Sunday, July 24, 2016

ശോകഛവിയില്‍ റമളാന് വിട


തിരുദൂതരുടെ ശിഷ്യനായ അബൂഹുറൈറ (റ) മരണാസന്നനായപ്പോള്‍ കരഞ്ഞുപോയി. എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം: ‘ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന് വിഷമിച്ചല്ല. ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണല്ലോ ഉള്ളത് എന്നോര്‍ത്താണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും. എവിടെക്കാണ് എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്’
പുണ്യങ്ങളുടെ പൂക്കാലം അവസാന ദിനങ്ങളിലേക്കെത്തുകയാണ്. സ്വര്‍ഗ പ്രാപ്തിയും നരകമുക്തിയും ചോദിച്ചു വാങ്ങേണ്ട ദിനരാത്രങ്ങള്‍. ഇത്ഖുന്‍ മിനന്നാറിന്റെ യാമങ്ങള്‍. അധ്യാത്മിക ശ്രേഷ്ഠന്മാര്‍ ഈ ദിനങ്ങളില്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണ് ചെയ്തത്. റമളാന്‍ വിട പറയുന്നതിന്റെ വേപഥു. അതിലേറെ, നാമെന്തു നേടിയെന്ന ആത്മവിചാരണയിലുള്ള പിടച്ചില്‍. പാപമോക്ഷത്തിനു വേണ്ടിയുള്ള അടക്കിപിടിച്ച തേങ്ങല്‍. കത്തുന്ന വിശപ്പിനെ പ്രതിയല്ല, ആളുന്ന തീയെക്കുറിച്ചാണ് അവരുടെ വിചാരങ്ങള്‍ മഥിച്ചത്.
യസീദ്ബ്‌നു ലൈസ് സ്മരിക്കുന്നു: അന്ന് ഇമാം നിസ്‌കാരത്തില്‍ സൂറതു സല്‍സലയാണ് ഓതിയത്. ‘ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍….., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍…., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍…..,’. ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്‌കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്‌നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്. ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.
സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി താടിക്ക് കൈ കൊടുത്ത് ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: ‘അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ… അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്റെ ശിക്ഷയും നല്‍കുന്നവനേ… നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ… നിന്റെ കാരുണ്യത്തിന്റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..’
ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ വിളക്കെടുക്കാനായി, ല്ലേ?’
‘ സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ‘നീ കണ്ടത് ആരോടും പറയരുത്’
പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്‌കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!! (താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)
യസീദ് ബിന്‍ മര്‍സദ് സദാ കരയുമായിരുന്നു. കണ്ണീരൊഴുക്കാത്ത ഒരു നേരവുമില്ല. ആരോ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ പാപം ചെയ്താല്‍ എല്ലാ കാലത്തും നിന്നെ ബാത്ത് റൂമിലിരുത്തും എന്നെങ്ങാനുമാണ് എന്റെ റബ്ബ് താക്കീത് ചെയ്തിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും അതിന്റെ അസഹ്യതയില്‍ തന്നെ ഞാന്‍ നിലക്കാതെ കണ്ണീര്‍ പൊഴിക്കും. അപ്പോള്‍പ്പിന്നെ, നരകാഗ്‌നിയിലിടുമെന്ന് പറഞ്ഞാലോ?! മൂവായിരമാണ്ട് കത്തിച്ചു കത്തിച്ചു പഴുപ്പിച്ചെടുത്തതാണത്. ആയിരമാണ്ട് കത്തിച്ചപ്പോള്‍ അതിന്റെ നിറം തുടിക്കുന്ന ചുവപ്പായി. വീണ്ടും ആയിരം കൊല്ലം കത്തിച്ചപ്പോള്‍ തീ വെളുത്തു പോയി. പിന്നെയും ഒരു സഹസ്രാബ്ധം. അതു കറുത്തിരുണ്ടു. ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുപ്പാണ് നരകത്തിന്’ ( റൂഹുല്‍ബയാന്‍ 2/225).
