Friday, December 30, 2016

ജിസ്‌യ മതനികുതിയോ?



തിരുനബിയുടെ രാഷ്ട്രത്തില്‍ അമുസ്‌ലിംകളെ ഹര്‍ബിയ്യ്, ദിമ്മിയ്യ് എന്നിങ്ങനെ വേര്‍തിരിക്കുകയും ജിസ്‌യഃ എന്ന പേരില്‍ മത നികുതി ചുമത്തുകയും ചെയ്യുന്നു എന്ന് ആരോപണമുണ്ട്. എന്താണ് വാസ്തവം?

ഹര്‍ബിയ്യ് അല്ലെങ്കില്‍ ദിമ്മിയ്യ് എന്ന് രണ്ടായി വിഭജിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ആദ്യം ദിമ്മിയ്യ് എന്താണ് എന്ന് പറയാം. ഇസ്‌ലാമിക രാഷ്ട്രം മതനികുതി ചുമത്തിയെന്ന് ആരോപിക്കുന്നത് ഇവര്‍ക്കാണ്. എന്താണ് ആ പദത്തിന്റെ അര്‍ഥം?

മുസ്‌ലിം സമുദായത്തിന്റെ കൂടെ ജീവിക്കുന്നതിന്ന് തിരുനബി പ്രത്യേകം സംരക്ഷണം വാഗ്ദാനം ചെയ്ത വേദക്കാരാണ് ദിമ്മിയ്യ്. ദിമ്മത് എന്ന അറബി പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. അഹ്ദ്(കരാര്‍), അമാന്‍(നിര്‍ഭയത്വം), കഫാലത്(സംരക്ഷണം) എന്നൊക്കെയാണ് ഈ വാക്കിന്റെ വിവക്ഷ. വേദക്കാർക്ക് ഇസ്‌ലാമിക ഭരണകൂടം പ്രത്യേകമായി ഉറപ്പു വരുത്തിയിട്ടുള്ള സുരക്ഷയാണ് ഇതിന്റെ താത്പര്യമെന്ന് തിരുനബി ഓരോ ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാം: ‘നിങ്ങളെ അഭയമായി കാണുന്ന ദിമ്മികള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെയും നബിയുടേതുമായ സംരക്ഷണം നല്‍കണം. നിങ്ങളുടെ അനുയായികളെ പോലെ അവരെയും കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഗൗരവാര്‍ഹമാണ് അവരോട് അനീതി കാട്ടുന്നത്(മുസ്‌ലിം 2/1357). ദിമ്മികളെ അടിച്ചമര്‍ത്തുകയോ അവരുടെ കഴിവിന്നതീതമായ ഭാരം അടിച്ചേല്പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതാണ് എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.
അബൂബക്ര്‍ (റ) പ്രഥമ ഖലീഫയായി അവരോധിതനായപ്പോള്‍ നജ്‌റാനിലെ ഗവര്‍ണര്‍ക്ക് അവിടെ താമസിച്ചിരുന്ന ക്രൈസ്തവ ന്യനപക്ഷത്തെ സംബന്ധിച്ച് അയച്ച കത്തും ശ്രദ്ധേയമാണ്: അമുസ്‌ലിംകള്‍ക്ക് നബിതിരുമേനിയുടെ സംരക്ഷണം നല്‍കണം, അവരുടെ സ്ഥാരവ ജംഗമ സ്വത്തുക്കളും ആരാധാനാലയങ്ങളും പുരോഹിതരുമെല്ലാം സുരക്ഷിതരാകണം. അവര്‍ക്ക് പ്രയാസമോ നാശ നഷ്ടങ്ങളോ ഉണ്ടാകരുത് (കിതാബുല്‍ ഖറാജ് 79). തഥൈവ, ഖലീഫാ ഉമര്‍(റ) മരണശയ്യയിലും തന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്ക് നല്‍കിയ വസ്വിയ്യത്തില്‍ ദിമ്മികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നും ആവശ്യമെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ പ്രകാരം അലി(റ)യുടെയും കത്തുകളുണ്ട്. ചുരുക്കത്തില്‍ അവര്‍ മറ്റു പൗരന്മാരെ പോലെ തന്നെയാണ്. ഇമാം ഔസാഈ പറയുന്നു: അവര്‍ അടിമകളല്ല. സുരക്ഷിതരായ സ്വതന്ത്ര പൗരന്മാര്‍ തന്നെയാണ് (കിതാബുല്‍ അംവാല്‍ 150).

വ്യാപകമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമായ ഒരു നടപടിയാണ് ദിമ്മികള്‍ ജിസ്‌യ നല്കണം എന്ന് നിര്‍ദേശിക്കപ്പെട്ടത്. തിരുനബി മുസ്‌ലിം, അമുസ്‌ലിം പ്രജകള്‍ക്കിടയില്‍ വിവേചനം കാണിക്കുകയാണെന്ന ചിലര്‍ വിചാരിച്ചു. വാസ്തവത്തില്‍ ഇതു രാഷ്ട്രത്തിന്റെ നികുതി സമ്പ്രദായത്തില്‍ സാമ്പത്തിക തുലനം ഉറപ്പ് വരുത്തുവാനുള്ള ചട്ടങ്ങളുടെ ഭാഗമത്രെ.

മുസ്‌ലിം പ്രജകള്‍ വര്‍ഷാവര്‍ഷം സമ്പാദ്യത്തിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണമെന്ന് നിയമമുണ്ട്. അതു പിരിച്ചെടുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ‘ആമില്‍’ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എന്നാല്‍, ദിമ്മികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തിട്ടുള്ളതിനാല്‍ അവരില്‍നിന്ന് സകാത് പിരിക്കുക എന്നത് അപ്രായോഗികമാണ്. അത് അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ സിവില്‍ ചട്ടങ്ങള്‍ അവര്‍ക്ക് കൂടി അടിച്ചേല്പ്പിക്കുന്നതുമായി തീരും. ഈ സാഹചര്യത്തില്‍ പ്രജകളില്‍ നിന്ന് പിരിച്ചെടുക്കുന്ന ധനത്തിന്റെ വിഷയത്തില്‍ സന്തുലിതമായ നിലപാട് ഉണ്ടാകണമെങ്കില്‍ ഇതര മാര്‍ഗങ്ങള്‍ ആരായുകയാണ് പോംവഴി. അതിനാലത്രെ തിരുനബി സകാതില്‍ നിന്ന് അവരെ ഒഴിവാക്കി പകരം ജിസ്‌യഃ നടപ്പില്‍ വരുത്തിയത്.

സകാതിനെ അപേക്ഷിച്ചു പല ഇളവുകളും ജിസ്‌യയുടെ ഉപാധികളില്‍ ഉണ്ട് എന്നതും കാണാതിരുന്നുകൂടാ. സകാതിന്റെ കാര്യത്തില്‍ പ്രായഭേദമോ ലിംഗഭേദമോ ഇല്ല. നിശ്ചിത ധനരേഖയിലെത്തിയ എല്ലാവര്‍ക്കും അതു ബാധകമാണ്. എന്നാല്‍, ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്ധത, ബുദ്ധിഭ്രമം, മാറാരോഗങ്ങള്‍, വാര്‍ധക്യം തുടങ്ങിയവയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും ഇളവുണ്ട്. ചില കര്‍മ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ മതപുരോഹിതരും ജിസ്‌യഃയില്‍ നിന്ന് ഒഴിവാണ്.

രാഷ്ട്രത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദിമ്മികളെ ഒഴിവാക്കിയിട്ടുണ്ട്. ജിസ്‌യ നിയമമാക്കിയതില്‍ ഇക്കാര്യത്തിനും പരിഗണനയുണ്ട്. രാഷ്ട്രത്തിനു നേരെ ആക്രമണമുണ്ടായാല്‍ഓരോ മുസ്‌ലിമും നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങണം. എന്നാല്‍, ദിമ്മികള്‍ക്ക് ഈ ബാധ്യത ഇല്ല. അഥവാ, അവര്‍ പ്രതിരോധത്തിനു സ്വയം സന്നദ്ധമാകുന്ന പക്ഷം അവരെ ജിസ്‌യഃയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ജിസ്‌യക്ക് പകരം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതു തന്നെ കാരണം. അതിനു സാധിക്കാതെ വന്ന സാഹചര്യങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചു കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റോമന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ സേനാനായകനായിരുന്ന അബൂ ഉബൈദ(റ) മുഴുവന്‍ സിറിയന്‍ നഗരങ്ങളില്‍ നിന്നും പിരിച്ചെടുത്ത ജിസ്‌യ പണം തിരിച്ചേല്പ്പിക്കാന്‍ നിര്‍ദേശിച്ചു.കുരിശുയുദ്ധ കാലത്ത് ഇടയ്ക്ക് സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായപ്പോള്‍ സ്വുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും ജിസ്‌യ തിരിച്ചു കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ  മതന്യനപക്ഷങ്ങളായിരുന്ന വേദക്കാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സന്തുലനത്തില്‍ അവരുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് ജിസ്‌യ. ഈ സംരക്ഷണം വാഗ്ദാനം ചെയ്യപ്പെടാത്ത, കൂട്ടായ പൗരത്വ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നില നിന്നിരുന്ന ഘട്ടത്തില്‍ ജിസ്‌യഃ ഉണ്ടായിരുന്നില്ലെന്നതും ഓര്‍മിക്കേണ്ടതാണ്. മദീനയിലെത്തിയ ആദ്യകാലത്ത് ജൂതന്‍മാരമായി ഉണ്ടാക്കിയ കരാറിലും നജ്‌റാനിലെ ക്രൈസ്തവരുമായി ഉണ്ടാക്കിയ കരാറിലും ജിസ്‌യ ഉണ്ടായിരുന്നില്ല. കാരണം രാഷ്ട്രത്തിന്റെ പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ അവര്‍ക്ക് തുല്യമായ ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്.

ഇനി, ഹര്‍ബിയ്യ്. തിരുനബി ഇവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരില്‍ സൈനിക നടപടികള്‍ക്ക് സമ്മതവും നല്‍കിയിരിക്കുന്നു എന്നാണ് ആക്ഷേപം. യുദ്ധം, കലാപം, കലഹം എന്നെല്ലാം അര്‍ഥമുള്ള ഹര്‍ബ് എന്ന പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. ദിമ്മികളല്ലാത്തവരെയാണ് ഹർബിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സിവില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വിഘടിച്ചു നില്‍ക്കുകയും ആക്രമണ വാസന കാണിക്കുകയും ചെയ്യുന്ന അരാജകവാദികളാണ് ഈ വിഭാഗം. ജിസ്‌യ നല്‍കി സാമ്പത്തിക സന്തുലന നടപടികളില്‍ സഹകരിക്കാനും ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു. സ്വഭാവികമായും ഭരണമിഷണറിക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇസ്‌ലാമികമോ അല്ലാത്തതോ ആയ ഏതു രാജ്യവ്യവസ്ഥയിലും ടാക്‌സ് കൊടുക്കാന്‍ കൂട്ടാക്കാത്ത അരാജകത്വ വാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കപ്പടുന്നതിന്ന് തുല്യമാണിതും. ഒന്നാം ഖലീഫ അധികാരമേറ്റ ഉടനെ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരെയും സൈനിക നടപടികള്‍ ഉണ്ടായത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സകാതായി കൊടുക്കുന്ന മൃഗത്തോടൊപ്പം നല്‍കിയിരുന്ന പിടിക്കയര്‍ നിഷേധിച്ചാല്‍ പോലും ഞാന്‍ അവനോട് യുദ്ധം ചെയ്യുമെന്നാണ് ഖലീഫ അന്ന് പറഞ്ഞത്.

Saturday, December 24, 2016

സാന്റാക്ലോസ്


ക്രിസ്മസ് അപ്പൂപനും തൊപ്പിയുംഒന്ന് വിഷദീകരിക്കുമൊ ? - Azeez Kunjan

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റാക്ലോസ്.

രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ്  നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്റാക്ലോസിന്റെ  രൂപം ഉണ്ടായത്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം.  ചില സഭകൾ ഡിസംബർ 6 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നത് ചേർത്തു വായിക്കുക.

 പലയിടത്തും പല പേരുകളിലാണ് സാന്റാക്ലോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.

സാന്റാക്ലോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ.  ‍

Thursday, December 8, 2016

ശരീഅത്തില്‍ ഭേദഗതി വരുത്തിയോ?

മുസ്‌ലിംകളെ പരിഷ്‌കരിക്കാനുള്ള കടമ മുസ്‌ലിം സമുദായത്തിനാണ്. അത് നടന്നിട്ടുമുണ്ട്. ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയില്ലേ? 
കെ.കെ. കൊച്ച്, ദളിത്‌ ആക്ടിവിസ്റ്റ്
 
       ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയിട്ടില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഇടപെടേണ്ടി വരുന്ന മൊത്തം മേഖലകളെ നാലായിട്ട് വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ആരാധനകള്‍. ഇത് സാധാരണ ഗതിയില്‍ വ്യക്തികളുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. രണ്ടാമത്തേത് ക്രയവിക്രയ രീതികളാണ്. മൂന്നാമത്തേത് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സിവില്‍ നിയമങ്ങള്‍. പൊതുവായി പറഞ്ഞാല്‍, ഇവ രണ്ടും സാധാരണ ഗതിയില്‍ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. നാലാമത്തേത് പീനല്‍ കോഡ്. അറബിയില്‍ ജിനായാത് എന്ന് പറയുന്നു. ഇസ്‌ലാമിക് പീനല്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇസ്‌ലാമിക ഭരണാധികാരിക്കേ അനുമതിയുള്ളൂ. സ്വഭാവികമായും ഇന്ത്യയില്‍ അതിന്റെ സാധുത ആരാഞ്ഞ് തല പുകക്കേണ്ടി വരുന്നില്ല. അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങളും പറയത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. 1858ല്‍ ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുത്ത ശേഷം മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന നിയമങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളുണ്ടായല്ലൊ. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്, 1882ലെ Transfer of property Act വസ്തു കൈമാറ്റ നിയമം തുടങ്ങിയവ എല്ലാ ജനങ്ങള്‍ക്കുമായി നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവ ഇസ്‌ലാമിക നിയമത്തെ ആധാരമാക്കിയോ അവയോട് വിരുദ്ധമാകാത്ത രീതിയിലോ ആയിരുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ടിയിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ശിക്ഷയുടെ കാര്യത്തില്‍ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ കൂടി ഇസ്‌ലാം കുറ്റകരമായി കാണുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുത്തി എന്നതും ശരീഅത് നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ അതേപടി ക്രോഡീകരിച്ചു നിയമമാക്കി എന്നതും മികച്ച ഉദാഹരണമാണ്. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ Offer, Acceptance എന്നിവ ഇസ്‌ലാമിക ക്രയവിക്രയ ശാസ്ത്രത്തിലെ ഈജാബ്, ഖബൂല്‍’ എന്നിവയോട് നീതി പുലര്‍ത്തുന്നതും അവയുടെ നേര്‍ക്കുനേര്‍ ഇംഗ്ലീഷ് രൂപവുമാണ്. അതുപോലെ, മുസ്‌ലിം തെളിവ് നിയമങ്ങളുടെ പരിഷ്‌കരിച്ച രൂപം മാത്രമാണ് ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്. വസ്തു കൈമാറ്റ നിയമത്തിലാകട്ടെ, ശരീഅത്തിനു വിരുദ്ധമായ ഇഷ്ടദാനത്തെ പറ്റിയുള്ള അധ്യായം മുസ്‌ലിംകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് അതേ നിയമത്തിലെ 129-ാം വകുപ്പില്‍ പ്രത്യേകം ഉപാധി വെച്ചിട്ടുണ്ട്. അതുപോലെ വിവാഹം, ഇന്‍ഹെറിറ്റന്‍സ് പോലെയുള്ള സിവില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അതിനായി ഒരു റോയല്‍ കമ്മീഷനെ നിയമിക്കുകയുംചെയ്തിരുന്നു. എന്നാലത് ഹൈന്ദവ മുസ്‌ലിം കമ്യൂണിറ്റികളുടെ മതവിഷയങ്ങളില്‍ നേരിട്ട് ഇടപെടലായതിനാല്‍ അതില്‍ നിന്ന് പിന്മാറുകയും മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത് അനുസരിച്ചും ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മശാസ്ത്ര പ്രകാരവും അക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയും വേണമെന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് റോയല്‍ കമ്മിഷന്‍ ചെയ്തത്.


Tuesday, November 15, 2016

മുത്ത്വലാഖ് ശരീഅത് വിരുദ്ധമോ?



