോധം അതിനെതിരായി ചിന്തിക്കുന്നത് നമ്മുടെ മത ശീലങ്ങൾ അതിനെതിരായത് കൊണ്ടാണ്, അല്ലാതെ ഫിഖ്ഹിൽ പഴുതുണ്ടോ എന്നാലോചിച്ചല്ല.

ഇവിടെ പലപ്പോഴും ചർച്ചയാകാറുള്ള പലതിന്റെയും സ്ഥിതി ഇതു തന്നെ.

ആ പരിപാടി കാണാൻ സദസ്സിൽ കൂടിയവരിൽ കണ്ണിയത്തോറും സ്വദഖത്തുല്ലയോറും ഉള്ളാളത്തോറുമൊക്കെ ഉണ്ടായിരുന്നുവെന്നു വെറുതെ സങ്കൽപിക്കുക. ചുമരിൽ തൂക്കിയ കൃഷ്ണന്റെ ഫോട്ടോയും അഭിനേതാക്കൾ അണിഞ്ഞിരുന്ന ഹൈന്ദവ വേഷവും കണ്ടിരുന്നുവെന്നും വിചാരിക്കുക. അവരുടെ പ്രതികരണം എന്തായിരിക്കും?! ഇപ്പൊ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകൾക്കും അവർ പറയുന്നതാണ് ഇസ്‌ലാം. ആ മതിപ്പിൽ പലതും ഉണ്ട്. നമുക്ക് അതു വിടാതെയുള്ള വികാസമൊക്കെ മതിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഓരോ നാട്ടിലും ഇസ്‌ലാമിക സമൂഹത്തിൻ നില നിന്നു പോരുന്ന ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അതു മാനിക്കാതെ വയ്യ.

നിൽക്കുന്ന മേൽപ്പുര പരമാവധി നിക്കട്ടെ, അതു പൂർണമായി പൊളിച്ചിറക്കി മറ്റൊന്നു പണിതുണ്ടാക്കണമെങ്കിൽ അധ്വാനവും ചിലവും കൂടും. നൂറ്റാണ്ടുകളുടെ ഈടുവെപ്പുണ്ട് കേരളത്തിന്, മറക്കരുത്.

പ്രബോധന രംഗത്ത് നൂതനത്വം കൊണ്ടുവരുക തന്നെ വേണം. പക്ഷെ, ഇരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടായിരിക്കരുത് എന്നു മാത്രം.

പിന്നെ നാടകത്തിന്റെ കാര്യത്തിൽ ഒരു ആശങ്ക കൂടി, ഇതു തുടങ്ങി വെച്ചാൽ ലഗാനില്ലാതെ ഓടാൻ തുടങ്ങും. അന്നു ഹറാമിന് മൂക്കുകയറിടാൻ ആരും ഉണ്ടാവില്ല. പല അറബു രാജ്യങ്ങളും സാക്ഷി. അപ്പൊപിന്നെ, നമ്മെപ്പോലെ സെക്കുലർ ആയ, അമുസ്ലിം സംസ്കാരങ്ങൾക്ക് മേൽക്കൈ ഉള്ള നാട്ടിൽ പറയേണ്ടി വരില്ല.

അല്ലാഹു നമുക്കെല്ലാവർക്കും അവൻ പൊരുത്തപ്പെട്ട കാര്യങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ!

ഇബ്നു ഹജരിൽ ഹയ്തമി റ.

#ആരും_മോഹിക്കുന്ന_ജീവിതം!

കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം  നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി തോന്നിയേക്കാവുന്ന ഈ മഹാത്ഭുതമാണ് ശാഫിഈ ഫിഖ്ഹിലെ തുഹ്ഫതുല്‍ മുഹ്താജ് എന്ന കര്‍മശാസ്ത്ര വിജ്ഞാനകോശം. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി!

ശാഫിഈ കര്‍മശാസ്ത്ര ശ്രേണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി റ. വാണ് ഈ അത്ഭുത രചനയുടെ കര്‍ത്താവ്.