നരകശിക്ഷ കഠോരമാണ്. ഐഹികലോകത്തെ അഗ്‌നിയെക്കാള്‍ എഴുപതിരട്ടി ചൂട്. കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍. കുടിക്കാന്‍ കുടലുകള്‍ എരിച്ചു കളയുന്ന ‘ഹമീം’ എന്ന പാനീയം. കഴിക്കാന്‍ അതിദുര്‍ഗന്ധിയായ ‘സഖൂം’ മരത്തില്‍ നിന്നുള്ള ഭക്ഷണം. അങ്ങനെയങ്ങനെ ശിക്ഷയുടെ അഗ്‌നിക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും ഭീതിതരംഗങ്ങള്‍… ശദ്ദാദ് ബിന്‍ ഔസ് (റ) ഉറങ്ങാന്‍ കിടന്നാല്‍ ഓര്‍ത്തോര്‍ത്ത് വറചട്ടിയിലിട്ട ധാന്യമണിയെപ്പോലെ എരിപൊരി കൊള്ളുമായിരുന്നത്രെ. എന്നിട്ട് ‘അല്ലാഹുവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല’ എന്ന് പറഞ്ഞു പുലരുവോളം പ്രാര്‍ഥനാമഗ്‌നനായി കഴിയുമായിരുന്നു.
അങ്ങനെയുള്ള നരകത്തില്‍ നിന്ന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!! റമളാന്റെ അവസാനത്തെ പത്തു ദിവസങ്ങള്‍ നരകമുക്തിയുടെതാണ്. കഴിഞ്ഞ് പോയതിനേക്കാള്‍ മൂല്യവത്തായ നാളുകള്‍. സീസണ്‍ നോക്കി നാം കൊയ്ത്തിന് ഇറങ്ങാറുണ്ട്. സമ്മേളനപ്പറമ്പില്‍ കച്ചവടം ചെയ്യുക, ചാകരയുണ്ടാകുമ്പോള്‍ വലയെറിയുക, മഴ നോക്കി വിത്തിറക്കുക തുടങ്ങിയവ ബുദ്ധിയുള്ളവര്‍ ചെയ്തുവരുന്ന കാര്യമാണ്. ആത്മീയ വിഷയത്തിലും ഇപ്പറഞ്ഞ സീസണും ആനുകൂല്യവും നമുക്കാവശ്യമില്ലേ? തീര്‍ച്ചയായും ഉണ്ട്. മനുഷ്യശരീരം അമ്മാറതുന്‍ ബിസ്സൂഅ് ആണ്. സദാ പാപങ്ങള്‍ വന്നു പോകുന്ന പ്രകൃതിയാണ് അതിന്നുള്ളത്. ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും തിരുമേനി (സ്വ) അരുളിയിട്ടുണ്ട്. തെറ്റുകളുടെ കയത്തില്‍ മുങ്ങിയാവരുത് നമ്മുടെ മരണം. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടിയാല്‍ പൊറുത്തു തരാമെന്ന് അല്ലാഹു വാക്ക് തന്നതാണ്. കണ്ണീര്‍തുള്ളികള്‍ കൊണ്ട് വേണം പാപങ്ങളെ കഴുകിക്കളയാന്‍. രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റുള്ളവര്‍ സുഷുപ്തിയിലായിരിക്കുമ്പോഴും ചെയ്ത പാപങ്ങളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ നമുക്കാകണം. അല്ലാഹുവിനെയോര്‍ത്ത്, വരാനിരിക്കുന്ന ശിക്ഷകളെ പ്രതിയോര്‍ത്ത് കരഞ്ഞ കണ്ണുകളെ നരകം സ്പര്‍ശിക്കില്ലെന്ന് നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ട്. ഏകാന്തനായി അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞയാള്‍ക്ക് വിചാരണാദിവസം അര്‍ശിന്റെ തണലുണ്ട് എന്ന് മറ്റൊരു ഹദീസിലും കാണാം. ഇനിയുള്ള രാപ്പകലുകള്‍ അങ്ങനെയാവട്ടെ. ആത്മാര്‍ത്ഥതയോടെ പാപമോചനം തേടുവാനും സ്വര്‍ഗപ്രാപ്തി വരിക്കുവാനും ഈ ദിവസങ്ങളുടെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ധൃതികാണിക്കുക. ഇനി വൈകാന്‍ നേരമില്ല.
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക
അവസാനപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണ്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ് ഖദ്‌റിന്റെ രാവ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മലക്കുകളും സച്ചരിതരായ ആത്മാക്കളും ആ രാവില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം സമാധാനം ആശംസിക്കപെടും. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് ലൈലതുല്‍ ഖദ്‌റില്‍ ആയിരുന്നുവെന്നുവെന്നും സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.
വാസ്തവം പറഞ്ഞാല്‍ ലൈലത്തുല്‍ ഖദ്ര്‍ അവസാനത്തെ പത്തിലാണെന്നു കട്ടായം പറയാന്‍ വയ്യ. ഈ രാത്രി ഏതു ദിനത്തിലായിരിക്കുമെന്ന് അല്ലാഹു നമുക്ക് കൃത്യമായ അറിവ് നല്‍കിയിട്ടില്ല. ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ‘നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.’ പ്രസ്തുത ഗുണം എന്താണെന്നു നിര്‍ദ്ധാരണം ചെയ്യാന്‍ ചില പണ്ഡിതന്‍മാര്‍ പരിശ്രമിച്ചിട്ടുണ്ട്. കൃത്യമായ അറിവ് നല്‍കിയിരുന്നെങ്കില്‍ ആ രാവില്‍ മാത്രം ജനങ്ങള്‍ ആരാധനാനിമാഗ്‌നരാകുകയും ബാക്കി ദിനങ്ങളില്‍ ഉദാസീനരാകുകയും ചെയ്‌തേക്കും.