  വർത്തമാനകാലത്ത് പൊതുപ്രസക്തരായ പലരും 'ദാമ്പത്യമെന്ന നരക'ത്തിൽ നിന്ന് രക്ഷപ്പെടാൻ കോടതിമുറികൾ കയറിയിറങ്ങിയതും പത്രസമ്മേളനങ്ങളിൽ രോഷപ്രകടനം നടത്തിയതും നമ്മൾ വായിച്ചതാണ്. വിവാഹ മോചനം അനുവദിക്കുന്നതിനെ പറ്റി വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്തമായ വീക്ഷണമാണുള്ളത്. 1955ലെ ഹിന്ദുവിവാഹനിയമം (Hindu Marriage Act1955) നിലവില്‍ വരുന്നതു വരെ ഹിന്ദുക്കൾക്ക് വിവാഹമോചനത്തിന് അവസരമുണ്ടായിരുന്നില്ല. ദൈവം ഒന്നിപ്പിച്ചതിനെ വേർപിരിക്കാൻ പാടില്ലെന്ന നിലപാടാണ് ക്രൈസ്തവതക്കുള്ളത്. ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു തരത്തിലും സാധ്യമാകാതിരിക്കുകയും കുടുംബ ജീവിതം ഭാരവും പീഡനവുമായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവാഹജീവിതം തുടര്‍ന്നുകൊണ്ടുപോകാന്‍ നിര്‍ബന്ധിക്കരുത് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രയോഗത്തിൽ ഇല്ലാത്ത സ്നേഹവും ഒരുമയും അഭിനയിച്ചു നടക്കാൻ നാടകമല്ല ജീവിതം. മുസ്‌ലിംകൾ ത്വലാഖ് എന്നു വിളിക്കുന്നത് വിവാഹമോചനത്തിനുള്ള ഈ അവസരത്തെയാണ്.  ഇനി അവളുമായി ഒരു കാലത്തും പൊറുക്കൂലാന്ന് തീരുമാനിച്ചില്ലേ ചില സംസ്കാരിക നായകൻമാർ! അതിനവരു ഡൈവോഴ്സ് എന്ന് പറഞ്ഞു. ഇസ്‌ലാം ത്വലാഖ് ബാഇൻ എന്ന് പറയുന്നു. ഈ ത്വലാഖ് ബാഇൻ തന്നെയാണ് മുത്ത്വലാഖ്. പക്ഷെ, ഒരു വ്യത്യാസമുണ്ട്; ഡൈവോഴ്സിനു ഒറ്റ രീതിയേയുള്ളൂ - വെട്ടൊന്ന്, തുണ്ടം രണ്ട്! മുത്ത്വലാഖ് മൂന്ന് ത്വലാഖാണ്. മൂന്ന് തവണയായി ഉപയോഗപ്പെടുത്താം. ഈ സൗകര്യവും അവസരവും ഇസ്ലാമല്ലാതെ ഒരു ജീവിത ദർശനവും ഇതഃപര്യന്തം വാഗ്ദാനം ചെയ്തിട്ടില്ലെന്നു മറക്കാതിരിക്കുക.

വിവാഹമോചനത്തിനു മുതിരും മുമ്പ് ദമ്പതികൾ രഞ്ജിപ്പിലെത്താൻ പല ഫോർമുലകളും ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ട്. പൊറുത്തു പോകാനുള്ള മാനസിക വിശാലത, സദുപദേശം എന്നിവ ഫലം കാണാതെ വരുമ്പോൾ സഹശയനം താത്കാലികമായി വേണ്ടെന്നു വെക്കാം. ശരിയായില്ലെങ്കിൽ മുറിവോ പാടോ പ്രകടമാവാത്ത മൃദുവായി ഒന്നു കൊട്ടാം. അതിലൊന്ന് മനസിളകിയേക്കും. അടുത്ത പടി കുടുംബകോടതിയാണ്. അവർ യുക്തിദീക്ഷയോടെ തീരുമാനം കൈകൊള്ളണം. എല്ലാ മാർഗങ്ങളും അടയുമ്പോൾ മാത്രമേ വിവാഹമോചനത്തെ പറ്റി ചിന്തിക്കാവൂ. അല്ലാഹു അനുവദിച്ചു തന്നതിൽ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് വിവാഹമോചനമെന്ന് നബി സ്വ. പറഞ്ഞിട്ടുണ്ട്. അതിനാൽ കരുതലോടെ മാത്രമേ ഒരാൾ ആചുവടിനെ കുറിച്ച് ചിന്തിക്കാവൂ. "മാനുഷിക പ്രശ്‌നങ്ങളില്‍ പ്രായോഗികവും യാഥാര്‍ഥ്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്‌ലാം, വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അവസാന പോംവഴി എന്ന നിലയില്‍, അനിവാര്യമായ തിന്മയായി, പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അനുവദിക്കുന്നത്" എന്ന് മുത്ത്വലാഖിനെ കുറിച്ച് ആഴത്തിൽ പഠിച്ചു ഗ്രന്ഥമെഴുതിയ ഡോ. ജാനക് രാജ് തന്റെ Divorce Law & Procedure എന്ന പുസ്തകത്തില്‍  എഴുതിയതിന്റെ താത്പര്യമിതാണ്.

മൂന്ന് തവണയായി ഉപയോഗപ്പെടുത്തേണ്ടതാണ് ത്വലാഖ് എന്നാണ് ഇസ്‌ലാം വിചാരിക്കുന്നത്. ഒരു തവണ ത്വലാഖ് ചെയ്താൽ മൂന്ന് മാസം ഭാര്യ ദീക്ഷ പാലിക്കണം. ഇക്കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ, അയാളുടെ തന്നെ ചിലവിലാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് വിഘ്നം. ഒരു തരം പ്രൊബേഷനൽ പിരിഡ്. സ്വഭാവികമായും ഒരേ കുടുംബാന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ സാമ്പത്തിക കൈ കർതൃത്വത്തിൽ താമസിക്കുമ്പോൾ രണ്ടു പേർക്കുമിടയിലുള്ള പിരിമുറുക്കം അയയുവാനും അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കാനും ഇടയുണ്ട്. ആ സാധ്യതയെയും ഇസ്‌ലാം മാനിക്കുന്നു. ദീക്ഷകാലത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന പക്ഷം ഒന്നിച്ചു പൊറുക്കാനവസരമുണ്ട്. ഔപചാരികമായി സാക്ഷികളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹമെന്ന കാർമികത്വം ആവശ്യമില്ല. അവളെ താൻ സഖിയായി സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാൾ അവളോട് പറഞ്ഞാൽ മതിയാകും. ഈ രീതിയിലുള്ള മൂന്ന് അവസരങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും ത്വലാഖ് ചെയ്താൽ പിന്നെ അവസരമില്ല. ''ഡൈവോഴ്സ് " ആയി!! ഡൈവോഴ്സിനേക്കാൾ എത്ര അവധാനതാ പൂർവമാണ് ത്വലാഖ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ.

ത്വലാഖ് മൂന്ന് അവസരങ്ങളിലായി ഉപയോഗിക്കാനുള്ള അനുവാദം ഒരാൾ വേണ്ടെന്നു വെക്കുന്നു എന്ന് കരുതുക. ഒന്നുകിൽ എടുത്തുചാട്ടമോ അല്ലെങ്കിൽ ബോധപൂർവമോ ആകാം. അത്രമേൽ നരകമായി തീർന്നിരിക്കാം അയാളുടെ കുടുംബ ബന്ധം. നിയമജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: “While there is no rose but has a thorn‑, if what you hold‑, and no rose‑, better to throw it away" - "പനിനീര്‍ ചെടിയിൽ പൂക്കളെല്ലാം കൊഴിഞ്ഞ് മുള്ളുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ" എന്ന്. അങ്ങനെയൊരു സാഹചര്യത്തിൽ മൂന്ന് അവസരങ്ങൾ തനിക്ക് വേണ്ട; ഒറ്റത്തവണയിൽ ബന്ധം വിച്ഛേദിക്കുന്നു എന്ന് അയാൾ തീരുമാനിച്ചാൽ നിയമ ദൃഷ്ടിയിൽ സാധുവാകും. ഇതാണ് മുത്ത്വലാഖ്. ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ നാലു ധാരകളാണുള്ളത് - ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി. ഇവയിൽ മാലികീ ഒഴിച്ചുള്ള എല്ലാ സരണികളുടെയും നിലപാട് മുത്ത്വലാഖ് കറാഹത് - വർജിക്കുന്നത് അഭിലഷണീയം എന്നാണ്.  മാലികീ സരണിയിൽ അതു നിഷിദ്ധമായ കുറ്റകൃത്യം - ഹറാം ആണ്. ത്വലാഖിനുള്ള മൂന്ന് അവസരങ്ങളും ഒന്നിച്ചുപയോഗപ്പെടുത്തുന്നത് ശരിയല്ലെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അയാൾക്ക് പിന്നീട് അവസരങ്ങൾ നിഷേധിക്കപ്പെടും. അതിനാൽ, നന്നായി ആലോചിച്ചു മാത്രം എടുക്കേണ്ടതാണാ തീരുമാനം. എടുത്തു ചാട്ടക്കാർ വേദനിക്കേണ്ടി വരും. "എടുത്തുച്ചാട്ടക്കാരന്റെ നടുവൊടിച്ചു വിട്ടൂ വിധി" എന്ന് ഉള്ളൂർ കിരണാവലിയിൽ പാടിയ പോലെ. മുത്ത്വലാഖ് ശരീഅത് വിരുദ്ധമാണെന്ന് ഉത്പതിഷ്ണുക്കൾ പ്രഖ്യാപിച്ചത് മതത്തെ കുറിച്ചുള്ള അജ്ഞത മൂലമാണ്. മൂന്ന് പടവുകളുള്ള കോവണിയിൽ നിന്ന് ഓരോരോ പടവുകളായി ഇറങ്ങുന്നതിനു പകരം ഒറ്റച്ചാട്ടത്തിന് നിലത്തേക്ക് കുതിച്ചാൽ നിലത്തെത്തില്ല എന്നു വാദിച്ച മാതിരിയാണിത്. മുത്ത്വലാഖ് എന്തോ ഭീകര നടപടിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഇത്തരം വാദങ്ങൾ ഉപകരിക്കൂ.

ആനുഷംഗികമായി പറയട്ടെ, നമ്മുടെ നാട്ടിലും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്ന രീതി മുമ്പ് വ്യാപകമായിരുന്നില്ല. അത് ഇത്രയേറെ വ്യാപിച്ചതിൽ കോടതികൾക്ക് വലിയ പങ്കുണ്ട്. മൂന്ന് ത്വലാഖും ചൊല്ലിയതായി സ്ഥാപിക്കപ്പെട്ടാലേ
കോടതിയിൽ നിന്ന് ഭാര്യക്ക് അർഹമായ അവകാശങ്ങൾ കിട്ടൂ എന്ന അവസ്ഥയാണ് കാര്യങ്ങളുടെ ഗതി തിരിച്ചു വിട്ടത്. പ്രമാദമായ ഷാഹ് ബാനു കേസിൽ ജീവനാംശം കൊടുക്കാനുള്ള കോടതി വിധി ഉണ്ടായത് പതിന്നാലു സഹസ്രാബ്ദം മുസ്ലിം സമൂഹം അവലംബിച്ചിരുന്ന അനുഷ്ഠാന രീതികൾ അവഗണിച്ച് കേവലം ഒരു ഖുർആൻ പരിഭാഷയെ ആധാരമാക്കിയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മുസ് ലിംകൾ ഹനഫികളാണ്. അവർക്ക് ശൈഖ് ബുർഹാനുദ്ദീൻ അലിയുടെ അൽഹിദായയും ഫതാവാ ആലംഗീരിയും ശാഫിഈ മദ്ഹബുകാർക്ക് ഇമാം നവവിയുടെ മിൻഹാജും ഷിയാക്കൾക്ക് ജഅഫറുൽ ഹില്ലിയുടെ ശറാഇഹുൽ ഇസ്‌ലാമും അനുസരിച്ച് വിധിക്കുവാനായിരുന്നു നിർദേശിക്കപ്പെട്ടിരുന്നത്. എന്നിട്ടും വെറും ഒരു ഖുർആൻ പരിഭാഷയെ ആധാരമാക്കി വിധി പ്രഖ്യാപിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. 2002 ൽ മുംബൈ ഹൈകോടതി സിവില്‍ നടപടി ചട്ടം (Civil Procedure Code), ഇന്ത്യന്‍ തെളിവ് നിയമം (Indian Evidence Act) എന്നിവ അനുസരിച്ച് തെളിയിക്കപ്പെട്ടാലേ ത്വലാഖ് സാധുവാകൂ എന്നു വിധിച്ചു. ഇത്തരം വിധികൾ വാസ്തവത്തിൽ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ദീക്ഷകാലത്തെ രഞ്ജിപ്പിന്റെ സാധ്യതകൾക്ക് കാത്തു നിൽക്കുന്നതിനു പകരം നേരെ 'മുത്ത്വലാഖ് ' അവലംബിക്കാൻ പലരെയും പ്രേരിപ്പിച്ചത് ഈ നിലപാടുകളാണ്.

Monday, November 7, 2016

മറിയയും ഔലിയാക്കളും


മറിയ_ദൈവമല്ല!
by Lithin KM

"വിശുദ്ധ മറിയത്തിനു ഒരിക്കലും ദൈവത്തിനു കൊടുക്കേണ്ടുന്ന മഹത്വം കൊടുക്കാറില്ല... യേശുവിന്‍റെ അമ്മ ആയതു കൊണ്ടാണ് സഭ മറിയത്തെ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്...  അതില്‍ കവിഞ്ഞു ഒരു സ്ഥാനം വി.മറിയത്തിനു ഇല്ല.. " യേശുവിന്‍റെ അമ്മ ആവാന്‍ അവള്‍ക്ക് ഭാഗ്യം സിദ്ധിച്ചു അത് തന്നെ ആണ് അവള്‍ വിശുദ്ധരില്‍ വെച്ച് ഏറ്റവും ബഹുമാനിക്ക പെടാന്‍ കാരണം.... ദൈവത്തിന്‍റെ സ്ഥാനം ആരേലും വിശുധര്‍ക്ക് കൊടുത്താല്‍ അത് പാപവും ഒന്നാം പ്രമാണ ലംഖനവും ആണ്..  നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഔലിയാക്കലെയും അംബിയാക്കളെയും നിങ്ങള്‍ ബഹുമാനിക്കുന്നത്‌ പോലെ അവരോടു സഹായ തേട്ടം ചെയ്യുന്നത് പോലെ ഉള്ളു.. വിശുധരോടുള്ള ഞങ്ങളുടെ അപേക്ഷ പ്രാര്‍ഥനകളും..."

#പ്രതികരണം :

വിശ്വാസത്തിൽ വൈവിധ്യം വെച്ചു പുലർത്തുന്ന എത്രയോ സഭകൾ ഉണ്ടെന്നതും ഉണ്ടായിരുന്നു  എന്നതും സംബന്ധിച്ചുള്ള അജ്ഞതയാണ് പലരുടെയും ഊർജമെന്ന് തോന്നുന്നു. ത്രിയേകത്വത്തെ തത്വത്തിൽ അംഗീകരിച്ച സാക്ഷാൽ നിഖ്യാ സമ്മേളനത്തിൽ തന്നെ "ദൈവമാതാവ്‌" ഉൾക്കൊള്ളുന്ന ത്രിത്വത്തെ കുറിച്ചുള്ള വാദങ്ങളുമുയർന്നിരുന്നു.

The Melchites at the Nicean Council in 325 AD avowed that the Holy Trinity consisted of "The Father, The Virgin Mary, and the Messiah their Son." (Nimrod, iii.  p.  329).

എഡ്വാർഡ് ഗിബ്ബൺ തന്റെ The History of The Decline & Fall Of The Roman Empire എന്ന ഗ്രന്ഥത്തിൽ എഴുതുന്നതു വായിക്കൂ.

"The Christians of the seventh century had insensibly relapsed into a semblance of paganism: their public and private vows were addressed to the relics and images that disgraced the temples of the East: the throne of the Almighty was darkened by the clouds of martyrs, and saints, and angels, the objects of popular veneration; and the Collyridian heretics, who flourished in the fruitful soil of Arabia, invested the Virgin Mary with the name and honours of a goddess"

(Edward Gibbon, The History of The Decline & Fall Of The Roman Empire, 1994, Penguin Books, p. 177.)

പിതാവിനും പുത്രനുമൊപ്പം "ദൈവമാതാവിനെയും" ദേവിയായി വിശ്വസിച്ചിരുന്ന സഭകൾ ഉണ്ടായിരുന്നു എന്നാണ് ഗിബ്ബൺ അംഗീകരിക്കുന്നത്.

Friday, September 23, 2016

ബ്രാഹ്മണിക്കുരുടി, പാർഥനോജനസിസ് : ഖുർആനു തെറ്റു പറ്റിയോ?



ഒരു യുക്തി വാദി അയച്ച ചോദ്യം ഉസ്താദിന് ഫോർവാഡ് ചെയ്യുന്നു - Jameel Ibnu Shihab

പാമ്പുവർഗ്ഗത്തിലെ വളരെ ഒരു ചെറിയ ഇനമാണ് ബ്രാഹ്മണിക്കുരുടി. അഞ്ച് മുതൽ ഇരുപത് വരെ സെ.മീ നീളം വക്കുന്ന ഇവ കോഴിപ്പാമ്പ്, കുരുടൻ പാമ്പ്, കോലിപ്പാമ്പ് എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലവർ പോട് സ്നേക് എന്നും പറയുന്ന ഇവയുടെ ശാസ്ത്രനാമം റാംഫോടൈപ്ലോപ്സ് ബ്രഹ്മിണസ് എന്നാണ്. ചില പ്രദേശങ്ങളിൽ ഇതിനെ തൊട്ടാരട്ടി എന്നും പറഞ്ഞിരുന്നു.
!!!ഈ ജീവിവർഗ്ഗത്തിൽ ആൺപാമ്പുകളില്ല!!!
. പ്രജനനം പാർഥിനൊജെനെസിസ് അഥവാ അനിഷേകജനനം വഴിയാണ്. ഇണചേരൽ കൂടാതെതന്നെ പെൺപാമ്പുകളുടെ വയറ്റിൽ ഓരോ തവണയും പത്തു മുതൽ മുപ്പതുവരെ മുട്ടകൾ രൂപം കൊള്ളുന്നു. മുട്ടകൾ വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് 50 മുത 60 വരെ മി. മീ. നീളം കാണും. എല്ലാം പെൺകുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. ഇവയുടെ പ്രിയഭക്ഷണം ഉറുമ്പിന്റേയും ചിതലിന്റേയും മറ്റും മുട്ടകളും ലാർവ്വകളുമാണ്.