തന്റെ ഉസ്താദുമാരുടെ പൊരുത്തവും പ്രാര്‍ത്ഥനയുമാണ്‌ ഈ മഹാപണ്ഡിതന്‍റെ വിജയത്തിന്‍റെ നിധാനം. അല്‍അസ്ഹറിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാര്‍ ശൈഖ് സകരിയ്യല്‍ അന്‍സ്വാരി, അബുല്‍ ഹസനില്‍ ബകരി എന്നീ പണ്ഡിത പ്രതിഭകളായിരുന്നു. ശൈഖ് സകരിയ്യല്‍ അന്‍സ്വാരിയുടെ പ്രധാന പ്രാര്‍ഥനകളിലൊന്ന് ''അല്ലാഹുമ്മ ഫഖ്ഖിഹ്ഹു ഫി ദ്ദീനി'' എന്നായിരുന്നു. അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിക്കുകയും ഇബ്‌നു ഹജരില്‍ ഹൈതമി റ. വിനെ  വലിയ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ആദരവായ റസൂലുല്ലഹി സ്വ.  സ്വഹാബിയായ ഇബ്നു അബ്ബാസ് റ.വിനു വേണ്ടി ചെയ്ത അതേ ദുആ ആയിരുന്നല്ലോ ഇത്.

പ്രയാസങ്ങളില്‍ ആകുലപ്പെട്ടിരിക്കാതെ കര്‍മ കുശലത കൊണ്ടു നേടിയ വിജയമാണ് മഹാനവര്‍കളുടെത്. പിതാവിന്റെ മരണ ശേഷം പിതാമഹന്റെ സംരക്ഷണയില്‍ കഴിയുന്ന സമയത്ത് വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആനും, മിന്‍ഹാജിന്റെ പലഭാഗങ്ങളും മനഃപാഠമാക്കി. അല്‍ അസ്ഹറിലെ അദ്ദേഹത്തിന്റെ പഠനകാലഘട്ടം വളരെ ദുഷ്‌കരമായിരുന്നു. ഭരണകൂടത്തിലെ പ്രശ്‌നങ്ങള്‍ കാരണം പ്രശ്‌നകലുഷിതമായ കാലത്തായിരുന്നു അദ്ദേഹം അസ്ഹറില്‍ പഠനം നടത്തിയിരുന്നത്. ഒരുപാട് കാലം പട്ടിണികിടന്ന് ത്യാഗം സഹിച്ച് വളരെ ക്ലേശപ്പെട്ടാണ് അദ്ദേഹം ഇസ്‌ലാമിന്റെ ജീവനാഡിയായ അറിവ് കരഗതമാക്കിയത്.

അറിവ് പഠിക്കാന്‍ മാത്രമല്ല, അവ ഫലപ്രദമായി പുനരാവിഷ്കരിക്കുവാനും അദ്ദേഹം കാണിച്ച ഉത്സാഹം വളരെ വലുതാണ്‌. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. നിതാന്തമായി ദര്‍സ് നടത്തി. നമുക്ക് സുപരിചിതനായ  സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ഗ്രന്ഥ രചനകള്‍ക്കും ഫത്‌വകള്‍ക്കും സമയം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് ഫത്‌വകള്‍ എഴുതിയയച്ചു. അവ പിന്നീട് ഗ്രന്ഥങ്ങളായി ക്രോഡീകരിച്ചു. മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് അങ്ങനെയങ്ങനെ അമ്പതോളം രചനകള്‍!!

വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികളും തുഹ്ഫ പോലെയുള്ള രചനകളും എക്കാലത്തും പ്രസക്തമാണ്. കര്‍മശാസ്ത്ര രംഗത്തെ അതിസങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി  അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാര്‍ തന്നെ പലപ്പോഴും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ കിതാബുകളെയായിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു. മുജ്തഹിദുകളുടെ അഞ്ച് വിഭാഗത്തില്‍ ഇബ്‌നു ഹജര്‍ റ. സ്ഥാനം എവിടെയാണ് എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്.

ആത്മകഥാ സ്പര്‍ശമുള്ളതാണ് അദ്ദേഹത്തിന്‍റെ സബത് (ഗുരുനാഥന്‍മാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം). ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ ഈ ഗ്രന്ഥം ഒരു പ്രാവശ്യമെങ്കിലും നാമോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്. അത്രയ്ക്കും അമൂല്യമായ ആശയങ്ങളാൽ സമ്പുഷ്ടമാണത്. (ഇതിന്റെ PDF പകർപ്പിനായി https://archive.org/download/FP147747/147747.pdf
എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.)

നാഥന്‍ അവരുടെ ഹഖ് കൊണ്ട് നമുക്കും ദീനിന്‍റെ ഖാദിമുകളാകാന്‍ ഭാഗ്യം തരട്ടെ!

അറിവു പോരേ?


കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. "പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ അല്ലാഹുവിന്റെ പ്രീതിക്കായി പ്രയോജനപ്പെടുത്താത്ത ആലിം ആയിരിക്കും" എന്ന് നബി തിരുമേനി സ്വ. പറഞ്ഞിട്ടുണ്ട്.