റമളാനിലെ ഏതു രാത്രിയിലും ആവാമെങ്കിലും സൂക്ഷ്മജ്ഞാനികളായ ചില പണ്ഡിതമഹത്തുക്കള്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് അറിയാനുള്ള പണ്ഡിതോചിതമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതു പ്രകാരം, അവസാനത്തെ പത്ത് രാത്രികളും വിശേഷിച്ച്, ഒറ്റയിട്ട രാത്രികള്‍ കൂടുതല്‍ സാധ്യതയുള്ളവയാണ്. ആഇശാ ബീവി(റ) പറയട്ടെ: ‘നബി (സ്വ) പറഞ്ഞു: നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക’ (ബുഖാരി). ഇബ്‌നു ഉമര്‍(റ)വില്‍നിന്നു സ്വഹീഹുല്‍ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. സ്വഹാബികളില്‍ ചിലര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ അവസാനത്തെ ഏഴു ദിവസങ്ങളില്‍ വരുന്നതായി സ്വപ്‌നം കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ‘ലൈലത്തുല്‍ ഖദ്‌റ് റമളാനിലെ അവസാനത്തെ ആഴ്ചയില്‍ വരുന്നതായുള്ള നിങ്ങളുടെ സ്വപ്‌നം ശരിയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ വല്ലവനും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നുവെങ്കില്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിക്കട്ടെ!’. മറ്റൊരു ഹദീസ്: ‘നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍’ (ബുഖാരി). ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കാമെന്ന് കൂടി കാണാം. അബൂഹുറയ്‌റ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരുപത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.’ ഈ ഹദീസ് ഇമാം സ്വുയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട് (ദുര്‍റുല്‍ മന്‍സൂര്‍ 6/372). അത്ര പ്രബലമല്ലാത്ത ചില വീക്ഷണങ്ങളില്‍ ലൈലത്തുല്‍ ഖദ്ര്‍ വര്‍ഷാവര്‍ഷം മാറിമാറി വരാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി).
ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് എന്ന ചോദ്യത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് റമളാനിന്റെ ഇരുപത്തേഴാം രാവിനു തന്നെ. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി തിരുമേനി (സ്വ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. അബൂഹുറൈറ (റ) പറയുന്നു. ‘ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്‌റ് സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. ഇരുപത്തേഴാം രാവാണ് ഇവിടെ ഉദ്ദേശിച്ചത്. ആ രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം).
ഖുര്‍ആനിലെ പരാമര്‍ശത്തിന്റെ സാഹചര്യം വിലയിരുത്തി ലൈലതുല്‍ ഖദ്ര്‍ റമളാന്‍ ഇരുപത്തേഴാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണെന്ന് മുഫസ്സിറുകളുടെ നേതാവ് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് ഇരുപത്തേഴാമത്തെ പദമാണ്. പവിത്രമായ ആ രാവ് ഇരുപത്തേഴിനാണെന്നതിന് ഇതില്‍ സൂചനയുണ്ട് എന്നദ്ദേഹം പറയുന്നു. മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു (9ണ്മ3=27). ഇരുപത്തേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
സിര്‍റുബ്‌നു ഹുബൈശി (റ) ഉദ്ധരിക്കുന്നു: ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു അബൂ അബ്ദിര്‍റഹ്മാന് പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ ഇരുപത്തേഴാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. ജനങ്ങള്‍ അന്നു മാത്രം തിരക്കു കൂട്ടാതിരിക്കട്ടെ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.’ പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ ഇരുപത്തേഴാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍ ഞാന്‍ : ‘അബുല്‍ മുന്‍ദിറേ, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്?’ അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന അടയാളങ്ങളെ ആധാരമാക്കി, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ).
വേറെയും അനേകം പേര്‍ ഇതേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാവണം പൂര്‍വകാലം മുതല്‍ ഇരുപത്തേഴാം രാവിനു സവിശേഷ പ്രാധാന്യം കല്‍പ്പിച്ചു പോരുന്നത്. ‘ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.’ (തര്‍ശീഹ്, 1/168, റാസി 32/30).
ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവില്‍ ആയാലും അതിന്റെ അനുഗ്രഹം നമുക്ക് നഷ്ടമാവാതിരിക്കട്ടെ.