Surah No:51
Adh-Dhaariyat
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.(49)

NB : ഈ പാമ്പിനു ഇണകളെ സൃഷ്ട്ടിക്കാന്‍ ഇസ്ലാമിന്റെ അള്ളാഹു മറന്നതാണോ ??
ഇത്രയും വലിയ ഒരു നുണ പറയുന്ന കിത്താബു വേറെയുണ്ടോ ? ഈ പാമ്പിന്റെ കാര്യത്തില്‍ അല്ലാഹുവിനു എന്ത് പറ്റിപ്പോയി ഖുറാന്‍ എന്നത് എന്നന്നെക്കുമുള്ള പുസ്തകമാണ് ഇനി വേറെ പുസ്തകം ഒന്നും അള്ളാഹു ഇറക്കില്ല എന്നും പറയുന്ന കിത്താബില്‍ ഇങ്ങനെയുള്ള അറിവില്ലായിമകള്‍ ഉണ്ടകില്‍ അത് തിരുത്തി ജനത്തിന് ഉപകാരപ്രദമായ രീതിയില്‍ ഈ പുസ്തകത്തെ കൊണ്ട് വരേണ്ടതല്ലേ അല്ലാതെ ഖുറാനില്‍ ഇന്നേവരെ ഒരു തെറ്റും ഇല്ല എന്ന് എങ്ങനെ പറയുവാന്‍ കഴിയും ഈ മുകളില്‍ കാണിച്ച പാമ്പിന്റെ കാര്യം തന്നെ ഒരു വലിയ തെറ്റല്ലേ ?

= സമാനമായ മറ്റൊരു ചോദ്യം Kabeer Ahmed ഷെയർ ചെയ്തിട്ടുണ്ട്.

   ഖുർആനിൽ അല്ലാഹു പറയുന്നു ,"എല്ലാ വസ്തുക്കളിൽ നിന്നും 2 ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്ക് ആലോചിച്ച മനസിലാക്കാൻ വേണ്ടി (51:49)"
ഇണകളില്ലാതെ ജനിക്കുന്ന ജീവികളെ കണ്ടെത്തുക വഴി ആധുനിക ശാസ്ത്രം ഈ വാദത്തെയും തള്ളി കളയുന്നു,ഉദാ :ബാക്ടീരിയ യുടെ പുനഃരുത്പാദനം നടക്കുന്നത് കോശ വിഭജനത്തിലൂടെയാണ്,
fungus ലൈംഗിക മായും അല്ലാതെയും പുനഃരുത്പാദനം നടത്തുന്നു, അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന whiptail lizard parthenogenicis പ്രക്രിയ വഴിയാണ് പുനഃരുത്പാദനം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതികരണം:
പരിശുദ്ധമായ ഖുർആൻ അമാനുഷികമാണ്. തീർത്തും സ്ഖലിത മുക്തമാണ് അതിലെ ഓരോ സൂക്തങ്ങളും. ഏതു കാലത്തും പരിശുദ്ധമായ ഖുർആനെതിരെ ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങളെ വസ്തുതാപരമായി നേരിടാൻ അതിനു സാധിച്ചിട്ടുണ്ട്.  ഇണകളില്ലാതെ ജനിക്കുന്ന ജീവികളെ കണ്ടെത്തുക വഴി ആധുനിക ശാസ്ത്രം "എല്ലാ വസ്തുക്കളിൽ നിന്നും നാം  ഇണകളെ സൃഷ്ടിച്ചിരിക്കുന്നു" (വി.ഖു. 51:49) എന്ന സൂക്തം തെറ്റാണെന്നു തെളിയിച്ചിട്ടുണ്ട്, അതുവഴി ഖുർആൻ ദൈവികമല്ലെന്നു തെളിഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള    വിമർശനവും തൊട്ടാൽ പൊട്ടുന്ന കുമിളകളാണ്.

#ഖുർആൻ_വ്യാഖ്യാതാക്കളുടെ_നിലപാട്.

ഇവിടെ, രണ്ട് പദങ്ങൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഒന്ന്: ''സൗജ് " ( زوج). ഇണ എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഈ പദമാണ്. ഇണ, ജോഡി, ഇരട്ട, ദ്വൈതം എന്നൊക്കെയാണ് 'സൗജി'ന്റെ അർഥം. അഥവാ, ഇണകളെ അല്ലെങ്കിൽ ജോഡികളെ (Pairs) സൃഷ്ടിച്ചുവെന്നാണ് സൂക്തത്തിലെ ചർച്ച. അല്ലാതെ, ലൈംഗിക പ്രത്യുത്പാദനത്തിലൂടെയുള്ള (Sexual Reproduction) ജനനത്തെ കുറിച്ചല്ല.

രണ്ട്: من كل شيئ - എല്ലാ വസ്തുക്കളിൽ നിന്നും എന്നു പറഞ്ഞതിന്റെ അർഥം.
ഈ സൂക്തം ഒന്നാവർത്തിച്ചു വായിച്ചു നോക്കൂ.  "എല്ലാ വസ്തുക്കളിൽ നിന്നും നാം  ഇണകളെ സൃഷ്ടിച്ചിരിക്കുന്നു". എല്ലാ സൃഷ്ടികളിലുമുള്ള ജോഡികളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അതിൽ കേവലം ജീവികൾ മാത്രമല്ല, അചേതന വസ്തുക്കളും ഉൾപ്പെടും. അചേതന വസ്തുക്കൾ 'ഇണ ചേർന്നുള്ള' ലൈംഗിക പ്രത്യുത്പാദനത്തിലൂടെയാണ് ജനിക്കുന്നത് എന്നാരെങ്കിലും വിശ്വസിക്കുമോ? സ്വഹാബികൾ മുതലുള്ള എല്ലാ ഖുർആൻ വ്യഖ്യാതാക്കളും ഈ സൂക്തത്തെ വിശദീകരിച്ചത് من كل شيئ - എല്ലാ വസ്തുക്കളിൽ നിന്നും എന്നു പറഞ്ഞതിൽ ചേതനവും അചേതനവുമായ  എല്ലാ വസ്തുക്കളും മൂർത്തവും അമൂർത്തവുമായ എല്ലാ സംഗതികളും ഉൾപ്പെടും എന്ന അർത്ഥത്തിലാണ്. ഇമാം ശംസുദ്ദീനിൽ ഖുർത്വുബി (റ) എഴുതുന്നു:

(وَمِنْ كُلِّ شَيْءٍ خَلَقْنا زَوْجَيْنِ) أَيْ صِنْفَيْنِ وَنَوْعَيْنِ مُخْتَلِفَيْنِ. قَالَ ابْنُ زَيْدٍ: أَيْ ذَكَرًا وَأُنْثَى وَحُلْوًا وَحَامِضًا وَنَحْوَ ذَلِكَ. مُجَاهِدٌ: يَعْنِي الذَّكَرَ وَالْأُنْثَى، وَالسَّمَاءَ وَالْأَرْضَ، وَالشَّمْسَ وَالْقَمَرَ، وَاللَّيْلَ وَالنَّهَارَ، وَالنُّورَ وَالظَّلَامَ، وَالسَّهْلَ وَالْجَبَلَ، وَالْجِنَّ وَالْإِنْسَ، وَالْخَيْرَ وَالشَّرَّ، وَالْبُكْرَةَ وَالْعَشِيَّ، وَكَالْأَشْيَاءِ الْمُخْتَلِفَةِ الا لو ان مِنَ الطُّعُومِ وَالْأَرَايِيحِ وَالْأَصْوَاتِ. أَيْ جَعَلْنَا هَذَا كَهَذَا دَلَالَةً عَلَى قُدْرَتِنَا، وَمَنْ قَدَرَ عَلَى هَذَا فَلْيَقْدِرْ عَلَى الْإِعَادَةِ. وَقِيلَ: (وَمِنْ كُلِّ شَيْءٍ خَلَقْنا زَوْجَيْنِ) لِتَعْلَمُوا أَنَّ خَالِقَ الْأَزْوَاجِ فَرْدٌ، فَلَا يُقَدَّرُ فِي صِفَتِهِ حَرَكَةٌ وَلَا سُكُونٌ، وَلَا ضِيَاءٌ وَلَا ظَلَامٌ، وَلَا قُعُودٌ وَلَا قِيَامٌ، وَلَا ابْتِدَاءٌ وَلَا انْتِهَاءٌ، إِذْ هُوَ عَزَّ وَجَلَّ وِتْرٌ (لَيْسَ كَمِثْلِهِ شَيْءٌ.).

 "എല്ലാ വസ്തുക്കളിൽ നിന്നും  ഇണകളെ" എന്നു പറഞ്ഞാൽ വ്യത്യസ്തമായ രണ്ടു തരത്തിലും ഇനത്തിലുമുള്ളവയെ എന്നാണ്. ഇബ്നു സൈദ് (റ) പറഞ്ഞു: "ആണ്/പെണ്ണ്, മധുരം/പുളി എന്നിങ്ങനെ". മുജാഹിദ് (റ) പറയുന്നു: "അതു കൊണ്ടു ഉദ്ദേശിക്കുന്നത് ആണ്/പെണ്ണ്, വാനം/ഭുവനം, സൂര്യൻ/ചന്ദ്രൻ, രാവ്/പകൽ, വെളിച്ചം/ഇരുട്ട്, നിമ്നം/ഉന്നതം, ഭൂതം/ജനം, നൻമ/തിൻമ, പ്രഭാതം/പ്രദോഷം അതുപോലെ വർണം, രുചി, ഗന്ധം, ശബ്ദം തുടങ്ങിയവയിലെ വൈവിധ്യങ്ങൾ എന്നൊക്കെയാണ്. അതായത്, "ഇവയെല്ലാം ഇപ്രകാരം സൃഷ്ടിച്ചിരിക്കുന്നത് നമ്മുടെ അപാരമായ കഴിവിന്റെ മേൽ അറിയിക്കുന്നതിനാണ്. ഇത്രയും ശേഷിയുള്ളവനാകട്ടെ പുനരുത്ഥാനം നടത്തുന്നതിനും കഴിവാർന്നവനായിരിക്കും!

ഇങ്ങനെയും വിശദീകരണം നൽകപ്പെട്ടിട്ടുണ്ട് : "എല്ലാ വസ്തുക്കളിൽ നിന്നും നാം  ഇണകളെ സൃഷ്ടിച്ചിരിക്കുന്നു", ഈ ദ്വൈതങ്ങളെ മുഴുവൻ പടച്ചവൻ ഏകനാണ് എന്ന് നിങ്ങളറിയാൻ വേണ്ടി. അപ്പോൾ ചലനം/നിശ്ചലനം, വെട്ടം/ഇരുട്ട്, ഇരുത്തം/നിറുത്തം, തുടക്കം/ഒടുക്കം തുടങ്ങിയ ദ്വന്ദ്വങ്ങളൊന്നും
അവന്റെ വിശേഷണങ്ങളിൽ സങ്കൽപിക്കപ്പെടുകയില്ല.
കാരണം, അവൻ സമ്പൂർണ ഏകനാണ്. "അവനെപ്പോലെ ഒന്നുമില്ല"(ഖു.)" (തഫ്സീറുൽ ഖുർത്വുബി 17/53).

#ശാസ്ത്രത്തിന്റെ_കാഴ്ചപ്പാട്.

വിശുദ്ധ ഖുർആനിന്റെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടി കാണിക്കാൻ  'ബുദ്ധിജ്ജീവിപ്പട്ടം' കെട്ടിയെഴുന്നള്ളുന്നവരെ വാസ്തവത്തിൽ നിരാശപ്പെടുത്തുകയാണ് ശാസ്ത്രം  ചെയ്തിട്ടുള്ളത്.

 ലോകത്ത് അസംഖ്യം സൃഷ്ടികളുണ്ട്. അവയെല്ലാം പ്രത്യക്ഷമോ ഗുപ്തമോ ആയി 'ഏക വിരുദ്ധം' ആണ്. അഥവാ, ദ്വന്ദമോ ബഹുത്വമോ ആണെന്നർഥം. വിശുദ്ധ ഖുർആനിന്റെ നിലപാടിനെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കും വിധം മനുഷ്യർ മുതൽ ചെടികൾ വരെയുള്ള എല്ലാത്തിലും ജോഡികൾ ഉണ്ട്. മനുഷ്യരിലെയും മറ്റു ജീവികളിലെയും ഈ ജോഡികളെ നാം സാധാരണയായി ഇണകൾ അല്ലെങ്കിൽ ആണ്/പെണ്ണ് എന്ന് വിളിക്കുന്നു.

പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്‌ എന്നറിയാത്തവർ ഉണ്ടാകില്ല. ആറ്റം എന്നാണ് ഇതിന്റെ ആംഗലേയം.  ‘വിഭജിക്കാൻ സാധിക്കാത്തത്’ എന്നാണ് ആറ്റം എന്ന വാക്കിനർത്ഥം. എന്നാൽ, ആദ്യകാലത്ത് വിശ്വസിച്ചിരുന്നതു പോലെ അണു അവിഭാജ്യമായ കണികയാണെന്ന ആശയത്തെ ശാസ്ത്രജ്ഞൻമാർ തള്ളിക്കളഞ്ഞിരിക്കുന്നു. ഓരോ അണുവിലും സബ്‌ആറ്റോമിക് കണങ്ങൾ എന്നു വിളിക്കപ്പെടുന്ന വിവിധ കണങ്ങളുണ്ട്. സാന്ദ്രതയും പിണ്ഡവും ഏറിയ അണുകേന്ദ്രം അഥവാ ന്യൂക്ലിയസ് എന്ന ഭാഗത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും ഉൾക്കൊള്ളുന്നു. ന്യൂക്ലിയസ് അഥവാ അണുകേന്ദ്രത്തെ പിളർന്നാണ്‌ ആണവോർജ്ജം ഉല്പ്പാദിപ്പിക്കുന്നത്. ഇന്ന് എല്ലായിടത്തും ആണവോർജ്ജമാണല്ലൊ ചർച്ച. അണുകേന്ദ്രങ്ങൾ വിഘടിയ്ക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊർജ്ജത്തെയാണ് ആണവോർജ്ജം എന്നു പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി പരക്കെ അംഗീകരിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ രൂപം നൽകിയ ആപേക്ഷികതാ സിദ്ധാന്തം പരിചയപ്പെട്ടിട്ടില്ലാത്ത ഹൈസ്കൂൾ വിദ്യാർഥികൾ പോലുമുണ്ടാകില്ല. ഐൻസ്റ്റീനിന്റെ പ്രസിദ്ധമായ E = m.c² എന്ന സമവാക്യത്തിന് അനുസൃതമായാണ് ആണവോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. അഥവാ അണുവിഘടനം  (ന്യൂക്ലിയർ ഫിഷൻ) അല്ലെങ്കിൽ അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ) ആണ് ഈ ചർച്ചയുടെ അടിസ്ഥാനമെന്നർഥം. അണുവിഘടനമോ അണുസംയോജനമോ കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌. ഹിരോഷിമയും നാഗസാക്കിയും ഈ ഊർജ്ജരൂപത്തിന്റെ നശീകരണശേഷി ലോകത്തെ ബോധ്യപ്പെടുത്തി. ഇത്രയും വിശദമായി പറഞ്ഞതിന്റെ രത്നച്ചുരുക്കം വിഭജിക്കാൻ സാധിക്കാത്തത് എന്ന് നൂറ്റാണ്ടുകളോളം ശാസ്ത്രജ്ഞൻമാർ വിശ്വസിച്ചിരുന്ന ഈ പ്രപഞ്ചത്തിലെ ഓരോ പദാർത്ഥത്തിന്റെയും മൂലകണങ്ങൾ പോലും "ഏകം അല്ല, ആന്തരികമായ ദ്വൈതമോ ബഹുത്വമോ ഉൾകൊള്ളുന്നതാണ്" എന്ന ശാസ്ത്രീയ സത്യത്തിൽ ഉൾകൊണ്ടിരിക്കുന്ന പാഠമാണ് ഖുർആൻ പതിന്നാലു സഹസ്രാബ്ദങ്ങൾ മുമ്പ് പറഞ്ഞത് എന്നത്രെ.