സർവായുധ വിഭൂഷിതനായ ഒരാൾ പെരുങ്കാട്ടിലൂടെ നടക്കുന്നത് സങ്കല്പിക്കുക. ആയുധങ്ങളെമ്പാടുമുണ്ട്. അഭ്യാസിയുമാണ്. പെട്ടെന്നൊരു സിംഹം മുന്നിൽ ചാടി വീണു. തോക്കും കുന്തവും കത്തിയും കോടാലിയുമെല്ലാം കൈവശമുണ്ടായതു കൊണ്ടോ അവ ഉപയോഗിക്കുന്നതിനെ കുറിച്ചു ഒരു തിസീസ് എഴുതാൻ പോന്ന വിജ്ഞാനം ഉണ്ടായിട്ടോ എന്തു കാര്യം?! തക്ക സമയത്ത് യുക്തമായ വിധത്തിൽ അവ പ്രയോഗിക്കുന്നില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും.

രോഗത്തെ കുറിച്ചറിയാം, ചികിത്സയറിയാം, യഥാതദാ മരുന്നറിയാം..., എന്തു തന്നെയായിട്ടെന്ത്, രോഗിയാകുമ്പോൾ മരുന്നു കഴിച്ചിട്ടില്ലെങ്കിൽ വൈദ്യനും അപകടം സംഭവിക്കും.

അറിവുണ്ടായിട്ടും അമലില്ലാത്തതു കാണുമ്പോൾ / പഠിച്ചതിനു വിരുദ്ധമായി പറയുന്നതു കേൾക്കുമ്പോൾ ഈ യാത്രക്കാരനെയും വൈദ്യനെയും ഓർക്കുക. ഇക്കാലമത്രയും അറിവു സമ്പാദിക്കാൻ അവൻ എന്തുമാത്രം കഷ്ടപ്പെട്ടിരുന്നെന്നോ; ഇതല്ലെങ്കിൽ പിന്നെന്താണ് മുഴുഭ്രാന്ത്?! എന്നുവെച്ച്, അറിവു സമ്പാദിക്കാതെ എന്തു അമൽ ചെയ്യാനാകും? പറത്താൻ പഠിക്കാത്തവന്റെ കയ്യിൽ നിങ്ങൾ വിമാനം ഏൽപിക്കുമോ?

പ്രയോജനപ്പെടാത്ത വിജ്ഞാനത്തിൽ നിന്നു നബി തിരുമേനി സ്വ. കാവൽ ചോദിച്ചിട്ടുണ്ട് (من علم لا ينفع). തഥൈവ, അറിവേറ്റിതരണേ നാഥാ (رب زدني علما) എന്നു നിരന്തരം ദുആ ചെയ്യാൻ ഖുർആനുശ്ശരീഫ് പഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹുവേ, നാഫിആയ ഇൽമു ധാരാളമായി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ...!

ഖബ്റാരാധനയോ?


ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :
لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد
 "അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ തങ്ങളുടെ പ്രവാചകൻമാരുടെ ഖബ്റുകളെ സുജൂദ് ചെയ്യുവാനുള്ള ഇടങ്ങളാക്കി തീർത്തുവല്ലോ" (ബുഖാരി 425, മുസ്‌ലിം 529).

ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും ഇസ്‌ലാമിലില്ല. മുസ്‌ലിംകൾ അല്ലാഹുവിനെയല്ലാതെ ആരാധ്യനായി കാണുന്നില്ല, വിശ്വസിക്കുന്നുമില്ല. അല്ലാഹുവിനെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്ന പോലെ അവനല്ലാത്തവരെ - ചേതനമാകട്ടെ, അചേതനമാകട്ടെ - ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഖബ്റിടങ്ങൾ പൂജനീയമാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. നബി തിരുമേനി സ്വ. തന്നെ പറഞ്ഞുവല്ലോ:
 إن الشيطان قد يئس أن يعبده المصلون ولكن في التحريش بينهم
 "നിസ്കാരക്കാർ (മുസ്‌ലിംകൾ) തന്നെ ആരാധിക്കുമെന്ന ആശ ശയ്ത്വാനു എന്നേ മുറിഞ്ഞു പോയിരിക്കുന്നു; ആകെയുള്ള പ്രതീക്ഷ അന്യോന്യമുള്ള പ്രകോപനപരമായ പെരുമാറ്റം മാത്രമാണ്" (മുസ്‌ലിം 2812, തിർമിദി1937).