ലൗകിക ബന്ധങ്ങളില്‍ നിന്നു മനസ്സടര്‍ത്തി …
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. എന്തെങ്കിലും കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ ഭാഷാര്‍ഥം. മനസ്സും ശരീരവും മാലിന്യങ്ങളില്‍ നിന്ന് സ്ഫുടം ചെയ്ത് വിശുദ്ധിയുടെ പരമോന്നതിയിലേക്ക് നടന്നടുക്കാന്‍ ഇബാദത്തുകളില്‍ മുഴുകി പള്ളിയില്‍ താമസിക്കുക എന്ന് സാങ്കേതിക ഭാഷ്യം. നിശ്ചിതസമയത്തേക്ക് മനസിനെ എല്ലാ ബഹളങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അല്ലാഹ് എന്ന ഒരേ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഏകാഗ്രതയും ആത്മീയ സായൂജ്യവും നേടാനുള്ള അനുപമ സാധനയാണ് ഇഅ്തികാഫ്.
ഇഅ്തികാഫ് പ്രബലമായ സുന്നത്താണ്. തിരുനബി(സ്വ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക ശീലമായിരുന്നു. എന്നാല്‍ ഒരു റമളാനില്‍ ഇഅ്തികാഫ് ഉപേക്ഷിച്ചുവെന്ന് ഹദീസില്‍ കാണാം. അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഇഅ്തികാഫിരുന്നില്ല. അടുത്ത വര്‍ഷം അദ്ദേഹം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (തിര്‍മിദി, അബൂദാവൂദ്). ഇഅ്തികാഫ് നിര്‍ബന്ധമല്ലെന്ന് പഠിപ്പിക്കാനാണ് ഒരു വര്‍ഷം അത് ഒഴിവാക്കിയത് എന്ന് ചില പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. അതേസമയം ഇഅ്തികാഫ് വാജിബാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഒരു വര്‍ഷം പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്നിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം പത്ത് ദിവസം കൂടുതല്‍ ഇരുന്നുകൊണ്ട് പ്രവാചകന്‍ അത് നികത്തിയിട്ടുണ്ട് എന്നാണ് അവരുടെ ന്യായം.
റമളാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണെങ്കിലും റമളാനില്‍ പ്രത്യേകം സുന്നത്താണ്. തിരുമേനി (സ്വ) ശവ്വാല്‍ മാസത്തിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്തികാഫ് ഇരുന്നതായി നിവേദനമുണ്ട്. ഒരു റമളാനില്‍ ആഇശ(റ)യും ഹഫ്‌സ്വ(റ)യും സൈനബും(റ) ഇഅ്തികാഫിനായി പള്ളിയില്‍ പ്രത്യേകം തമ്പുകള്‍ ഉണ്ടാക്കിയത് തിരുമേനി കണ്ടു. അതിനാല്‍ അക്കൊല്ലം ഇഅ്തികാഫ് വേണ്ടെന്ന് വെക്കുകയും പിന്നീട് ശവ്വാലിലെ പത്ത് ദിവസം ഇഅ്തികാഫിരിക്കുകയും ചെയ്തു (ബുഖാരി).
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. വിശേഷബുദ്ധിയുള്ളവരും, വലിയ അശുദ്ധിയില്‍ നിന്ന് മുക്തരുമായിരിക്കണം. നിയ്യത്ത് ചെയ്യണം, പള്ളിയിലായിരിക്കണം, അല്‍പനേരമെങ്കിലും താമസിക്കണം. ഇരിക്കുകയോ കിടക്കുകയോ ആണെങ്കിലും ഇഅ്തികാഫിന്റെ കൂലി ലഭിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്തവിധം മറകെട്ടി ഇരിക്കാവുന്നതാണ്. മുടി ചീകുക, നഖം മുറിക്കുക, തല വടിക്കുക, ദേഹ ശുദ്ധി വരുത്തുക, സുഗന്ധം പൂശുക (നോമ്പിന്റെ പകലൊഴിച്ച്) എന്നിത്യാദി കാര്യങ്ങളെല്ലാം അനുവദനീയമാണ്. ഭക്ഷണം കഴിക്കുന്നവര്‍ പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
സാധാരണ സുന്നത്തായ ഇഅ്തികാഫിന് സമയപരിധിയില്ല. നിയ്യത്തോടെ പള്ളിയില്‍ പ്രവേശിച്ച്‌സമയം കൂടിയാലും കുറഞ്ഞാലും പുറത്ത് പോകുന്നത് വരെ ഇഅ്തികാഫിലായിരിക്കും. എന്നാല്‍, നേര്‍ച്ചമൂലം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ് നേര്‍ച്ചക്കനുസരിച്ച് നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കണം. റമളാനിലെ അവസാന പത്ത് മുഴുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപതിനു സൂര്യാസ്തമയത്തിന് മുമ്പ് ഇഅ്തികാഫില്‍ പ്രവേശിച്ച് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോകുന്നതാണ് പൂര്‍ണമായ രീതി. സാധ്യമായില്ലെങ്കില്‍ ഇരുപത്തൊന്നിന്റെ ദിവസം സുബ്ഹി നിസ്‌കാരത്തോടെ പ്രവേശിക്കാവുന്നതാണ്.