#ഹെർമഫ്രോഡൈറ്റും_പാർഥനോജനസിസും

ആണിന്റെയും പെണ്ണിന്റെയും പ്രത്യുത്പാദനാവയവങ്ങൾ ഉള്ള ജീവികളെയാണ് ഹെർമഫ്രോഡൈറ്റുകൾ അഥവാ ദ്വിലിംഗ ജീവികൾ എന്ന് പറയുന്നത്.
രണ്ട് ലിംഗക്കാരുടെയും പ്രജനനാവയവങ്ങൾ ഉണ്ടായതു കാരണം സ്വയം പ്രത്യുത്പാദനശേഷിയുള്ള ചില ജീവികളെയും ചിലപ്പോൾ തെറ്റായി ഹെർമാഫ്രോഡിറ്റിക് എന്ന് പ്രയോഗിക്കാറുണ്ട്. ഇവ ഒരു തരത്തിലും
ഖുർആൻ പറഞ്ഞതിനോട് വിരുദ്ധമാകുന്നില്ലെന്ന് മാത്രമല്ല, പ്രസ്തുത ആശയം കൂടുതൽ ശാസ്ത്രീയാടിത്തറ കൈവരിക്കുകയാണ് ചെയ്യുന്നത്. കാരണം, ഹെർമഫ്രോഡൈറ്റുകൾ സ്വയം പ്രജനനം നടത്തുന്നുവെങ്കിൽ തന്നെയും (ഇപ്പോഴും, വിശിഷ്യാ സൂക്ഷ്മജീവികളിൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു അനുമാനം മാത്രമാണിത് എന്നോർക്കുക) അവ രണ്ട് ലിംഗത്തയും പ്രതിനിധാനം ചെയ്യുന്നവയാണ്.  ആണിന്റെയും പെണ്ണിന്റെയും പ്രജനനാവയവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെയും പ്രത്യുതപാദന ശേഷി ഉണ്ടാകുമായിരുന്നില്ല!

അടുത്തത് പാർഥനോജനസിസ്.
അനിഷേക ജനനം എന്നാണ് ഈ വാക്കിനെ സാധാരണ മൊഴി മാറ്റാറുള്ളത്. ലിംഗഹീനരോ ലിംഗഭേദമില്ലാത്തവരോ ആയ ജീവികളോ ചെടികളോ ആണ് പാർഥനോജനസിസ് എന്ന് ചിലർ പറയുന്നു. പച്ചയ്ക്കു പറഞ്ഞാൽ, ആൺ പെൺ ഭേദങ്ങളില്ലാത്ത ജീവിവർഗം! ആ പറഞ്ഞത് നൂറു ശതമാനം ശരിയല്ല. കാരണം, കന്യക എന്നർഥമുള്ള പാർഥനോസ് എന്ന വാക്കും സൃഷ്ടിപ്പ് എന്നതിന് ഉപയോഗിക്കാറുള്ള ജനസിസും ചേർന്നാണ് പാർഥനോജനസിസ് എന്ന പദം തന്നെയുണ്ടായത്. അതായത്, ചില ജീവികളിലെ പെൺവർഗത്തിന്  അണ്ഡബീജസങ്കലനത്തിന് ആവശ്യമായ ലൈംഗിക ബന്ധങ്ങളിലൂടെ അല്ലാതെ (asexual) ഭ്രൂണവളർച്ച ഉണ്ടാകുന്നു. ചില റോട്ടിഫെറുകളിലും ക്രസ്റ്റേഷ്യകളിലും അനിഷേകജനനം മാത്രമാണ് പ്രത്യുത്പാദനമാർഗം. ചില സസ്യങ്ങളിലും  ബീജ പരാഗണം നടക്കാതെ തന്നെ അണ്ഡ വളർച്ചയും പ്രത്യുത്പാദനവും ഉണ്ടാകുന്നു. ഇത് അസംഗജനനത്തിന്റെ (apomixis) ഭാഗമാണ്. പാർഥനോജനസിസിന്റെ വൈവിദ്യങ്ങളായ Gynogenesis, Hybridogenesis എന്നിവയിലും സമാനമായ രീതികളാണ് നിലനിൽക്കുന്നത്.

 സ്വാഭാവിക അനിഷേകജനനത്തിലൂടെ (parthenogenesiട) പിറക്കാറുള്ളത് "പെൺശിശു " ആണ്. ചോദ്യ കർത്താവ് ഉദ്ധരിച്ച ബ്രാഹ്മണിക്കുരുടി അഥവാ കുരുടി തന്നെ ഏറ്റവും നല്ല ഉദാഹരണം. കുരുടി കുടുംബത്തിൽ ആൺവർഗം ഇല്ല.

ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ രൂപപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതിനെ സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നുപറയുന്നു. ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം പ്രതുത്പാദനാവയവങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആണ്. സാധാരണ ഗതിയിൽ പുരുഷ ബീജമാണ് ആൺ പെൺ ലിംഗ വ്യത്യാസത്തിനു കാരണമാകാറുള്ളത്. പുരുഷ ബീജകോശമായ സ്‌പെർ‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ‌ (സിക്താണ്ഡം) നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ഉണ്ടാവും. അണ്ഡ ബീജ സങ്കലന വേളയിൽ എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞ്‌ ജനിക്കുന്നു. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌കുട്ടിയും ജനിക്കുന്നു. അഥവാ, പുരുഷ ബീജം (Sperm) ആണ് ലിംഗ നിർണയം നടത്തുന്നത്. ഇത് XY Sex Determination System എന്ന് അറിയപ്പെടുന്നു. എന്നാൽ, കോഴി ഉൾപ്പടെയുള്ള പക്ഷികൾ, ചില തരം മത്സ്യങ്ങൾ, ചെമ്മീൻ പോലെയുള്ള ക്രസ്റ്റേഷ്യൻ ജീവികൾ, കമ്പിളിപ്പുഴു, ചിത്രശലഭം പോലെയുള്ള ചില പ്രാണികൾ, ചില തരം പല്ലികൾ ഉൾപ്പെടുന്ന ഇഴജന്തുക്കൾ തുടങ്ങിയ ഏതാനും ജീവികളിൽ ZW Sex Determination System ആണ് നിലനിൽക്കുന്നത്. ഇവിടെ പുംബീജത്തിനു പകരം സ്ത്രീയുടെ അണ്ഡമാണ് ശിശുവിന്റെ ലിംഗ നിർണയം  നടത്തുന്നത്. XY System ത്തിലെ XYക്കു പകരമാണ് ZW ഉപയോഗിച്ചിരിക്കുന്നത്. ഈ ജീവികളിലെ പുരുഷലിംഗ കോശങ്ങൾ എപ്പോഴും സജാതീയവും (Homogametic - ZZ) സ്ത്രീലിംഗകോശങ്ങൾ വിജാതീയവും (Heterogametic - ZW) ആയിരിക്കുന്നതിനാലാണിത്.

ജനിക്കുന്ന ശിശു XY സിസ്റ്റത്തിലാണെങ്കിൽ ആണോ  പെണ്ണോ ആകാം. അതേ സമയം, പാർഥനോജനസിസിൽ പുരുഷബീജവുമായി സങ്കലനം ഉണ്ടാകാത്തതിനാൽ ZW സിസ്റ്റമാണ് നിലനിൽക്കുന്നത്. മാതാവിന്റെ അണ്ഡം മാത്രം വികസിച്ചാണല്ലൊ ഇവിടെ ജനനം നടക്കുന്നത്. അനിഷേകജനത്തിലൂടെയുള്ള ശിശു എപ്പോഴും പെൺലിംഗം മാത്രമായിരിക്കുന്നതിന്റെ കാരണമിതാണ്. ഇത് സ്വാഭാവിക അനിഷേക ജനനമാണ്. എന്നാൽ, അപൂർവം ചില ജീവികളിൽ ഐച്ഛികമായുള്ള അനിഷേകജനനം കണ്ടുവരുന്നുണ്ട്. തേനീച്ച ഒരുദാഹരണം. ബീജസങ്കലനമില്ലാതെ അണ്ഡം വികാസം പ്രാപിക്കുന്നതാണ് ആൺതേനീച്ചകൾ; മറിച്ച് ബീജസങ്കലനമുണ്ടാകുമ്പോൾ പെൺതേനീച്ചകളും ഉണ്ടാകുന്നു. അതായത് പാർഥനോജനസിസിലും തത്വത്തിൽ ജോഡി ഉണ്ട്. മാത്രമല്ല, ഇതിലൂടെ ജനിക്കുന്ന ശിശുവിന് ലിംഗഭേദമില്ല (asexual or sexless) എന്ന് പറയുന്നതും ശുദ്ധ അസംബന്ധമാണ്. അവയും ആണോ പെണ്ണോ ആകും.

#ക്ലോണിംഗ്

ഇതു സംബന്ധമായി സ്വാഭാവികമായി ഉയർന്നു വരുന്ന മറ്റൊരു സംശയമാണ് ക്ലോണിംഗിലൂടെ ജനിക്കുന്നതും ഇണ ചേരലില്ലാതെയല്ലേ എന്നത്. അതിന്റെ ഉത്തരം തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.  "എല്ലാ വസ്തുക്കളിൽ നിന്നും നാം  ഇണകളെ സൃഷ്ടിച്ചിരിക്കുന്നു" എന്നതിന്റെ വിവക്ഷ ലൈംഗിക ബന്ധത്തിലൂടെയുള്ള പ്രജനന വ്യവസ്ഥയെ പറ്റിയല്ല; അവന്റെ സൃഷ്ടി ജാലങ്ങളുടെ പ്രകൃതത്തെ പറ്റിയാണ്. ക്ലോണിംഗിലൂടെ ജനിക്കുന്നതും ആണോ പെണ്ണോ തന്നെ, സംശയമില്ല!

ചുരുക്കത്തിൽ, ഇമാം ഖുർത്വുബി എഴുതിയതു പോലെ ഈ സൂക്തത്തിന്റെ താത്പര്യം ഈ ദ്വൈതങ്ങളെ മുഴുവൻ പടച്ചവൻ ഏകനാണ് എന്ന് നാം ഗ്രഹിക്കണമെന്നത്രെ. അവനല്ലാത്തതിലെല്ലാം പ്രത്യക്ഷമോ ഗുപ്തമോ ആയ ദ്വൈതമോ ബഹുത്വമോ നില നിൽക്കുന്നു. അവനിൽ ഒരു തരത്തിലും അവ സങ്കൽപിക്കപ്പെടുകയില്ല. അവൻ സമ്പൂർണ ഏകനാണ്. "അവനെപ്പോലെ ഒന്നുമില്ല"(ഖു.)"

Thursday, September 15, 2016

ഒട്ടകമൂത്രം കുടിക്കാൻ നബി സ്വ പറഞ്ഞോ?



ഒരു ക്രിസ്ത്യൻ പാതിരിയുടെ FB പോസ്റ്റിൽ നബി സ്വ. ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ നിർദേശിച്ചുവെന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇനി മുതൽ മുസ് ലിംകൾ ഒട്ടകത്തിന്റെ മൂത്രം കുടിച്ചു സുഖക്കേട് മാറ്റട്ടെ എന്നാണയാൾ പറയുന്നത്. വസ്തുതയെന്ത്?
Mushthak Kannur, Nishad Naseer

പ്രതികരണം

ഇസ് ലാമിനെ മൂത്രപാന ചികിത്സയുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ഇവയിൽ അധികവും അർത്ഥശൂന്യവും കഴമ്പില്ലാത്തതുമാണ്. നബി സ്വ. മൂത്രപാന ചികിത്സ നിർദ്ധേശിച്ച ഒരു സംഭവം - ഒരേയൊരു സംഭവം - ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. സ്വഹീഹായ ഹദീസു ഗ്രന്ഥങ്ങളിലും അനേകം തഫ്സീറുകളിലും അക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഖിലാബ റ. നിവേദനം ചെയ്യുന്ന സുദീർഘമായ ഒരു ഹദീസിന്റെ ആരംഭമിങ്ങനെ: അനസ് റ. പറഞ്ഞു

ഒരിക്കൽ ഉഖ്ൽ അല്ലെങ്കിൽ ഉറയ്ന ഗോത്രക്കാരായ ഒരു സംഘം മദീനയിൽ വന്നു ; അവർക്ക്  മദീനയിലെ കാലാവസ്ഥ പിടിച്ചില്ല (ദീനം ബാധിക്കുകയും ചെയ്തു).  അപ്പോൾ (മരുന്നായി) കറവ ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിക്കാൻ നബി അവരോടു നിർദേശിച്ചു. അങ്ങനെ നബി തിരുമേനി നിർദേശിച്ചത്‌ പ്രകാരം  അവർ ഒട്ടകങ്ങളുടെ അടുത്ത് പോകുകയും അവരുടെ അസുഖം ഭേദമാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു."

ഹദീസ് ശ്രദ്ധിച്ചു വായിക്കുക

ഒന്ന്. നബി സ്വ. ചികിത്സ നിർദേശിച്ചത് എല്ലാ രോഗികൾക്കുമല്ല. ഉഖ്ൽ അല്ലെങ്കിൽ ഉറയ്നയിൽ നിന്നു തിരുസന്നിധിയിൽ വന്നവർക്കു മാത്രമാണ്. രോഗം എന്തായിരുന്നുവെന്ന് ഈ ഹദീസിൽ നിന്നു വ്യക്തമല്ലെങ്കിലും അവർക്കനുഭവപ്പെട്ട ഏതോ ഒരു രോഗത്തിനു മാത്രമാണെന്നുറപ്പ്. അതു ഉദരസംബന്ധമായ അസുഖമായിരുന്നുവെന്ന് ചില നിവേദനങ്ങളിലുണ്ട് .

രണ്ട്. ഒട്ടകത്തിന്റെ മൂത്രം മാത്രമല്ല, പാലും മരുന്നായി നിർദേശിച്ചിട്ടുണ്ട്. അതു മിശ്രിതമോ വെവ്വേറെയോ ആകാം.

മൂന്ന്. മൂത്രചികിത്സയിലൂടെ അവർ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഥവാ, ഫലം കണ്ട ഒരു ചികിത്സയെ കുറിച്ചാണ്, അല്ലാതെ ശമനം ഓഫർ ചെയ്തു പണം പറ്റിച്ച അനുഭവമല്ല ചർച്ച! ഇനി പറയാം.

മൂത്രപാന ചികിത്സ

ആരോഗ്യപാലനം, സൗന്ദര്യസംവർദ്ധനം മുതലായവക്കായി മൂത്രം ഉപയോഗിക്കുന്ന വൈദ്യസമ്പ്രദായമാണ് Urine Therapy അഥവാ മൂത്രപാന ചികിത്സ. 2012 ഫെബ്രുവരി 20-ലെ Times of India യിൽ ആചാര്യ വി. വാസുദേവയുടെ Does urine therapy work? എന്ന ലേഖനത്തിൽ പറയുന്നത് ശരീരത്തെ ചൈതന്യവത്താക്കി നിലനിർത്തി വാർദ്ധക്യത്തെ അകറ്റാനും, വിട്ടുമാറാത്ത പല രോഗങ്ങളേയും ശമിപ്പിക്കാനും ഈ വൈദ്യമുറയ്ക്ക് കഴിവുണ്ടെന്നാണ്.

മൂത്രപാന ചികിത്സയുടെ ചരിത്രം.

ഇത് അറബികൾക്കിടയിൽ മാത്രം നിലനിന്നിരുന്നതോ നബി സ്വ.യോടെ ആരംഭിച്ചതോ അല്ല. പുരാതന കാലം മുതലേ ഈജിപ്തിലും ചൈനയിലും ഇതു പ്രചാരത്തിലുണ്ടായിരുന്നു. മെക്സിക്കോയിലെ ആസ്ടെക്കുകൾ മുറിവുകൾ കഴുകാൻ മൂത്രം ഉപയോഗിച്ചിരുന്നു എന്ന് മാക്സൈൻ ഫ്രിത്ത്  2006 ഫെബ്രുവരി 21-നു  The Independant എന്ന ബ്രിട്ടീഷ് ദിനപ്പത്രത്തിൽ എഴുതിയ "Urine: The body's own health drink" എന്ന ലേഖനം വ്യക്തമാകുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരൻ പ്ലിനി, (പ്ലിനി ദ എൽഡർ), വൃണങ്ങൾ, തീപ്പോള്ളൽ, മുറിവുകൾ, തേൾ കുത്തൽ എന്നിവയുടെയൊക്കെ ചികിത്സയ്ക്ക് പുതുമൂത്രത്തിന്റെ ഉപയോഗം നിർദ്ദേശിച്ചിരുന്നു എന്ന് 2011 മാർച്ച് 10-ലെ "The guardian" ദിനപ്പത്രത്തിൽ എഴുതിയ The Unusual Uses of Urine എന്ന ശാസ്ത്ര ലേഖനത്തിൽ Richard Sugg പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലെ  ലാറ്റിൻ കവി Catallus, സ്പെയിൻകാരനായ ഇഗ്‌നേഷ്യസിന്റെ ചിരിയെ പരിഹസിച്ചു കൊണ്ട് തന്റെ  Your Teeth! : Egnatius എന്ന കവിതയിൽ എഴുതുന്നത് വായിക്കൂ:

there’s nothing more foolish than foolishly smiling.
Now you’re Spanish: in the country of Spain
what each man pisses, he’s used to brushing
his teeth and red gums with, every morning,
so the fact that your teeth are so polished
just shows you’re the more full of piss.