യഥാർഥ വിശ്വാസികൾ കൂട്ടമായി അല്ലാഹുവല്ലാത്തരെ ആരാധിക്കുക എന്ന തെറ്റ് സംഭവിക്കുകയില്ല. ആ സുരക്ഷിതത്വം നബി തിരുമേനി സ്വ. ഈ ഉമ്മത്തിന് ഉറപ്പു തന്നിട്ടുള്ള വാഗ്ദാനമാണ്. വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, അവിടുന്ന് സ്വേച്ഛ പ്രകാരം എന്തെങ്കിലും പറയുന്നവനല്ലെന്ന്.

അപ്പോൾപ്പിന്നെ, ഖബ്റിനോടു ചേർന്നു നിന്നോ മറ്റോ ഉന്നത വ്യക്തിത്വത്തിന്നുടമയായ ഖബ്റാളിയുടെ ബറകാതുകളെ /ഖബ്റിനെയല്ല തവസ്സുലാക്കി ഒരാൾ അല്ലാഹുവോടു പ്രാർഥന നടത്തുന്നത് ഹറാമോ ശിർക്കോ ആണെന്ന് പറയാൻ വയ്യ. ഖബ്റിനെ വന്ദിക്കുക എന്ന യാതൊരു ഉദ്ദേശ്യവും ഇല്ലാതെ അങ്ങോട്ടു തിരിഞ്ഞു നിസ്കരിക്കുന്നതു കണ്ടാൽ പോലും ഹറാമോ ശിർക്കോ ആരോപിക്കുന്നതു ഒഴിവാക്കപ്പെടണം. അല്ലാഹു പറഞ്ഞുവല്ലോ:
قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا
എന്നാൽ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ പറഞ്ഞു: നമുക്ക് അവരുടെ മീതെ ഒരു പള്ളി പണിയാം! (അൽ കഹ്ഫ് 21).

ഇവിടെ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ എന്നു പറയപ്പെട്ടത് സത്യവിശ്വാസികളെ സംബന്ധിച്ചാണെന്നും അവരുടെ വിശ്രമസ്ഥാനങ്ങളോടു ചേർന്നു അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള പള്ളികൾ നിർമിക്കപ്പെടുന്നതിന് വിഘാതമില്ലെന്നും ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾ മുസ്‌ലിം ഉമ്മത്ത് ഏകോപിതമായി അംഗീകരിച്ച വസ്തുതയാണ്. പ്രസ്തുത വികസന പ്രവർത്തനങ്ങൾക്കിടയിൽ ആദ്യകാലത്ത് പള്ളിയുടെ ഭാഗമല്ലാതിരുന്ന ഹുജ്റതു ശ്ശരീഫ പള്ളിയുടെ ഉൾഭാഗത്ത് വരുന്ന വിധത്തിലായി. അതിനകത്താണല്ലോ ആദരവായ തിരുമേനിയുടെയും അവിടുത്തെ ഏറ്റവും ഉറ്റവരായ ആദ്യത്തെ രണ്ടു ഖലീഫമാരുടെയും ഖബ്റുകൾ സ്ഥിതി ചെയ്യുന്നത്. പള്ളി അവരെ വലയം ചെയ്തതു പോലെയായിരിക്കുന്നു. ആയിരക്കണക്കിനു വിശ്വാസികൾ അവരുടെ നിസ്കാരങ്ങളിൽ പരിശുദ്ധ ഹുജ്റക്കു അഭിമുഖമായി നിൽക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പണ്ഡിതൻമാരും ഫുഖഹാക്കളും ഇതിനു സാക്ഷിയായിരിക്കുന്നു / അറിഞ്ഞിരിക്കുന്നു. ഇതു ഹറാമാണ് എന്ന് ഇന്നേ വരെ ആരും ഫത്'വ ഇറക്കിയിട്ടില്ല. കേവലം അഭിമുഖമായി നിൽക്കുന്നതിലല്ല കുഴപ്പം എന്നർഥം.