പുണ്യകര്‍മ്മങ്ങളില്‍ വ്യാപൃതനാവുക, അത്യാവശ്യമല്ലാത്ത വാക്കുകളും പ്രവൃത്തികളും വെടിയുക എന്നതും തിരുനബി ചര്യയാണ്. ഇഅ്തികാഫ് സന്യാസമല്ല. ബന്ധങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാവുന്നതാണ്. മലമൂത്ര വിസര്‍ജനം, രോഗിയെ സന്ദര്‍ശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, കൊണ്ടുവരാന്‍ ആളില്ലാത്ത അവസ്ഥയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറത്തു പോകാവുന്നതാണ്. അധികരിക്കാത്തവിധം സന്ദര്‍ശകനോടും സംസാരിക്കാവുന്നതാണ്.
സ്വാര്‍ത്ഥ തല്പര്യങ്ങളോ ലാഭേച്ഛയോ കൂടാതെ ജനങ്ങളുടെ അത്യാവശ്യം നിര്‍വഹിച്ചുകൊടുക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതിലും തെറ്റില്ല. ‘എന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം ഒരാള്‍ തന്റെ ഒരു സഹോദരന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതിനായി പുറപ്പെടുന്നതാണെന്ന്’ നബിതിരുമേനി അരുളിയിട്ടുണ്ട് (ത്വബ്‌റാനി).
ഒരിക്കല്‍ ഇഅ്തികാഫിലായിരുന്ന ഹുസൈന്‍(റ)വിനോട് ഒരാള്‍ തന്റെ ഒരത്യാവശ്യത്തിനായി കൂടെ വരുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് വരാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യം ആരോ ഹസന്‍ ബസ്വരിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അയാളുടെ കൂടെ ഇറങ്ങിപ്പുറപ്പെടലായിരുന്നു ഇഅ്തികാഫിനേക്കാള്‍ അദ്ദേഹത്തിന് അനുയോജ്യം. അല്ലാഹുവാണേ! ഒരു മാസം ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമായിട്ടുള്ളത് താങ്കളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി താങ്കളുടെ കൂടെ പുറപ്പെടലാണ്.’
‘മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിച്ച് ഇലാഹീസ്മരണയില്‍ തളച്ചിടുക, ഏകാന്തനായി അല്ലാഹുവിനെ ധ്യാനിച്ചിരിക്കുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് ഓരോ നിശ്വാസത്തിലും അല്ലാഹ് എന്ന വിചാരത്തില്‍ വിലയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ഉന്നവും ചൈതന്യവും. തദ്വാരാ, അല്ലാഹുവിനോടുള്ള സ്‌നേഹവും സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അതോടെ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ പറ്റിയിരിക്കും പിന്നെ അവന്റെ വിചാരം മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം (സാദുല്‍ മആദ്).
കച്ച കെട്ടാന്‍ സമയമായി
റമളാന്‍ വിടപറയുകയാണ്. പുണ്യമായ ഈ ദിനങ്ങളില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ട് മാതാവ് പ്രസവിച്ചിട്ട ദിവസത്തിലേതു പോലെ നിര്‍മലനും ദോഷമുക്തനും ആയിത്തീര്‍ന്നില്ലെങ്കില്‍ അവനു അല്ലാഹുവിന്റെ ശാപത്തിനു വിധേയമാകുമെന്നു അറിയിക്കുന്ന ഹദീസുണ്ട്. അതിനാല്‍, ഇബാദത്തുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുക. ആയിശബീവി (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമളാനിലെ അവസാന പത്ത് രാത്രികളില്‍ തിരുമേനി ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്‌ലിം). മഹതി തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാം: റമളാനിലെ അവസാന നാളുകളില്‍ നബിതിരുമേനി (സ്വ) കച്ച മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി). ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍, പ്രത്യേകമായ ദിക്‌റുകള്‍ എന്നിവ വര്‍ധിപ്പിക്കുക. പഠിച്ചതും അറിഞ്ഞതും പ്രയോഗത്തില്‍ വരുത്തുക. ഓര്‍ക്കുക, അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവര്‍ കൂടുതല്‍ ഖേദിക്കേണ്ടി വരും.
‘അറിയുമറിവ് ചതിക്കാതിരിക്കട്ടെ നിന്നെ
അമലാലലംകൃതമായറിവാണറിവ്’ (റസ്സാനത്).