(വിഡ്ഢിച്ചിരിയേക്കാൾ വിഡ്ഡിത്തം വേറെയില്ല.
നീയിപ്പൊ ഒരു സ്പെയിൻകാരൻ,
സ്പെയിൻ നാട്ടിൽ ഓരോ മനുഷ്യനും
സ്വന്തം മൂത്രം കൊണ്ടാണ്
രാവിലെ പല്ലും മോണയും തേയ്ക്കുന്നത്‌.
അതിനാൽ നിന്റെ പല്ലുകളുടെ തിളക്കം,
നീയാണ് ഏറ്റവും കൂടുതൽ മൂത്രിക്കുന്നതെന്നാണ് കാണിക്കുന്നത്).


പുരാതനറോമിലും സ്പെയിനിലും പല്ലുകൾ തിളക്കമുള്ളതായി നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നുവെന്ന് ഈ വരികൾ അറിയിക്കുന്നുണ്ട്.

ആധുനിക കാലത്ത്.

ഇന്ത്യയുടെ അഞ്ചാം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി മൂത്രപാന ചികിത്സയുടെ അതിശക്തനായ ഒരു വക്താവ് ആയിരുന്നു. സർവ രോഗസംഹാരിയാണെന്ന് പോലും അദ്ദേഹം വാദിച്ചിരുന്നുവത്രെ. 1978ൽ Dan Rather മായി അദ്ദേഹം നടത്തിയ ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ യൂറിൻ തെറാപ്പിക്കു അനുകൂലമായി വാദഗതികൾ നിരത്തുകയുണ്ടായി. ദീർഘകാലമായി മൂത്രപാന ചികിത്സ ചെയ്തിരുന്ന ദേശായി, ശരിയായ ചികിത്സ നേടാൻ കഴിയാത്ത മില്യൺ കണക്കിന് ഭാരതീയർ മൂത്രപാന ചികിത്സ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു ( Chowdhury, Prasenjit (July 27, 2009)."Curative Elixir: Waters Of India". The Times of India. Archived from the original on 2009-06-30).

ബ്രിട്ടീഷ് സിനിമാ നടിയായിരുന്ന സാറാ മൈൽസ് മുപ്പതു വർഷത്തോളം അലർജി സംബന്ധമായ രോഗങ്ങൾക്ക് മൂത്രപാന ചികിത്സ നടത്തിയിരുന്നു ( 'I can't wait to get off this planet', interview with Sarah Miles in The Independent, September 2007).

2008 ൽ നിലവിൽ വന്ന ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ വക്താക്കള്‍ പറയുന്നത് കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണം മൂത്രത്തിനുണ്ടെന്നാണ്. രോഗശാന്തിയ്ക്ക് വേണ്ടി ഈ അസോസിയേഷനിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്.

കേരള നിയമസഭയിൽ ഇപ്പോഴും ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കുഞ്ഞിരാമൻ എം.എൽ.എ 1995 മുതൽ ഹൃദ്രോഗ ചികിത്സക്കായി യൂറിൻ തെറാപ്പിയാണ് സ്വീകരിച്ചിരുന്നത്. ചന്തേര യു.പി. സ്കൂളിൽ നടന്ന 'രോഗമുക്തി സമൂഹത്തിന് യൂറിൻ തെറാപ്പി' എന്ന സെമിനാറിൽ സംസാരിച്ചുകൊണ്ടാണ് നല്ലൊരു വൈദ്യൻ കൂടിയായ എം.എൽ.എ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 നവംബർ 20ന് മൂത്രപാനചികിത്സയെ (urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില്‍  മൂത്രപാനംമൂലം വിവിധ രോഗങ്ങള്‍ ഭേദമായ ഇരുപതിലധികം പേര്‍ അനുഭവസാക്ഷ്യം പറയാനെത്തി. ഇങ്ങനെ ശ്രദ്ധേയരായ
അനേകം വ്യക്തികളെയും സംഭവങ്ങളെയും  ഉദ്ധരിക്കാനാകും. ചുരുക്കത്തിൽ ജനപ്രീതി നേടിയ ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് യൂറിൻ തെറാപ്പി .

പ്രീമാരിൻ

ആർത്തവം നിലച്ചുപോവുക, യോനി വരണ്ടതാവുക, ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന അസ്ഥിക്ഷതം,  തുടങ്ങിയവക്ക് സ്ത്രീകൾക്ക് നിർദേശിക്കപ്പെടാറുള്ള ഈസ്ട്രജൻ ഉത്പന്നമായ PREMARIN എന്ന ഔഷധം പെൺകുതിരയുടെ മൂത്രമാണ് എന്ന് അറിയുന്നവർ വിരളമായിരിക്കും. PREMARIN എന്ന വാക്കിന്റെ പൂർണ രൂപം തന്നെ PREgnant MARe urIN (ഗർഭിണിയായ പെൺകുതിരയുടെ മൂത്രം) എന്നാണ്! ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ ഔഷധം പ്രീമാരിനാണ് - Tylenol ന്റെ തൊട്ടുപിറകെ!

ഒട്ടകമൂത്രത്തിനു പ്രത്യേകതയുണ്ടോ?

ഓരോ നാട്ടിലെയും ജനങ്ങൾ ആ നാട്ടിലെ വ്യത്യസ്ത ജീവികളുടെ മൂത്രത്തിനു സവിശേഷതയുണ്ടെന്ന് മനസിലാക്കിയിരുന്നു. ഭാരതത്തിൽ ഗോമൂത്രത്തിനായിരുന്നു പ്രചാരം. യൂറോപ്പിൽ കുതിരമൂത്രമാണ് കൂടുതൽ പ്രചരിച്ചത്. നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ച സംഭവത്തിലുള്ളത് ഒട്ടകമാണ്. അതിനു മറ്റുള്ളവയേക്കാൾ സവിശേഷതയുണ്ടെന്ന വാദം അവിടെ ഉന്നയിച്ചിട്ടില്ല. എങ്കിലും ആധുനിക കാലത്തെ ചില പഠനങ്ങൾ ഒട്ടകമൂത്രത്തിന് സവിശേഷതയുണ്ടെന്ന് പറയുന്നു. British Institute of Biology യുടെ പ്രസിദ്ധീകരണത്തിൽ Dr Sabah Jassim  എഴുതിയ ശാസ്ത്ര പ്രബന്ധത്തിൽ ഒട്ടകമൂത്രത്തിലുള്ള പ്രതിരോധാണുക്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  BBC ലേഖകൻ David Bamford അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന് ഈ ലിങ്ക് ഉപയോഗിക്കുക: http://news.bbc.co.uk/1/hi/world/middle_east/1702393.stm

ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം Chinese Pharmaceutical Company നടത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് നടത്തിയ കീമോതെറാപ്പി 30 ശതമാനം പേരിലേ വിജയിച്ചുള്ളൂ. എന്നാൽ ഒട്ടക മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന കാൻസർ പ്രതിരോധ മരുന്നായ CDA-II അറുപത്തൊന്ന് ശതമാനം പേർക്ക് ഗുണം ചെയ്തു!

പഠനങ്ങൾ

മൂത്രപാന ചികിത്സയെ കുറിച്ച് വിശദമായി ആഖ്യാനിക്കുന്ന ധാരാളം പഠനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗൂഗ്ളിൽ medicine made from urine എന്ന് ടൈപ് ചെയ്താൽ പ്രത്യക്ഷപ്പെടുന്ന ഒരോ ലിങ്കും നിങ്ങളെ അതിശയിപ്പിക്കും. ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രചന 1940 കളില്‍ ജെ.ഡബ്‌ളിയു. ആംസ്‌ട്രോങ് എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ The Water Of Life: A Treatise on Urine Therapy എന്ന പുസ്തകമാണ്. ടി. നാരായണന്‍ നിർവഹിച്ച ഈ ഗ്രന്ഥത്തിന്റെ സ്വതന്ത്ര പരിഭാഷ 2011 ൽ  'യൂറിന്‍ തെറാപ്പി' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Martha M. Christy  എഴുതിയ Your Own Perfect Medicine: The Incredible Proven Natural Miracle Cure that Medical Science Has Never Revealed! എന്ന ഗ്രന്ഥവും ലോകവ്യാപകമായി വായിക്കപ്പെട്ടിട്ടുണ്ട്. Flora Peschek-Böhmer, Gisela Schreiber എന്നിവർ ചേർന്നെഴുതിയ Urine Therapy: Nature's Elixir for Good Health എന്ന ഗ്രന്ഥവും മികച്ച റഫറൻസാണ്.

ഇസ്ലാമിക നിലപാട്

ഇത്രയും വിവരിച്ചതിന്റെ താത്പര്യം യൂറിൻ തെറാപ്പി സർവ രോഗസംഹാരിയാണെന്നോ ഏറ്റവും മികച്ച ചികിത്സാരീതിയാണെന്നോ നിരുപാധികം പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നോ ഇസ്‌ലാം വിശ്വസിക്കുന്നുണ്ട് എന്നല്ല. ഒരു ചികിത്സാ രീതി എന്ന നിലയിൽ മനുഷ്യാനുഭവ ചരിത്രം അതിനെ വകവെച്ചിട്ടുണ്ട് എന്നാണ്. മൂത്രം മനുഷ്യന്റെതായാലും മൃഗത്തിന്റെതായാലും നജസ് - മാലിന്യം ആണ്. അത് ഉപയോഗിക്കുന്നതല്ലാതെ ജീവൻ നിലനിർത്തുവാനോ രോഗശമനത്തിനോ വേറെ വഴിയില്ലാതാകുമ്പോൾ അല്ലാതെ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, മറ്റു വഴികളുണ്ടായിരിക്കെ മൂത്രപാനം ചെയ്യുന്നത് ഹറാം - നിഷിദ്ധമായ പാപകൃത്യം കൂടിയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോ വികാസമോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് മറുമരുന്നില്ലാത്ത സാഹചര്യത്തിൽ നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ചത്.

മുസ്ലിംകൾ ഒട്ടകമൂത്രം കുടിക്കണോ?

ഹദീസിൽ യൂറിൻ തെറാപ്പിക്കു നിർദേശിച്ചതു ചൂണ്ടിക്കാട്ടി മുസ്‌ലിംകൾ ഇനി മുതൽ അസുഖം വന്നാൽ ഒട്ടകമൂത്രം കുടിക്കണം എന്ന് പരിഹസിക്കുന്ന മിഷണറി സുഹൃത്തും അയാളുടെ പോസ്റ്റിനു കീഴെ കമന്റിടുന്ന മറ്റു ചിലരും കഥയറിയാതെയാണ് ആട്ടം കാണുന്നത്. സാക്ഷാൽ ബൈബിളിൽ തന്നെ മൂത്രചികിത്സയെ സൂചിപ്പിക്കുന്ന വരികളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ യൂറിൻ തെറാപ്പിയെ സംബന്ധിച്ച് എഴുതിയ ജെ.ഡബ്ലിയൂ. ആംസ്ട്രോങ്ങ്, തന്നെ ഈ ചികിത്സാവിധിയിലേക്ക് ആകർഷിച്ചത് ഹീബ്രു ബൈബിളിലെ 5/15 വാക്യമാണെന്ന് അവകാശപ്പെടുകയുണ്ടായി. "നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക." എന്നാണ് പ്രസ്തുത വാക്യം.

ചിലർ യിരമ്യാവ് 2/13 ഇതിനോട് ചേർത്തു വായിക്കുന്നു: "എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു."

ആദ്യത്തെ വാക്യത്തിലെ 'സ്വന്തജലാശയത്തിലെ തണ്ണീർ' എന്ന വാക്യവും രണ്ടാമത്തേതിലെ 'ജീവജലം' എന്ന വാക്കുമാണ് വേറെ അർഥസാധ്യതകൾ ഉണ്ടെങ്കിലും യൂറിൻ തെറാപ്പിക്ക് അനുകൂലമായി ഉദ്ധരിക്കപ്പെടാറുള്ളത്. ആംസ്ട്രോങ്ങ് തന്റെ കൃതിക്കു "ജീവജലം" (Water of Life)  എന്ന പേരാണ് കൊടുത്തതു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് കുഞ്ഞാടുകൾ ആദ്യം സ്വന്തം മൂത്രം പാനം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റാവില്ല.

ഹൈന്ദവ നിലപാടും വ്യത്യസ്തമല്ല. മൂത്രപാന ചികിത്സ ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ് എന്നാണ് പല ഹിന്ദുക്കളും വിശ്വസിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീ നിദിൻ ഗാഡ്കരിയെ ഉദ്ധരിച്ച് ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

താന്ത്രിക പാരമ്പര്യത്തിൽ പെട്ട 'ദമരതന്ത്രം' എന്ന സംസ്കൃതകൃതിയിലെ ഒരു ഖണ്ഡം മൂത്രപാനത്തിന്റെ മഹത്വങ്ങൾ എടുത്തു പറയുന്നു. ശിവൻ പാർവതിക്കു നൽകുന്ന ഉപദേശത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട 107 ശ്ലോകങ്ങൾ അടങ്ങുന്ന ഈ ഖണ്ഡം മൂത്രചികിത്സയുടെ രീതിയും പ്രയോജനങ്ങളും വിവരിക്കുന്നുണ്ട്.

രാത്രി മൂന്നു യാമം പിന്നിട്ട ശേഷം ഉറക്കമുണർന്ന്, കിഴക്കുദിശയിലേക്ക് തിരിഞ്ഞു നിന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട്, പിത്തള, ഇരുമ്പ്, മണ്ണ്, ദന്തം, തോൽ, തടി എന്നിവയിൽ ഏതെങ്കിലും കൊണ്ടുള്ള പാത്രത്തിൽ മൂത്രം ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന മൂത്രം പത്തു വർഷം നിഷ്ഠാപൂർവം പാനം ചെയ്താൽ വായുവിലൂടെ പറക്കാനാകുമെന്നും പന്ത്രണ്ടു വർഷം അതു തുടരുന്നവർ ആചന്ദ്രതാരം ജീവിക്കുമെന്നും മറ്റുമുള്ള അവകാശവാദവും ഇതിലുണ്ട്.

സാധാരണ ഉദ്ധരിച്ചു കാണാറുള്ളത് ദമരതന്ത്രത്തിലെ പത്താം ശ്ലോകമാണ്:
"മുഖശുദ്ധിം വിധായാതാ
കൃത്വാ ചാവശ്യകീ ക്രിയാം
പിബേത് ശിവാംബു വിമലം
ജൻമ രോഗ വിനാശനം"
(പ്രഭാതത്തിൽ എഴുന്നേറ്റ് മുഖം കഴുകി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം തന്റെ നിർമലമായ മൂത്രം - ശിവാംബു - കുടിച്ചാൽ എല്ലാ വിധ ജൻമരോഗങ്ങളെയും അതു നശിപ്പിക്കും).  കൂടുതൽ വായിക്കാൻ :
www.healsa.co.za/PDF%20Files/Damar_Tantra.pdf.

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ ചരകസംഹിതയിലെ ഒരു ഭാഗത്ത് എട്ടു തരം മൂത്രങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്നത് പ്രസിദ്ധമാണ്. wikisource ൽ "ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം'' എന്ന് ടൈപു ചെയ്താൽ പൂർണമായ സംസ്കൃത മൂലത്തോടൊപ്പമുള്ള പരിഭാഷയും ലഭ്യമാണ്.

അതായത്, ലോകത്തെ എല്ലാ പുരാതന സംസ്കാരങ്ങളിലും മൂത്രപാന ചികിത്സ നിലനിന്നിരുന്നു. എല്ലാവരും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മാത്രമാണ് നിവൃത്തികെട്ടാലല്ലാതെ ഈ 'മാലിന്യചികിത്സ' പാടില്ലെന്ന് വിലക്കിയത്.



സ്വർഗത്തിൽ കള്ളും പെണ്ണും!



shoukthali shoukthali യുടെ കമന്റ്
കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി.

#പ്രതികരണം:

സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ.

ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: "മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്". തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായത്ര ഉത്കൃഷ്ടമാണ് സ്വർഗമെന്നാണ് മതപാഠം. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന സൃഷ്ടികർത്താവ് ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരലൗകിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

മറ്റൊന്ന്. ഇഹലോകമാണ് കർമരംഗം. ഇവിടെ വിതച്ചത് അവിടെ കൊയ്യും. അഥവാ, പരലോകത്ത് നിയമ ശാസനകളില്ല, രക്ഷ ശിക്ഷകളാണുള്ളത്. നിഷിദ്ധവും നിർബന്ധവും ഈ ലോകത്താണ്. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഇനി സ്വർഗത്തിൽ ലഭിക്കുന്ന കള്ളും പെണ്ണും എന്താണെന്ന് പറയാം. പ്രഥമമായി അതു ഇഹലോകത്തു  പരിചയമുള്ളതിനേക്കാൾ ഉത്കൃഷ്ടമായ ഒന്നാണ്. രണ്ടാമത്തേത്‌, രക്ഷയും അനുഗ്രഹവും നൻമയും ആണത്.

