വർത്തമാനകാലത്ത് പൊതുപ്രസക്തരായ പലരും 'ദാമ്പത്യമെന്ന നരക'ത്തിൽ നിന്ന് രക്ഷപ്പെടാൻ കോടതിമുറികൾ കയറിയിറങ്ങിയതും പത്രസമ്മേളനങ്ങളിൽ രോഷപ്രകടനം നടത്തിയതും നമ്മൾ വായിച്ചതാണ്. വിവാഹ മോചനം അനുവദിക്കുന്നതിനെ പറ്റി വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്തമായ വീക്ഷണമാണുള്ളത്. 1955ലെ ഹിന്ദുവിവാഹനിയമം (Hindu Marriage Act1955) നിലവില്‍ വരുന്നതു വരെ ഹിന്ദുക്കൾക്ക് വിവാഹമോചനത്തിന് അവസരമുണ്ടായിരുന്നില്ല. ദൈവം ഒന്നിപ്പിച്ചതിനെ വേർപിരിക്കാൻ പാടില്ലെന്ന നിലപാടാണ് ക്രൈസ്തവതക്കുള്ളത്. ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു തരത്തിലും സാധ്യമാകാതിരിക്കുകയും കുടുംബ ജീവിതം ഭാരവും പീഡനവുമായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവാഹജീവിതം തുടര്‍ന്നുകൊണ്ടുപോകാന്‍ നിര്‍ബന്ധിക്കരുത് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രയോഗത്തിൽ ഇല്ലാത്ത സ്നേഹവും ഒരുമയും അഭിനയിച്ചു നടക്കാൻ നാടകമല്ല ജീവിതം. മുസ്‌ലിംകൾ ത്വലാഖ് എന്നു വിളിക്കുന്നത് വിവാഹമോചനത്തിനുള്ള ഈ അവസരത്തെയാണ്. ഇനി അവളുമായി ഒരു കാലത്തും പൊറുക്കൂലാന്ന് തീരുമാനിച്ചില്ലേ ചില സംസ്കാരിക നായകൻമാർ! അതിനവരു ഡൈവോഴ്സ് എന്ന് പറഞ്ഞു. ഇസ്‌ലാം ത്വലാഖ് ബാഇൻ എന്ന് പറയുന്നു. ഈ ത്വലാഖ് ബാഇൻ തന്നെയാണ് മുത്ത്വലാഖ്. പക്ഷെ, ഒരു വ്യത്യാസമുണ്ട്; ഡൈവോഴ്സിനു ഒറ്റ രീതിയേയുള്ളൂ - വെട്ടൊന്ന്, തുണ്ടം രണ്ട്! മുത്ത്വലാഖ് മൂന്ന് ത്വലാഖാണ്. മൂന്ന് തവണയായി ഉപയോഗപ്പെടുത്താം. ഈ സൗകര്യവും അവസരവും ഇസ്ലാമല്ലാതെ ഒരു ജീവിത ദർശനവും ഇതഃപര്യന്തം വാഗ്ദാനം ചെയ്തിട്ടില്ലെന്നു മറക്കാതിരിക്കുക.
വിവാഹമോചനത്തിനു മുതിരും മുമ്പ് ദമ്പതികൾ രഞ്ജിപ്പിലെത്താൻ പല ഫോർമുലകളും ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ട്. പൊറുത്തു പോകാനുള്ള മാനസിക വിശാലത, സദുപദേശം എന്നിവ ഫലം കാണാതെ വരുമ്പോൾ സഹശയനം താത്കാലികമായി വേണ്ടെന്നു വെക്കാം. ശരിയായില്ലെങ്കിൽ മുറിവോ പാടോ പ്രകടമാവാത്ത മൃദുവായി ഒന്നു കൊട്ടാം. അതിലൊന്ന് മനസിളകിയേക്കും. അടുത്ത പടി കുടുംബകോടതിയാണ്. അവർ യുക്തിദീക്ഷയോടെ തീരുമാനം കൈകൊള്ളണം. എല്ലാ മാർഗങ്ങളും അടയുമ്പോൾ മാത്രമേ വിവാഹമോചനത്തെ പറ്റി ചിന്തിക്കാവൂ. അല്ലാഹു അനുവദിച്ചു തന്നതിൽ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് വിവാഹമോചനമെന്ന് നബി സ്വ. പറഞ്ഞിട്ടുണ്ട്. അതിനാൽ കരുതലോടെ മാത്രമേ ഒരാൾ ആചുവടിനെ കുറിച്ച് ചിന്തിക്കാവൂ. "മാനുഷിക പ്രശ്‌നങ്ങളില്‍ പ്രായോഗികവും യാഥാര്‍ഥ്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്‌ലാം, വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അവസാന പോംവഴി എന്ന നിലയില്‍, അനിവാര്യമായ തിന്മയായി, പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അനുവദിക്കുന്നത്" എന്ന് മുത്ത്വലാഖിനെ കുറിച്ച് ആഴത്തിൽ പഠിച്ചു ഗ്രന്ഥമെഴുതിയ ഡോ. ജാനക് രാജ് തന്റെ Divorce Law & Procedure എന്ന പുസ്തകത്തില്‍ എഴുതിയതിന്റെ താത്പര്യമിതാണ്.