Monday, June 20, 2016

നോമ്പും നിയ്യതും


ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?
--- ത്വാലിബ്‌, ഭൂതാനം

ഉത്തരം: പരിഹാരമുണ്ട്, പറയാം.
ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ.

രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല.

അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത് മതിയാവില്ല. അതു കൊണ്ട് പ്രസ്തുത നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ)വിനെ തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന്‍ വിട്ടു പോയ നോമ്പിനു അത് മതിയാകും, ഖളാഅ് വീട്ടേണ്ടതില്ല.

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!


ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ...? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ...? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും...?
--- കെ.എൻ അബ്ദുൽ ലത്തീഫ് മുണ്ടേരി. കണ്ണൂർ

ഉത്തരം: അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായതിലെത്തുകയില്ല.
സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവിനെയും അവന്‍റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃതരാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഫിഖ്‌ഹ് ഇല്ലാത്ത തസ്വവ്വുഫില്ല -കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്‍റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ 
തസ്വവ്വുഫില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം നന്നായി മനസ്സിലാക്കണം. ഇക്കാര്യം ഇമാം  ഗസ്സാലിയെ പ്പോലെയുള്ള മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാരണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. 

ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്.  “നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല”  എന്നു ഇബ്നുതൈമിയ്യഃയും തന്‍റെ ഫതാവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം ശരീഅതിന്‍റെ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത നിഷേധിക്കപ്പെടരുത്. വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കണം. വ്യാജന്മാരെ ചൂണ്ടിക്കാട്ടി ശരിയായ വലിയ്യിനെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറിയണം.

Friday, June 17, 2016

കാന്തപുരം പള്ളി


"എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്ന് ഖുർആൻ പറയുന്നു. എന്നിട്ടും "കാന്തപുരം പള്ളി" എന്ന് പറയുന്നത് ശരിയാണോ?
 -- ഒരു അനുഭാവി
 
ഉത്തരം: ശരിയാണ്, പറയാം! 
റൂഹുൽ മആനിയിൽ നിന്നു വായിക്കാം: "തീർച്ചയായും, എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്നതിന്‍റെ വിവക്ഷ അവ അല്ലാഹുവിനെ മാത്രം ഉപാസിക്കാനുള്ളതാണ് എന്നത്രെ. മറ്റു പരിഗണനകളെ ആധാരമാക്കി അല്ലാഹുവല്ലാത്തവരിലേക്ക് ചേർത്തു പളളികളെ പരിചയപ്പെടുത്തുന്നതിൽ കുഴപ്പമില്ല. ചിലപ്പോളത് മസ്ജിദിന്‍റെ നിർമ്മാതാവിലേക്കാവാം: മസ്ജിദുറസൂലില്ലാഹി പോലെ, മറ്റു ചിലപ്പോൾ ഇടമാകാം, മസ്ജിദു ബയ്തിൽ മഖ്ദിസ് പോലെ. അങ്ങനെ വേറെയും പരിഗണനകൾക്കനുസരിച്ചാകാം " (10/197). 

ചോദ്യ കർത്താവിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയം തോന്നുന്നത് എന്‍റെ മനസിന്‍റെ ദോഷമാവാം. എന്നാലും ഒരപേക്ഷ, ഈ ബ്ലോഗിന്‍റെ ഇസ്‌ലാമിനെ അന്വേഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ സംശയ നിവാരണമാണ്. വഴിതിരിച്ചു വിടരുത്.

Thursday, June 16, 2016

അല്ലാഹു സലാം ചൊല്ലില്ലേ?



ചോദ്യം: "അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക" എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ല്‍ഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്?

-- അബൂറാസി, ഏറോം

ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ വിവക്ഷയുണ്ട്. രണ്ടു അര്‍ത്ഥവും വിശ്വാസികള്‍ക്ക് യോജിക്കും. എന്നാല്‍ രണ്ടാമത്തേത് അവരല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും. ആ സാധ്യത ഇപ്പോളില്ല. ഇതാണ് കാരണം (അല്ലാഹു അഅ് ലം).

ഇന്നു വെള്ളിയാഴ്ച. ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്‍റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്‍റെ മുമ്പിൽ വെളിവാക്കപ്പെടും സഹാബാക്കൾ ചോദിച്ചു. നബിയേ, അങ്ങ് മണ്ണായിപ്പോയിരിക്കെ. ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും. അവിടുന്ന് പ്രതികരിച്ചു: നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ് )

ദുആകളില്‍ എന്നെയും ഓര്‍ക്കുക.

Wednesday, June 15, 2016

പണ്ഡിതന്‍മാര്‍ക്ക് കറാമത്തില്ലേ?




ചോദ്യം: അല്ലാഹുവിനെ മാത്രം ഓര്‍ത്തു ഇബാദത്ത് ചെയ്യുന്ന അനേകം പേ­ര്‍ ധാരാളം കറാമതുക­ള്‍ പ്രകടിപ്പിക്കുന്നു. ഉലമാഇല്‍ നിന്ന് അങ്ങനെ പ്രകടമാകുന്നില്ല. എന്താണതിനു കാരണം? ആയിരം ആബിദിനെക്കാ­ള്‍ ശ്രേഷ്ടത ഒരു ആലിമിനു ആണെന്നല്ലേ നാം പറയാറുള്ളത്
.

ഉത്തരം: ആലിമിനു ആയിരം ആബിദിനേക്കാള്‍ ശ്രേഷ്ടത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവരിലൂടെയാണ് ദീന്‍ നിലനില്‍ക്കുന്നത്. "വിജ്ഞാനമാണ്‌ മതത്തിന്‍റെ ജീവന്‍" എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ചത്ത പുലിയെ ആരെങ്കിലും ഭയപ്പെടുമോ? എന്നാല്‍, നോക്കിനില്‍ക്കേ അതിന്‍റെ വാലൊന്നനങ്ങിയാലോ? നമ്മുടെ പൊടി പോലും പരിസരത്തു കാണുകയില്ല. അതുപോലെ, പാണ്ഡിത്യമുള്ളവരെ ദീനിന്‍റെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഭയപ്പെടുന്നു, അവര്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ വൈകല്യങ്ങള്‍ വില പോകില്ലെന്നു അറിയാവുന്നത് കൊണ്ട്! അസന്മാര്‍ഗികള്‍ ഭയക്കുന്നു, അവരുടെ അധര്‍മം പഴിചാരപ്പെടുമെന്നു അറിയാവുന്നത് കൊണ്ട്!! ഒരു സദസ്സില്‍ ഒരു പണ്ഡിതന്‍ ഇരിക്കുമ്പോള്‍ അവിടെ അനാവശ്യ സംസാരങ്ങള്‍ പോലും ഒഴിവാകുന്നു. അഥവാ, മതത്തിന്‍റെ ബാഹ്യമായ അടയാളങ്ങള്‍ നിലനില്‍ക്കാന്‍ അയാളുടെ സാന്നിധ്യം തന്നെ മതി. വൈജ്ഞാനികമായ സേവനങ്ങള്‍ അതിന്‍റെ ആന്തരിക ചൈതന്യത്തെയും പുഷ്ടിപ്പെടുത്തുന്നു.

ഒരാള്‍ ആരോടും ഒരു ബന്ധവുമില്ലാതെ അല്ലാഹുവിനെ മാത്രം ഉപാസിച്ചു ജീവിക്കുന്നത് വളരെ പുണ്യം നിറഞ്ഞത്‌ തന്നെ. അതേസമയം അതിന്‍റെ ഗുണം അവരില്‍ മാത്രം ഒതുങ്ങുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. ധര്‍മം നിര്‍വഹിക്കുന്ന പണ്ഡിതനിലൂടെ നന്മ എല്ലായിടത്തും വ്യാപിക്കുന്നു. "ബനൂ ഇസ്രാഈലിലെ പ്രവാചകന്മാരെ അനന്തരമെടുത്തവരാരോ അവരാണ് യദാര്‍ത്ഥ പണ്ഡിതര്‍" എന്നു ഹദീസില്‍ വന്നിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു ദീനീ പ്രബോധനം നിര്‍വഹിച്ചവരാണ് അവര്‍. ആ ധര്‍മം നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ഒരാളില്‍ പാണ്ഡിത്യത്തിന്‍റെ ചൈതന്യം ദൃശ്യമാകുന്നത്.

കറാമതുകള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ ആദരവിന്‍റെ അടയാളമാണ്. ആവാക്കിന്‍റെ അര്‍ഥം തന്നെ അതാണ്‌. അതു പ്രാകൃത സന്ദര്‍ഭത്തില്‍ പ്രകടമായതാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഉലമാഇന്‍റെ ആദരവിനെയും പദവികളെയും ഖുര്‍ആനും ഹദീസും എത്രയോ തവണ പുകഴ്ത്തിയിരിക്കുന്നു. അത് അവരുടെ ആഗമനത്തിനു മുമ്പേ അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്.
പണ്ഡിതന്‍മാരില്‍ നിന്ന് തീരെ കറാമതുകള്‍ ഉണ്ടായില്ലെന്നു പറയാമോ? പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളായിരുന്ന ഇമാം ശാഫിഈ, ഇമാം നവവി, ശൈഖ് ജീലാനി തുടങ്ങിയ എത്രയെത്ര മഹത്തുക്കളെ നമുക്കറിയാം. പാണ്ഡിത്യത്തിന്‍റെ മതപരവും ആത്മീയവുമായ മൂല്യങ്ങളെ ഖല്‍ബിലും കര്‍മത്തിലും നിലനിര്‍ത്തിയിരുന്നവരായിരുന്നു അവര്‍. അത്തരം ആളുകളെ കുറിച്ചാണ് "തന്‍റെ ദാസരില്‍ നിന്ന് അല്ലാഹുവിനെ ഭയപ്പെടുന്നത് ഉലമാഅ് മാത്രമാണ്" എന്ന് അല്ലാഹു പറഞ്ഞത് (അല്‍ ഫാത്വിര്‍: 28).

 ഇമാം നവവി എഴുതുന്നു: “ആബിദുകളെക്കാള്‍ ശ്രേഷ്ടത ആലിമുകള്‍ക്ക് ആയിരുന്നിട്ടും അവരില്‍ നിന്ന് കറാമതുകള്‍ പ്രകടമാകാത്തത്, അവരില്‍ പ്രകടനപരത (രിയാഅ്) കയറിവരുന്നത് കൊണ്ടാണ്” (ബിഗ്‌­യതുല്‍ മുസ്തര്‍ശിദീന്‍ 5). രിയാഅ് ശിര്‍ക്കാണെന്ന് വരെ ഹദീസില്‍ കാണാം. അത്രയും ഗൌരവമേറിയ ദുര്‍ഗുണമാണെന്നര്‍ത്ഥം. അതിനാല്‍, പ്രവാചക ദൌത്യങ്ങളുടെ അനന്തരാവകാശികളാകാന്‍ യോഗ്യരാകുമാറ് ആത്മാര്‍ഥതയും അധ്യാത്മിക ഗുണങ്ങളും കര്‍മത്വരയും നേടിയെടുക്കാന്‍ നമുക്കാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.

Tuesday, June 14, 2016

അല്ലാഹുവോ സുലൈമാന്‍ നബിയോ ആദ്യം?



ചോദ്യം: സൂറത്തുന്നംലിലെ 30-മത്തെ ആയതില്‍ സുലൈമാന്‍ നബി അ. ബില്ഖീസിനയച്ച കത്ത് പരാമര്‍ശിക്കുന്നു."അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിച്ചിട്ടുള്ളതാകുന്നു". ഇതില്‍ അല്ലാഹുവിന്‍റെ പേരിനേക്കാള്‍ അദ്ദേഹത്തിന്‍റെ പേരിന് പ്രാഥമ്യം കല്‍പ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
 --- ഉബൈദ്, ടി.കെ. കോഴിക്കോട്.

ഉത്തരം: ബില്‍ഖീസിനോട് തന്‍റെ കൊട്ടാരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അന്നത്തെ ഏറ്റവും വലിയ ചക്രവര്‍ത്തി കൂടിയായ സുലൈമാന്‍ നബി അ. കത്തയച്ചത്. കത്ത് കിട്ടിയ ശേഷം തന്‍റെ ദര്‍ബാറിലെ ഉപദേഷ്ടാക്കളോട് രാജ്ഞി സംസാരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആഖ്യാനം ഇങ്ങനെയാണ്:


"രാജ്ഞി പറഞ്ഞു: `അല്ലയോ പ്രമാണികളേ, ഗൌരവമേറിയ ഒരു സന്ദേശം എന്നിലേക്കെറിയപ്പെട്ടിരിക്കുന്നു.  അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. തീര്‍ച്ചയായും അത്: റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍ എന്ന് ആരംഭിച്ചിട്ടുള്ളതാകുന്നു. എന്നോട് ധിക്കാരം പ്രവര്‍ത്തിക്കരുത്. അനുസരണമുള്ളവരായി എന്‍റെ സന്നിധിയില്‍ ഹാജരാകേണം! എന്നുമാണ് അതിലുള്ളത്. രാജ്ഞി തുടര്‍ന്നു: `അല്ലയോ നാട്ടുമുഖ്യന്മാരേ, ഈ പ്രശ്നത്തില്‍ നിങ്ങളെനിക്ക് ആവശ്യമായ നിര്‍ദേശം തരിക.. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ''

വെറുതെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ ഇതിന്‍റെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടും. സുലൈമാന്‍ അ. അല്ലാഹുവിന്‍റെ പേരിനു മുമ്പ് തന്‍റെ പേര് എഴുതിയിട്ടില്ല. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്ന വാക്യം ബില്ഖീസ് പറയുന്നതാണ്. ചോദ്യകര്‍ത്താവ് വായിച്ച വിവര്‍ത്തനത്തിന്‍റെ ഭാഷക്കാണ് കുഴപ്പം.

സുലൈമാന്‍ നബിയുടെ കത്താണെന്നു ബില്ഖീസ് അറിഞ്ഞതെങ്ങനെ എന്ന് ചില വ്യാഖ്യാതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതു സന്ദേശം ഉള്‍ക്കൊള്ളിച്ച കവറിനു പുറത്ത് സുലൈമാനില്‍ നിന്ന് എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയതാവാം എന്നു ചിലര്‍. അതല്ല, വിചിത്രവും അസാധാരണവുമായരീതിയിലൂടെയാണ് കത്ത് കിട്ടുന്നത്. ഒരു പ്രതിനിധി കൊണ്ടുവന്നതല്ല. മറിച്ചു ഒരു പക്ഷി തന്‍റെ മുന്നിലേക്കെറിയുകയായിരുന്നു. അങ്ങനെയാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മറ്റു ചിലര്‍. രണ്ടായാലും അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്നത് സന്ദേശത്തില്‍ ഉള്ളതല്ല. വിശദ വായനക്ക് തഫ്സീറുര്‍റാസി 1/169