സ്വർഗത്തിൽ വ്യത്യസ്ത പാനീയങ്ങളുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വെള്ളം, തേൻ, പാൽ, ഖംറ്, സൻജബീൽ മിശ്രിതം, കാഫൂർ മിശ്രിതം, തസ്നീം, സൽസബീൽ എന്നിവ ഖുർആൻ പേരെടുത്തു പറഞ്ഞവയാണ്.  വെള്ളം, തേൻ, പാൽ എന്നിവ വിശദീകരണമില്ലാതെ നമുക്കറിയാം. സ്വർഗത്തിലെല്ലായിടത്തും ഒഴുകുന്ന ഒരു നദിയാണ് സൽസബീൽ. അർശ് എന്ന വിശുദ്ധ സിംഹാസനത്തിന്റെ പാർശ്വത്തിലാണ് തസ്നീം എന്ന അരുവിയുള്ളത്. കാഫൂർ,  സൻജബീൽ എന്നത് യഥാക്രമം കർപ്പൂരം, ഇഞ്ചി എന്നാണ് അർഥമാക്കുന്നത്. കർപ്പൂരവും ഇഞ്ചിനീരും മിശ്രിതമായ പാനീയം ലഭിക്കുന്ന  നീരുറവകളാണ് അതെന്ന് ഖുർആൻ പറയുന്നു (അൽഇൻസാൻ 5,18). കർപ്പൂര മിശ്രിതം ചേർത്ത് സാധാരണ നാം കുടിക്കാറില്ലെങ്കിലും ഇഞ്ചിയും കർപ്പൂരവും ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് നമുക്കറിയാം. ഇപ്പറഞ്ഞവയെല്ലാം ഇഹലോകത്ത് പരിചയിച്ചതിൽ നിന്ന് ഭിന്നമായ ഉത്കൃഷ്ട ഗുണങ്ങളുള്ളവയാണ്. അനേകം ഹദീസുകളിൽ അവ വർണിക്കപ്പെട്ടിട്ടുണ്ട്.

ഇനി, ഖംറ്. കള്ള് എന്ന് ഭാഷാന്തരം ചെയ്യാറുള്ളത് ഈ പദമാണ്. ആവരണം, മറ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ഇലകൾ തിങ്ങിനിറഞ്ഞു ശിഖരങ്ങൾ കാണാതെയാവുന്നതിനും മലയോ മരമോ മറഞ്ഞു നിൽക്കുന്നതിനാൽ ആളെയോ വീടിനെയോ കാണാതിരിക്കുന്നതിനെയും ഖമിറ (മറഞ്ഞു) എന്ന പദമുപയോഗിച്ചാണ് അറബി ഭാഷയിൽ വ്യവഹരിക്കാറുള്ളത്. കള്ള് എന്നത് ഖംറിന്റെ ആക്ഷരികാർഥമല്ല, ആലങ്കാരിക പ്രയോഗമാണ്. മദ്യപാനിയുടെ ബോധത്തിനു മീതെ ലഹരി ആവരണമായി പുതയുന്നതു കൊണ്ടാണ് കള്ളിന് ഖംറ് (ആവരണം) എന്ന് ഉപയോഗം ഉണ്ടായത്.

നമുക്ക് പരിചിതമായ കള്ള് കുടിച്ചാൽ മത്ത് കെട്ട് ലെക്കും ലഗാനുമില്ലാതെ മദോൻമത്തനായി വല്ല ഓടയിലും കിടന്നു പുലഭ്യം പറയുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സ്വർഗത്തിലെ ഖംറ് അത്തരത്തിലുള്ള ഒരു ദുർഗുണവും ഇല്ലാത്തതാണ്. അതു കുടിച്ചാൽ "അസഭ്യമോ ആക്ഷേപഹാസ്യങ്ങളോ ഉണ്ടാകില്ല" (ഖു. 52/23), "ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല" (ഖു. 37/46,47), "അത് പാനം ചെയ്യുക വഴി തലവേദനയോ ലഹരിബാധയോ അവര്‍ക്കുണ്ടാവില്ല" (ഖു. 56/19) "ശാന്തി, സമാധാനം എന്നതല്ലാതെ, നിരര്‍ത്ഥക വാക്കുകളോ അധിക്ഷേപങ്ങളോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല"  (ഖു. 56/25,26). സ്വർഗത്തിലെ ഖംറിന്റെ വിശേഷങ്ങളിൽ ചിലതാണിത്.

എന്നാൽ ഐഹിക ലോകത്തെ കള്ള് പാനം ചെയ്യുന്നത് നബി സ്വ. കർശനമായ ഭാഷയിൽ നിരോധിച്ചിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. നബി സ്വ. പറഞ്ഞു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും" (ത്വബ്റാനി). മറ്റൊരിക്കൽ അവിടുന്ന് അരുളിയതിങ്ങനെ:  "നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.'' (ഇബ്നുമാജ). മദ്യപാനം ശിക്ഷാർഹമാണെന്ന് അധ്യയനം ചെയ്യുന്ന പരശ്ശതം ഹദീസുകൾ വായിക്കാൻ കഴിയും. ഇതും സ്വർഗത്തിലെ ഖംറും വാസ്തവത്തിൽ പരസ്പര വിരുദ്ധമാണ്. അതു കൊണ്ടാണ് മദ്യപാനം ഉപേക്ഷിക്കുന്നവർക്ക് സ്വർഗത്തിലെ ഖംറ് വാഗ്ദാനം ചെയ്യപ്പെട്ടതു തന്നെ. "വല്ലവനും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അത് കുടിപ്പിക്കപ്പെടുകയില്ല.'' (ബുഖാരി).

ആനുഷംഗികമായി ഒരു കാര്യം കൂടി. അനേകം രാഷ്ട്രങ്ങൾ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുവാൻ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്താതെ പിൻവാങ്ങുകയാണ് ചെയ്തതെന്ന് കാണിക്കുന്ന അനേകം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭ്യമാണ്. 1920 കളിൽ സമ്പൂർണ മദ്യനിരോധനം നപ്പിലാക്കുന്നതിന് National Prohibition Act  പാസാക്കിയ അമേരിക്ക ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരെ വരുത്തിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവു വിജയിപ്പിക്കാൻ പോലീസ് നിരത്തിലിറങ്ങി. മദ്യപിക്കുന്നവരെയും മദ്യം വില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറുകൾ ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Repeal of Prohibition പാസാക്കി അമേരിക്കന്‍ ഭരണകൂടം മദ്യപാനികൾക്ക് മുന്നില്‍ മുട്ടുമടക്കി.

മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുകയായിരുന്നു ഇസ്‌ലാം. ബോധവത്കരണം, മുന്നറിയിപ്പ്, താക്കീത്, വാഗ്ദാനം, പ്രായോഗിക ശിക്ഷാ നടപടികൾ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ അവലംബിച്ചാണ് മുത്തുനബി സ്വ. ഇതു സാധ്യമാക്കിയത്. ഇസ്‌ലാം മാത്രമേ ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ളൂ.

ചുരുക്കത്തിൽ, സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധപാനീയമാണ് ഖംറ്.  സ്വർഗീയ വിശുദ്ധ ഭോജ്യങ്ങളിലൊന്ന്. അതിനെ കള്ള്, മദ്യം എന്നെല്ലാം മൊഴിമാറ്റം ചെയ്യുന്നത് നമ്മുടെ ഭാഷകളുടെ ദൗർബല്യമാണ്. അല്ലാതെ ഖംറിന്റെ ന്യൂനതയല്ല.

#സ്വർഗത്തിലെ_കള്ളും_പെണ്ണും (ഭാഗം-2)

സാത്വികനായ ഒരു വ്യക്തിയെ സങ്കൽപിക്കുക. അയാളുടെ പുത്രിമാർ അപ്സരസുകളെ വെല്ലുന്ന  സുന്ദരികളാണ്. നാട്ടിലെ ഏറ്റവും സത് സ്വഭാവികളായ ചെറുപ്പക്കാർക്ക് താനവരെ വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ അതു അവരെ മുന്നിൽ വെച്ച് വിലപേശുകയാണെന്ന് പറയാമോ? പറഞ്ഞാൽ തന്നെയും അതിന്റെ ഫലം നൻമയോ തിന്മയോ?!

സ്വർഗത്തിൽ ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നയനാനന്ദം പകരുന്നത് എന്നാണാ പദത്തിനർഥം. സ്വർഗത്തിലുള്ളതെല്ലാം നല്ലതും സുന്ദരവുമാണ്. ചീത്തതും വികൃതവും അവിടെ ഇല്ലേയില്ല. സാങ്കേതികമായി  സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇണകളാണ് ഹൂറുൽഐനുകൾ. ഇഹലോകത്ത് നാഥന്റെ കല്പനകളെ ശിരസാവഹിച്ചവർക്കു മാത്രമേ ഈ സ്വർഗീയ സുന്ദരികളെ വേൾക്കാനാവൂ. ചുരുക്കത്തിൽ, ഹൂറുൽഐനുകളെ മോഹിക്കുന്നവർ ഇസ്‌ലാമിക ജീവദർശനത്തെ പാലിച്ചവരായിരിക്കണം. ഇതു നൻമയുടെ വ്യാപനത്തിനു വേണ്ടിയുള്ള വിലപേശൽ തന്നെ!

മനുഷ്യ മനസിന്റെ ഘടന വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളും അഭിരുചികളും ആഗ്രഹങ്ങളും വ്യത്യാസമുണ്ടാകും. ചിലർക്ക് പണം വേണം. വേറെ ചിലർക്ക് ആഡംഭര സുന്ദരമായ രമ്യഹർമങ്ങളാണ് വേണ്ടത്. നിത്യഹരിതമായ തോപ്പുകളിലുല്ലസിക്കുന്നതും ആറുകളിൽ ആറാടുന്നതുമാണ് മറ്റു ചിലരുടെ താത്പര്യം. മതിവരുവോളം കുടിച്ചു രസിച്ചു ഉൻമത്തരാവണം എന്നു ചിന്തിക്കുന്നവരും ഏറെയുണ്ട്. പലരുടെയും മനസിന്റെ ആകർഷണം സ്ത്രീ സൗന്ദര്യത്തിലേക്കാണ്. എല്ലാ ആസക്തികളെയും ഭോഗേച്ഛകളെയും അല്ലാഹുവിനു വേണ്ടി നിയന്ത്രിക്കുക. എങ്കിൽ എല്ലാം ആസ്വദിക്കാൻ അവസരം നൽകപ്പെടുന്ന സ്വർഗീയാരാമങ്ങളിൽ നിങ്ങൾക്കിടം കിട്ടും. ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെയും തത്വം ഇതു തന്നെ.

അതിനാൽ, സ്വർഗത്തിലേക്ക് വരൂ. അവിടെ മരണമേയില്ല, ശാശ്വത ജീവിതം. ദു:ഖമില്ല, ഉത്കണ്ഠയില്ല, ഭയമില്ല, ആഹ്ലാദം മാത്രം. ആരാമങ്ങളിൽ പാറിക്കളിച്ചും ആറുകളിൽ നീന്തിത്തുടിച്ചും അലംകൃത മഞ്ചങ്ങളിൽ ആടിരസിച്ചും ഉല്ലസിക്കാം. അതിനു അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, ആത്മശാന്തി നേടുക. അല്ലാഹു വിളിക്കുന്നു:
"ഹേ! ആത്മശാന്തി നേടിയ ആത്മാവേ...!
തൃപ്തിപ്പെട്ടും തൃപ്തി നേടിയും
നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊൾക!
അങ്ങനെ എന്റെ വിധേയരിൽ ഉൾപ്പെടൂ,
എന്റെ സ്വർഗീയാരാമത്തിലും പ്രവേശിച്ചു കൊള്ളൂ..." (ഖു. 89/27-30).

Monday, September 12, 2016

ഉളുഹിയത് അറുക്കാതെ കൊടുത്തൂടെ?



ചോദ്യം: അറുത്ത് ഇറച്ചി കൊടുക്കുന്നതിന്
പകരം ആടുമാടുകളെ ജീവനോടെ നൽകിയിരുന്നെങ്കിൽ എത്ര ദരിദ്രകുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായേനേ...
ചോദ്യകർത്താവ്: Shabna Aziz

പ്രതികരണം:
ഉളുഹിയ്യത്തിന്റെ യുക്തിയെ പ്രതി വിചാരപ്പെടുന്നതൊക്കെ നല്ലത്. പക്ഷെ, വസ്തുതകൾ മറച്ചു പിടിച്ചിട്ടാവരുത് എന്നു മാത്രം.

ഉളുഹിയ്യത് ഒരു ആരാധനയാണ്.
ആടുമാടുകളുടെ സകാത് മറ്റൊന്ന്. ഒന്നിൽ ആടുമാടുകളെ അറുത്ത് ഇറച്ചി കൊടുക്കുന്നു. മറ്റേതിൽ ദരിദ്രകുടുംബങ്ങൾക്ക് ആടുമാടുകളെ ജീവനോടെ നൽകുന്നു. രണ്ടും ഒരു പോലെയാവണമെന്നു ചിന്തിക്കുന്നത് ദുശ്ശാഠ്യമാണ്. പതിവുള്ള അഞ്ചു വഖ്ത് നിസ്കാരവും മയ്യിത് നിസ്കാരവും നിസ്കാരം തന്നെ; രണ്ടും ഒരു പോലെയാവണമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.

ആരാധനകളുടെ വിധവും തരവും ആരാധിക്കുന്നവർക്ക് നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകപ്പെട്ടവ ഉണ്ട്. ഉദാഹരണത്തിന് ദാനധർമം പുണ്യമാണ്. നല്ലതെന്തും ഇഷ്ടം പോലെ ധർമം ചെയ്യാം. എന്നാൽ സകാതും ധർമമാണ്. പക്ഷെ, അതിന്റെ രൂപം സകാത് നൽകുവാൻ കല്പിച്ചവൻ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇതു പോലെയാണ് ഉളുഹിയ്യതും. അതിനു മതം നിശ്ചയിച്ചതല്ലാത്ത മറ്റൊരു രൂപം സ്വീകരിക്കുന്നത് വിശ്വാസമല്ല, യുക്തിവാദമാണ്.

ദാരിദ്ര്യ നിർമാർജനത്തിന് ഇസ്‌ലാം ഫലപ്രദമായ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം പ്രായോഗികമായി ചരിത്രം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഉളുഹിയ്യതിലൂടെ ആഘോഷ ദിവസത്തിൽ ധനികന്റെ വീട്ടിലെ അന്നം ദരിദ്രന്റെ കുടിലുകളിലും ഉറപ്പുവരുത്താൻ ഇസ്‌ലാമിനു സാധിച്ചിരിക്കുന്നു. ബലിയറുക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ ഉരുവിനെ വാങ്ങി അന്നവും വെള്ളവും നൽകി സ്നേഹത്തോടെ താലോലിക്കുന്നത് പുണ്യകർമമായി മതം നിർദേശിച്ചിരിക്കുന്നു. ഇബ്റാഹീം അ. സ്വന്തം പുത്രനെ ബലിയറുക്കാൻ സന്നദ്ധനായതു പോലെ നമുക്കേറ്റവും പ്രിയങ്കരമായതിനെയാണ് ബലിയറുക്കേണ്ടത്. ദൈവത്തിനു വേണ്ടി വിലപ്പെട്ടതെന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണ് ബലികർമം. വിശ്വാസത്തിന്റെ അധ്യത്മിക മൂല്യമുയർത്തുന്ന ഇത്തരം പാഠങ്ങൾ നാം കാണാതിരിക്കരുത്.

രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരുന്നു. നാല്‍പ്പത്തഞ്ചു കോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണീ വാർത്ത. നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞുവെന്നാണ് വാർത്തകൾ. വെറുതെ കിടന്നു നശിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ ഫ്രീയായി വിതരണം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീം കോടതിയില്‍ ഇല്ല എന്നാണ് മുമ്പ് ശരത് പവാറിന്റെ ഭക്ഷ്യ മന്ത്രാലയം മറുപടി നൽകിയത്. ഇത്തരം അനുഭവ സത്യങ്ങൾ കൂടി മുന്നിൽ വെച്ചിട്ടു വേണം ഇസ് ലാമിന്റെ പ്രായോഗികത നാം വായിക്കേണ്ടത്.

ബലിപുത്രനാര്?


ഇബ്റാഹീം അ. തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണകൾ സെമിറ്റിക് മതങ്ങളെല്ലാം നിലനിർത്തി വരുന്നു. എന്നാൽ, ആരെയാണ് ഇബ്റാഹീം അ. ബലിയർപ്പിക്കാൻ ഒരുങ്ങിയത്? ഇസ്മാഈൽ അ.മിനെ എന്ന് മുസ് ലിംകൾ വിശ്വസിക്കുന്നു. ക്രൈസ്തവരും ജൂതൻമാരും പറയുന്നത് ഇസ്ഹാഖ് അ. ആണ് ബലിപുത്രൻ എന്ന്. വസ്തുതയെന്തെന്നറിയാൻ ഞാൻ ബൈബിൾ ഉദ്ധരിക്കാം.

 (ഉല്‍പത്തി:22:1-2, 12, 15 -16):
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.