മൂന്ന് തവണയായി ഉപയോഗപ്പെടുത്തേണ്ടതാണ് ത്വലാഖ് എന്നാണ് ഇസ്‌ലാം വിചാരിക്കുന്നത്. ഒരു തവണ ത്വലാഖ് ചെയ്താൽ മൂന്ന് മാസം ഭാര്യ ദീക്ഷ പാലിക്കണം. ഇക്കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ, അയാളുടെ തന്നെ ചിലവിലാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് വിഘ്നം. ഒരു തരം പ്രൊബേഷനൽ പിരിഡ്. സ്വഭാവികമായും ഒരേ കുടുംബാന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ സാമ്പത്തിക കൈ കർതൃത്വത്തിൽ താമസിക്കുമ്പോൾ രണ്ടു പേർക്കുമിടയിലുള്ള പിരിമുറുക്കം അയയുവാനും അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കാനും ഇടയുണ്ട്. ആ സാധ്യതയെയും ഇസ്‌ലാം മാനിക്കുന്നു. ദീക്ഷകാലത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന പക്ഷം ഒന്നിച്ചു പൊറുക്കാനവസരമുണ്ട്. ഔപചാരികമായി സാക്ഷികളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹമെന്ന കാർമികത്വം ആവശ്യമില്ല. അവളെ താൻ സഖിയായി സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാൾ അവളോട് പറഞ്ഞാൽ മതിയാകും. ഈ രീതിയിലുള്ള മൂന്ന് അവസരങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും ത്വലാഖ് ചെയ്താൽ പിന്നെ അവസരമില്ല. ''ഡൈവോഴ്സ് " ആയി!! ഡൈവോഴ്സിനേക്കാൾ എത്ര അവധാനതാ പൂർവമാണ് ത്വലാഖ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ.
ത്വലാഖ് മൂന്ന് അവസരങ്ങളിലായി ഉപയോഗിക്കാനുള്ള അനുവാദം ഒരാൾ വേണ്ടെന്നു വെക്കുന്നു എന്ന് കരുതുക. ഒന്നുകിൽ എടുത്തുചാട്ടമോ അല്ലെങ്കിൽ ബോധപൂർവമോ ആകാം. അത്രമേൽ നരകമായി തീർന്നിരിക്കാം അയാളുടെ കുടുംബ ബന്ധം. നിയമജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: “While there is no rose but has a thorn‑, if what you hold‑, and no rose‑, better to throw it away" - "പനിനീര്‍ ചെടിയിൽ പൂക്കളെല്ലാം കൊഴിഞ്ഞ് മുള്ളുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ" എന്ന്. അങ്ങനെയൊരു സാഹചര്യത്തിൽ മൂന്ന് അവസരങ്ങൾ തനിക്ക് വേണ്ട; ഒറ്റത്തവണയിൽ ബന്ധം വിച്ഛേദിക്കുന്നു എന്ന് അയാൾ തീരുമാനിച്ചാൽ നിയമ ദൃഷ്ടിയിൽ സാധുവാകും. ഇതാണ് മുത്ത്വലാഖ്. ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ നാലു ധാരകളാണുള്ളത് - ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി. ഇവയിൽ മാലികീ ഒഴിച്ചുള്ള എല്ലാ സരണികളുടെയും നിലപാട് മുത്ത്വലാഖ് കറാഹത് - വർജിക്കുന്നത് അഭിലഷണീയം എന്നാണ്. മാലികീ സരണിയിൽ അതു നിഷിദ്ധമായ കുറ്റകൃത്യം - ഹറാം ആണ്. ത്വലാഖിനുള്ള മൂന്ന് അവസരങ്ങളും ഒന്നിച്ചുപയോഗപ്പെടുത്തുന്നത് ശരിയല്ലെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അയാൾക്ക് പിന്നീട് അവസരങ്ങൾ നിഷേധിക്കപ്പെടും. അതിനാൽ, നന്നായി ആലോചിച്ചു മാത്രം എടുക്കേണ്ടതാണാ തീരുമാനം. എടുത്തു ചാട്ടക്കാർ വേദനിക്കേണ്ടി വരും. "എടുത്തുച്ചാട്ടക്കാരന്റെ നടുവൊടിച്ചു വിട്ടൂ വിധി" എന്ന് ഉള്ളൂർ കിരണാവലിയിൽ പാടിയ പോലെ. മുത്ത്വലാഖ് ശരീഅത് വിരുദ്ധമാണെന്ന് ഉത്പതിഷ്ണുക്കൾ പ്രഖ്യാപിച്ചത് മതത്തെ കുറിച്ചുള്ള അജ്ഞത മൂലമാണ്. മൂന്ന് പടവുകളുള്ള കോവണിയിൽ നിന്ന് ഓരോരോ പടവുകളായി ഇറങ്ങുന്നതിനു പകരം ഒറ്റച്ചാട്ടത്തിന് നിലത്തേക്ക് കുതിച്ചാൽ നിലത്തെത്തില്ല എന്നു വാദിച്ച മാതിരിയാണിത്. മുത്ത്വലാഖ് എന്തോ ഭീകര നടപടിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഇത്തരം വാദങ്ങൾ ഉപകരിക്കൂ.
ആനുഷംഗികമായി പറയട്ടെ, നമ്മുടെ നാട്ടിലും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്ന രീതി മുമ്പ് വ്യാപകമായിരുന്നില്ല. അത് ഇത്രയേറെ വ്യാപിച്ചതിൽ കോടതികൾക്ക് വലിയ പങ്കുണ്ട്. മൂന്ന് ത്വലാഖും ചൊല്ലിയതായി സ്ഥാപിക്കപ്പെട്ടാലേ
കോടതിയിൽ നിന്ന് ഭാര്യക്ക് അർഹമായ അവകാശങ്ങൾ കിട്ടൂ എന്ന അവസ്ഥയാണ് കാര്യങ്ങളുടെ ഗതി തിരിച്ചു വിട്ടത്. പ്രമാദമായ ഷാഹ് ബാനു കേസിൽ ജീവനാംശം കൊടുക്കാനുള്ള കോടതി വിധി ഉണ്ടായത് പതിന്നാലു സഹസ്രാബ്ദം മുസ്ലിം സമൂഹം അവലംബിച്ചിരുന്ന അനുഷ്ഠാന രീതികൾ അവഗണിച്ച് കേവലം ഒരു ഖുർആൻ പരിഭാഷയെ ആധാരമാക്കിയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മുസ് ലിംകൾ ഹനഫികളാണ്. അവർക്ക് ശൈഖ് ബുർഹാനുദ്ദീൻ അലിയുടെ അൽഹിദായയും ഫതാവാ ആലംഗീരിയും ശാഫിഈ മദ്ഹബുകാർക്ക് ഇമാം നവവിയുടെ മിൻഹാജും ഷിയാക്കൾക്ക് ജഅഫറുൽ ഹില്ലിയുടെ ശറാഇഹുൽ ഇസ്‌ലാമും അനുസരിച്ച് വിധിക്കുവാനായിരുന്നു നിർദേശിക്കപ്പെട്ടിരുന്നത്. എന്നിട്ടും വെറും ഒരു ഖുർആൻ പരിഭാഷയെ ആധാരമാക്കി വിധി പ്രഖ്യാപിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. 2002 ൽ മുംബൈ ഹൈകോടതി സിവില്‍ നടപടി ചട്ടം (Civil Procedure Code), ഇന്ത്യന്‍ തെളിവ് നിയമം (Indian Evidence Act) എന്നിവ അനുസരിച്ച് തെളിയിക്കപ്പെട്ടാലേ ത്വലാഖ് സാധുവാകൂ എന്നു വിധിച്ചു. ഇത്തരം വിധികൾ വാസ്തവത്തിൽ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ദീക്ഷകാലത്തെ രഞ്ജിപ്പിന്റെ സാധ്യതകൾക്ക് കാത്തു നിൽക്കുന്നതിനു പകരം നേരെ 'മുത്ത്വലാഖ് ' അവലംബിക്കാൻ പലരെയും പ്രേരിപ്പിച്ചത് ഈ നിലപാടുകളാണ്.