ഔലിയാക്കളുടെയും മറ്റും ഖബ്റുകൾ ഉള്ള പള്ളികളുണ്ട്; അതിനെ ആരാധിക്കുന്നു എന്ന ഉദ്ദേശ്യമില്ലാത്തിടത്തോളം അതിനു അഭിമുഖമായി നിസ്കരിക്കുന്നതിൽ ഒരപാകതയുമില്ല എന്നു ശൈഖുനൽ ഹബീബ് സൈൻ തങ്ങൾ പറഞ്ഞിട്ടുണ്ട്. ഹജറുൽ അസ്'വദ്, സംസം കിണർ, മഖാമു ഇബ്റാഹീം എന്നിവക്കിടയിലായി 90 നബിമാരുടെ ഖബ്റുകൾ ഉണ്ടെന്നു ചില പണ്ഡിതൻമാർ നിവേദനം ചെയ്തിട്ടുണ്ടല്ലൊ. സയ്യിദുനാ ഇസ്മാഈൽ അ.മിന്റെയും സയ്യിദതുനാ ഹാജറ ബീവി റ.യുടെയും ഖബ്റുകൾ ഹിജ്ർ ഇസ്മാഈലിലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. ഖബ്റുകൾ ഉള്ളയിടത്ത് നിരുപാധികം നിസ്കാരവും പ്രാർഥനയും തടയപ്പെടുമായിരുന്നെങ്കിൽ ആദ്യം തടയപ്പെടേണ്ടത് മസ്ജിദുൽ ഹറാമിൽ തന്നെയായിരുന്നു!

മസ്ജിദുൽ അഖ്സായുടെ പരിസരം അനുഗ്രഹപൂരിതമായിരിക്കുന്നു എന്നു ഖുർആൻ പറഞ്ഞതിനു കാരണം അനേകം അമ്പിയാക്കൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നതുകൊണ്ടാണ് എന്നു ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നു പള്ളികളിലും നിസ്കാരം പാടില്ലെന്നു പഠിപ്പിക്കുന്നതിനു പകരം ഇവിടങ്ങളിലേക്ക് "ശദ്ദുർരിഹാൽ" പ്രത്യേകം പുണ്യമാണെന്നാണ് ഹദീസുകളിൽ നബി തിരുമേനി സ്വ. പഠിപ്പിക്കുന്നത്! മാത്രമല്ല, അവിടെ വന്നു നിസ്കരിക്കുന്നതിന് ആയിരവും പതിനായിരവും ലക്ഷവും ഇരട്ടി പ്രതിഫലമുണ്ടെന്നാണ് അധ്യാപനം!! അമ്പിയാക്കളുടെ തിരുശരീരങ്ങൾ മണ്ണു തിന്നുകയില്ലെന്നാണല്ലോ അവിടന്ന് പഠിപ്പിച്ചത്. അവിടന്ന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവിടെ മാന്തി അവരുടെ തിരുശരീരങ്ങൾ പുറത്തെടുത്തു മാറ്റി സംസ്കരിക്കാമായിരുന്നുവല്ലാേ; കോടിക്കണക്കിനു വിശ്വാസികൾ അവിടെ നിസ്കരിക്കുന്നത് ഒഴിവാക്കാമായിരുന്നല്ലോ, എന്തുകൊണ്ട് ചെയ്തില്ല?!

മറ്റൊരു ഹദീസ് നോക്കൂ,
ما بين قبري ومنبري روضة من رياض الجنة
"എന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ പൂന്തോപ്പുകളിലെ ഒരു തോപ്പാണ്" എന്നാണ് ഹദീസ് (അഹ്'മദ് 11185, നസാഈ 4289). സ്വഹീഹുൽ ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചപ്പോൾ ഖബ്ർ എന്നു പറയുന്നതിനു പകരം വീട് (ബയ്ത് ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് വലിയ വായയിൽ പറയുന്നവരുണ്ട്. എന്നാൽ, ഇമാം ബുഖാരി റ. ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് باب فضل ما بين القبر والمنبر ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പുണ്യം എന്ന അധ്യായത്തിലാണ് എന്ന കാര്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുന്നു.

പറഞ്ഞുവന്നതിന്റെ സംക്ഷിപ്തം, ഖബ്റിടങ്ങൾ പൂജനീയമല്ല. ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും നിശ്ശങ്കം ഹറാമാണ്. അതേസമയം, ഖബ്റാളിയെ തവസ്സുലാക്കി അല്ലാഹുവോടു ദുആ ചെയ്യുന്നത് മുസ്‌ലിം ലോകത്ത് നിരാക്ഷേപം തുടർന്നു വന്ന സംഗതിയാണ് എന്നത്രെ.
ما رآه المسلمون حسنا فهو عند الله حسن
മുസ്‌ലിം സമുദായം നൻമയായി കണ്ടുപോരുന്ന സംഗതികൾ അല്ലാഹുവിന്റെ അടുക്കലും നൻമയായിരിക്കും എന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് റ.വിൽ നിന്ന് നിവേദനമുണ്ട്.