2. അപ്പോൾ അവൻ : നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
-- - - - - - -
12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
----------
15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:
16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും

>>>>
ഈ വചനങ്ങളിലെല്ലാം ബലിപുത്രനു നൽകിയിരിക്കുന്ന വിശേഷണം  "ഏകജാതന്‍" എന്നാണ്. അത് ഇസ്ഹാഖ് ആയിരുന്നോ? ഒരിക്കലുമല്ല. ഇബ്റാഹീമിന് ആദ്യം ജനിച്ചത് ഇസ്മാഈൽ ആയിരുന്നു. വർഷങ്ങൾക്കു ശേഷം ഇസ്ഹാഖ് ജനിക്കുന്നത് വരെ തന്റെ ഒരേയൊരു പുത്രൻ - ഏകജാതൻ - ഇസ്മാഈൽ തന്നെയെന്ന് ബൈബിൾ പറയുന്നു. രണ്ടു വചനങ്ങൾ കൂടി വായിക്കാം.

ഉല്‍പത്തി; 16:16
16ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

ഉല്‍പത്തി; 21:5
5 തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.

> > >
അഥവാ, ഇസ്മാഈൽ ജനിച്ചു 14 വർഷങ്ങൾക്കു ശേഷമാണ് ഇസ്ഹാഖ് ജനിച്ചത്. ഇക്കാലത്താണ് ദൈവം അബ്രഹാമിനോട് തന്റെ "ഏകജാതനായ പുത്രനെ' ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്നത്. വംശീയ ദുരഭിമാനം സംരക്ഷിക്കാൻ ഇസ്മാഈലിന്റെ പേര് വെട്ടിമാറ്റി ഇസ്ഹാഖ് എന്ന് കൂട്ടിച്ചേർക്കുകയാണ്  ബൈബിൾ നിർമാതാക്കൾ ചെയ്തത്. പക്ഷെ, അസത്യം എന്നും സത്യത്തിലേക്കുള്ള കിളിവാതിൽ തുറന്നു വെക്കും.

Sunday, September 11, 2016

യേശു എന്ന മനുഷ്യൻ



ബൈബിളിൽ യേശു മനുഷ്യനാണെന്ന് പറഞ്ഞ സ്ഥലങ്ങൾ എവിടെ? പ്രധാന ഭാഗങ്ങളുടെ നമ്പർ പറയാമോ?
Mushthak Kannur

ഉത്തരം: മുമ്പ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത് പോലെ 88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :

യോഹ. 8/40
ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.

അ.പ്ര. 2/23
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന മനുഷ്യനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

അ.പ്ര. 17/31
താൻ നിയമിച്ച മനുഷ്യൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു ...

തിമോ. 2/5,6
5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ :

6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

മനുഷ്യനാണെങ്കിൽ ദൈവമല്ല

ദൈവത്തെ കുറിച്ച് പറയുന്ന രണ്ടു വചനങ്ങൾ വായിക്കൂ.

സംഖ്യ 23/19
വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

ഹോശേയ 11/9
എന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ.

#യേശു_മനുഷ്യനാണ്
#ദൈവം_മനുഷ്യനല്ല
#യേശു_ദൈവമല്ല

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതായിസമാണോ?


'ഈദു_മുബാറക് ' എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?
ചോദ്യം: Ashraf Muhammed

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.

وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).

 "ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ലെങ്കിലും പറയൽ അനുവദനീയമാണെന്നാണ് എല്ലാ മദ്ഹബുകളുടെയും വീക്ഷണം. ശാഫിഈ മദ്ഹബിന്റെ വീക്ഷണം ചേർക്കാം.

ഇമാം റംലി(റ) ഉദ്ധരിച്ചിട്ടുള്ള ഒരു അഭിപ്രായത്തിൽ ഇമാം ഖമൂലി(റ) പറയുന്നു: "സാധാരണക്കാർ ചെയ്യാറുള്ളതു പോലെ മാസങ്ങൾ, ആണ്ടുകൾ, പെരുന്നാളുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആശംസയർപ്പിക്കുന്നത് സംബന്ധമായി നമ്മുടെ അസ്ഹാബിന്* എന്തെങ്കിലും വിശേഷാഭിപ്രായം ഉളളാതായി ഞാൻ കണ്ടിട്ടില്ല.  എന്നാൽ, ഇതു സംബന്ധമായി ഹാഫിള് മഖ്ദസി (റ) മറുപടി പറഞ്ഞത് ഹാഫിളുൽ മുൻദിരി ഉദ്ധരിച്ചിട്ടുണ്ട്: "പണ്ഡിതൻമാർ ഇതു സംബന്ധമായി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഞാൻ മനസ്സിലാക്കുന്നത് ഈ ആശംസ അനുവദനീയമാണെന്നാണ്; അതു സുന്നത്തോ ബിദ്അതോ അല്ല ".
قد نقل الرملي عن القمولي قوله: لم أر لأصحابنا كلاما في التهنئة بالعيد والأعوام والأشهر كما يفعله الناس ، لكن نقل الحافظ المنذري عن الحافظ المقدسي أنه أجاب عن ذلك بأن الناس لم يزالوا مختلفين فيه ، والذى أراه أنه مباح لا سنة فيه ولا بدعة.

തുടർന്ന് "ആശംസയർപ്പിക്കുന്നത് മതനിയമ വിധേയം തന്നെ" എന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി ഇമാം റംലി ഉദ്ധരിക്കുന്നുണ്ട്. ഇമാം ബൈഹഖി(റ) തന്റെ ഹദീസു സമാഹാരത്തിൽ "പെരുന്നാൾ ദിനത്തിൽ സ്വഹാബികളിൽ ചിലർ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചതിനെപ്പറ്റി" ഒരു അധ്യായം
 باب ما روي في قول الناس بعضهم لبعض في يوم العيد : تقبل الله منا ومنك
 എന്നു തന്നെ ചേർത്തിട്ടുണ്ട് എന്നതാണ് ഇബ്നു ഹജർ(റ) തെളിവാക്കി കാണിച്ചിട്ടുള്ളത്. തുടർന്ന് അനേകം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അവ ദുർബലമായ നിവേദക പരമ്പരയിലൂടെ വന്നിട്ടുള്ളവയാണെങ്കിലും മൊത്തത്തിൽ ഇതുപോലെയുള്ള വിഷയങ്ങൾക്ക് അവലംബിക്കാവുന്നതാണ് എന്ന് ഇമാം റംലി (റ). നിരീക്ഷിക്കുന്നു. തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെ: എന്തെങ്കിലും അനുഗ്രഹം ലഭിച്ചാലോ ദുരന്തങ്ങൾ നീങ്ങിയാലോ നന്ദിയുടെ സൂജൂദ് ചെയ്യുന്നതിനും ആശ്വാസവചനങ്ങൾ കൊണ്ട് അഭിവാദനം ചെയ്യുന്നതിനും തബൂകിൽ പങ്കെടുക്കാതിരുന്ന കാരണം പശ്ചാത്തപിക്കാനിടയായ കഅബു ബ്നു മാലിക് (റ)വിന്റെ ചരിത്രം തെളിവായി സ്വീകരിക്കാവുന്നതാണ്.

തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന സന്തോഷ വൃത്താന്തം അറിഞ്ഞപ്പോൾ നബി സ്വ. അദ്ദേഹത്തെ കാണാനായി ചെന്നു! ത്വൽഹതു ബ്നു ഉബൈദില്ല(റ) അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇബ്നു ഹജർ (റ) പറഞ്ഞതായി ഖൽയൂബി രേഖപ്പെടുത്തി. "മാസങ്ങൾ, ആണ്ടുകൾ, ഈദുകൾ മുതലയാവക്ക് ആശംസയർപ്പിക്കുന്നത് സുന്നത്താണ്." ബയ്ജൂരി (റ) പറയുന്നു: "ഇതു തന്നെയാണ് പ്രബല വീക്ഷണം".

അധിക വായനക്ക്:
نهاية المحتاج 2/391
مغني المحتاج 1/360
أسنى المطالب 1/283
قليوبي وعميرة 1/310
حاشية البيجوري 1/233

*ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻമാർ.

Thursday, September 8, 2016

മറിയം ദൈവമാണോ?



ഉസ്താദെ, മറിയം  (റ ) ദൈവമല്ല എന്നാണോ ദൈവമാണ് എന്നാണോ ക്രൈസ്തവർ വിശ്വസിക്കുന്നത്.? അതല്ലാതെ ചിലയാളുകൾ മാത്രമാണോ ദൈവമാണെന്ന് വിശ്വസിക്കുന്നത്.?
jaleel kalad

മറിയ ഇന്നത്തെ ക്രൈസ്തവ ത്രിയേകത്വത്തിലെ ഭാഗമല്ലെങ്കിലും അവർ സാധാരണ മനുഷ്യസ്ത്രീയാണെന്ന വിശ്വാസം ഭൂരിപക്ഷം പേർക്കുമില്ല. പ്രൊട്ടസ്റ്റന്റുകാരും നെസ്തോറിയൻകാരും ഒഴിച്ചുള്ള വർമറിയയെ തിയോടോകോസ് എന്നാണ് പരിചയപ്പെടുത്തുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഉൾപ്പെടെയുള്ള ചില ക്രിസ്തീയവിഭാഗങ്ങൾ ദൈവമാതാവ് എന്ന് വിളിക്കുന്നത്. ഈ വിഷയത്തിൽ എഫേസോസ് സൂനഹദോസ് എടുത്ത തീരുമാനത്തോടുള്ള എതിർപ്പിലാണ് നെസ്തോറിയൻ ക്രിസ്തീയതയുടെ തുടക്കം തന്നെ. നെസ്തോറിയന്മാർ മറിയത്തെ ക്രിസ്തുമാതാവ് (christotokos) മാത്രമായി അംഗീകരിക്കുന്നു.
@ Jaleel Kalad
മരിയ ഭക്തി ഇപ്പോഴും നിലനിൽക്കുന്നു. മറിയയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അതിനെ അംഗീകരിക്കാത്തവർക്കെതിരെ വാഗ്വാദങ്ങൾ നടക്കുന്നു. ഒരുദാഹരണമാണ് താഴെ കൊടുത്തിട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈൽ
 https://m.facebook.com/AVE.MARIYA777/?locale2=ml_IN

Sunday, July 24, 2016

ശോകഛവിയില്‍ റമളാന് വിട


തിരുദൂതരുടെ ശിഷ്യനായ അബൂഹുറൈറ (റ) മരണാസന്നനായപ്പോള്‍ കരഞ്ഞുപോയി. എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം: ‘ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന് വിഷമിച്ചല്ല. ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണല്ലോ ഉള്ളത് എന്നോര്‍ത്താണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും. എവിടെക്കാണ് എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്’
പുണ്യങ്ങളുടെ പൂക്കാലം അവസാന ദിനങ്ങളിലേക്കെത്തുകയാണ്. സ്വര്‍ഗ പ്രാപ്തിയും നരകമുക്തിയും ചോദിച്ചു വാങ്ങേണ്ട ദിനരാത്രങ്ങള്‍. ഇത്ഖുന്‍ മിനന്നാറിന്റെ യാമങ്ങള്‍. അധ്യാത്മിക ശ്രേഷ്ഠന്മാര്‍ ഈ ദിനങ്ങളില്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണ് ചെയ്തത്. റമളാന്‍ വിട പറയുന്നതിന്റെ വേപഥു. അതിലേറെ, നാമെന്തു നേടിയെന്ന ആത്മവിചാരണയിലുള്ള പിടച്ചില്‍. പാപമോക്ഷത്തിനു വേണ്ടിയുള്ള അടക്കിപിടിച്ച തേങ്ങല്‍. കത്തുന്ന വിശപ്പിനെ പ്രതിയല്ല, ആളുന്ന തീയെക്കുറിച്ചാണ് അവരുടെ വിചാരങ്ങള്‍ മഥിച്ചത്.
യസീദ്ബ്‌നു ലൈസ് സ്മരിക്കുന്നു: അന്ന് ഇമാം നിസ്‌കാരത്തില്‍ സൂറതു സല്‍സലയാണ് ഓതിയത്. ‘ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍….., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍…., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍…..,’. ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്‌കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്‌നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്. ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.
സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി താടിക്ക് കൈ കൊടുത്ത് ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: ‘അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ… അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്റെ ശിക്ഷയും നല്‍കുന്നവനേ… നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ… നിന്റെ കാരുണ്യത്തിന്റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..’
ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ വിളക്കെടുക്കാനായി, ല്ലേ?’
‘ സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ‘നീ കണ്ടത് ആരോടും പറയരുത്’
പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്‌കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!! (താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)
യസീദ് ബിന്‍ മര്‍സദ് സദാ കരയുമായിരുന്നു. കണ്ണീരൊഴുക്കാത്ത ഒരു നേരവുമില്ല. ആരോ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ പാപം ചെയ്താല്‍ എല്ലാ കാലത്തും നിന്നെ ബാത്ത് റൂമിലിരുത്തും എന്നെങ്ങാനുമാണ് എന്റെ റബ്ബ് താക്കീത് ചെയ്തിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും അതിന്റെ അസഹ്യതയില്‍ തന്നെ ഞാന്‍ നിലക്കാതെ കണ്ണീര്‍ പൊഴിക്കും. അപ്പോള്‍പ്പിന്നെ, നരകാഗ്‌നിയിലിടുമെന്ന് പറഞ്ഞാലോ?! മൂവായിരമാണ്ട് കത്തിച്ചു കത്തിച്ചു പഴുപ്പിച്ചെടുത്തതാണത്. ആയിരമാണ്ട് കത്തിച്ചപ്പോള്‍ അതിന്റെ നിറം തുടിക്കുന്ന ചുവപ്പായി. വീണ്ടും ആയിരം കൊല്ലം കത്തിച്ചപ്പോള്‍ തീ വെളുത്തു പോയി. പിന്നെയും ഒരു സഹസ്രാബ്ധം. അതു കറുത്തിരുണ്ടു. ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുപ്പാണ് നരകത്തിന്’ ( റൂഹുല്‍ബയാന്‍ 2/225).
നരകശിക്ഷ കഠോരമാണ്. ഐഹികലോകത്തെ അഗ്‌നിയെക്കാള്‍ എഴുപതിരട്ടി ചൂട്. കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍. കുടിക്കാന്‍ കുടലുകള്‍ എരിച്ചു കളയുന്ന ‘ഹമീം’ എന്ന പാനീയം. കഴിക്കാന്‍ അതിദുര്‍ഗന്ധിയായ ‘സഖൂം’ മരത്തില്‍ നിന്നുള്ള ഭക്ഷണം. അങ്ങനെയങ്ങനെ ശിക്ഷയുടെ അഗ്‌നിക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും ഭീതിതരംഗങ്ങള്‍… ശദ്ദാദ് ബിന്‍ ഔസ് (റ) ഉറങ്ങാന്‍ കിടന്നാല്‍ ഓര്‍ത്തോര്‍ത്ത് വറചട്ടിയിലിട്ട ധാന്യമണിയെപ്പോലെ എരിപൊരി കൊള്ളുമായിരുന്നത്രെ. എന്നിട്ട് ‘അല്ലാഹുവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല’ എന്ന് പറഞ്ഞു പുലരുവോളം പ്രാര്‍ഥനാമഗ്‌നനായി കഴിയുമായിരുന്നു.
അങ്ങനെയുള്ള നരകത്തില്‍ നിന്ന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!! റമളാന്റെ അവസാനത്തെ പത്തു ദിവസങ്ങള്‍ നരകമുക്തിയുടെതാണ്. കഴിഞ്ഞ് പോയതിനേക്കാള്‍ മൂല്യവത്തായ നാളുകള്‍. സീസണ്‍ നോക്കി നാം കൊയ്ത്തിന് ഇറങ്ങാറുണ്ട്. സമ്മേളനപ്പറമ്പില്‍ കച്ചവടം ചെയ്യുക, ചാകരയുണ്ടാകുമ്പോള്‍ വലയെറിയുക, മഴ നോക്കി വിത്തിറക്കുക തുടങ്ങിയവ ബുദ്ധിയുള്ളവര്‍ ചെയ്തുവരുന്ന കാര്യമാണ്. ആത്മീയ വിഷയത്തിലും ഇപ്പറഞ്ഞ സീസണും ആനുകൂല്യവും നമുക്കാവശ്യമില്ലേ? തീര്‍ച്ചയായും ഉണ്ട്. മനുഷ്യശരീരം അമ്മാറതുന്‍ ബിസ്സൂഅ് ആണ്. സദാ പാപങ്ങള്‍ വന്നു പോകുന്ന പ്രകൃതിയാണ് അതിന്നുള്ളത്. ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും തിരുമേനി (സ്വ) അരുളിയിട്ടുണ്ട്. തെറ്റുകളുടെ കയത്തില്‍ മുങ്ങിയാവരുത് നമ്മുടെ മരണം. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടിയാല്‍ പൊറുത്തു തരാമെന്ന് അല്ലാഹു വാക്ക് തന്നതാണ്. കണ്ണീര്‍തുള്ളികള്‍ കൊണ്ട് വേണം പാപങ്ങളെ കഴുകിക്കളയാന്‍. രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റുള്ളവര്‍ സുഷുപ്തിയിലായിരിക്കുമ്പോഴും ചെയ്ത പാപങ്ങളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ നമുക്കാകണം. അല്ലാഹുവിനെയോര്‍ത്ത്, വരാനിരിക്കുന്ന ശിക്ഷകളെ പ്രതിയോര്‍ത്ത് കരഞ്ഞ കണ്ണുകളെ നരകം സ്പര്‍ശിക്കില്ലെന്ന് നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ട്. ഏകാന്തനായി അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞയാള്‍ക്ക് വിചാരണാദിവസം അര്‍ശിന്റെ തണലുണ്ട് എന്ന് മറ്റൊരു ഹദീസിലും കാണാം. ഇനിയുള്ള രാപ്പകലുകള്‍ അങ്ങനെയാവട്ടെ. ആത്മാര്‍ത്ഥതയോടെ പാപമോചനം തേടുവാനും സ്വര്‍ഗപ്രാപ്തി വരിക്കുവാനും ഈ ദിവസങ്ങളുടെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ധൃതികാണിക്കുക. ഇനി വൈകാന്‍ നേരമില്ല.
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക
അവസാനപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണ്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ് ഖദ്‌റിന്റെ രാവ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മലക്കുകളും സച്ചരിതരായ ആത്മാക്കളും ആ രാവില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം സമാധാനം ആശംസിക്കപെടും. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് ലൈലതുല്‍ ഖദ്‌റില്‍ ആയിരുന്നുവെന്നുവെന്നും സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.
വാസ്തവം പറഞ്ഞാല്‍ ലൈലത്തുല്‍ ഖദ്ര്‍ അവസാനത്തെ പത്തിലാണെന്നു കട്ടായം പറയാന്‍ വയ്യ. ഈ രാത്രി ഏതു ദിനത്തിലായിരിക്കുമെന്ന് അല്ലാഹു നമുക്ക് കൃത്യമായ അറിവ് നല്‍കിയിട്ടില്ല. ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ‘നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.’ പ്രസ്തുത ഗുണം എന്താണെന്നു നിര്‍ദ്ധാരണം ചെയ്യാന്‍ ചില പണ്ഡിതന്‍മാര്‍ പരിശ്രമിച്ചിട്ടുണ്ട്. കൃത്യമായ അറിവ് നല്‍കിയിരുന്നെങ്കില്‍ ആ രാവില്‍ മാത്രം ജനങ്ങള്‍ ആരാധനാനിമാഗ്‌നരാകുകയും ബാക്കി ദിനങ്ങളില്‍ ഉദാസീനരാകുകയും ചെയ്‌തേക്കും.
റമളാനിലെ ഏതു രാത്രിയിലും ആവാമെങ്കിലും സൂക്ഷ്മജ്ഞാനികളായ ചില പണ്ഡിതമഹത്തുക്കള്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് അറിയാനുള്ള പണ്ഡിതോചിതമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതു പ്രകാരം, അവസാനത്തെ പത്ത് രാത്രികളും വിശേഷിച്ച്, ഒറ്റയിട്ട രാത്രികള്‍ കൂടുതല്‍ സാധ്യതയുള്ളവയാണ്. ആഇശാ ബീവി(റ) പറയട്ടെ: ‘നബി (സ്വ) പറഞ്ഞു: നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക’ (ബുഖാരി). ഇബ്‌നു ഉമര്‍(റ)വില്‍നിന്നു സ്വഹീഹുല്‍ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. സ്വഹാബികളില്‍ ചിലര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ അവസാനത്തെ ഏഴു ദിവസങ്ങളില്‍ വരുന്നതായി സ്വപ്‌നം കണ്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ‘ലൈലത്തുല്‍ ഖദ്‌റ് റമളാനിലെ അവസാനത്തെ ആഴ്ചയില്‍ വരുന്നതായുള്ള നിങ്ങളുടെ സ്വപ്‌നം ശരിയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ വല്ലവനും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നുവെങ്കില്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിക്കട്ടെ!’. മറ്റൊരു ഹദീസ്: ‘നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍’ (ബുഖാരി). ഉബാദത്ബ്‌നു സ്വാമിതില്‍(റ) നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കാമെന്ന് കൂടി കാണാം. അബൂഹുറയ്‌റ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരുപത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.’ ഈ ഹദീസ് ഇമാം സ്വുയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട് (ദുര്‍റുല്‍ മന്‍സൂര്‍ 6/372). അത്ര പ്രബലമല്ലാത്ത ചില വീക്ഷണങ്ങളില്‍ ലൈലത്തുല്‍ ഖദ്ര്‍ വര്‍ഷാവര്‍ഷം മാറിമാറി വരാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി).
ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് എന്ന ചോദ്യത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് റമളാനിന്റെ ഇരുപത്തേഴാം രാവിനു തന്നെ. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി തിരുമേനി (സ്വ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. അബൂഹുറൈറ (റ) പറയുന്നു. ‘ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്‌റ് സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. ഇരുപത്തേഴാം രാവാണ് ഇവിടെ ഉദ്ദേശിച്ചത്. ആ രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം).
ഖുര്‍ആനിലെ പരാമര്‍ശത്തിന്റെ സാഹചര്യം വിലയിരുത്തി ലൈലതുല്‍ ഖദ്ര്‍ റമളാന്‍ ഇരുപത്തേഴാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണെന്ന് മുഫസ്സിറുകളുടെ നേതാവ് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് ഇരുപത്തേഴാമത്തെ പദമാണ്. പവിത്രമായ ആ രാവ് ഇരുപത്തേഴിനാണെന്നതിന് ഇതില്‍ സൂചനയുണ്ട് എന്നദ്ദേഹം പറയുന്നു. മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു (9ണ്മ3=27). ഇരുപത്തേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
സിര്‍റുബ്‌നു ഹുബൈശി (റ) ഉദ്ധരിക്കുന്നു: ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു അബൂ അബ്ദിര്‍റഹ്മാന് പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ ഇരുപത്തേഴാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. ജനങ്ങള്‍ അന്നു മാത്രം തിരക്കു കൂട്ടാതിരിക്കട്ടെ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.’ പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ ഇരുപത്തേഴാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍ ഞാന്‍ : ‘അബുല്‍ മുന്‍ദിറേ, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്?’ അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന അടയാളങ്ങളെ ആധാരമാക്കി, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ).
വേറെയും അനേകം പേര്‍ ഇതേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാവണം പൂര്‍വകാലം മുതല്‍ ഇരുപത്തേഴാം രാവിനു സവിശേഷ പ്രാധാന്യം കല്‍പ്പിച്ചു പോരുന്നത്. ‘ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.’ (തര്‍ശീഹ്, 1/168, റാസി 32/30).
ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവില്‍ ആയാലും അതിന്റെ അനുഗ്രഹം നമുക്ക് നഷ്ടമാവാതിരിക്കട്ടെ.

