Friday, December 30, 2016

ജിസ്‌യ മതനികുതിയോ?



തിരുനബിയുടെ രാഷ്ട്രത്തില്‍ അമുസ്‌ലിംകളെ ഹര്‍ബിയ്യ്, ദിമ്മിയ്യ് എന്നിങ്ങനെ വേര്‍തിരിക്കുകയും ജിസ്‌യഃ എന്ന പേരില്‍ മത നികുതി ചുമത്തുകയും ചെയ്യുന്നു എന്ന് ആരോപണമുണ്ട്. എന്താണ് വാസ്തവം?

ഹര്‍ബിയ്യ് അല്ലെങ്കില്‍ ദിമ്മിയ്യ് എന്ന് രണ്ടായി വിഭജിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ആദ്യം ദിമ്മിയ്യ് എന്താണ് എന്ന് പറയാം. ഇസ്‌ലാമിക രാഷ്ട്രം മതനികുതി ചുമത്തിയെന്ന് ആരോപിക്കുന്നത് ഇവര്‍ക്കാണ്. എന്താണ് ആ പദത്തിന്റെ അര്‍ഥം?

മുസ്‌ലിം സമുദായത്തിന്റെ കൂടെ ജീവിക്കുന്നതിന്ന് തിരുനബി പ്രത്യേകം സംരക്ഷണം വാഗ്ദാനം ചെയ്ത വേദക്കാരാണ് ദിമ്മിയ്യ്. ദിമ്മത് എന്ന അറബി പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. അഹ്ദ്(കരാര്‍), അമാന്‍(നിര്‍ഭയത്വം), കഫാലത്(സംരക്ഷണം) എന്നൊക്കെയാണ് ഈ വാക്കിന്റെ വിവക്ഷ. വേദക്കാർക്ക് ഇസ്‌ലാമിക ഭരണകൂടം പ്രത്യേകമായി ഉറപ്പു വരുത്തിയിട്ടുള്ള സുരക്ഷയാണ് ഇതിന്റെ താത്പര്യമെന്ന് തിരുനബി ഓരോ ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാം: ‘നിങ്ങളെ അഭയമായി കാണുന്ന ദിമ്മികള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെയും നബിയുടേതുമായ സംരക്ഷണം നല്‍കണം. നിങ്ങളുടെ അനുയായികളെ പോലെ അവരെയും കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഗൗരവാര്‍ഹമാണ് അവരോട് അനീതി കാട്ടുന്നത്(മുസ്‌ലിം 2/1357). ദിമ്മികളെ അടിച്ചമര്‍ത്തുകയോ അവരുടെ കഴിവിന്നതീതമായ ഭാരം അടിച്ചേല്പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതാണ് എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.
അബൂബക്ര്‍ (റ) പ്രഥമ ഖലീഫയായി അവരോധിതനായപ്പോള്‍ നജ്‌റാനിലെ ഗവര്‍ണര്‍ക്ക് അവിടെ താമസിച്ചിരുന്ന ക്രൈസ്തവ ന്യനപക്ഷത്തെ സംബന്ധിച്ച് അയച്ച കത്തും ശ്രദ്ധേയമാണ്: അമുസ്‌ലിംകള്‍ക്ക് നബിതിരുമേനിയുടെ സംരക്ഷണം നല്‍കണം, അവരുടെ സ്ഥാരവ ജംഗമ സ്വത്തുക്കളും ആരാധാനാലയങ്ങളും പുരോഹിതരുമെല്ലാം സുരക്ഷിതരാകണം. അവര്‍ക്ക് പ്രയാസമോ നാശ നഷ്ടങ്ങളോ ഉണ്ടാകരുത് (കിതാബുല്‍ ഖറാജ് 79). തഥൈവ, ഖലീഫാ ഉമര്‍(റ) മരണശയ്യയിലും തന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്ക് നല്‍കിയ വസ്വിയ്യത്തില്‍ ദിമ്മികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നും ആവശ്യമെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ പ്രകാരം അലി(റ)യുടെയും കത്തുകളുണ്ട്. ചുരുക്കത്തില്‍ അവര്‍ മറ്റു പൗരന്മാരെ പോലെ തന്നെയാണ്. ഇമാം ഔസാഈ പറയുന്നു: അവര്‍ അടിമകളല്ല. സുരക്ഷിതരായ സ്വതന്ത്ര പൗരന്മാര്‍ തന്നെയാണ് (കിതാബുല്‍ അംവാല്‍ 150).

വ്യാപകമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമായ ഒരു നടപടിയാണ് ദിമ്മികള്‍ ജിസ്‌യ നല്കണം എന്ന് നിര്‍ദേശിക്കപ്പെട്ടത്. തിരുനബി മുസ്‌ലിം, അമുസ്‌ലിം പ്രജകള്‍ക്കിടയില്‍ വിവേചനം കാണിക്കുകയാണെന്ന ചിലര്‍ വിചാരിച്ചു. വാസ്തവത്തില്‍ ഇതു രാഷ്ട്രത്തിന്റെ നികുതി സമ്പ്രദായത്തില്‍ സാമ്പത്തിക തുലനം ഉറപ്പ് വരുത്തുവാനുള്ള ചട്ടങ്ങളുടെ ഭാഗമത്രെ.

മുസ്‌ലിം പ്രജകള്‍ വര്‍ഷാവര്‍ഷം സമ്പാദ്യത്തിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണമെന്ന് നിയമമുണ്ട്. അതു പിരിച്ചെടുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ‘ആമില്‍’ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എന്നാല്‍, ദിമ്മികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തിട്ടുള്ളതിനാല്‍ അവരില്‍നിന്ന് സകാത് പിരിക്കുക എന്നത് അപ്രായോഗികമാണ്. അത് അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ സിവില്‍ ചട്ടങ്ങള്‍ അവര്‍ക്ക് കൂടി അടിച്ചേല്പ്പിക്കുന്നതുമായി തീരും. ഈ സാഹചര്യത്തില്‍ പ്രജകളില്‍ നിന്ന് പിരിച്ചെടുക്കുന്ന ധനത്തിന്റെ വിഷയത്തില്‍ സന്തുലിതമായ നിലപാട് ഉണ്ടാകണമെങ്കില്‍ ഇതര മാര്‍ഗങ്ങള്‍ ആരായുകയാണ് പോംവഴി. അതിനാലത്രെ തിരുനബി സകാതില്‍ നിന്ന് അവരെ ഒഴിവാക്കി പകരം ജിസ്‌യഃ നടപ്പില്‍ വരുത്തിയത്.

സകാതിനെ അപേക്ഷിച്ചു പല ഇളവുകളും ജിസ്‌യയുടെ ഉപാധികളില്‍ ഉണ്ട് എന്നതും കാണാതിരുന്നുകൂടാ. സകാതിന്റെ കാര്യത്തില്‍ പ്രായഭേദമോ ലിംഗഭേദമോ ഇല്ല. നിശ്ചിത ധനരേഖയിലെത്തിയ എല്ലാവര്‍ക്കും അതു ബാധകമാണ്. എന്നാല്‍, ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്ധത, ബുദ്ധിഭ്രമം, മാറാരോഗങ്ങള്‍, വാര്‍ധക്യം തുടങ്ങിയവയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും ഇളവുണ്ട്. ചില കര്‍മ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ മതപുരോഹിതരും ജിസ്‌യഃയില്‍ നിന്ന് ഒഴിവാണ്.

രാഷ്ട്രത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദിമ്മികളെ ഒഴിവാക്കിയിട്ടുണ്ട്. ജിസ്‌യ നിയമമാക്കിയതില്‍ ഇക്കാര്യത്തിനും പരിഗണനയുണ്ട്. രാഷ്ട്രത്തിനു നേരെ ആക്രമണമുണ്ടായാല്‍ഓരോ മുസ്‌ലിമും നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങണം. എന്നാല്‍, ദിമ്മികള്‍ക്ക് ഈ ബാധ്യത ഇല്ല. അഥവാ, അവര്‍ പ്രതിരോധത്തിനു സ്വയം സന്നദ്ധമാകുന്ന പക്ഷം അവരെ ജിസ്‌യഃയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ജിസ്‌യക്ക് പകരം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതു തന്നെ കാരണം. അതിനു സാധിക്കാതെ വന്ന സാഹചര്യങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചു കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റോമന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ സേനാനായകനായിരുന്ന അബൂ ഉബൈദ(റ) മുഴുവന്‍ സിറിയന്‍ നഗരങ്ങളില്‍ നിന്നും പിരിച്ചെടുത്ത ജിസ്‌യ പണം തിരിച്ചേല്പ്പിക്കാന്‍ നിര്‍ദേശിച്ചു.കുരിശുയുദ്ധ കാലത്ത് ഇടയ്ക്ക് സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായപ്പോള്‍ സ്വുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും ജിസ്‌യ തിരിച്ചു കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ  മതന്യനപക്ഷങ്ങളായിരുന്ന വേദക്കാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സന്തുലനത്തില്‍ അവരുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് ജിസ്‌യ. ഈ സംരക്ഷണം വാഗ്ദാനം ചെയ്യപ്പെടാത്ത, കൂട്ടായ പൗരത്വ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നില നിന്നിരുന്ന ഘട്ടത്തില്‍ ജിസ്‌യഃ ഉണ്ടായിരുന്നില്ലെന്നതും ഓര്‍മിക്കേണ്ടതാണ്. മദീനയിലെത്തിയ ആദ്യകാലത്ത് ജൂതന്‍മാരമായി ഉണ്ടാക്കിയ കരാറിലും നജ്‌റാനിലെ ക്രൈസ്തവരുമായി ഉണ്ടാക്കിയ കരാറിലും ജിസ്‌യ ഉണ്ടായിരുന്നില്ല. കാരണം രാഷ്ട്രത്തിന്റെ പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ അവര്‍ക്ക് തുല്യമായ ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്.

ഇനി, ഹര്‍ബിയ്യ്. തിരുനബി ഇവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരില്‍ സൈനിക നടപടികള്‍ക്ക് സമ്മതവും നല്‍കിയിരിക്കുന്നു എന്നാണ് ആക്ഷേപം. യുദ്ധം, കലാപം, കലഹം എന്നെല്ലാം അര്‍ഥമുള്ള ഹര്‍ബ് എന്ന പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. ദിമ്മികളല്ലാത്തവരെയാണ് ഹർബിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സിവില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വിഘടിച്ചു നില്‍ക്കുകയും ആക്രമണ വാസന കാണിക്കുകയും ചെയ്യുന്ന അരാജകവാദികളാണ് ഈ വിഭാഗം. ജിസ്‌യ നല്‍കി സാമ്പത്തിക സന്തുലന നടപടികളില്‍ സഹകരിക്കാനും ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു. സ്വഭാവികമായും ഭരണമിഷണറിക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇസ്‌ലാമികമോ അല്ലാത്തതോ ആയ ഏതു രാജ്യവ്യവസ്ഥയിലും ടാക്‌സ് കൊടുക്കാന്‍ കൂട്ടാക്കാത്ത അരാജകത്വ വാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കപ്പടുന്നതിന്ന് തുല്യമാണിതും. ഒന്നാം ഖലീഫ അധികാരമേറ്റ ഉടനെ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരെയും സൈനിക നടപടികള്‍ ഉണ്ടായത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സകാതായി കൊടുക്കുന്ന മൃഗത്തോടൊപ്പം നല്‍കിയിരുന്ന പിടിക്കയര്‍ നിഷേധിച്ചാല്‍ പോലും ഞാന്‍ അവനോട് യുദ്ധം ചെയ്യുമെന്നാണ് ഖലീഫ അന്ന് പറഞ്ഞത്.

Saturday, December 24, 2016

സാന്റാക്ലോസ്


ക്രിസ്മസ് അപ്പൂപനും തൊപ്പിയുംഒന്ന് വിഷദീകരിക്കുമൊ ? - Azeez Kunjan

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റാക്ലോസ്.

രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ്  നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്റാക്ലോസിന്റെ  രൂപം ഉണ്ടായത്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം.  ചില സഭകൾ ഡിസംബർ 6 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നത് ചേർത്തു വായിക്കുക.

 പലയിടത്തും പല പേരുകളിലാണ് സാന്റാക്ലോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.

സാന്റാക്ലോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ.  ‍

Thursday, December 8, 2016

ശരീഅത്തില്‍ ഭേദഗതി വരുത്തിയോ?

മുസ്‌ലിംകളെ പരിഷ്‌കരിക്കാനുള്ള കടമ മുസ്‌ലിം സമുദായത്തിനാണ്. അത് നടന്നിട്ടുമുണ്ട്. ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയില്ലേ? 
കെ.കെ. കൊച്ച്, ദളിത്‌ ആക്ടിവിസ്റ്റ്
 
       ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയിട്ടില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഇടപെടേണ്ടി വരുന്ന മൊത്തം മേഖലകളെ നാലായിട്ട് വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ആരാധനകള്‍. ഇത് സാധാരണ ഗതിയില്‍ വ്യക്തികളുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. രണ്ടാമത്തേത് ക്രയവിക്രയ രീതികളാണ്. മൂന്നാമത്തേത് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സിവില്‍ നിയമങ്ങള്‍. പൊതുവായി പറഞ്ഞാല്‍, ഇവ രണ്ടും സാധാരണ ഗതിയില്‍ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. നാലാമത്തേത് പീനല്‍ കോഡ്. അറബിയില്‍ ജിനായാത് എന്ന് പറയുന്നു. ഇസ്‌ലാമിക് പീനല്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇസ്‌ലാമിക ഭരണാധികാരിക്കേ അനുമതിയുള്ളൂ. സ്വഭാവികമായും ഇന്ത്യയില്‍ അതിന്റെ സാധുത ആരാഞ്ഞ് തല പുകക്കേണ്ടി വരുന്നില്ല. അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങളും പറയത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. 1858ല്‍ ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുത്ത ശേഷം മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന നിയമങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളുണ്ടായല്ലൊ. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്, 1882ലെ Transfer of property Act വസ്തു കൈമാറ്റ നിയമം തുടങ്ങിയവ എല്ലാ ജനങ്ങള്‍ക്കുമായി നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവ ഇസ്‌ലാമിക നിയമത്തെ ആധാരമാക്കിയോ അവയോട് വിരുദ്ധമാകാത്ത രീതിയിലോ ആയിരുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ടിയിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ശിക്ഷയുടെ കാര്യത്തില്‍ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ കൂടി ഇസ്‌ലാം കുറ്റകരമായി കാണുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുത്തി എന്നതും ശരീഅത് നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ അതേപടി ക്രോഡീകരിച്ചു നിയമമാക്കി എന്നതും മികച്ച ഉദാഹരണമാണ്. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ Offer, Acceptance എന്നിവ ഇസ്‌ലാമിക ക്രയവിക്രയ ശാസ്ത്രത്തിലെ ഈജാബ്, ഖബൂല്‍’ എന്നിവയോട് നീതി പുലര്‍ത്തുന്നതും അവയുടെ നേര്‍ക്കുനേര്‍ ഇംഗ്ലീഷ് രൂപവുമാണ്. അതുപോലെ, മുസ്‌ലിം തെളിവ് നിയമങ്ങളുടെ പരിഷ്‌കരിച്ച രൂപം മാത്രമാണ് ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്. വസ്തു കൈമാറ്റ നിയമത്തിലാകട്ടെ, ശരീഅത്തിനു വിരുദ്ധമായ ഇഷ്ടദാനത്തെ പറ്റിയുള്ള അധ്യായം മുസ്‌ലിംകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് അതേ നിയമത്തിലെ 129-ാം വകുപ്പില്‍ പ്രത്യേകം ഉപാധി വെച്ചിട്ടുണ്ട്. അതുപോലെ വിവാഹം, ഇന്‍ഹെറിറ്റന്‍സ് പോലെയുള്ള സിവില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അതിനായി ഒരു റോയല്‍ കമ്മീഷനെ നിയമിക്കുകയുംചെയ്തിരുന്നു. എന്നാലത് ഹൈന്ദവ മുസ്‌ലിം കമ്യൂണിറ്റികളുടെ മതവിഷയങ്ങളില്‍ നേരിട്ട് ഇടപെടലായതിനാല്‍ അതില്‍ നിന്ന് പിന്മാറുകയും മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത് അനുസരിച്ചും ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മശാസ്ത്ര പ്രകാരവും അക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയും വേണമെന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് റോയല്‍ കമ്മിഷന്‍ ചെയ്തത്.