ലൗകിക ബന്ധങ്ങളില്‍ നിന്നു മനസ്സടര്‍ത്തി …
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. എന്തെങ്കിലും കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ ഭാഷാര്‍ഥം. മനസ്സും ശരീരവും മാലിന്യങ്ങളില്‍ നിന്ന് സ്ഫുടം ചെയ്ത് വിശുദ്ധിയുടെ പരമോന്നതിയിലേക്ക് നടന്നടുക്കാന്‍ ഇബാദത്തുകളില്‍ മുഴുകി പള്ളിയില്‍ താമസിക്കുക എന്ന് സാങ്കേതിക ഭാഷ്യം. നിശ്ചിതസമയത്തേക്ക് മനസിനെ എല്ലാ ബഹളങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അല്ലാഹ് എന്ന ഒരേ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഏകാഗ്രതയും ആത്മീയ സായൂജ്യവും നേടാനുള്ള അനുപമ സാധനയാണ് ഇഅ്തികാഫ്.
ഇഅ്തികാഫ് പ്രബലമായ സുന്നത്താണ്. തിരുനബി(സ്വ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക ശീലമായിരുന്നു. എന്നാല്‍ ഒരു റമളാനില്‍ ഇഅ്തികാഫ് ഉപേക്ഷിച്ചുവെന്ന് ഹദീസില്‍ കാണാം. അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഇഅ്തികാഫിരുന്നില്ല. അടുത്ത വര്‍ഷം അദ്ദേഹം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (തിര്‍മിദി, അബൂദാവൂദ്). ഇഅ്തികാഫ് നിര്‍ബന്ധമല്ലെന്ന് പഠിപ്പിക്കാനാണ് ഒരു വര്‍ഷം അത് ഒഴിവാക്കിയത് എന്ന് ചില പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. അതേസമയം ഇഅ്തികാഫ് വാജിബാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഒരു വര്‍ഷം പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്നിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം പത്ത് ദിവസം കൂടുതല്‍ ഇരുന്നുകൊണ്ട് പ്രവാചകന്‍ അത് നികത്തിയിട്ടുണ്ട് എന്നാണ് അവരുടെ ന്യായം.
റമളാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണെങ്കിലും റമളാനില്‍ പ്രത്യേകം സുന്നത്താണ്. തിരുമേനി (സ്വ) ശവ്വാല്‍ മാസത്തിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്തികാഫ് ഇരുന്നതായി നിവേദനമുണ്ട്. ഒരു റമളാനില്‍ ആഇശ(റ)യും ഹഫ്‌സ്വ(റ)യും സൈനബും(റ) ഇഅ്തികാഫിനായി പള്ളിയില്‍ പ്രത്യേകം തമ്പുകള്‍ ഉണ്ടാക്കിയത് തിരുമേനി കണ്ടു. അതിനാല്‍ അക്കൊല്ലം ഇഅ്തികാഫ് വേണ്ടെന്ന് വെക്കുകയും പിന്നീട് ശവ്വാലിലെ പത്ത് ദിവസം ഇഅ്തികാഫിരിക്കുകയും ചെയ്തു (ബുഖാരി).
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. വിശേഷബുദ്ധിയുള്ളവരും, വലിയ അശുദ്ധിയില്‍ നിന്ന് മുക്തരുമായിരിക്കണം. നിയ്യത്ത് ചെയ്യണം, പള്ളിയിലായിരിക്കണം, അല്‍പനേരമെങ്കിലും താമസിക്കണം. ഇരിക്കുകയോ കിടക്കുകയോ ആണെങ്കിലും ഇഅ്തികാഫിന്റെ കൂലി ലഭിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്തവിധം മറകെട്ടി ഇരിക്കാവുന്നതാണ്. മുടി ചീകുക, നഖം മുറിക്കുക, തല വടിക്കുക, ദേഹ ശുദ്ധി വരുത്തുക, സുഗന്ധം പൂശുക (നോമ്പിന്റെ പകലൊഴിച്ച്) എന്നിത്യാദി കാര്യങ്ങളെല്ലാം അനുവദനീയമാണ്. ഭക്ഷണം കഴിക്കുന്നവര്‍ പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
സാധാരണ സുന്നത്തായ ഇഅ്തികാഫിന് സമയപരിധിയില്ല. നിയ്യത്തോടെ പള്ളിയില്‍ പ്രവേശിച്ച്‌സമയം കൂടിയാലും കുറഞ്ഞാലും പുറത്ത് പോകുന്നത് വരെ ഇഅ്തികാഫിലായിരിക്കും. എന്നാല്‍, നേര്‍ച്ചമൂലം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ് നേര്‍ച്ചക്കനുസരിച്ച് നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കണം. റമളാനിലെ അവസാന പത്ത് മുഴുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപതിനു സൂര്യാസ്തമയത്തിന് മുമ്പ് ഇഅ്തികാഫില്‍ പ്രവേശിച്ച് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോകുന്നതാണ് പൂര്‍ണമായ രീതി. സാധ്യമായില്ലെങ്കില്‍ ഇരുപത്തൊന്നിന്റെ ദിവസം സുബ്ഹി നിസ്‌കാരത്തോടെ പ്രവേശിക്കാവുന്നതാണ്.
പുണ്യകര്‍മ്മങ്ങളില്‍ വ്യാപൃതനാവുക, അത്യാവശ്യമല്ലാത്ത വാക്കുകളും പ്രവൃത്തികളും വെടിയുക എന്നതും തിരുനബി ചര്യയാണ്. ഇഅ്തികാഫ് സന്യാസമല്ല. ബന്ധങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാവുന്നതാണ്. മലമൂത്ര വിസര്‍ജനം, രോഗിയെ സന്ദര്‍ശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, കൊണ്ടുവരാന്‍ ആളില്ലാത്ത അവസ്ഥയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറത്തു പോകാവുന്നതാണ്. അധികരിക്കാത്തവിധം സന്ദര്‍ശകനോടും സംസാരിക്കാവുന്നതാണ്.
സ്വാര്‍ത്ഥ തല്പര്യങ്ങളോ ലാഭേച്ഛയോ കൂടാതെ ജനങ്ങളുടെ അത്യാവശ്യം നിര്‍വഹിച്ചുകൊടുക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതിലും തെറ്റില്ല. ‘എന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം ഒരാള്‍ തന്റെ ഒരു സഹോദരന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതിനായി പുറപ്പെടുന്നതാണെന്ന്’ നബിതിരുമേനി അരുളിയിട്ടുണ്ട് (ത്വബ്‌റാനി).
ഒരിക്കല്‍ ഇഅ്തികാഫിലായിരുന്ന ഹുസൈന്‍(റ)വിനോട് ഒരാള്‍ തന്റെ ഒരത്യാവശ്യത്തിനായി കൂടെ വരുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് വരാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യം ആരോ ഹസന്‍ ബസ്വരിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അയാളുടെ കൂടെ ഇറങ്ങിപ്പുറപ്പെടലായിരുന്നു ഇഅ്തികാഫിനേക്കാള്‍ അദ്ദേഹത്തിന് അനുയോജ്യം. അല്ലാഹുവാണേ! ഒരു മാസം ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമായിട്ടുള്ളത് താങ്കളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി താങ്കളുടെ കൂടെ പുറപ്പെടലാണ്.’
‘മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിച്ച് ഇലാഹീസ്മരണയില്‍ തളച്ചിടുക, ഏകാന്തനായി അല്ലാഹുവിനെ ധ്യാനിച്ചിരിക്കുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് ഓരോ നിശ്വാസത്തിലും അല്ലാഹ് എന്ന വിചാരത്തില്‍ വിലയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ഉന്നവും ചൈതന്യവും. തദ്വാരാ, അല്ലാഹുവിനോടുള്ള സ്‌നേഹവും സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അതോടെ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ പറ്റിയിരിക്കും പിന്നെ അവന്റെ വിചാരം മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം (സാദുല്‍ മആദ്).
കച്ച കെട്ടാന്‍ സമയമായി
റമളാന്‍ വിടപറയുകയാണ്. പുണ്യമായ ഈ ദിനങ്ങളില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ട് മാതാവ് പ്രസവിച്ചിട്ട ദിവസത്തിലേതു പോലെ നിര്‍മലനും ദോഷമുക്തനും ആയിത്തീര്‍ന്നില്ലെങ്കില്‍ അവനു അല്ലാഹുവിന്റെ ശാപത്തിനു വിധേയമാകുമെന്നു അറിയിക്കുന്ന ഹദീസുണ്ട്. അതിനാല്‍, ഇബാദത്തുകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുക. ആയിശബീവി (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമളാനിലെ അവസാന പത്ത് രാത്രികളില്‍ തിരുമേനി ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്‌ലിം). മഹതി തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാം: റമളാനിലെ അവസാന നാളുകളില്‍ നബിതിരുമേനി (സ്വ) കച്ച മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി). ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍, പ്രത്യേകമായ ദിക്‌റുകള്‍ എന്നിവ വര്‍ധിപ്പിക്കുക. പഠിച്ചതും അറിഞ്ഞതും പ്രയോഗത്തില്‍ വരുത്തുക. ഓര്‍ക്കുക, അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവര്‍ കൂടുതല്‍ ഖേദിക്കേണ്ടി വരും.
‘അറിയുമറിവ് ചതിക്കാതിരിക്കട്ടെ നിന്നെ
അമലാലലംകൃതമായറിവാണറിവ്’ (റസ്സാനത്).

Monday, June 20, 2016

നോമ്പും നിയ്യതും


ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?
--- ത്വാലിബ്‌, ഭൂതാനം

ഉത്തരം: പരിഹാരമുണ്ട്, പറയാം.
ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ.

രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല.

അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത് മതിയാവില്ല. അതു കൊണ്ട് പ്രസ്തുത നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ)വിനെ തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന്‍ വിട്ടു പോയ നോമ്പിനു അത് മതിയാകും, ഖളാഅ് വീട്ടേണ്ടതില്ല.

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!


ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ...? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ...? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും...?
--- കെ.എൻ അബ്ദുൽ ലത്തീഫ് മുണ്ടേരി. കണ്ണൂർ

ഉത്തരം: അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായതിലെത്തുകയില്ല.
സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവിനെയും അവന്‍റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃതരാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഫിഖ്‌ഹ് ഇല്ലാത്ത തസ്വവ്വുഫില്ല -കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്‍റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ 
തസ്വവ്വുഫില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം നന്നായി മനസ്സിലാക്കണം. ഇക്കാര്യം ഇമാം  ഗസ്സാലിയെ പ്പോലെയുള്ള മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാരണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. 

ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്.  “നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല”  എന്നു ഇബ്നുതൈമിയ്യഃയും തന്‍റെ ഫതാവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം ശരീഅതിന്‍റെ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത നിഷേധിക്കപ്പെടരുത്. വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കണം. വ്യാജന്മാരെ ചൂണ്ടിക്കാട്ടി ശരിയായ വലിയ്യിനെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറിയണം.